ദൈവം എന്തൊക്കെ ചെയ്തിട്ടുണ്ട്?
ഒരു വ്യക്തിയെ നന്നായി അറിയാൻ അയാൾ കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും മറികടന്ന പ്രതിസന്ധികളെക്കുറിച്ചും പഠിക്കുന്നത് സഹായകമായിരിക്കും. ഇതുപോലെ നിങ്ങൾ ദൈവത്തെ നന്നായി അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ ദൈവം ചെയ്ത കാര്യങ്ങളെക്കുറിച്ച് പഠിക്കണം. ഇപ്പോഴും ഭാവിയിലും നമുക്കു പ്രയോജനം ചെയ്യുന്ന എന്തൊക്കെ കാര്യങ്ങൾ ദൈവം പണ്ടേ ചെയ്തിട്ടുണ്ടെന്ന് അപ്പോൾ നിങ്ങൾ മനസ്സിലാക്കും. അതു നിങ്ങളെ അതിശയിപ്പിച്ചേക്കാം.
നമ്മുടെ നന്മയ്ക്കായി ദൈവം എല്ലാം സൃഷ്ടിച്ചു
യഹോവയാണു സകലത്തിന്റെയും സ്രഷ്ടാവ്. ദൈവത്തിന്റെ “അദൃശ്യഗുണങ്ങളായ നിത്യശക്തിയും ദിവ്യത്വവും ലോകാരംഭംമുതൽ ദൈവത്തിന്റെ സൃഷ്ടികളിലൂടെ വ്യക്തമായി കാണാനും മനസ്സിലാക്കാനും” കഴിയുന്നുണ്ട്. (റോമർ 1:20) “തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചതും തന്റെ ജ്ഞാനത്താൽ ഫലപുഷ്ടിയുള്ള നിലം ഒരുക്കിയതും തന്റെ ഗ്രാഹ്യത്താൽ ആകാശത്തെ വിരിച്ചതും സത്യദൈവമാണ്.” (യിരെമ്യ 10:12) സൃഷ്ടിയിലെ അത്ഭുതങ്ങൾ ദൈവത്തിനു നമ്മളോടുള്ള താത്പര്യത്തെയും എടുത്തുകാണിക്കുന്നു.
ദൈവം മനുഷ്യനെ സൃഷ്ടിച്ചത് “സ്വന്തം ഛായയിൽ” ആണ്. (ഉൽപത്തി 1:27) അതായത്, തന്റെ ഗുണങ്ങൾ ചെറിയ തോതിൽ പ്രതിഫലിപ്പിക്കാനുള്ള കഴിവോടെ. അങ്ങനെ ദൈവം നമ്മുടെ ജീവിതം വിശേഷതയുള്ളതാക്കി. ദൈവത്തിന്റെ വീക്ഷണങ്ങളും മൂല്യങ്ങളും മനസ്സിലാക്കാനുള്ള കഴിവ് ദൈവം നമുക്കു തന്നിട്ടുണ്ട്. നമ്മൾ അതു മനസ്സിലാക്കി ജീവിക്കാൻ ശ്രമിക്കുമ്പോൾ വലിയ സന്തോഷവും ജീവിതത്തിന് ഒരു അർഥവും ഉണ്ടാകും. ഏറ്റവും പ്രധാനമായി, ദൈവവുമായി ഒരു ബന്ധം വളർത്തിയെടുക്കാനുള്ള കഴിവും ദൈവം നമുക്കു തന്നിട്ടുണ്ട്.
ദൈവത്തിന്റെ ഭൂമിയിലെ സൃഷ്ടിക്രിയകൾ ദൈവത്തിനു നമ്മളോടുള്ള താത്പര്യം എടുത്തുകാണിക്കുന്നു. അതെക്കുറിച്ച് പൗലോസ് അപ്പോസ്തലൻ ഇങ്ങനെ പറഞ്ഞു: “ദൈവം തന്നെക്കുറിച്ച് തെളിവുകൾ നൽകാതിരുന്നിട്ടില്ല. ആകാശത്തുനിന്ന് മഴയും ഫലസമൃദ്ധമായ കാലങ്ങളും നൽകിയ ദൈവം വേണ്ടത്ര ആഹാരവും ഹൃദയം നിറയെ സന്തോഷവും തന്ന് നിങ്ങളോടു നന്മ കാണിച്ചു.” (പ്രവൃത്തികൾ 14:17) ജീവൻ നിലനിറുത്തുന്നതിന് ആവശ്യമായതിലും അധികം കാര്യങ്ങൾ ദൈവം തന്നിട്ടുണ്ട്. ജീവിതം ആസ്വദിക്കുന്നതിന് ആവശ്യമായതെല്ലാം ദൈവം നമുക്കു സമൃദ്ധമായും വൈവിധ്യങ്ങളോടുകൂടിയും തന്നിരിക്കുന്നു. എന്നാൽ നമ്മളെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യംവെച്ചുനോക്കുമ്പോൾ ഇതൊന്നും ഒന്നുമല്ല.
സങ്കീർത്തനം 115:16; യശയ്യ 45:18) എങ്ങനെയുള്ളവർക്കുവേണ്ടി? എത്ര കാലം? “നീതിമാന്മാർ ഭൂമി കൈവശമാക്കും; അവർ അവിടെ എന്നുമെന്നേക്കും ജീവിക്കും.”—സങ്കീർത്തനം 37:29.
മനുഷ്യർക്ക് എന്നും ജീവിക്കാൻ കഴിയുന്ന വിധത്തിലാണ് യഹോവ ഭൂമി സൃഷ്ടിച്ചത്. ബൈബിൾ ഇങ്ങനെ പറയുന്നു: “ഭൂമിയോ ദൈവം മനുഷ്യമക്കൾക്കു കൊടുത്തിരിക്കുന്നു.” ദൈവം “ഭൂമിയെ വെറുതേ സൃഷ്ടിക്കാതെ, മനുഷ്യർക്കു താമസിക്കാൻ ഉണ്ടാക്കി.” (ഈ ഉദ്ദേശ്യത്തിൽ യഹോവ ആദ്യമനുഷ്യരായ ആദാമിനെയും ഹവ്വയെയും സൃഷ്ടിച്ച് “കൃഷി ചെയ്യേണ്ടതിനും . . . പരിപാലിക്കേണ്ടതിനും” ഭൂമിയിലെ ഏദെൻ തോട്ടത്തിൽ ആക്കി. (ഉൽപത്തി 2:8, 15) എന്നിട്ട് ദൈവം അവർക്കു രണ്ട് ഉത്തരവാദിത്വങ്ങൾ നൽകി. ദൈവം ഇങ്ങനെ പറഞ്ഞു: ‘നിങ്ങൾ സന്താനസമൃദ്ധിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞ് അതിനെ അടക്കിഭരിക്കുക.’ (ഉൽപത്തി 1:28) ഈ ഭൂമിയിൽ നിത്യം ജീവിക്കാനുള്ള പ്രത്യാശ ആദാമിനും ഹവ്വയ്ക്കും ഉണ്ടായിരുന്നു. എന്നാൽ അവർ ദൈവത്തെ അനുസരിച്ചില്ല. അങ്ങനെ ‘ഭൂമി കൈവശമാക്കുന്ന നീതിമാന്മാരുടെ’ കൂട്ടത്തിൽ അവർ ഇല്ലാതായി. എന്നാൽ അതൊന്നും ഭൂമിയെക്കുറിച്ചും നമ്മളെക്കുറിച്ചും ഉള്ള യഹോവയുടെ ഉദ്ദേശ്യത്തെ തകിടം മറിച്ചില്ല. പിന്നീട് എന്താണു ദൈവം ചെയ്തത്? ചില കാര്യങ്ങൾ നോക്കാം.
ദൈവം തന്റെ വചനം നൽകി
ബൈബിൾ ദൈവവചനമെന്നും അറിയപ്പെടുന്നു. എന്തിനാണ് യഹോവ നമുക്കു ബൈബിൾ തന്നിരിക്കുന്നത്? പ്രധാനമായും ദൈവത്തെക്കുറിച്ച് നമുക്കു പഠിക്കാൻ. (സുഭാഷിതങ്ങൾ 2:1-5) ദൈവത്തെക്കുറിച്ച് നമുക്കുള്ള എല്ലാ ചോദ്യത്തിനും ബൈബിൾ ഉത്തരം തരുന്നില്ല എന്നതു സത്യമാണ്. ഒരു പുസ്തകത്തിനും അതു കഴിഞ്ഞിട്ടില്ല. (സഭാപ്രസംഗകൻ 3:11) എന്നാൽ ബൈബിളിലുള്ള കാര്യങ്ങളെല്ലാം ദൈവത്തെക്കുറിച്ച് അറിയാൻ നമ്മളെ സഹായിക്കുന്നവയാണ്. ആളുകളോടു ദൈവം ഇടപെടുന്ന വിധത്തിൽനിന്ന് ദൈവത്തിന്റെ വ്യക്തിത്വം നമുക്ക് അറിയാൻ കഴിയും. ദൈവത്തിന് ഇഷ്ടപ്പെട്ടവരെയും ഇഷ്ടപ്പെടാത്തവരെയും മനസ്സിലാക്കാൻ കഴിയും. (സങ്കീർത്തനം 15:1-5) ആരാധനയുടെ കാര്യത്തിലും ശരിതെറ്റുകളുടെ കാര്യത്തിലും വസ്തുവകകളുടെ കാര്യത്തിലും ഉള്ള ദൈവത്തിന്റെ വീക്ഷണം നമുക്കു പഠിക്കാം. യഹോവയുടെ വ്യക്തിത്വത്തെക്കുറിച്ചുള്ള വ്യക്തമായ ചിത്രം ദൈവപുത്രനായ യേശുക്രിസ്തുവിന്റെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും ബൈബിൾ വിവരിക്കുന്നു.—യോഹന്നാൻ 14:9.
യഹോവ ബൈബിൾ തന്നിരിക്കുന്നതിന്റെ മറ്റൊരു കാരണം സന്തോഷത്തോടെയുള്ള ഉദ്ദേശ്യപൂർണമായ ഒരു ജീവിതം എങ്ങനെ നയിക്കാമെന്നു നമുക്കു മനസ്സിലാകുന്നതിനുവേണ്ടിയാണ്. കുടുംബജീവിതം എങ്ങനെ സന്തോഷമുള്ളതാക്കാം, എങ്ങനെ തൃപ്തരായിരിക്കാം, ഉത്കണ്ഠകളെ എങ്ങനെ നേരിടാം എന്നൊക്കെ ബൈബിളിലൂടെ യഹോവ നമ്മളോടു പറയുന്നു. ഈ മാസികയിൽ കാണാൻ പോകുന്നതുപോലെ, ജീവിതത്തിലെ പ്രധാനപ്പെട്ട ചോദ്യങ്ങൾക്കുള്ള ഉത്തരവും ബൈബിളിലുണ്ട്. ഉദാഹരണത്തിന്, എന്തുകൊണ്ടാണ് ഇത്രമാത്രം ദുരിതങ്ങളുള്ളത്, ഭാവിയിൽ എന്തു സംഭവിക്കും തുടങ്ങിയ ചോദ്യങ്ങൾ. തന്റെ ഉദ്ദേശ്യം നടപ്പാകുമെന്ന് ഉറപ്പുവരുത്തുന്നതിനു ദൈവം എന്തൊക്കെ ചെയ്തിട്ടുണ്ടെന്നും ബൈബിൾ പറയുന്നു.
ബൈബിൾ ദൈവത്തിന്റെ രചനയാണെന്നു കാണിക്കുന്ന മറ്റു പല സവിശേഷതകളും അതിനുണ്ട്. 40-ഓളം പേർ 1,600 വർഷംകൊണ്ടാണ് എഴുതിയതെങ്കിലും, ഈ പുസ്തകത്തിന്റെ കേന്ദ്രവിഷയം ഒന്നാണ്. കാരണം അതിന്റെ രചയിതാവ് ദൈവമാണ്. (2 തിമൊഥെയൊസ് 3:16) മറ്റു പുരാതന കൃതികളിൽനിന്ന് വ്യത്യസ്തമായി ബൈബിളിന്റെ കൃത്യത ഉറപ്പുവരുത്താൻ ഇന്ന് അതിന്റെ ആയിരക്കണക്കിനു പുരാതന കൈയെഴുത്തുപ്രതികളുണ്ട്. ബൈബിൾ പരിഭാഷ ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും വായിക്കുന്നതിനും വരെ തടസ്സങ്ങളുണ്ടായിരുന്നു. എന്നാൽ ഇന്ന് ഏറ്റവും കൂടുതൽ വിതരണം ചെയ്യുന്നതും പരിഭാഷ ചെയ്യുന്നതും ആയ പുസ്തകം ബൈബിളാണ്. “ദൈവത്തിന്റെ വചനമോ എന്നും നിലനിൽക്കുന്നു” എന്നതിന്റെ തെളിവാണു ബൈബിൾ ഇപ്പോഴുമുള്ളത്.—യശയ്യ 40:8.
തന്റെ ഉദ്ദേശ്യം നടപ്പാകുമെന്നു ദൈവം ഉറപ്പുവരുത്തി
നമ്മളെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യം നടപ്പാകുമെന്ന് ഉറപ്പുവരുത്തുന്നതിനുവേണ്ടിയും ദൈവം ഒരു പ്രധാനകാര്യം ചെയ്തു. മുമ്പു പറഞ്ഞതുപോലെ, ഭൂമിയിൽ മനുഷ്യർ എന്നേക്കും ജീവിക്കണം എന്നാണു ദൈവം ഉദ്ദേശിച്ചിരുന്നത്. എന്നാൽ ദൈവത്തോട് അനുസരണക്കേടു കാണിച്ചുകൊണ്ട് ആദാം പാപം ചെയ്തു. അങ്ങനെ, നിത്യം ജീവിക്കാനുള്ള തന്റെ അവസരം മാത്രമല്ല ഭാവിതലമുറയുടെ അവസരംകൂടെ ആദാം നഷ്ടപ്പെടുത്തി. “ഒരു മനുഷ്യനിലൂടെ പാപവും പാപത്തിലൂടെ മരണവും ലോകത്തിൽ കടന്നു. അങ്ങനെ എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം എല്ലാ മനുഷ്യരിലേക്കും വ്യാപിച്ചു.” (റോമർ 5:12) ഈ അനുസരണക്കേടു കാരണം ദൈവത്തിന്റെ ഉദ്ദേശ്യം ഇനി നടക്കില്ലെന്ന അവസ്ഥയിലായി. യഹോവ എന്തു ചെയ്തു?
തന്റെ മഹനീയഗുണങ്ങൾക്കു ചേർച്ചയിലാണ് യഹോവ പ്രവർത്തിക്കുന്നത്. ആദാമും ഹവ്വയും ചെയ്ത തെറ്റിന്റെ ഫലം അവർതന്നെ അനുഭവിക്കാൻ ദൈവം ഇടയാക്കി. എങ്കിലും അവരുടെ മക്കൾക്കുവേണ്ടി ദൈവം സ്നേഹത്തോടെ ചില കാര്യങ്ങൾ ചെയ്തു. തന്റെ ജ്ഞാനം ഉപയോഗിച്ച് ഈ പ്രശ്നത്തിനുള്ള പരിഹാരം യഹോവ കണ്ടെത്തി. അതു പെട്ടെന്നു പ്രഖ്യാപിക്കുകയും ചെയ്തു. (ഉൽപത്തി 3:15) ദൈവപുത്രനായ യേശുക്രിസ്തുവിലൂടെയായിരിക്കും പാപത്തിൽനിന്നും മരണത്തിൽനിന്നും ഉള്ള വിടുതൽ സാധ്യമാകുക. അതിൽ എന്തൊക്കെ ഉൾപ്പെടുന്നു?
a (മത്തായി 20:28; യോഹന്നാൻ 14:6) ആദാമിനെപ്പോലെ പൂർണമനുഷ്യനായിരുന്നതുകൊണ്ട് യേശുവിനു മോചനവില കൊടുക്കാൻ കഴിയുമായിരുന്നു. എന്നാൽ ആദാമിൽനിന്ന് വ്യത്യസ്തമായി യേശു മരണംവരെ എല്ലാ കാര്യത്തിലും ദൈവത്തെ അനുസരിച്ചു. യേശു മരിക്കേണ്ടവനല്ലായിരുന്നതുകൊണ്ട് യഹോവ സ്വർഗീയജീവനിലേക്കു യേശുവിനെ ഉയിർപ്പിച്ചു. യേശുവിന് ഇനി ആദാം ചെയ്യാൻ പരാജയപ്പെട്ട കാര്യം ചെയ്യാനാകും. അതായത്, അനുസരണമുള്ള മനുഷ്യർക്കു നിത്യം ജീവിക്കാനുള്ള അവസരം കൊടുക്കുന്നത്. “ഒറ്റ മനുഷ്യന്റെ അനുസരണക്കേടുകൊണ്ട് അനേകർ പാപികളായതുപോലെ ഒറ്റ വ്യക്തിയുടെ അനുസരണംകൊണ്ട് അനേകർ നീതിമാന്മാരായിത്തീരും.” (റോമർ 5:19) യേശുവിന്റെ മോചനവിലയിലൂടെ, മനുഷ്യർ ഈ ഭൂമിയിൽ എന്നേക്കും ജീവിക്കും എന്ന തന്റെ വാഗ്ദാനം ദൈവം നിറവേറ്റും.
ആദാമിന്റെ ധിക്കാരത്തിന്റെ ഫലമായി വന്ന പ്രശ്നങ്ങളിൽനിന്ന് മനുഷ്യകുടുംബത്തെ വീണ്ടെടുക്കുന്നതിനുവേണ്ടി, ആളുകളെ ജീവനിലേക്കുള്ള വഴി പഠിപ്പിക്കാനും “അനേകർക്കുവേണ്ടി . . . ജീവൻ മോചനവിലയായി കൊടുക്കാനും” യേശുവിനെ യഹോവ ഭൂമിയിലേക്ക് അയച്ചു.ആദാമിന്റെ അനുസരണക്കേടുകൊണ്ടുണ്ടായ പ്രശ്നങ്ങളെ യഹോവ കൈകാര്യം ചെയ്ത വിധത്തിൽനിന്ന് യഹോവയെക്കുറിച്ച് നമുക്ക് ഒരുപാടു കാര്യങ്ങൾ പഠിക്കാൻ കഴിയും. യഹോവ തുടങ്ങിവെച്ചതു തടയാൻ ഒന്നിനും കഴിയില്ല, ദൈവം വാഗ്ദാനം ചെയ്ത കാര്യങ്ങൾ “ഉറപ്പായും നടത്തും.” (യശയ്യ 55:11) അതുപോലെ, യഹോവ നമ്മളെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്നും യഹോവ ആ പ്രശ്നങ്ങൾ കൈകാര്യം ചെയ്ത വിധത്തിൽനിന്ന് നമുക്കു മനസ്സിലാക്കാനാകും. “തന്റെ ഏകജാതനിലൂടെ നമുക്കു ജീവൻ ലഭിക്കാൻവേണ്ടി ദൈവം ആ മകനെ ലോകത്തേക്ക് അയച്ചു. ഇതിലൂടെ ദൈവത്തിനു നമ്മളോടുള്ള സ്നേഹം വെളിപ്പെട്ടിരിക്കുന്നു. നമ്മൾ ദൈവത്തെ സ്നേഹിച്ചിട്ടല്ല, പകരം നമ്മളോടുള്ള സ്നേഹം കാരണമാണു ദൈവം തന്റെ മകനെ നമ്മുടെ പാപങ്ങൾക്ക് ഒരു അനുരഞ്ജനബലിയായി അയച്ചത്. ഇതാണ് യഥാർഥസ്നേഹം.”—1 യോഹന്നാൻ 4:9, 10.
“സ്വന്തം പുത്രനെത്തന്നെ നമുക്കെല്ലാംവേണ്ടി തരാൻ ദൈവം മനസ്സു” കാണിച്ചതുകൊണ്ട് വാഗ്ദാനം ചെയ്ത ‘മറ്റെല്ലാം ദൈവം നമുക്കു തരുമെന്ന്’ ഉറപ്പാണ്. (റോമർ 8:32) നമുക്കുവേണ്ടി ദൈവം എന്തു ചെയ്യുമെന്നാണു പറഞ്ഞിരിക്കുന്നത്? തുടർന്ന് വായിക്കൂ.
ദൈവം എന്തൊക്കെ ചെയ്തിട്ടുണ്ട്? ഭൂമിയിൽ എക്കാലവും ജീവിക്കാൻ യഹോവ മനുഷ്യരെ സൃഷ്ടിച്ചു. യഹോവയെക്കുറിച്ച് പഠിക്കാൻവേണ്ടി നമുക്കു ബൈബിൾ തന്നു. യേശുക്രിസ്തുവിലൂടെ യഹോവ മോചനവില നൽകി. അങ്ങനെ തന്റെ ഉദ്ദേശ്യം നടപ്പാകുമെന്ന് യഹോവ ഉറപ്പുവരുത്തി
a മോചനവിലയെക്കുറിച്ച് കൂടുതൽ അറിയാൻ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ജീവിതം ആസ്വദിക്കാം പുസ്തകത്തിന്റെ 27-ാം പാഠം കാണുക. www.dan124.com വെബ്സൈറ്റിലും ലഭ്യം.