വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അനർഹ​ദ​യ​യാൽ നിങ്ങൾ സ്വത​ന്ത്ര​രാ​യി​രി​ക്കു​ന്നു

അനർഹ​ദ​യ​യാൽ നിങ്ങൾ സ്വത​ന്ത്ര​രാ​യി​രി​ക്കു​ന്നു

“നിങ്ങൾ . . . , കൃപയ്‌ക്ക്‌ (‘അനർഹ​ദ​യ​യ്‌ക്ക്‌’) അധീന​രെന്നു കണ്ടിട്ട്‌ പാപം നിങ്ങളിൽ ആധിപ​ത്യം നടത്താൻ പാടില്ല.”—റോമ. 6:14.

ഗീതം: 2, 61

1, 2. യഹോ​വ​യു​ടെ സാക്ഷി​കൾക്കു റോമർ 5:12-ൽ പ്രത്യേക താത്‌പ​ര്യ​മു​ള്ളത്‌ എന്തു​കൊണ്ട്‌?

 യഹോ​വ​യു​ടെ സാക്ഷികൾ കൂടെ​ക്കൂ​ടെ ഉപയോ​ഗി​ക്കു​ന്ന​തും അവർക്കു നന്നായി അറിയാ​വു​ന്ന​തും ആയ ബൈബിൾവാ​ക്യ​ങ്ങ​ളു​ടെ ഒരു ലിസ്റ്റ്‌ ഉണ്ടാക്കാൻ നിങ്ങ​ളോ​ടു പറഞ്ഞെ​ന്നി​രി​ക്കട്ടെ. റോമർ 5:12 ആ ലിസ്റ്റിന്റെ മുകളിൽത്തന്നെ സ്ഥാനം​പി​ടി​ച്ചി​രി​ക്കും, അല്ലേ? എത്രയോ തവണ ഈ വാക്യം നിങ്ങൾ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു: “ഏകമനു​ഷ്യ​നി​ലൂ​ടെ പാപവും പാപത്തി​ലൂ​ടെ മരണവും ലോക​ത്തിൽ കടന്നു. അങ്ങനെ, എല്ലാവ​രും പാപം ചെയ്‌ത​തി​നാൽ മരണം സകലമ​നു​ഷ്യ​രി​ലേ​ക്കും വ്യാപി​ച്ചു.”

2 ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? എന്ന പുസ്‌ത​ക​ത്തിൽ പല തവണ ഈ വാക്യം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. നിങ്ങളു​ടെ മക്കളു​ടെ​യോ മറ്റുള്ള​വ​രു​ടെ​യോ കൂടെ ഈ പുസ്‌തകം പഠിക്കു​മ്പോൾ നിങ്ങൾ ആ വാക്യം വായി​ച്ചി​ട്ടു​മു​ണ്ടാ​കണം. ഭൂമിയെ സംബന്ധിച്ച ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​ത്തെ​ക്കു​റിച്ച്‌ പറയുന്ന 3-ാം അധ്യാ​യ​വും മറുവി​ല​യെ​ക്കു​റിച്ച്‌ പറയുന്ന 5-ാം അധ്യാ​യ​വും മരിച്ച​വ​രു​ടെ അവസ്ഥ​യെ​ക്കു​റിച്ച്‌ പറയുന്ന 6-ാം അധ്യാ​യ​വും ചർച്ച ചെയ്‌ത​പ്പോ​ഴൊ​ക്കെ ഈ വാക്യം ചർച്ച ചെയ്‌തി​ട്ടു​ണ്ടാ​കും. എന്നാൽ യഹോ​വ​യു​മാ​യുള്ള നിങ്ങളു​ടെ ബന്ധത്തോ​ടും നിങ്ങളു​ടെ പ്രവൃ​ത്തി​ക​ളോ​ടും നിങ്ങളു​ടെ പ്രത്യാ​ശ​യോ​ടും ബന്ധപ്പെ​ടു​ത്തി റോമർ 5:12-നെക്കു​റിച്ച്‌ നിങ്ങൾ ചിന്തി​ച്ചി​ട്ടു​ണ്ടോ?

3. ഏതു സത്യം നമ്മൾ അംഗീ​ക​രി​ക്കണം?

3 നമ്മളെ​ല്ലാം പാപി​ക​ളാണ്‌. ആ സത്യം അംഗീ​ക​രി​ച്ചേ പറ്റൂ. ദിവസ​വും നമ്മൾ തെറ്റുകൾ വരുത്തു​ന്നു. എങ്കിലും നമ്മൾ പൊടി​യാ​ണെന്നു ദൈവം ഓർക്കു​ന്നു; നമ്മളോ​ടു കരുണ കാണി​ക്കാൻ ദൈവം തയ്യാറു​മാണ്‌. (സങ്കീ. 103:13, 14) യേശു മാതൃ​കാ​പ്രാർഥ​ന​യിൽ “ഞങ്ങളുടെ പാപങ്ങൾ ഞങ്ങളോ​ടും ക്ഷമി​ക്കേ​ണമേ” എന്ന അപേക്ഷ ഉൾപ്പെ​ടു​ത്തി​യി​ട്ടു​മുണ്ട്‌. (ലൂക്കോ. 11:2-4) ആ സ്ഥിതിക്ക്‌ ദൈവം ക്ഷമിച്ചി​രി​ക്കുന്ന തെറ്റു​ക​ളെ​ക്കു​റിച്ച്‌ ഓർത്ത്‌ നമ്മൾ പിന്നെ​യും വിഷമി​ക്കേണ്ട കാര്യ​മില്ല. എങ്കിലും, ദൈവ​ത്തി​നു നമ്മളോ​ടു ക്ഷമിക്കാൻ കഴിയു​ന്ന​തും അങ്ങനെ ചെയ്‌തി​രി​ക്കു​ന്ന​തും എങ്ങനെ​യാ​ണെന്നു ചിന്തി​ക്കു​ന്നതു നമുക്കു പ്രയോ​ജനം ചെയ്യും.

ക്ഷമ ലഭിച്ചത്‌ അനർഹ​ദ​യ​യി​ലൂ​ടെ​യാണ്‌

4, 5. (എ) യഹോ​വ​യ്‌ക്കു നമ്മുടെ പാപങ്ങൾ ക്ഷമിക്കാൻ കഴിയു​ന്നത്‌ എങ്ങനെ​യാ​ണെന്നു മനസ്സി​ലാ​ക്കാൻ ഏതു ഭാഗങ്ങൾ നമ്മളെ സഹായി​ക്കും? (ബി) റോമർ 3:24-ൽ പറഞ്ഞി​രി​ക്കുന്ന “കൃപ” അഥവാ അനർഹദയ എന്താണ്‌?

4 റോമർ 5:12-ന്റെ മുമ്പും പിമ്പും ഉള്ള അധ്യാ​യ​ങ്ങ​ളിൽ, പ്രത്യേ​കിച്ച്‌ 6-ാം അധ്യാ​യ​ത്തിൽ, യഹോ​വ​യ്‌ക്ക്‌ എങ്ങനെ​യാ​ണു നമ്മളോ​ടു ക്ഷമിക്കാൻ കഴിയു​ന്നത്‌ എന്നതിന്റെ പ്രധാ​ന​പ്പെട്ട വിവരങ്ങൾ പൗലോസ്‌ അപ്പോ​സ്‌തലൻ പറയുന്നു. 3-ാം അധ്യാ​യ​ത്തിൽ നമ്മൾ ഇങ്ങനെ വായി​ക്കു​ന്നു: “എല്ലാവ​രും പാപം ചെയ്‌തു. . . . അവന്റെ കൃപയാൽ (‘അനർഹ​ദ​യ​യാൽ’), ക്രിസ്‌തു​യേശു നൽകിയ മറുവി​ല​യാ​ലുള്ള വീണ്ടെ​ടു​പ്പി​ലൂ​ടെ അവർ നീതീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നത്‌ ഒരു ദാനമാ​യി​ട്ട​ത്രേ.” (റോമ. 3:23, 24) കൃപ അഥവാ അനർഹദയ എന്നതു​കൊണ്ട്‌ പൗലോസ്‌ എന്താണ്‌ അർഥമാ​ക്കി​യത്‌? “തിരിച്ച്‌ യാതൊ​ന്നും അവകാ​ശ​പ്പെ​ടു​ക​യോ പ്രതീ​ക്ഷി​ക്കു​ക​യോ ചെയ്യാതെ തികച്ചും സൗജന്യ​മാ​യി നൽകുന്ന ആനുകൂ​ല്യം” എന്ന അർഥമാ​ണു പൗലോസ്‌ ഇവിടെ ഉപയോ​ഗിച്ച ഗ്രീക്കു​വാ​ക്കി​നു​ള്ള​തെന്ന്‌ ഒരു പുസ്‌തകം പറയുന്നു. അതായത്‌, അതു നമ്മൾ നേടി​യെ​ടു​ക്കുന്ന ഒന്നല്ല, നമുക്ക്‌ അതിനുള്ള യോഗ്യ​ത​യു​മില്ല.

5 പണ്ഡിത​നായ ജോൺ പാർക്‌ഹേസ്റ്റ്‌ പറയുന്നു: “ദൈവ​ത്തോ​ടും ക്രിസ്‌തു​വി​നോ​ടും ബന്ധപ്പെ​ടു​ത്തി ഇത്‌ (ഈ ഗ്രീക്കു​വാക്ക്‌) ഉപയോ​ഗി​ക്കു​മ്പോൾ മനുഷ്യ​നെ മോചി​പ്പി​ക്കു​ന്ന​തി​നും രക്ഷിക്കു​ന്ന​തി​നും വേണ്ടി അവർ കാണിച്ച സൗജന്യ​വും അനർഹ​വും ആയ ദയയെ​യാ​ണു മിക്ക​പ്പോ​ഴും കുറി​ക്കു​ന്നത്‌.” അതു​കൊണ്ട്‌ പുതിയ ലോക ഭാഷാ​ന്ത​ര​ത്തി​ലെ “അനർഹദയ” എന്ന പ്രയോ​ഗം തികച്ചും അനു​യോ​ജ്യ​മാണ്‌. എന്നാൽ എങ്ങനെ​യാ​ണു ദൈവം ഈ അനർഹദയ കാണി​ച്ചത്‌? നിങ്ങളു​ടെ പ്രത്യാ​ശ​യും ദൈവ​വു​മാ​യുള്ള ബന്ധവും അതിനെ ആശ്രയി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ? നമുക്കു നോക്കാം.

6. ദൈവ​ത്തി​ന്റെ അനർഹ​ദ​യ​യിൽനിന്ന്‌ ഓരോ​രു​ത്തർക്കും ഏത്‌ അളവോ​ളം പ്രയോ​ജനം കിട്ടും?

6 ആദാമെന്ന ‘ഏകമനു​ഷ്യ​നി​ലൂ​ടെ​യാ​ണു’ പാപവും മരണവും ‘ലോക​ത്തിൽ കടന്നത്‌.’ അങ്ങനെ, ‘ഏകമനു​ഷ്യ​ന്റെ ലംഘന​ത്താൽ മരണം രാജാ​വാ​യി വാണു.’ ‘യേശു​ക്രി​സ്‌തു എന്ന ഏകനി​ലൂ​ടെ ദൈവ​ത്തി​ന്റെ കൃപ അഥവാ അനർഹദയ സമൃദ്ധ​മാ​യി ലഭി​ച്ചെന്നു’ പൗലോസ്‌ കൂട്ടി​ച്ചേർത്തു. (റോമ. 5:12, 15, 17) ആ അനർഹദയ മനുഷ്യ​കു​ടും​ബ​ത്തി​നു നന്മ കൈവ​രു​ത്തി. “ഏകന്റെ (യേശു​വി​ന്റെ) അനുസ​ര​ണ​ത്തി​ലൂ​ടെ അനേകർ നീതി​മാ​ന്മാ​രാ​യി​ത്തീ​രും.” യഥാർഥ​ത്തിൽ, ദൈവ​ത്തി​ന്റെ അനർഹദയ ‘യേശു​ക്രി​സ്‌തു മുഖാ​ന്തരം നിത്യ​ജീ​വൻ സാധ്യ​മാ​ക്കും.’—റോമ. 5:19, 21.

7. ദൈവ​ത്തി​ന്റെ കരുത​ലായ മറുവില നമ്മൾ അർഹി​ക്കാ​ത്ത​താ​ണെ​ന്നും ഒരു ദയയാ​ണെ​ന്നും പറയു​ന്നത്‌ എന്തു​കൊണ്ട്‌?

7 ദൈവം യേശു​വി​ലൂ​ടെ മറുവി​ല​യെന്ന ക്രമീ​ക​രണം ചെയ്‌ത​തു​കൊണ്ട്‌ നമ്മുടെ പാപങ്ങൾ ക്ഷമിച്ചു​കി​ട്ടു​ന്നു. അപൂർണ​രും പാപി​ക​ളും ആയ മനുഷ്യർക്ക്‌ അതിനുള്ള അർഹത​യും യോഗ്യ​ത​യും ഇല്ലായി​രു​ന്നു. കൂടാതെ, മറുവില നൽകാ​നാ​യി തന്റെ മകനെ ഭൂമി​യി​ലേക്ക്‌ അയയ്‌ക്കാ​നുള്ള കടപ്പാ​ടും യഹോ​വ​യ്‌ക്കി​ല്ലാ​യി​രു​ന്നു. അതു​കൊണ്ട്‌ നമ്മുടെ തെറ്റു​കൾക്കു ക്ഷമ ലഭിക്കു​ന്ന​തും എന്നേക്കും ജീവി​ക്കാ​നുള്ള പ്രത്യാശ ലഭിച്ച​തും ശരിക്കും നമ്മൾ അർഹി​ക്കാത്ത ഒരു ദയത​ന്നെ​യാണ്‌. ദൈവ​ത്തി​ന്റെ അനർഹദയ എന്ന സമ്മാനത്തെ നമ്മൾ വളരെ വിലയു​ള്ള​താ​യി വീക്ഷി​ക്കണം, നമ്മുടെ ഓരോ പ്രവൃ​ത്തി​ക​ളി​ലും ആ വിലമ​തി​പ്പു കാണി​ക്കു​ക​യും വേണം.

ദൈവ​ത്തി​ന്റെ അനർഹ​ദ​യ​യോ​ടു വിലമ​തി​പ്പു കാണി​ക്കു​ക

8. നമ്മൾ ഏതു മനോ​ഭാ​വം ഒഴിവാ​ക്കണം?

8 ആദാമി​ന്റെ സന്തതി​ക​ളാ​യ​തി​നാൽ നമ്മളെ​ല്ലാം അപൂർണ​രാണ്‌. അതിനാൽ പലതി​ലും തെറ്റി​പ്പോ​കാ​നും അങ്ങനെ പാപം ചെയ്യാ​നും ഉള്ള ഒരു ചായ്‌വ്‌ നമുക്കുണ്ട്‌. എന്നാൽ ദൈവ​ത്തി​ന്റെ അനർഹ​ദ​യയെ മുത​ലെ​ടു​ക്കാൻ ശ്രമി​ക്കു​ന്നെ​ങ്കിൽ അതു വളരെ ഗുരു​ത​ര​മായ ഒരു തെറ്റാ​യി​രി​ക്കും. ചിലർ ഇങ്ങനെ ചിന്തി​ച്ചേ​ക്കാം: ‘ഞാൻ എന്തു തെറ്റു ചെയ്‌താ​ലും, ദൈവം പാപമാ​യി കണക്കാ​ക്കുന്ന ഏതു കാര്യം ചെയ്‌താ​ലും, എനിക്ക്‌ ഉത്‌ക​ണ്‌ഠ​പ്പെ​ടേണ്ട കാര്യ​മില്ല. കാരണം യഹോവ എന്നോടു ക്ഷമിക്കും.’ സങ്കടക​ര​മെന്നു പറയട്ടെ, അപ്പോ​സ്‌ത​ല​ന്മാർ ജീവി​ച്ചി​രു​ന്ന​പ്പോൾത്തന്നെ ചില ക്രിസ്‌ത്യാ​നി​കൾക്ക്‌ അങ്ങനെ തോന്നി​യി​രു​ന്നു. (യൂദ 4 വായി​ക്കുക.) അങ്ങനെ​യൊ​രു ചിന്ത നമുക്കി​ല്ലെന്നു നമ്മൾ പറഞ്ഞേ​ക്കാം. എങ്കിലും ഇത്തരം തെറ്റായ ചിന്താ​ഗ​തി​യു​ടെ വിത്തുകൾ നമ്മുടെ ഉള്ളിൽ ഉണ്ടായി​രി​ക്കാം. അല്ലെങ്കിൽ മറ്റാ​രെ​ങ്കി​ലും അതു നമ്മളിൽ വിതയ്‌ക്കു​ക​യും അതു പതിയെ വളരു​ക​യും ചെയ്‌തേ​ക്കാം.

9, 10. പൗലോ​സും മറ്റുള്ള​വ​രും പാപത്തിൽനി​ന്നും മരണത്തിൽനി​ന്നും എങ്ങനെ​യാ​ണു സ്വത​ന്ത്ര​രാ​യത്‌?

9 ‘ദൈവ​ത്തിന്‌ എല്ലാം അറിയാം. എന്റെ തെറ്റു​ക​ളൊ​ന്നും ദൈവം കാര്യ​മാ​യെ​ടു​ക്കില്ല.’ ഈ കാഴ്‌ച​പ്പാ​ടി​നെ നമ്മൾ ശക്തമായി എതിർക്ക​ണ​മെന്നു പൗലോസ്‌ ഊന്നി​പ്പ​റഞ്ഞു. എന്തു​കൊണ്ട്‌? പൗലോസ്‌ എഴുതു​ന്നു, ക്രിസ്‌ത്യാ​നി​കൾ ‘പാപസം​ബ​ന്ധ​മാ​യി മരിച്ചു.’ (റോമർ 6:1, 2 വായി​ക്കുക.) അപ്പോ​ഴും ഭൂമി​യിൽ ജീവ​നോ​ടി​രുന്ന ആ ക്രിസ്‌ത്യാ​നി​ക​ളെ​ക്കു​റിച്ച്‌ ‘പാപസം​ബ​ന്ധ​മാ​യി മരിച്ച​വ​രെന്ന്‌’ എങ്ങനെ പറയാൻ കഴിയു​മാ​യി​രു​ന്നു?

10 മറുവി​ല​യു​ടെ അടിസ്ഥാ​ന​ത്തിൽ ദൈവം പൗലോ​സി​ന്റെ​യും സഹക്രി​സ്‌ത്യാ​നി​ക​ളു​ടെ​യും പാപങ്ങൾ ക്ഷമിക്കു​ക​യും അവരെ പരിശു​ദ്ധാ​ത്മാ​വി​നാൽ അഭി​ഷേകം ചെയ്യു​ക​യും തന്റെ ആത്മപു​ത്ര​ന്മാ​രാ​യി അംഗീ​ക​രി​ക്കു​ക​യും ചെയ്‌തു. അങ്ങനെ അവർക്കു സ്വർഗീ​യ​പ്ര​ത്യാ​ശ ലഭിച്ചു. വിശ്വ​സ്‌ത​രെന്നു തെളി​യി​ക്കു​ക​യാ​ണെ​ങ്കിൽ അവർ സ്വർഗ​ത്തിൽ ക്രിസ്‌തു​വി​നോ​ടൊ​പ്പം ജീവി​ക്കു​ക​യും ഭരിക്കു​ക​യും ചെയ്യും. എന്നാൽ അവർ ഭൂമി​യിൽ ജീവി​ച്ചി​രി​ക്കു​ക​യും ദൈവത്തെ സേവി​ക്കു​ക​യും ചെയ്‌തി​രുന്ന കാലത്തു​തന്നെ ‘പാപസം​ബ​ന്ധ​മാ​യി മരിച്ച​വ​രെന്നു’ പൗലോ​സിന്‌ അവരെ​ക്കു​റിച്ച്‌ പറയാൻ കഴിഞ്ഞു. മനുഷ്യ​നാ​യി മരിക്കു​ക​യും ഒരു അമർത്യ ആത്മാവാ​യി ഉയിർപ്പി​ക്ക​പ്പെ​ടു​ക​യും ചെയ്‌ത യേശു​വി​ന്റെ ദൃഷ്ടാന്തം പൗലോസ്‌ ഉപയോ​ഗി​ച്ചു. പിന്നീട്‌ ഒരിക്ക​ലും മരണം യേശു​വി​ന്റെ മേൽ ഭരണം നടത്തു​മാ​യി​രു​ന്നില്ല. അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​ക​ളു​ടെ കാര്യ​വും ഇതിനു സമാന​മാണ്‌. “പാപസം​ബ​ന്ധ​മാ​യി മരി​ച്ചെ​ന്നും ക്രിസ്‌തു​യേശു മുഖാ​ന്തരം ദൈവ​ത്തി​നാ​യി ജീവി​ക്കു​ന്നെ​ന്നും” അവർക്കു സ്വയം കണക്കാ​ക്കാൻ കഴിയു​മാ​യി​രു​ന്നു. (റോമ. 6:9, 11) അവരുടെ ജീവിതം മുമ്പ​ത്തേ​തിൽനി​ന്നും വ്യത്യ​സ്‌ത​മാ​യി​രു​ന്നു. കാരണം, പാപപൂർണ​മായ അഭിലാ​ഷ​ങ്ങ​ളു​ടെ പ്രേര​ണ​കൾക്ക​നു​സ​രി​ച്ചല്ല അവർ ജീവി​ച്ചത്‌. ആ മുൻകാ​ല​ജീ​വി​ത​ഗതി സംബന്ധിച്ച്‌ അവർ മരിച്ചു.

11. പറുദീ​സ​യിൽ എന്നേക്കും ജീവി​ക്കാൻ പ്രത്യാ​ശ​യുള്ള നമ്മൾ ഏത്‌ അർഥത്തി​ലാ​ണു ‘പാപസം​ബ​ന്ധ​മാ​യി മരിച്ചി​രി​ക്കു​ന്നത്‌?’

11 നമ്മുടെ കാര്യ​മോ? ക്രിസ്‌ത്യാ​നി​ക​ളാ​കു​ന്ന​തി​നു മുമ്പ്‌ നമ്മൾ പല പാപങ്ങ​ളും ചെയ്‌തി​ട്ടുണ്ട്‌. ഒരുപക്ഷേ ദൈവ​ത്തി​ന്റെ വീക്ഷണ​ത്തിൽ നമ്മുടെ പ്രവൃ​ത്തി​കൾ എത്ര തെറ്റാ​ണെന്ന്‌ അറിയാ​തെ. നമ്മൾ “അശുദ്ധി​ക്കും ധർമവി​രു​ദ്ധ​പ്ര​വൃ​ത്തി​കൾക്കും” അടിമ​ക​ളാ​യി​രു​ന്നെന്നു പറയാ​നാ​കും. അതെ, നമ്മൾ ‘പാപത്തിന്‌ അടിമ​ക​ളാ​യി​രു​ന്നു.’ (റോമ. 6:19, 20) അങ്ങനെ​യി​രി​ക്കെ, നമ്മൾ ബൈബിൾസ​ത്യം അറിയാ​നി​ട​യാ​യി, ജീവി​ത​ത്തിൽ മാറ്റങ്ങൾ വരുത്തി, ദൈവ​ത്തി​നു നമ്മളെ​ത്തന്നെ സമർപ്പി​ച്ചു, സ്‌നാ​ന​മേറ്റു. അപ്പോൾമു​തൽ, ദൈവം പഠിപ്പി​ക്കുന്ന കാര്യ​ങ്ങ​ളും നിലവാ​ര​ങ്ങ​ളും ‘ഹൃദയ​പൂർവം അനുസ​രി​ക്കാ​നാ​ണു’ നമ്മുടെ ആഗ്രഹം. അപ്പോൾമു​തൽ നമ്മുടെ അവസ്ഥ ഇങ്ങനെ പറയാ​നാ​കും: നമ്മൾ ‘പാപത്തിൽനി​ന്നു സ്വത​ന്ത്ര​രാ​ക്ക​പ്പെ​ടു​ക​യും’ ‘നീതി​യു​ടെ അടിമ​ക​ളാ​യി​ത്തീ​രു​ക​യും’ ചെയ്‌തു. (റോമ. 6:17, 18) അതു​കൊണ്ട്‌ ‘പാപസം​ബ​ന്ധ​മാ​യി മരി​ച്ചെന്ന്‌’ നമ്മളെ​ക്കു​റി​ച്ചും പറയാം.

12. നമ്മൾ ഓരോ​രു​ത്ത​രും എന്തു തീരു​മാ​ന​മെ​ടു​ക്കണം?

12 ഇനി, പൗലോ​സി​ന്റെ ഈ വാക്കു​ക​ളു​ടെ വെളി​ച്ച​ത്തിൽ നിങ്ങ​ളെ​ക്കു​റി​ച്ചു​തന്നെ ചിന്തി​ക്കുക: “നിങ്ങൾ നിങ്ങളു​ടെ മർത്യ​ശ​രീ​ര​ത്തി​ന്റെ മോഹങ്ങൾ അനുസ​രി​ക്കു​മാറ്‌ പാപം അതിൽ വാഴ്‌ച നടത്താ​തി​രി​ക്കട്ടെ.” (റോമ. 6:12) നമ്മൾ അപൂർണ​രാ​യ​തി​നാൽ നമുക്കു തോന്നു​ന്ന​തെ​ന്തും ചെയ്‌തു​കൊണ്ട്‌ ‘പാപം വാഴ്‌ച നടത്താൻ’ നമ്മൾ അനുവ​ദി​ച്ചേ​ക്കാം. എന്നാൽ “നടത്താ​തി​രി​ക്കട്ടെ” എന്ന പ്രയോ​ഗം കാണി​ക്കു​ന്നതു പാപം നമ്മളെ ഭരിക്ക​ണോ വേണ്ടയോ എന്നതു നമുക്കു തീരു​മാ​നി​ക്കാ​വുന്ന കാര്യ​മാണ്‌ എന്നാണ്‌. അതു​കൊണ്ട്‌ ചോദ്യം ഇതാണ്‌: ഉള്ളിന്റെ ഉള്ളിൽ നമ്മൾ ആഗ്രഹി​ക്കു​ന്നത്‌ എന്താണ്‌? നിങ്ങ​ളോ​ടു​തന്നെ ചോദി​ക്കുക: ‘ചില​പ്പോ​ഴെ​ങ്കി​ലും തെറ്റായ ഒരു ദിശയി​ലേക്കു തിരി​യാ​നും അവി​ടേക്കു പോകാ​നും എന്റെ അപൂർണ ശരീര​ത്തെ​യോ മനസ്സി​നെ​യോ ഞാൻ അനുവ​ദി​ക്കാ​റു​ണ്ടോ? അതോ പാപം ചെയ്യുന്ന കാര്യ​ത്തിൽ ഞാൻ മരിച്ചോ? ക്രിസ്‌തു​യേ​ശു​വി​ലൂ​ടെ ദൈവ​വു​മാ​യുള്ള നല്ല ബന്ധത്തി​ലാ​ണോ ഞാൻ ജീവി​ക്കു​ന്നത്‌?’ അതെല്ലാം ആശ്രയി​ച്ചി​രി​ക്കു​ന്നതു നമ്മളോ​ടു ക്ഷമിച്ച​തി​ലൂ​ടെ ദൈവം കാണിച്ച അനർഹ​ദ​യയെ നമ്മൾ എത്രമാ​ത്രം വിലമ​തി​ക്കു​ന്നു എന്നതി​നെ​യാണ്‌.

ഈ പോരാ​ട്ട​ത്തിൽ നിങ്ങൾക്കു വിജയി​ക്കാ​നാ​കും

13. പാപത്തിൽനിന്ന്‌ അകന്നു​നിൽക്കാൻ നമുക്കു കഴിയു​മെന്ന്‌ എന്ത്‌ ഉറപ്പാ​ണു​ള്ളത്‌?

13 ദൈവത്തെ അറിയാ​നും സ്‌നേ​ഹി​ക്കാ​നും സേവി​ക്കാ​നും തുടങ്ങു​ന്ന​തി​നു മുമ്പ്‌ എന്തു ഫലമാ​ണോ പുറ​പ്പെ​ടു​വി​ച്ചി​രു​ന്നത്‌ അതെല്ലാം യഹോ​വ​യു​ടെ ജനം ഉപേക്ഷി​ച്ചി​രി​ക്കു​ന്നു. മരണം അർഹി​ക്കു​ന്ന​തും ‘ഇപ്പോൾ ലജ്ജാക​ര​മാ​യി തോന്നു​ന്ന​തും ആയ കാര്യ​ങ്ങ​ളാണ്‌’ അവർ മുമ്പ്‌ ചെയ്‌തു​കൊ​ണ്ടി​രു​ന്നത്‌. (റോമ. 6:21) എന്നാൽ അവർ മാറ്റങ്ങൾ വരുത്തി. കൊരി​ന്തി​ലെ പലരു​ടെ​യും കാര്യ​ത്തിൽ അതു സത്യമാ​യി​രു​ന്നു. ചിലർ വിഗ്ര​ഹാ​രാ​ധി​ക​ളും വ്യഭി​ചാ​രി​ക​ളും സ്വവർഗ​ഭോ​ഗി​ക​ളും കള്ളന്മാ​രും മദ്യപ​ന്മാ​രും ഒക്കെയാ​യി​രു​ന്നു. എന്നാൽ അവർ ‘കഴുകി​വെ​ടി​പ്പാ​ക്ക​പ്പെ​ടു​ക​യും വിശു​ദ്ധീ​ക​രി​ക്ക​പ്പെ​ടു​ക​യും’ ചെയ്‌തു. (1 കൊരി. 6:9-11) റോമി​ലെ സഭയി​ലുള്ള ചിലരു​ടെ കാര്യ​വും ഇങ്ങനെ​യാ​യി​രു​ന്നു. ദൈവാ​ത്മാ​വി​നാൽ പ്രേരി​ത​നാ​യി പൗലോസ്‌ ഇങ്ങനെ എഴുതി: “നിങ്ങളു​ടെ അവയവ​ങ്ങളെ അനീതി​യു​ടെ ആയുധ​ങ്ങ​ളാ​യി പാപത്തി​നു സമർപ്പി​ക്കു​ക​യു​മ​രുത്‌; പിന്നെ​യോ നിങ്ങളെ മരിച്ച​വ​രിൽനി​ന്നു ജീവനി​ലേക്കു വന്നവരാ​യും നിങ്ങളു​ടെ അവയവ​ങ്ങളെ നീതി​യു​ടെ ആയുധ​ങ്ങ​ളാ​യും ദൈവ​ത്തി​നു സമർപ്പി​ക്കു​വിൻ.” (റോമ. 6:13) അവർക്ക്‌ ആത്മീയ​മാ​യി ശുദ്ധരാ​യി തുടരാ​നും അതുവഴി ദൈവ​ത്തി​ന്റെ അനർഹ​ദ​യ​യിൽനിന്ന്‌ പ്രയോ​ജനം നേടാ​നും കഴിയു​മെന്നു പൗലോ​സിന്‌ ഉറപ്പാ​യി​രു​ന്നു.

14, 15. ‘ഹൃദയ​പൂർവ്വം അനുസ​രി​ക്കു​ന്നതു’ സംബന്ധിച്ച്‌ നമ്മൾ നമ്മളോ​ടു​തന്നെ ഏതു ചോദ്യം ചോദി​ക്കണം?

14 ഇക്കാലത്തെ ചില സഹോ​ദ​ര​ങ്ങ​ളും കൊരി​ന്തി​ലു​ള്ള​വ​രെ​പ്പോ​ലെ​യാ​യി​രു​ന്നു. അവരും മാറ്റങ്ങൾ വരുത്തി, അവർ പാപപൂർണ​മായ കഴിഞ്ഞ​കാ​ല​ജീ​വി​തം ഉപേക്ഷി​ക്കു​ക​യും ‘കഴുകി​വെ​ടി​പ്പാ​ക്ക​പ്പെ​ടു​ക​യും’ ചെയ്‌തു. നിങ്ങളു​ടെ മുൻകാ​ല​ജീ​വി​തം എങ്ങനെ​യു​ള്ള​താ​യി​രു​ന്നാ​ലും ദൈവ​മു​മ്പാ​കെ​യുള്ള ഇപ്പോ​ഴത്തെ നിങ്ങളു​ടെ നില എന്താണ്‌? ദൈവ​ത്തി​ന്റെ അനർഹ​ദ​യ​യും അതിലൂ​ടെ ക്ഷമയും നമുക്കു ലഭിച്ചി​ട്ടുണ്ട്‌. ആ സ്ഥിതിക്ക്‌, ഇനിമേൽ ‘പാപത്തി​നു നിങ്ങളു​ടെ അവയവ​ങ്ങളെ സമർപ്പി​ക്കില്ല’ എന്നു നിങ്ങൾ ഉറച്ച തീരു​മാ​ന​മെ​ടു​ത്തി​ട്ടു​ണ്ടോ? ‘മരിച്ച​വ​രിൽനി​ന്നു ജീവനി​ലേക്കു വന്നവരാ​യി നിങ്ങളെ ദൈവ​ത്തി​നു സമർപ്പി​ക്കു​മോ?’

15 അതിന്‌, കൊരി​ന്തി​ലുള്ള ചിലർ മുമ്പ്‌ കുറ്റക്കാ​രാ​യി​രു​ന്ന​തു​പോ​ലുള്ള ഗുരു​ത​ര​മായ പാപങ്ങൾ നമ്മൾ തീർച്ച​യാ​യും ഒഴിവാ​ക്കണം. ഇത്തരം കാര്യ​ങ്ങ​ളിൽ ഏർപ്പെ​ടാ​തി​രു​ന്നാൽ മാത്രമേ ദൈവ​ത്തി​ന്റെ അനർഹദയ നമ്മൾ സ്വീക​രി​ച്ചെ​ന്നും ‘പാപമല്ല നമ്മളിൽ ആധിപ​ത്യം നടത്തു​ന്ന​തെ​ന്നും’ നമുക്കു പറയാൻ കഴിയൂ. എന്നാൽ, അത്ര ഗൗരവ​മ​ല്ലെന്നു ചിലർക്കു തോന്നി​യേ​ക്കാ​വുന്ന പാപങ്ങ​ളും ഒഴിവാ​ക്കാൻ നമ്മൾ പരമാ​വധി ശ്രമി​ക്കണം. അങ്ങനെ ‘ഹൃദയ​പൂർവ്വം അനുസ​രി​ക്കാൻ’ നമ്മൾ ദൃഢനി​ശ്ചയം ചെയ്‌തി​ട്ടു​ണ്ടോ?—റോമ. 6:14, 17.

16. ഒരു ക്രിസ്‌ത്യാ​നി​യാ​യി​രി​ക്കു​ന്ന​തിൽ, ഗുരു​ത​ര​മായ പാപങ്ങൾ ഒഴിവാ​ക്കു​ന്ന​തി​ലും അധികം ഉൾപ്പെ​ട്ടി​രി​ക്കു​ന്നെന്നു നമുക്ക്‌ എങ്ങനെ അറിയാം?

16 അപ്പോ​സ്‌ത​ല​നായ പൗലോ​സി​നെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. 1 കൊരി​ന്ത്യർ 6:9-11-ൽ പറഞ്ഞി​രി​ക്കുന്ന ഗുരു​ത​ര​മായ തെറ്റു​ക​ളൊ​ന്നും പൗലോസ്‌ ചെയ്യു​ന്നി​ല്ലാ​യി​രു​ന്നു. എങ്കിലും താനും പാപം ചെയ്യു​ന്ന​തു​കൊണ്ട്‌ കുറ്റക്കാ​ര​നാ​ണെന്നു പൗലോസ്‌ സമ്മതി​ച്ചു​പ​റഞ്ഞു. പൗലോസ്‌ എഴുതി: “ഞാനോ ജഡികൻ; പാപത്തിന്‌ അടിമ​യാ​യി വിൽക്കപ്പെട്ടവൻ. ഞാൻ പ്രവർത്തി​ക്കു​ന്നത്‌ എന്തെന്നു ഞാൻ അറിയു​ന്നില്ല; എന്തെന്നാൽ ഞാൻ ഇച്ഛിക്കു​ന്നതല്ല, വെറു​ക്കു​ന്ന​താ​ണു ഞാൻ ചെയ്യു​ന്നത്‌.” (റോമ. 7:14, 15) ഇതു കാണി​ക്കു​ന്നതു പൗലോസ്‌ പാപമാ​യി കരുതിയ മറ്റു കാര്യ​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നെ​ന്നാണ്‌. അവയ്‌ക്കെ​തി​രെ പൗലോസ്‌ പോരാ​ടു​ക​യാ​യി​രു​ന്നു. (റോമർ 7:21-23 വായി​ക്കുക.) ‘ഹൃദയ​പൂർവം അനുസ​രി​ക്കാൻ’ നമ്മളും അതുതന്നെ ചെയ്യണം.

17. എന്തു​കൊ​ണ്ടാ​ണു സത്യസ​ന്ധ​രാ​യി​രി​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നത്‌?

17 ഉദാഹ​ര​ണ​ത്തിന്‌, സത്യസ​ന്ധ​ത​യെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. ക്രിസ്‌ത്യാ​നി​കൾക്കു​വേണ്ട ഒരു അടിസ്ഥാ​ന​ഗു​ണ​മാ​ണു സത്യസന്ധത. (സദൃശ​വാ​ക്യ​ങ്ങൾ 14:5; എഫെസ്യർ 4:25 വായി​ക്കുക.) സാത്താൻ ‘ഭോഷ്‌കി​ന്റെ അപ്പനാണ്‌.’ കള്ളം പറഞ്ഞതു​കൊ​ണ്ടാണ്‌ അനന്യാ​സി​നും ഭാര്യ​ക്കും അവരുടെ ജീവൻ നഷ്ടമാ​യത്‌. നമ്മൾ അവരെ​പ്പോ​ലെ​യാ​യി​രി​ക്കാൻ ആഗ്രഹി​ക്കു​ന്നില്ല. അതു​കൊണ്ട്‌, കള്ളം പറയു​ന്നതു നമ്മൾ ഒഴിവാ​ക്കു​ന്നു. (യോഹ. 8:44; പ്രവൃ. 5:1-11) എന്നാൽ സത്യസന്ധത എന്നു പറഞ്ഞാൽ പച്ചക്കള്ളം പറയാ​തി​രി​ക്കു​ന്നതു മാത്ര​മാ​ണോ? യഥാർഥ​ത്തിൽ, നമ്മുടെ സത്യസന്ധത ദൈവ​ത്തി​ന്റെ അനർഹ​ദ​യ​യോ​ടുള്ള ആഴമായ വിലമ​തി​പ്പു പ്രതി​ഫ​ലി​പ്പി​ക്കു​ന്ന​താ​യി​രി​ക്കണം.

18, 19. സത്യസ​ന്ധ​രാ​യി​രി​ക്കു​ന്ന​തിൽ പച്ചക്കള്ളം പറയാ​തി​രി​ക്കു​ന്ന​തി​ലും അധികം ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

18 സത്യമ​ല്ലാത്ത കാര്യം പറയു​ന്ന​തി​നെ​യാ​ണു കള്ളം പറയുക എന്നതു​കൊണ്ട്‌ അർഥമാ​ക്കു​ന്നത്‌. അതു​കൊണ്ട്‌ ദൈവ​ത്തി​ന്റെ ജനം പച്ചക്കള്ളം പറയു​ന്നത്‌ ഒഴിവാ​ക്കി​യാൽ മാത്രം പോരാ. യഹോവ അതില​ധി​കം ആഗ്രഹി​ക്കു​ന്നു. പുരാതന ഇസ്രാ​യേ​ല്യ​രെ യഹോവ ഇങ്ങനെ പ്രോ​ത്സാ​ഹി​പ്പി​ച്ചു: “ഞാൻ വിശു​ദ്ധ​നാ​ക​യാൽ നിങ്ങളും വിശു​ദ്ധ​രാ​യി​രി​പ്പിൻ.” വിശു​ദ്ധ​രാ​യി​രി​ക്കാൻ കഴിയുന്ന വിവിധ മാർഗ​ങ്ങ​ളെ​ക്കു​റിച്ച്‌ യഹോവ അടുത്ത​താ​യി പറഞ്ഞു. അതി​ന്റെ​കൂ​ടെ ദൈവം ഇങ്ങനെ പറഞ്ഞു: “മോഷ്ടി​ക്ക​രു​തു, ചതിക്ക​രു​തു; ഒരുത്ത​നോ​ടു ഒരുത്തൻ ഭോഷ്‌കു പറയരുത്‌.” (ലേവ്യ 19:2, 11) സങ്കടക​ര​മെന്നു പറയട്ടെ, ഒരിക്ക​ലും കള്ളം പറയു​ക​യി​ല്ലെന്നു തീരു​മാ​നി​ച്ചി​രി​ക്കുന്ന ഒരു വ്യക്തി​പോ​ലും ഒരുപക്ഷേ മറ്റുള്ള​വ​രോ​ടു കാപട്യ​ത്തോ​ടെ ഇടപെ​ട്ടു​കൊണ്ട്‌ അവരെ ചതി​ച്ചേ​ക്കാം.

കള്ളം പറയു​ക​യും മറ്റുള്ള​വരെ പറ്റിക്കു​ക​യും ചെയ്യി​ല്ലെന്നു നിങ്ങൾ തീരു​മാ​നി​ച്ചി​ട്ടു​ണ്ടോ? (19-ാം ഖണ്ഡിക കാണുക)

19 ഉദാഹ​ര​ണ​ത്തിന്‌, ഒരു ജോലി​ക്കാ​രൻ ‘ഡോക്‌ടറെ കാണാൻ പോക​ണ​മെ​ന്നും’ അതു​കൊണ്ട്‌ അടുത്ത ദിവസം ജോലി​ക്കു വരാൻ കഴിയി​ല്ലെ​ന്നും ബോസി​നോ​ടോ കൂടെ ജോലി ചെയ്യു​ന്ന​വ​രോ​ടോ പറയുന്നു. പക്ഷേ അയാൾ അവധി​യെ​ടു​ക്കു​ന്ന​തി​ന്റെ ശരിക്കുള്ള കാരണം ഒരു വിനോ​ദ​യാ​ത്ര​യ്‌ക്കു നേരത്തെ പോകാ​നോ കുടും​ബ​ത്തെ​യും കൂട്ടി ബീച്ചിൽ പോകാ​നോ ആയിരി​ക്കാം. അയാൾ മരുന്നു​ക​ട​യിൽ ഒന്നു കയറു​ക​യോ ഡോക്‌ടറെ ഒന്നു കാണു​ക​യോ ചെയ്‌തേ​ക്കാം. ഇയാൾ ഡോക്‌ടറെ കാണണ​മെന്നു പറഞ്ഞ്‌ അവധി ചോദി​ച്ചതു സത്യമാ​ണോ? സത്യമാ​ണോ എന്നു ചോദി​ച്ചാൽ സത്യമാണ്‌. പക്ഷേ ശരിക്കും അയാൾ നുണ പറയു​ക​യ​ല്ലാ​യി​രു​ന്നോ? അയാൾ സത്യസ​ന്ധ​നാ​ണെന്നു പറയാ​നാ​കു​മോ? അയാൾ അവരെ പറഞ്ഞു​പ​റ്റിച്ച്‌ വഞ്ചിക്കു​ക​യാ​യി​രു​ന്നു. മറ്റുള്ള​വരെ മനഃപൂർവം വഞ്ചിക്കുന്ന സമാന​മായ സാഹച​ര്യ​ങ്ങൾ നിങ്ങൾക്ക്‌ അറിയാ​മാ​യി​രി​ക്കും. ഒരുപക്ഷേ ശിക്ഷയിൽനിന്ന്‌ ഒഴിവാ​കാ​നോ മറ്റുള്ള​വരെ മുത​ലെ​ടു​ക്കാ​നോ വേണ്ടി​യാ​യി​രി​ക്കാം അങ്ങനെ ചെയ്യു​ന്നത്‌. പറയു​ന്നതു പച്ചക്കള്ള​മ​ല്ലെ​ങ്കി​ലും “ചതിക്ക​രുത്‌” (“വഞ്ചിക്ക​രുത്‌”) എന്നല്ലേ ദൈവം പറഞ്ഞി​രി​ക്കു​ന്നത്‌. റോമർ 6:19-നെക്കു​റി​ച്ചും ചിന്തി​ക്കുക: “വിശു​ദ്ധി​ക്കാ​യി നിങ്ങളു​ടെ അവയവ​ങ്ങളെ നീതിക്ക്‌ അടിമ​ക​ളാ​യി സമർപ്പി​ച്ചു​കൊ​ള്ളു​വിൻ.”

20, 21. ദൈവ​ത്തി​ന്റെ അനർഹദയ എന്തെല്ലാം ചെയ്യാൻ നമ്മളെ പ്രേരി​പ്പി​ക്കണം?

20 അതു​കൊണ്ട്‌ സാരമി​താണ്‌: ദൈവ​ത്തി​ന്റെ അനർഹ​ദ​യ​യോ​ടു വിലമ​തി​പ്പു കാണി​ക്കു​ന്ന​തിൽ കൊരി​ന്തി​ലു​ള്ളവർ കുറ്റക്കാ​രാ​യി​രുന്ന വ്യഭി​ചാ​ര​വും മദ്യപാ​ന​വും മറ്റു പാപങ്ങ​ളും ഒഴിവാ​ക്കു​ന്ന​തി​ലും അധികം ഉൾപ്പെ​ട്ടി​രി​ക്കു​ന്നു. ദൈവ​ത്തി​ന്റെ അനർഹദയ സ്വീക​രി​ച്ചി​രി​ക്കുന്ന ഒരാൾ ലൈം​ഗിക അധാർമി​കത വിട്ടക​ന്നാൽ മാത്രം പോരാ, ആഭാസ​ക​ര​മായ വിനോ​ദങ്ങൾ ആസ്വദി​ക്കാ​നുള്ള പ്രവണ​ത​യ്‌ക്കെ​തി​രെ പോരാ​ടു​ക​യും ചെയ്യും. അതു​പോ​ലെ, നീതിക്കു നമ്മുടെ അവയവ​ങ്ങളെ അടിമ​ക​ളാ​ക്കു​ന്ന​തിൽ മദ്യാ​സക്തി ഒഴിവാ​ക്കു​ന്നതു മാത്രമല്ല, ലക്കു​കെ​ടുന്ന അളവോ​ളം മദ്യപി​ക്കാ​തി​രി​ക്കു​ന്ന​തും ഉൾപ്പെ​ടു​ന്നു. ശരിയാണ്‌, ഇത്തരം തെറ്റായ കാര്യ​ങ്ങൾക്കെ​തി​രെ പോരാ​ടു​ന്ന​തി​നു നല്ല ശ്രമം ആവശ്യ​മാണ്‌. എന്നാൽ ആ പോരാ​ട്ട​ത്തിൽ നമുക്കു വിജയി​ക്കാ​നാ​കും.

21 ഗുരു​ത​ര​മായ പാപങ്ങൾ ഒഴിവാ​ക്കു​ന്ന​തോ​ടൊ​പ്പം അത്ര പ്രകട​മ​ല്ലാത്ത തെറ്റു​ക​ളും ചെയ്യാ​തി​രി​ക്കുക. അതായി​രി​ക്കണം നമ്മുടെ ലക്ഷ്യം. നമുക്ക്‌ അതു പൂർണ​മാ​യി ചെയ്യാ​നാ​യെന്നു വരില്ല. എന്നാലും, പൗലോ​സി​നെ​പ്പോ​ലെ നമ്മൾ കഠിന​ശ്രമം ചെയ്യണം. പൗലോസ്‌ സഹോ​ദ​ര​ങ്ങളെ ഇങ്ങനെ പ്രോ​ത്സാ​ഹി​പ്പി​ച്ചു: “നിങ്ങൾ നിങ്ങളു​ടെ മർത്യ​ശ​രീ​ര​ത്തി​ന്റെ മോഹങ്ങൾ അനുസ​രി​ക്കു​മാറ്‌ പാപം അതിൽ വാഴ്‌ച നടത്താ​തി​രി​ക്കട്ടെ.” (റോമ. 6:12; 7:18-20) പാപം ഏതു തരത്തി​ലു​ള്ള​താ​യാ​ലും അതിന്‌ എതിരെ നമ്മൾ പോരാ​ടു​മ്പോൾ ക്രിസ്‌തു​വി​ലൂ​ടെ​യുള്ള ദൈവ​ത്തി​ന്റെ അനർഹ​ദ​യ​യോ​ടു നമ്മൾ നന്ദിയു​ള്ള​വ​രാ​ണെന്നു കാണി​ക്കു​ക​യാണ്‌.

22. ദൈവ​ത്തി​ന്റെ അനർഹ​ദ​യ​യോ​ടു വിലമ​തി​പ്പു​ണ്ടെന്നു തെളി​യി​ക്കു​ന്ന​വരെ കാത്തി​രി​ക്കു​ന്നത്‌ എന്താണ്‌?

22 ദൈവ​ത്തി​ന്റെ അനർഹ​ദ​യ​യാൽ നമ്മുടെ പാപങ്ങൾക്കു ക്ഷമ ലഭിച്ചി​രി​ക്കു​ന്നു. തുടർന്നും ക്ഷമ ലഭിക്കു​ക​യും ചെയ്യും. മറ്റുള്ളവർ പല തെറ്റു​ക​ളും നിസ്സാ​ര​മെന്നു കരുതാ​റുണ്ട്‌. അത്തരം തെറ്റു​ക​ളിൽ വീഴാ​നുള്ള ഏതു പ്രവണ​ത​യെ​യും മറിക​ട​ക്കാൻ ശ്രമി​ച്ചു​കൊണ്ട്‌ നമുക്കു അനർഹ​ദ​യ​യോ​ടു വിലമ​തി​പ്പു കാണി​ക്കാം. പൗലോസ്‌ എഴുതി: “ഇപ്പോ​ഴോ നിങ്ങൾ പാപത്തിൽനി​ന്നു സ്വത​ന്ത്ര​രാ​ക്ക​പ്പെട്ട്‌ ദൈവ​ത്തി​ന്റെ അടിമ​ക​ളാ​യി​ത്തീർന്നി​രി​ക്ക​യാൽ നിങ്ങൾക്കു ലഭിക്കുന്ന ഫലം വിശു​ദ്ധി​യും അതിന്റെ അവസാനം നിത്യ​ജീ​വ​നും ആകുന്നു.” അതാണു നമ്മളെ കാത്തി​രി​ക്കുന്ന പ്രതി​ഫലം.—റോമ. 6:22.