വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആരുടെ കരവിരുത്‌?

ഓട്ടറിന്റെ രോമക്കുപ്പായം

ഓട്ടറിന്റെ രോമക്കുപ്പായം

മരംകോച്ചുന്ന തണുപ്പുള്ള ജലാശയത്തിൽ കഴിയുന്ന മിക്ക ജീവികളുടെയും തൊലിയുടെ അടിയിലായി കൊഴുപ്പുകൊണ്ടുള്ള കട്ടിയായ ഒരു ആവരണമുണ്ട്‌. ശരീരത്തിന്റെ ചൂട്‌ നിലനിറുത്താനായി അത്‌ അവയെ സഹായിക്കുന്നു. എന്നാൽ സീ ഓട്ടർ കടലിലെ തണുപ്പിനെ പ്രതിരോധിക്കുന്നത്‌ വ്യത്യസ്‌തമായിട്ടാണ്‌. അതിന്റെ കട്ടിയുള്ള രോമക്കുപ്പായംകൊണ്ട്‌!

സവിശേഷത: മറ്റ്‌ ഏതൊരു സസ്‌തനിക്കുമുള്ളതിനെക്കാൾ കട്ടിയുള്ള രോമക്കുപ്പായമാണ്‌ സീ ഓട്ടറിനുള്ളത്‌. ഓരോ ചതുരശ്ര സെന്റിമീറ്ററിലും 1,55,000-ത്തോളം രോമങ്ങളാണ്‌ ഈ രോമക്കുട്ടനുള്ളത്‌. ഇവൻ നീന്തുമ്പോൾ അതിന്റെ ശരീരത്തോടു ചേർന്ന്‌ വായുവിന്റെ ഒരു പാളിക്ക്‌ ഈ കുപ്പായം രൂപം കൊടുക്കുന്നു. ഈ പാളി ഒരു ആവരണംപോലെ അതിനു ചൂടു നൽകുന്നു. അങ്ങനെ തണുത്ത വെള്ളം നേരിട്ട്‌ അതിന്റെ ദേഹത്ത്‌ തട്ടാതെ ശരീരം ചൂടാക്കിനിറുത്താൻ ഓട്ടറിനു കഴിയുന്നു.

സീ ഓട്ടറിന്റെ രോമക്കുപ്പായത്തിൽനിന്ന്‌ ഒരു കാര്യം പഠിക്കാനുണ്ടെന്നു ശാസ്‌ത്രജ്ഞർ വിശ്വസിക്കുന്നു. അതിന്റെ ചുവടു പിടിച്ച്‌ രോമത്തിന്റെ നീളവും അകലവും വ്യത്യാസപ്പെടുത്തിക്കൊണ്ട്‌ ഓട്ടറിന്റേതുപോലുള്ള രോമക്കുപ്പായം ഉണ്ടാക്കി അവർ പരീക്ഷണങ്ങൾ നടത്തി. ഗവേഷകർ ഒടുവിൽ ഇങ്ങനെ കണ്ടെത്തി: “രോമങ്ങൾ എത്രയുണ്ടോ, അതിന്‌ എത്ര നീളമുണ്ടോ അത്രത്തോളം നനവ്‌ തട്ടാത്തതായിരിക്കും രോമക്കുപ്പായം.” ചുരുക്കിപ്പറഞ്ഞാൽ, ഒട്ടും വെള്ളം കയറാത്ത രോമക്കുപ്പായം ഈ രോമക്കുട്ടന്മാരുടെ ഒരു സ്വകാര്യ അഹങ്കാരമാണ്‌!

പുതുമയേറിയ നീന്തൽക്കുപ്പായങ്ങളുടെ നിർമാണത്തിന്‌ ഈ പഠനങ്ങൾ ഒരു വഴിത്തിരിവാകുമെന്നു ഗവേഷകർ കരുതുന്നു. തണുത്ത ജലാശയങ്ങളിലേക്കു കുതിച്ചുചാടാൻ സീ ഓട്ടറിന്റേതുപോലുള്ള ജലപ്രതിരോധ രോമക്കുപ്പായം നമ്മൾ ഉപയോഗിക്കില്ലെന്ന്‌ ആര്‌ കണ്ടു!

നിങ്ങൾക്ക്‌ എന്തു തോന്നുന്നു? ശരീരത്തിന്റെ ചൂട്‌ ക്രമീകരിക്കാൻ സഹായിക്കുന്ന സീ ഓട്ടറിന്റെ രോമക്കുപ്പായം പരിണമിച്ച്‌ ഉണ്ടായതാണോ? അതോ ആരെങ്കിലും രൂപകല്‌പന ചെയ്‌തതാണോ?