ബൈബിളിന്റെ വീക്ഷണം
ദൈവദൂതന്മാർ
സാഹിത്യകൃതികളിലും ശില്‌പകലകളിലും ചിത്രരചനകളിലും ചലച്ചിത്രങ്ങളിലും ഇടംപിടിച്ചവരാണ് ദൈവദൂതന്മാർ അഥവാ മാലാഖമാർ. എന്നാൽ ആരാണ് ഇവർ, ഇവരുടെ ധർമം എന്താണ്?
ആരാണ് ദൈവദൂതന്മാർ?
ബൈബിൾ പറയുന്നത്
ഈ പ്രപഞ്ചത്തെയും ആദ്യമനുഷ്യരെയും സൃഷ്ടിക്കുന്നതിനു നാളുകൾക്കു മുമ്പ് സർവശക്തനായ ദൈവം മനുഷ്യരെക്കാൾ ഉന്നതരായ, ബുദ്ധിശക്തിയുള്ള ആത്മവ്യക്തികളെ സൃഷ്ടിച്ചു. അവർ മനുഷ്യരെക്കാൾ വളരെ ശക്തരാണ്. ദൈവത്തിന്റെ വാസസ്ഥലത്തുതന്നെയാണ് അവരും വസിക്കുന്നത്. മനുഷ്യർക്ക് എത്തിപ്പെടാനോ കാണാനോ കഴിയാത്ത ഒരിടമാണ് അത്. (ഇയ്യോബ് 38:4, 6) ഉന്നതശ്രേണീയരായ ഇവരെ ‘ആത്മാക്കൾ’ എന്നും ‘ദൂതന്മാർ’ എന്നും ബൈബിളിൽ വിളിച്ചിട്ടുണ്ട്.—സങ്കീർത്തനം 104:4, അടിക്കുറിപ്പ്. a
എത്ര ദൈവദൂതന്മാരുണ്ട്? കണക്കിലധികം. ദൈവത്തിന്റെ സിംഹാസനത്തിനു ചുറ്റുമായി ‘പതിനായിരംപതിനായിരം’ ദൂതന്മാരുണ്ട്.(വെളിപാട് 5:11) ഈ കണക്ക് അക്ഷരീയമായി എടുത്താൽത്തന്നെ ദൂതന്മാരുടെ എണ്ണം പത്തു കോടി വരും!
“പിന്നെ ഞാൻ സിംഹാസനത്തിന്റെ . . . ചുറ്റും അനേകം ദൈവദൂതന്മാരെ കണ്ടു; . . . അവരുടെ എണ്ണം പതിനായിരംപതിനായിരവും ആയിരമായിരവും ആയിരുന്നു.”—വെളിപാട് 5:11.
പണ്ടുകാലങ്ങളിൽ ദൂതന്മാർ എന്തൊക്കെ ചെയ്‌തു?
ബൈബിൾ പറയുന്നത്
ദൂതന്മാർ പലപ്പോഴും ദൈവത്തിന്റെ വക്താക്കളായും സന്ദേശവാഹകരായും പ്രവർത്തിച്ചിട്ടുണ്ട്. b ദൈവം പറഞ്ഞിട്ട് അത്ഭുതകരമായ പല കാര്യങ്ങളും ഇവർ ചെയ്‌തിട്ടുള്ളതായി ബൈബിളിൽ പറഞ്ഞിരിക്കുന്നു. അബ്രാഹാമിനെ അനുഗ്രഹിക്കാനും മകനായ യിസ്‌ഹാക്കിനു ബലി അർപ്പിക്കുന്നതിൽനിന്ന് അബ്രാഹാമിനെ തടയാനും ദൈവം അയച്ചത് ഒരു ദൂതനെയാണ്. (ഉൽപത്തി 22:11-18) ജീവിതം മാറ്റിമറിക്കുന്ന ഒരു സന്ദേശം കത്തുന്ന മുൾച്ചെടിയുടെ ഇടയിൽനിന്ന് മോശയോടു പറഞ്ഞതും ഒരു ദൂതനാണ്. (പുറപ്പാട് 3:1, 2) ദാനിയേൽ പ്രവാചകനെ സിംഹക്കുഴിയിൽ എറിഞ്ഞപ്പോൾ “ദൈവം തന്റെ ദൂതനെ അയച്ച് സിംഹങ്ങളുടെ വായ് അടച്ചുകളഞ്ഞു.”—ദാനിയേൽ 6:22.
“യഹോവയുടെ ദൂതൻ ഒരു മുൾച്ചെടിയുടെ നടുവിൽ അഗ്നിജ്വാലയിൽ മോശയ്‌ക്കു പ്രത്യക്ഷനായി.”—പുറപ്പാട് 3:2.
ദൂതന്മാർ ഇപ്പോൾ എന്തൊക്കെ ചെയ്യുന്നു?
ബൈബിൾ പറയുന്നത്
ദൂതന്മാർ ഇന്ന് ചെയ്യുന്ന എല്ലാ കാര്യങ്ങളും നമുക്ക് അറിയില്ല. എന്നാലും, ആത്മാർഥഹൃദയരായ ആളുകളെ ദൈവത്തെക്കുറിച്ച് അറിയാൻ സഹായിക്കുന്നതിൽ അവർക്കൊരു പങ്കുണ്ടെന്നു ബൈബിൾ സൂചിപ്പിക്കുന്നു.—പ്രവൃത്തികൾ 8:26-35; 10:1-22; വെളിപാട് 14:6, 7.
ഗോത്രപിതാവായ യാക്കോബിന് ഒരു സ്വപ്‌നത്തിൽ, ദൈവദൂതന്മാർ സ്വർഗത്തിൽനിന്ന് ഭൂമിയിലേക്കും തിരിച്ചും ഒരു ‘ഗോവണിയിലൂടെ’ കയറുകയും ഇറങ്ങുകയും ചെയ്യുന്നതിന്റെ ദൃശ്യം യഹോവ കാണിച്ചുകൊടുത്തു. (ഉൽപത്തി 28:10-12) ആ സ്വപ്‌നം കണ്ടശേഷം യാക്കോബ് എത്തിയ നിഗമനത്തിൽ നമുക്കും എത്തിച്ചേരാം: ദൈവത്തിന്റെ സഹായം ആവശ്യമുള്ള വിശ്വസ്‌തരായ മനുഷ്യർക്കുവേണ്ടി പ്രവർത്തിക്കാൻ ദൈവമായ യഹോവ ദൂതന്മാരെ നിയോഗിച്ചിരിക്കുന്നു. ആ ഉദ്ദേശ്യത്തിൽ ദൈവം അവരെ ഭൂമിയിലേക്ക് അയയ്‌ക്കുന്നു.—ഉൽപത്തി 24:40; പുറപ്പാട് 14:19; സങ്കീർത്തനം 34:7.
“ഭൂമിയിൽനിന്ന് പണിതുയർത്തിയിരിക്കുന്ന ഒരു ഗോവണി! അതിന്റെ അറ്റം സ്വർഗത്തോളം എത്തിയിരുന്നു. അതിലൂടെ ദൈവദൂതന്മാർ കയറുകയും ഇറങ്ങുകയും ചെയ്യുന്നു!”—ഉൽപത്തി 28:12.
a ആത്മവ്യക്തികളിൽ ചിലർ ദൈവത്തിന്റെ അധികാരത്തോട് മത്സരിച്ചു. ആ ദുഷ്ടദൂതന്മാരെ “ഭൂതങ്ങൾ” എന്നാണ് ബൈബിൾ വിളിക്കുന്നത്.—ലൂക്കോസ് 10:17-20.
b ബൈബിളിൽ “ദൂതൻ” എന്ന് ഉപയോഗിച്ചിരിക്കുന്ന എബ്രായ, ഗ്രീക്ക് പദങ്ങളുടെ അക്ഷരാർഥം “സന്ദേശവാഹകൻ” എന്നുതന്നെ യാണ്.