അഭിമുഖം | രാജേഷ് കലാറിയ
ഒരു മസ്തിഷ്കഗവേഷകൻ വിശ്വാസത്തെക്കുറിച്ചു പറയുന്നു
ഇംഗ്ലണ്ടിലെ ന്യൂകാസിൽ സർവകലാശാലയിലെ പ്രൊഫസറാണ് രാജേഷ് കലാറിയ. കഴിഞ്ഞ 40 വർഷത്തിലേറെയായിട്ടുള്ള അദ്ദേഹത്തിന്റെ പഠനം മനുഷ്യമസ്തിഷ്കത്തെക്കുറിച്ചാണ്. ഒരു പരിണാമവിശ്വാസിയായിരുന്ന അദ്ദേഹം പിന്നീട് തന്റെ ചിന്താഗതികൾക്കു മാറ്റം വരുത്തി. അദ്ദേഹത്തിന്റെ ജോലിയെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും ഉണരുക! നടത്തിയ അഭിമുഖം.
താങ്കളുടെ മതപശ്ചാത്തലത്തെക്കുറിച്ച് ഞങ്ങളോടു പറയാമോ?
എന്റെ അച്ഛൻ ജനിച്ചത് ഇന്ത്യയിലാണ്. അമ്മയുടെ നാട് ഇന്ത്യയിലാണെങ്കിലും ജനിച്ചത് യുഗാണ്ടയിലാണ്. ഞങ്ങൾ ഹൈന്ദവ ആചാരരീതികൾ അനുസരിച്ചാണ് ജീവിച്ചത്. മൂന്നു സഹോദരങ്ങളിൽ രണ്ടാമനാണു ഞാൻ. കെനിയയിലെ നയ്റോബിയിലായിരുന്നു ഞങ്ങളുടെ താമസം. അയൽക്കാരിൽ പലരും ഹൈന്ദവരായിരുന്നു.
ശാസ്ത്രത്തിൽ താത്പര്യം തോന്നാൻ കാരണമെന്താണ്?
എനിക്കു മൃഗങ്ങളെ ഒരുപാട് ഇഷ്ടമാണ്. കാടിന്റെ സൗന്ദര്യം ആസ്വദിക്കാൻ ഞാനും കൂട്ടുകാരും മിക്കപ്പോഴും ട്രെക്കിംഗിനു പോകാറുണ്ട്. ഒരു മൃഗഡോക്ടർ ആകാനായിരുന്നു എന്റെ ആഗ്രഹം. എന്നാൽ നയ്റോബിയിലെ ടെക്നിക്കൽ കോളേജിലെ ബിരുദത്തിനു ശേഷം, ഇംഗ്ലണ്ടിലുള്ള ലണ്ടൻ യൂണിവേഴ്സിറ്റിയിൽ മനുഷ്യമസ്തിഷ്കത്തെക്കുറിച്ചു പഠിക്കുന്ന വിഭാഗത്തിൽ ഞാൻ ചേർന്നു. പിന്നീട്, അതെക്കുറിച്ചു കൂടുതൽ ഗവേഷണം ചെയ്തു പഠിക്കുന്നതിൽ ഞാൻ ശ്രദ്ധിച്ചു.
നിങ്ങളുടെ പഠനം മതവിശ്വാസങ്ങളെ സ്വാധീനിച്ചിട്ടുണ്ടോ?
തീർച്ചയായും. ശാസ്ത്രത്തെക്കുറിച്ച് പഠിക്കുന്തോറും ഹൈന്ദവ പുരാണങ്ങളും ആചാരാനുഷ്ഠാനങ്ങളും ഉൾക്കൊള്ളാൻ എനിക്ക് ബുദ്ധിമുട്ടായിത്തുടങ്ങി. ഉദാഹരണത്തിന്, മൃഗങ്ങളെയും വിഗ്രഹങ്ങളെയും ഒക്കെ ആരാധിക്കുന്നത്.
പരിണാമത്തിൽ വിശ്വസിക്കാൻ കാരണമെന്താണ്?
എന്റെ ചെറുപ്പകാലത്ത് എനിക്കു ചുറ്റുമുണ്ടായിരുന്ന പല ആളുകളും വിചാരിച്ചിരുന്നത് ആഫ്രിക്കയിൽനിന്നു മനുഷ്യന്റെ പരിണാമം തുടങ്ങി എന്നാണ്. ഇതിനെക്കുറിച്ച് ഞങ്ങൾ മിക്കപ്പോഴും സ്കൂളിൽ സംസാരിക്കാറുണ്ട്. എല്ലാ ആദരണീയരായ ശാസ്ത്രജ്ഞരും പരിണാമവിശ്വാസികൾ ആണെന്ന ധാരണയാണ് അധ്യാപകരും പ്രൊഫസർമാരും കുട്ടികൾക്ക് കൊടുത്തിരുന്നത്.
എന്നാൽ ഇടക്കാലത്ത് ജീവന്റെ ഉത്ഭവത്തെക്കുറിച്ച്
മാറി ചിന്തിച്ചല്ലോ, എന്തുകൊണ്ടായിരുന്നു?ഞാൻ ജീവശാസ്ത്രത്തെക്കുറിച്ചും ശരീരഘടനാശാസ്ത്രത്തെക്കുറിച്ചും കുറച്ചുനാൾ പഠിച്ചിരുന്നു. അന്ന്, എന്റെകൂടെ പഠിച്ച ഒരാൾ യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കുന്നുണ്ടായിരുന്നു. പഠിച്ച കാര്യങ്ങൾ എന്നോടും പറയുമായിരുന്നു. അതെനിക്ക് വലിയ താത്പര്യമായി. അങ്ങനെ, നയ്റോബിയിൽ കോളേജിന്റെ ഹാളിൽവെച്ച് ഒരിക്കൽ അവരുടെ സമ്മേളനം നടന്നപ്പോൾ ഞാൻ അതിൽ പങ്കെടുത്തു. പിന്നീട്, അവരുടെ രണ്ട് മിഷനറിമാർ ചില ബൈബിൾപഠിപ്പിക്കലുകൾ എനിക്ക് വിശദീകരിച്ചു തന്നു. അവർ വിശ്വസിച്ചിരുന്ന മഹാസ്രഷ്ടാവിന്റെ പക്കൽ ജീവിതത്തിലെ പ്രധാനപ്പെട്ട പല ചോദ്യങ്ങൾക്കുമുള്ള ഉത്തരം ഉണ്ടായിരുന്നു. അത് പുരാണങ്ങൾപോലെ അല്ലായിരുന്നു. അത് യുക്തിക്കു ചേരുന്നതായതുകൊണ്ട് എനിക്ക് അത് നന്നായി ബോധിച്ചു.
വൈദ്യശാസ്ത്രത്തെക്കുറിച്ചുള്ള അറിവ് സൃഷ്ടിയിലുള്ള നിങ്ങളുടെ വിശ്വാസത്തെ ബാധിച്ചോ?
ഒരിക്കലുമില്ല. ശരീരഘടനാശാസ്ത്രത്തെക്കുറിച്ചു ഞാൻ പഠിച്ചപ്പോൾ ജീവജാലങ്ങളെ എത്ര സങ്കീർണതയോടും അവയിലെ ശരീരാവയവങ്ങൾ എത്ര അടുക്കുംചിട്ടയോടും കൂടെയാണ് രൂപകല്പന ചെയ്തിരിക്കുന്നതെന്ന് ഞാൻ മനസ്സിലാക്കി. ഇത്തരം അതിസങ്കീർണമായ സൃഷ്ടിക്രിയകൾ, ആരുടെയും മേൽനോട്ടമോ നിർദേശമോ കൂടാതെ ഉണ്ടായെന്നു വിശ്വസിക്കുന്നത് യുക്തിയല്ലെന്ന് എനിക്കു തോന്നി.
അതിന് ഒരു ഉദാഹരണം പറയാമോ?
1970-കൾ മുതൽ ഞാൻ മനുഷ്യമസ്തിഷ്കത്തെക്കുറിച്ചു പഠിക്കുന്നു. പഠിക്കുന്തോറും അതെന്നെ വിസ്മയപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. ചിന്തകളുടെയും ഓർമകളുടെയും മറ്റു ശാരീരികപ്രവർത്തനങ്ങളുടെയും സിരാകേന്ദ്രമാണ് തലച്ചോർ. പുറത്തുനിന്നും അകത്തുനിന്നും ലഭിക്കുന്ന വിവിധതരം വിവരങ്ങൾ തലച്ചോർ വിശകലനം ചെയ്യുന്നു. നമ്മുടെ പല ഇന്ദ്രിയങ്ങളുടെയും കേന്ദ്രം തലച്ചോറാണ്.
തലച്ചോറിലെ അതിസങ്കീർണമായ രാസപ്രക്രിയകളുടെയും നാഡീകോശങ്ങളുടെ സങ്കീർണശൃംഖലകളുടെയും പ്രവർത്തനങ്ങൾകൊണ്ടാണ് നമ്മുടെ തലച്ചോർ സുഗമമായി പ്രവർത്തിക്കുന്നത്. തലച്ചോറിന്റെ പ്രധാനകോശങ്ങളാണ് നാഡീകോശങ്ങൾ അഥവാ ന്യൂറോണുകൾ. മനുഷ്യമസ്തിഷ്കത്തിൽ കോടിക്കണക്കിനു ന്യൂറോണുകളുണ്ട്. ഒരു ന്യൂറോണിൽനിന്നു മറ്റൊന്നിലേക്കു ആശയം കൈമാറുന്നത് ഡെൻഡ്രൈറ്റുകൾ വഴിയും ആക്സോണുകൾ എന്നു പറയുന്ന നീണ്ട ഫൈബറുകൾ (നാരുകൾപോലെ നേർത്തത്) വഴിയുമാണ്. ഒരു ന്യൂറോൺ മറ്റ് ന്യൂറോണുകളുമായി ആയിരക്കണക്കിനു ബന്ധങ്ങൾ സ്ഥാപിക്കുന്നു. തലച്ചോറിലുള്ള ന്യൂറോണുകൾ തമ്മിലുള്ള ഈ ബൃഹത്തായ ശൃംഖലകൾ അതിശയിപ്പിക്കുന്നതാണ്. എന്തിനധികം, തലച്ചോറിൽ തിങ്ങിനിറഞ്ഞു കാണുന്ന ഈ ന്യൂറോണുകളും ഡെൻഡ്രൈറ്റുകളും ഒന്നും കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലല്ല, എല്ലാം അതീവകൃത്യതയോടെയാണ് ക്രമീകരിച്ചിരിക്കുന്നത്. ശരീരത്തിലെ അത്ഭുതകരമായ “വയറിംഗ്” സംവിധാനം!
അൽപ്പം കൂടി വിശദീകരിക്കാമോ?
അമ്മയുടെ ഉദരത്തിലായിരിക്കുമ്പോൾ മാത്രമല്ല ജനിച്ചതിനു ശേഷവും ഒരു കുഞ്ഞിൽ നാഡീവ്യവസ്ഥകൾ വളരെ കൃത്യതയോടെ വികാസം പ്രാപിക്കുന്നു. ന്യൂറോണുകൾ ഏതാനും സെന്റിമീറ്റർ അകലെയുള്ള മറ്റു ന്യൂറോണുകളുമായി ഫൈബറുകൾ വഴി ബന്ധപ്പെടുന്നു. കോശങ്ങളുടെ തലത്തിൽനിന്ന് നോക്കിയാൽ ഇത് വലിയ ദൂരമാണ്. ഇനി, ഈ സന്ദേശങ്ങൾ ഒരു കോശത്തിൽനിന്ന് മറ്റൊരു കോശത്തിലേക്കു മാത്രമല്ല ആ കോശത്തിലെ പ്രത്യേക ഭാഗത്തുപോലും എത്തിക്കും.
ഒരു ന്യൂറോണിൽനിന്ന് ശാഖകളായി പോകുന്ന പുതിയ ഫൈബറുകൾക്ക് കൃത്യമായ നിർദേശങ്ങൾ വേണ്ട സമയത്ത് കിട്ടിയില്ലെങ്കിൽ അവ വഴിയറിയാതെ സ്തംഭിച്ചുപോകും. അതുകൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെ ‘നിൽക്കുക,’ ‘തിരിയുക,’ ‘പോകുക’ എന്നീ നിർദേശങ്ങൾ അപ്പപ്പോൾ അവയ്ക്കു ലഭിച്ചുകൊണ്ടിരിക്കും. നമ്മുടെ ഡിഎൻഎ-യിലുള്ള നിർദേശങ്ങൾമുതൽ ശരീരത്തിലെ മുഴുപ്രവർത്തനങ്ങളുംവരെ വിദഗ്ധമായി കോർത്തിണക്കിയിരിക്കുന്നു.
മസ്തിഷ്കത്തിന്റെ വളർച്ചയും പ്രവർത്തനവും നമുക്കു പൂർണമായി മനസ്സിലാക്കാൻ കഴിയില്ല. തലച്ചോറിൽ എങ്ങനെയാണ് ഓർമകളും വികാരങ്ങളും ചിന്തകളും രൂപപ്പെടുന്നത് എന്നു മനസ്സിലാക്കാനും ബുദ്ധിമുട്ടാണ്. എന്നെ സംബന്ധിച്ചിടത്തോളം തലച്ചോർ പ്രവർത്തിക്കുന്നു എന്ന വസ്തുതതന്നെ മതി ഒരു ബുദ്ധിശാലിയായ സ്രഷ്ടാവ് ഉണ്ടെന്ന് ബോധ്യം വരാൻ. വിശേഷിച്ചും, അത് എത്ര നന്നായി പ്രവർത്തിക്കുന്നെന്നും എത്ര മനോഹരമായി വികാസം പ്രാപിക്കുന്നെന്നും ചിന്തിക്കുമ്പോൾ.
എന്തുകൊണ്ടാണ് ഒരു യഹോവയുടെ സാക്ഷിയായത്?
ബൈബിൾ ദൈവത്തിന്റെ വചനമാണെന്നു തെളിവു സഹിതം അവർ എന്നെ ബോധ്യപ്പെടുത്തി. ഉദാഹരണത്തിന്, ബൈബിൾ ഒരു ശാസ്ത്രീയപുസ്തകമല്ല. എന്നാൽ ശാസ്ത്രീയകാര്യങ്ങളെക്കുറിച്ചു പറഞ്ഞിരിക്കുന്നിടത്തെല്ലാം കൃത്യത പാലിച്ചിരിക്കുന്നു. അതിലെ പ്രവചനങ്ങളും കൃത്യതയുള്ളതാണ്. ബൈബിളിന്റെ പഠിപ്പിക്കലുകൾ അനുസരിക്കുന്നവരുടെ ജീവിതം മെച്ചപ്പെട്ടിരിക്കുന്നു. എന്റെ ജീവിതംതന്നെ അതിന് ഒരു തെളിവാണ്. 1973-ൽ ഞാനൊരു യഹോവയുടെ സാക്ഷിയായതു മുതൽ ബൈബിളാണ് എന്നെ വഴിനയിക്കുന്ന പുസ്തകം. ഇപ്പോൾ എന്റെ ജീവിതത്തിനു ഒരു ഉദ്ദേശ്യമുണ്ട്. ഞാൻ തികച്ചും സംതൃപ്തനാണ്.