ബൈബിളിന്റെ വീക്ഷണം
നന്ദി കാണിക്കുക
നന്ദി കാണിക്കുന്നതുകൊണ്ട് ശാരീരികമായും മാനസികമായും വൈകാരികമായും ധാരാളം പ്രയോജനങ്ങളുണ്ടെന്നു തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ട് നന്ദി കാണിക്കുന്നത് എല്ലാവരും അനുദിനജീവിതത്തിന്റെ ഭാഗമാക്കേണ്ടതുണ്ട്.
നന്ദി കാണിക്കുന്നതു നിങ്ങളുടെ ക്ഷേമത്തിനു നല്ലതായിരിക്കുന്നത് എങ്ങനെ?
വൈദ്യശാസ്ത്രം പറയുന്നത്
ഒരു വൈദ്യശാസ്ത്രപ്രസിദ്ധീകരണത്തിലെ (Harvard Mental Health Letter) ലേഖനം പറയുന്നു: “നന്ദി കാണിക്കുന്നതും നമ്മളുടെ സന്തോഷവും തമ്മിൽ ശക്തവും അഭേദ്യവും ആയ ബന്ധമുണ്ട്. മറ്റുള്ളവരോടു നന്ദിയുണ്ടായിരിക്കുന്നതു മനസ്സിന് ഉണർവ് കിട്ടാൻ സഹായിക്കും. നല്ലനല്ല അനുഭവങ്ങൾ അവർക്കുണ്ടാകും. ആരോഗ്യം മെച്ചപ്പെടും. പ്രതിസന്ധികൾ മറികടക്കാനുള്ള കഴിവ് കിട്ടും. ശക്തമായ സുഹൃദ്ബന്ധങ്ങൾ ഉടലെടുക്കാനും അതു സഹായിക്കും.”
ബൈബിൾ പറയുന്നത്
നന്ദിയുള്ളൊരു മനസ്സ് നട്ടുവളർത്താൻ ബൈബിൾ നമ്മളെ പ്രോത്സാഹിപ്പിക്കുന്നു. “നന്ദിയുള്ളവരെന്നു കാണിക്കുക” എന്ന് എഴുതിയ അപ്പോസ്തലനായ പൗലോസ് അതിനു നല്ലൊരു മാതൃകയാണ്. ഉദാഹരണത്തിന്, താൻ അറിയിച്ച സന്ദേശത്തോട് ആളുകൾ നന്നായി പ്രതികരിച്ചപ്പോൾ അദ്ദേഹം ‘നിരന്തരം ദൈവത്തിനു നന്ദി നൽകി.’ (കൊലോസ്യർ 3:15; 1 തെസ്സലോനിക്യർ 2:13) നിലനിൽക്കുന്ന സന്തോഷം കിട്ടണമെങ്കിൽ വല്ലപ്പോഴുമൊക്കെ വെറുമൊരു നന്ദിവാക്കു പറഞ്ഞതുകൊണ്ടായില്ല, അതിനു നന്ദിയുള്ളൊരു മനസ്സ് നമുക്കു വേണം. അതു ശരിക്കും നമുക്കൊരു സംരക്ഷണമാണുതാനും. അസൂയ, നീരസം, അർഹിക്കുന്നതു കിട്ടുന്നില്ലെന്ന തോന്നൽ എന്നിങ്ങനെ ആളുകളിൽനിന്ന് നമ്മളെ അകറ്റുന്നതും ജീവിതത്തിലെ സന്തോഷം കവർന്നെടുക്കുന്നതും ആയ കാര്യങ്ങളിൽനിന്നെല്ലാം അതു നമ്മളെ കാക്കും.
നിസ്സാരരായ മനുഷ്യരോടുപോലും വിലമതിപ്പു കാണിക്കുന്ന നമ്മുടെ സ്രഷ്ടാവുതന്നെ ഇക്കാര്യത്തിൽ നല്ലൊരു മാതൃക വെച്ചിട്ടുണ്ട്. എബ്രായർ 6:10 പറയുന്നു: “തന്റെ നാമത്തോടു നിങ്ങൾ കാണിച്ചിരിക്കുന്ന സ്നേഹവും നിങ്ങൾ ചെയ്തിരിക്കുന്ന സേവനവും മറന്നുകളയാൻ തക്കവണ്ണം ദൈവം അനീതിയുള്ളവനല്ല.” അതെ, നന്ദി കാണിക്കാതിരിക്കുന്നത് അനീതിയായാണു നമ്മുടെ സ്രഷ്ടാവിനു തോന്നുന്നത്.
“എപ്പോഴും സന്തോഷിക്കുവിൻ. എല്ലാറ്റിനും കൃതജ്ഞതാസ്തോത്രം അർപ്പിക്കുവിൻ.” —1 തെസ്സലോനിക്യർ 5:16, 18.
നന്ദിയുള്ളവരായിരിക്കുന്നതു മറ്റുള്ളവരുമായുള്ള ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നത് എങ്ങനെ?
അനുഭവങ്ങൾ കാണിക്കുന്നത്
ഒരു സമ്മാനത്തിനോ ഒരു നല്ല വാക്കിനോ ഒരു സഹായം ചെയ്തുതന്നതിനോ നമ്മൾ ആത്മാർഥമായി ഒരാളോടു നന്ദി കാണിക്കുമ്പോൾ, താൻ ചെയ്ത കാര്യം നമ്മൾ വിലമതിച്ചതിനെപ്രതി അയാൾക്കു സന്തോഷം തോന്നും. വാതിൽ തുറന്നുപിടിക്കുന്നതുപോലുള്ള ഒരു ദയാപ്രവൃത്തിക്കു നമ്മൾ ആത്മാർഥമായി നന്ദി പറയുമ്പോൾ അപരിചിതർപോലും ഊഷ്മളമായി പ്രതികരിക്കാറുണ്ട്.
ബൈബിൾ പറയുന്നത്
യേശുക്രിസ്തു പറഞ്ഞു: “കൊടുത്തുശീലിക്കുവിൻ; അപ്പോൾ ആളുകൾ നിങ്ങൾക്കും തരും. അമർത്തിക്കുലുക്കി, നിറഞ്ഞുകവിയുന്ന നല്ലൊരളവുതന്നെ നിങ്ങളുടെ മടിയിൽ തരും.” (ലൂക്കോസ് 6:38) റോസ് എന്ന ബധിരയായ പെൺകുട്ടിയുടെ അനുഭവം നോക്കാം. തെക്കൻ പസിഫിക്കിലെ വന്വാട്ടു എന്ന ദ്വീപിലാണ് അവൾ താമസിക്കുന്നത്.
യഹോവയുടെ സാക്ഷികളുടെ ക്രിസ്തീയയോഗങ്ങളിൽ റോസ് പങ്കെടുക്കാറുണ്ടായിരുന്നെങ്കിലും അവൾക്കോ സഭയിലെ മറ്റുള്ളവർക്കോ ആംഗ്യഭാഷ അറിയാത്തതുകൊണ്ട് അവൾക്കു യോഗങ്ങളിൽനിന്ന് വലിയ പ്രയോജനമൊന്നും കിട്ടിയിരുന്നില്ല. എന്നാൽ ആംഗ്യഭാഷയിൽ വിദഗ്ധരായ ഒരു ദമ്പതികൾ ആ സഭ സന്ദർശിച്ചപ്പോൾ ഈ ബുദ്ധിമുട്ടു മനസ്സിലാക്കി അവിടെ ഒരു ആംഗ്യഭാഷാക്ലാസ് തുടങ്ങി. റോസിന് എന്തെന്നില്ലാത്ത നന്ദിയും സന്തോഷവും തോന്നി. “എന്നെ സ്നേഹിക്കുന്ന ഇത്രയേറെ സുഹൃത്തുക്കളെ കിട്ടിയതിൽ എനിക്ക് ഒത്തിരി സന്തോഷമുണ്ട്” എന്ന് അവൾ പറഞ്ഞു. അവളുടെ നന്ദിയും അവൾ യോഗങ്ങളിൽ അഭിപ്രായങ്ങൾ പറഞ്ഞ് പങ്കുപറ്റുന്നതും കാണുന്നതിനെക്കാൾ വലിയ പ്രതിഫലം, അവളെ സഹായിച്ച ദമ്പതികൾക്കു കിട്ടാനില്ല! തന്നോടു സംസാരിക്കാൻവേണ്ടി ആംഗ്യഭാഷ പഠിച്ചെടുത്ത മറ്റുള്ളവരുടെ ശ്രമങ്ങളെയും റോസ് വളരെയധികം വിലമതിക്കുന്നു.—പ്രവൃത്തികൾ 20:35.
“ബലിയായി കൃതജ്ഞത അർപ്പിക്കുന്നവൻ എന്നെ (ദൈവത്തെ) ബഹുമാനിക്കുന്നു.” —സങ്കീർത്തനം 50:23, പി.ഒ.സി.
നന്ദിയുള്ള മനസ്സ് നിങ്ങൾക്ക് എങ്ങനെ വളർത്തിയെടുക്കാം?
ബൈബിൾ പറയുന്നത്
നമ്മുടെ വികാരങ്ങൾക്കു നമ്മുടെ ചിന്തകളുമായി നല്ല ബന്ധമുണ്ട്. ബൈബിളെഴുത്തുകാരനായ ദാവീദ് തന്റെ പ്രാർഥനയിൽ ദൈവത്തോട് ഇങ്ങനെ പറഞ്ഞു: “നിന്റെ സകലപ്രവൃത്തികളെയും ഞാൻ ധ്യാനിക്കുന്നു; നിന്റെ കൈകളുടെ പ്രവൃത്തിയെ ഞാൻ ചിന്തിക്കുന്നു.” (സങ്കീർത്തനം 143:5) അതെ, ദൈവം തനിക്കുവേണ്ടി ചെയ്ത ഓരോ കാര്യത്തെക്കുറിച്ചും ദാവീദ് ആഴമായി മനസ്സിരുത്തി ചിന്തിച്ചു. ദൈവത്തിന്റെ വഴികളെക്കുറിച്ച് പതിവായി ധ്യാനിച്ചതുകൊണ്ടാണു ദാവീദിനു നന്ദിയുള്ളൊരു മനസ്സുണ്ടായത്. ജീവിതകാലം മുഴുവൻ അതു ദാവീദിന്റെ ശീലമായിരുന്നു.—സങ്കീർത്തനം 71:5, 17.
ബൈബിളിന്റെ ഈ ഉപദേശം ശരിക്കും മൂല്യമുള്ളതാണ്: ‘സത്യമായതൊക്കെയും സ്നേഹാർഹമായതൊക്കെയും സത്കീർത്തിയായതൊക്കെയും ഉത്കൃഷ്ടവും പ്രശംസാഹർവുമായതൊക്കെയും ചിന്തിച്ചുകൊള്ളുക.’ (ഫിലിപ്പിയർ 4:8) ‘ചിന്തിച്ചുകൊള്ളുക’ എന്ന ഈ പ്രയോഗവും കാര്യങ്ങളെക്കുറിച്ച് മനസ്സിരുത്തി ചിന്തിക്കുന്ന ഒരു ശീലമുണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാട്ടുന്നു. നന്ദിയുള്ളൊരു മനസ്സുണ്ടായിരിക്കുന്നതിന് അത്തരമൊരു ശീലം അനിവാര്യമാണ്. ◼ (g16-E No. 5)
“എന്റെ ഹൃദയത്തിലെ ധ്യാനം വിവേകം തന്നേ ആയിരിക്കും (“വിവേകം വെളിപ്പെടുത്തും,” NW).” —സങ്കീർത്തനം 49:3.