സന്തോഷത്തിനുള്ള വഴി ഇതാ!
ഏതാണ് ആ വഴി?
നിങ്ങൾക്ക് എന്തു തോന്നുന്നു? നിങ്ങൾ സന്തുഷ്ടനായ ഒരു വ്യക്തിയാണോ? നിങ്ങൾക്കു സന്തോഷം നൽകുന്നത് എന്താണ്? നിങ്ങളുടെ കുടുംബം, ജോലി, മതവിശ്വാസം? അതോ സന്തോഷം ലഭിച്ചേക്കാവുന്ന ചില കാര്യങ്ങൾക്കുവേണ്ടി നിങ്ങൾ നോക്കിയിരിക്കുകയാണോ? ഉദാഹരണത്തിന്, സ്‌കൂൾ പഠനം പൂർത്തിയാക്കുന്നതോ ഒരു ജോലി കിട്ടുന്നതോ ഒരു പുതിയ കാർ വാങ്ങുന്നതോ പോലെ എന്തെങ്കിലും?
ആഗ്രഹിക്കുന്ന എന്തെങ്കിലും കിട്ടുമ്പോഴോ ഒരു ലക്ഷ്യത്തിൽ എത്തിച്ചേരുമ്പോഴോ പലർക്കും ഒരു പരിധിവരെ സന്തോഷം തോന്നുന്നു. എന്നാൽ ആ സന്തോഷത്തിന് എത്ര ആയുസ്സുണ്ട്? മിക്കപ്പോഴും അത് താത്കാലികമാണ്. അതുകൊണ്ട്, ആളുകൾക്ക് നിരാശ തോന്നുന്നു.
ശരീരത്തിനും മനസ്സിനും ഒക്കെ സുഖം തോന്നുന്ന ഒരു അവസ്ഥയെയാണ് സന്തോഷം എന്നു പറയുന്നത്, പെട്ടെന്ന് തീർന്നുപോകാത്ത ഒരു അവസ്ഥ. സംതൃപ്തി മുതൽ ജീവനോടിരിക്കുന്നതിലെ അളവറ്റ സന്തോഷം വരെ ഇതിൽ ഉൾപ്പെടുന്നു. അത് അങ്ങനെതന്നെ തുടരണമെന്ന ആഗ്രഹവും ഇതിന്റെ സവിശേഷതയാണ്.
എത്തിച്ചേരാൻ കഴിയുന്ന ഒരു ലക്ഷ്യമോ ലക്ഷ്യസ്ഥാനമോ ആയിട്ടല്ല സന്തോഷത്തെ കണക്കാക്കുന്നത്. പകരം, എന്നും തുടരുന്ന ഒരു യാത്രയോടാണ് സാധാരണ സന്തോഷത്തെ ഉപമിക്കാറ്. “എനിക്കു സന്തോഷം കിട്ടണമെങ്കിൽ ഇന്നത് കിട്ടണം അല്ലെങ്കിൽ ഇന്നത് ആകണം” എന്നൊക്കെ പറയുന്ന ഒരാൾ ഒരർഥത്തിൽ സന്തോഷത്തിൽനിന്ന് അകന്നുപോകുകയാണ്.
ദൃഷ്ടാന്തത്തിന്, സന്തോഷത്തെ ആരോഗ്യവുമായി താരതമ്യം ചെയ്യുക. നമുക്ക് എങ്ങനെ നല്ല ആരോഗ്യമുള്ളവരായിരിക്കാം? നല്ല ഭക്ഷണക്രമം, വ്യായാമം, നല്ല ജീവിതശൈലി ഇവയെല്ലാം അതിനു സഹായിക്കും. ഇതുപോലെ നല്ല തത്ത്വങ്ങൾ അനുസരിച്ച് ജീവിച്ചാൽ നമുക്ക് സന്തോഷമുള്ളവരായിരിക്കാൻ കഴിയും.
സന്തോഷത്തോടെ ജീവിക്കാനുള്ള വഴിയേ പോകണമെങ്കിൽ എന്തൊക്കെ ശ്രദ്ധിക്കണം, ഏതൊക്കെ ഗുണങ്ങൾ വേണം? അത്തരത്തിലുള്ള ചിലതാണ് പിൻവരുന്നവ. ഇവയിൽ ചിലത് വളരെ പ്രധാനപ്പെട്ടതാണ്.
-
തൃപ്തിയും ഉദാരതയും
-
ആരോഗ്യവും മനക്കരുത്തും
-
സ്‌നേഹം
-
ക്ഷമ
-
ജീവിതത്തിന്റെ ഉദ്ദേശ്യം
-
പ്രത്യാശ
ജ്ഞാനമൊഴികൾ അടങ്ങിയ വളരെ ആദരണീയമായ ഒരു പുസ്‌തകം പറയുന്നു: ‘കുറ്റമറ്റവരായി നടക്കുന്നവർ സന്തുഷ്ടർ.’ (സങ്കീർത്തനം 119:1) ഏതു വഴിയിലൂടെയാണ് നടക്കേണ്ടതെന്ന് നോക്കാം.