“സർവഭൂമിയുടെയും ന്യായാധിപൻ” നീതി മാത്രമേ പ്രവർത്തിക്കൂ
“ദൈവം പാറ! ദൈവത്തിന്റെ പ്രവൃത്തികൾ അത്യുത്തമം, ദൈവത്തിന്റെ വഴികളെല്ലാം നീതിയുള്ളവ.”—ആവ. 32:4.
ഗീതങ്ങൾ: 112, 89
1. യഹോവ എപ്പോഴും നീതിയോടെ പ്രവർത്തിക്കുമെന്ന് അബ്രാഹാമിന് ഉറപ്പായിരുന്നെന്ന് എന്തു വ്യക്തമാക്കുന്നു? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
“സർവഭൂമിയുടെയും ന്യായാധിപൻ നീതി പ്രവർത്തിക്കാതിരിക്കുമോ?” (ഉൽപ. 18:25) സൊദോമിന്റെയും ഗൊമോറയുടെയും കാര്യത്തിൽ യഹോവ നീതിയോടെ മാത്രമേ പ്രവർത്തിക്കൂ എന്ന് അബ്രാഹാമിന് ഉറപ്പായിരുന്നെന്ന് അബ്രാഹാമിന്റെ ആ ചോദ്യം വ്യക്തമാക്കുന്നു. “നീതിമാന്മാരെ ദുഷ്ടന്മാരുടെകൂടെ നശിപ്പിച്ചുകൊണ്ട്” യഹോവ ഒരിക്കലും അനീതി പ്രവർത്തിക്കില്ലെന്ന് അബ്രാഹാമിനു പൂർണബോധ്യമുണ്ടായിരുന്നു. യഹോവ അങ്ങനെ ചെയ്യുമെന്നു ചിന്തിക്കാൻപോലും അബ്രാഹാമിനു കഴിയുമായിരുന്നില്ല. ഏകദേശം 400 വർഷത്തിനു ശേഷം തന്നെക്കുറിച്ച് ഇങ്ങനെ എഴുതാൻ യഹോവ മോശയോടു പറഞ്ഞു: “ദൈവം പാറ! ദൈവത്തിന്റെ പ്രവൃത്തികൾ അത്യുത്തമം, ദൈവത്തിന്റെ വഴികളെല്ലാം നീതിയുള്ളവ. ദൈവം വിശ്വസ്‌തൻ, അനീതിയില്ലാത്തവൻ; നീതിയും നേരും ഉള്ളവൻതന്നെ.”—ആവ. 31:19; 32:4.
2. യഹോവയ്‌ക്ക് അനീതി ചെയ്യാൻ കഴിയില്ലെന്നു പറയുന്നത് എന്തുകൊണ്ട്?
2 യഹോവയ്‌ക്ക് അനീതി ചെയ്യാൻ കഴിയാത്തത് എന്തുകൊണ്ട്? നീതിയുടെയും ന്യായത്തിന്റെയും നിലവാരങ്ങൾ വെക്കുന്നത് യഹോവയാണ്. യഹോവയുടെ നിലവാരങ്ങൾ എപ്പോഴും നീതിയുള്ളവയായതുകൊണ്ട് യഹോവ കാര്യങ്ങൾ വിലയിരുത്തുന്നത് എപ്പോഴും ന്യായത്തോടെയായിരിക്കും. “ദൈവം നീതിയെയും ന്യായത്തെയും സ്‌നേഹിക്കുന്നു” എന്നു ദൈവവചനമായ ബൈബിൾ പറയുന്നു.—സങ്കീ. 33:5.
3. ലോകത്ത് നടമാടുന്ന അനീതികൾക്ക് ഒരു ഉദാഹരണം പറയുക.
3 യഹോവ നീതിയോടെ മാത്രമേ കാര്യങ്ങൾ ചെയ്യൂ എന്ന അറിവ് വലിയ ആശ്വാസമാണ്. കാരണം, ഈ ലോകം അനീതികൊണ്ട് നിറഞ്ഞിരിക്കുകയാണ്. നിരപരാധികളായ അനേകം ആളുകൾ കടുത്ത അന്യായങ്ങൾക്കിരയായിട്ടുണ്ട്. ഉദാഹരണത്തിന്, ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ ചിലർക്കു പതിറ്റാണ്ടുകളോളം തടവുശിക്ഷ അനുഭവിക്കേണ്ടിവന്നു. ഡിഎൻഎ ടെസ്റ്റുകൾ നിലവിൽ വന്നതോടെയാണ് അവരിൽ ചിലർക്കെങ്കിലും മോചനം ലഭിച്ചത്. ഇത്തരം അനീതികളൊക്കെ അനുഭവിക്കേണ്ടിവരുമ്പോൾ ആളുകൾക്കു നിരാശയും ദേഷ്യവും ഒക്കെ തോന്നും. എന്നാൽ ക്രിസ്‌ത്യാനികൾ മറ്റൊരു വിധത്തിൽ അനീതിക്കിരയായേക്കാം. അതു സഹിക്കാൻ കൂടുതൽ ബുദ്ധിമുട്ടാണ്. എന്താണ് അത്?
സഭയിൽ
4. ഒരു ക്രിസ്‌ത്യാനിയുടെ വിശ്വാസത്തിന് ഏതു കാര്യം പരിശോധനയായേക്കാം?
4 സഭയ്‌ക്കു പുറത്തുള്ള ആളുകളിൽനിന്ന് അനീതി നേരിടേണ്ടിവരുമെന്നു ക്രിസ്‌ത്യാനികൾക്ക് അറിയാം. എന്നാൽ അനീതിയെന്നു തോന്നുന്ന കാര്യങ്ങൾ സഭയ്‌ക്കുള്ളിൽത്തന്നെ നടക്കുന്നതു കാണുകയോ നമ്മൾ അവയ്‌ക്കിരയാകുകയോ ചെയ്യുമ്പോൾ, അതു നമ്മുടെ വിശ്വാസത്തിന് ഒരു പരിശോധനയായേക്കാം. അപ്പോൾ നിങ്ങൾ എന്തു ചെയ്യും? ഒരു സഹക്രിസ്‌ത്യാനി നിങ്ങളോട് അന്യായം കാണിച്ചെന്നു തോന്നുന്ന സാഹചര്യത്തിൽ നിങ്ങളുടെ പ്രതികരണം എന്തായിരിക്കും? നിങ്ങൾ വിശ്വാസത്തിൽനിന്ന് ഇടറിവീഴുമോ?
5. സഭയിൽ അനീതി നടക്കുന്നതു കാണുകയോ അവയ്‌ക്കിരയാകുകയോ ചെയ്യുമ്പോൾ ഒരു ക്രിസ്‌ത്യാനി അതിശയിക്കരുതാത്തത് എന്തുകൊണ്ട്?
5 നമ്മളെല്ലാം അപൂർണരും പാപം ചെയ്യാൻ ചായ്‌വുള്ളവരും ആണ്. അതുകൊണ്ട്, സഭയിലുള്ളവർ നമ്മളോട് അന്യായമായി പെരുമാറാനോ നമ്മൾ അവരോട് അനീതി കാണിക്കാനോ ഉള്ള സാധ്യത എപ്പോഴുമുണ്ട്. (1 യോഹ. 1:8) അങ്ങനെയുള്ള കാര്യങ്ങൾ വിരളമായേ സംഭവിക്കാറുള്ളൂ. എങ്കിലും അങ്ങനെ സംഭവിക്കുമ്പോൾ വിശ്വസ്‌തരായ ക്രിസ്‌ത്യാനികൾ അമ്പരന്നുപോകുകയോ വിശ്വാസത്തിൽനിന്ന് ഇടറിവീഴുകയോ ഇല്ല. സഹക്രിസ്‌ത്യാനികളിൽനിന്ന് അനീതി നേരിടേണ്ടിവരുന്ന സാഹചര്യങ്ങളിലും ദൈവമുമ്പാകെ നിഷ്‌കളങ്കരായി നിൽക്കാൻ എങ്ങനെ കഴിയുമെന്ന് യഹോവ ബൈബിളിലൂടെ പറഞ്ഞുതന്നിട്ടുണ്ട്.—സങ്കീ. 55:12-14.
6, 7. ക്രിസ്‌തീയസഭയിൽ ഒരു സഹോദരന് എന്ത് അനീതിയാണ് അനുഭവിക്കേണ്ടിവന്നത്, പിടിച്ചുനിൽക്കാൻ ഏതൊക്കെ ഗുണങ്ങളാണ് അദ്ദേഹത്തെ സഹായിച്ചത്?
6 വില്ലി ഡീൽ എന്ന സഹോദരന്റെ അനുഭവം നോക്കാം. 1931 മുതൽ അദ്ദേഹം സ്വിറ്റ്‌സർലൻഡിലെ ബേണിലുള്ള ബഥേലിൽ സേവിച്ചുവരുകയായിരുന്നു. 1946-ൽ അദ്ദേഹം ഐക്യനാടുകളിലെ ന്യൂയോർക്കിൽ നടന്ന ഗിലെയാദ് സ്‌കൂളിന്റെ എട്ടാമത്തെ ക്ലാസ്സിൽ പങ്കെടുത്തു. ബിരുദം നേടിയശേഷം അദ്ദേഹത്തെ സ്വിറ്റ്‌സർലൻഡിൽ സർക്കിട്ട് മേൽവിചാരകനായി നിയമിച്ചു. താൻ വിവാഹം കഴിക്കാൻപോകുകയാണെന്ന് 1949 മെയ്യിൽ അദ്ദേഹം ബേണിലെ ബ്രാഞ്ചോഫീസിൽ അറിയിച്ചു. എന്നാൽ, സാധാരണ മുൻനിരസേവനമല്ലാതെ മറ്റു പദവികളൊന്നും ഇനി സഹോദരനുണ്ടായിരിക്കില്ല എന്നാണു ബ്രാഞ്ചോഫീസ് കൊടുത്ത മറുപടി! തന്റെ ജീവിതകഥയിൽ ഡീൽ സഹോദരൻ പറയുന്നു: “പ്രസംഗങ്ങൾ നടത്താൻ എനിക്ക് അനുവാദമില്ലായിരുന്നു. . . . അനേകർ ഞങ്ങളെ അഭിവാദ്യം ചെയ്യാൻ വിസമ്മതിക്കുകയും പുറത്താക്കപ്പെട്ടവരോടെന്ന നിലയിൽ ഞങ്ങളോട് പെരുമാറുകയും ചെയ്‌തു.”
7 ഡീൽ സഹോദരൻ എങ്ങനെയാണ് ഈ പ്രതിസന്ധിയെ നേരിട്ടത്? അദ്ദേഹം എഴുതി: “വിവാഹിതരാകുന്നത് തിരുവെഴുത്തു വിരുദ്ധമല്ലെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. അതുകൊണ്ട് ഞങ്ങൾ പ്രാർത്ഥനയിൽ അഭയം തേടുകയും യഹോവയിൽ ആശ്രയിക്കുകയും ചെയ്‌തു.” വിവാഹത്തെക്കുറിച്ചുള്ള തെറ്റായ വീക്ഷണമായിരുന്നു ഈ അനീതിക്കെല്ലാം കാരണം. എന്നാൽ പിന്നീട് ആ വീക്ഷണത്തിനു മാറ്റം വന്നപ്പോൾ, മുമ്പുണ്ടായിരുന്ന പദവികളൊക്കെ ഡീൽ സഹോദരനു തിരിച്ചുകിട്ടി. അങ്ങനെ യഹോവയോടുള്ള വിശ്വസ്‌തതയ്‌ക്ക് അദ്ദേഹത്തിനു പ്രതിഫലം ലഭിച്ചു. a നമ്മളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘എനിക്കാണ് ഇതുപോലൊരു അനുഭവം ഉണ്ടാകുന്നതെങ്കിൽ ഞാൻ പ്രതികരിക്കുന്നത് എങ്ങനെയായിരിക്കും? ഡീൽ സഹോദരനെപ്പോലെ ഒരു ആത്മീയകാഴ്‌ചപ്പാട് എനിക്കുണ്ടായിരിക്കുമോ? ഞാൻ ക്ഷമയോടെ യഹോവയ്‌ക്കായി കാത്തിരിക്കുമോ അതോ കാര്യങ്ങൾ സ്വന്തമായി കൈകാര്യം ചെയ്യാൻ ശ്രമിക്കുമോ?’—സുഭാ. 11:2; മീഖ 7:7 വായിക്കുക.
8. നിങ്ങളോ മറ്റൊരാളോ അനീതിക്കിരയായി എന്നു നിങ്ങൾ തെറ്റായി നിഗമനം ചെയ്‌തേക്കാവുന്നത് എന്തുകൊണ്ട്?
8 നമ്മളോ സഭയിലെ മറ്റൊരു അംഗമോ അനീതിക്കിരയായി എന്നതു ചിലപ്പോൾ നമ്മുടെ തോന്നൽ മാത്രമായിരിക്കാം. അപൂർണരായ നമ്മൾ ശരിയായ രീതിയിൽ കാര്യങ്ങൾ വീക്ഷിക്കാത്തതുകൊണ്ടോ നമുക്കു കാര്യങ്ങളുടെ എല്ലാ വിശദാംശങ്ങളും അറിയില്ലാത്തതുകൊണ്ടോ ആയിരിക്കാം അങ്ങനെ തോന്നിയത്. കാര്യങ്ങളുടെ എല്ലാ വിശദാംശങ്ങളും അറിയാമെങ്കിലും ഇല്ലെങ്കിലും, പ്രാർഥനാനിർഭരമായ ഒരു മനസ്സോടെ വിശ്വസ്‌തമായി യഹോവയോടു പറ്റിനിൽക്കുന്നെങ്കിൽ നമ്മൾ ഒരിക്കലും ‘യഹോവയോടു കോപിക്കില്ല.’—സുഭാഷിതങ്ങൾ 19:3 വായിക്കുക.
9. ഈ ലേഖനത്തിലും അടുത്തതിലും നമ്മൾ എന്തു പഠിക്കും?
9 യഹോവയുടെ ജനത്തിന് ഇടയിൽ അനീതി നടന്നതിനെക്കുറിച്ചുള്ള മൂന്നു ബൈബിൾവിവരണങ്ങളാണു നമ്മൾ ഇനി പഠിക്കാൻപോകുന്നത്. ഈ ലേഖനത്തിൽ, അബ്രാഹാമിന്റെ കൊച്ചുമകന്റെ മകനായ യോസേഫിനു തന്റെ ചേട്ടന്മാരിൽനിന്നുണ്ടായ അനീതിയെക്കുറിച്ച് നമ്മൾ പഠിക്കും. അടുത്ത ലേഖനത്തിൽ, ഇസ്രായേൽരാജാവായ ആഹാബുമായി യഹോവ ഇടപെട്ട വിധത്തെക്കുറിച്ചും സിറിയയിലെ അന്ത്യോക്യയിൽവെച്ച് പത്രോസ് അപ്പോസ്‌തലൻ ചെയ്‌ത തെറ്റിനെക്കുറിച്ചും പഠിക്കും. അനീതിക്കിരയായെന്നു തോന്നുമ്പോൾ, ആത്മീയകാഴ്‌ചപ്പാടു നിലനിറുത്താനും യഹോവയുമായുള്ള ബന്ധം കാത്തുസൂക്ഷിക്കാനും ഈ ജീവിതകഥകൾ നമ്മളെ സഹായിക്കും.
യോസേഫ്—അനീതിയുടെ ഇര
10, 11. (എ) എന്തൊക്കെ അനീതികളാണു യോസേഫിനു സഹിക്കേണ്ടിവന്നത്? (ബി) തന്റെ ദുരിതങ്ങൾ വിവരിക്കാൻ തടവിൽവെച്ച് യോസേഫിന് അവസരം കിട്ടിയത് എങ്ങനെ?
10 യഹോവയുടെ ഒരു വിശ്വസ്‌തദാസനായിരുന്ന യോസേഫ് കടുത്ത അനീതികൾക്കിരയായി. കുടുംബത്തിനു പുറത്തുള്ളവർ മാത്രമല്ല, സ്വന്തം ചേട്ടന്മാരും യോസേഫിനോട് അന്യായമായി പെരുമാറിയെന്നതാണു വേദനാകരമായ സംഗതി. യോസേഫിന് 17 വയസ്സുള്ളപ്പോൾ ചേട്ടന്മാർ യോസേഫിനെ പിടിച്ച് ഒരു അടിമയായി വിറ്റു. അങ്ങനെ, യോസേഫിന് ഒരു ബന്ദിയായി ഈജിപ്‌തിലേക്കു പോകേണ്ടിവന്നു. (ഉൽപ. 37:23-28; 42:21) ആ ദേശത്ത് എത്തി കുറച്ച് കാലം കഴിഞ്ഞപ്പോൾ, ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്ന വ്യാജാരോപണത്തിന്റെ പേരിൽ വിചാരണയൊന്നും കൂടാതെ യോസേഫിനെ തടവിലാക്കി. (ഉൽപ. 39:17-20) അടിമയും തടവുകാരനും ആയുള്ള യോസേഫിന്റെ ദുരിതകാലം ഏകദേശം 13 വർഷം നീണ്ടുനിന്നു. യോസേഫിന്റെ അനുഭവം നമ്മളെ എന്താണു പഠിപ്പിക്കുന്നത്? നമ്മുടെ ഒരു സഹവിശ്വാസി നമ്മളോട് അന്യായമായി പെരുമാറുന്നെങ്കിൽ നമ്മൾ എന്താണു ചെയ്യേണ്ടത്?
11 തന്റെ സാഹചര്യത്തെക്കുറിച്ച് ഈജിപ്‌തിലെ രാജാവിന്റെ പാനപാത്രവാഹകനോടു പറയാൻ യോസേഫിന് ഒരിക്കൽ അവസരം കിട്ടി. പാനപാത്രവാഹകനും യോസേഫും ഒരുമിച്ച് തടവിൽ കഴിഞ്ഞ കാലത്ത് പാനപാത്രവാഹകൻ ഒരു സ്വപ്‌നം കണ്ടു. ദൈവത്തിന്റെ സഹായത്തോടെ യോസേഫ് ആ സ്വപ്‌നത്തിന്റെ അർഥം അദ്ദേഹത്തിനു വ്യാഖ്യാനിച്ചുകൊടുത്തു. പാനപാത്രവാഹകൻ ഫറവോന്റെ കൊട്ടാരത്തിലെ ഉദ്യോഗത്തിൽ തിരികെയെത്തുമെന്നായിരുന്നു അതിന്റെ അർഥം. ആ സാഹചര്യത്തിൽ യോസേഫ് തന്റെ ദുരനുഭവങ്ങളെപ്പറ്റിയും പറഞ്ഞു. എന്നാൽ യോസേഫ് പറഞ്ഞ കാര്യങ്ങളിൽനിന്ന് മാത്രമല്ല, പറയാതിരുന്ന കാര്യങ്ങളിൽനിന്നും നമുക്കു വിലപ്പെട്ട ചില പാഠങ്ങൾ പഠിക്കാനുണ്ട്.—ഉൽപ. 40:5-13.
12, 13. (എ) ഒരു ശ്രമവും നടത്താതെ ആ തടവിൽ ഒതുങ്ങിക്കൂടുക എന്നതല്ലായിരുന്നു യോസേഫിന്റെ ചിന്തയെന്നു പാനപാത്രവാഹകനോടുള്ള വാക്കുകൾ കാണിക്കുന്നത് എങ്ങനെ? (ബി) പാനപാത്രവാഹകനോടു സംസാരിച്ചപ്പോൾ ഏതു കാര്യം യോസേഫ് പറഞ്ഞില്ല?
12 ഉൽപത്തി 40:14, 15 വായിക്കുക. തന്നെ “തട്ടിക്കൊണ്ടുപോന്നതാണ്” എന്നു യോസേഫ് പറഞ്ഞതു ശ്രദ്ധിക്കുക. മൂലഭാഷയിലെ ഈ വാക്കിന്റെ അക്ഷരാർഥം “മോഷ്ടിച്ചുകൊണ്ടുപോന്നത്” എന്നാണ്. കടുത്ത അനീതിയുടെ ഇരയാകുകയായിരുന്നു യോസേഫ്. ചെയ്യാത്ത കുറ്റത്തിനാണു താൻ തടവിൽ കിടക്കുന്നതെന്നും യോസേഫ് വ്യക്തമാക്കി. അതുകൊണ്ട്, തന്റെ കാര്യം ഫറവോന്റെ മുന്നിൽ അവതരിപ്പിക്കണമെന്നു പാനപാത്രവാഹകനോടു യോസേഫ് അപേക്ഷിച്ചു. എന്തിനാണ് യോസേഫ് ഇതെല്ലാം പറഞ്ഞത്? തടവിൽനിന്ന് ‘മോചിതനാകുക’ എന്നതായിരുന്നു ലക്ഷ്യം.
13 ഒരു ശ്രമവും നടത്താതെ ആ തടവിൽ ഒതുങ്ങിക്കൂടിയേക്കാം എന്നല്ലായിരുന്നു യോസേഫിന്റെ ചിന്തയെന്നു വ്യക്തം. പലവട്ടം അനീതിക്കിരയായ ഒരു നിഷ്‌കളങ്കനാണു താനെന്നു യോസേഫിന് അറിയാമായിരുന്നു. അതുകൊണ്ടാണ്, പാനപാത്രവാഹകൻ സഹായിക്കുമെന്ന പ്രതീക്ഷയിൽ യോസേഫ് കാര്യങ്ങളെല്ലാം അദ്ദേഹത്തോടു വിവരിച്ചത്. എന്നാൽ സ്വന്തം ചേട്ടന്മാരാണു തന്നെ വിറ്റുകളഞ്ഞതെന്നു യോസേഫ് ആരോടും, എന്തിന് ഫറവോനോടുപോലും, പറഞ്ഞതായി തിരുവെഴുത്തുകളിൽ എവിടെയുമില്ല. യോസേഫിന്റെ ചേട്ടന്മാർ ഈജിപ്‌തിൽ വന്ന് യോസേഫുമായി രമ്യതയിലായ കാലത്ത്, ഈജിപ്‌തിൽ വന്ന് താമസിക്കാൻ ഫറവോൻ അവരെ ക്ഷണിക്കുകയും “ദേശത്തെ ഏറ്റവും നല്ലതു” തിരഞ്ഞെടുത്തുകൊള്ളാൻ അവരോടു പറയുകയും ചെയ്‌തു.—ഉൽപ. 45:16-20.
14. സഹോദരങ്ങളിൽനിന്ന് അനീതി നേരിടേണ്ടിവന്നാൽ, അതു പറഞ്ഞുനടക്കാതിരിക്കാൻ എന്തു സഹായിക്കും?
14 അനീതിക്കിരയായെന്ന് ഒരു ക്രിസ്‌ത്യാനിക്കു തോന്നുന്നെങ്കിൽ അക്കാര്യം സഭയിൽ പറഞ്ഞുപരത്താതിരിക്കാൻ അദ്ദേഹം ശ്രദ്ധിക്കണം. സഭയിലെ ഒരംഗം ഗുരുതരമായ ഒരു തെറ്റു ചെയ്‌തിട്ടുണ്ടെങ്കിൽ അതു മൂപ്പന്മാരെ അറിയിക്കുകയും അവരോടു സഹായം ചോദിക്കുകയും വേണമെന്നതു ശരിയാണ്. (ലേവ്യ 5:1) എന്നാൽ അത്ര ഗൗരവമുള്ള തെറ്റല്ലെങ്കിൽ, മിക്ക സാഹചര്യങ്ങളിലും ആരെയും ഉൾപ്പെടുത്താതെതന്നെ പ്രശ്‌നം പറഞ്ഞുതീർക്കാൻ സഹോദരങ്ങൾക്കു കഴിഞ്ഞേക്കും, മൂപ്പന്മാരോടുപോലും പറയേണ്ടതില്ലായിരിക്കാം. (മത്തായി 5:23, 24; 18:15 വായിക്കുക.) അങ്ങനെയുള്ള പ്രശ്‌നങ്ങൾ ബൈബിൾതത്ത്വങ്ങൾക്കു ചേർച്ചയിൽ പരിഹരിക്കാൻ നമുക്കു ശ്രമിക്കാം. ചില സാഹചര്യങ്ങളിൽ, അനീതിക്കിരയായി എന്നതു വെറും തോന്നൽ മാത്രമായിരുന്നെന്നു പിന്നീടു നമുക്കു മനസ്സിലാകും. ഒന്നു ചിന്തിച്ചുനോക്കൂ: ആ പ്രശ്‌നത്തെക്കുറിച്ച് പറഞ്ഞുപരത്തിയിരുന്നെങ്കിൽ അത് ആ സഹക്രിസ്‌ത്യാനിയുടെ സത്‌പേര് നശിപ്പിക്കുകയും പ്രശ്‌നം കൂടുതൽ വഷളാക്കുകയും ചെയ്യില്ലായിരുന്നോ? ന്യായം നമ്മുടെ ഭാഗത്താണെങ്കിലും അല്ലെങ്കിലും മുറിപ്പെടുത്തുന്ന സംസാരം ഒരിക്കലും പ്രശ്‌നങ്ങൾക്കു പരിഹാരമല്ല. യഹോവയോടും സഹോദരങ്ങളോടും ഉള്ള വിശ്വസ്‌തത, ഒരിക്കലും അങ്ങനെയൊരു തെറ്റു ചെയ്യാതിരിക്കാൻ നമ്മളെ സഹായിക്കും. ‘നിഷ്‌കളങ്കനായി നടക്കുന്ന’ വ്യക്തിയെക്കുറിച്ച് സങ്കീർത്തനക്കാരൻ പറഞ്ഞത് ഇതാണ്: “അയാൾ നാവുകൊണ്ട് പരദൂഷണം പറയുന്നില്ല, അയൽക്കാരന് ഒരു ദോഷവും ചെയ്യുന്നില്ല, സ്‌നേഹിതരെ അപകീർത്തിപ്പെടുത്തുന്നില്ല.”—സങ്കീ. 15:2, 3; യാക്കോ. 3:5.
യഹോവയുമായുള്ള ബന്ധമാണ് ഏറ്റവും പ്രധാനം
15. യഹോവയുമായി ഒരു നല്ല ബന്ധം കാത്തുസൂക്ഷിച്ചതു യോസേഫിന് അനുഗ്രഹമായത് എങ്ങനെ?
15 യോസേഫ് എപ്പോഴും യഹോവയുമായി ഒരു നല്ല ബന്ധം കാത്തുസൂക്ഷിച്ചു. അതിൽനിന്ന് നമുക്കു പലതും പഠിക്കാനുണ്ട്. കാര്യങ്ങൾ സംബന്ധിച്ച് തനിക്ക് യഹോവയുടെ അതേ വീക്ഷണമാണുള്ളതെന്ന് 13 വർഷം നീണ്ടുനിന്ന ദുരിതകാലത്ത് ഉടനീളം യോസേഫ് തെളിയിച്ചു. (ഉൽപ. 45:5-8) തനിക്കുണ്ടായ കുഴപ്പങ്ങൾക്കു യോസേഫ് ഒരിക്കലും യഹോവയെ കുറ്റപ്പെടുത്തിയില്ല. അനുഭവിച്ച കഷ്ടങ്ങൾ ഓർമയുണ്ടായിരുന്നെങ്കിലും യോസേഫിന്റെ ഉള്ളിൽ വിദ്വേഷമൊന്നുമില്ലായിരുന്നു. എന്നാൽ ഏറ്റവും ശ്രദ്ധേയമായ സംഗതി, മറ്റുള്ളവരുടെ അപൂർണതകളും അവരുടെ തെറ്റായ പ്രവൃത്തികളും യഹോവയിൽനിന്ന് തന്നെ അകറ്റാൻ യോസേഫ് അനുവദിച്ചില്ല എന്നതാണ്. ഇങ്ങനെ വിശ്വസ്‌തത കാണിച്ചതുകൊണ്ട്, തന്റെ ജീവിതത്തിൽ യഹോവ ഇടപെടുന്നതു കാണാൻ യോസേഫിന് അവസരം ലഭിച്ചു. യോസേഫ് അനുഭവിച്ചുകൊണ്ടിരുന്ന അനീതികൾക്കെല്ലാം യഹോവ അറുതിവരുത്തുകയും യോസേഫിനെയും കുടുംബത്തെയും അനുഗ്രഹിക്കുകയും ചെയ്‌തു.
16. സഹോദരങ്ങളിൽനിന്ന് അനീതി നേരിടേണ്ടിവരുമ്പോൾ നമ്മൾ യഹോവയോടു കൂടുതൽ അടുക്കേണ്ടത് എന്തുകൊണ്ട്?
16 യഹോവയുമായുള്ള ബന്ധത്തെ നമ്മളും വിലപ്പെട്ടതായി കാണുകയും അതു കാത്തുസൂക്ഷിക്കുകയും വേണം. നമ്മൾ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ദൈവത്തിൽനിന്ന് സഹോദരങ്ങളുടെ തെറ്റുകൾ ഒരിക്കലും നമ്മളെ അകറ്റാതിരിക്കട്ടെ. (റോമ. 8:38, 39) ഒരു സഹാരാധകൻ നമ്മളോട് അന്യായമായി പെരുമാറുന്നെങ്കിൽ നമുക്കു യോസേഫിനെ അനുകരിക്കാം. യഹോവ വീക്ഷിക്കുന്നതുപോലെ കാര്യങ്ങൾ വീക്ഷിച്ചുകൊണ്ട് നമുക്ക് യഹോവയോട് അടുത്ത് ചെല്ലാം. പ്രശ്‌നം പരിഹരിക്കാൻ തിരുവെഴുത്തുകൾ എന്തൊക്കെ നിർദേശങ്ങളാണോ തരുന്നത് അതെല്ലാം പിൻപറ്റിയശേഷം കാര്യം യഹോവയ്‌ക്കു വിടുക. തന്റേതായ സമയത്തും തന്റേതായ വിധത്തിലും യഹോവ കാര്യങ്ങൾ നേരെയാക്കുമെന്ന് ഉറപ്പുള്ളവരായിരിക്കുക.
‘സർവഭൂമിയുടെയും ന്യായാധിപനിൽ’ ആശ്രയിക്കുക
17. ‘സർവഭൂമിയുടെയും ന്യായാധിപനെ’ നമുക്കു വിശ്വാസമാണെന്ന് എങ്ങനെ കാണിക്കാം?
17 ഈ വ്യവസ്ഥിതിയിൽ ജീവിക്കുന്നിടത്തോളം കാലം അനീതി അനുഭവിക്കേണ്ടിവരുമെന്നു നമ്മൾ പ്രതീക്ഷിക്കണം. ചുരുക്കം ചില സാഹചര്യങ്ങളിൽ, സഭയിൽനിന്ന് നിങ്ങൾക്ക് അനീതി അനുഭവിക്കേണ്ടിവന്നേക്കാം. അല്ലെങ്കിൽ നിങ്ങൾക്കു പരിചയമുള്ള ഒരു സഹോദരനോ സഹോദരിയോ മറ്റു സഹോദരങ്ങളുടെ അനീതിക്കിരയായെന്നു നിങ്ങൾക്കു തോന്നിയേക്കാം. പക്ഷേ അതൊന്നും നിങ്ങളെ വിശ്വാസത്തിൽനിന്ന് വീഴിക്കാൻ കാരണമാകരുത്. (സങ്കീ. 119:165) പകരം എപ്പോഴും ദൈവത്തോടു വിശ്വസ്‌തത കാണിക്കുക, സഹായത്തിനായി പ്രാർഥിക്കുക, ദൈവത്തിൽ ആശ്രയിക്കുക. കാര്യങ്ങളുടെ എല്ലാ വശവും നമുക്ക് അറിയില്ലെന്നു താഴ്‌മയോടെ നമ്മൾ അംഗീകരിക്കുകയും വേണം. ചിലപ്പോൾ, അപൂർണരായ നമ്മൾ കാര്യങ്ങളെ ശരിയായ വിധത്തിൽ വീക്ഷിക്കാത്തതായിരിക്കാം പ്രശ്‌നം. യോസേഫിൽനിന്ന് നമുക്കു പഠിക്കാനാകുന്നതുപോലെ, അത്തരം സാഹചര്യങ്ങളിൽ നമ്മൾ ഉൾപ്പെട്ടിരിക്കുന്ന വ്യക്തികളെക്കുറിച്ച് മോശമായി സംസാരിക്കരുത്. അതു പ്രശ്‌നം കൂടുതൽ വഷളാക്കുകയേ ഉള്ളൂ. ഒരു കാര്യംകൂടി: പ്രശ്‌നം തന്നെത്താൻ കൈകാര്യം ചെയ്യാമെന്നു ചിന്തിക്കുന്നതിനു പകരം വിശ്വസ്‌തത കാത്തുസൂക്ഷിച്ചുകൊണ്ട് ക്ഷമയോടെ യഹോവയ്‌ക്കായി കാത്തിരിക്കുക. അത്തരം ഒരു മനോഭാവമുണ്ടെങ്കിൽ നമുക്ക് യഹോവയുടെ പ്രീതി ലഭിക്കും. യോസേഫിനെ അനുഗ്രഹിച്ചതുപോലെ യഹോവ നമ്മളെയും അനുഗ്രഹിക്കും. “സർവഭൂമിയുടെയും ന്യായാധിപൻ” നീതി മാത്രമേ പ്രവർത്തിക്കൂ എന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാം. “ദൈവത്തിന്റെ വഴികളെല്ലാം നീതിയുള്ളവ” ആണ്.—ഉൽപ. 18:25; ആവ. 32:4.
18. അടുത്ത ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
18 ബൈബിൾക്കാലങ്ങളിൽ യഹോവയുടെ ജനത്തിന് ഇടയിൽ അനീതി നടന്നതിനെക്കുറിച്ചുള്ള മറ്റു രണ്ടു വിവരണങ്ങൾ നമ്മൾ അടുത്ത ലേഖനത്തിൽ പഠിക്കും. നീതി സംബന്ധിച്ച യഹോവയുടെ വീക്ഷണമുണ്ടായിരിക്കാൻ താഴ്‌മയും ക്ഷമിക്കാനുള്ള മനസ്സും എങ്ങനെ സഹായിക്കുമെന്ന് അതിലൂടെ നമ്മൾ മനസ്സിലാക്കും.
a വില്ലി ഡീൽ സഹോദരന്റെ ജീവിതകഥ 1992 ഫെബ്രുവരി 1 ലക്കം വീക്ഷാഗോപുരത്തിലെ “യഹോവ എന്റെ ദൈവമാണ്, അവനിൽ ഞാൻ ആശ്രയിക്കും” എന്ന ലേഖനത്തിൽ വായിക്കാം.