പ്രശ്നം
നമ്മുടെ സുരക്ഷയ്ക്കുള്ള ഭീഷണികൾ
“ഈ തലമുറ മുമ്പെങ്ങുമില്ലാത്ത വിധത്തിൽ സാങ്കേതിക-ശാസ്ത്രീയ-സാമ്പത്തിക മേഖലകളിൽ പുരോഗതി കൈവരിച്ചിട്ടുണ്ട്. . . . എന്നാൽ ഇന്നത്തെ ലോകത്തെ (രാഷ്ട്രീയ-സാമ്പത്തിക-പാരിസ്ഥിതിക) തകർച്ചയുടെ വക്കിലേക്കു കൊണ്ടുപോകുന്ന ആദ്യതലമുറയും ഇതായിരിക്കാം.”—2018-ലെ ആഗോള അപകടസാധ്യതാ റിപ്പോർട്ട്, ലോക സാമ്പത്തിക ഫോറം.
നമ്മുടെയും ഭൂമിയുടെയും ഭാവിയെക്കുറിച്ച് ഓർത്ത് എന്തുകൊണ്ടാണ് അറിവുള്ള പലരും ആശങ്കപ്പെടുന്നത്? നമ്മൾ നേരിടുന്ന ചില പ്രശ്നങ്ങൾ ഇപ്പോൾ പരിശോധിക്കാം.
-
സൈബർ കുറ്റകൃത്യം: “വളരെ അപകടം പതിയിരിക്കുന്ന ഒരു മേഖലയായിത്തീർന്നിരിക്കുകയാണ് ഇന്റർനെറ്റ്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നവരുടെയും സൈബർ ഗുണ്ടകളുടെയും പ്രകോപിപ്പിക്കുന്ന വിധത്തിൽ പോസ്റ്റ് ഇടുന്നവരുടെയും വിവരങ്ങൾ ചോർത്തുന്നവരുടെയും ഒളിത്താവളമായി മാറിയിരിക്കുകയാണ് ഇന്റർനെറ്റ്” എന്ന് ദി ഓസ്ട്രേലിയൻ എന്ന പത്രം പറയുന്നു. “വ്യക്തിത്വമോഷണമാണ് ഇന്നു ലോകത്ത് വളരെ വ്യാപകമായിക്കൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങളിൽ ഒന്ന്. . . . മനുഷ്യരുടെ ഏറ്റവും നികൃഷ്ടമായ സ്വഭാവരീതി—ദുഷ്ടതയും ക്രൂരതയും—കാണിക്കാനുള്ള ഒരു വേദിയായി മാറിയിരിക്കുകയാണ് ഇന്റർനെറ്റ്.”
-
സാമ്പത്തിക അസമത്വം: ഓക്സ്ഫോം ഇന്റർനാഷണൽ സംഘടന ഇയ്യടുത്ത് റിപ്പോർട്ട് ചെയ്തതനുസരിച്ച്, ലോകത്തെ ദരിദ്രരായ പകുതിപ്പേരുടെ മുഴുവൻ ആസ്തിക്കു തുല്യമായ ആസ്തി എട്ടു ധനികരുടെ പക്കലുണ്ട്. ഓക്സ്ഫോം പറയുന്നു: “നമ്മുടെ താറുമാറായ സാമ്പത്തികവ്യവസ്ഥ പാവപ്പെട്ടവരെ പിഴിഞ്ഞ് ധനികരെ സമ്പന്നരാക്കുന്നു. ഇതിന് ഇരയാകുന്നത് കൂടുതലും സ്ത്രീകളാണ്.” ഈ അസമത്വം സമൂഹത്തിൽ പ്രശ്നങ്ങൾക്കു തിരികൊളുത്തുമോ എന്നു ചിലർ ഭയക്കുന്നു.
-
സംഘർഷവും അക്രമവും: ഐക്യരാഷ്ട്രസഭയുടെ അഭയാർഥി ഏജൻസിയുടെ 2018-ലെ റിപ്പോർട്ട് ഇങ്ങനെ പറയുന്നു: “രേഖകളനുസരിച്ച് നമ്മൾ ഇന്നു വലിയ കുടിയൊഴിപ്പിക്കലുകൾക്കു സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്.” സംഘർഷവും അക്രമവും കൊണ്ടുമാത്രം 6 കോടി 80 ലക്ഷത്തിലധികം ആളുകൾക്കു വീടു വിട്ട് പോകേണ്ടിവന്നു. റിപ്പോർട്ടു പറയുന്നതനുസരിച്ച് “ഓരോ രണ്ടു സെക്കന്റിലും ഏകദേശം ഒരാൾ വീതം കുടിയൊഴിപ്പിക്കപ്പെടുന്നു.”
-
പരിസ്ഥിതിക്കു ഭീഷണി: “ജൈവവൈവിധ്യം വൻതോതിൽ നശിച്ചുകൊണ്ടിരിക്കുന്നു” എന്നു 2018-ലെ ആഗോള അപകടസാധ്യതാ റിപ്പോർട്ട് പറയുന്നു. “മനുഷ്യന്റെ ആരോഗ്യത്തിനു വലിയ അളവിലുള്ള ഭീഷണി ഉയർത്തിക്കൊണ്ട് കടലും വായുവും മലിനീകരിക്കപ്പെട്ടിരിക്കുന്നു” എന്നും അതു കൂട്ടിച്ചേർക്കുന്നു. ചില സ്ഥലങ്ങളിൽ പ്രാണികളുടെ എണ്ണത്തിൽ കുത്തനെയുള്ള കുറവ് കാണാൻ കഴിയും. പരാഗണം നടത്തുന്നതു പ്രാണികളായതുകൊണ്ട് ഈ കുറവ് ഒരു “പാരിസ്ഥിതിക അർമഗെദോനു” വഴിവെച്ചേക്കാമെന്നു ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. പവിഴപ്പുറ്റുകളും വൻ ഭീഷണി നേരിടുകയാണ്. ലോകത്തിലെ പകുതി പവിഴപ്പുറ്റുകളും കഴിഞ്ഞ 30 വർഷത്തിനുള്ളിൽ നശിച്ചിട്ടുണ്ടെന്ന് ശാസ്ത്രജ്ഞർ കണക്കാക്കുന്നു.
കൂടുതൽ സുരക്ഷിതമായ ഒരു ലോകം വാർത്തെടുക്കാൻ നമ്മളെക്കൊണ്ടു കഴിയുമോ? വിദ്യാഭ്യാസംകൊണ്ട് കുറച്ചൊക്കെ കഴിയുമെന്നു ചിലർ കരുതുന്നു. അങ്ങനെയാണെങ്കിൽ ഏതുതരത്തിലുള്ള വിദ്യാഭ്യാസംകൊണ്ട്? പിൻവരുന്ന ലേഖനങ്ങളിൽ ഈ ചോദ്യങ്ങൾ പരിശോധിക്കും.