കുടുംബങ്ങൾക്കുവേണ്ടി | മക്കളെ വളർത്തൽ
കൊച്ചുകൊച്ച് ജോലികൾ ചെയ്യിപ്പിക്കേണ്ടത് എന്തുകൊണ്ട് ?
ബുദ്ധിമുട്ട്
ചില കുടുംബങ്ങളിൽ വീടിനെ ചുറ്റിപ്പറ്റിയുള്ള കൊച്ചുകൊച്ച് ജോലികളൊക്കെ കുട്ടികൾ ചെയ്യാൻ മാതാപിതാക്കൾ പ്രതീക്ഷിക്കുന്നു. ആ കുട്ടികൾ യാതൊരു പരാതിയും കൂടാതെ അതു ചെയ്യുന്നു. മറ്റു ചില കുടുംബങ്ങളിലാകട്ടെ കുട്ടികളെക്കൊണ്ട് ഒരു പണിയുമെടുപ്പിക്കരുത് എന്നാണ് മാതാപിതാക്കളുടെ ചിന്ത. കുട്ടികൾക്കാകട്ടെ അതു ബഹുസന്തോഷവും!
ഈ പ്രവണത കൂടുതലായി കണ്ടുവരുന്നത് പാശ്ചാത്യദേശങ്ങളിലാണെന്ന് ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. അവിടത്തെ മിക്ക കുട്ടികൾക്കും കിട്ടണം എന്ന ചിന്തയേ ഉള്ളൂ, കൊടുക്കണം എന്ന ചിന്തയില്ല. സ്റ്റീവൻ എന്ന ഒരു പിതാവ് പറയുന്നു: “വീഡിയോ ഗെയിം കളിക്കാനും ഇന്‍റർനെറ്റിൽ പരതാനും ടിവി കാണാനും ഒക്കെയാണ് ഇന്ന് കുട്ടികളെ വിട്ടിരിക്കുന്നത്. അവരിൽനിന്ന് അതിൽ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല.”
നിങ്ങൾക്ക് എന്തു തോന്നുന്നു? കൊച്ചുകൊച്ച് ജോലികൾ കുട്ടികളെക്കൊണ്ട് ചെയ്യിക്കുന്നത് പ്രധാനമാണോ? വീടും ചുറ്റുപാടും വൃത്തിയായി കിടക്കാൻവേണ്ടി മാത്രമാണോ അത്? അതോ കുട്ടിയുടെ മാനസികവളർച്ചയിൽ അതിനൊരു പങ്കുണ്ടോ?
നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്
ചില മാതാപിതാക്കൾക്ക് കുട്ടികളെക്കൊണ്ട് വീട്ടുജോലികൾ ചെയ്യിപ്പിക്കാൻ മടിയാണ്. കാരണം സ്‌കൂൾ വിട്ട് വന്നാൽ കുട്ടികൾക്ക് ഒത്തിരി ഹോംവർക്കും മറ്റു കാര്യങ്ങളും ഒക്കെയുണ്ട്. എന്നിരുന്നാലും, അങ്ങനെ ചെയ്യിക്കുന്നതിന്‍റെ പ്രയോജനത്തെക്കുറിച്ച് ചിന്തിച്ചുനോക്കൂ.
കുട്ടികൾ പക്വതയുള്ളവരാകും. വീട്ടുജോലികൾ ചെയ്യുന്ന കുട്ടികൾ സ്‌കൂളിൽ മിടുക്കരായിരിക്കുന്നതിൽ ഒട്ടും അതിശയിക്കാനില്ല. ജോലി ചെയ്യുന്ന കുട്ടികൾക്ക് ആത്മവിശ്വാസവും അച്ചടക്കവും നല്ല വ്യക്തിത്വവും ഒക്കെ വളർത്തിയെടുക്കാനാകുന്നു. പഠിക്കുന്ന കുട്ടികൾക്ക് അവശ്യം വേണ്ട ഗുണങ്ങളാണ് ഇതൊക്കെ.
കുട്ടികൾ സഹായമനസ്‌കരാകും. ചില നിരീക്ഷകരുടെ അഭിപ്രായത്തിൽ ചെറുപ്പത്തിലേ വീട്ടിൽ ചെറിയചെറിയ ജോലികൾ ഒക്കെ ചെയ്യുന്ന കുട്ടികൾ വളർന്നുവരുമ്പോൾ സമൂഹത്തെ സേവിക്കാനായി മുഖ്യധാരയിലേക്ക് കടന്നുവരുന്നു. ഇതിൽ അത്ഭുതപ്പെടാനില്ല. കാരണം കുഞ്ഞുനാൾമുതൽ പണിയെടുക്കുമ്പോൾ സ്വന്തം ആവശ്യങ്ങളെക്കാൾ മറ്റുള്ളവരുടെ ആവശ്യങ്ങൾക്ക് മുൻഗണന കൊടുക്കാനുള്ള പരിശീലനമാണ് ഈ കുരുന്നുകൾക്കു ലഭിക്കുന്നത്. മറിച്ചാണെങ്കിൽ എന്തു സംഭവിക്കുമെന്ന് മുമ്പ് പറഞ്ഞ സ്റ്റീവൻ പറയുന്നു: “കുട്ടികളെക്കൊണ്ട് ഒന്നും ചെയ്യിപ്പിച്ചില്ലെങ്കിൽ, മറ്റുള്ളവർ തങ്ങൾക്കുവേണ്ടി എല്ലാം ചെയ്‌തുതരണമെന്നു കുട്ടികൾ ചിന്തിക്കും. ജീവിതത്തിൽ വളരെ പ്രധാനമായ ഉത്തരവാദിത്വബോധവും കഠിനാധ്വാനം ചെയ്യാനുള്ള മനസ്സും ഒന്നുമില്ലാതെ അവർ വളർന്നുവരും.”
കുടുംബത്തിലെ ഐക്യം ദൃഢമാകും. വീട്ടുകാരെ സഹായിക്കുന്ന കുട്ടികൾ തങ്ങൾക്കു കുടുംബത്തിൽ വലിയൊരു സ്ഥാനമുണ്ടെന്നു ചിന്തിക്കുക മാത്രമല്ല കുടുംബത്തിൽ ചില ഉത്തരവാദിത്വങ്ങളുണ്ടെന്നും തിരിച്ചറിയും. എന്നാൽ സ്‌കൂൾ വിട്ടുവന്ന് കഴിഞ്ഞുള്ള കാര്യങ്ങൾക്കാണ് മാതാപിതാക്കൾ ഇതിനെക്കാൾ പ്രാധാന്യം കൊടുക്കുന്നതെങ്കിൽ ഈ സുപ്രധാനപാഠം കുട്ടികൾ ഒരിക്കലും പഠിക്കാൻപോകുന്നില്ല. അതുകൊണ്ട് മാതാപിതാക്കളേ, ചിന്തിച്ചുനോക്കൂ: ‘ഫുട്‌ബോൾ ടീമിനൊപ്പമായിരിക്കുന്നതാണോ ഫാമിലി ടീമിനൊപ്പമായിരിക്കുന്നതാണോ എന്‍റെ കുട്ടിക്കു ഗുണം ചെയ്യുന്നത്?’
നിങ്ങൾക്കു ചെയ്യാനാകുന്നത്
ചെറുപ്പംമുതലേ തുടങ്ങുക. ചിലർ പറയുന്നതനുസരിച്ച്, കുട്ടികൾക്ക് മൂന്നു വയസ്സുള്ളപ്പോൾ ഓരോരോ ജോലികൾ കൊടുത്തുതുടങ്ങണം. രണ്ടു വയസ്സോ അതിൽ താഴെയോ ഉള്ളപ്പോൾ അങ്ങനെ ചെയ്യണമെന്നാണു മറ്റു ചിലരുടെ അഭിപ്രായം. ഇതു കാണിക്കുന്നത്, മാതാപിതാക്കളോടൊപ്പം ജോലി ചെയ്യാനും അവരെ അനുകരിക്കാനും കൊച്ചുകുട്ടികൾക്ക് ഇഷ്ടമാണെന്നാണ്.—ബൈബിൾതത്ത്വം: സുഭാഷിതങ്ങൾ 22:6.
പ്രായത്തിനനുസരിച്ച് ജോലി കൊടുക്കുക. ഉദാഹരണത്തിന്, മൂന്നു വയസ്സുള്ള ഒരു കൊച്ചിനെ കളിപ്പാട്ടങ്ങൾ അടുക്കിപ്പെറുക്കി വെക്കാനോ തുളുമ്പിവീഴുന്ന വെള്ളം തുടയ്‌ക്കാനോ തുണികൾ തരംതിരിക്കാനോ ഒക്കെ ഏൽപ്പിക്കാം. അതിലും മുതിർന്ന കുട്ടികൾക്ക് മുറി അടിച്ചുവാരാനോ കാർ കഴുകാനോ അല്ലെങ്കിൽ ഭക്ഷണം ഉണ്ടാക്കാനോ ഒക്കെ കഴിഞ്ഞേക്കും. നിങ്ങളുടെ കുട്ടികൾക്കുള്ള കഴിവുകൾ വികസിപ്പിക്കാൻ അവരെ സഹായിക്കുക. ഈ വീട്ടുജോലികളൊക്കെ അവർ എത്ര ഉത്സാഹത്തോടെയാണ് ചെയ്യുന്നതെന്നു കാണുമ്പോൾ നിങ്ങൾ അതിശയിച്ചുപോകും.
ജോലികൾക്ക് മുൻഗണന കൊടുക്കുക. ദിവസവും ഒരു കുന്ന് ഹോംവർക്കു ചെയ്യാനുള്ളപ്പോൾ വീട്ടുജോലികളുംകൂടെ ചെയ്യുന്നത് ബുദ്ധിമുട്ടായിരിക്കാം. എന്നാൽ സേവനത്തിന്‍റെ മൂല്യം (ഇംഗ്ലീഷ്) എന്ന പുസ്‌തകം പറയുന്നതനുസരിച്ച് ഉയർന്ന മാർക്ക് കിട്ടാൻവേണ്ടി കുട്ടികളെക്കൊണ്ട് പണിയെടുപ്പിക്കാതിരിക്കുന്നത് “മുൻഗണനകൾ പാളിപ്പോകുന്നതിന്‍റെ ലക്ഷണമാണ്.” മുമ്പ് പറഞ്ഞതുപോലെ വീട്ടിൽ കൊച്ചുകൊച്ച് ജോലികൾ ചെയ്യുന്നത് പഠനത്തിൽ മികവ് പുലർത്താൻ കുട്ടികളെ സഹായിക്കുന്നു. കുഞ്ഞിലേ പഠിക്കുന്ന ഈ പാഠങ്ങൾ ഭാവിയിൽ സ്വന്തം ഒരു കുടുംബമൊക്കെയാകുമ്പോൾ അവർക്കു വളരെ പ്രയോജനം ചെയ്യും.—ബൈബിൾതത്ത്വം: ഫിലിപ്പിയർ 1:10.
ലക്ഷ്യത്തെക്കുറിച്ച് ചിന്തിക്കുക. ഒരു ജോലി ചെയ്‌തുതീർക്കാൻ നിങ്ങൾ പ്രതീക്ഷിക്കുന്നതിലും അധികം സമയം കുട്ടി എടുത്തേക്കാം. അവർ അത്ര ഭംഗിയായിട്ടായിരിക്കില്ല അതു ചെയ്യുന്നത്. അങ്ങനെ വരുമ്പോൾ ഉടനെ നിങ്ങൾ ആ പണി ഏറ്റെടുക്കാൻ നിൽക്കരുത്. കുട്ടി മുതിർന്ന ഒരാളെപ്പോലെ പണിയെടുക്കണം എന്നതല്ല നിങ്ങളുടെ ലക്ഷ്യം. പകരം കുട്ടിയെ ഉത്തരവാദിത്വബോധമുള്ള ഒരാളാക്കാനും ജോലി ചെയ്യുമ്പോഴുള്ള സന്തോഷം അനുഭവിച്ചറിയാനും സഹായിക്കുക എന്നതായിരിക്കണം.—ബൈബിൾതത്ത്വം: സഭാപ്രസംഗകൻ 3:22.
പണമല്ല, ഗുണമാണ് പ്രതിഫലം. ചിലർ പറയുന്നത്, ചെയ്യുന്ന ജോലിക്ക് കാശ് കൊടുക്കുമ്പോൾ കുട്ടികൾ കൂടുതൽ ഉത്തരവാദിത്വബോധമുള്ളവരായിത്തീരും എന്നാണ്. അങ്ങനെ ചെയ്‌താൽ തങ്ങൾക്കു കിട്ടുന്ന പ്രതിഫലത്തിൽ മാത്രമായിരിക്കും കുട്ടികളുടെ ശ്രദ്ധ, അല്ലാതെ കുടുംബത്തിനുവേണ്ടി എന്തു ചെയ്യാം എന്നതിലായിരിക്കില്ല എന്നു മറ്റു ചിലർ അഭിപ്രായപ്പെടുന്നു. കൈയിൽ ആവശ്യത്തിന് പണം വരുമ്പോൾ ഇനി പണിയൊന്നും എടുക്കേണ്ടതില്ല എന്നൊരു ചിന്ത അവരിൽ വരും എന്നും അവർ മുന്നറിയിപ്പു നൽകുന്നു. വീട്ടുജോലികൾ നൽകുന്നതിന്‍റെ പ്രയോജനം അപ്പോൾ ലഭിക്കാതെപോകും. പാഠം എന്താണ്? കുട്ടിക്ക് നൽകുന്ന ജോലിയും അവന് കൊടുക്കുന്ന പണവും മറ്റു സമ്മാനങ്ങളും രണ്ടും രണ്ടാക്കി നിറുത്തണം. അതായത് നിങ്ങൾ കുട്ടിക്ക് പണം കൊടുക്കുന്നെങ്കിൽ അതു ജോലി ചെയ്യുന്നതിന്‍റെ കൂലിയായിട്ടായിരിക്കരുത്.