ദേശങ്ങളും ആളുകളും
സ്പെയിനിലേക്ക് ഒരു യാത്ര
സ്പെയിൻ വൈവിധ്യങ്ങളുടെ നാടാണ്. ഭൂപ്രകൃതിയുടെയും ആളുകളുടെയും കാര്യത്തിലും അങ്ങനെതന്നെ. ഗോതമ്പുപാടങ്ങളും മുന്തിരിത്തോട്ടങ്ങളും ഒലിവുവൃക്ഷങ്ങളും നെയ്തുകൊടുത്ത ഉടയാട ധരിച്ച സുന്ദരിയാണ് സ്പെയിൻ. തെക്കൻ സ്പെയിനിൽനിന്ന് കടലിടുക്കു വഴി ഏകദേശം 14 കിലോമീറ്റർ പോയാൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെത്താം.
ഫൊയ്നിക്യക്കാർ, ഗ്രീക്കുകാർ, കാർത്തജീനിയന്മാർ എന്നിങ്ങനെ പല ദേശക്കാരും യൂറോപ്പിന്റെ ഈ തെക്കുപടിഞ്ഞാറൻ ഭാഗത്തേക്കു കുടിയേറിയിട്ടുണ്ട്. ബി.സി. മൂന്നാം നൂറ്റാണ്ടിൽ റോമാക്കാർ ഈ പ്രദേശം പിടിച്ചടക്കിയപ്പോൾ ഹിസ്പാനിയ എന്ന പേരാണ് അതിനു നൽകിയത്. പിന്നീട് ഈ പ്രദേശം വിസിഗോത്തുകളും മൂറുകളും പിടിച്ചടക്കി. അവർ അവരുടെ സംസ്കാരം ആ ദേശത്തിന് ഒരു കൈമുതലായി നൽകി.
2015-ൽ ഏഴു ലക്ഷത്തോളം സന്ദർശകരാണ് ഇവിടെ എത്തിയത്. വെയിൽ കായാനും ബീച്ചുകളുടെ മനോഹാരിത ആസ്വദിക്കാനും കലാസാംസ്കാരിക സൃഷ്ടികൾ കാണാനും ചരിത്രത്തിന്റെ
ഏടുകളിലൂടെ സഞ്ചരിക്കാനും ഒക്കെയാണ് ആളുകൾ ഇവിടെ എത്തുന്നത്. സ്പാനിഷ് വിഭവങ്ങളും സഞ്ചാരികളെ മാടിവിളിക്കുന്നു. ഇവിടുത്തെ നാടൻ വിഭവങ്ങളാണ് ഉണക്കിയ പന്നിയിറച്ചി, പലതരം സൂപ്പുകൾ, സാലഡുകൾ, ഒലിവെണ്ണ ചേർത്ത പച്ചക്കറികൾ, മത്സ്യവിഭവങ്ങൾ എന്നിവ. സ്പാനിഷ് ഓംലെറ്റും പയെല്ലയും ടപാസും ഒക്കെ ലോകപ്രസിദ്ധമാണ്.ഇവിടുത്തെ നാട്ടുകാർ സൗഹൃദമനസ്കരും സംസാരപ്രിയരും ആണ്. മിക്കവരും കത്തോലിക്കാ മതവിശ്വാസികളാണെങ്കിലും കുറച്ച് പേരേ കുർബാന കൂടാറുള്ളൂ. ഈ അടുത്ത വർഷങ്ങളിൽ ആഫ്രിക്കയിൽനിന്നും ഏഷ്യയിൽനിന്നും ലാറ്റിൻ അമേരിക്കയിൽനിന്നും പലരും ഇവിടേക്കു കുടിയേറിയിരിക്കുന്നു. മതവിശ്വാസങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും കുറിച്ചൊക്കെ സംസാരിക്കാൻ ഇവിടുത്തുകാർക്ക് വലിയ ഇഷ്ടമാണ്. ഓരോ വിഷയങ്ങളെക്കുറിച്ചും ബൈബിൾ പഠിപ്പിക്കുന്നത് എന്താണെന്ന് അറിയാൻ യഹോവയുടെ സാക്ഷികൾ ഇവരെ സഹായിക്കുന്നു.
2015-ൽ 10,500-ലധികം സാക്ഷികൾ 70-ഓളം യോഗസ്ഥലങ്ങൾ (രാജ്യഹാളുകൾ എന്നു വിളിക്കുന്നു.) പണിയാനോ പുതുക്കിപ്പണിയാനോ വേണ്ടി സ്വമനസ്സാലെ മുന്നോട്ടുവന്നു. ചില നിർമാണപദ്ധതികൾക്ക് മുനിസിപ്പാലിറ്റി സ്ഥലം നൽകി. കുടിയേറിപ്പാർക്കുന്ന മറുനാട്ടുകാർക്കുവേണ്ടി യഹോവയുടെ സാക്ഷികൾ സ്പാനിഷ് ഭാഷ കൂടാതെ 30-ലധികം ഭാഷകളിൽ യോഗങ്ങൾ നടത്തുന്നു. 2016-ൽ യേശുവിന്റെ മരണത്തിന്റെ ഓർമ ആചരിക്കാനായി യഹോവയുടെ സാക്ഷികൾ നടത്തിയ ഒരു പ്രത്യേകയോഗത്തിൽ 1,86,000-ത്തിലധികം ആളുകൾ കൂടിവന്നു.