വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബർന്നെറ്റ്‌, സിമോൺ, എസ്റ്റൺ, കെയ്‌ലബ്‌

ആത്മാർപ്പ​ണ​ത്തി​ന്റെ മാതൃ​കകൾ—ഓഷ്യാ​നി​യ

ആത്മാർപ്പ​ണ​ത്തി​ന്റെ മാതൃ​കകൾ—ഓഷ്യാ​നി​യ

ഓസ്‌​ട്രേ​ലി​യ​യി​ലെ തീക്ഷ്‌ണ​ത​യുള്ള ഒരു സാക്ഷി​ക്കു​ടും​ബ​ത്തി​ലാണ്‌ ഇപ്പോൾ മുപ്പതു​ക​ളു​ടെ മധ്യത്തി​ലുള്ള റെനെ വളർന്നു​വ​ന്നത്‌. അവൾ പറയുന്നു: “രാജ്യ​പ്ര​ചാ​ര​ക​രു​ടെ ആവശ്യം അധിക​മുള്ള സ്ഥലങ്ങളി​ലേക്കു ഞങ്ങൾ പല പ്രാവ​ശ്യം മാറി​ത്താ​മ​സി​ച്ചു. ഡാഡി​യും മമ്മിയും കാര്യങ്ങൾ ആവേശ​ക​ര​വും ആസ്വാ​ദ്യ​ക​ര​വും ആക്കി! എനിക്കു മക്കളു​ണ്ടാ​യ​പ്പോൾ, അവർ രണ്ടു​പേ​രും ഞാൻ ആസ്വദിച്ച അതേ ജീവിതം ആസ്വദി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു എന്റെ ആഗ്രഹം.”

മുപ്പതു​ക​ളു​ടെ അവസാ​ന​ത്തി​ലുള്ള, റെനെ​യു​ടെ ഭർത്താ​വായ ഷെയ്‌നി​നും സമാന​മായ ആത്മീയ​ല​ക്ഷ്യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. അദ്ദേഹം വിശദീ​ക​രി​ക്കു​ന്നു: “രണ്ടാമത്തെ കുട്ടി ജനിച്ച​ശേഷം, വീക്ഷാ​ഗോ​പു​ര​ത്തിൽ വായിച്ച ഒരു അനുഭവം ഞങ്ങൾക്ക്‌ വലിയ പ്രചോ​ദ​ന​മാ​യി​രു​ന്നു. ശാന്തസ​മു​ദ്ര​ത്തി​നു തെക്കു​പ​ടി​ഞ്ഞാ​റുള്ള ടോം​ഗ​യി​ലെ ദ്വീപു​ക​ളിൽ ബോട്ടിൽ പോയി സുവാർത്ത അറിയിച്ച ഒരു കുടും​ബ​ത്തെ​ക്കു​റി​ച്ചാ​യി​രു​ന്നു അത്‌. a ആ അനുഭവം വായി​ച്ചത്‌ ആവശ്യം അധിക​മുള്ള പ്രദേ​ശ​ങ്ങ​ളിൽ പോയി പ്രവർത്തി​ക്കാൻ ഞങ്ങളെ പ്രേരി​പ്പി​ച്ചു. അത്തരം പ്രദേ​ശങ്ങൾ എവി​ടെ​യാ​ണെന്ന്‌ അറിയാ​നാ​യി ഓസ്‌​ട്രേ​ലി​യ​യി​ലെ​യും ന്യൂസി​ലൻഡി​ലെ​യും യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ബ്രാ​ഞ്ചോ​ഫീ​സി​ലേക്ക്‌ ഞങ്ങൾ എഴുതി ചോദി​ച്ചു. b മറുപ​ടി​യാ​യി ഞങ്ങൾക്ക്‌ ടോം​ഗ​യിൽ പ്രവർത്തി​ക്കാൻ ക്ഷണം കിട്ടി-ഞങ്ങൾ വായി​ച്ചു​കേട്ട അതേ സ്ഥലത്തു​തന്നെ!”

ജേക്കബ്‌, റെനെ, സ്‌കൈ, ഷെയ്‌ൻ

ഷെയ്‌നും റെനെ​യും, അവരുടെ മക്കളായ ജേക്കബും സ്‌​കൈ​യും ഏതാണ്ട്‌ ഒരു വർഷ​ത്തോ​ളം ടോം​ഗ​യിൽ താമസി​ച്ചു. എന്നാൽ തുടർച്ച​യാ​യു​ണ്ടായ രാഷ്‌ട്രീ​യ​ക​ലാ​പങ്ങൾ നിമിത്തം അവർക്ക്‌ ഓസ്‌​ട്രേ​ലി​യ​യി​ലേക്ക്‌ മടങ്ങേ​ണ്ടി​വന്നു. എങ്കിലും, ശുശ്രൂഷ വികസി​പ്പി​ക്കുക എന്ന ലക്ഷ്യം അവർ അപ്പോ​ഴും അവരുടെ മനസ്സിൽ നിലനി​റു​ത്തി. 2011-ൽ ഓസ്‌​ട്രേ​ലി​യ​യ്‌ക്ക്‌ 1,500 കിലോ​മീ​റ്റർ കിഴക്കുള്ള ശാന്തസ​മു​ദ്ര​ത്തി​ലെ ഒരു ചെറിയ ദ്വീപായ നോർഫോക്‌ ദ്വീപി​ലേക്ക്‌ മാറി​ത്താ​മ​സി​ച്ചു. ആ നീക്കം വിജയം കണ്ടോ? ഇപ്പോൾ 14 വയസ്സുള്ള ജേക്കബ്‌ പറയുന്നു: “യഹോവ ഞങ്ങളുടെ എല്ലാ ആവശ്യ​ങ്ങൾക്കു​മാ​യി കരുതി​യെന്നു മാത്രമല്ല, ഞങ്ങളുടെ ശുശ്രൂ​ഷ​യും രസകര​മാ​ക്കി!”

കുടും​ബം ഒന്നിച്ച്‌ മുന്നോ​ട്ടു വരുന്നു

ഷെയ്‌നും കുടും​ബ​വും ചെയ്‌ത​തു​പോ​ലെ, മറ്റനേകം സാക്ഷി​ക്കു​ടും​ബ​ങ്ങ​ളും “ആവശ്യാ​നു​സ​രണം സേവി​ക്കു​ന്നവർ” എന്ന നിലയിൽ സേവി​ക്കാൻ തങ്ങളെ​ത്തന്നെ മനസ്സോ​ടെ അർപ്പി​ച്ചി​രി​ക്കു​ന്നു. അതിന്‌ അവരെ പ്രേരി​പ്പി​ച്ചി​രി​ക്കു​ന്നത്‌ എന്താണ്‌?

“അവി​ടെ​യുള്ള അനേക​രും സുവാർത്ത​യിൽ താത്‌പ​ര്യ​മു​ള്ള​വ​രാ​യി​രു​ന്നു. അവർക്ക്‌ ക്രമമാ​യി ബൈബിൾ പഠിക്കാ​നുള്ള അവസരം ഒരുക്കി​ക്കൊ​ടു​ക്കാൻ ഞങ്ങൾ ആഗ്രഹി​ച്ചു.”—ബർന്നെറ്റ്‌

മുപ്പതു​ക​ളു​ടെ മധ്യത്തി​ലുള്ള, ബർന്നെ​റ്റും സിമോ​ണും 12-ഉം 9-ഉം വയസ്സ്‌ വീതം പ്രായ​മുള്ള അവരുടെ മക്കളായ എസ്റ്റണും കെയ്‌ല​ബും ഓസ്‌​ട്രേ​ലി​യ​യി​ലെ ക്വീൻസ്‌ലാൻഡി​ലുള്ള ഒരു ഒറ്റപ്പെട്ട പട്ടണമായ ബർക്‌ടൗ​ണി​ലേക്ക്‌ മാറി​ത്താ​മ​സി​ച്ചു. ബർന്നെറ്റ്‌ വിശദീ​ക​രി​ക്കു​ന്നു: “മൂന്നോ നാലോ വർഷം കൂടു​മ്പോ​ഴാണ്‌ സാക്ഷികൾ അവിടെ പ്രവർത്തി​ച്ചി​രു​ന്നത്‌. അവി​ടെ​യുള്ള അനേക​രും സുവാർത്ത​യിൽ താത്‌പ​ര്യ​മു​ള്ള​വ​രാ​യി​രു​ന്നു. അവർക്ക്‌ ക്രമമാ​യി ബൈബിൾ പഠിക്കാ​നുള്ള അവസരം ഒരുക്കി​ക്കൊ​ടു​ക്കാൻ ഞങ്ങൾ ആഗ്രഹി​ച്ചു.”

ജിം, ജാക്ക്‌, മാർക്ക്‌, കാരൻ

അമ്പതു​ക​ളു​ടെ തുടക്ക​ത്തി​ലുള്ള മാർക്കും കാരനും, ഓസ്‌​ട്രേ​ലി​യ​യി​ലെ സിഡ്‌നി​ക്ക​ടു​ത്തുള്ള പല സഭകളി​ലും സേവിച്ചു. പിന്നീട്‌ അവരും അവരുടെ മൂന്നു മക്കളും-ജെസീക്ക, ജിം, ജാക്ക്‌-നലൻബോ​യി​യി​ലേക്ക്‌ മാറി​ത്താ​മ​സി​ച്ചു. അത്‌ വടക്കൻ പ്രദേ​ശ​ത്തുള്ള ഒറ്റപ്പെട്ട ഒരു ഖനി​പ്ര​ദേ​ശ​മാ​യി​രു​ന്നു. മാർക്ക്‌ പറയുന്നു: “ആളുക​ളോട്‌ എനിക്ക്‌ വളരെ സ്‌നേ​ഹ​മുണ്ട്‌. അതിനാൽ ആവശ്യം അധിക​മുള്ള സഭയി​ലും പ്രദേ​ശ​ത്തും പ്രവർത്തി​ക്കാൻ ഞാൻ ആഗ്രഹി​ച്ചു.” എന്നാൽ കാരന്‌ മാറി​ത്താ​മ​സി​ക്കാൻ ആദ്യം അല്‌പം മടിയു​ണ്ടാ​യി​രു​ന്നു. കാരൻ പറയുന്നു: “മാർക്കും മറ്റുള്ള​വ​രും എന്നെ പ്രോ​ത്സാ​ഹി​പ്പി​ച്ച​പ്പോൾ ഒന്നു ശ്രമി​ച്ചു​നോ​ക്കാൻ ഞാൻ തീരു​മാ​നി​ച്ചു. ആ തീരു​മാ​ന​മെ​ടു​ത്ത​തിൽ ഞാൻ ഇപ്പോൾ ഏറെ സന്തോ​ഷി​ക്കു​ന്നു.”

ബെഞ്ചമിൻ, ജെയ്‌ഡ്‌, ബ്രിയ, കരോലിൻ

2011-ൽ ബെഞ്ചമി​നും കരോ​ലി​നും, അവരുടെ സ്‌കൂൾപ്രാ​യ​ത്തി​ലെ​ത്താത്ത രണ്ട്‌ പെൺമ​ക്ക​ളും-ജെയ്‌ഡ്‌, ബ്രിയ-ഓസ്‌​ട്രേ​ലി​യ​യി​ലെ ക്വീൻസ്‌ലാൻഡിൽനി​ന്നും ടിമോർ ലെസ്‌തെ​യി​ലേക്ക്‌ മാറി​ത്താ​മ​സി​ച്ചു. ഇൻഡൊ​നീ​ഷ്യൻ ദ്വീപ​സ​മൂ​ഹ​ത്തിൽ ഉൾപ്പെ​ടുന്ന ഒരു ചെറിയ രാജ്യ​മാ​ണിത്‌. ബെൻ പറയുന്നു: “കരോ​ലി​നും ഞാനും മുമ്പ്‌ ടിമോർ ലെസ്‌തെ​യിൽ പ്രത്യേ​ക​മുൻനി​ര​സേ​വ​ക​രാ​യി പ്രവർത്തി​ച്ചി​ട്ടുണ്ട്‌. സാക്ഷീ​ക​രണം ഞങ്ങൾ നന്നായി ആസ്വദി​ച്ചി​രു​ന്നു. സഹോ​ദ​ര​ങ്ങ​ളു​ടെ നല്ല പിന്തു​ണ​യും ഉണ്ടായി​രു​ന്നു. അവിടുന്ന്‌ മടങ്ങി​പ്പോ​രേ​ണ്ടി​വ​ന്നത്‌ ഞങ്ങളെ വളരെ വിഷമി​പ്പി​ച്ചു. വീണ്ടും അങ്ങോട്ട്‌ തിരികെ പോകാൻ ഞങ്ങൾ ആഗ്രഹി​ച്ചു. എന്നാൽ കുട്ടികൾ ഉണ്ടായ​പ്പോൾ ആ പ്ലാൻ പിന്ന​ത്തേക്ക്‌ നീട്ടി​വെച്ചു.” കരോ​ലിൻ കൂട്ടി​ച്ചേർക്കു​ന്നു: “ഞങ്ങളുടെ മക്കൾ മിഷന​റി​മാ​രു​ടെ​യും ബെഥേൽ അംഗങ്ങ​ളു​ടെ​യും പ്രത്യേ​ക​മുൻനി​ര​സേ​വ​ക​രു​ടെ​യും ഒക്കെ ഒപ്പമാ​യി​രി​ക്കാ​നും ഏറ്റവും നല്ല ആത്മീയ അന്തരീ​ക്ഷ​ത്തി​ലാ​യി​രി​ക്കാ​നും ഞങ്ങൾ ആഗ്രഹി​ച്ചു.”

മാറി​ത്താ​മ​സി​ക്കാ​നാ​യുള്ള ഒരുക്കങ്ങൾ

യേശു ശിഷ്യ​ന്മാ​രോട്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങളിൽ ഒരുവൻ ഒരു ഗോപു​രം പണിയാൻ ആഗ്രഹി​ക്കു​ന്നു​വെ​ന്നി​രി​ക്കട്ടെ. അതു തീർക്കാ​നുള്ള വകയു​ണ്ടോ എന്നറി​യാൻ അവൻ ആദ്യം ഇരുന്ന്‌ ചെലവു കണക്കു​കൂ​ട്ടു​ക​യി​ല്ല​യോ?” (ലൂക്കോ. 14:28) അതു​പോ​ലെ, ഒരു കുടും​ബം മറ്റൊരു പ്രദേ​ശ​ത്തേക്കു മാറി​ത്താ​മ​സി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ചിന്തി​ക്കു​മ്പോൾ, നല്ല ആസൂ​ത്രണം കൂടിയേ തീരൂ. ഏതെല്ലാം കാര്യങ്ങൾ കണക്കി​ലെ​ടു​ക്കണം?

ആത്മീയം: ബെൻ പറയുന്നു: “മറ്റുള്ള​വർക്ക്‌ ഒരു ഭാരമാ​യി​രി​ക്കാൻ ഞങ്ങൾ ആഗ്രഹി​ച്ചില്ല, പകരം അവരെ സഹായി​ക്കാ​നാണ്‌ ഞങ്ങൾ ആഗ്രഹി​ച്ചത്‌. അതു​കൊണ്ട്‌ അങ്ങോട്ട്‌ പോകു​ന്ന​തി​നു​മുമ്പ്‌ ഞങ്ങൾ ആത്മീയ​മാ​യി കരുത്ത​രാ​ണെന്ന്‌ ഉറപ്പു​വ​രു​ത്തി. അതു​പോ​ലെ ശുശ്രൂ​ഷ​യി​ലും മറ്റു സഭാ​പ്ര​വർത്ത​ന​ങ്ങ​ളി​ലും ഉള്ള പങ്ക്‌ വർധി​പ്പി​ക്കു​ക​യും ചെയ്‌തു.”

മുൻഖ​ണ്ഡി​ക​യിൽ പരാമർശിച്ച ജേക്കബ്‌ പറയുന്നു: “നോർഫോക്‌ ദ്വീപി​ലേക്ക്‌ പോകു​ന്ന​തി​നു​മുമ്പ്‌ ആവശ്യം അധിക​മു​ള്ളി​ടത്തു സേവിച്ച അനേകം കുടും​ബ​ങ്ങ​ളു​ടെ ജീവി​ത​ക​ഥകൾ ഞങ്ങൾ വീക്ഷാ​ഗോ​പു​ര​ത്തിൽനി​ന്നും ഉണരുക!യിൽനി​ന്നും വായിച്ചു. അവരെ​ല്ലാം നേരിട്ട പ്രതി​സ​ന്ധി​ക​ളെ​ക്കു​റി​ച്ചും അപ്പോ​ഴെ​ല്ലാം യഹോവ അവർക്കാ​യി കരുതി​യ​തി​നെ​ക്കു​റി​ച്ചും ഞങ്ങൾ സംസാ​രി​ച്ചു.” 11 വയസ്സു​കാ​രി​യായ അവന്റെ സഹോ​ദരി സ്‌കൈ ഇങ്ങനെ പറഞ്ഞു: “ഞാൻ ഒത്തിരി പ്രാർഥി​ച്ചു, ഒറ്റയ്‌ക്കും, മമ്മിയു​ടെ​യും ഡാഡി​യു​ടെ​യും കൂടെ​യും!”

വൈകാ​രി​കം: റെനെ പറയുന്നു: “അടുത്ത ബന്ധുക്കൾക്കും സ്‌നേ​ഹി​തർക്കും ഒപ്പം, എനിക്ക്‌ ഇഷ്ടപ്പെട്ട ഒരു സ്ഥലത്ത്‌ ജീവി​ക്കു​ന്നത്‌ എന്നെ സംബന്ധിച്ച്‌ വളരെ എളുപ്പ​മാ​യി​രു​ന്നു. എന്നാൽ വിട്ടു​ക​ള​യാൻ പോകുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്ന​തിന്‌ പകരം ഈ മാറ്റം ഞങ്ങളുടെ കുടും​ബ​ത്തിന്‌ എങ്ങനെ പ്രയോ​ജനം ചെയ്യു​മെ​ന്നാണ്‌ ഞാൻ ചിന്തി​ച്ചത്‌.”

സാംസ്‌കാ​രി​കം: പുതിയ ചുറ്റു​പാ​ടു​ക​ളു​മാ​യി ഇണങ്ങി​ച്ചേ​രാൻ കഴി​യേ​ണ്ട​തിന്‌ പല കുടും​ബ​ങ്ങ​ളും ആ സ്ഥലങ്ങ​ളെ​ക്കു​റിച്ച്‌ മുന്ന​മേ​തന്നെ പഠിക്കു​ന്നു. മാർക്ക്‌ പറയുന്നു: “നലൻബോ​യി എന്ന സ്ഥലത്തെ​ക്കു​റിച്ച്‌ സാധ്യ​മാ​കു​ന്നി​ട​ത്തോ​ളം ഞങ്ങൾ വായി​ച്ച​റി​ഞ്ഞു. അവി​ടെ​യുള്ള സഹോ​ദ​രങ്ങൾ അവിടു​ത്തെ പ്രാ​ദേ​ശിക ദിനപ​ത്ര​ത്തി​ന്റെ കോപ്പി​കൾ ഞങ്ങൾക്ക്‌ അയച്ചു​തന്നു. അത്‌ അവിടു​ത്തെ ആളുക​ളെ​ക്കു​റി​ച്ചും അവരുടെ സംസ്‌കാ​ര​ത്തെ​ക്കു​റി​ച്ചും കുറെ​യൊ​ക്കെ മനസ്സി​ലാ​ക്കാൻ ഞങ്ങളെ സഹായി​ച്ചു.”

നോർഫോക്‌ ദ്വീപി​ലേക്കു മാറി​ത്താ​മ​സിച്ച ഷെയ്‌ൻ ഇങ്ങനെ പറയുന്നു: “എല്ലാറ്റി​നു​മു​പരി, ക്രിസ്‌തീയ ഗുണങ്ങൾ പ്രകടി​പ്പി​ക്കു​ന്ന​തി​ലാ​യി​രു​ന്നു എന്റെ മുഖ്യ​ശ്രദ്ധ. സൗമ്യത, സത്യസന്ധത, കഠിനാ​ധ്വാ​നം ചെയ്യാ​നുള്ള മനസ്സൊ​രു​ക്കം, ആത്മാർഥത എന്നീ ഗുണങ്ങ​ളു​ണ്ടെ​ങ്കിൽ ഭൂമി​യു​ടെ ഏതു കോണി​ലും പോയി ജീവി​ക്കാ​നാ​കും എന്ന്‌ ഞാൻ മനസ്സി​ലാ​ക്കി.”

പ്രതി​സ​ന്ധി​കൾ ഉണ്ടാകു​മ്പോൾ

അപ്രതീ​ക്ഷിത പ്രതി​സ​ന്ധി​ക​ളു​ണ്ടാ​കു​മ്പോൾ വഴക്കമു​ള്ള​വ​രും നല്ല മനോ​ഭാ​വ​മു​ള്ള​വ​രും ആയിരി​ക്കേ​ണ്ടത്‌ പ്രധാ​ന​മാ​ണെന്ന്‌ “ആവശ്യാ​നു​സ​രണം സേവി​ക്കു​ന്നവർ” എന്നനി​ല​യിൽ വിജയം കണ്ടെത്തിയ അനേകർ പറയുന്നു. ചില ഉദാഹ​ര​ണങ്ങൾ നമുക്കു നോക്കാം:

റെനെ പറയുന്നു: “ഒരു കാര്യം​തന്നെ പല വിധങ്ങ​ളിൽ ചെയ്യാൻ ഞാൻ പഠിച്ചു. ഉദാഹ​ര​ണ​ത്തിന്‌, നോർഫോ​ക്‌ദ്വീ​പിന്‌ സമീപം കടൽ പ്രക്ഷു​ബ്ധ​മാ​കു​മ്പോൾ അവശ്യ​സാ​ധ​ന​ങ്ങ​ളു​മാ​യി വരുന്ന കപ്പലു​കൾക്ക്‌ തുറമു​ഖത്ത്‌ അടുക്കാൻ കഴിയാ​തെ വരും. അപ്പോൾ സാധനങ്ങൾ ആവശ്യാ​നു​സ​രണം കിട്ടാതെ വരിക​യും അവയുടെ വില കൂടു​ക​യും ചെയ്യും. ആ സാഹച​ര്യ​ങ്ങ​ളിൽ ചെലവ്‌ ചുരുക്കി ഭക്ഷണം ഉണ്ടാക്കാൻ ഞാൻ പഠിച്ചു.” അവളുടെ ഭർത്താവ്‌ ഷെയ്‌ൻ ഇങ്ങനെ പറഞ്ഞു: “ഓരോ ആഴ്‌ച​ത്തേ​ക്കു​മുള്ള ബഡ്‌ജ​റ്റിൽ ഒതുങ്ങി​ജീ​വി​ക്കു​ന്ന​തി​നാ​യി ചെലവി​ന്റെ കാര്യ​ത്തിൽ ഞങ്ങൾ പൊരു​ത്ത​പ്പെ​ടു​ത്തൽ വരുത്തി.”

അവരുടെ മകനായ ജേക്കബി​ന്റെ പ്രശ്‌നം മറ്റൊ​ന്നാ​യി​രു​ന്നു. ജേക്കബ്‌ പറയുന്നു: “ഞങ്ങളുടെ പുതിയ സഭയിൽ ഞങ്ങളെ​ക്കൂ​ടാ​തെ ഏഴു പേരേ ഉണ്ടായി​രു​ന്നു​ള്ളൂ—അവരെ​ല്ലാം മുതിർന്ന​വ​രും. എന്റെ പ്രായ​ത്തി​ലുള്ള കൂട്ടു​കാ​രാ​രും എനിക്ക​വി​ടെ ഇല്ലായി​രു​ന്നു! എന്നാൽ ശുശ്രൂ​ഷ​യിൽ പ്രായ​മാ​യ​വ​രു​ടെ​കൂ​ടെ പ്രവർത്തി​ച്ചു​തു​ട​ങ്ങി​യ​പ്പോൾ അവരെ​ല്ലാം എന്റെ കൂട്ടു​കാ​രാ​യി.”

ഇപ്പോൾ 21 വയസ്സുള്ള ജിമ്മും ഇതേ സാഹച​ര്യം നേരിട്ടു. “നലൻബോ​യിക്ക്‌ ഏറ്റവും അടുത്തുള്ള സഭ 725 കിലോ​മീ​റ്റർ അകലെ​യാണ്‌. അതു​കൊണ്ട്‌ സമ്മേള​ന​ങ്ങ​ളും കൺ​വെൻ​ഷ​നു​ക​ളും ഞങ്ങൾ പരമാ​വധി പ്രയോ​ജ​ന​പ്പെ​ടു​ത്തു​ന്നു. അതു​കൊണ്ട്‌ ഞങ്ങൾ നേരത്തെ എത്തുക​യും സഹോ​ദ​ര​ങ്ങ​ളോ​ടൊ​ത്തുള്ള സഹവാസം ആസ്വദി​ക്കു​ക​യും ചെയ്യുന്നു. ഓരോ വർഷവും ഈ കൂടി​വ​ര​വു​കൾക്കു​വേണ്ടി ഞങ്ങൾ ആകാം​ക്ഷ​യോ​ടെ കാത്തി​രി​ക്കു​ന്നു!”

“ഇവിടെ വന്നതിൽ ഞങ്ങൾക്ക്‌ ഏറെ ആഹ്ലാദ​മുണ്ട്‌!”

ബൈബിൾ പറയുന്നു: “യഹോ​വ​യു​ടെ അനു​ഗ്ര​ഹ​ത്താൽ സമ്പത്തു​ണ്ടാ​കു​ന്നു.” (സദൃ. 10:22) ആ നിശ്വ​സ്‌ത​വാ​ക്കു​ക​ളു​ടെ സത്യത ലോക​ത്തി​ന്റെ വ്യത്യ​സ്‌ത​ഭാ​ഗ​ങ്ങ​ളിൽ ‘ആവശ്യാ​നു​സ​രണം സേവി​ക്കുന്ന’ എണ്ണമറ്റ സഹോ​ദ​രങ്ങൾ അനുഭ​വി​ച്ച​റി​ഞ്ഞി​രി​ക്കു​ന്നു.

മാർക്ക്‌ പറയുന്നു: “മാറി​ത്താ​മ​സി​ച്ച​തി​ന്റെ ഏറ്റവും വലിയ അനു​ഗ്രഹം ഞങ്ങളുടെ കുട്ടി​ക​ളിൽ അത്‌ ഉളവാ​ക്കിയ നല്ല ഫലങ്ങളാണ്‌. ദൈവ​രാ​ജ്യ​താ​ത്‌പ​ര്യ​ങ്ങൾ ഒന്നാമത്‌ വെക്കു​ന്ന​വർക്കാ​യി യഹോവ കരുതു​മെന്ന കാര്യ​ത്തിൽ ഞങ്ങളുടെ മക്കൾക്ക്‌ പൂർണ​ബോ​ധ്യ​മുണ്ട്‌. ആ ബോധ്യം വില​കൊ​ടു​ത്തു വാങ്ങാൻ പറ്റുന്നതല്ല.”

ഷെയ്‌ൻ പറയുന്നു: “ഇപ്പോൾ എനിക്ക്‌ എന്റെ ഭാര്യ​യു​മാ​യും മക്കളു​മാ​യും നല്ല അടുപ്പ​മുണ്ട്‌. യഹോവ അവർക്കാ​യി ചെയ്‌ത​കാ​ര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ അവർ പറയു​ന്നതു കേൾക്കു​മ്പോൾ എനിക്ക്‌ വളരെ​യ​ധി​കം സംതൃ​പ്‌തി തോന്നു​ന്നു.” അദ്ദേഹ​ത്തി​ന്റെ മകനായ ജേക്കബ്‌ ഇതി​നോട്‌ യോജി​ക്കു​ന്നു: “ഇവിടെ ചെലവ​ഴി​ക്കുന്ന സമയം ഞാൻ നന്നായി ആസ്വദി​ക്കു​ന്നു. ഞങ്ങൾ ഇവിടെ വന്നതിൽ എനിക്ക്‌ അതിയായ സന്തോ​ഷ​മുണ്ട്‌!”

a 2004 ഡിസംബർ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 8-11 പേജു​ക​ളി​ലെ “ദൈവ​ത്തി​ന്റെ സുഹൃ​ത്തു​ക്കൾ ‘സുഹൃദ്‌ ദ്വീപു’കളിൽ” എന്ന ലേഖനം കാണുക.

b 2012-ൽ ഓസ്‌​ട്രേ​ലിയ, ന്യൂസി​ലൻഡ്‌ ബ്രാഞ്ചു​കൾ യോജി​പ്പിച്ച്‌ ഓസ്‌​ട്രേ​ലേഷ്യ ബ്രാഞ്ച്‌ രൂപീ​ക​രി​ച്ചു.