ചരിത്രത്തിന്റെ ഏടുകളിലൂടെ
അൽഹേയ്സൻ
ഈ പേര് നിങ്ങൾ അത്ര കേട്ടുകാണാൻ വഴിയില്ല—അബൂ അലി-അൽഹസൻ ഇബ്നു അൽ-ഹൈഥം. പേരിന്റെ ആദ്യഭാഗമായ അൽഹസൻ എന്നതിന്റെ ലത്തീൻരൂപമായ അൽഹേയ്സൻ എന്ന പേരിലാണ് പാശ്ചാത്യനാടുകളിൽ അദ്ദേഹം അറിയപ്പെടുന്നത്. എന്തായാലും അദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങളിൽനിന്ന് നിങ്ങൾ പ്രയോജനം നേടും. “ശാസ്ത്രലോകത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയിട്ടുള്ള പ്രമുഖരായ വ്യക്തികളിൽ ഒരാൾ” എന്നാണ് അദ്ദേഹം പരക്കെ അറിയപ്പെടുന്നത്.
എ.ഡി. 965-ൽ, ഇന്ന് ഇറാഖിന്റെ ഭാഗമായ ബസ്രയിലാണ് അൽഹേയ്സൻ ജനിച്ചത്. ജ്യോതിശാസ്ത്രം, രസതന്ത്രം, ഗണിതശാസ്ത്രം, വൈദ്യശാസ്ത്രം, പ്രകാശശാസ്ത്രം, ഭൗതികശാസ്ത്രം, സംഗീതം, കവിതാരചന ഇവയിലൊക്കെയായിരുന്നു അദ്ദേഹത്തിനു കമ്പം. എന്നാൽ അദ്ദേഹം ചെയ്ത ഏതു കാര്യത്തെപ്രതിയാണ് ഇന്നും നമ്മൾ അദ്ദേഹത്തെ ഓർക്കുന്നത്?
നൈലിലെ അണക്കെട്ട്
അൽഹേയ്സനെക്കുറിച്ച് ഇങ്ങനെയൊരു കഥ പറഞ്ഞുകേൾക്കുന്നുണ്ട്. 1902-ൽ അസ്വാനിൽ അണക്കെട്ട് നിർമിക്കുന്നതിന് 1,000 വർഷം മുമ്പ് നൈൽ നദിയിലെ വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാനുള്ള പദ്ധതികളെക്കുറിച്ച് അദ്ദേഹം ആലോചനകൾ നടത്തിയിരുന്നു.
കഥയുടെ തുടർച്ച ഇതാണ്: നൈൽ നദിയിൽ അണക്കെട്ട് നിർമിച്ചുകൊണ്ട് ഈജിപ്തിൽ മാറിമാറി വരുന്ന വരൾച്ചയും വെള്ളപ്പൊക്കവും കുറയ്ക്കുന്നതിനായുള്ള വലിയവലിയ പദ്ധതികൾ അൽഹേയ്സൻ ആസൂത്രണം ചെയ്തു. അൽഹേയ്സന്റെ ഈ പദ്ധതിയെക്കുറിച്ച് കേട്ട കയ്റോയുടെ ഭരണാധികാരിയായ കാലിഫ് അൽഹക്കീം അണക്കെട്ട് നിർമിക്കുന്നതിനായി അദ്ദേഹത്തെ അവിടേക്കു ക്ഷണിച്ചു. എന്നാൽ നദിയിലെ വെള്ളം നേരിട്ട് കണ്ടപ്പോൾ ഈ നിർമാണപദ്ധതി തന്റെ പരിധിക്ക് അപ്പുറമാണെന്ന് അൽഹേയ്സൻ തിരിച്ചറിഞ്ഞു. ക്രൂരനും മുൻകോപിയും ആയ ആ ഭരണാധികാരിയുടെ ശിക്ഷയെ ഭയന്ന് ജീവൻ രക്ഷിക്കുന്നതിനുവേണ്ടി അൽഹേയ്സൻ 11 വർഷക്കാലം ഭ്രാന്ത് അഭിനയിച്ചു, 1021-ൽ കാലിഫ് മരിക്കുന്നതുവരെ. തടങ്കലിലായിരുന്ന ഈ സമയത്ത് അദ്ദേഹത്തിന് ധാരാളം ഒഴിവുസമയം ഉണ്ടായിരുന്നു. താൻ ആഗ്രഹിച്ചിരുന്ന മറ്റ് അനേകം കാര്യങ്ങൾ ചെയ്യുന്നതിനായി അദ്ദേഹം ആ സമയം ഉപയോഗിച്ചു.
പ്രകാശശാസ്ത്രത്തിന്റെ പുസ്തകം
അൽഹേയ്സൻ മോചിതനായപ്പോഴേക്കും ഏഴ് വാല്യങ്ങളുള്ള പ്രകാശശാസ്ത്രത്തിന്റെ പുസ്തകം ഏറെക്കുറെ അദ്ദേഹം എഴുതിത്തീർത്തിരുന്നു. ഈ പുസ്തകത്തെ “ഭൗതികശാസ്ത്രത്തിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട പുസ്തകങ്ങളിൽ ഒന്നായി” കണക്കാക്കുന്നു. ഇതിൽ വെളിച്ചത്തിന്റെ പ്രകൃതത്തെക്കുറിച്ച് അദ്ദേഹം നടത്തിയ പരീക്ഷണങ്ങളെക്കുറിച്ച് കാണാം. കൂടാതെ, വെളിച്ചം അതിന്റെ ഘടകവർണങ്ങളായി പിരിയുന്നത് എങ്ങനെയെന്നും കണ്ണാടിയിൽ വെളിച്ചം എങ്ങനെയാണ് പ്രതിഫലിക്കുന്നതെന്നും ഒരു മാധ്യമത്തിൽനിന്ന്
മറ്റൊന്നിലേക്കു വെളിച്ചം കടക്കുമ്പോൾ അതിന്റെ പാതയിൽ വ്യതിയാനം സംഭവിക്കുന്നത് എങ്ങനെയെന്നും പറഞ്ഞിരിക്കുന്നു. കണ്ണിന്റെ കാഴ്ചശക്തിയെക്കുറിച്ചും ഘടനയെക്കുറിച്ചും പ്രവർത്തനവിധത്തെക്കുറിച്ചും അദ്ദേഹം പഠിച്ചു.13-ാം നൂറ്റാണ്ടായപ്പോഴേക്കും അൽഹേയ്സന്റെ സൃഷ്ടി അറബിയിൽനിന്ന് ലത്തീനിലേക്കു പരിഭാഷ ചെയ്തിട്ടുണ്ടായിരുന്നു. പിന്നീട് നൂറ്റാണ്ടുകളോളം യൂറോപ്യൻ പണ്ഡിതന്മാർ ഇത് അവരുടെ ഒരു ആധികാരികപുസ്തകമായി കണക്കാക്കിപ്പോന്നു. ലെൻസിന്റെ പ്രത്യേകതകളെക്കുറിച്ച് അൽഹേയ്സൻ എഴുതിയിരുന്ന കാര്യങ്ങൾ യൂറോപ്പിലുള്ള കണ്ണടനിർമാതാക്കളെ ഒരുപാട് സഹായിച്ചു. ഒരു ലെൻസിനു മുന്നിൽ മറ്റൊരു ലെൻസ് ഉപയോഗിച്ച് സൂക്ഷ്മദർശിനികളും ദൂരദർശിനികളും നിർമിക്കാൻ അവർക്കു കഴിഞ്ഞു.
ക്യാമറ ഒബ്സ്ക്യൂറ
അൽഹേയ്സനായിരിക്കാം ആദ്യത്തെ ക്യാമറ ഒബ്സ്ക്യൂറ നിർമിച്ചത്. ക്യാമറ ഒബ്സ്ക്യൂറ ഒരു അടച്ചുകെട്ടിയ “ഇരുട്ടുമുറി” ആണ്. ഈ മുറിയുടെ ചെറിയ ദ്വാരത്തിലൂടെ പ്രകാശം കടക്കുമ്പോൾ പുറത്തുള്ള കാഴ്ചയുടെ തലകീഴായുള്ള ചിത്രം മുറിക്കുള്ളിലെ ഒരു ഭിത്തിയിൽ കാണാം. അതിന്റെ പ്രവർത്തനം ആദ്യമായി പരീക്ഷിച്ചപ്പോൾ ഛായാഗ്രഹണത്തിനു പിന്നിലെ തത്ത്വങ്ങളാണ് അൽഹേയ്സൻ കണ്ടെത്തിയത്.
1,800-കളിൽ ചിത്രങ്ങൾ ഒപ്പിയെടുത്ത് സൂക്ഷിക്കാൻ ക്യാമറ ഒബ്സ്ക്യൂറയിൽ ഛായാഗ്രഹണഫലകങ്ങൾ ഉപയോഗിച്ചിരുന്നു. അങ്ങനെയാണ് ക്യാമറ ജനിക്കുന്നത്. എല്ലാ ആധുനിക ക്യാമറകളും ക്യാമറ ഒബ്സ്ക്യൂറയ്ക്കു * പിന്നിലെ തത്ത്വങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. നമ്മുടെ കണ്ണിന്റെ പ്രവർത്തനവും ഇതുപോലെയാണ്.
ശാസ്ത്രീയ രീതി
പ്രകൃതിയിൽ നടക്കുന്ന കാര്യങ്ങളെ വളരെ ശ്രദ്ധാപൂർവവും അടുക്കും ചിട്ടയോടും കൂടി ഗവേഷണം ചെയ്യുന്ന ഒരു രീതിയാണ് അൽഹേയ്സനെ വ്യത്യസ്തനാക്കിയത്. ഇങ്ങനെയൊരു രീതി അന്ന് സാധാരണമല്ലായിരുന്നു. സിദ്ധാന്തങ്ങളെ പരീക്ഷണങ്ങളിലൂടെ പരിശോധിച്ച ആദ്യകാല പരീക്ഷകരിൽ ഒരാളായിരുന്നു അദ്ദേഹം. പൊതുവെ അംഗീകരിച്ചുപോന്നിരുന്ന കാര്യങ്ങൾക്കു തെളിവുകളില്ലെങ്കിൽ അത് ചോദ്യം ചെയ്യാൻ അദ്ദേഹത്തിനു യാതൊരു പേടിയുമില്ലായിരുന്നു.
“നിങ്ങൾ വിശ്വസിക്കുന്നതു തെളിയിക്കുക” എന്ന പ്രമാണവാക്യം ആധുനികശാസ്ത്രത്തിന്റെ അടിസ്ഥാനതത്ത്വമാണ്. അൽഹേയ്സനെ “ആധുനികശാസ്ത്രീയ രീതിയുടെ പിതാവായി” ചിലർ കണക്കാക്കുന്നു. അദ്ദേഹത്തോട് നന്ദിയുള്ളവരായിരിക്കാൻ നമുക്കു കാരണങ്ങൾ ഏറെയുണ്ട്.
^ ഖ. 13 17-ാം നൂറ്റാണ്ടിൽ ജൊഹാനസ് കെപ്ലർ ക്യാമറ ഒബ്സ്ക്യൂറയും കണ്ണും തമ്മിലുള്ള സമാനതകൾ വിശദീകരിക്കുന്നതുവരെ പാശ്ചാത്യലോകം ഈ സമാനതകളെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കിയിരുന്നില്ല.