ബൈബിളിൽനിന്ന് മനസ്സിലാകുന്നത്
“ആകാശവും ഭൂമിയും . . . സൃഷ്ടിച്ച സമയത്ത്, അവ അസ്തിത്വത്തിൽ വന്നതിന്റെ ഒരു ചരിത്രവിവരണമാണ് ഇത്.” (ഉൽപത്തി 2:4) നമ്മുടെ ഗ്രഹത്തിന്റെ തുടക്കത്തെക്കുറിച്ച് ബൈബിൾ ഇതാണു പറയുന്നത്. ഇതു ശാസ്ത്രത്തിന്റെ കണ്ടെത്തലുകൾക്കു ചേർച്ചയിലാണോ? ചില ഉദാഹരണങ്ങൾ നോക്കാം.
പ്രപഞ്ചത്തിന് ഒരു തുടക്കം ഉണ്ടായിരുന്നോ?
ഉൽപത്തി 1:1 പറയുന്നു: “ആരംഭത്തിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.”
20-ാം നൂറ്റാണ്ടിന്റെ പകുതിവരെ പല പ്രമുഖശാസ്ത്രജ്ഞരും വിശ്വസിച്ചിരുന്നതു പ്രപഞ്ചത്തിന് ഒരു ആരംഭമില്ലെന്നാണ്. പക്ഷേ ഈ അടുത്ത കാലത്തെ ചില കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ പ്രപഞ്ചത്തിന് ഒരു തുടക്കം ഉണ്ടായിരുന്നു എന്ന കാര്യം മിക്ക ശാസ്ത്രജ്ഞരും ഇപ്പോൾ അംഗീകരിക്കുന്നു.
തുടക്കത്തിൽ ഭൂമി എങ്ങനെയായിരുന്നു?
ഉൽപത്തി 1:2, 9 പറയുന്നതനുസരിച്ച് ആദ്യകാലത്ത് ഭൂമി “പാഴായും ശൂന്യമായും” വെള്ളം മൂടിയും കിടക്കുകയായിരുന്നു.
ഏറ്റവും പുതിയ ശാസ്ത്രകണ്ടെത്തലുകളും ഇതിനോടു യോജിക്കുന്നു. ജീവശാസ്ത്രജ്ഞനായ പാട്രിക് ഷിഹ് പറയുന്നതനുസരിച്ച്, തുടക്കത്തിൽ ഭൂമിയിൽ ശ്വസിക്കാൻ ഓക്സിജൻ ഇല്ലായിരുന്നു, മരങ്ങളോ ജീവികളോ ഒന്നുമുണ്ടായിരുന്നില്ല. ജ്യോതിശാസ്ത്രം മാസിക ഇങ്ങനെ പറയുന്നു: “പുതിയ കണ്ടെത്തലുകൾ കാണിക്കുന്നതു തുടക്കത്തിൽ ഭൂമി വെള്ളംകൊണ്ട് നിറഞ്ഞതായിരുന്നു എന്നാണ്. കരഭാഗം ഒട്ടുംതന്നെ ഉണ്ടായിരുന്നില്ല.”
കാലങ്ങൾകൊണ്ട് അന്തരീക്ഷത്തിൽ എന്തു മാറ്റമുണ്ടായി?
ഉൽപത്തി 1:3-5 സൂചിപ്പിക്കുന്നതുപോലെ ആദ്യമായി പ്രകാശം ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കാൻ തുടങ്ങിയപ്പോൾ ആ പ്രകാശം വരുന്നത് എവിടെനിന്നാണെന്നു ഭൂമിയുടെ ഉപരിതലത്തിൽനിന്ന് നോക്കിയാൽ വ്യക്തമാകില്ലായിരുന്നു. പിന്നീടാണു ഭൂമിയിൽനിന്ന് സൂര്യനെയും ചന്ദ്രനെയും വ്യക്തമായി കാണാൻ കഴിയുന്ന അവസ്ഥയിലേക്കു വന്നത്.—ഉൽപത്തി 1:14-18.
24 മണിക്കൂർ അടങ്ങുന്ന ആറു ദിവസംകൊണ്ടാണു ഭൂമിയിലെ എല്ലാ ജീവികളെയും സൃഷ്ടിച്ചതെന്നു ബൈബിൾ പറയുന്നില്ല
നമ്മുടെ അന്തരീക്ഷം ആദ്യം മങ്ങിയ വെളിച്ചം മാത്രമേ ഭൂമിയിലേക്കു കടത്തിവിട്ടിരുന്നുള്ളൂ എന്നു സ്മിത്സോണിയൻ പരിസ്ഥിതി ഗവേഷണകേന്ദ്രം അഭിപ്രായപ്പെടുന്നു. അതു പറയുന്നു: “വായുവിലെ മീഥേൻ ബാഷ്പം ആദ്യകാലത്ത് ഭൂമിയെ മുഴുവൻ മഞ്ഞുപോലെ പൊതിഞ്ഞു.” പിന്നീട് “മീഥേൻ ബാഷ്പം നീങ്ങി ആകാശം നീല നിറത്തിലായി.”
ഭൂമിയിൽ ജീവികൾ ഉണ്ടായത് ഏതു ക്രമത്തിലാണ്?
ഉൽപത്തി 1:20-27 പറയുന്നതനുസരിച്ച് മത്സ്യം, പക്ഷികൾ, കരയിലെ ജീവികൾ, അവസാനം മനുഷ്യൻ ഇതായിരുന്നു ക്രമം. ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത് ആദ്യത്തെ സസ്തനികൾ (mammals) ഉണ്ടാകുന്നതിനു വളരെ കാലം മുമ്പേ ആദ്യത്തെ മത്സ്യങ്ങൾ ഉണ്ടായി എന്നാണ്. അതായത് ഒരുപാടു കാലങ്ങൾക്കു ശേഷമാണു മനുഷ്യൻ ഉണ്ടായതെന്ന്.
കാലങ്ങൾകൊണ്ട് ജീവജാലങ്ങൾക്കു മാറ്റം വരില്ലെന്നു ബൈബിൾ പറയുന്നില്ല
ബൈബിൾ പറയാത്തത് എന്താണ്?
ആധുനികശാസ്ത്രത്തിന്റെ കണ്ടെത്തലുകളുമായി ബൈബിൾ യോജിക്കുന്നില്ലെന്നാണു ചിലർ അവകാശപ്പെടുന്നത്. ബൈബിൾ പറയുന്ന കാര്യങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണയാണു മിക്കപ്പോഴും അതിനു കാരണം.
പ്രപഞ്ചത്തിനോ ഭൂമിക്കോ 6,000 വർഷത്തെ പഴക്കം മാത്രമേ ഉള്ളൂ എന്നു ബൈബിൾ പറയുന്നില്ല. പകരം “ആരംഭത്തിൽ” ഭൂമിയും പ്രപഞ്ചവും സൃഷ്ടിച്ചു എന്നേ അതു പറയുന്നുള്ളൂ. (ഉൽപത്തി 1:1) അത് എത്രകാലം മുമ്പാണെന്നു ബൈബിൾ വ്യക്തമാക്കുന്നില്ല.
24 മണിക്കൂർ അടങ്ങുന്ന ആറു ദിവസംകൊണ്ടാണു ഭൂമിയിലെ എല്ലാ ജീവികളെയും സൃഷ്ടിച്ചതെന്നു ബൈബിൾ പറയുന്നില്ല. വ്യത്യസ്തകാലഘട്ടങ്ങളെ കുറിക്കാൻ ബൈബിളിൽ “ദിവസം” എന്ന പദം ഉപയോഗിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ഭൂമിയെ ഒരുക്കാനും അതിലെ ജീവജാലങ്ങളെ സൃഷ്ടിക്കാനും ആറു സൃഷ്ടി “ദിവസങ്ങൾ” എടുത്തെന്ന് ഉൽപത്തി 1-ാം അധ്യായത്തിൽ നിന്ന് മനസ്സിലാക്കാം. ആ കാലഘട്ടം ഉൽപത്തി 2-ാം അധ്യായത്തിൽ പറയുന്ന, “ദൈവമായ യഹോവ * ആകാശവും ഭൂമിയും ഉണ്ടാക്കിയ ദിവസ”ത്തിൽ ഉൾപ്പെടുന്നു. (ഉൽപത്തി 2:4) അതുകൊണ്ട് ദൈവം ഭൂമിയെ ഒരുക്കുകയും ജീവജാലങ്ങളെ സൃഷ്ടിക്കുകയും ചെയ്ത ആറു സൃഷ്ടി ‘ദിവസങ്ങളിൽ’ ഓരോന്നിനും ഒരു നീണ്ട കാലഘട്ടത്തെ അർഥമാക്കാൻ കഴിയും.
കാലങ്ങൾകൊണ്ട് ജീവജാലങ്ങൾക്ക് അതിന്റെ ഘടനയിൽ മാറ്റം വരില്ലെന്നു ബൈബിൾ പറയുന്നില്ല. ഉൽപത്തി പുസ്തകം പറയുന്നതു ജീവികളെ “തരംതരമായി” ഉണ്ടാക്കി എന്നാണ്. (ഉൽപത്തി 1:24, 25) ബൈബിളിൽ കാണുന്ന “തരം” എന്ന പദം ഒരു ശാസ്ത്രീയപദമല്ല. സാധ്യതയനുസരിച്ച്, പല സ്പീഷിസുകളിൽപ്പെടുന്ന ജീവികൾ ഉൾപ്പെടുന്ന വിശാലമായ അർഥമുള്ള ഒരു പദമാണ് അത്. കാലം കടന്നുപോകുന്നതനുസരിച്ച്, ചില സ്പീഷിസുകളിൽ പുതിയ വൈവിധ്യങ്ങൾ ഉണ്ടായെന്നു വരാം. എങ്കിലും അതിന്റെ ‘തര’ത്തിനു വ്യത്യാസം വരുന്നില്ല. ബൈബിളിലെ “തരം” എന്ന പദത്തിൽ അതിനുള്ള സാധ്യത ഉൾപ്പെടുന്നുണ്ട്.
നിങ്ങൾക്ക് എന്തു തോന്നുന്നു?
നമ്മൾ കണ്ടതുപോലെ പ്രപഞ്ചത്തിന്റെ തുടക്കത്തെക്കുറിച്ചും ഭൂമിയുടെ ആദ്യകാലത്തെ അവസ്ഥയെക്കുറിച്ചും ജീവന്റെ വികാസത്തെക്കുറിച്ചും ബൈബിൾ വളരെ ലളിതമായും കൃത്യമായും പറയുന്നു. അങ്ങനെയെങ്കിൽ ഇതെല്ലാം സൃഷ്ടിച്ച വ്യക്തിയെക്കുറിച്ചും ബൈബിൾ കൃത്യമായി പറഞ്ഞിരിക്കേണ്ടതല്ലേ? ബ്രിട്ടാനിക്ക സർവവിജ്ഞാനകോശം (ഇംഗ്ലീഷ്) പറയുന്നത് ഇതാണ്: “ഒരു പ്രകൃത്യാതീതസംഭവത്തിന്റെ ഫലമായാണു ജീവൻ ഉണ്ടായത് എന്നതിനോട് ആധുനികശാസ്ത്രത്തിന്റെ കണ്ടെത്തലുകളും യോജിക്കുന്നു.” *