ബുദ്ധിമുട്ട്
പ്രശ്നത്തിന്റെ മൂലകാരണം
നമ്മുടെ സമാധാനവും സുരക്ഷിതത്വവും കവർന്നെടുക്കുന്ന, നമ്മുടെ ഭാവിക്കു ഭീഷണി ഉയർത്തുന്ന പ്രശ്നങ്ങൾ മനുഷ്യർക്കു പരിഹരിക്കാൻ കഴിയുമെന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? ഏതൊരു ചികിത്സയും ഫലപ്രദമാകണമെങ്കിൽ രോഗത്തിന്റെ മൂലകാരണത്തിൽനിന്ന് തുടങ്ങണം, അല്ലാതെ ലക്ഷണങ്ങളിൽനിന്നല്ല.
ഇതിന് ഉദാഹരണമാണ് ടോം. അസുഖം വന്ന് അദ്ദേഹം മരിച്ചു. മരിക്കാനുണ്ടായ കാര്യം? “രോഗലക്ഷണം കണ്ടെങ്കിലും രോഗത്തിന്റെ മൂലകാരണം എന്താണെന്ന് കണ്ടുപിടിച്ച് ചികിത്സിക്കാനുള്ള ചിന്ത ആർക്കും പോയില്ല” എന്ന് അദ്ദേഹത്തെ അവസാനം ചികിത്സിച്ച ഡോക്ടർ എഴുതി. ടോമിനെ ആദ്യം പരിചരിച്ചവർ അദ്ദേഹത്തിനു പെട്ടെന്ന് ആശ്വാസം കിട്ടാനുള്ള കാര്യങ്ങൾ മാത്രമേ ചെയ്തുള്ളൂ എന്നു തോന്നുന്നു.
ഇതുപോലെയല്ലേ ഇന്നു ലോകത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ നോക്കുന്നത്? ഉദാഹരണത്തിന്, കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ സർക്കാർ നിയമങ്ങൾ പുറത്തിറക്കുന്നു, നിരീക്ഷണക്യാമറകൾ സ്ഥാപിക്കുന്നു, പോലീസ് കാവൽ ശക്തമാക്കുന്നു. ഇതൊക്കെ ഒരു പരിധിവരെ ഗുണം ചെയ്യുമെങ്കിലും പ്രശ്നത്തിന്റെ മൂലകാരണങ്ങളിലേക്ക് ആരും ഇറങ്ങിച്ചെല്ലുന്നില്ല. കുറ്റകൃത്യമില്ലാതാക്കാൻ ശരിക്കും ആളുകളുടെ മനോഭാവങ്ങൾക്കും വിശ്വാസങ്ങൾക്കും ആഗ്രഹങ്ങൾക്കും അല്ലേ മാറ്റം വരുത്തേണ്ടത്?
ദാരിദ്ര്യത്തിലേക്കു നടന്നുനീങ്ങുന്ന, ഒരു തെക്കേ അമേരിക്കൻ രാജ്യത്തു താമസിക്കുന്ന ഡാനിയേൽ പറയുന്നു: “പണ്ടൊക്കെ ഞങ്ങളുടെ ജീവിതം നല്ലതായിരുന്നു. ഞങ്ങൾക്കു കൊള്ളക്കാരെക്കുറിച്ച് പേടിയേ ഇല്ലായിരുന്നു. എന്നാൽ ഇപ്പോൾ സമാധാനമുള്ള ഒരു പട്ടണമോ ഗ്രാമമോ ഇവിടെയില്ല. തകർന്നുകൊണ്ടിരിക്കുന്ന സാമ്പത്തികവ്യവസ്ഥ ആളുകളുടെ തനിസ്വാഭാവം പുറത്തുകൊണ്ടുവരുന്നു. ആളുകൾ അത്യാഗ്രഹികളും മറ്റുള്ളവരുടെ ജീവനും സ്വത്തിനും ഒരു വിലയും കല്പിക്കാത്തവരും ആയിരിക്കുന്നു.”
മധ്യപൂർവ ദേശങ്ങളിലുണ്ടായ ഒരു കലാപത്തിൽനിന്ന് രക്ഷപ്പെട്ട് വന്ന ഒരാൾ പിന്നീട് ബൈബിൾ പഠിച്ചു. അദ്ദേഹം പറയുന്നു: “കുടുംബാംഗങ്ങളും രാഷ്ട്രീയ-മത വ്യവസ്ഥയും എന്റെ നാട്ടിലെ പല ചെറുപ്പക്കാരെയും യുദ്ധത്തിൽ ഏർപ്പെട്ടുകൊണ്ട് നായകന്മാരായിത്തീരാൻ പ്രോത്സാഹിപ്പിച്ചിരുന്നു. ഇതുതന്നെയാണ് എതിർപക്ഷത്തുള്ളവരും ചെയ്തിരുന്നത്! മനുഷ്യഭരണാധികാരികളിൽ വിശ്വാസമർപ്പിക്കുന്നത് എത്ര പരിതാപകരമാണെന്ന് ഇതിൽനിന്ന് എനിക്കു മനസ്സിലായി.”
ഒരു പുരാതനഗ്രന്ഥം ഇങ്ങനെ പറയുന്നു:
-
“മനുഷ്യന്റെ ഹൃദയത്തിന്റെ ചായ്വ് ബാല്യംമുതൽ ദോഷത്തിലേക്കാണ്.”—ഉൽപത്തി 8:21.
-
“ഹൃദയം മറ്റ് എന്തിനെക്കാളും വഞ്ചകവും സാഹസത്തിനു തുനിയുന്നതും ആണ്; അതിനെ ആർക്കു മനസ്സിലാക്കാനാകും?”—യിരെമ്യ 17:9.
-
“ദുഷ്ടചിന്തകൾ, കൊലപാതകം, . . . ലൈംഗിക അധാർമികത, മോഷണം, കള്ളസാക്ഷ്യം . . . എന്നിവയെല്ലാം ഹൃദയത്തിൽനിന്നാണു വരുന്നത്.”—മത്തായി 15:19.
നമ്മുടെ ഉള്ളിൽ ഒളിഞ്ഞുകിടക്കുന്ന ദോഷകരമായ ചായ്വുകൾ നേരെയാക്കാൻ മനുഷ്യർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. സത്യം പറഞ്ഞാൽ അതു കൂടുതൽക്കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്. ഇതാണു മുൻലേഖനത്തിൽ പറഞ്ഞിരിക്കുന്നതുപോലുള്ള പ്രശ്നങ്ങൾക്കു കാരണം. (2 തിമൊഥെയൊസ് 3:1-5) എങ്ങും വിവരങ്ങളുടെ ഒരു പ്രളയംതന്നെയാണ്. ആശയവിനിമയരംഗത്തു വന്ന പുരോഗതിയെക്കുറിച്ച് പറയുകയും വേണ്ടാ. എന്നിട്ടും ഇതൊക്കെയാണു സംഭവിക്കുന്നത്. എന്തുകൊണ്ടാണ് ലോകത്തു സമാധാനവും സുരക്ഷിതത്വവും കൊണ്ടുവരാൻ കഴിയാത്തത്? മനുഷ്യർക്ക് അതിനു പറ്റില്ലെന്നാണോ? അത് ഒരിക്കലും നടക്കാത്ത കാര്യമാണോ?
ഒരിക്കലും നടക്കാത്ത കാര്യമാണോ?
ഒരു അത്ഭുതത്തിലൂടെ മനുഷ്യരുടെ ദോഷകരമായ ചായ്വുകൾ നമുക്കു മാറ്റാൻ കഴിഞ്ഞാലും ലോകത്തു സുരക്ഷിതത്വം കൊണ്ടുവരാൻ നമുക്കു കഴിയില്ല. കാരണം നമുക്കു പരിമിതികളുണ്ട്.
മനുഷ്യനെ സൃഷ്ടിച്ചത് ബഹിരാകാശത്തോ വെള്ളത്തിനടിയിലോ ജീവിക്കാനല്ല. ഇതുപോലെ സ്വയം ഭരിക്കാനുള്ള യിരെമ്യ 10:23
കഴിവോടെയുമല്ല മനുഷ്യനെ സൃഷ്ടിച്ചത്. അപ്പോൾപ്പിന്നെ മറ്റുള്ളവരെ എങ്ങനെ ഭരിക്കാൻ കഴിയും? ബൈബിൾ പറയുന്ന ലളിതമായ സത്യം ഇതാണ്: മനുഷ്യനു “സ്വന്തം കാലടികളുടെ നിയന്ത്രണംപോലും” ഇല്ല.—മറ്റുള്ളവർ പറയുന്നതു കേട്ട് എല്ലാ കാര്യങ്ങളും ചെയ്യാൻ നിങ്ങൾ ഇഷ്ടപ്പെടുമോ? മറ്റുള്ളവർ പറയുന്നതിന്റെ അടിസ്ഥാനത്തിൽ ശരിതെറ്റുകൾ എന്താണെന്നു തീരുമാനിക്കാൻ എത്ര പേർ ഇഷ്ടപ്പെടും? ഗർഭച്ഛിദ്രത്തെ എങ്ങനെ വീക്ഷിക്കണം, കുട്ടികൾക്ക് എങ്ങനെ ശിക്ഷണം കൊടുക്കണം തുടങ്ങിയ കാര്യങ്ങളിൽ മറ്റുള്ളവർ കൈകടത്താൻ ആളുകൾ ആഗ്രഹിക്കുമോ? ആളുകളെ ഭിന്നിപ്പിക്കുന്ന ചില കാര്യങ്ങൾ മാത്രമാണ് ഇതൊക്കെ. അംഗീകരിക്കാൻ ബുദ്ധിമുട്ടാണെങ്കിലും ബൈബിൾ പറയുന്നതാണു ശരി: സഹമനുഷ്യരെ ഭരിക്കാനുള്ള കഴിവോ അവകാശമോ മനുഷ്യർക്കില്ല. അപ്പോൾപ്പിന്നെ സഹായത്തിനായി നമുക്ക് എങ്ങോട്ട് നോക്കാൻ കഴിയും?
അതിനുള്ള ഉത്തരം, നമ്മളെ സൃഷ്ടിച്ച ദൈവത്തിലേക്കു തിരിയുക എന്നതാണ്. ചിലർ ചിന്തിക്കുന്നതുപോലെ ദൈവം നമ്മളെ മറന്നുകളഞ്ഞിട്ടൊന്നുമില്ല. ദൈവത്തിനു നമ്മളോടുള്ള താത്പര്യം ബൈബിളിലെ ജ്ഞാനമൊഴികളിൽ കാണാം. ഈ അതുല്യഗ്രന്ഥത്തിലുള്ള കാര്യങ്ങൾ മനസ്സിലാക്കുമ്പോൾ നമ്മൾ നമ്മളെത്തന്നെ കൂടുതലായി മനസ്സിലാക്കും. മാനവകുടുംബത്തിന്റെ അവസ്ഥ ഇത്ര പരിതാപകരമായത് എങ്ങനെയെന്നും നമുക്കു മനസ്സിലാക്കാൻ കഴിയും. “മനുഷ്യരും ഗവൺമെന്റുകളും ചരിത്രത്തിൽനിന്ന് ഒന്നും പഠിച്ചിട്ടില്ല. അല്ലെങ്കിൽ പഠിച്ചതിനു ചേർച്ചയിൽ അവർ ജീവിക്കുന്നില്ല” എന്ന് ഒരു ജർമൻ തത്ത്വചിന്തകൻ എഴുതിയത് എന്തുകൊണ്ടാണെന്നു നമുക്കു മനസ്സിലാക്കാവുന്നതേ ഉള്ളൂ.
ബൈബിളിലെ ജ്ഞാനം നമ്മളെ സംരക്ഷിക്കുന്നു!
ജ്ഞാനിയായ ഒരാൾ ഒരിക്കൽ ഇങ്ങനെ പറഞ്ഞു: “ജ്ഞാനം അതിന്റെ മക്കളാൽ (അഥവാ ഫലങ്ങളാൽ) നീതിയുള്ളതെന്നു തെളിയും.” (ലൂക്കോസ് 7:35) അത്തരം ജ്ഞാനത്തിന് ഒരു ഉദാഹരണം യശയ്യ 2:22-ൽ കാണാം. അവിടെ ഇങ്ങനെ പറയുന്നു: “നിനക്കു നന്മ വരേണ്ടതിനു മനുഷ്യനിൽ ആശ്രയിക്കുന്നതു നിറുത്തുക.” ഈ നല്ല ഉപദേശം ഒരിക്കലും നടക്കാത്ത കാര്യങ്ങളിൽ പ്രതീക്ഷ വെക്കാതിരിക്കാൻ നമ്മളെ സഹായിക്കും. അക്രമം നിറഞ്ഞ വടക്കേ അമേരിക്കയിൽ താമസിക്കുന്ന കെന്നത്ത് ഇങ്ങനെ പറയുന്നു: “ഓരോ രാഷ്ട്രീയക്കാരും കാര്യങ്ങൾ ശരിയാക്കാം എന്നു പറയുമെങ്കിലും അവർക്ക് അതൊന്നും ശരിയാക്കാൻ കഴിയുന്നില്ല. അവരുടെ പരാജയങ്ങൾ ഓരോന്നും ബൈബിളിൽ പറയുന്ന കാര്യം സത്യമാണെന്നും ജ്ഞാനമാണെന്നും തെളിയിക്കുന്നു.”
മുമ്പു പറഞ്ഞ ഡാനിയേൽ ഇങ്ങനെ എഴുതി: “മനുഷ്യർക്കു നന്നായി ഭരിക്കാൻ കഴിയില്ലെന്ന കാര്യം ദിവസവും എനിക്കു ബോധ്യമാകുന്നു. . . . ബാങ്കിൽ ഒരുപാടു പണമുള്ളതുകൊണ്ടോ നല്ല പെൻഷൻ സ്കീം ഉള്ളതുകൊണ്ടോ ഭാവി സുരക്ഷിതമാകുന്നില്ല. ഇതൊക്കെയുണ്ടായിട്ടും ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകളെ ഞാൻ കണ്ടിട്ടുണ്ട്.”
ബൈബിൾ, നടക്കാത്ത കാര്യങ്ങളിൽ പ്രതീക്ഷ വെക്കാതിരിക്കാൻ സഹായിക്കുക മാത്രമല്ല ചെയ്യുന്നത്, നമ്മൾ കാണാൻ പോകുന്നതുപോലെ ഒരു പ്രത്യാശയും അതു നൽകുന്നു.