കുട്ടികൾക്ക്
9: വ്യക്തിത്വം
അതിന്റെ അർഥം
നിങ്ങളുടെ വ്യക്തിത്വം നിങ്ങളുടെ പേരിലോ കാഴ്ചയ്ക്ക് നിങ്ങൾ എങ്ങനെയാണ് എന്നതിലോ ഒതുങ്ങിനിൽക്കുന്നില്ല. അതിൽ നിങ്ങളുടെ മൂല്യങ്ങളും വിശ്വാസങ്ങളും സ്വഭാവവും ഉൾപ്പെടുന്നു. ചുരുക്കിപ്പറഞ്ഞാൽ, അകമേയും പുറമേയും നിങ്ങൾ ശരിക്കും ആരാണോ അതാണ് നിങ്ങളുടെ വ്യക്തിത്വം.
അതിന്റെ പ്രാധാന്യം
ശക്തമായ ഒരു വ്യക്തിത്വമുണ്ടെങ്കിൽ നിങ്ങളെ നിയന്ത്രിക്കാൻ സമപ്രായക്കാരെ അനുവദിക്കുന്നതിനു പകരം നിങ്ങൾ നിങ്ങളുടെ വിശ്വാസത്തിനുവേണ്ടി നിലകൊള്ളും.
“മിക്ക ആളുകളും തുണിക്കടകളിൽ വെച്ചിരിക്കുന്ന പ്രതിമകളെപ്പോലെയാണ്. ധരിക്കുന്ന വസ്ത്രം തിരഞ്ഞെടുക്കുന്നത് അതല്ല, മറ്റുള്ളവരാണ്.”—അഡ്രിയാൻ.
“ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിലും ശരിയുടെ പക്ഷത്ത് നിൽക്കാൻ ഞാൻ പഠിച്ചിട്ടുണ്ട്. എന്റെ യഥാർഥകൂട്ടുകാർ ആരാണെന്ന്, അവർ എന്നോട് എങ്ങനെ പെരുമാറുന്നെന്നും ഞാൻ അവരോട് എങ്ങനെ പെരുമാറുന്നെന്നും നോക്കി പറയാൻ പറ്റും.”—കോട്ട്നി.
ബൈബിൾതത്ത്വം: “ഈ വ്യവസ്ഥിതി നിങ്ങളെ അതിന്റെ അച്ചിൽ വാർത്തെടുക്കാൻ ഇനി സമ്മതിക്കരുത്. പകരം, മനസ്സു പുതുക്കി രൂപാന്തരപ്പെടുക.”—റോമർ 12:2.
നിങ്ങൾക്ക് ചെയ്യാനാകുന്നത്
നിങ്ങളുടെ കഴിവുകളും കുറവുകളും വിശ്വാസങ്ങളും വീക്ഷണങ്ങളും പരിശോധിച്ച് നിങ്ങൾ ഇപ്പോൾ ആരാണെന്നും, ഇനി ആരായിത്തീരാൻ ആഗ്രഹിക്കുന്നെന്നും കണ്ടുപിടിക്കുക. അതിനുള്ള എളുപ്പവഴി പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതാണ്.
കഴിവുകൾ: എനിക്ക് എന്തൊക്കെ പ്രാപ്തികളും വൈദഗ്ധ്യങ്ങളും ഉണ്ട്? എനിക്കുള്ള നല്ല ഗുണങ്ങൾ എന്തൊക്കെയാണ്? (ഉദാഹരണം: എനിക്ക് കൃത്യനിഷ്ഠയുണ്ടോ, ആത്മനിയന്ത്രണമുണ്ടോ? ഞാൻ കഠിനാധ്വാനിയാണോ, ഔദാര്യം കാണിക്കാറുണ്ടോ?) എന്തൊക്കെ നല്ല കാര്യങ്ങളാണ് ഞാൻ ചെയ്യുന്നത്?
നുറുങ്ങ്: നിങ്ങളുടെ നല്ല വശങ്ങൾ കണ്ടുപിടിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ട് തോന്നുന്നുണ്ടോ? ഉണ്ടെങ്കിൽ മാതാപിതാക്കളോടോ ഉറ്റസുഹൃത്തിനോടോ അവർ നിങ്ങളിൽ കണ്ട കഴിവുകൾ എന്തൊക്കെയാണെന്നും അവർ അങ്ങനെ പറയാൻ കാരണം എന്താണെന്നും ചോദിക്കുക.
ബൈബിൾതത്ത്വം: “ഓരോരുത്തരും സ്വന്തം പ്രവൃത്തി വിലയിരുത്തട്ടെ. അപ്പോൾ, തന്നെ മറ്റാരുമായും താരതമ്യപ്പെടുത്താതെ തന്നിൽത്തന്നെ അഭിമാനിക്കാൻ അയാൾക്കു വകയുണ്ടാകും.”—ഗലാത്യർ 6:4.
കുറവുകൾ: എന്റെ വ്യക്തിത്വത്തിന്റെ ഏതൊക്കെ വശങ്ങളിൽ ഞാൻ മെച്ചപ്പെടണം? എപ്പോഴാണ് എനിക്കു തെറ്റായ കാര്യം ചെയ്യാൻ കൂടുതൽ പ്രലോഭനം തോന്നുന്നത്? ഏത് കാര്യത്തിലാണ് ഞാൻ കൂടുതൽ ആത്മനിയന്ത്രണം പാലിക്കേണ്ടത്?
ബൈബിൾതത്ത്വം: ‘“നമുക്കു പാപമില്ല” എന്നു പറയുന്നെങ്കിൽ നമ്മൾ സ്വയം വഞ്ചിക്കുകയാണ്; സത്യം നമ്മളിലില്ല.’—1 യോഹന്നാൻ 1:8.
വിശ്വാസങ്ങളും വീക്ഷണങ്ങളും: ഞാൻ എന്ത് ധാർമികനിലവാരങ്ങളാണ് പിൻപറ്റുന്നത്? എന്തുകൊണ്ട്? ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോ? ദൈവം ഉണ്ടെന്ന് വിശ്വസിക്കാൻ എന്ത് തെളിവാണ് എനിക്കുള്ളത്? അനീതിയായി ഞാൻ വീക്ഷിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണ്? എന്തുകൊണ്ട്? ഭാവിയിൽ എന്തു സംഭവിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്?
ബൈബിൾതത്ത്വം: “ചിന്താശേഷി നിന്നെ സംരക്ഷിക്കുകയും വകതിരിവ് നിന്നെ കാക്കുകയും ചെയ്യും.”—സുഭാഷിതങ്ങൾ 2:11.