‘സത്പേര് സമ്പത്തിനെക്കാൾ പ്രധാനം’
സമൂഹത്തിൽ നല്ലൊരു പേര്. പല ദേശങ്ങളിലും ഇതിനെ വളരെ പ്രാധാന്യത്തോടെയാണു വീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ ഒരാളുടെ സത്പേര് നിയമപരമായി സംരക്ഷിക്കാനുള്ള നടപടികളും അവർ കൈക്കൊണ്ടിരിക്കുന്നു. അപകീർത്തികരമായ ലേഖനം (പ്രസിദ്ധീകരണങ്ങളിലൂടെയോ പ്രക്ഷേപണങ്ങളിലൂടെയോ അപകീർത്തിപ്പെടുത്തുന്നത്), അപഖ്യാതി (ദുരാരോപണം ഉന്നയിക്കുന്നത്) എന്നിവയ്ക്കെതിരെയുള്ള സംരക്ഷണം ഇതിൽ ഉൾപ്പെടുന്നു. “സത്പേര് നേടുന്നതു സമ്പത്തിനെക്കാൾ പ്രധാനം; ആദരവ് നേടുന്നതു സ്വർണത്തെക്കാളും വെള്ളിയെക്കാളും നല്ലത്,” എന്ന പഴമൊഴിയായിരിക്കാം ഇപ്പോൾ നമ്മുടെ മനസ്സിലേക്ക് വരുന്നത്. (സുഭാഷിതങ്ങൾ 22:1) ഒരു നല്ല പേരും മറ്റുള്ളവരുടെ ആദരവും നേടിയെടുക്കാൻ നമുക്ക് എങ്ങനെ കഴിയും? നല്ല നിർദേശങ്ങൾ ബൈബിളിലുണ്ട്.
ഉദാഹരണത്തിന്, ബൈബിളിലെ 15-ാം സങ്കീർത്തനത്തിൽ പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക. “(ദൈവത്തിന്റെ) കൂടാരത്തിൽ അതിഥിയായി വരാൻ ആർക്കു കഴിയും?” എന്ന ചോദ്യത്തിന് ഉത്തരമായി സങ്കീർത്തനക്കാരൻ എഴുതിയത് ഇങ്ങനെയാണ്. “ശരിയായതു ചെയ്യുകയും ഹൃദയത്തിൽ സത്യം സംസാരിക്കുകയും ചെയ്യുന്നയാൾ. അയാൾ. . . പരദൂഷണം പറയുന്നില്ല, അയൽക്കാരന് ഒരു ദോഷവും ചെയ്യുന്നില്ല, സ്നേഹിതരെ അപകീർത്തിപ്പെടുത്തുന്നില്ല. നിന്ദ്യനെ അയാൾ ഒഴിവാക്കുന്നു. . . . തനിക്കു നഷ്ടമുണ്ടാകുമെന്നു കണ്ടാലും അയാൾ വാക്കു മാറ്റുന്നില്ല. . . . നിരപരാധിക്കെതിരെ കൈക്കൂലി വാങ്ങു ന്നില്ല.” (സങ്കീർത്തനം 15:1-5) ഈ മനോഹരമായ ബൈബിൾതത്ത്വങ്ങൾ അനുസരിച്ചു ജീവിക്കുന്നവരോടു നമുക്കു ബഹുമാനം തോന്നില്ലേ?
ആദരവ് നേടിയെടുക്കാൻ സഹായിക്കുന്ന മറ്റൊരു ഗുണമാണു താഴ്മ. “താഴ്മ മഹത്ത്വത്തിനു മുന്നോടി,” എന്നാണ് സുഭാഷിതങ്ങൾ 15:33 പറയുന്നത്. താഴ്മയുള്ളവർ എവിടെയാണു തങ്ങൾ മെച്ചപ്പെടേണ്ടതെന്നു ശ്രദ്ധിക്കുകയും അതിനുവേണ്ടി കഠിനമായി പരിശ്രമിക്കുകയും ചെയ്യും. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കാൻ അവർ മനസ്സു കാണിക്കും. (യാക്കോബ് 3:2) എന്നാൽ അഹങ്കാരികൾ അങ്ങനെയല്ല. അവർ പെട്ടെന്നു നീരസപ്പെടും. “തകർച്ചയ്ക്കു മുമ്പ് അഹങ്കാരം; വീഴ്ചയ്ക്കു മുമ്പ് അഹംഭാവം,” എന്നു സുഭാഷിതങ്ങൾ 16:18 പറയുന്നു.
നിങ്ങളെ ആരെങ്കിലും കരിവാരിത്തേച്ചാലോ? ദേഷ്യത്താൽ പൊട്ടിത്തെറിച്ചുകൊണ്ട് അയാൾക്കെതിരെ പ്രതികരിക്കണോ? സ്വയം ചോദിക്കുക: എന്റെ പേര് രക്ഷിക്കാൻ ശ്രമിച്ചാൽ ആ നുണയ്ക്ക് കൂടുതൽ പ്രചാരം കിട്ടാൻ ഇടയാകുമോ? ചില സാഹചര്യങ്ങളിൽ നിയമപരമായി നീങ്ങേണ്ടിവന്നേക്കാം. എങ്കിലും ബൈബിളിന്റെ ജ്ഞാനപൂർവമായ നിർദേശം ഇതാണ്: “കേസ് കൊടുക്കാൻ തിരക്കു കൂട്ടരുത്.” പകരം, “നിന്റെ അയൽക്കാരനുമായി വാദിച്ചുകൊള്ളൂ.” (സുഭാഷിതങ്ങൾ 25:8, 9) a ഇങ്ങനെ സൂക്ഷിച്ച്, സൗമ്യതയോടെ ഈ സാഹചര്യത്തെ കൈകാര്യം ചെയ്താൽ നിയമനടപടികൾകൊണ്ടുണ്ടാകുന്ന ഭാരിച്ച ചെലവുകൾ കുറയ്ക്കാനാകും.
ബൈബിൾ വെറുമൊരു മതപുസ്തകമല്ല. ജീവിതത്തെ ശരിയായ ദിശയിലേക്കു നയിക്കുന്ന ആശ്രയയോഗ്യമായ വഴികാട്ടിയാണ് അത്. അതിലുള്ള ജ്ഞാനമൊഴികൾ അനുസരിക്കുന്നവർക്ക് മറ്റുള്ളവരുടെ ആഴമായ ആദരവ് നേടിയെടുക്കാനും ഒരു നല്ല പേര് സമ്പാദിക്കാനും കഴിയുന്നു.
a അഭിപ്രായ ഭിന്നതകൾ പരിഹരിക്കുന്നതിനുള്ള കൂടുതലായ ബൈബിൾതത്ത്വങ്ങൾ മത്തായി 5:23, 24; 18:15-17 എന്നീ വാക്യങ്ങളിൽ കാണാം.