നിങ്ങൾ ഓർക്കുന്നുവോ?
വീക്ഷാഗോപുരത്തിന്റെ അടുത്തകാലത്തെ ലക്കങ്ങൾ നിങ്ങൾ ശ്രദ്ധാപൂർവം വായിച്ചു കാണുമല്ലോ. ഇപ്പോൾ, പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാകുമോ എന്നു നോക്കുക:
മത്തായി 18:15-17-ലെ യേശുവിന്റെ ഉപദേശം ഏതുതരം പാപത്തെക്കുറിച്ചുള്ളതാണ്?
ഉൾപ്പെട്ടിരിക്കുന്ന വ്യക്തികൾക്കു തമ്മിൽ പരിഹരിക്കാൻ കഴിയുന്ന പ്രശ്നങ്ങളെക്കുറിച്ചാണു യേശു ഇവിടെ പറയുന്നത്. എന്നാൽ നിസ്സാരമായ അഭിപ്രായവ്യത്യാസങ്ങളല്ല, പകരം ഗൗരവമേറിയ വിഷയങ്ങളാണു യേശു ഉദ്ദേശിച്ചത്. കാരണം, പ്രശ്നം പരിഹരിക്കുന്നില്ലെങ്കിൽ അതു പുറത്താക്കൽ നടപടിയിലേക്കു നയിച്ചേക്കാം. ഉദാഹരണത്തിന്, അതു ചിലപ്പോൾ ദൂഷണമോ അല്ലെങ്കിൽ വഞ്ചന ഉൾപ്പെട്ട എന്തെങ്കിലുമോ ആയിരിക്കാം.—w16.05, പേ. 7.
ബൈബിൾവായന കൂടുതൽ പ്രയോജനം ചെയ്യുന്ന വിധത്തിലാക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും?
പിൻവരുന്ന കാര്യങ്ങൾ ചെയ്യുക: നിങ്ങൾക്കു ബാധകമാക്കാൻ കഴിയുന്ന പാഠങ്ങൾ കണ്ടെത്തുന്നതിന് ഒരു തുറന്ന മനസ്സോടെ വായിക്കുക; ‘മറ്റുള്ളവരെ സഹായിക്കുന്നതിനായി ഈ വിവരം എങ്ങനെ ഉപയോഗിക്കാൻ കഴിയും’ എന്നതുപോലുള്ള ചോദ്യങ്ങൾ ചോദിക്കുക. നിങ്ങൾ വായിച്ച കാര്യങ്ങളെക്കുറിച്ച് കൂടുതൽ പഠിക്കാൻ ലഭ്യമായ ഗവേഷണോപാധികൾ ഉപയോഗിക്കുക.—w16.05, പേ. 24-26.
പുനരുത്ഥാനത്തിൽ വിശ്വാസമുള്ള ഒരു ക്രിസ്ത്യാനി ദുഃഖിക്കുന്നതിൽ തെറ്റുണ്ടോ?
പുനരുത്ഥാനത്തിലുള്ള വിശ്വാസം ഒരു ക്രിസ്ത്യാനിക്കു തോന്നിയേക്കാവുന്ന വേർപാടിന്റെ ആഴമായ നഷ്ടബോധം ഇല്ലാതാക്കുന്നില്ല. സാറ മരിച്ചപ്പോൾ അബ്രാഹാം വിലപിച്ച് കരഞ്ഞു. (ഉൽപ. 23:2) കാലം കടന്നുപോകുമ്പോൾ ദുഃഖത്തിന്റെ തീവ്രത കുറയും.—wp16.3, പേ. 4.
യഹസ്കേൽ 9-ാം അധ്യായത്തിൽ പറഞ്ഞിരിക്കുന്ന എഴുത്തുകാരന്റെ മഷിക്കുപ്പിയുമായി നിൽക്കുന്നയാളും ആയുധങ്ങളുമായി നിൽക്കുന്ന ആറു പുരുഷന്മാരും ആരെയാണു പ്രതീകപ്പെടുത്തുന്നത്?
യരുശലേമിന്റെ നാശത്തിൽ പങ്കുവഹിച്ചവരും അർമഗെദോനിൽ സംഭവിക്കാനിരിക്കുന്ന നാശത്തിൽ പങ്കുവഹിക്കാനിരിക്കുന്നവരും ആയ സ്വർഗീയസൈന്യത്തെയാണ് ഇവർ പ്രതീകപ്പെടുത്തുന്നത് എന്നാണു നമ്മൾ മനസ്സിലാക്കുന്നത്. ആധുനികകാലനിവൃത്തിയിൽ മഷിക്കുപ്പിയുമായി നിൽക്കുന്നയാൾ, അതിജീവിക്കാനുള്ളവരെ അടയാളമിടുന്ന യേശുക്രിസ്തുവിനെയാണു പ്രതീകപ്പെടുത്തുന്നത്.—w16.06, പേ. 16-17.
ഒരു ക്രിസ്ത്യാനിക്കു ജീവിതം ലളിതമാക്കാൻ എങ്ങനെയൊക്കെ കഴിയും?
നിങ്ങളുടെ യഥാർഥ ആവശ്യങ്ങൾ വ്യക്തമായി മനസ്സിലാക്കുക. അനാവശ്യച്ചെലവുകൾ ഒഴിവാക്കുക. പ്രായോഗികമായ ഒരു ബജറ്റു തയ്യാറാക്കുക. നിങ്ങൾക്ക് ഉപയോഗമില്ലാത്ത സാധനങ്ങൾ കളയുകയോ വിൽക്കുകയോ ആർക്കെങ്കിലും കൊടുക്കുകയോ ചെയ്യുക, കടബാധ്യതകൾ തീർക്കുക. ജോലിസമയം കുറയ്ക്കുക, ശുശ്രൂഷ വർധിപ്പിക്കാനുള്ള മാർഗങ്ങൾ നോക്കുക.—w16.07, പേ. 10.
സ്വർണത്തെക്കാളും വെള്ളിയെക്കാളും വിലയേറിയതെന്നു ബൈബിൾ പറയുന്നത് എന്തിനെക്കുറിച്ചാണ്?
ദിവ്യജ്ഞാനം സ്വർണത്തെക്കാളും വെള്ളിയെക്കാളും മികച്ചതാണെന്ന് ഇയ്യോബ് 28:12, 15 പറയുന്നു. നിങ്ങൾ അതിനായി അന്വേഷിക്കുമ്പോൾ താഴ്മയുള്ളവരായിരിക്കാനും വിശ്വാസത്തിൽ ശക്തരായിരിക്കാനും ശ്രമിക്കുക.—w16.08, പേ. 18-19.
ഒരു സഹോദരൻ താടി വളർത്തുന്നത് ഉചിതമാണോ?
ചില സംസ്കാരങ്ങളിൽ വൃത്തിയായി വെട്ടിയൊതുക്കിയ താടി സ്വീകാര്യമാണ്. ദൈവരാജ്യത്തെക്കുറിച്ചുള്ള സന്ദേശത്തിൽനിന്ന് അത് ആളുകളുടെ ശ്രദ്ധ പതറിക്കുകയില്ല. എങ്കിലും ചില സഹോദരങ്ങൾ താടി വളർത്തേണ്ടെന്നു തീരുമാനിച്ചേക്കാം. (1 കൊരി. 8:9) മറ്റു ചില സംസ്കാരങ്ങളിലും പ്രദേശങ്ങളിലും ക്രിസ്തീയശുശ്രൂഷകർ താടി വളർത്തുന്നതു സ്വീകാര്യമായി കരുതപ്പെടില്ല.—w16.09, പേ. 21.
ദാവീദിനെയും ഗൊല്യാത്തിനെയും കുറിച്ചുള്ള ബൈബിൾവിവരണം നമുക്കു വിശ്വസിക്കാവുന്നത് എന്തുകൊണ്ട്?
രേഖകളനുസരിച്ച് ആധുനികകാലത്ത് ഏറ്റവും കൂടുതൽ ഉയരമുള്ള ആളെക്കാൾ 6 ഇഞ്ച് (15 സെ.മീ.) മാത്രമേ ഗൊല്യാത്തിനു കൂടുതലുള്ളൂ. ദാവീദ് ജീവിച്ചിരുന്ന ഒരു യഥാർഥവ്യക്തിയായിരുന്നു. ദാവീദിന്റെ ഭവനത്തെക്കുറിച്ച് പറഞ്ഞിരിക്കുന്ന ഒരു പുരാതനലിഖിതത്തിൽനിന്നും യേശുവിന്റെ വാക്കുകളിൽനിന്നും നമുക്ക് അതു മനസ്സിലാക്കാനാകും. സംഭവം നടന്ന സ്ഥലത്തെക്കുറിച്ച് പറഞ്ഞിരിക്കുന്ന വിശദാംശങ്ങൾ ഇന്നു നമുക്ക് അറിയാവുന്ന വിവരങ്ങളുമായി ചേർച്ചയിലാണ്.—wp16.4, പേ. 13.
അറിവും വിവേകവും ജ്ഞാനവും തമ്മിൽ എന്താണു വ്യത്യാസം?
അറിവുള്ള ഒരാൾ വിവരങ്ങളും വസ്തുതകളും ശേഖരിക്കുന്നു. വിവേകമുള്ള ഒരാൾ ഒരു വസ്തുത മറ്റൊരു വസ്തുതയുമായി എങ്ങനെയാണു ബന്ധപ്പെട്ടിരിക്കുന്നതെന്നു മനസ്സിലാക്കുന്നു. അതേസമയം ജ്ഞാനമുള്ള ഒരാൾ അറിവും വിവേകവും തമ്മിൽ ബന്ധിപ്പിച്ച് കാര്യങ്ങൾ ചെയ്യും.—w16.10, പേ. 18.