എങ്ങനെ ഉറപ്പിക്കാം?
“ഒന്നുമില്ലായ്മയിൽനിന്ന് സ്വയം ഉണ്ടാകാൻ പ്രപഞ്ചത്തിനു കഴിയും.”—സ്റ്റീഫൻ ഹോക്കിങ്ങും ലിയോണാർഡ് മ്ലോഡിനൗവും, ഭൗതികശാസ്ത്രജ്ഞർ, 2010.
“ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.”—ബൈബിൾ, ഉൽപത്തി 1:1.
പ്രപഞ്ചവും ജീവനും ദൈവം സൃഷ്ടിച്ചതാണോ അതോ തനിയെ വന്നതാണോ? ഈ ചോദ്യത്തിന് തികച്ചും വ്യത്യസ്തമായ രണ്ട് ഉത്തരങ്ങളാണ് ആ ഭൗതികശാസ്ത്രജ്ഞരും ബൈബിളും തരുന്നത്. രണ്ടു പക്ഷത്തും ശക്തമായി വാദിക്കാൻ ആളുകളുണ്ട്. എങ്കിലും ഇക്കാര്യത്തിൽ ഉറപ്പില്ലാത്ത പല ആളുകളുമുണ്ട്. ഒരുപാടു വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങളിലും ചില ടിവി പരിപാടികളിലും ഇതിനെക്കുറിച്ചുള്ള സംവാദങ്ങൾ കാണാം.
പ്രപഞ്ചവും ജീവനും ഒരു സ്രഷ്ടാവില്ലാതെ തനിയെ ഉണ്ടായതാണെന്നു നിങ്ങളുടെ സ്കൂളിലെ ടീച്ചർമാർ ഉറപ്പോടെ പറയുന്നതു നിങ്ങൾ കേട്ടിട്ടുണ്ടാകും. പക്ഷേ ഒരു സ്രഷ്ടാവില്ല എന്നതിനുള്ള തെളിവുകൾ അവർ തന്നിട്ടുണ്ടോ? അതുപോലെതന്നെ മതനേതാക്കന്മാർ ഒരു സ്രഷ്ടാവ് ഉണ്ട് എന്നു പ്രസംഗിക്കുന്നതു നിങ്ങൾ കേട്ടിട്ടുണ്ടാകും. പക്ഷേ അതിനും എന്തെങ്കിലും തെളിവുകൾ അവർ തന്നിട്ടുണ്ടോ? അതോ “വിശ്വാസത്തിന്റെ” പേരിൽ അതെല്ലാം അംഗീകരിക്കണമെന്നാണോ അവർ പറയുന്നത്?
ഈ വിഷയത്തെക്കുറിച്ച് നിങ്ങളും ചിന്തിച്ചിട്ടുണ്ടാകും. ഒരു ദൈവം ഉണ്ടോ ഇല്ലയോ എന്ന് ആർക്കും ഉറപ്പിച്ച് പറയാൻ പറ്റില്ലെന്നായിരിക്കും നിങ്ങൾ വിചാരിക്കുന്നത്. നിങ്ങൾ ഇങ്ങനെയും ചിന്തിച്ചിട്ടുണ്ടാകും: ഇതിന്റെ ഉത്തരം അറിഞ്ഞിട്ട് പ്രത്യേകിച്ചു കാര്യമുണ്ടോ?
ഉണരുക!-യുടെ ഈ ലക്കത്തിൽ ഒരു സ്രഷ്ടാവുണ്ടെന്നു വിശ്വസിക്കാൻ പലരെയും പ്രേരിപ്പിച്ച ചില വസ്തുതകൾ നമ്മൾ നോക്കും. അതോടൊപ്പം ഭൂമിയിലെ ജീവന്റെ തുടക്കത്തെക്കുറിച്ച് അറിയുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണെന്നും കാണും.