“പ്രവൃത്തിയിലും സത്യത്തിലും ആണ് . . . സ്നേഹിക്കേണ്ടത് ”
“വാക്കുകൊണ്ടും നാക്കുകൊണ്ടും അല്ല, പ്രവൃത്തിയിലും സത്യത്തിലും ആണ് നമ്മൾ പരസ്പരം സ്നേഹിക്കേണ്ടത്.”—1 യോഹ. 3:18.
1. സ്നേഹത്തിന്റെ ഏറ്റവും ഉന്നതമായ രൂപം ഏതാണ്, അങ്ങനെ പറയുന്നത് എന്തുകൊണ്ട്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
ശരിയായ തത്ത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്നേഹം (അഗാപെ) യഹോവയിൽനിന്നുള്ള ഒരു സമ്മാനമാണ്. യഹോവയാണ് അതിന്റെ ഉറവ്. (1 യോഹ. 4:7) സ്നേഹത്തിന്റെ ഏറ്റവും ഉന്നതമായ രൂപമാണ് അഗാപെ. അതിൽ വാത്സല്യവും അടുപ്പവും ഒക്കെ ഉൾപ്പെടുന്നുണ്ടെങ്കിലും മറ്റുള്ളവരുടെ നന്മയെ മുന്നിൽക്കണ്ട് ചെയ്യുന്ന നിസ്വാർഥമായ പ്രവൃത്തികളാണ് അഗാപെയുടെ പ്രത്യേകത. ഒരു പുസ്തകം പറയുന്നതനുസരിച്ച്, അഗാപെ എന്ന സ്നേഹത്തെ “അതു പ്രചോദിപ്പിക്കുന്ന പ്രവൃത്തികളിൽനിന്നേ അറിയാൻ കഴിയൂ.” നമ്മൾ നിസ്വാർഥസ്നേഹം കാണിക്കുമ്പോഴും നമ്മളോട് അങ്ങനെ ആരെങ്കിലും ഇടപെടുമ്പോഴും നമ്മുടെ ജീവിതത്തിന് ഒരു അർഥമുണ്ടാകും, നമ്മൾ കൂടുതൽ സന്തോഷമുള്ളവരാകും.
2, 3. യഹോവ മനുഷ്യരോടു നിസ്വാർഥസ്നേഹം കാണിച്ചത് ഏതെല്ലാം വിധങ്ങളിൽ?
2 ആദാമിനെയും ഹവ്വയെയും സൃഷ്ടിക്കുന്നതിനും മുമ്പുതന്നെ യഹോവ മനുഷ്യരോടുള്ള സ്നേഹം കാണിച്ചു. മനുഷ്യർക്കുള്ള നിത്യഭവനമായി യഹോവ ഭൂമിയെ സൃഷ്ടിച്ചു. അവർ എങ്ങനെയെങ്കിലും ജീവിച്ചുപോകുകയെന്ന ഉദ്ദേശ്യത്തിലല്ല, പിന്നെയോ ജീവിതം പൂർണമായി ആസ്വദിക്കാൻ കഴിയുന്ന വിധത്തിലാണ് യഹോവ ഭൂമിയെ ഒരുക്കിയത്. സ്വന്തം നേട്ടത്തിനാണോ യഹോവ ഇതൊക്കെ ചെയ്തത്? അല്ല, നമ്മുടെ സന്തോഷം മാത്രമായിരുന്നു യഹോവയുടെ മനസ്സിൽ. കൂടാതെ, അവർക്കുവേണ്ടി ഒരുക്കിയ പറുദീസയിൽ എന്നും ജീവിക്കാനുള്ള പ്രത്യാശ കൊടുത്തുകൊണ്ടും യഹോവ ഭൂമിയിലെ തന്റെ മക്കളോടു നിസ്വാർഥസ്നേഹം കാണിച്ചു.
3 ആദാമും ഹവ്വയും ധിക്കാരം കാണിച്ചശേഷം യഹോവ മനുഷ്യരോടുള്ള നിസ്വാർഥസ്നേഹം ഏറ്റവും ശ്രേഷ്ഠമായ വിധത്തിൽ പ്രകടമാക്കി. ആ മത്സരികളുടെ ജനിക്കാനിരിക്കുന്ന സന്തതിപരമ്പരകളെ മോചനവില കൊടുത്ത് രക്ഷിക്കാനായി യഹോവ ക്രമീകരണങ്ങൾ ചെയ്തു. അവരിൽ ചിലർ തന്റെ സ്നേഹത്തോട് അനുകൂലമായി പ്രതികരിക്കുമെന്ന് യഹോവയ്ക്ക് ഉറപ്പായിരുന്നു. (ഉൽപ. 3:15; 1 യോഹ. 4:10) വാസ്തവത്തിൽ, മോചനവിലയെക്കുറിച്ചുള്ള വാഗ്ദാനം കൊടുത്തപ്പോൾമുതൽ ആ ബലി അർപ്പിച്ചതായി യഹോവ കണക്കാക്കി. പിന്നീട് ഏകദേശം 4,000 വർഷങ്ങൾക്കു ശേഷം തനിക്കുതന്നെ വലിയ നഷ്ടം വരുത്തിവെച്ചുകൊണ്ട് മനുഷ്യവർഗമാകുന്ന ലോകത്തിനുവേണ്ടി തന്റെ ഏകജാതമകനെ ബലിയായി നൽകി. (യോഹ. 3:16) യഹോവയുടെ ആ നിസ്വാർഥസ്നേഹത്തിനു നമ്മൾ എത്ര നന്ദിയുള്ളവരാണ്!
4. നിസ്വാർഥസ്നേഹം കാണിക്കാൻ അപൂർണമനുഷ്യർക്കും കഴിയുമെന്ന് എന്തു സൂചിപ്പിക്കുന്നു?
4 നമുക്കും നിസ്വാർഥസ്നേഹം കാണിക്കാൻ കഴിവുണ്ട്, കാരണം ദൈവത്തിന്റെ ഛായയിലാണു നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. എങ്കിലും നമ്മൾ പാപികളായതുകൊണ്ട് സ്നേഹം പ്രകടിപ്പിക്കുന്നതു ബുദ്ധിമുട്ടായേക്കാം, പക്ഷേ നമുക്ക് അതിനു കഴിയും. ചില ഉദാഹരണങ്ങൾ നോക്കാം. തനിക്കുള്ളതിൽ ഏറ്റവും മികച്ചത് യഹോവയ്ക്കു യാഗം അർപ്പിച്ചുകൊണ്ട് ഹാബേൽ നിസ്വാർഥസ്നേഹം കാണിച്ചു. (ഉൽപ. 4:3, 4) ആളുകൾ ശ്രദ്ധിക്കാതിരുന്നിട്ടും ദൈവത്തിൽനിന്നുള്ള സന്ദേശം പതിറ്റാണ്ടുകളോളം പ്രസംഗിച്ചുകൊണ്ട് നോഹ സഹമനുഷ്യരോടു നിസ്വാർഥസ്നേഹം പ്രകടമാക്കി. (2 പത്രോ. 2:5) പ്രിയമകനായ യിസ്ഹാക്കിനെ യാഗം അർപ്പിക്കാൻ യഹോവ കല്പിച്ചപ്പോൾ തന്റെ വികാരങ്ങളെക്കാൾ ദൈവത്തോടുള്ള സ്നേഹത്തിന് അബ്രാഹാം പ്രാധാന്യം കൊടുത്തു. (യാക്കോ. 2:21) വിശ്വസ്തരായ ആ മനുഷ്യരെപ്പോലെ, എന്തൊക്കെ പ്രശ്നങ്ങളുണ്ടായാലും നമുക്കും നിസ്വാർഥസ്നേഹം കാണിക്കാം.
യഥാർഥസ്നേഹവും കപടസ്നേഹവും
5. നമുക്ക് ഏതൊക്കെ വിധങ്ങളിൽ യഥാർഥസ്നേഹം കാണിക്കാം?
5 യഥാർഥസ്നേഹം കാണിക്കുന്നത് “വാക്കുകൊണ്ടും നാക്കുകൊണ്ടും അല്ല, പ്രവൃത്തിയിലും സത്യത്തിലും” ആണെന്നു ബൈബിൾ പറയുന്നു. (1 യോഹ. 3:18) വാക്കുകൾകൊണ്ട് സ്നേഹം പ്രകടിപ്പിക്കാൻ കഴിയുകയേ ഇല്ല എന്നാണോ ഇതിന് അർഥം? അല്ല. (1 തെസ്സ. 4:18) നമ്മുടെ സ്നേഹം വാക്കുകളിൽ മാത്രമായി ഒതുങ്ങരുത് എന്നാണ് അതിന് അർഥം, എന്തെങ്കിലും സഹായം ചെയ്യേണ്ടതുള്ളപ്പോൾ പ്രത്യേകിച്ചും. ഉദാഹരണത്തിന്, ജീവിതത്തിലെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ വകയില്ലാത്ത ഒരു സഹക്രിസ്ത്യാനിക്കു സാന്ത്വനിപ്പിക്കുന്ന നല്ല വാക്കുകൾ മാത്രം പോരാ. (യാക്കോ. 2:15, 16) അതുപോലെതന്നെ, യഹോവയോടും അയൽക്കാരനോടും സ്നേഹമുള്ളപ്പോൾ ‘വിളവെടുപ്പിനു പണിക്കാരെ അയയ്ക്കാൻ യാചിക്കുക’ മാത്രമല്ല, പ്രസംഗവേലയിൽ കഴിവിന്റെ പരമാവധി ചെയ്യാൻ നമ്മൾ ശ്രമിക്കുകയും ചെയ്യും.—മത്താ. 9:38.
6, 7. (എ) “കാപട്യമില്ലാത്ത സ്നേഹം” എന്താണ്? (ബി) കപടസ്നേഹത്തിന്റെ ചില ദൃഷ്ടാന്തങ്ങൾ പറയുക.
6 നമ്മൾ “പ്രവൃത്തിയിലും സത്യത്തിലും” സ്നേഹിക്കണമെന്ന് അപ്പോസ്തലനായ യോഹന്നാൻ എഴുതി. അതായത്, നമ്മുടെ സ്നേഹം ‘കാപട്യമില്ലാത്തതായിരിക്കണം.’ (റോമ. 12:9; 2 കൊരി. 6:6) അപ്പോൾ ‘കാപട്യമുള്ള സ്നേഹം എന്ന ഒന്നുണ്ടോ’ എന്നു നമ്മൾ ചോദിച്ചേക്കാം. ഇല്ല. അതിനെ സ്നേഹമെന്നു വിളിക്കാനാകില്ല, ഒരു മൂല്യവുമില്ലാത്ത വെറും കപടപ്രകടനങ്ങൾ മാത്രമാണ് അത്. സ്നേഹത്തിന്റെ മുഖംമൂടി ധരിച്ച് പ്രവർത്തിക്കുന്ന ഒരാൾ യഥാർഥസ്നേഹം കാണിക്കുകയാണെന്നു പറയാനാകില്ല.
7 കപടസ്നേഹത്തിന്റെ ചില ദൃഷ്ടാന്തങ്ങൾ നോക്കാം. ഏദെൻ തോട്ടത്തിൽവെച്ച് ഹവ്വയുടെ നന്മയാണു തന്റെ ലക്ഷ്യം എന്നു തോന്നിപ്പിക്കുന്ന വിധത്തിലാണു സാത്താൻ സംസാരിച്ചത്. പക്ഷേ വാസ്തവത്തിൽ അവന്റെ പ്രവൃത്തികൾ സ്വാർഥവും കപടവും ആയിരുന്നു. (ഉൽപ. 3:4, 5) അതുപോലെ, അഹിഥോഫെലിനു ദാവീദ് രാജാവുമായി ഉണ്ടായിരുന്ന സൗഹൃദം വെറും നാട്യമായിരുന്നെന്നു തെളിഞ്ഞു. സ്വാർഥലാഭത്തിനുവേണ്ടി അഹിഥോഫെൽ ദാവീദിനെ ചതിച്ചു. (2 ശമു. 15:31) സമാനമായി ഇന്നും, വിശ്വാസത്യാഗികളും സഭയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നവരും തങ്ങൾക്കു സ്നേഹമുണ്ടെന്നു വരുത്തിത്തീർക്കാൻ “ചക്കരവാക്കും മുഖസ്തുതിയും” ഉപയോഗിക്കുന്നു. പക്ഷേ യഥാർഥത്തിൽ അവർക്കു സ്വാർഥലക്ഷ്യങ്ങളാണുള്ളത്.—റോമ. 16:17, 18.
8. നമ്മൾ നമ്മളോടുതന്നെ ഏതു ചോദ്യം ചോദിക്കണം?
8 ആത്മത്യാഗം നിറഞ്ഞ സ്നേഹം ഒരു ദൈവികഗുണമായിരിക്കെ, അതിനു പകരം ആളുകളെ വഞ്ചിക്കുന്ന കപടസ്നേഹം കാണിക്കുന്നത് അങ്ങേയറ്റം ലജ്ജാകരമാണ്. അത്തരം കപടതകൊണ്ട് മനുഷ്യരെ വിഡ്ഢികളാക്കാനായേക്കും, പക്ഷേ യഹോവയെ കബളിപ്പിക്കാനാവില്ല. വാസ്തവത്തിൽ കപടഭക്തരെപ്പോലെയുള്ള ഇവരെ “കഠിനമായി” ശിക്ഷിക്കുമെന്നു യേശു പറഞ്ഞു. (മത്താ. 24:51) യഹോവയുടെ ദാസന്മാർ കപടസ്നേഹം പ്രകടിപ്പിക്കാൻ അശേഷം ആഗ്രഹിക്കുകയില്ല. എന്നിരുന്നാലും നമ്മോടുതന്നെ ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്, ‘സ്വാർഥതയും വഞ്ചനയും അൽപ്പംപോലും കലരാത്ത യഥാർഥസ്നേഹമാണോ എല്ലായ്പോഴും എന്റേത്?’ “കാപട്യമില്ലാത്ത സ്നേഹം” കാണിക്കുന്നതിൽ കഠിനശ്രമം ചെയ്യാൻ കഴിയുന്ന ഒൻപതു വിധങ്ങൾ നമുക്കു പരിചിന്തിക്കാം.
“പ്രവൃത്തിയിലും സത്യത്തിലും” സ്നേഹിക്കാൻ കഴിയുന്ന വിധങ്ങൾ
9. യഥാർഥസ്നേഹം എന്തു ചെയ്യാൻ നമ്മളെ പ്രേരിപ്പിക്കും?
9 നമ്മൾ ചെയ്യുന്നതു ശ്രദ്ധിക്കപ്പെടാത്തപ്പോഴും സന്തോഷത്തോടെ സേവിക്കുക. സഹോദരങ്ങൾക്കു സത്പ്രവൃത്തികൾ ചെയ്യുമ്പോൾ സാധിക്കുമ്പോഴൊക്കെ “രഹസ്യമായി” അഥവാ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാതെ അതു ചെയ്യാൻ മനസ്സുണ്ടായിരിക്കണം. (മത്തായി 6:1-4 വായിക്കുക.) ഇക്കാര്യത്തിൽ അനന്യാസും സഫീറയും പരാജയപ്പെട്ടു. സ്ഥലം വിറ്റ പണം സംഭാവനയായി കൊടുത്തപ്പോൾ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റണമെന്ന് ആഗ്രഹിച്ചെന്നു മാത്രമല്ല, അവർ നുണ പറയുകയും ചെയ്തു. ആ കപടതയുടെ പരിണതഫലം ദാരുണമായിരുന്നു. (പ്രവൃ. 5:1-10) യഥാർഥസ്നേഹമുണ്ടെങ്കിൽ പ്രശസ്തിയോ അംഗീകാരമോ ഒന്നും പ്രതീക്ഷിക്കാതെതന്നെ നമ്മൾ സന്തോഷത്തോടെ സഹോദരങ്ങളെ സേവിക്കും. ഉദാഹരണത്തിന്, ആത്മീയഭക്ഷണം തയ്യാറാക്കുന്നതിൽ ഭരണസംഘത്തെ സഹായിക്കുന്ന സഹോദരങ്ങൾ പേര് വെളിപ്പെടുത്താതെയാണ് അതു ചെയ്യുന്നത്. തങ്ങൾ ഏതു പ്രത്യേകവേലയാണു ചെയ്യുന്നതെന്നു മറ്റുള്ളവർ അറിയാൻ അവർ ആഗ്രഹിക്കുന്നില്ല.
10. മറ്റുള്ളവരെ ബഹുമാനിക്കുന്നതിൽ എങ്ങനെ മുൻകൈയെടുക്കാം?
10 മറ്റുള്ളവരെ ബഹുമാനിക്കുന്നതിൽ മുൻകൈയെടുക്കുക. (റോമർ 12:10 വായിക്കുക.) ഏറ്റവും എളിയ ജോലികൾ ചെയ്തുകൊണ്ടുപോലും മറ്റുള്ളവരെ ബഹുമാനിക്കുന്നതിൽ യേശു നല്ല മാതൃക വെച്ചു. (യോഹ. 13:3-5, 12-15) ഈ വിധത്തിൽ മറ്റുള്ളവരെ ബഹുമാനിക്കുന്നതിനു താഴ്മ വേണം. അതു വളർത്തിയെടുക്കാൻ നമ്മൾ കഠിനാധ്വാനം ചെയ്യേണ്ടതുണ്ടായിരിക്കാം. അപ്പോസ്തലന്മാർക്കുപോലും പരിശുദ്ധാത്മാവ് ലഭിക്കുന്നതുവരെ യേശുവിന്റെ മാതൃക എങ്ങനെ അനുകരിക്കണമെന്നു വ്യക്തമായി മനസ്സിലായില്ല. (യോഹ. 13:7) നമുക്ക് ഒരുപക്ഷേ മറ്റുള്ളവരെക്കാൾ വിദ്യാഭ്യാസമോ വസ്തുവകകളോ സേവനപദവികളോ ഒക്കെ ഉണ്ടായിരിക്കാം. പക്ഷേ അക്കാരണങ്ങളാൽ നമ്മൾ മികച്ചവരാണെന്നു ചിന്തിക്കാതിരുന്നുകൊണ്ട് മറ്റുള്ളവരോടു ബഹുമാനം കാണിക്കാം. (റോമ. 12:3) മറ്റുള്ളവരെ ആളുകൾ പ്രശംസിക്കുമ്പോൾ അതിൽ അസൂയപ്പെടുന്നതിനു പകരം അവരോടൊപ്പം സന്തോഷിക്കുക, ഒരുപക്ഷേ ആ പ്രശംസ നമുക്കും അവകാശപ്പെട്ടതാണെന്നു തോന്നിയാൽപ്പോലും.
11. അഭിനന്ദനം ആത്മാർഥമായിരിക്കേണ്ടത് എന്തുകൊണ്ട്?
11 സഹോദരങ്ങളെ ആത്മാർഥമായി അഭിനന്ദിക്കുക. അഭിനന്ദനത്തിനുള്ള ഒരവസരവും വിട്ടുകളയരുത്, കാരണം അത് ആളുകളെ ‘ബലപ്പെടുത്തും.’ (എഫെ. 4:29) എന്നാൽ ആത്മാർഥമായിട്ടായിരിക്കണം നമ്മൾ അഭിനന്ദിക്കുന്നത്. അല്ലെങ്കിൽ നമ്മൾ വെറുതേ മുഖസ്തുതി പറയുകയോ ആവശ്യമായ ബുദ്ധിയുപദേശം കൊടുക്കുന്നതിൽനിന്ന് ഒഴിഞ്ഞുനിൽക്കുകയോ ആയിരിക്കും. (സുഭാ. 29:5) ഒരാളെ അഭിനന്ദനംകൊണ്ട് മൂടിയിട്ട് പിന്നീടു മാറിനിന്ന് അദ്ദേഹത്തെക്കുറിച്ച് കുറ്റം പറയുന്നതു കാപട്യമാണ്. ഇത്തരം കെണികൾ ഒഴിവാക്കിക്കൊണ്ട് സ്നേഹത്തോടെ അഭിനന്ദിക്കുന്ന കാര്യത്തിൽ പൗലോസ് അപ്പോസ്തലൻ നല്ല മാതൃക വെച്ചു. ഉദാഹരണത്തിന്, കൊരിന്തിലെ ക്രിസ്ത്യാനികൾ ചെയ്ത ചില നല്ല കാര്യങ്ങളെപ്രതി പൗലോസ് അവരെ ആത്മാർഥമായി അഭിനന്ദിച്ചു. (1 കൊരി. 11:2) പക്ഷേ ബുദ്ധിയുപദേശം കൊടുക്കേണ്ട സാഹചര്യങ്ങളിൽ ദയയോടെയും വ്യക്തമായും പൗലോസ് അതു ചെയ്തു.—1 കൊരി. 11:20-22.
12. ആതിഥ്യം കാണിക്കുമ്പോൾ നമുക്ക് എങ്ങനെ യഥാർഥസ്നേഹം പ്രകടിപ്പിക്കാം?
12 ആതിഥ്യം കാണിക്കുക. സഹോദരങ്ങളോട് ഉദാരമനസ്സോടെ ഇടപെടാൻ യഹോവ കല്പിച്ചിരിക്കുന്നു. (1 യോഹന്നാൻ 3:17 വായിക്കുക.) പക്ഷേ ശുദ്ധമായ ആന്തരത്തോടെ വേണം അതു ചെയ്യാൻ, സ്വാർഥതയുടെ ഒരു കണികപോലും ഉണ്ടായിരിക്കരുത്. നമ്മളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘അടുത്ത സുഹൃത്തുക്കളെയും പ്രമുഖവ്യക്തികളെയും തിരിച്ച് സഹായിക്കാൻ കഴിവുള്ളവരെയും ആണോ ഞാൻ മിക്കപ്പോഴും അതിഥികളായി ക്ഷണിക്കാറുള്ളത്? അതോ അത്ര അടുപ്പമില്ലാത്തവരും തിരികെ എന്തെങ്കിലും സഹായം ചെയ്യാൻ കഴിയാത്തവരും ആയ സഹോദരങ്ങളെയും ഉദാരമായി സഹായിക്കാറുണ്ടോ?’ (ലൂക്കോ. 14:12-14) ഇനി മറ്റു ചില സാഹചര്യങ്ങൾ നോക്കാം. ഒരു സഹക്രിസ്ത്യാനി മോശമായ ചില തീരുമാനങ്ങളെടുത്തതു കാരണം ഭൗതികസഹായം ആവശ്യമായി വന്നേക്കാം. മറ്റു ചിലരാകട്ടെ, നമ്മുടെ ആതിഥ്യം സ്വീകരിച്ചിട്ട് വിലമതിപ്പു കാണിക്കാതിരുന്നേക്കാം. ഇതുപോലുള്ള സാഹചര്യങ്ങളിൽ “മുറുമുറുപ്പു കൂടാതെ പരസ്പരം ആതിഥ്യമരുളുക” എന്ന ബുദ്ധിയുപദേശം നമ്മൾ പ്രാവർത്തികമാക്കണം. (1 പത്രോ. 4:9) അങ്ങനെ ചെയ്യുമ്പോൾ ശരിയായ ആന്തരത്തോടെ കൊടുക്കുന്നതിന്റെ സന്തോഷം നമ്മൾ അനുഭവിച്ചറിയും.—പ്രവൃ. 20:35.
13. (എ) ബലഹീനരെ സഹായിക്കുന്നതു പ്രത്യേകിച്ചും ബുദ്ധിമുട്ടായിരിക്കുന്നത് എപ്പോൾ? (ബി) ബലഹീനരെ സഹായിക്കാൻ നമുക്കു പ്രായോഗികമായി എന്തൊക്കെ ചെയ്യാം?
13 ബലഹീനരെ താങ്ങുക. “ബലഹീനർക്കു വേണ്ട പിന്തുണ കൊടുക്കുക. എല്ലാവരോടും ക്ഷമ കാണിക്കുക” എന്ന ബൈബിൾകല്പന നമ്മുടെ സ്നേഹം എത്രത്തോളം നിസ്വാർഥമാണെന്നു പരിശോധിക്കാൻ നമ്മളെ സഹായിക്കും. (1 തെസ്സ. 5:14) വിശ്വാസത്തിൽ ബലഹീനരായ മിക്കവരും പിന്നീട് ആത്മീയമായി ബലമുള്ളവരാകും. എന്നാൽ ചിലരുടെ കാര്യത്തിൽ ക്ഷമയോടെയുള്ള പിന്തുണ കുറച്ച് അധികം കാലം കൊടുക്കേണ്ടതുണ്ടായിരിക്കാം. നമുക്ക് അത് എങ്ങനെ ചെയ്യാം? ആത്മീയമായി ബലപ്പെടുത്തുന്ന തിരുവെഴുത്താശയങ്ങൾ അങ്ങനെയുള്ളവരുമായി ചർച്ച ചെയ്യുക, ശുശ്രൂഷയിൽ നമ്മളോടൊപ്പം പ്രവർത്തിക്കാൻ അവരെ ക്ഷണിക്കുക, അവർ പറയുന്നതു കേൾക്കാൻ സമയം കണ്ടെത്തുക. ഈ വിധങ്ങളിലൊക്കെ നമുക്ക് അതു ചെയ്യാം. കൂടാതെ, സഹോദരങ്ങളിൽ ചിലർ ആത്മീയമായി ‘ശക്തരാണെന്നും’ മറ്റു ചിലർ ‘ബലഹീനരാണെന്നും’ കണക്കാക്കുന്നതിനു പകരം നമുക്ക് എല്ലാവർക്കും കഴിവുകളും ബലഹീനതകളും ഉണ്ടെന്നു മനസ്സിലാക്കുക. അപ്പോസ്തലനായ പൗലോസുപോലും തനിക്കു ബലഹീനതകളുണ്ടെന്ന് അംഗീകരിച്ചു. (2 കൊരി. 12:9, 10) അതുകൊണ്ട് നമുക്ക് എല്ലാവർക്കും സഹക്രിസ്ത്യാനികളുടെ പിന്തുണ ആവശ്യമാണ്.
14. സഹോദരങ്ങളുമായി സമാധാനം നിലനിറുത്തുന്നതിന് എത്രത്തോളം പോകാൻ നമ്മൾ തയ്യാറായിരിക്കണം?
14 സമാധാനമുണ്ടാക്കുക. സഹോദരങ്ങളുമായി സമാധാനത്തിലായിരിക്കാൻ നമ്മളെക്കൊണ്ടാകുന്നതെല്ലാം ചെയ്യണം, ചിലപ്പോൾ നമ്മളെ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നോ നമ്മളോടു മോശമായി പെരുമാറിയെന്നോ തോന്നിയാൽപ്പോലും. (റോമർ 12:17, 18 വായിക്കുക.) നമ്മൾ ആരെയെങ്കിലും മുറിപ്പെടുത്തിയിട്ടുണ്ടെങ്കിൽ ക്ഷമാപണം നടത്തുന്നതു മുറിവ് ഉണങ്ങാൻ സഹായിക്കും, പക്ഷേ അത് ആത്മാർഥമായിരിക്കണമെന്നു മാത്രം. ഉദാഹരണത്തിന്, “നിങ്ങൾക്കു വിഷമം തോന്നിയെങ്കിൽ ക്ഷമിക്കുക” എന്നു പറയുന്നതിനു പകരം “ഞാൻ പറഞ്ഞതു നിങ്ങളെ വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കുക” എന്നു പറഞ്ഞുകൊണ്ട് നിങ്ങളുടെ തെറ്റ് അംഗീകരിക്കുക. കുടുംബജീവിതത്തിൽ സമാധാനം വിശേഷാൽ പ്രധാനമാണ്. ആളുകളുടെ മുമ്പിൽ സ്നേഹം അഭിനയിച്ചിട്ട് ആരും കാണാത്തപ്പോൾ മിണ്ടാതിരുന്നുകൊണ്ടോ ക്രൂരമായി സംസാരിച്ചുകൊണ്ടോ ശാരീരികമായി ഉപദ്രവിച്ചുകൊണ്ടോ ദമ്പതികൾ പരസ്പരം മുറിവേൽപ്പിക്കുന്നത് ഒരിക്കലും ഉചിതമല്ല.
15. നമ്മുടെ ക്ഷമ ആത്മാർഥമാണെന്ന് എങ്ങനെ കാണിക്കാം?
15 ഉദാരമായി ക്ഷമിക്കുക. നമ്മളെ ആരെങ്കിലും മുറിപ്പെടുത്തിയെങ്കിൽ ആ വ്യക്തിയോടു ക്ഷമിക്കുക, നീരസം മനസ്സിൽ സൂക്ഷിക്കാതിരിക്കുക. താൻ പറഞ്ഞതോ ചെയ്തതോ ആയ കാര്യം നമ്മളെ മുറിപ്പെടുത്തിയെന്ന് ആ വ്യക്തി അറിയുന്നുണ്ടാകില്ല. അപ്പോൾപ്പോലും പിൻവരുന്ന വാക്യത്തിനു ചേർച്ചയിൽ നമുക്ക് അവരോട് ഉദാരമായി ക്ഷമിക്കാം: “സ്നേഹത്തോടെ എല്ലാവരുമായി ഒത്തുപോകുകയും നിങ്ങളെ ഒന്നിച്ചുനിറുത്തുന്ന സമാധാനബന്ധം കാത്തുകൊണ്ട് ആത്മാവിനാലുള്ള ഐക്യം നിലനിറുത്താൻ ആത്മാർഥമായി ശ്രമിക്കുകയും ചെയ്യുക.” (എഫെ. 4:2, 3) ആത്മാർഥമായി ക്ഷമിച്ചിട്ടുണ്ടെങ്കിൽ നമ്മൾ പിന്നെ ‘ദ്രോഹങ്ങളുടെ കണക്കു സൂക്ഷിക്കില്ല,’ അതായത്, ആ വ്യക്തി ചെയ്തതിനെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കില്ല. (1 കൊരി. 13:4, 5) നമ്മൾ നീരസമോ പകയോ വെച്ചുകൊണ്ടിരിക്കുന്നെങ്കിൽ നമ്മുടെ സഹക്രിസ്ത്യാനിയുമായുള്ള ബന്ധം മാത്രമല്ല, യഹോവയുമായുള്ള ബന്ധവും എന്നേക്കുമായി തകർന്നേക്കാം. (മത്താ. 6:14, 15) നമ്മളോടു തെറ്റു ചെയ്തവർക്കുവേണ്ടി പ്രാർഥിച്ചുകൊണ്ടും നമ്മൾ ആത്മാർഥമായി ക്ഷമിച്ചെന്നു കാണിക്കാം.—ലൂക്കോ. 6:27, 28.
16. യഹോവയുടെ സേവനത്തിൽ നമുക്കു ലഭിക്കുന്ന പ്രത്യേകനിയമനങ്ങളെ എങ്ങനെ വീക്ഷിക്കണം?
16 ലഭിക്കാവുന്ന നേട്ടങ്ങൾ മറ്റുള്ളവർക്കായി വേണ്ടെന്നുവെക്കുക. യഹോവയുടെ സംഘടനയിൽ ലഭിക്കുന്ന നിയമനങ്ങൾ നമ്മുടെ സ്നേഹം നിസ്വാർഥമാണെന്നു തെളിയിക്കാനുള്ള അവസരങ്ങളായി കാണണം. ‘തനിക്ക് എന്തു നേട്ടമുണ്ടെന്നല്ല, മറ്റുള്ളവർക്ക് എന്തു നേട്ടമുണ്ടാകുമെന്നു നോക്കാനാണു’ നമ്മൾ ശ്രമിക്കേണ്ടത്. (1 കൊരി. 10:24) ഒരു ഉദാഹരണം നോക്കാം. സേവകന്മാരായി നിയമനം ലഭിക്കുന്ന സഹോദരങ്ങൾക്കു സമ്മേളനങ്ങളിലും കൺവെൻഷനുകളിലും മറ്റും, നിശ്ചയിച്ചിരിക്കുന്ന സമയത്തിനു മുമ്പ് ഹാളിനുള്ളിൽ പ്രവേശിക്കാൻ കഴിയും. ഇത് അവർക്കും അവരുടെ കുടുംബത്തിനും വേണ്ടി ഏറ്റവും നല്ല ഇരിപ്പിടം പിടിച്ചുവെക്കുന്നതിനുള്ള അവസരമായി അവരിൽ ചിലർ കാണാൻ സാധ്യതയുണ്ട്. എന്നാൽ, മിക്ക സഹോദരന്മാരും അങ്ങനെയല്ല. അവർക്കു നിയമിച്ചുകിട്ടിയിരിക്കുന്ന ഭാഗത്തെ ഏറ്റവും മികച്ച ഇരിപ്പിടങ്ങളിൽ മറ്റുള്ളവർ ഇരിക്കട്ടെയെന്നു വിചാരിക്കും. വ്യക്തിപരമായ നേട്ടം വേണ്ടെന്നുവെച്ചുകൊണ്ട് സ്നേഹത്തിൽ അൽപ്പംപോലും സ്വാർഥതയില്ലെന്ന് അവർ തെളിയിക്കുന്നു. ഈ മാതൃക നിങ്ങൾക്ക് എങ്ങനെ അനുകരിക്കാം?
17. ഗുരുതരമായ പാപം ചെയ്തിട്ടുണ്ടെങ്കിൽ എന്തു ചെയ്യാൻ യഥാർഥസ്നേഹം ഒരു വ്യക്തിയെ പ്രേരിപ്പിക്കും?
17 രഹസ്യപാപങ്ങൾ ഏറ്റുപറയുക, ഉപേക്ഷിക്കുക. ചില ക്രിസ്ത്യാനികൾ നാണക്കേട് ഒഴിവാക്കാനോ മറ്റുള്ളവരെ നിരാശപ്പെടുത്താതിരിക്കാനോ തങ്ങൾ ചെയ്ത ഗുരുതരമായ പാപം മൂടിവെക്കാൻ ശ്രമിക്കുന്നു. (സുഭാ. 28:13) അങ്ങനെ ചെയ്യുന്നതു സ്നേഹമില്ലായ്മയാണ്. കാരണം അത് അവരെയും മറ്റുള്ളവരെയും ദോഷകരമായി ബാധിക്കും. അതു ദൈവാത്മാവിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുകയും മുഴുസഭയുടെയും സമാധാനത്തിനു ഭീഷണിയാകുകയും ചെയ്യും. (എഫെ. 4:30) ഗുരുതരമായ പാപങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അതു മൂപ്പന്മാരോട് ഏറ്റുപറയാൻ യഥാർഥസ്നേഹം ക്രിസ്ത്യാനികളെ പ്രേരിപ്പിക്കും. അങ്ങനെ ആവശ്യമായ സഹായം കൊടുക്കാൻ മൂപ്പന്മാർക്കു കഴിയും.—യാക്കോ. 5:14, 15.
18. യഥാർഥസ്നേഹം എത്രത്തോളം പ്രധാനമാണ്?
18 സ്നേഹമാണ് ഏറ്റവും ശ്രേഷ്ഠമായ ഗുണം. (1 കൊരി. 13:13) സ്നേഹം നമ്മെ സ്നേഹത്തിന്റെ ഉറവായ യഹോവയുടെ അനുകാരികളായും യേശുവിന്റെ അനുഗാമികളായും തിരിച്ചറിയിക്കുന്നു. (എഫെ. 5:1, 2) പൗലോസ് എഴുതി: “സ്നേഹമില്ലെങ്കിൽ ഞാൻ ഒന്നുമല്ല.” (1 കൊരി. 13:2) അതുകൊണ്ട് നമുക്കു സ്നേഹത്തിന്റെ പാതയിൽ തുടർന്നും നടക്കാം, വെറും ‘വാക്കുകൊണ്ട്’ മാത്രമല്ല, “പ്രവൃത്തിയിലും സത്യത്തിലും.”