ജീവിതകഥ
യഹോവ പറയുന്നതുപോലെ ചെയ്യുക, അനുഗ്രഹങ്ങൾ കൂടെയുണ്ടാകും
“ഞങ്ങൾ തയ്യാറാണ്!” ഒരു നിയമനം ഏറ്റെടുക്കാനുള്ള ക്ഷണം കിട്ടിയപ്പോൾ ഞാനും ഭർത്താവും എന്റെ സഹോദരനും ഭാര്യയും പറഞ്ഞ വാക്കുകളാണ് ഇത്. ഞങ്ങൾ ആ നിയമനം സ്വീകരിക്കാൻ കാരണം എന്തായിരുന്നു? യഹോവ എങ്ങനെയാണ് ഞങ്ങളെ അനുഗ്രഹിച്ചത്? അതു പറയുന്നതിനു മുമ്പ് ആ തീരുമാനത്തിലേക്കു നയിച്ച സാഹചര്യം ഞാൻ വിശദീകരിക്കാം.
ഇംഗ്ലണ്ടിലെ യോർക്ഷയർ എന്ന പട്ടണത്തിലെ ഹെംസ്വർത്തിൽ 1923-ൽ ഞാൻ ജനിച്ചു. എനിക്ക് ഒരു ചേട്ടനുണ്ട്, ബോബ്. എനിക്ക് ഒൻപതു വയസ്സായപ്പോൾ, വ്യാജമതങ്ങളുടെ തനിനിറം വെളിച്ചത്ത് കൊണ്ടുവരുന്ന ചില പുസ്തകങ്ങൾ എന്റെ പപ്പയ്ക്കു കിട്ടി. മതങ്ങളിലെ കപടത വെറുത്തിരുന്ന എന്റെ പപ്പയ്ക്കു വായിച്ച കാര്യങ്ങൾ വളരെ ഇഷ്ടമായി. ഏതാനും വർഷങ്ങൾക്കു ശേഷം ബോബ് അറ്റ്കിൻസൻ എന്ന ഒരാൾ ഞങ്ങളുടെ വീട്ടിൽ വന്നു. റഥർഫോർഡ് സഹോദരൻ നടത്തിയ ഒരു പ്രസംഗത്തിന്റെ ഗ്രാമഫോൺ റിക്കാർഡ് ഞങ്ങളെ കേൾപ്പിച്ചു. നേരത്തേ പപ്പയ്ക്കു കിട്ടിയ പുസ്തകങ്ങൾ ഈ കൂട്ടരുടേതുതന്നെയാണെന്നു ഞങ്ങൾക്കു മനസ്സിലായി. ഞങ്ങൾക്കു ധാരാളം ചോദ്യങ്ങളുണ്ടായിരുന്നു. അറ്റ്കിൻസൻ സഹോദരൻ എല്ലാ ദിവസവും വീട്ടിൽവന്ന് ആ ചോദ്യങ്ങൾക്കു ബൈബിളിൽനിന്ന് ഉത്തരം തരാൻ പപ്പയും മമ്മിയും ക്രമീകരണം ചെയ്തു. ഞങ്ങൾ ഒരുമിച്ച് അത്താഴവും കഴിക്കുമായിരുന്നു. കുറച്ച് അകലെയുള്ള ഒരു സഹോദരന്റെ വീട്ടിൽ നടക്കുന്ന മീറ്റിങ്ങുകൾക്ക് അദ്ദേഹം ഞങ്ങളെ ക്ഷണിച്ചു. ഉടനെതന്നെ ഞങ്ങൾ അവിടെ പോകാൻ തുടങ്ങി. പിന്നീട് ഹെംസ്വർത്തിൽ ഒരു ചെറിയ സഭ രൂപംകൊണ്ടു. ഇപ്പോൾ സർക്കിട്ട് മേൽവിചാരകന്മാർ എന്നറിയപ്പെടുന്ന അക്കാലത്തെ മേഖലാദാസന്മാരെ ഞങ്ങളുടെ വീട്ടിൽ താമസിപ്പിക്കുമായിരുന്നു, മുൻനിരസേവകരെ ഭക്ഷണത്തിനായി വീട്ടിലേക്കു ക്ഷണിക്കുകയും ചെയ്യുമായിരുന്നു. ഇവരുമൊത്തുള്ള സഹവാസം എന്നെ ആഴമായി സ്വാധീനിച്ചു.
ഞങ്ങൾ ഒരു ബിസിനെസ്സ് തുടങ്ങാൻ കാര്യങ്ങൾ ക്രമീകരിച്ചുവരുകയായിരുന്നു. അങ്ങനെയിരിക്കെ, പപ്പ എന്റെ ചേട്ടനോടു പറഞ്ഞു: “നിനക്കു മുൻനിരസേവനം ചെയ്യാനാണ് ഇഷ്ടമെങ്കിൽ നമുക്ക് ഈ പരിപാടി വിടാം.” ബോബിനും അതുതന്നെയായിരുന്നു താത്പര്യം. അങ്ങനെ 21-ാമത്തെ വയസ്സിൽ ചേട്ടൻ മറ്റൊരു സ്ഥലത്ത് മുൻനിരസേവനം തുടങ്ങി. രണ്ടു വർഷം കഴിഞ്ഞ്, 16 വയസ്സുള്ളപ്പോൾ എനിക്കു മുൻനിരസേവികയായി നിയമനം കിട്ടി. സാക്ഷ്യക്കാർഡും ഗ്രാമഫോണും ഉപയോഗിച്ച് ഒറ്റയ്ക്കായിരിക്കും മിക്കപ്പോഴും പ്രവർത്തനം, വാരാന്തങ്ങളിൽ ആരെങ്കിലും കൂട്ടുകാണും. എങ്കിലും യഹോവയുടെ അനുഗ്രഹം എനിക്കു കാണാനായി. എന്റെ ബൈബിൾവിദ്യാർഥികളിൽ ഒരാൾ നല്ല പുരോഗതി വരുത്തി, ആ കുടുംബത്തിലെ പലരും പിന്നീടു സത്യം സ്വീകരിച്ചു. പിറ്റെ വർഷം പ്രത്യേക മുൻനിരസേവികയായി എനിക്കു നിയമനം കിട്ടി, മേരി ഹെൻഷെൽ സഹോദരിയോടൊപ്പം. ചെഷേർ കൗണ്ടിയിലുള്ള നിയമിച്ചുകൊടുത്തിട്ടില്ലാത്ത ഒരു പ്രദേശത്തേക്കായിരുന്നു ഞങ്ങളെ അയച്ചത്.
രണ്ടാം ലോകമഹായുദ്ധത്തിന്റെ മധ്യകാലം. യുദ്ധത്തെ പിന്തുണയ്ക്കാൻ സ്ത്രീകളോടും ആവശ്യപ്പെട്ടിരുന്നു. മതശുശ്രൂഷകർക്കുള്ള ഇളവ് മുഴുസമയശുശ്രൂഷകരായ ഞങ്ങൾക്കും ലഭിക്കുമെന്നു ഞങ്ങൾ പ്രതീക്ഷിച്ചു. പക്ഷേ കോടതി അത് അംഗീകരിച്ചില്ല. അങ്ങനെ എന്നെ 31 ദിവസത്തെ തടവിനു ശിക്ഷിച്ചു. പിറ്റെ വർഷം എനിക്ക് 19 വയസ്സു തികഞ്ഞപ്പോൾ ഞാൻ മനസ്സാക്ഷിപരമായ കാരണങ്ങളാൽ യുദ്ധത്തിൽനിന്ന് വിട്ടുനിൽക്കുന്നു എന്നു രജിസ്റ്റർ ചെയ്തു. പക്ഷേ അധികാരികൾ എന്നെ രണ്ടു യശ. 41:10, 13.
വിചാരണക്കോടതികളിൽ ഹാജരാക്കി, എന്നാൽ ആ കേസ് തള്ളിപ്പോയി, എന്നെ വെറുതേ വിട്ടു. ഈ സാഹചര്യങ്ങളിലെല്ലാം പരിശുദ്ധാത്മാവ് എന്നെ സഹായിക്കുന്നതു ഞാൻ അനുഭവിച്ചറിഞ്ഞു. യഹോവ എന്റെ കൈ പിടിച്ച് എന്നെ ബലപ്പെടുത്തുകയും ശക്തയാക്കുകയും ചെയ്യുന്നതുപോലെ എനിക്കു തോന്നി.—പുതിയൊരു പങ്കാളി
1946-ലാണു ഞാൻ ആർതർ മാത്യൂസിനെ ആദ്യമായി കാണുന്നത്. മനസ്സാക്ഷിപരമായ കാരണങ്ങളാൽ യുദ്ധത്തിൽനിന്ന് വിട്ടുനിന്നതിന് അദ്ദേഹത്തിനു മൂന്നു മാസത്തെ തടവുശിക്ഷ ലഭിച്ചിരുന്നു. പുറത്ത് ഇറങ്ങി പെട്ടെന്നുതന്നെ അദ്ദേഹം തന്റെ അനിയനായ ഡെന്നിസിന്റെകൂടെ പ്രത്യേക മുൻനിരസേവനം ചെയ്യാൻ ഹെംസ്വർത്തിലേക്കു വന്നു. ശൈശവംമുതൽ അവരുടെ പപ്പ അവരെ യഹോവയെക്കുറിച്ച് പഠിപ്പിച്ചിരുന്നതിനാൽ കൗമാരപ്രായത്തിൽത്തന്നെ അവർ സ്നാനപ്പെട്ടു. അങ്ങനെയിരിക്കെ ഡെന്നിസിന് ഹെംസ്വർത്തിൽനിന്ന് അയർലൻഡിലേക്കു നിയമനം മാറി, ആർതറിനു കൂട്ടില്ലാതായി. യുവാവായ ആർതറിന്റെ കഠിനാധ്വാനവും പെരുമാറ്റവും എന്റെ പപ്പയെയും മമ്മിയെയും ആകർഷിച്ചു. അവർ ആർതറിനെ അവരോടൊപ്പം താമസിക്കാൻ ക്ഷണിച്ചു. ഞാൻ ഇടയ്ക്കൊക്കെ വീട്ടിൽ ചെല്ലുമ്പോൾ ഭക്ഷണത്തിനു ശേഷം ഞാനും ആർതറും കൂടെ പാത്രങ്ങൾ കഴുകുമായിരുന്നു. വൈകാതെ ഞങ്ങൾ പരസ്പരം കത്തുകൾ എഴുതാൻ തുടങ്ങി. 1948-ൽ ആർതറിനു വീണ്ടും മൂന്നു മാസത്തെ തടവുശിക്ഷ കിട്ടി. 1949 ജനുവരിയിൽ ഞങ്ങൾ വിവാഹിതരായി. കഴിയുന്നിടത്തോളം കാലം മുഴുസമയസേവനം ചെയ്യുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അവധിക്കാലങ്ങളിൽ വിളവെടുക്കാൻ കൃഷിക്കാരെ സഹായിച്ച് ഞങ്ങൾ കുറച്ച് പണം സ്വരൂപിക്കുമായിരുന്നു. അതു സൂക്ഷിച്ച് കൈകാര്യം ചെയ്തതുകൊണ്ട് യഹോവയുടെ അനുഗ്രഹത്താൽ ഞങ്ങൾക്കു മുൻനിരസേവനം തുടരാനായി.
ഒരു വർഷം കഴിഞ്ഞ് ഞങ്ങൾക്ക് ഉത്തര അയർലൻഡിലേക്കു നിയമനം കിട്ടി, ആദ്യം അർമായിലും പിന്നീടു ന്യൂറിയിലും. ആ രണ്ടു പട്ടണങ്ങളിലും ഭൂരിഭാഗവും കത്തോലിക്കരായിരുന്നു. പ്രശ്നമുണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളായതിനാൽ ആളുകളോടു സംസാരിക്കുമ്പോൾ ഞങ്ങൾ ജാഗ്രതയും വിവേകവും ഉള്ളവരായിരിക്കണമായിരുന്നു. ഞങ്ങൾ താമസിച്ചിരുന്നിടത്തുനിന്നും 16 കിലോമീറ്റർ അകലെയുള്ള ഒരു സഹോദരന്റെ വീട്ടിലായിരുന്നു മീറ്റിങ്ങുകൾ. ഏകദേശം എട്ടു പേര് കാണും മീറ്റിങ്ങുകൾക്ക്. ചിലപ്പോൾ രാത്രിയിൽ അവിടെ തങ്ങാൻ അവർ പറയും. തറയിലായിരിക്കും കിടപ്പ്. രാവിലെ അവരോടൊപ്പം ഭക്ഷണവും കഴിച്ച് സംതൃപ്തിയോടെ തിരിച്ചുപോകും. ആ പ്രദേശത്ത് ഇപ്പോൾ നിരവധി സാക്ഷികളുണ്ടെന്നു പറയുന്നതിൽ ഞങ്ങൾക്കു സന്തോഷമുണ്ട്.
“ഞങ്ങൾ തയ്യാറാണ്!”
എന്റെ ചേട്ടനും ഭാര്യ ലാറ്റിയും ഉത്തര അയർലൻഡിൽ അപ്പോൾത്തന്നെ പ്രത്യേക മുൻനിരസേവകരായി പ്രവർത്തിക്കുകയായിരുന്നു. 1952-ൽ ഞങ്ങൾ നാലു പേരും ബെൽഫാസ്റ്റിൽ നടന്ന ഒരു ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ പങ്കെടുത്തു. ഒരു സഹോദരൻ ഞങ്ങൾക്കു നാലു പേർക്കും താമസിക്കാൻ ഇടം തന്നു. അന്നു ബ്രിട്ടനിലെ ബ്രാഞ്ച് ദാസനായിരുന്ന പ്രൈസ് ഹ്യൂസ് സഹോദരനും അവിടെയാണു താമസിച്ചത്. ഒരു രാത്രി, ദൈവത്തിന്റെ മാർഗം സ്നേഹമാകുന്നു (ഇംഗ്ലീഷ്) എന്ന ചെറുപുസ്തകം പ്രകാശനം ചെയ്തതിനെക്കുറിച്ച് ഞങ്ങൾ സംസാരിച്ചു. അയർലൻഡിലെ ആളുകൾക്കുവേണ്ടി പ്രത്യേകം തയ്യാറാക്കിയതായിരുന്നു അത്. ഐറിഷ് റിപ്പബ്ലിക്കിലെ കത്തോലിക്കരുടെ അടുത്ത് സത്യം എത്തിക്കുന്നതിലുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് ഹ്യൂസ് സഹോദരൻ പറഞ്ഞു. അവിടെ സഹോദരങ്ങളെ അവരുടെ താമസസ്ഥലങ്ങളിൽനിന്ന് ഇറക്കിവിട്ടിരുന്നു, ജനക്കൂട്ടത്തിന്റെ ആക്രമണങ്ങളെയും അവർക്കു നേരിടേണ്ടിവന്നിരുന്നു. പുരോഹിതന്മാരായിരുന്നു ഇതിന്റെ പിന്നിൽ ചരടുവലിച്ചത്. പ്രൈസ് സഹോദരൻ പറഞ്ഞു: “രാജ്യത്ത് ഉടനീളം ഈ ചെറുപുസ്തകം വിതരണം ചെയ്യുന്ന പ്രത്യേക പ്രചാരണ പരിപാടിക്കായി കാറുകൾ സ്വന്തമായുള്ള ദമ്പതികളെ ആവശ്യമുണ്ട്.” a കേട്ടയുടനെ ഞങ്ങളുടെ മറുപടി ഇതായിരുന്നു: “ഞങ്ങൾ തയ്യാറാണ്!” ഈ സംഭവത്തെക്കുറിച്ചാണ് ഞാൻ തുടക്കത്തിൽ പറഞ്ഞത്.
വളരെക്കാലമായി വിശ്വസ്തതയോടെ സേവിച്ച, മാ എന്നു വിളിച്ചിരുന്ന റുറ്റ്ലാന്റ് സഹോദരിയുടെ ഭവനം ഡബ്ലിനിൽ എത്തുന്ന മുൻനിരസേവകർക്കായി എപ്പോഴും തുറന്നുകൊടുത്തിരുന്നു. അവിടെ കുറച്ച് നാൾ തങ്ങിയശേഷം ഞങ്ങളുടെ ചില വസ്തുവകകൾ വിറ്റിട്ട് ഞങ്ങൾ നാലു പേരുംകൂടെ, ഒരു വശത്ത് സീറ്റുകൾ ഘടിപ്പിച്ചിരുന്ന ബോബിന്റെ ബൈക്കിൽ ഒരു പഴയ കാർ അന്വേഷിച്ച് കറങ്ങി. ഞങ്ങൾ പറ്റിയ ഒരു കാർ കണ്ടുപിടിച്ചു. ഞങ്ങൾക്ക് ആർക്കും കാർ ഓടിക്കാൻ അറിയില്ലാത്തതിനാൽ അതു ഞങ്ങൾക്ക് എത്തിച്ചുതരാമോ എന്നു തന്നയാളോടു ചോദിച്ചു. അന്നു വൈകിട്ട് കട്ടിലിൽ ഇരുന്ന് ‘വണ്ടിയുടെ ഗിയർ മാറ്റി പഠിക്കുകയായിരുന്നു’ ആർതർ. എന്നിട്ട് അടുത്ത ദിവസം രാവിലെ ഷെഡിൽനിന്ന് കാർ പുറത്തേക്ക് ഇറക്കാൻ തുടങ്ങിയപ്പോൾ അതാ വരുന്നു മിഷനറിയായ മിൽഡ്രഡ് വില്ലറ്റ് സഹോദരി. (ഈ സഹോദരി പിന്നീടു ജോൺ ബാർ സഹോദരനെ വിവാഹം കഴിച്ചു.) സഹോദരിക്കു വണ്ടി ഓടിക്കാൻ അറിയാമായിരുന്നു! സഹോദരി ആർതറിനെ വണ്ടി ഓടിക്കാൻ പഠിപ്പിച്ചു. അങ്ങനെ വണ്ടി ഓടിത്തുടങ്ങി. ഇനി അൽപ്പമൊന്ന് ഓടിച്ചുപരിചയിച്ചാൽ പ്രചാരണപരിപാടി തുടങ്ങാൻ ഞങ്ങൾ തയ്യാർ!
അടുത്തതായി, ഞങ്ങൾക്കു താമസിക്കാൻ ഒരു സ്ഥലം വേണമായിരുന്നു. ട്രെയിലറിൽ (വണ്ടിയിൽ ഘടിപ്പിക്കാവുന്ന, ചക്രങ്ങളുള്ള ഭവനം) താമസിച്ചാൽ എതിരാളികൾ അതിനു തീ വെക്കാനുള്ള സാധ്യതയുണ്ടെന്നു ഞങ്ങളോടു പറഞ്ഞിരുന്നു. അതുകൊണ്ട് ഞങ്ങൾ ഒരു വീട് അന്വേഷിച്ച് ഇറങ്ങിയെങ്കിലും ഒന്നും ശരിയായില്ല. ആ രാത്രി ഞങ്ങൾ നാലു പേരും കാറിൽ കിടന്നുറങ്ങി. പിറ്റേന്ന് അന്വേഷണം തുടർന്നു, പക്ഷേ കിട്ടിയതു രണ്ടു ചെറിയ ഇരുനിലക്കട്ടിലുകളുള്ള ഒരു ട്രെയിലർ മാത്രമായിരുന്നു. അതു ഞങ്ങളുടെ കൊച്ചുഭവനമായി മാറി. നല്ലവരായ ചിലരുടെ കൃഷിയിടങ്ങളിൽ ട്രെയിലർ നിറുത്തിയിടാൻ അനുവാദം തന്നു. അത്ഭുതമെന്നേ പറയേണ്ടൂ, ആരും പ്രശ്നങ്ങളൊന്നുമുണ്ടാക്കിയില്ല. ട്രെയിലർ നിറുത്തിയിട്ടിരുന്ന സ്ഥലത്തുനിന്ന് കുറച്ച് മാറി ഏകദേശം 10-15 മൈൽ അകലെവരെയുള്ള പ്രദേശം ഞങ്ങൾ പ്രവർത്തിക്കുമായിരുന്നു. ആ പ്രദേശം പ്രവർത്തിച്ചുതീർന്നശേഷം അടുത്ത പ്രദേശത്തേക്കു ട്രെയിലർ മാറ്റിക്കഴിഞ്ഞ് നേരത്തേ ട്രെയിലർ നിറുത്തിയിട്ടിരുന്ന സ്ഥലത്ത് മടങ്ങിവന്ന് ആ ഭാഗവും പ്രവർത്തിച്ചുതീർക്കുമായിരുന്നു.
അയർലൻഡിന്റെ തെക്കുകിഴക്കൻ മേഖലയിലെ എല്ലാ വീടുകളും വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ ഞങ്ങൾ സന്ദർശിച്ചു. 20,000-ത്തിലധികം ചെറുപുസ്തകങ്ങളാണു വിതരണം ചെയ്തത്. താത്പര്യമുള്ളവരുടെ പേരുവിവരങ്ങൾ ഞങ്ങൾ ബ്രിട്ടനിലെ ബ്രാഞ്ചോഫീസിലേക്ക് അയച്ചുകൊടുത്തു. ഇന്ന് അവിടെ നൂറുകണക്കിനു സഹോദരങ്ങളുള്ളത് എത്ര വലിയ അനുഗ്രഹമാണ്!
തിരിച്ച് ഇംഗ്ലണ്ടിലേക്ക്, അവിടെനിന്ന് സ്കോട്ട്ലൻഡിലേക്ക്
കുറച്ച് നാൾ കഴിഞ്ഞപ്പോൾ ഞങ്ങളെ ലണ്ടന്റെ തെക്കൻ ഭാഗത്തേക്കു നിയമിച്ചു. ഏതാനും ആഴ്ചകൾക്കുള്ളിൽ ബ്രിട്ടനിലെ ബ്രാഞ്ചോഫീസിൽനിന്ന് ആർതറിന് ഒരു ഫോൺ വന്നു, സർക്കിട്ട് വേല ആരംഭിക്കാൻ ആവശ്യപ്പെട്ടുകൊണ്ട്, അതും പിറ്റേന്നുമുതൽ! ഒരാഴ്ചത്തെ പരിശീലനത്തിനു ശേഷം സ്കോട്ട്ലൻഡിലെ നിയമിച്ചുകിട്ടിയ സർക്കിട്ടിലേക്കു ഞങ്ങൾ പോയി. പ്രസംഗങ്ങൾ തയ്യാറാകാൻ ആർതറിന് അധികം സമയമൊന്നും കിട്ടിയില്ല. പക്ഷേ യഹോവയുടെ സേവനത്തിലെ ഏതു വെല്ലുവിളികളും ഏറ്റെടുക്കാനുള്ള ആർതറിന്റെ മനസ്സൊരുക്കം എനിക്ക് ഒരു വലിയ പ്രോത്സാഹനമായിരുന്നു. സർക്കിട്ട് വേല ഞങ്ങൾ ശരിക്കും ആസ്വദിച്ചു. നിയമിച്ചുകൊടുത്തിട്ടില്ലാത്ത പ്രദേശത്ത് കുറച്ച് വർഷങ്ങൾ സേവിച്ച ഞങ്ങൾക്ക് ഇവിടെ അനേകം സഹോദരങ്ങളോടൊപ്പമായിരിക്കാൻ കഴിഞ്ഞത് ഒരു വലിയ അനുഗ്രഹമായിരുന്നു.
1962-ൽ നടന്ന ഗിലെയാദ് സ്കൂളിന്റെ പത്തു മാസത്തെ കോഴ്സിന് ആർതറിനു ക്ഷണം കിട്ടി. എനിക്ക് അതിൽ പങ്കുപറ്റാൻ കഴിയാത്തതുകൊണ്ട് ഒരു തീരുമാനമെടുക്കാൻ വലിയ ബുദ്ധിമുട്ടായിരുന്നു. ഒടുവിൽ, ആർതർ ആ പദവി സ്വീകരിക്കുന്നതാണ് ഉചിതം എന്നു ഞങ്ങൾ തീരുമാനിച്ചു. ഞാൻ ഒറ്റയ്ക്കായതുകൊണ്ട് പ്രത്യേക മുൻനിരസേവികയായി ഹെംസ്വർത്തിലേക്ക് എന്നെ തിരികെ നിയമിച്ചു. ഒരു വർഷം കഴിഞ്ഞ് ആർതർ തിരിച്ചുവന്നപ്പോൾ ഡിസ്ട്രിക്റ്റ് വേലയായിരുന്നു പുതിയ നിയമനം. സ്കോട്ട്ലൻഡ്, ഇംഗ്ലണ്ടിന്റെ വടക്കുഭാഗങ്ങൾ, ഉത്തര അയർലൻഡ് എന്നിവിടങ്ങളിൽ ഞങ്ങൾ പ്രവർത്തിച്ചു.
ഒരു പുതിയ നിയമനവുമായി അയർലൻഡിലേക്ക്
1964-ൽ ആർതറിന് ഒരു പുതിയ നിയമനം കിട്ടി, ഐറിഷ് റിപ്പബ്ലിക്കിന്റെ ബ്രാഞ്ച് ദാസനായി. സഞ്ചാരവേല ഞങ്ങൾ വളരെയധികം ആസ്വദിച്ചിരുന്നു. അതുകൊണ്ട് ഈ മാറ്റം ഉൾക്കൊള്ളാൻ എനിക്ക് ആദ്യം അൽപ്പം ബുദ്ധിമുട്ടായിരുന്നു. എന്നാൽ പിന്തിരിഞ്ഞുനോക്കുമ്പോൾ ബഥേലിൽ സേവിക്കാനുള്ള പദവി ലഭിച്ചതിൽ എനിക്ക് ഒരുപാടു നന്ദിയുണ്ട്. ഒരു നിയമനം നമുക്ക് അത്ര ഇഷ്ടമല്ലെങ്കിലും അതു സ്വീകരിക്കുന്നെങ്കിൽ യഹോവ എപ്പോഴും നമ്മളെ അനുഗ്രഹിക്കും എന്ന് എനിക്കു ബോധ്യമുണ്ട്. ഓഫീസ് ജോലികൾ, പ്രസിദ്ധീകരണങ്ങളുടെ പായ്ക്കിങ്ങ്, ശുചീകരണം, പാചകം ഒക്കെയായി എന്റെ ഓരോ ദിവസങ്ങളും തിരക്കുപിടിച്ചതായിരുന്നു. ഇതിനിടയിൽ കുറച്ച് കാലത്തേക്കു ഞങ്ങൾ ഡിസ്ട്രിക്റ്റ് വേലയിലും പ്രവർത്തിച്ചു. അതുവഴി രാജ്യത്ത് ഉടനീളമുള്ള സഹോദരങ്ങളെ കാണാൻ ഞങ്ങൾക്ക് അവസരം കിട്ടി. അതു മാത്രമല്ല ഞങ്ങളുടെ ബൈബിൾവിദ്യാർഥികൾ പുരോഗമിക്കുന്നതും ഞങ്ങൾക്കു കാണാൻ കഴിഞ്ഞു. ഇതെല്ലാം അയർലൻഡിലെ ക്രിസ്തീയകുടുംബവുമായി ശക്തമായ ഒരു ആത്മബന്ധം വളർത്തിയെടുക്കാൻ സഹായിച്ചു. എത്ര മഹത്തായ അനുഗ്രഹം!
അയർലൻഡിലെ ദിവ്യാധിപത്യ ചരിത്രത്തിലെ ഒരു വഴിത്തിരിവ്
അയർലൻഡിലെ ആദ്യത്തെ അന്താരാഷ്ട്ര കൺവെൻഷൻ 1965-ൽ ഡബ്ലിനിൽവെച്ച് നടന്നു. b എല്ലാ തുറകളിൽനിന്നും കടുത്ത എതിർപ്പുകളുണ്ടായിട്ടും കൺവെൻഷൻ വൻവിജയമായിരുന്നു. മൊത്തം 3,948 പേർ ഹാജരായി, 65 പേർ സ്നാനമേറ്റു. വിദേശത്തുനിന്ന് വന്ന 3,500-ലധികം സഹോദരങ്ങൾക്കു താമസസൗകര്യം ഒരുക്കിയവർക്കെല്ലാം നന്ദി അറിയിച്ചുകൊണ്ടുള്ള കത്തു ബ്രാഞ്ചിൽനിന്ന് കൊടുക്കുകയുണ്ടായി. അവരെ താമസിപ്പിച്ച സാക്ഷികളല്ലാത്ത നിരവധി വീട്ടുകാർ സഹോദരങ്ങളുടെ പെരുമാറ്റത്തെ വളരെയധികം പ്രശംസിച്ചു. ശരിക്കും അയർലൻഡിൽ ഈ കൺവെൻഷൻ ഒരു വഴിത്തിരിവുതന്നെയായിരുന്നു.
1966-ൽ അയർലൻഡിന്റെ തെക്കും വടക്കും ഭാഗങ്ങൾ ഒന്നിച്ച് ഡബ്ലിനിലെ ബ്രാഞ്ചോഫീസിന്റെ കീഴിലായി. ആ ദ്വീപിൽ നിലവിലിരുന്ന രാഷ്ട്രീയവും മതപരവും ആയ വിഭാഗീയതയ്ക്കു നേർവിപരീതമായിരുന്നു അത്. ധാരാളം കത്തോലിക്കർ സത്യം സ്വീകരിക്കുകയും, ഒരു കാലത്ത് പ്രോട്ടസ്റ്റന്റുകാരായിരുന്ന സഹോദരങ്ങളോടൊപ്പം സേവിക്കാൻ തുടങ്ങുകയും ചെയ്തതു ഞങ്ങളെ കോരിത്തരിപ്പിച്ചു.
തികച്ചും വേറിട്ട ഒരു നിയമനം
2011-ൽ അയർലൻഡ് ബ്രാഞ്ച് ലണ്ടനിലുള്ള ബ്രിട്ടൻ ബ്രാഞ്ചുമായി ലയിപ്പിച്ചപ്പോൾ ഞങ്ങളെ ആ ബഥേലിലേക്കു നിയമിച്ചു. അതു ഞങ്ങൾക്കു ശരിക്കും ഒരു വലിയ മാറ്റമായിരുന്നു. ആർതറിന്റെ ആരോഗ്യത്തെക്കുറിച്ച് ഞാൻ അപ്പോൾ ആശങ്കയിലായിരുന്നു. ആർതറിനു പാർക്കിൻസൺസ് രോഗമാണെന്നു തെളിഞ്ഞു. ജീവിതയാത്രയിൽ 66 വർഷം എന്നോടൊപ്പമുണ്ടായിരുന്ന എന്റെ പ്രിയ സുഹൃത്ത് 2015 മെയ് 20-ന് മരണത്തിൽ എന്നെ വിട്ടുപിരിഞ്ഞു.
കുറച്ച് വർഷങ്ങളായി എനിക്ക് ഇടയ്ക്കൊക്കെ ഹൃദയവേദനയും നിരാശയും ആഴമായ ദുഃഖവും തോന്നാറുണ്ട്. മുമ്പ് ആർതർ എപ്പോഴും എന്നോടൊപ്പമുണ്ടായിരുന്നു. ആർതർ കൂടെയുണ്ടായിരുന്നെങ്കിലെന്ന് ആശിച്ചുപോകാറുണ്ട്. പക്ഷേ ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോൾ നമ്മൾ യഹോവയോടു കൂടുതൽ അടുക്കും. ആർതർ മറ്റുള്ളവർക്ക് എത്ര പ്രിയങ്കരനായിരുന്നെന്ന് അറിഞ്ഞതു ഹൃദ്യമായ ഒരു അനുഭവമായിരുന്നു. അയർലൻഡ്, ബ്രിട്ടൻ എന്നിവിടങ്ങളിൽനിന്നും എന്തിന്, ഐക്യനാടുകളിൽനിന്നുപോലും എനിക്കു സുഹൃത്തുക്കളുടെ ധാരാളം കത്തുകൾ വന്നു. ഈ കത്തുകളും, ആർതറിന്റെ അനിയൻ ഡെന്നിസ്, ഭാര്യ മാവിസ്, എന്റെ മൂത്ത ചേട്ടന്റെ മക്കളായ രൂത്ത്, ജൂഡി എന്നിവരിൽനിന്നുള്ള പ്രോത്സാഹനവും എന്നെ വളരെയധികം സഹായിച്ചു. അതു വാക്കുകൾകൊണ്ട് പറഞ്ഞറിയിക്കാനാകില്ല.
എന്നെ വളരെയധികം പ്രോത്സാഹിപ്പിച്ച വാക്യമാണ് യശയ്യ 30:18: “എന്നാൽ നിങ്ങളോടു കരുണ കാണിക്കാൻ യഹോവ ക്ഷമയോടെ കാത്തിരിക്കുന്നു, നിങ്ങളോടു കനിവ് കാട്ടാൻ ദൈവം എഴുന്നേൽക്കും. യഹോവ ന്യായത്തിന്റെ ദൈവമല്ലോ. ദൈവത്തിനുവേണ്ടി കാത്തിരിക്കുന്ന എല്ലാവരും സന്തുഷ്ടർ.” വേദനകളെല്ലാം ഇല്ലാതാക്കാനും പുതിയ ലോകത്തിൽ ആവേശോജ്ജ്വലമായ നിയമനങ്ങൾ തരാനും യഹോവ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് എന്നറിയുന്നത് എന്നെ ആശ്വസിപ്പിക്കുന്നു.
പിന്നിട്ട വഴികളിലേക്കു തിരിഞ്ഞുനോക്കുമ്പോൾ, അയർലൻഡിലെ വേലയെ യഹോവ നയിക്കുകയും അനുഗ്രഹിക്കുകയും ചെയ്തിരിക്കുന്നത് എങ്ങനെയെന്നു ഞാൻ കാണുന്നു. ആ ആത്മീയവളർച്ചയിൽ ഒരു ചെറിയ പങ്കു വഹിക്കാൻ കഴിഞ്ഞത് ഒരു വലിയ പദവിയായി ഞാൻ കണക്കാക്കുന്നു. ഒരു കാര്യം എനിക്ക് ഉറപ്പിച്ചുപറയാം, യഹോവ പറയുന്നതുപോലെ ചെയ്യുക, അനുഗ്രഹങ്ങൾ കൂടെയുണ്ടാകും.