നമ്മൾ വയസ്സാകുകയും മരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്?
മനുഷ്യൻ മരിക്കണമെന്നതു ദൈവത്തിന്റെ ഉദ്ദേശ്യമായിരുന്നില്ല. ആദ്യമാതാപിതാക്കളായ ആദാമിനെയും ഹവ്വയെയും പൂർണതയുള്ള മനസ്സോടും ശരീരത്തോടും കൂടെയാണു ദൈവമായ യഹോവ സൃഷ്ടിച്ചത്. അവർക്ക് ഇന്നും ജീവിച്ചിരിക്കാൻ കഴിയുമായിരുന്നു. ഏദെൻ തോട്ടത്തിലുണ്ടായിരുന്ന ഒരു മരത്തെക്കുറിച്ച് യഹോവ ആദാമിനോടു പറഞ്ഞതിൽനിന്ന് അതു വ്യക്തമാണ്.
“അതിൽനിന്ന് തിന്നുന്ന ദിവസം നീ നിശ്ചയമായും മരിക്കും” എന്ന് ദൈവം ആദാമിനോടു പറഞ്ഞു. (ഉൽപത്തി 2:17) ആദാം വയസ്സുചെന്ന് മരിക്കാനാണു ദൈവം ആഗ്രഹിച്ചതെങ്കിൽ അങ്ങനെയൊരു കല്പന ദൈവം കൊടുക്കില്ലായിരുന്നു. അതുകൊണ്ട് ആ മരത്തിന്റെ പഴം കഴിക്കാതിരുന്നാൽ താൻ മരിക്കില്ലെന്ന കാര്യം ആദാമിന് അറിയാമായിരുന്നു.
മനുഷ്യൻ മരിക്കണമെന്നതു ദൈവത്തിന്റെ ഉദ്ദേശ്യമായിരുന്നില്ല
ഭക്ഷണത്തിനായി അവർക്ക് ആ മരത്തിലെ പഴം മാത്രമല്ല ഉണ്ടായിരുന്നത്. നിറയെ പഴങ്ങളുള്ള ധാരാളം മരങ്ങൾ ആ തോട്ടത്തിലുണ്ടായിരുന്നു. (ഉൽപത്തി 2:9) ജീവൻ തന്ന ദൈവത്തോട് അനുസരണം കാണിക്കുന്നതിനുള്ള ഒരു വഴിയായിരുന്നു ആ മരത്തിൽനിന്ന് കഴിക്കാതിരിക്കുന്നത്. കൂടാതെ, എന്തു ചെയ്യണം, എന്തു ചെയ്യരുത് എന്നു പറയാനുള്ള അവകാശം ദൈവത്തിനുണ്ടെന്ന കാര്യം അവർ അംഗീകരിക്കുന്നെന്ന് അവർക്ക് അങ്ങനെ കാണിക്കാമായിരുന്നു.
ആദാമും ഹവ്വയും മരിക്കാൻ കാരണം
ആദാമും ഹവ്വയും മരിക്കാനുള്ള കാരണം മനസ്സിലാകണമെങ്കിൽ അതിന് ഇടയാക്കിയ ഒരു സംഭാഷണത്തെക്കുറിച്ച് ആദ്യം നമ്മൾ മനസ്സിലാക്കണം. ആ സംഭാഷണം നമ്മളെയും ബാധിക്കുന്നതാണ്. പിശാചായ സാത്താൻ ഒരു പാമ്പിനെ ഉപയോഗിച്ച് വളരെ ദ്രോഹകരമായ ഒരു നുണ പറയുന്നു. ബൈബിൾവിവരണം അതെക്കുറിച്ച് ഇങ്ങനെ പറയുന്നു: “ദൈവമായ യഹോവ ഭൂമിയിൽ ഉണ്ടാക്കിയ എല്ലാ വന്യജീവികളിലുംവെച്ച് ഏറ്റവും ജാഗ്രതയുള്ളതായിരുന്നു സർപ്പം. അതു സ്ത്രീയോട്, ‘തോട്ടത്തിലെ എല്ലാ മരങ്ങളിൽനിന്നും നിങ്ങൾ തിന്നരുതെന്നു ദൈവം ശരിക്കും പറഞ്ഞിട്ടുണ്ടോ’എന്നു ചോദിച്ചു.”—ഉൽപത്തി 3:1.
അതിനു ഹവ്വ ഇങ്ങനെ മറുപടി പറഞ്ഞു: “തോട്ടത്തിലെ മരങ്ങളുടെ പഴം ഞങ്ങൾക്കു തിന്നാം. എന്നാൽ തോട്ടത്തിനു നടുവിലുള്ള മരത്തിലെ പഴത്തെക്കുറിച്ച് ദൈവം ഇങ്ങനെ പറഞ്ഞിട്ടുണ്ട്: ‘നിങ്ങൾ അതിൽനിന്ന് തിന്നരുത്, അതു തൊടാൻപോലും പാടില്ല. അങ്ങനെ ചെയ്താൽ നിങ്ങൾ മരിക്കും.’” അപ്പോൾ സർപ്പം സ്ത്രീയോടു പറഞ്ഞു: “നിങ്ങൾ മരിക്കില്ല, ഉറപ്പ്! അതിൽനിന്ന് തിന്നുന്ന ആ ദിവസംതന്നെ നിങ്ങളുടെ കണ്ണുകൾ തുറക്കുമെന്നും നിങ്ങൾ ശരിയും തെറ്റും അറിയുന്നവരായി ദൈവത്തെപ്പോലെയാകുമെന്നും ദൈവത്തിന് അറിയാം.” സാത്താൻ ഇങ്ങനെ പറഞ്ഞതിലൂടെ യഹോവ പറഞ്ഞതു നുണയാണെന്നും അവരിൽനിന്ന് ചില നല്ല കാര്യങ്ങൾ പിടിച്ചുവെച്ചിരിക്കുകയാണെന്നും ആരോപിക്കുകയായിരുന്നു.—ഉൽപത്തി 3:2-5.
കേട്ടതൊക്കെ ഹവ്വ അപ്പാടെ വിശ്വസിച്ചു. അവൾ മരത്തിലേക്കു നോക്കി. അതു കാണാൻ മനോഹരവും ഭംഗിയുള്ളതും ആയിരുന്നു. അവൾ കൈ നീട്ടി ആ പഴം പറിച്ച് തിന്നു. തുടർന്ന് ബൈബിൾ പറയുന്നത് ഇതാണ്: “പിന്നീട്, ഭർത്താവിനോടുകൂടെയായിരുന്നപ്പോൾ ഭർത്താവിനും കുറച്ച് കൊടുത്തു; ഭർത്താവും തിന്നു.”—ഉൽപത്തി 3:6.
ദൈവം ആദാമിനോടു പറഞ്ഞു: “അതിൽനിന്ന് തിന്നുന്ന ദിവസം നീ നിശ്ചയമായും മരിക്കും.”—ഉൽപത്തി 2:17
തന്റെ പ്രിയപ്പെട്ട മക്കൾ മനഃപൂർവ്വം തന്നോട് അനുസരണക്കേടു കാണിച്ചപ്പോൾ ദൈവത്തിനു എന്തുമാത്രം വേദന തോന്നിയിരിക്കും. ദൈവം എന്തു ചെയ്തു? യഹോവ ആദാമിനോടു പറഞ്ഞു: ‘നിന്നെ എടുത്തിരിക്കുന്ന നിലത്ത് നീ തിരികെ ചേരും. . . . നീ പൊടിയാണ്, പൊടിയിലേക്കു തിരികെ ചേരും.’ (ഉൽപത്തി 3:17-19) അങ്ങനെ സംഭവിച്ചോ? “ആദാം ആകെ 930 വർഷം ജീവിച്ചു. പിന്നെ ആദാം മരിച്ചു.” (ഉൽപത്തി 5:5) ആദാം സ്വർഗത്തിലേക്കു പോകുകയോ മറ്റേതെങ്കിലും ആത്മമണ്ഡലത്തിലേക്കു പോകുകയോ ചെയ്തില്ല. പൊടിയിൽ നിന്ന് ആദാമിനെ സൃഷ്ടിക്കുന്നതിനു മുമ്പ് ആദാം അസ്തിത്വത്തിൽ ഇല്ലായിരുന്നു. ആദാം മരിച്ചപ്പോൾ ആദാമിനു ജീവനും ശരീരവും നഷ്ടമായി, വീണ്ടും പൊടിയായിത്തീർന്നു. അങ്ങനെ ആദാം അസ്തിത്വത്തിൽ ഇല്ലാതെയായി. എത്ര പരിതാപകരമായ അവസ്ഥ!
നമ്മൾ പൂർണരല്ലാത്തത് എന്തുകൊണ്ട്?
മനഃപൂർവ്വം അനുസരണക്കേടു കാണിച്ചതുകൊണ്ട് ആദാമിനും ഹവ്വയ്ക്കും പൂർണത നഷ്ടപ്പെട്ടു. അതോടൊപ്പം എന്നേക്കും ജീവിക്കാനുള്ള അവസരവും. അവർക്കു ശാരീരകമായി മാറ്റങ്ങൾ ഉണ്ടായി, അവർ അപൂർണരും പാപികളുമായി. എന്നാൽ ആ അനുസരണക്കേട് അവരെ മാത്രമല്ല ബാധിച്ചത്. അവരുടെ പാപാവസ്ഥ അവർ മക്കൾക്കു കൈമാറി. റോമർ 5:12 പറയുന്നു: “ഒരു മനുഷ്യനിലൂടെ (ആദാമിലൂടെ) പാപവും പാപത്തിലൂടെ മരണവും ലോകത്തിൽ കടന്നു. അങ്ങനെ എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം എല്ലാ മനുഷ്യരിലേക്കും വ്യാപിച്ചു.”
പാപത്തെയും മരണത്തെയും കുറിച്ച് ബൈബിൾ പറയുന്നത്: “എല്ലാ ജനങ്ങളെയും പൊതിഞ്ഞിരിക്കുന്ന കച്ച,” “എല്ലാ ജനതകളുടെയും മേൽ നെയ്തിട്ടിരിക്കുന്ന പുതപ്പ്” എന്നൊക്കെയാണ്. (യശയ്യ 25:7) ആ കച്ച മനുഷ്യകുടുംബത്തെ പൊതിഞ്ഞിരിക്കുന്ന വിഷമഞ്ഞുപോലെയാണ്. അതിൽനിന്ന് ആർക്കും രക്ഷപ്പെടാനാകില്ല. അതുകൊണ്ട് ‘ആദാമിൽ എല്ലാവരും മരിക്കുന്നു.’ (1 കൊരിന്ത്യർ 15:22) ഇത് അപ്പോസ്തലനായ പൗലോസ് ചോദിച്ച ഒരു ചോദ്യം നമ്മുടെ മനസ്സിലേക്കു കൊണ്ടുവരും: “ഇത്തരമൊരു മരണത്തിന് അധീനമായ ഈ ശരീരത്തിൽനിന്ന് എന്നെ മോചിപ്പിക്കാൻ ആരുണ്ട്?” ശരിക്കും ആരെങ്കിലുമുണ്ടോ?—റോമർ 7:24.