മറ്റുള്ളവരുമായി സമാധാനത്തിലായിരിക്കാൻ. . .
വീട്ടിലും കൂട്ടുകാർക്കിടയിലും ജോലിസ്ഥലത്തും എല്ലാവരുമായി ഒത്തുപോകാൻ നമ്മളെല്ലാം ആഗ്രഹിക്കുന്നു. എന്നാൽ അതിന് എങ്ങനെ കഴിയും? നമ്മുടെ സ്രഷ്ടാവ് അതു പറഞ്ഞുതരുന്നുണ്ട്. ആ നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിച്ചത് പലർക്കും പ്രയോജനം ചെയ്തു. അങ്ങനെയുള്ള ചില നിർദേശങ്ങൾ നോക്കാം.
ക്ഷമിക്കുന്നവരായിരിക്കുക
‘ഒരാൾക്കു മറ്റൊരാൾക്കെതിരെ എന്തെങ്കിലും പരാതിക്കു കാരണമുണ്ടായാൽത്തന്നെ ഉദാരമായി ക്ഷമിക്കുക.’—കൊലോസ്യർ 3:13.
നമുക്കെല്ലാം തെറ്റുകൾ പറ്റാറുണ്ട്. ഒന്നുകിൽ നമ്മൾ കാരണം മറ്റുള്ളവർ വിഷമിക്കും. അല്ലെങ്കിൽ അവർ നമ്മളെ വിഷമിപ്പിക്കും. മറ്റുള്ളവർ നമ്മളോടു ക്ഷമിക്കാൻ നമ്മൾ ആഗ്രഹിക്കാറുണ്ട്. അതുപോലെ നമ്മൾ മറ്റുള്ളവരോടും ക്ഷമിക്കണം. നമ്മളെ വേദനിപ്പിച്ച ഒരാളോട് നമ്മൾ ക്ഷമിച്ചുകഴിഞ്ഞാൽ അതിന്റെ പേരിലുള്ള ദേഷ്യം പിന്നെ നമ്മൾ വെച്ചുകൊണ്ടിരിക്കരുത്. നമ്മളോടു ചെയ്ത തെറ്റിനെക്കുറിച്ച് വീണ്ടുംവീണ്ടും പറഞ്ഞ് ആ വ്യക്തിയെ കുത്തിനോവിപ്പിക്കുകയും അരുത്. ‘തിന്മയ്ക്കു പകരം നമ്മൾ തിന്മ ചെയ്യില്ല.’ (റോമർ 12:17) എന്നാൽ ഒരു വ്യക്തി നമ്മളോടു ചെയ്ത തെറ്റ് നമ്മളെ അത്രയ്ക്കു വേദനിപ്പിച്ചെങ്കിലോ? അതു നമുക്കു വിട്ടുകളയാൻ പറ്റുന്നില്ലെങ്കിലോ? എങ്കിൽ ആ വിഷയത്തെക്കുറിച്ച് മറ്റാരും ഇല്ലാത്തപ്പോൾ അദ്ദേഹത്തോട് ആദരവോടെ സംസാരിക്കുക. അതിന്റെ ലക്ഷ്യം നമുക്കിടയിൽ സമാധാനം ഉണ്ടാക്കാനാണ്, തർക്കിച്ച് ജയിക്കാനല്ല.—റോമർ 12:18.
താഴ്മയും ആദരവും ഉള്ളവരായിരിക്കുക
“താഴ്മയോടെ മറ്റുള്ളവരെ നിങ്ങളെക്കാൾ ശ്രേഷ്ഠരായി കാണുക.”—ഫിലിപ്പിയർ 2:3.
നമുക്ക് താഴ്മയും ആദരവും ഒക്കെ ഉണ്ടെങ്കിൽ നമ്മളോടൊപ്പം ആയിരിക്കാൻ ആളുകൾ ഇഷ്ടപ്പെടും. നമ്മൾ ദയയോടെയും പരിഗണനയോടെയും മാത്രമേ ഇടപെടുകയുള്ളൂ എന്ന് അവർക്ക് ഉറപ്പായിരിക്കും. അറിഞ്ഞുകൊണ്ട് ഒരിക്കലും അവരെ വേദനിപ്പിക്കില്ലെന്നും
അവർക്കറിയാം. എന്നാൽ നമ്മൾ മറ്റുള്ളവരെക്കാൾ വലിയവരാണെന്നു ചിന്തിക്കുകയോ നമ്മൾ പറയുന്നതുപോലെതന്നെ കാര്യങ്ങൾ നടക്കണമെന്ന് വാശിപിടിക്കുകയോ ചെയ്താൽ അവിടെ വഴക്കും അസ്വസ്ഥതയും മാത്രമേ ഉണ്ടാകൂ. ആരും നമ്മളോട് അടുക്കില്ല. നമുക്ക് നല്ല സുഹൃത്തുക്കളും ഉണ്ടായിരിക്കില്ല, ഉണ്ടെങ്കിൽത്തന്നെ കുറവായിരിക്കും.പക്ഷപാതമില്ലാത്തവരായിരിക്കുക
‘ദൈവം പക്ഷപാതമുള്ളവനല്ല. ഏതു ജനതയിൽപ്പെട്ട ആളാണെങ്കിലും, ദൈവത്തെ ഭയപ്പെട്ട് ശരിയായതു പ്രവർത്തിക്കുന്ന മനുഷ്യനെ ദൈവം അംഗീകരിക്കുന്നു.’—പ്രവൃത്തികൾ 10:34, 35.
ദേശം, ഭാഷ, നിറം, സമൂഹത്തിലെ നില എന്നിവയുടെ പേരിൽ നമ്മുടെ സ്രഷ്ടാവിന് തരംതിരിവില്ല. ‘ഒരു മനുഷ്യനിൽനിന്നാണ് എല്ലാ ജനതകളെയും ഉണ്ടാക്കിയത്.’ (പ്രവൃത്തികൾ 17:26) അതായത്, എല്ലാ മനുഷ്യരും സഹോദരീസഹോദരന്മാരാണ്. നമ്മൾ ഓരോരുത്തരോടും മാന്യതയോടെയും ദയയോടെയും ഇടപെടുമ്പോൾ നമ്മൾ അവരെ സന്തോഷിപ്പിക്കുകയായിരിക്കും, നമുക്കുതന്നെയും സന്തോഷം കിട്ടും, നമ്മുടെ സ്രഷ്ടാവിനെയും അതു സന്തോഷിപ്പിക്കും.
സൗമ്യരായിരിക്കുക
‘നിങ്ങൾ സൗമ്യത ധരിക്കുക.’—കൊലോസ്യർ 3:12.
നമ്മൾ സൗമ്യതയുള്ളവരാണെങ്കിൽ മറ്റുള്ളവർക്ക് നമ്മളോട് ഇടപെടാൻ എളുപ്പമായിരിക്കും. അവർ നമ്മളോട് സ്വാതന്ത്ര്യത്തോടെ സംസാരിക്കും. നമ്മൾ പൊട്ടിത്തെറിക്കില്ലെന്ന് അറിയാവുന്നതുകൊണ്ട് നമ്മളെ തിരുത്താനും അവർക്കു മടിതോന്നില്ല. നമ്മളോട് ഒരാൾ ദേഷ്യപ്പെടുകയാണെങ്കിൽ സൗമ്യതയോടെ തിരിച്ചു സംസാരിച്ചാൽ ഒരുപക്ഷേ അയാൾ ശാന്തനാകും. “സൗമ്യമായ മറുപടി ഉഗ്രകോപം ശമിപ്പിക്കുന്നു; എന്നാൽ പരുഷമായ വാക്കുകൾ കോപം ആളിക്കത്തിക്കുന്നു.”—സുഭാഷിതങ്ങൾ 15:1.
ഉദാരരായിരിക്കുക, നന്ദിയുള്ളവരായിരിക്കുക
“വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലാണ്.”—പ്രവൃത്തികൾ 20:35.
ഇന്നുള്ള അനേകരും അത്യാഗ്രഹികളും സ്വന്തം കാര്യം മാത്രം ചിന്തിക്കുന്നവരുമാണ്. എന്നാൽ ഉദാരമായി കൊടുക്കുന്നവർക്കാണ് സന്തോഷമുള്ളത്. (ലൂക്കോസ് 6:38) കാരണം, അവർ വസ്തുക്കളെക്കാൾ മനുഷ്യരെയാണ് സ്നേഹിക്കുന്നത്. ആ സ്നേഹം കാരണം മറ്റുള്ളവർ അവരോട് ഉദാരത കാണിക്കുമ്പോഴും അവർക്കു നന്ദി തോന്നും. (കൊലോസ്യർ 3:15) ചിന്തിക്കാൻ: ‘എനിക്ക് ആരെയാണ് ഇഷ്ടം? പിശുക്കരെയും നന്ദിയില്ലാത്തവരെയും ആണോ? അതോ ഉദാരതയും വിലമതിപ്പും ഉള്ളവരെയാണോ?’ മറ്റുള്ളവർ എങ്ങനെ ആകണമെന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നത്, അതുപോലെ നിങ്ങൾക്ക് ആദ്യം ആയിക്കൂടെ?—മത്തായി 7:12.