നിങ്ങൾക്ക് അറിയാമോ?
യോനയുടെ കാലത്തിനു ശേഷം നിനെവെക്ക് എന്തു സംഭവിച്ചു?
ബി.സി. ഏഴാം നൂറ്റാണ്ടായപ്പോഴേക്കും അസീറിയ ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യമായി മാറിയിരുന്നു. ബ്രിട്ടീഷ് മ്യൂസിയത്തിന്റെ ഒരു വെബ്സൈറ്റ് പറയുന്നതനുസരിച്ച്, “പടിഞ്ഞാറ് സൈപ്രസ് മുതൽ കിഴക്ക് ഇറാൻ വരെ വ്യാപിച്ചുകിടക്കുന്ന ഒരു പ്രദേശമായിരുന്നു അസീറിയയ്ക്കുണ്ടായിരുന്നത്. ഒരു കാലത്ത് ഈജിപ്തും അതിന്റെ ഭാഗമായിരുന്നു.” അതിന്റെ തലസ്ഥാനമായ നിനെവെ ലോകത്തിലെ ഏറ്റവും വലിയ നഗരമായിരുന്നു. കൂറ്റൻ സ്മാരകങ്ങൾ, മനോഹരമായ പൂന്തോട്ടങ്ങൾ, ആഡംബര കൊട്ടാരങ്ങൾ, വലിയ ഗ്രന്ഥശാലകൾ എന്നിവയെല്ലാം ആ നഗരത്തിന്റെ സവിശേഷതകളായിരുന്നു. പുരാതന നിനെവെയിൽനിന്നുള്ള ചില ചുവരെഴുത്തുകൾ കാണിക്കുന്നത്, മറ്റ് അസീറിയൻ രാജാക്കന്മാരെപ്പോലെതന്നെ അശൂർബാനിപ്പാൽ രാജാവും തന്നെത്തന്നെ “ലോകത്തിന്റെ രാജാവ്” എന്നു വിശേഷിപ്പിച്ചിരുന്നു എന്നാണ്. അദ്ദേഹത്തിന്റെ ഭരണകാലത്ത് അസീറിയയെയും നിനെവെയെയും പരാജയപ്പെടുത്താൻ ആർക്കും കഴിയില്ലെന്നു കരുതിയിരുന്നു.
എന്നാൽ അസീറിയ അതിന്റെ പ്രതാപത്തിലിരുന്ന സമയത്ത് യഹോവയുടെ പ്രവാചകനായ സെഫന്യ ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞു: “(യഹോവ) അസീറിയയെ നശിപ്പിക്കും; നിനെവെയെ ശൂന്യമാക്കും, വരണ്ട മരുഭൂമിപോലെയാക്കും.” കൂടാതെ യഹോവയുടെ മറ്റൊരു പ്രവാചകനായ നഹൂം പ്രവചിച്ചു: “സ്വർണവും വെള്ളിയും കൊള്ളയടിക്കുക! . . . നഗരം ശൂന്യവും വിജനവും ആയി നശിച്ചുകിടക്കുന്നു! . . . “നിന്നെ കാണുന്നവരെല്ലാം ഓടിമറയും.” (സെഫ. 2:13; നഹൂം 2:9, 10; 3:7) ആ പ്രവചനങ്ങൾ കേട്ടപ്പോൾ ആളുകൾ ഇങ്ങനെ ചിന്തിച്ചിരിക്കാം: ‘അതു നടക്കുന്ന കാര്യമാണോ? ശക്തയായ അസീറിയയെ ആർക്കെങ്കിലും കീഴടക്കാനാകുമോ?’ അതു നശിക്കും എന്നത് അവിശ്വസനീയമായി തോന്നി.
പക്ഷേ, അതുതന്നെ സംഭവിച്ചു! ബി.സി. ഏഴാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ബാബിലോണ്യരും മേദ്യരും കൂടി അസീറിയയെ കീഴടക്കി. ഒടുവിൽ, നിനെവെയിൽ ആൾത്താമസം ഇല്ലാതായി, ആളുകളുടെ ഓർമയിൽനിന്നുതന്നെ ആ പേര് അപ്രത്യക്ഷമായി! ദ മെട്രോപോളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ഒരുപ്രസിദ്ധീകരണം പറയുന്നതനുസരിച്ച്, “വർഷങ്ങൾകൊണ്ട് ആ പ്രദേശം നശിച്ചുകിടക്കുന്ന ഒരു പാഴിടമായി മാറി. പ്രധാനമായും ബൈബിളിലൂടെയാണ് ആളുകൾ ഇന്ന് നിനെവെയെക്കുറിച്ച് അറിയുന്നത്.” ദ ബിബ്ലിക്കൽ ആർക്കിയോളജി സൊസൈറ്റി പറയുന്നതനുസരിച്ച് “അസീറിയയുടെ തലസ്ഥാനമായ ഈ നഗരം യഥാർഥത്തിൽ ഉണ്ടായിരുന്നോ എന്നുപോലും പലർക്കും അറിയില്ലായിരുന്നു.” എന്നാൽ 1845-ൽ പുരാവസ്തുഗവേഷകനായ ഓസ്റ്റൺ ഹെൻറി ലെയാഡ് നിനെവെ സ്ഥിതിചെയ്തിരുന്ന പ്രദേശത്ത് ഖനനം ചെയ്ത് പരിശോധിക്കാൻതുടങ്ങി. അങ്ങനെ നിനെവെയുടെ പ്രതാപത്തിനും പ്രശസ്തിക്കും തെളിവേകുന്ന പലതും അവിടെനിന്ന് കണ്ടെത്താനായി.
നിനെവെയെക്കുറിച്ചുള്ള പ്രവചനങ്ങൾ എത്ര കൃത്യമായിട്ടാണു നിറവേറിയത്! അത് ഇന്നത്തെ രാഷ്ട്രീയശക്തികളെക്കുറിച്ചുള്ള പ്രവചനങ്ങളും കൃത്യമായി നിറവേറുമെന്നുള്ള നമ്മുടെ വിശ്വാസം ശക്തമാക്കുന്നു.—ദാനി. 2:44; വെളി. 19:15, 19-21.