ആരുടെ കരവിരുത്?
തേനീച്ചയുടെ ലാൻഡിങ്ങ്
തേനീച്ചകൾക്ക് എവിടെയും അനായാസം പറന്നിറങ്ങാനാകും. ഈ ‘സേഫ് ലാൻഡിങ്ങിന്’ പിന്നിലെ രഹസ്യം എന്താണ്?
സവിശേഷത: ലക്ഷ്യത്തിലെത്തുന്നതിനു തൊട്ടുമുമ്പ് തേനീച്ചയുടെ വേഗത പൂജ്യത്തിലെത്തിയാലേ അതിനു സുരക്ഷിതമായി പറന്നിറങ്ങാനാകൂ. സാധാരണഗതിയിൽ ഇങ്ങനെ പറന്നിറങ്ങണമെങ്കിൽ, പറക്കുന്ന വേഗതയും ലക്ഷ്യത്തിലേക്കുള്ള ദൂരവും കണക്കാക്കാൻ പറ്റണം. അതനുസരിച്ച് വേഗത കുറയ്ക്കാനും കഴിയണം. എന്നാൽ ഈ സവിശേഷത മിക്ക പ്രാണികൾക്കുമില്ല. കാരണം അവയുടെ കണ്ണുകൾ തമ്മിലുള്ള അകലം കുറവാണ്. മാത്രമല്ല, ഒരു സമയത്ത് ഒരു വസ്തുവിൽ ദൃഷ്ടിയൂന്നാനേ അവയ്ക്കു കഴിയൂ.
അതെ, ദ്വിനേത്രദർശനം (binocular vision) ഉള്ള മനുഷ്യരുടെ കണ്ണുകൾപോലെയല്ല തേനീച്ചയുടെ കണ്ണുകൾ. അതുകൊണ്ട് മനുഷ്യരെപ്പോലെ ഒരു വസ്തുവിലേക്കുള്ള ദൂരം കണക്കാക്കാൻ തേനീച്ചയ്ക്ക് കഴിയില്ല. അപ്പോൾപ്പിന്നെ തേനീച്ചയ്ക്ക് ഇങ്ങനെ പറന്നിറങ്ങാൻ കഴിയുന്നത് എങ്ങനെയാണ്? ഒരു വസ്തുവിനോട് അടുക്കുന്തോറും അതിന്റെ വലുപ്പം കൂടുന്നതായി തോന്നും എന്ന ലളിതമായ കാര്യംതന്നെയാണ് തേനീച്ചയും ഉപയോഗിക്കുന്നത്. വസ്തുവിന്റെ അടുത്തേക്ക് അടുക്കുന്തോറും കൂടുതൽ വേഗത്തിൽ അതു വലുതാകുന്നതായി തോന്നും. അതായത് അതിന്റെ വലുപ്പം കൂടുന്ന തോത് വർധിക്കും. ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയിൽ നടത്തിയ പരീക്ഷണങ്ങളിൽ കണ്ടെത്തിയതുപോലെ, തേനീച്ചകൾ ഒരു വസ്തുവിന്റെ അടുത്തേക്ക് പറന്നുവരുമ്പോൾ ആ വസ്തു വലുതാകുന്നതിന്റെ തോത് മാറാതെ നിൽക്കണം. അതിനായി തേനീച്ചകൾ പറക്കലിന്റെ വേഗത കുറയ്ക്കുന്നു. അങ്ങനെ വസ്തുവിന്റെ അടുത്ത് എത്തുമ്പോഴേക്കും അതിന്റെ വേഗത ഏതാണ്ട് പൂജ്യത്തിലെത്തിയിരിക്കും, ഇതാണ് ‘സേഫ് ലാൻഡിങ്ങിന്’ സഹായിക്കുന്നത്.
ഒരു മാസിക (Proceedings of the National Academy of Sciences) ഇങ്ങനെ പറയുന്നു: “അനായാസം എവിടെയും സേഫായി ലാൻഡ് ചെയ്യാനുള്ള തേനീച്ചകളുടെ ഈ ലളിതമായ സവിശേഷത . . . പകർത്തിക്കൊണ്ടാണ് പറക്കും റോബോട്ടുകളെ രൂപകല്പന ചെയ്തിരിക്കുന്നത്.”
നിങ്ങൾക്ക് എന്തു തോന്നുന്നു? തേനീച്ചയുടെ ഈ സവിശേഷത പരിണമിച്ച് ഉണ്ടായതാണോ? അതോ ആരെങ്കിലും രൂപകല്പന ചെയ്തതാണോ?