ഉത്തരം അറിയുന്നതിന്റെ പ്രയോജനം
ഒരു സ്രഷ്ടാവുണ്ടോ എന്ന് അറിഞ്ഞിട്ട് എന്തെങ്കിലും പ്രയോജനമുണ്ടോ? തെളിവുകളിൽനിന്ന് സർവശക്തനായ ഒരു ദൈവമുണ്ടെന്നു നിങ്ങൾക്കു ബോധ്യമായെങ്കിൽ ബൈബിൾ ദൈവം എഴുതിച്ചതാണ് എന്നതിനുള്ള തെളിവുകൾ നോക്കാനും നിങ്ങൾ ആഗ്രഹിച്ചേക്കാം. ബൈബിൾ പറയുന്ന കാര്യങ്ങളിൽ വിശ്വസിക്കുന്നെങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് ഈ പ്രയോജനങ്ങളാണ്.
ആസ്വാദ്യകരമായ ജീവിതം
ബൈബിൾ പറയുന്നത്: “ആകാശത്തുനിന്ന് മഴയും ഫലസമൃദ്ധമായ കാലങ്ങളും നൽകിയ ദൈവം വേണ്ടത്ര ആഹാരവും ഹൃദയം നിറയെ സന്തോഷവും തന്ന് നിങ്ങളോടു നന്മ കാണിച്ചു.”—പ്രവൃത്തികൾ 14:17.
അർഥം: പ്രകൃതിയിൽ നിങ്ങൾ ആസ്വദിക്കുന്നതെല്ലാം സ്രഷ്ടാവിന്റെ സമ്മാനമാണ്. ആ സ്രഷ്ടാവ് നിങ്ങളെക്കുറിച്ച് എത്രത്തോളം കരുതുന്നുണ്ടെന്ന് അറിയുമ്പോൾ ഈ സമ്മാനങ്ങളോടുള്ള നിങ്ങളുടെ വിലമതിപ്പ് ഒന്നുകൂടെ കൂടും.
പ്രയോജനം ചെയ്യുന്ന ഉപദേശങ്ങൾ
ബൈബിൾ പറയുന്നത്: “നീ നീതിയും ന്യായവും ശരിയും എന്താണെന്നു മനസ്സിലാക്കും; സകല സന്മാർഗവും തിരിച്ചറിയും.”—സുഭാഷിതങ്ങൾ 2:9.
അർഥം: നിങ്ങളെ സൃഷ്ടിച്ച ദൈവത്തിനു നിങ്ങൾ സന്തോഷത്തോടിരിക്കാൻ വേണ്ടത് എന്താണെന്ന് അറിയാം. ബൈബിൾ പരിശോധിച്ചാൽ ജീവിതത്തിൽ പ്രയോജനം ചെയ്യുന്ന പല കാര്യങ്ങളും നിങ്ങൾക്കു പഠിക്കാൻ പറ്റും.
ചോദ്യങ്ങൾക്കുള്ള ഉത്തരം
ബൈബിൾ പറയുന്നത്: ‘നീ ദൈവത്തെക്കുറിച്ച് അറിവ് നേടും.’—സുഭാഷിതങ്ങൾ 2:5.
അർഥം: ഒരു സ്രഷ്ടാവുണ്ടെന്നു മനസ്സിലാക്കുന്നത് ഇതുപോലുള്ള ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്താൻ സഹായിക്കും: ജീവിതത്തിന്റെ അർഥം എന്താണ്? എന്തുകൊണ്ടാണ് ഇത്രയധികം കഷ്ടപ്പാടുകളുള്ളത്? മരിക്കുമ്പോൾ എന്താണു സംഭവിക്കുന്നത്? ഇതിനുള്ള തൃപ്തികരമായ ഉത്തരം ബൈബിളിലുണ്ട്.
ഭാവിയിലേക്ക് ഒരു പ്രതീക്ഷ
ബൈബിൾ പറയുന്നത്: “‘ഞാൻ നിങ്ങൾക്കുവേണ്ടി ചെയ്യാൻപോകുന്നത് എന്താണെന്ന് എനിക്കു നന്നായി അറിയാം. ഞാൻ ചിന്തിക്കുന്നതു ദുരന്തത്തെക്കുറിച്ചല്ല, സമാധാനത്തെക്കുറിച്ചാണ്; നിങ്ങൾക്ക് ഒരു നല്ല ഭാവിയും പ്രത്യാശയും തരുന്നതിനെക്കുറിച്ചാണ്’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.”—യിരെമ്യ 29:11.
അർഥം: ഭാവിയിൽ ദുഷ്ടതയും കഷ്ടപ്പാടും മരണംപോലും ഇല്ലാതാക്കുമെന്നു ദൈവം വാക്കുതന്നിട്ടുണ്ട്. ദൈവത്തിന്റെ വാഗ്ദാനങ്ങൾ വിശ്വസിക്കുകയാണെങ്കിൽ പ്രശ്നങ്ങളെ ധൈര്യത്തോടെ നേരിടാനാകും.