പ്രപഞ്ചത്തിൽനിന്ന് മനസ്സിലാകുന്നത്
പ്രപഞ്ചം ജ്യോതിശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. പ്രപഞ്ചത്തെക്കുറിച്ച് പഠിക്കാൻ പറ്റിയ മികച്ച ഉപകരണങ്ങൾ ഇപ്പോൾ അവർക്കുണ്ട്. അങ്ങനെ പഠിച്ചതിലൂടെ അവർ മനസ്സിലാക്കിയ കാര്യങ്ങൾ എന്തൊക്കെയാണ്?
പ്രപഞ്ചം അടുക്കും ചിട്ടയും ഉള്ളതാണ്. ജ്യോതിശാസ്ത്രം (ഇംഗ്ലീഷ്) എന്ന മാസികയിലെ ഒരു ലേഖനം പറയുന്നതനുസരിച്ച് “ഗ്യാലക്സികൾ വെറുതേ ചിതറിക്കിടക്കുകയല്ല, അവ ഒരു ചിലന്തിവലപോലെ ക്രമീകൃതമാണ്.” അതിനു കാരണം എന്താണ്? കാണാൻ കഴിയാത്ത ഇരുണ്ട ദ്രവ്യം (dark matter) എന്ന് അറിയപ്പെടുന്ന ഒരു പദാർഥമാണ് ഇതിനു പിന്നിലെന്നു ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. “ഗ്യാലക്സികൾ, ഗ്യാലക്സി സമൂഹങ്ങൾ, ഗ്യാലക്സി സമൂഹങ്ങളുടെ കൂട്ടങ്ങൾ . . . എന്നിവയെ അതിന്റെ സ്ഥാനത്തുതന്നെ നിറുത്തുന്ന . . . കാണാൻ കഴിയാത്ത ഒരുതരം ചട്ടക്കൂട്” എന്നാണ് ഇരുണ്ട ദ്രവ്യത്തെ വിളിക്കുന്നത്.
പ്രപഞ്ചത്തിന് ഇത്രയും അടുക്കും ചിട്ടയും വന്നത് എങ്ങനെയാണ്? അതു തനിയെ വന്നുചേർന്നതാണോ? “20-ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ജ്യോതിശാസ്ത്രജ്ഞരിൽ ഒരാളായി” കണക്കാക്കിയിരുന്ന അലൻ സെൻഡേജ് ഇതെക്കുറിച്ച് പറയുന്നതു ശ്രദ്ധിക്കുക. അദ്ദേഹം ഒരു ദൈവവിശ്വാസിയുമായിരുന്നു.
അദ്ദേഹം പറയുന്നു: “ഈ കാണുന്ന അടുക്കും ചിട്ടയും കുഴഞ്ഞുമറിഞ്ഞ ഒരു അവസ്ഥയിൽനിന്ന് വന്നതാണെന്ന് എനിക്കു വിശ്വസിക്കാനേ കഴിയുന്നില്ല. എന്തോ ഒന്ന് അതിനെ ക്രമീകരിച്ചതായിരിക്കണം.”
പ്രപഞ്ചം ജീവൻ നിലനിറുത്താൻ തികച്ചും അനുയോജ്യമാണ്. ശാസ്ത്രജ്ഞർ ദുർബലബലം (weak force) എന്നു വിളിക്കുന്ന ബലത്തെക്കുറിച്ച് ചിന്തിക്കുക. സൂര്യൻ ഒരേ അളവിൽ ജ്വലിച്ച് നിൽക്കുന്നതിന്റെ കാരണം ഇതാണ്. ഈ ബലം കുറവായിരുന്നെങ്കിൽ സൂര്യൻ രൂപപ്പെടുകയേ ഇല്ലായിരുന്നു. ഈ ബലം കൂടുതലായിരുന്നെങ്കിലോ? സൂര്യൻ പണ്ടുപണ്ടേ എരിഞ്ഞുതീർന്നേനേ!
ജീവൻ നിലനിറുത്താൻ പാകത്തിനു ക്രമീകരിക്കപ്പെട്ടിരിക്കുന്ന അനേകം സവിശേഷതകളിൽ ഒന്നു മാത്രമാണു ദുർബലബലം. ശാസ്ത്രലേഖകനായ അനിൽ ആനന്ദസ്വാമി പറയുന്നതനുസരിച്ച് ആ സവിശേഷതകളിൽ ഒരെണ്ണത്തിനെങ്കിലും വ്യത്യാസമുണ്ടായിരുന്നെങ്കിൽ “നക്ഷത്രങ്ങളും ഗ്രഹങ്ങളും ഗ്യാലക്സികളും ഒന്നും ഉണ്ടാകില്ലായിരുന്നു, ജീവൻപോലും.”
മനുഷ്യർക്കു താമസിക്കാൻ പറ്റിയ ഒരിടം പ്രപഞ്ചത്തിലുണ്ട്. അനുയോജ്യമായ അന്തരീക്ഷം, മതിയായ അളവിലുള്ള വെള്ളം, ഭൂമിയെ സ്ഥിരതയോടെ നിറുത്താൻ പാകത്തിനു വലുപ്പമുള്ള ചന്ദ്രൻ ഇവയെല്ലാം ഭൂമിയുടെ സവിശേഷതകളാണ്. നാഷണൽ ജ്യോഗ്രാഫിക് (ഇംഗ്ലീഷ്) മാസിക പറയുന്നു: “അസാധാരണമായ ഈ പാറയെ (ഭൂമിയെ) പ്രകൃതിയും പരിസ്ഥിതിയും ജീവജാലങ്ങളും ചേർന്ന് മനുഷ്യർക്ക് അനുയോജ്യമായി ഇതുവരെ കണ്ടെത്തിയിട്ടുള്ള ഒരേ ഒരു ഇടമാക്കി മാറ്റുന്നു.” *
ശാസ്ത്രജ്ഞർ പറയുന്നതനുസരിച്ച് സൗരയൂഥം നമ്മുടെ ഗ്യാലക്സിയിലെ ഒരു ഒറ്റപ്പെട്ട സ്ഥലത്താണ്. ഭൂമിയിൽ ജീവൻ നിലനിൽക്കുന്നതിന്റെ കാരണവും അതുതന്നെയാണ്. നമ്മൾ നക്ഷത്രങ്ങളുടെ കൂടുതൽ അടുത്തായിരുന്നെങ്കിൽ, അതായത് ഗ്യാലക്സിയുടെ കേന്ദ്രഭാഗത്തോ അതിന്റെ സർപ്പിളകരങ്ങൾ (spiral arms) എന്നു വിളിക്കുന്ന സ്ഥാനത്തോ ആയിരുന്നെങ്കിൽ റേഡിയേഷൻ കാരണം നമ്മുടെ ജീവൻ അപകടത്തിലായേനേ. പകരം “ഗ്യാലക്സിയുടെ വാസയോഗ്യമായ മേഖല” എന്നു ശാസ്ത്രജ്ഞർ വിളിക്കുന്ന ഭാഗത്താണു നമ്മൾ ഉള്ളത്.
പ്രപഞ്ചത്തെക്കുറിച്ചും പ്രപഞ്ചനിയമങ്ങളെക്കുറിച്ചും അറിയാവുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ഭൗതികശാസ്ത്രജ്ഞനായ പോൾ ഡേവിസ് പറഞ്ഞത് ഇതാണ്: “നമ്മൾ ഈ പ്രപഞ്ചത്തിൽ സ്ഥിതി ചെയ്യുന്നതു കേവലം യാദൃച്ഛികമോ ആകസ്മികമോ ആയ ഒരു സംഭവത്താലാണെന്ന് എനിക്കു വിശ്വസിക്കാൻ കഴിയുന്നില്ല. . . . നമ്മൾ ഇവിടെയായിരിക്കണം എന്നത് ഉദ്ദേശിച്ചിരുന്ന ഒരു കാര്യമാണ്.” ദൈവമാണ് പ്രപഞ്ചവും മനുഷ്യജീവനും സൃഷ്ടിച്ചത് എന്നു ഡേവിസ് പഠിപ്പിക്കുന്നില്ല. ജീവൻ നിലനിൽക്കാൻവേണ്ടി പ്രപഞ്ചവും ഭൂമിയും രൂപകല്പന ചെയ്തുവെച്ചതുപോലെയുണ്ട്. അങ്ങനെ തോന്നുന്നത് അത് ആരെങ്കിലും രൂപകല്പന ചെയ്തതുകൊണ്ടായിരിക്കില്ലേ? നിങ്ങൾക്ക് എന്തു തോന്നുന്നു?
^ നാഷണൽ ജ്യോഗ്രാഫിക്കിലെ ഈ ലേഖനം ഭൂമിയെയും മനുഷ്യനെയും സൃഷ്ടിച്ചതു ദൈവമാണ് എന്നു സ്ഥാപിക്കാൻ ഉദ്ദേശിച്ചുള്ളതല്ല. പകരം, ഭൂമി എത്രത്തോളം വാസയോഗ്യമാണ് എന്നാണ് അതു പറയുന്നത്.