ജീവനിൽനിന്ന് മനസ്സിലാകുന്നത്
ജീവനുള്ളതെല്ലാം വളരുകയും ചലിക്കുകയും പെരുകുകയും ചെയ്യുന്നു. ജീവജാലങ്ങൾ നമ്മുടെ ഈ ഗ്രഹത്തെ ഭംഗിയുള്ളതാക്കുന്നു. മനുഷ്യർക്കു ജീവനുള്ള വസ്തുക്കളെക്കുറിച്ച് മുമ്പത്തെക്കാൾ ഒരുപാടു കാര്യങ്ങൾ ഇപ്പോൾ അറിയാം. ജീവന്റെ തുടക്കത്തെക്കുറിച്ച് ജീവനിൽനിന്ന് എന്തു മനസ്സിലാക്കാം? ചില കാര്യങ്ങൾ നോക്കാം.
ജീവൻ രൂപകല്പന ചെയ്തതായിരിക്കണം. കോശങ്ങൾ കൂടിച്ചേർന്നാണ് ഒരു ജീവി ഉണ്ടാകുന്നത്. ജീവികൾ ജീവനോടെ നിലനിൽക്കാനും വർധിച്ചുപെരുകാനും ഓരോ കോശവും ആയിരക്കണക്കിന് അതിസങ്കീർണമായ പ്രക്രിയകൾ നടത്തണം, ചെറിയൊരു ഫാക്ടറിപോലെ. വളരെ ലഘുവായ ജീവരൂപങ്ങളുടെ കാര്യത്തിലും അത് അങ്ങനെതന്നെയാണ്. ഉദാഹരണത്തിന്, അപ്പമോ മറ്റോ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന യീസ്റ്റ് ഒരു ഏകകോശജീവിയാണ്. മനുഷ്യകോശം വെച്ചുനോക്കിയാൽ യീസ്റ്റ് കോശം വളരെ ലളിതമായി കാണപ്പെട്ടേക്കാം, പക്ഷേ അതു തികച്ചും സങ്കീർണമാണ്. അതിനു ഡിഎൻഎ അടങ്ങിയ വളരെ ക്രമീകൃതമായ മർമം (nucleus) ഉണ്ട്. അതു കൂടാതെ, തന്മാത്രകളെ തരംതിരിക്കാനും വഹിച്ചുകൊണ്ടുപോകാനും അവയ്ക്കു മാറ്റം വരുത്താനും വേണ്ട അതിസൂക്ഷ്മമായ ‘യന്ത്രങ്ങൾ’ യീസ്റ്റ് കോശത്തിലുണ്ട്. ഈ പ്രവർത്തനങ്ങൾ കോശങ്ങളുടെ ജീവൻ നിലനിറുത്താൻ വളരെ പ്രധാനമാണ്. ഇനി, യീസ്റ്റ് കോശത്തിനു ഭക്ഷണം ഇല്ലാതിരിക്കുമ്പോൾ അതിൽ ഒരു സങ്കീർണമായ രാസപ്രക്രിയ തുടങ്ങും. അങ്ങനെ കോശത്തിനുള്ളിലെ പ്രവർത്തനങ്ങളുടെ വേഗത കുറയും. അതുകൊണ്ടാണു യീസ്റ്റ് നമ്മുടെ അടുക്കളയിൽ കുറെക്കാലം സൂക്ഷിച്ചുവെക്കാൻ പറ്റുന്നത്. അപ്പം ഉണ്ടാക്കുമ്പോൾ വീണ്ടും അതിന്റെ പ്രവർത്തനം സാധാരണപോലെയാകും.
മനുഷ്യകോശത്തെക്കുറിച്ച് നന്നായി മനസ്സിലാക്കുന്നതിനുവേണ്ടി ശാസ്ത്രജ്ഞർ വർഷങ്ങളായി യീസ്റ്റ് കോശത്തെക്കുറിച്ച് പഠിക്കുകയാണ്. അവർക്കു മനസ്സിലാക്കാൻ ഇനിയുമുണ്ട് കുറെ കാര്യങ്ങൾ. സ്വീഡനിലുള്ള ചാൾമേഴ്സ് സാങ്കേതികസർവകലാശാലയിലെ പ്രൊഫസ്സറായ റോസ് കിങ് ഇങ്ങനെ പറയുന്നു: “യീസ്റ്റിന്റെപോലും പ്രവർത്തനത്തെക്കുറിച്ച് മനസ്സിലാക്കാനുള്ള പരീക്ഷണങ്ങൾ നടത്താൻവേണ്ടത്ര ജീവശാസ്ത്രജ്ഞർ നമുക്കില്ല.”
നിങ്ങൾക്ക് എന്തു തോന്നുന്നു? ഇത്തിരിക്കുഞ്ഞനായ യീസ്റ്റ് കോശത്തിന്റെ അതിസങ്കീർണത ഒരു രൂപകല്പനയുടെ തെളിവായിരിക്കില്ലേ? ഒരു രൂപരചയിതാവ് ഇല്ലാതെ ഇങ്ങനെയൊരു രൂപകല്പന ഉണ്ടാകുമോ?
ജീവനുള്ളതിൽനിന്നേ ജീവൻ ഉണ്ടാകൂ. ന്യൂക്ലിയോറ്റൈഡുകൾ എന്ന തന്മാത്രകൾ ചേർന്നാണു ഡിഎൻഎ ഉണ്ടായിരിക്കുന്നത്. ഓരോ മനുഷ്യകോശത്തിലും 320 കോടി ന്യൂക്ലിയോറ്റൈഡുകൾ ഉണ്ട്. ഇവ ക്രമീകരിച്ചിരിക്കുന്നതു കോശങ്ങൾക്ക് എൻസൈമുകളും പ്രോട്ടീനുകളും ഉണ്ടാക്കാൻ കഴിയുന്ന വിധത്തിൽ അത്ര കൃത്യമായ ഘടനയിലാണ്.
ന്യൂക്ലിയോറ്റൈഡുകളുടെ ലളിതമായ ഇഴപോലും യാദൃച്ഛികമായി, ശരിയായ ഘടനയിൽ വരാനുള്ള സാധ്യത 10150-ൽ (1-നു ശേഷം 150 പൂജ്യം ഉള്ള സംഖ്യ) 1 മാത്രമാണെന്നാണു കണക്കാക്കിയിരിക്കുന്നത്. ഒരിക്കലും നടക്കാത്ത ഒരു കാര്യമായിരിക്കും ഇത്.
ജീവനില്ലാത്ത ഒന്നിൽനിന്ന് തനിയെ ജീവൻ വന്നെന്നു ശാസ്ത്രപരീക്ഷണങ്ങൾക്കൊന്നും തെളിയിക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണു വസ്തുത.
മനുഷ്യജീവൻ സമാനതകളില്ലാത്തതാണ്. മറ്റു ജീവികളിൽനിന്ന് വ്യത്യസ്തമായി ജീവിതം ശരിക്കും ആസ്വദിക്കാനുള്ള സവിശേഷതകൾ മനുഷ്യനുണ്ട്. കലാപരമായ കഴിവുകളും വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള കഴിവും മറ്റുള്ളവരുമായി നല്ല ബന്ധങ്ങൾ സ്ഥാപിക്കാൻവേണ്ട സ്വഭാവഗുണങ്ങളും മനുഷ്യർക്കു പ്രത്യേകമായുണ്ട്. മണവും ശബ്ദങ്ങളും നിറങ്ങളും രുചികളും കാഴ്ചകളും എല്ലാം നമ്മൾ ആസ്വദിക്കുന്നു. ഭാവികാര്യങ്ങൾ ആസൂത്രണം ചെയ്യുകയും ജീവിതത്തിന്റെ അർഥം അറിയാൻ ശ്രമിക്കുകയും ചെയ്യുന്നു.
നിങ്ങൾക്ക് എന്തു തോന്നുന്നു? ഈ സവിശേഷതകൾ നമ്മുടെ നിലനിൽപ്പിനും പുനരുത്പാദനത്തിനും ശരിക്കും ആവശ്യമായതുകൊണ്ട് നമ്മളിൽ വികസിച്ച് ഉണ്ടായതാണോ? അതോ ജീവൻ സ്നേഹവാനായ ഒരു സ്രഷ്ടാവിന്റെ സമ്മാനമാണെന്നാണോ ഇതു കാണിക്കുന്നത്?