കുട്ടികൾക്ക്
11: കഠിനാധ്വാനം
അതിന്റെ അർഥം
കഠിനാധ്വാനികൾക്കു ജോലി ചെയ്യാൻ മടിയില്ല. സ്വന്തം ആവശ്യത്തിനും മറ്റുള്ളവരെ സഹായിക്കുന്നതിനും അവർ സന്തോഷത്തോടെ ജോലി ചെയ്യും; അതിപ്പോൾ മറ്റുള്ളവരുടെ കണ്ണിൽ അത്ര മതിപ്പില്ലാത്ത ജോലിയാണെങ്കിൽപ്പോലും.
അതിന്റെ പ്രാധാന്യം
ജീവിതം ഉത്തരവാദിത്വങ്ങൾ നിറഞ്ഞതാണ്. നമ്മൾ അംഗീകരിച്ചാലും ഇല്ലെങ്കിലും അതാണ് വസ്തുത. കഠിനാധ്വാനം ചെയ്യുക എന്നത് പലർക്കും അത്ര ഇഷ്ടമല്ലാത്ത ഈ ലോകത്ത്, നിങ്ങൾ കഠിനാധ്വാനിയാണെങ്കിൽ പല നേട്ടങ്ങളും കൈവരിക്കും.—സഭാപ്രസംഗകൻ 3:13.
“ഞാൻ മനസ്സിലാക്കിയ കാര്യം ഇതാണ്: നിങ്ങൾ ഒരു കഠിനാധ്വാനിയാണെങ്കിൽ ഉള്ളിൽ ഒരു അഭിമാനവും സംതൃപ്തിയും ഉണ്ടാകും. ചെയ്യുന്ന ജോലി ഇഷ്ടപ്പെടാൻ ആ സംതൃപ്തി എന്നെ സഹായിച്ചിട്ടുണ്ട്. ജോലിയോടു നിങ്ങൾക്ക് ആത്മാർഥതയുണ്ടെങ്കിൽ ഒരു സത്പേരും നേടിയെടുക്കാനാകും.”—റെയൻ.
ബൈബിൾതത്ത്വം: “കഠിനാധ്വാനം ചെയ്താൽ പ്രയോജനം ലഭിക്കും.”—സുഭാഷിതങ്ങൾ 14:23.
നിങ്ങൾക്ക് ചെയ്യാനാകുന്നത്
പിൻവരുന്ന കാര്യങ്ങൾ ചെയ്തുകൊണ്ട് ജോലിയോട് ഒരു നല്ല മനോഭാവം വളർത്തിയെടുക്കുക.
കാര്യങ്ങൾ നന്നായി ചെയ്യുന്നതിൽ സംതൃപ്തി കണ്ടെത്തുക. നിങ്ങൾ ചെയ്യുന്ന ജോലി ഏതായാലും, അതിപ്പോൾ വീട്ടുജോലിയോ ഹോംവർക്കോ ആയാൽപ്പോലും, അതിൽ നന്നായി മുഴുകുക. ഒരു കാര്യം നന്നായി ചെയ്യാൻ പഠിച്ചാൽ അതിൽ മെച്ചപ്പെടാനുള്ള വഴികൾ നോക്കുക, കുറച്ചുകൂടി വേഗത്തിൽ ചെയ്യാനോ വൈദഗ്ധ്യത്തോടെ ചെയ്യാനോ ഒക്കെ. നിങ്ങൾക്ക് എത്രത്തോളം വൈദഗ്ധ്യമുണ്ടോ അത്രത്തോളം നിങ്ങൾ ആ ജോലി ആസ്വദിക്കും.
ബൈബിൾതത്ത്വം: “വിദഗ്ധനായ ജോലിക്കാരനെ നീ കണ്ടിട്ടുണ്ടോ? അവൻ രാജാക്കന്മാരുടെ സന്നിധിയിൽ നിൽക്കും; സാധാരണക്കാരുടെ മുന്നിൽ അവനു നിൽക്കേണ്ടിവരില്ല.”—സുഭാഷിതങ്ങൾ 22:29.
മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കുക. നിങ്ങളുടെ ഉത്തരവാദിത്വം നിങ്ങൾ നന്നായി ചെയ്യുന്നെങ്കിൽ മിക്ക സാഹചര്യങ്ങളിലും അതു മറ്റുള്ളവർക്കു ഗുണം ചെയ്യും. ഉദാഹരണത്തിന്, വീട്ടിൽ നിങ്ങൾ ചെയ്യേണ്ട ജോലികൾ നന്നായി ചെയ്യുന്നെങ്കിൽ മറ്റു കുടുംബാംഗങ്ങളുടെ ജോലിഭാരം കുറയും.
ബൈബിൾതത്ത്വം: “വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലാണ്.”—പ്രവൃത്തികൾ 20:35.
കൂടുതൽ ചെയ്യുക. അത്യാവശ്യം ചെയ്യേണ്ടതു മാത്രം ചെയ്യുന്നതിനു പകരം, അധികം ചെയ്യുക. അപ്പോൾ നിങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കുന്നത് നിങ്ങൾതന്നെയായിരിക്കും. കാരണം, അങ്ങനെ കൂടുതൽ ചെയ്യുമ്പോൾ, നിങ്ങൾ ചെയ്യുന്നത് മനസ്സോടെയായിരിക്കും, മറ്റാരും നിർബന്ധിച്ചിട്ടായിരിക്കില്ല. —മത്തായി 5:41.
ബൈബിൾതത്ത്വം: “ചെയ്യുന്ന നന്മ നിർബന്ധംകൊണ്ടുള്ളതല്ല, സ്വമനസ്സാലെയുള്ളതായിരിക്കണമല്ലോ.”—ഫിലേമോൻ 14.
സമനിലയുള്ളവരായിരിക്കുക. കഠിനാധ്വാനികൾ മടിയന്മാരായിരിക്കില്ല, ‘ജോലി, ജോലി’ എന്ന ഒറ്റ ചിന്തയോടെ നടക്കുന്നവരുമായിരിക്കില്ല. കഠിനാധ്വാനം ചെയ്യുന്നതിലും വിശ്രമിക്കുന്നതിലും അവർ സന്തോഷം കണ്ടെത്തും. അവർ സമനിലയുള്ളവരായിരിക്കും.
ബൈബിൾതത്ത്വം: “ഇരുകൈ നിറയെ അധ്വാനത്തെക്കാളും കാറ്റിനെ പിടിക്കാനുള്ള ഓട്ടത്തെക്കാളും ഏറെ നല്ലത് ഒരുപിടി വിശ്രമമാണ്.”—സഭാപ്രസംഗകൻ 4:6.