അവരുടെ വിശ്വാസം അനുകരിക്കുക | ഹാനോക്ക്
“ഹാനോക്ക് ദൈവത്തെ പ്രസാദിപ്പിച്ചു”
വളരെക്കാലം ജീവിച്ചിരുന്ന ഒരാളാണ് ഹാനോക്ക്. 365 വർഷം! ഇന്ന് നമുക്ക് അതു ചിന്തിക്കാൻപോലും പറ്റില്ല. ഇന്നത്തെ ആയുസ്സുവെച്ചുനോക്കിയാൽ ഒരു മനുഷ്യൻ ജീവിക്കുന്നതിന്റെ നാല് ഇരട്ടിയോളം കാലം! പക്ഷേ ഹാനോക്കിന്റെ കാലത്തെ ആളുകളുടെ ആയുസ്സുമായി തട്ടിച്ചുനോക്കിയാൽ അതു വളരെ കുറവായിരുന്നു. അന്നത്തെ കാലത്ത്, അതായത് ഇന്നേക്ക് 50 നൂറ്റാണ്ടു മുമ്പ്, ആളുകൾ വളരെക്കാലം ജീവിച്ചിരുന്നു. ഹാനോക്ക് ജനിക്കുമ്പോൾ 600-ലധികം വയസ്സുള്ള ആദ്യമനുഷ്യനായ ആദാം അപ്പോഴും ജീവിച്ചിരിപ്പുണ്ടായിരുന്നു. അതിനു ശേഷം മൂന്ന് നൂറ്റാണ്ടുകൾകൂടെ ആദാം ജീവിച്ചു. എന്തിന്, ആദാമിന്റെ ചില പിൻഗാമികൾ അതിലധികം വർഷം ജീവിച്ചിരുന്നിട്ടുണ്ട്. അപ്പോൾ 365 വയസ്സുള്ള ചുറുചുറുക്കുള്ള ഹാനോക്കിനു മുന്നിൽ ജീവിതം വളരെക്കാലം ശേഷിച്ചിരുന്നു. എന്നാൽ സംഭവിച്ചതോ?
സാധ്യതയനുസരിച്ച് ഹാനോക്കിന്റെ ജീവൻ വലിയ അപകടത്തിലാണ്. ദൈവത്തിൽനിന്നുള്ള സന്ദേശം ആളുകളെ അറിയിച്ചപ്പോഴുള്ള അവരുടെ പ്രതികരണം അവന്റെ മനസ്സിൽ ഇപ്പോഴും അലയടിക്കുന്നുണ്ട്. ജീവനെ പേടിച്ച് ഓടിപ്പോകേണ്ട അവസ്ഥ ഒന്നു സങ്കൽപ്പിച്ചുനോക്കൂ. ആളുകളുടെ ഉഗ്രേകാപം അവരുടെ മുഖത്ത് കാണാനുണ്ട്. ഹാനോക്കിനെയും അദ്ദേഹത്തിന്റെ സന്ദേശത്തെയും അതിന്റെ ഉറവിടമായ ദൈവത്തെയും അവർ അങ്ങേയറ്റം വെറുക്കുന്നു. എന്തായാലും അവർക്ക് ഹാനോക്കിന്റെ ദൈവത്തെ ഒന്നും ചെയ്യാൻ കഴിയില്ല, അതുകൊണ്ടുതന്നെ ഹാനോക്കിനെ വകവരുത്താൻ അവർ തീരുമാനിച്ചു! തന്റെ കുടുംബത്തെ ഇനി എന്നെങ്കിലും കാണാനാകുമോ എന്നു ഹാനോക്ക് ചിന്തിച്ചിരിക്കാം. ഭാര്യ, പെൺമക്കൾ, മകനായ മെഥൂശലഹ്, പേരക്കുട്ടിയായ ലാമെക്ക് എന്നിവരുടെയൊക്കെ മുഖം ഹാനോക്കിന്റെ മനസ്സിൽ തെളിഞ്ഞിട്ടുണ്ടാകാം. (ഉൽപത്തി 5:21, 23, 25) എല്ലാറ്റിന്റെയും അവസാനമായിരിക്കുമോ ഇത്?
ഹാനോക്കിനെക്കുറിച്ചുള്ള മങ്ങിയ ഒരു രേഖാചിത്രമേ ബൈബിളിൽ കാണാനാകുന്നുള്ളൂ. ആകെക്കൂടെ മൂന്ന് ഹ്രസ്വവിവരണങ്ങൾ. (ഉൽപത്തി 5:21-24; എബ്രായർ 11:5; യൂദ 14, 15) എന്നിരുന്നാലും വലിയ വിശ്വാസം പ്രകടമാക്കിയ ഒരു വ്യക്തിയാണെന്ന് തിരിച്ചറിയിക്കുന്നതിനുള്ള തൂലികപ്പാടുകൾ ആ രേഖാചിത്രത്തിലുണ്ട്. നിങ്ങൾ കുടുംബത്തിനായി കരുതേണ്ട ഒരാളാണോ? ശരിയായ കാര്യത്തിനുവേണ്ടി നിലപാട് എടുക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ട് തോന്നുന്നുണ്ടോ? എങ്കിൽ ഹാനോക്കിന്റെ വിശ്വാസത്തിൽനിന്ന് നിങ്ങൾക്ക് വളരെ കാര്യങ്ങൾ പഠിക്കാനാവും.
‘ഹാനോക്ക് സത്യദൈവത്തോടൊപ്പം നടന്നു’
ഹാനോക്കിന്റെ കാലമായപ്പോഴേക്കും മനുഷ്യർ വളരെ അധഃപതിച്ചിരുന്നു. ആദാമിൽനിന്ന് ഏഴാംതലമുറയായിരുന്നു അത്. ആദാമും ഹവ്വയും ഒരിക്കൽ ആസ്വദിച്ചിരുന്നതും പിന്നീട് നഷ്ടപ്പെടുത്തിക്കളഞ്ഞതും ആയ പൂർണതയുമായി അവർ ഏറ്റവും അടുത്തായിരുന്നു എന്നതു ശരിതന്നെ. അതുകൊണ്ടാണ് അവർ കൂടുതൽ കാലം ജീവിച്ചതും. എന്നാൽ ശരിതെറ്റുകളെക്കുറിച്ച് വികലമായ വീക്ഷണമാണ് അവർക്കുണ്ടായിരുന്നത്. ദൈവത്തോടുള്ള ബന്ധമാകട്ടെ തകർന്ന അവസ്ഥയിലും! എങ്ങും അക്രമം കൊടികുത്തിവാണിരുന്നു. കയീൻ തന്റെ അനുജനായ ഹാബേലിനെ കൊന്ന രണ്ടാംതലമുറ മുതൽ ആ പ്രവണത ആരംഭിച്ചു. പിന്നീട്, കയീന്റെ പിൻതലമുറക്കാരിൽ ഒരാൾ അവനെക്കാൾ അധികം അക്രമവും പ്രതികാരമനോഭാവവും കാണിക്കുന്നതിൽ അഹങ്കരിച്ചിരുന്നതായി ചരിത്രം വ്യക്തമാക്കുന്നു. മൂന്നാംതലമുറയായപ്പോഴേക്കും ഒരു പുതിയ തിന്മ ഉടലെടുത്തു. ആളുകൾ യഹോവയുടെ നാമത്തിൽ ആരാധന തുടങ്ങി, പക്ഷേ അതു ഭക്തിനിർഭരമായ വിധത്തിലായിരുന്നില്ല, പകരം ആ പരിശുദ്ധനാമത്തെ നിന്ദിച്ചുകൊണ്ടും അനാദരവോടെ ഉപയോഗിച്ചുകൊണ്ടും ആയിരുന്നു.—ഉൽപത്തി 4:8, 23-26.
സാധ്യതയനുസരിച്ച്, അത്തരത്തിലുള്ള വ്യാജാരാധന ഹാനോക്കിന്റെ നാളുകളിൽ എവിടെയും കാണാമായിരുന്നു. വളർന്നുവന്നപ്പോൾ ഹാനോക്കിന് ഒരു തീരുമാനം എടുക്കേണ്ടിവന്നു. ബഹുജനത്തിനൊപ്പം പോകണോ? അതോ ആകാശവും ഭൂമിയും സൃഷ്ടിച്ച സത്യദൈവമായ യഹോവയെ അനുസരിച്ച് നടക്കണോ? ഹാബേലിനെക്കുറിച്ച് മനസ്സിലാക്കിയത് നല്ലൊരു തീരുമാനമെടുക്കാൻ ഹാനോക്കിനെ സഹായിച്ചിട്ടുണ്ടാകാം. യഹോവയ്ക്ക് ഇഷ്ടമുള്ള വിധത്തിൽ ആരാധിച്ചതുകൊണ്ട് രക്തസാക്ഷിയാകേണ്ടിവന്ന വ്യക്തിയാണ് ഹാബേൽ. സമാനമായ ഒരു നിലപാടെടുക്കാൻ ഹാനോക്കും തീരുമാനിച്ചു. ‘ഹാനോക്ക് സത്യദൈവത്തോടൊപ്പം നടന്നതായി’ ഉൽപത്തി 5:22 പറയുന്നു. ആ ശ്രദ്ധേയമായ പ്രസ്താവന, അഭക്തരായ അന്നത്തെ മനുഷ്യരുടെ ഇടയിൽനിന്ന് ഹാനോക്കിനെ വേർതിരിച്ചുകാണിക്കുന്നു. ആ വിധത്തിൽ ബൈബിൾ വർണിക്കുന്ന ആദ്യമനുഷ്യനാണു ഹാനോക്ക്.
തന്റെ മകനായ മെഥൂശലഹ് ജനിച്ചശേഷവും ഹാനോക്ക് ദൈവത്തോടുകൂടെ നടന്നുവെന്ന് അതേ ബൈബിൾവാക്യം തുടർന്നുപറയുന്നു. 65 വയസ്സുള്ള ഹാനോക്ക് നല്ലൊരു കുടുംബനാഥനായിരുന്നെന്ന് ഈ വാക്യം തെളിയിക്കുന്നു. ഹാനോക്കിന്റെ ഭാര്യയുടെ പേരോ, ‘ആൺമക്കളുടെയും പെൺമക്കളുടെയും’ എണ്ണമോ ബൈബിൾ വെളിപ്പെടുത്തുന്നില്ല. ദൈവത്തിന്റെ വഴിയിൽ നടക്കുന്നതോടൊപ്പം കുടുംബത്തിനുവേണ്ടി കരുതുകയും മക്കളെ വളർത്തിക്കൊണ്ടുവരുകയും ചെയ്യണമെന്നുണ്ടെങ്കിൽ ഒരു പിതാവ് ദൈവത്തിന്റെ മാർഗനിർദേശം അനുസരിക്കേണ്ടതുണ്ട്. അതുപോലെ തന്റെ ഭാര്യയോടു വിശ്വസ്തമായി പറ്റിനിൽക്കാൻ യഹോവ പ്രതീക്ഷിക്കുന്നുണ്ടെന്നും ഹാനോക്ക് മനസ്സിലാക്കിയിരുന്നു. (ഉൽപത്തി 2:24) കൂടാതെ യഹോവയാം ദൈവത്തെക്കുറിച്ച് തന്റെ കുട്ടികളെ പഠിപ്പിക്കാൻ ഹാനോക്ക് കഠിനശ്രമം ചെയ്തു. എന്തായിരുന്നു ഫലം?
ഈ വിവരണത്തെക്കുറിച്ച് ബൈബിൾ അധികമൊന്നും പറയുന്നില്ല. അതുപോലെ, ഹാനോക്കിന്റെ മകനായ മെഥൂശലഹിന്റെ വിശ്വാസത്തെക്കുറിച്ചും. ബൈബിൾരേഖയനുസരിച്ച് ഭൂമിയിൽ ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്ന വ്യക്തിയാണ് മെഥൂശലഹ്. അദ്ദേഹം മരിച്ച വർഷമാണ് ജലപ്രളയം ഉണ്ടായത്. മെഥൂശലഹിന് ലാമെക്ക് എന്ന മകനുണ്ടായിരുന്നു. ലാമെക്ക് ജനിച്ച് ഒരു നൂറ്റാണ്ടു കഴിയുന്നതുവരെ മുത്തച്ഛനായ ഹാനോക്ക് ജീവിച്ചിരുന്നു. ലാമെക്കിനു ദൈവത്തിൽ ശക്തമായ വിശ്വാസമുണ്ടായിരുന്നു. തന്റെ മകനായ നോഹയെക്കുറിച്ച് ഒരു പ്രവചനം ഉച്ചരിക്കാൻ യഹോവ ലാമെക്കിനെ ഉപയോഗിച്ചു. അതു ജലപ്രളയത്തിനു ശേഷം സത്യമായിത്തീരുകയും ചെയ്തു. തന്റെ മുതുമുത്തച്ഛനായ ഹാനോക്കിനെപ്പോലെ നോഹയും ദൈവത്തിന്റെകൂടെ നടന്നുകൊണ്ട് മറ്റുള്ളവരിൽനിന്ന് വേറിട്ടുനിന്നു. നോഹ ഹാനോക്കിനെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും നല്ലൊരു പൈതൃകം അവശേഷിപ്പിച്ചാണ് ഹാനോക്ക് കടന്നുപോയത്. ഈ പൈതൃകത്തെക്കുറിച്ച് നോഹ എങ്ങനെയായിരിക്കും മനസ്സിലാക്കിയത്? ഒരുപക്ഷേ പിതാവായ ലാമെക്കിൽനിന്നോ മുത്തച്ഛനായ മെഥൂശലഹിൽനിന്നോ ആയിരിക്കാം. അതുമല്ലെങ്കിൽ ഹാനോക്കിന്റെ പിതാവായ യാരെദിൽനിന്നായിരിക്കാം. കാരണം യാരെദ് മരിച്ചത് നോഹയ്ക്ക് 366 വയസ്സായപ്പോഴായിരുന്നു.—ഉൽപത്തി 5:25-29; 6:9; 9:1.
ആദാമും ഹാനോക്കും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ചിന്തിക്കുക. ആദാം പൂർണനായിരുന്നെങ്കിലും തന്റെ പിൻഗാമികൾക്ക് മത്സരത്തിന്റെയും ദുരിതത്തിന്റെയും പാരമ്പര്യമാണ് കൈമാറിയത്. എന്നാൽ ഹാനോക്കോ? അപൂർണനായിരുന്നെങ്കിലും ദൈവത്തിന്റെകൂടെ നടക്കുകയും വിശ്വാസത്തിന്റെ ഒരു ശ്രേഷ്ഠമായ പൈതൃകം അവശേഷിപ്പിക്കുകയും ചെയ്തു. ഹാനോക്കിനു 308 വയസ്സുള്ളപ്പോഴാണ് ആദാം മരിക്കുന്നത്. സ്വാർഥനായ ആ പൂർവപിതാവ് മരിച്ചതിനെ ഓർത്ത് ആരെങ്കിലും വിലപിച്ചുകാണുമോ? നമുക്ക് അറിയില്ല. എന്തായാലും “ഹാനോക്ക് സത്യദൈവത്തിന്റെകൂടെ നടന്നു.”—ഉൽപത്തി 5:24.
കുടുംബത്തിനുവേണ്ടി കരുതാനുള്ള ഉത്തരവാദിത്വം നിങ്ങൾക്കുണ്ടെങ്കിൽ ഹാനോക്കിന്റെ വിശ്വാസത്തിൽനിന്ന് എന്തു പഠിക്കാമെന്നു ചിന്തിക്കുക. നിങ്ങൾ കുടുംബത്തിനുവേണ്ടി ഭൗതികമായി കരുതണം. എന്നാൽ ആത്മീയമായി കരുതുന്നതിനെക്കാൾ പ്രധാനമല്ല അത്. (1 തിമൊഥെയൊസ് 5:8) ആത്മീയമായി കരുതുക എന്നത് വാക്കുകൾകൊണ്ട് മാത്രമല്ല പ്രവൃത്തികൾകൊണ്ടും ചെയ്യേണ്ട ഒരു കാര്യമാണ്. ബൈബിളിലെ മാർഗനിർദേശങ്ങൾ അനുസരിച്ചുകൊണ്ട് ഹാനോക്കിനെപ്പോലെ ദൈവത്തിന്റെകൂടെ നടക്കാൻ തീരുമാനിക്കുന്നെങ്കിൽ കുടുംബത്തിന് അനുകരിക്കാവുന്ന നല്ലൊരു മാതൃക നിങ്ങൾക്കും അവശേഷിപ്പിക്കാനാകും. ഇതിനെക്കാൾ മികച്ച ഏത് പൈതൃകമാണ് അവർക്കു നൽകാനാകുക!
‘ഹാനോക്ക് അവരെക്കുറിച്ച് പ്രവചിച്ചു’
അഭക്തരായ ആളുകൾ നിറഞ്ഞ ആ ലോകത്ത് ദൈവഭക്തനായ താൻ തനിച്ചാണെന്നു ഹാനോക്കിനു തോന്നിയിരിക്കാം. എന്നാൽ ഹാനോക്കിന്റെ ദൈവമായ യഹോവ അദ്ദേഹത്തെ ശ്രദ്ധിക്കാതെപോയോ? ഇല്ല. ഒരു ദിവസം തന്റെ ഈ വിശ്വസ്തദാസനോടു ദൈവം സംസാരിച്ചു. അന്നത്തെ ആളുകളെ അറിയിക്കാൻ ഹാനോക്കിനെ ഒരു സന്ദേശം ഏൽപ്പിക്കുകയും ചെയ്തു. അങ്ങനെ ദൈവം ഹാനോക്കിനെ ഒരു പ്രവാചകനായി നിയമിച്ചു. ആ വാക്കുകളാണ് ബൈബിളിൽ വെളിപ്പെടുത്തിയിരിക്കുന്ന ആദ്യത്തെ പ്രവാചകവചനങ്ങൾ. പല നൂറ്റാണ്ടുകൾക്കു ശേഷം a
ഹാനോക്ക് പ്രവചിച്ചിരുന്ന വാക്കുകൾ എഴുതിവെക്കാൻ യേശുവിന്റെ അർധസഹോദരനായ യൂദയെ ദൈവം നിയോഗിച്ചു.ഹാനോക്ക് എന്താണ് പ്രവചിച്ചത്? അത് ഇങ്ങനെയായിരുന്നു: “ഇതാ, യഹോവ തന്റെ ആയിരമായിരം വിശുദ്ധരോടുകൂടെ വന്നിരിക്കുന്നു; എല്ലാവർക്കും എതിരെ ന്യായവിധി നടപ്പാക്കാനും ദൈവഭക്തിയില്ലാത്തവർ ഭക്തിവിരുദ്ധമായി ചെയ്ത എല്ലാ ദുഷ്ചെയ്തികളെയും ദൈവഭക്തിയില്ലാത്ത പാപികൾ തനിക്ക് എതിരെ പറഞ്ഞ മോശമായ എല്ലാ കാര്യങ്ങളെയും പ്രതി അവരെ കുറ്റം വിധിക്കാനും വേണ്ടി ദൈവം വന്നിരിക്കുന്നു.” (യൂദ 14, 15) ഈ പ്രവചനത്തിലെ വാക്കുകൾ അപ്പോൾത്തന്നെ സംഭവിക്കുന്നതായിട്ടോ സംഭവിച്ചുകഴിഞ്ഞതായിട്ടോ ആണ് നമ്മൾ ഇവിടെ കാണുന്നത്. അതിനുശേഷമുള്ള പല ബൈബിൾപ്രവചനങ്ങളും ഇതേ രീതി പിൻപറ്റുന്നു. ആശയം ഇതാണ്: സംഭവിക്കുമെന്ന് അത്ര ഉറപ്പുള്ളതുകൊണ്ട് അക്കാര്യം സംഭവിച്ചുകഴിഞ്ഞതായി പ്രവാചകൻ അവതരിപ്പിക്കുകയാണ് ഇവിടെ!—യശയ്യ 46:10.
അന്നുള്ള എല്ലാ ആളുകളോടും ആ ദൂത് പ്രഖ്യാപിക്കുക എന്നത് ഹാനോക്കിന് എളുപ്പമായിരുന്നോ? എത്ര ശക്തമായ മുന്നിറിയിപ്പിൻ സന്ദേശങ്ങളായിരുന്നു അത്! ആളുകളെയും അവരുടെ പ്രവൃത്തികളെയും അവരുടെ പ്രവർത്തനവിധങ്ങളെയും കുറ്റം വിധിക്കാനായി ‘ദൈവഭക്തിയില്ലാത്ത,’ ‘ഭക്തിവിരുദ്ധമായ,’ ‘മോശമായ’ എന്നീ വാക്കുകൾ ഉപയോഗിച്ചിട്ടുണ്ട്. ഏദെന് പുറത്ത് മനുഷ്യർ പണിതുയർത്തിയ ലോകം അപ്പാടെ ദുഷിച്ചിരിക്കുന്നു എന്ന് ആ പ്രവചനം അന്നത്തെ ആളുകളെ ഓർമിപ്പിച്ചു. അത് അവർക്കൊരു താക്കീതായിരുന്നു. യഹോവ “ആയിരമായിരം വിശുദ്ധരോടുകൂടെ,” അതായത് അസംഖ്യം വരുന്ന ദൂതന്മാരോടൊപ്പം, യുദ്ധത്തിനായി അണിനിരക്കുമ്പോൾ അന്നത്തെ ലോകം അതിഭയങ്കരമായ നാശത്തെ നേരിടുമായിരുന്നു. ആ ദിവ്യമുന്നറിയിപ്പ് ഹാനോക്ക് നിർഭയം അറിയിച്ചു, അതും ഒറ്റയ്ക്ക്! ധൈര്യത്തോടെ പ്രസംഗിക്കുന്ന മുത്തച്ഛനെ കണ്ട യുവാവായ ലാമെക്ക് അതിശയിച്ചുകാണുമോ? എങ്കിൽ നമുക്ക് അത് മനസ്സിലാക്കാവുന്നതേ ഉള്ളൂ.
ദൈവം കാണുന്നതുപോലെയാണോ നമ്മൾ ഇന്നത്തെ ലോകത്തെ കാണുന്നത് എന്നു പരിശോധിക്കാൻ ഹാനോക്കിന്റെ വിശ്വാസം നമ്മളെ പ്രേരിപ്പിച്ചേക്കാം. ഹാനോക്ക് ധൈര്യപൂർവം പ്രഖ്യാപിച്ച ന്യായവിധി സന്ദേശത്തിന് ഇന്നും പ്രസക്തിയുണ്ട്. ഹാനോക്കിന്റെ നാളിലെ ലോകത്തിനു മാത്രമല്ല ഇന്നത്തെ ലോകത്തിനും അത് ഒരു മുന്നറിയിപ്പാണ്. ഹാനോക്കു കൊടുത്ത മുന്നറിയിപ്പിനു ചേർച്ചയിൽ നോഹയുടെ നാളിലുണ്ടായിരുന്ന അഭക്തരായ ആളുകൾക്കെതിരെ വലിയ ജലപ്രളയം വരുത്തിക്കൊണ്ട് യഹോവ പ്രവർത്തിച്ചു. ആ നാശം നമ്മുടെ നാളിൽ വരാനിരിക്കുന്ന വലിയ നാശത്തിന്റെ ഒരു മാതൃകയാണ്. (മത്തായി 24:38, 39; 2 പത്രോസ് 2:4-6) അന്നത്തെപ്പോലെ ഇന്നും ഭക്തികെട്ട ലോകത്തെ നീതിയോടെ ന്യായം വിധിക്കാൻ ദൈവം ആയിരമായിരം വിശുദ്ധരോടുകൂടെ തയ്യാറായിനിൽക്കുന്നു. അതുകൊണ്ട് ഹാനോക്കിന്റെ മുന്നറിയിപ്പുകൾ നമ്മൾ ഗൗരവമായി എടുക്കണം, അതു മറ്റുള്ളവരോട് പറയുകയും വേണം. ഒരുപക്ഷേ കുടുംബാംഗങ്ങളും സുഹൃത്തുക്കളും നമ്മളിൽനിന്ന് അകന്നുമാറിയേക്കാം, നമ്മൾ ഒറ്റപ്പെട്ടതായി നമുക്കു തോന്നിയേക്കാം. പക്ഷേ യഹോവ ഒരിക്കലും ഹാനോക്കിനെ ഉപേക്ഷിച്ചില്ലെന്ന് ഓർക്കുക. ഇന്നുള്ള തന്റെ വിശ്വസ്തദാസരെയും യഹോവ ഉപേക്ഷിക്കില്ല.
“മരണം കാണാതിരിക്കാൻവേണ്ടി മാറ്റി”
ഹാനോക്കിന്റെ ജീവിതാവസാനം എങ്ങനെയായിരുന്നു? ഒരർഥത്തിൽ, ഹാനോക്കിന്റെ ജീവിതത്തെക്കാൾ സങ്കീർണവും നിഗൂഢവും ആയിരുന്നു അദ്ദേഹത്തിന്റെ മരണം. ഉൽപത്തി പുസ്തകം അതിനെക്കുറിച്ച് ഇങ്ങനെ പറയുന്നു: “ഹാനോക്ക് സത്യദൈവത്തിന്റെകൂടെ നടന്നു. ദൈവം ഹാനോക്കിനെ എടുത്തതുകൊണ്ട് പിന്നെ ആരും ഹാനോക്കിനെ കണ്ടിട്ടില്ല.” (ഉൽപത്തി 5:24) ഹാനോക്കിനെ ദൈവം എടുത്തു എന്നു പറയുന്നത് ഏത് അർഥത്തിലാണ്? കുറെ കാലം കഴിഞ്ഞ് അപ്പോസ്തലനായ പൗലോസ് അതിനെ ഇങ്ങനെ വിശദീകരിച്ചു: “വിശ്വാസമുണ്ടായിരുന്നതിനാൽ ഹാനോക്കിനെ ദൈവം, മരണം കാണാതിരിക്കാൻവേണ്ടി മാറ്റി. ഹാനോക്ക് ദൈവത്തെ പ്രസാദിപ്പിച്ചു എന്ന ഉറപ്പ് ഹാനോക്കിന് അതിനു മുമ്പുതന്നെ ലഭിച്ചിരുന്നു. ദൈവം ഹാനോക്കിനെ മാറ്റിയതുകൊണ്ട് പിന്നെ ആരും ഹാനോക്കിനെ കണ്ടില്ല.” (എബ്രായർ 11:5) ദൈവം “മരണം കാണാതിരിക്കാൻവേണ്ടി മാറ്റി” എന്നു പറഞ്ഞപ്പോൾ പൗലോസ് എന്താണ് ഉദ്ദേശിച്ചത്? ദൈവം ഹാനോക്കിനെ സ്വർഗത്തിലേക്ക് എടുത്തതായി ചില ബൈബിൾഭാഷാന്തരങ്ങൾ പറയുന്നു. പക്ഷേ അത് അങ്ങനെയായിരിക്കാൻ യാതൊരു കാരണവുമില്ല. ബൈബിൾ പറയുന്നതനുസരിച്ച് യേശുക്രിസ്തു മാത്രമാണ് സ്വർഗത്തിലേക്ക് ആദ്യമായി ഉയിർപ്പിക്കപ്പെട്ട വ്യക്തി.—യോഹന്നാൻ 3:13.
“മരണം കാണാതിരിക്കാൻവേണ്ടി മാറ്റി.” എങ്ങനെയായിരിക്കാം മാറ്റിയത്? യഹോവ ഹാനോക്കിനെ ജീവനിൽനിന്ന് പതിയെ മരണത്തിലേക്കു മാറ്റിയതിനെയാകാം ഇതു കുറിക്കുന്നത്. അങ്ങനെ, ക്രൂരരായ ആളുകളുടെ കൈയാൽ മരിക്കുന്നതിൽനിന്ന് ഹാനോക്ക് രക്ഷപ്പെട്ടു. എന്നാൽ മരിക്കുന്നതിനുമുമ്പ് താൻ “ദൈവത്തെ പ്രസാദിപ്പിച്ചു എന്ന ഉറപ്പു” ഹാനോക്കിനു കിട്ടി. എങ്ങനെ? ഒരുപക്ഷേ മരണത്തിനു തൊട്ടുമുമ്പ് പറുദീസയെക്കുറിച്ചുള്ള എബ്രായർ 11:13) ഒരുപക്ഷേ ശത്രുക്കൾ ഹാനോക്കിന്റെ ശരീരം അന്വേഷിച്ചുനടന്നിട്ടുണ്ടാകാം, എന്നാൽ അത് ‘ആർക്കും കണ്ടെത്താനായില്ല.’ അവർ അതു വികൃതമാക്കാനോ വ്യാജാരാധനയ്ക്കായി ഉപയോഗിക്കാനോ ഇടനൽകാതിരിക്കാൻ ദൈവംതന്നെ ഹാനോക്കിന്റെ ശരീരം മറവ് ചെയ്തിരിക്കും. b
ഒരു ദർശനം ദൈവം ഹാനോക്കിനെ കാണിച്ചിട്ടുണ്ടാകും. അങ്ങനെ യഹോവയുടെ അംഗീകാരത്തിന്റെ വ്യക്തമായ തെളിവ് കണ്ട് ഹാനോക്ക് മരണത്തിലേക്ക് വഴുതിവീണു. പൗലോസ് അപ്പൊസ്തലൻ ഹാനോക്കിനെയും മറ്റ് വിശ്വസ്തരായ സ്ത്രീപുരുഷന്മാരെയും കുറിച്ച് എഴുതിയത് ഇങ്ങനെയാണ്: “എല്ലാവരും വിശ്വാസമുള്ളവരായിത്തന്നെ മരിച്ചു.” (ഈ തിരുവെഴുത്തുവിവരണം മനസ്സിൽപ്പിടിച്ചുകൊണ്ട് ഹാനോക്കിന്റെ ജീവിതാവസാനം നമുക്കൊന്നു ഭാവനയിൽ കണ്ടുനോക്കാം. ഇത് ഒരു സാധ്യത മാത്രമാണെന്ന് ഓർക്കുക. ഹാനോക്ക് ശത്രുക്കളിൽനിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയാണ്, ഓടിയോടി തളർന്നു. എതിരാളികൾ പിന്നാലെതന്നെയുണ്ട്. കൈയിൽ കിട്ടിയാൽ പിച്ചിച്ചീന്താനുള്ള ദേഷ്യത്തോടെയാണ് അവർ. ഹാനോക്ക് പ്രസംഗിച്ച ന്യായവിധിദൂതുകൾ അവർക്ക് ഒട്ടും സഹിക്കാനാകുന്നില്ല. ഹാനോക്ക് ഓടിയോടി അവസാനം ഒരു ഒളിയിടം കണ്ടെത്തി. അവിടെ ഇരുന്ന് അല്പനേരം വിശ്രമിച്ചെങ്കിലും ശത്രുക്കളിൽനിന്ന് രക്ഷപ്പെടില്ലെന്ന് ഹാനോക്കിന് ഏറെക്കുറെ ഉറപ്പായി. അതിക്രൂരമായ ഒരു മരണമാണ് അവനെ കാത്തുനിൽക്കുന്നത്. ഹാനോക്ക് ഇപ്പോൾ തന്റെ ദൈവത്തോട് പ്രാർഥിക്കുകയാണ്. പ്രാർഥന കഴിഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു മനസ്സമാധാനം തോന്നി. ഇപ്പോൾ ഹാനോക്ക് ഒരു ദർശനം കാണുന്നു. അതിൽ ശത്രുക്കളിൽനിന്ന് താൻ വളരെ വിദൂരത്തിലാണ്. ശരിക്കും അവിടെ ആയിരിക്കുന്നതുപോലെ ഹാനോക്കിന് അനുഭവപ്പെടുന്നു.
പ്രകൃതിരമണീയമായ ഒരു കാഴ്ച ഹാനോക്കിന്റെ കണ്മുന്നിലേക്കു തെളിഞ്ഞുവന്നു. ഒരിക്കലും കണ്ടിട്ടില്ലാത്തത്ര മനോഹരമായ ഒരു കാഴ്ച! ഒറ്റ നോട്ടത്തിൽ ഏദെൻതോട്ടംപോലെ തോന്നും. എന്നാൽ മനുഷ്യർ അകത്തു കടക്കാതിരിക്കാൻ അവിടെ കെരൂബുകളെയൊന്നും കാണുന്നില്ല. യുവത്വം തുളുമ്പുന്ന പുരുഷന്മാരും സ്ത്രീകളും എവിടെയുമുണ്ട്. സമാധാനം നിറഞ്ഞുനിൽക്കുന്ന അന്തരീക്ഷം! ഹാനോക്ക് കണ്ടുവളർന്ന ശത്രുതയോ മതത്തിന്റെ പേരിലുള്ള പീഡനങ്ങളോ അവിടെ ഒരിടത്തും കാണാനോ കേൾക്കാനോ ഇല്ല. തനിക്ക് യഹോവയുടെ സ്നേഹവാത്സല്യവും അംഗീകാരവും എല്ലാ വിധത്തിലുമുണ്ടെന്ന് ഹാനോക്കിന് ഉറപ്പുണ്ട്. താൻ ഇവിടെയാണു ജീവിക്കേണ്ടതെന്നും ശരിക്കും ഇതാണു തന്റെ വീടെന്നും ഹാനോക്കിനു തോന്നുന്നു. അങ്ങനെ സന്തോഷം തുളുമ്പുന്ന ആ നിമിഷങ്ങളിൽ ഹാനോക്ക് ആത്മനിർവൃതിയിൽ വെറുതെയൊന്ന് കണ്ണടച്ചു, പതിയെയൊന്ന് ഉറങ്ങി. പിന്നെ അതൊരു ഗാഢനിദ്രയായി മാറി—സ്വപ്നം പോലും കാണാത്ത ഒരു ഗാഢനിദ്ര.
അങ്ങനെ ഹാനോക്ക് ഇന്നുവരെയും ‘ഉറങ്ങുകയാണ്.’ മരണത്തിന്റെ സുഖനിദ്രയിൽ, യഹോവയുടെ അതിരറ്റ ഓർമയിൽ സുരക്ഷിതനായി കഴിയുകയാണ്. പിന്നീട് യേശു ഉറപ്പുതന്നതുപോലെ ദൈവത്തിന്റെ ഓർമയിലുള്ള എല്ലാവരും ക്രിസ്തുവിന്റെ ശബ്ദം കേട്ട് ശവക്കുഴിയിൽനിന്ന് എഴുന്നേറ്റുവരുന്ന ദിവസം വരും. അവർ കണ്ണുതുറക്കുന്നത് അതിമനോഹരവും പ്രശാന്തസുന്ദരവും ആയ ഒരു പുതിയ ലോകത്തിലേക്കായിരിക്കും.—യോഹന്നാൻ 5:28, 29.
അവിടെയായിരിക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? ഹാനോക്കിനെ നേരിട്ടുകാണുന്ന ആ രംഗം ഒന്ന് ഭാവനയിൽ കാണുക. അദ്ദേഹത്തിൽനിന്ന് പഠിക്കാനാകുന്ന, മനം കവരുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക. ഹാനോക്കിന്റെ അവസാനനാളുകളെക്കുറിച്ച് നമ്മൾ ഇപ്പോൾ വിഭാവന ചെയ്തത് എത്രത്തോളം കൃത്യമായിരുന്നെന്ന് പുനരുത്ഥാനത്തിൽ വരുമ്പോൾ അദ്ദേഹം നമുക്കു പറഞ്ഞുതരും. എന്നാൽ ഇപ്പോൾത്തന്നെ നമ്മൾ ഹാനോക്കിൽനിന്ന് പഠിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഹാനോക്കിനെക്കുറിച്ച് പറഞ്ഞശേഷം പൗലോസ് തുടരുന്നത് ഇങ്ങനെയാണ്: “വിശ്വാസമില്ലാതെ ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയില്ല.” (എബ്രായർ 11:6) ധൈര്യത്തോടെ ഉറച്ചുനിന്ന ഹാനോക്കിന്റെ വിശ്വാസം അനുകരിക്കാൻ നമുക്കെല്ലാം എത്ര ശക്തമായ കാരണമാണുള്ളത്!
a ഹാനോക്കിന്റെ പുസ്തകമെന്ന് അറിയപ്പെടുന്ന ഒരു അപ്പൊക്രിഫ പുസ്തകത്തിൽനിന്നാണ് യൂദ ഉദ്ധരിച്ചതെന്ന് ചില ബൈബിൾപണ്ഡിതന്മാർ പറയുന്നു. എന്നാൽ വായിക്കാൻ രസമുള്ള ഈ പുസ്തകം ഹാനോക്ക് എഴുതിയതാണെന്നു പറയുന്നെങ്കിലും ശരിക്കും അത് ആരുടേതാണെന്ന് അറിയില്ല. ഹാനോക്കിന്റെ പ്രവചനം കൃത്യമായി ആ പുസ്തകത്തിൽ കാണുന്നുണ്ടെങ്കിലും അത് ഇന്ന് ലഭ്യമല്ലാത്ത ഏതോ ഉറവിൽനിന്ന്, അതായത് വാമൊഴിയായിട്ടോ ലിഖിതങ്ങളിൽനിന്നോ, ആയിരിക്കാം ലഭിച്ചത്. യൂദയ്ക്കും ഈ വിവരങ്ങൾ കിട്ടിയത് അതേ ഉറവിൽനിന്നായിരിക്കാം. അല്ലെങ്കിൽ ഹാനോക്കിന്റെ ജീവിതം സ്വർഗത്തിൽനിന്ന് നേരിൽക്കണ്ട യേശുവിൽനിന്ന്.
b ഇതുപോലെ മോശയുടെയും യേശുവിന്റെയും ശരീരം ദുരുപയോഗം ചെയ്യാതിരിക്കാനായി ദൈവംതന്നെ നടപടിയെടുത്തിരിക്കാം.—ആവർത്തനം 34:5, 6; ലൂക്കോസ് 24:3-6; യൂദ 9.