രഥങ്ങളും ഒരു കിരീടവും—അതു നിങ്ങളെ സംരക്ഷിക്കും
“നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കുകൾ അനുസരിക്കുന്നതിൽ വീഴ്ച വരുത്താതിരുന്നാൽ അങ്ങനെ സംഭവിക്കും.”—സെഖ. 6:15.
1, 2. സെഖര്യക്ക് ഏഴാമത്തെ ദർശനം ലഭിച്ച സമയത്ത് യരുശലേമിലെ ജൂതന്മാരുടെ അവസ്ഥ എന്തായിരുന്നു?
സെഖര്യ ഏഴാമത്തെ ദർശനം കണ്ടുകഴിഞ്ഞു. ആ ദർശനത്തിലൂടെ ദുഷ്പ്രവൃത്തികൾ ചെയ്യുന്ന വഞ്ചകരായ ആളുകളോടു താൻ കണക്കു ചോദിക്കുമെന്നുള്ള യഹോവയുടെ ഉറപ്പു സെഖര്യയെ തീർച്ചയായും ബലപ്പെടുത്തിയിട്ടുണ്ടാകും. പക്ഷേ കാര്യങ്ങൾക്കു വലിയ മാറ്റമൊന്നും വന്നിട്ടില്ല. വഞ്ചനയും മറ്റു ദുഷ്കൃത്യങ്ങളും യരുശലേമിൽ അപ്പോഴുമുണ്ടായിരുന്നു. യഹോവയുടെ ആലയത്തിന്റെ പുനർനിർമാണം എങ്ങും എത്തിയിരുന്നില്ല. ദൈവം തങ്ങളെ ഏൽപ്പിച്ച ദൗത്യം ഇത്ര പെട്ടെന്ന് ഉപേക്ഷിച്ച് പോകാൻ ആ ജൂതന്മാർക്ക് എങ്ങനെ കഴിയുമായിരുന്നു? സ്വന്തം താത്പര്യങ്ങൾക്കുവേണ്ടിയാണോ അവർ സ്വദേശത്തേക്കു മടങ്ങിവന്നത്?
2 യരുശലേമിലേക്കു മടങ്ങിവന്ന ജൂതന്മാർ വിശ്വാസമുള്ളവരായിരുന്നെന്നു സെഖര്യക്ക് അറിയാമായിരുന്നു. ബാബിലോണിലെ വീടുകളും കച്ചവടവും എല്ലാം ഉപേക്ഷിച്ച് വരാൻ ‘സത്യദൈവം മനസ്സിൽ തോന്നിച്ച’ ആളുകളായിരുന്നു അവർ. (എസ്ര 1:2, 3, 5) പരിചിതമായ ചുറ്റുപാടുകൾ ഉപേക്ഷിച്ചാണ് അവരിൽ അനേകരും മുമ്പ് ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു സ്ഥലത്തേക്കു വന്നത്. യഹോവയുടെ ആലയം പുനർനിർമിക്കുന്നതിന് അത്രയധികം പ്രാധാന്യം കൊടുത്തതുകൊണ്ടല്ലേ 1,600 കിലോമീറ്റർ നീണ്ട ദുർഘടമായ യാത്രയ്ക്ക് അവർ തയ്യാറായത്?
3, 4. തിരിച്ചെത്തിയ ജൂതന്മാർ എന്തൊക്കെ പ്രതിബന്ധങ്ങൾ നേരിട്ടു?
3 യരുശലേമിലേക്കുള്ള മടക്കയാത്രയിൽ ആ ജൂതന്മാരുടെ മനസ്സിലൂടെ എന്തൊക്കെ കടന്നുപോയിട്ടുണ്ടാകാം? ചെന്നെത്താൻ പോകുന്ന സ്ഥലത്തെക്കുറിച്ച് അവർ വളരെ നേരം ചിന്തിച്ചുകാണും. യരുശലേം നഗരം എത്ര മനോഹരമായിരുന്നെന്ന് അവർ കേട്ടിട്ടുണ്ട്. അവരുടെകൂടെയുള്ള പ്രായമായവർ യരുശലേമിലെ ദേവാലയത്തിന്റെ മഹത്ത്വം കണ്ടവരായിരുന്നു. (എസ്ര 3:12) നിങ്ങൾ അവരോടൊപ്പം യാത്ര ചെയ്യുന്നതായി സങ്കൽപ്പിക്കുക. യരുശലേം നഗരം അതാ അങ്ങകലെ കൺമുന്നിൽ. നിങ്ങൾ ഇനി താമസിക്കാൻ പോകുന്ന ആ നഗരത്തോട് അടുക്കുമ്പോൾ നിങ്ങൾക്ക് എന്തായിരിക്കാം തോന്നുക? തകർന്ന് കിടക്കുന്ന കെട്ടിടങ്ങളിൽ കാട്ടുചെടികൾ പടർന്ന് കയറിക്കിടക്കുന്നതു കണ്ട് നിങ്ങൾ വിഷമിക്കുമോ? ഇപ്പോൾ നിങ്ങൾക്ക് യരുശലേമിന്റെ മതിലുകൾ കൂടുതൽ വ്യക്തമായി കാണാം. അതിന്റെ പല ഭാഗങ്ങളും ഇടിഞ്ഞുകിടക്കുന്നു. മുമ്പുണ്ടായിരുന്ന പല കവാടങ്ങളും കാവൽഗോപുരങ്ങളും ഇപ്പോൾ കാണാനില്ല. അതു കണ്ടപ്പോൾ ബാബിലോണിലെ പടുകൂറ്റൻ ഇരട്ടമതിലുകൾ നിങ്ങളുടെ മനസ്സിൽ വന്നുകാണും. ഇങ്ങനെയൊക്കെയായിരുന്നെങ്കിലും ആ ജനം നിരാശയിൽ ആണ്ടുപോയില്ല. സ്വദേശത്തേക്കുള്ള നീണ്ട യാത്രയിൽ ഉടനീളം യഹോവ തങ്ങളെ സഹായിക്കുന്നത് അവർ കണ്ടിരുന്നു. അവിടെ എത്തിയശേഷം ആദ്യംതന്നെ ആലയമിരുന്ന സ്ഥലത്ത് അവർ ഒരു യാഗപീഠം പണിതു. അവിടെ അവർ ദിവസവും യഹോവയ്ക്കു യാഗങ്ങൾ അർപ്പിച്ചുപോന്നു. (എസ്ര 3:1, 2) അവരുടെ അപ്പോഴത്തെ ആവേശം കണ്ടാൽ അത്ര പെട്ടെന്ന് അവർ നിരുത്സാഹിതരാകുമെന്നു തോന്നുകയേ ഇല്ല.
4 ആലയനിർമാണത്തോടൊപ്പം ഇസ്രായേല്യർക്ക് അവരുടെ നഗരങ്ങളും പുനർനിർമിക്കേണ്ടതുണ്ടായിരുന്നു. അവർ വീടുകൾ പണിയണമായിരുന്നു, വയലിൽ കൃഷി ചെയ്ത് കുടുംബത്തെ പോറ്റണമായിരുന്നു. (എസ്ര 2:70) ഈ ജോലികളെല്ലാം എടുത്താൽ പൊങ്ങാത്തതുപോലെ അവർക്കു തോന്നി. ഇതിന്റെയെല്ലാം പുറമേയാണ് അവർക്കു മറ്റുള്ളവരിൽനിന്ന് കടുത്ത എതിർപ്പു നേരിട്ടത്. തുടക്കത്തിൽ സത്യാരാധനയ്ക്കായി ഉറച്ച നിലപാടെടുത്തെങ്കിലും 15 വർഷം നേരിട്ട എതിർപ്പുകൾ അവരുടെ ഉത്സാഹത്തെ കെടുത്തിക്കളഞ്ഞു. (എസ്ര 4:1-4) ബി.സി. 522-ൽ പേർഷ്യൻ രാജാവ് യരുശലേമിലെ നിർമാണപ്രവർത്തനങ്ങളെല്ലാം നിറുത്തിവെക്കാൻ ഉത്തരവിട്ടത് അവർക്കു കനത്ത തിരിച്ചടിയായി. അങ്ങനെ ആ നഗരത്തിന്റെ ഭാവി അനിശ്ചിതത്വത്തിലായി.—എസ്ര 4:21-24.
5. മടുത്ത് പിന്മാറിയ തന്റെ ജനത്തെ യഹോവ എങ്ങനെയാണു സഹായിച്ചത്?
5 എന്നാൽ, തന്റെ ജനത്തിനു വേണ്ടത് എന്താണെന്ന് യഹോവയ്ക്ക് അറിയാമായിരുന്നു. അതിനുവേണ്ടിയാണു ദൈവം സെഖര്യക്ക് അവസാനത്തെ ദർശനം കൊടുത്തത്. താൻ അവരെ സ്നേഹിക്കുന്നെന്നും അവർ ഇതുവരെ ചെയ്ത എല്ലാ കാര്യങ്ങളെയും വിലമതിക്കുന്നെന്നും ഉറപ്പുകൊടുക്കുക എന്നതായിരുന്നു അതിന്റെ ഉദ്ദേശ്യം. അതുപോലെ താൻ ഏൽപ്പിച്ച വേലയിലേക്കു മടങ്ങിപ്പോയാൽ ആവശ്യമായ സംരക്ഷണം കൊടുക്കുമെന്നും ആ ദർശനം ഉറപ്പേകി. ആലയം പുനർനിർമിക്കുന്നതിനെക്കുറിച്ച് യഹോവ ഇങ്ങനെ വാഗ്ദാനം ചെയ്തു: “നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കുകൾ അനുസരിക്കുന്നതിൽ വീഴ്ച വരുത്താതിരുന്നാൽ അങ്ങനെ സംഭവിക്കും.”—സെഖ. 6:15.
തേരേറിവരുന്ന ഒരു ദൂതസൈന്യം
6. (എ) സെഖര്യയുടെ എട്ടാമത്തെ ദർശനം എങ്ങനെയാണ് ആരംഭിക്കുന്നത്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.) (ബി) കുതിരകൾക്കു വ്യത്യസ്തനിറങ്ങളുള്ളത് എന്തുകൊണ്ട്?
6 സെഖര്യയുടെ എട്ടു ദർശനങ്ങളിൽ, ഒരുപക്ഷേ വിശ്വാസത്തെ ഏറ്റവും ശക്തിപ്പെടുത്തുന്നത് അവസാനത്തേതാണ്. (സെഖര്യ 6:1-3 വായിക്കുക.) ഈ രംഗമൊന്നു ഭാവനയിൽ കാണുക: “ചെമ്പുകൊണ്ടുള്ള രണ്ടു പർവതങ്ങൾക്കിടയിൽനിന്ന്” നാലു രഥങ്ങൾ കുതിച്ചുവരുന്നു. ഒരു യുദ്ധത്തിനെന്നപോലെയാണ് ആ വരവ്. രഥങ്ങൾ വലിക്കുന്ന കുതിരകൾക്കു വ്യത്യസ്തനിറങ്ങളാണുള്ളത്. ഓരോ രഥവും തെളിക്കുന്ന വ്യത്യസ്തതേരാളികളെ തിരിച്ചറിയാൻ ഇതു സഹായിക്കുമായിരുന്നു. “എന്താണ് ഇവയൊക്കെ” എന്നു സെഖര്യ ചോദിക്കുന്നു. (സെഖ. 6:4) അത് അറിയാൻ നമ്മളും ആഗ്രഹിക്കുന്നു. കാരണം ഈ ദർശനം നമ്മളെയും ബാധിക്കുന്നതാണ്.
ഇന്നും തന്റെ ജനത്തെ സംരക്ഷിക്കാനും ശക്തീകരിക്കാനും യഹോവ ദൂതന്മാരെ ഉപയോഗിക്കുന്നു
7, 8. (എ) രണ്ടു പർവതങ്ങൾ എന്തിനെയാണു പ്രതിനിധാനം ചെയ്യുന്നത്? (ബി) പർവതങ്ങൾ ചെമ്പുകൊണ്ടുള്ളതാണ് എന്നതിന്റെ പ്രസക്തി എന്താണ്?
7 ബൈബിളിൽ മിക്കപ്പോഴും പർവതങ്ങൾ പ്രതിനിധാനം ചെയ്യുന്നതു രാജ്യങ്ങളെയും ഭരണകൂടങ്ങളെയും ആണ്. സെഖര്യയുടെ വിവരണത്തിലെ പർവതങ്ങൾ ദാനിയേൽപ്രവചനത്തിൽ പറഞ്ഞിരിക്കുന്ന രണ്ടു പർവതങ്ങളോടു സമാനമാണ്. അതിൽ ഒരു പർവതം, എന്നും നിലനിൽക്കുന്ന, യഹോവയുടെ അഖിലാണ്ഡഭരണാധിപത്യത്തെ പ്രതിനിധാനം ചെയ്യുന്നു. മറ്റേ പർവതം യേശുവിന്റെ നിയന്ത്രണത്തിലുള്ള മിശിഹൈകരാജ്യത്തെയും. (ദാനി. 2:35, 45) 1914-ൽ യേശു രാജാവായതുമുതൽ ദൈവേഷ്ടം ഭൂമിയിൽ നടപ്പാക്കുന്നതിന് ഒരു പ്രത്യേകവിധത്തിൽ ഈ രണ്ടു പർവതങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്നു.
8 പർവതങ്ങൾ ചെമ്പുകൊണ്ടുള്ളതാണ് എന്നതിന്റെ പ്രസക്തി എന്താണ്? സ്വർണംപോലെ വളരെ മൂല്യമുള്ളതായി കണക്കാക്കിയിരുന്ന ഒരു ലോഹമാണു ചെമ്പ്. തിളക്കമുള്ള ഈ ലോഹം വിശുദ്ധകൂടാരത്തിന്റെയും പിന്നീട് യരുശലേമിലെ ആലയത്തിന്റെയും പണിക്ക് ഉപയോഗിക്കാൻ യഹോവ നിർദേശിച്ചിരുന്നു. (പുറ. 27:1-3; 1 രാജാ. 7:13-16) യഹോവയുടെ അഖിലാണ്ഡപരമാധികാരവും മിശിഹൈകരാജ്യവും എത്ര ശ്രേഷ്ഠമാണെന്നു ചെമ്പുകൊണ്ടുള്ള പ്രതീകാത്മകപർവതങ്ങൾ നമ്മളെ ഓർമിപ്പിക്കുന്നു. ഈ മിശിഹൈകരാജ്യം എല്ലാ മനുഷ്യർക്കും സുരക്ഷിതത്വവും അനുഗ്രഹങ്ങളും കൈവരുത്തും.
9. തേരാളികൾ ആരാണ്, എന്താണ് അവർക്കു ലഭിച്ചിരിക്കുന്ന നിയമനം?
9 ദർശനത്തിൽ പറഞ്ഞിരിക്കുന്ന രഥങ്ങളും തേരാളികളും എന്തിനെയാണു പ്രതീകപ്പെടുത്തുന്നത്? അവ ദൂതന്മാരെ പ്രതീകപ്പെടുത്തുന്നു, സാധ്യതയനുസരിച്ച് ദൂതന്മാരുടെ കൂട്ടങ്ങളെ. (സെഖര്യ 6:5-8 വായിക്കുക.) ‘മുഴുഭൂമിയുടെയും നാഥന്റെ മുന്നിൽനിന്ന്’ ഒരു പ്രത്യേക ദൗത്യം നിറവേറ്റുന്നതിനു പുറപ്പെട്ടതാണ് അവർ. അവർക്ക് എന്തു നിയമനമാണു കിട്ടിയത്? ദൈവജനത്തെ സംരക്ഷിക്കുന്നതിനു ദൈവദൂതന്മാരെ ചില പ്രത്യേക പ്രദേശങ്ങളിലേക്ക് അയയ്ക്കുകയായിരുന്നു. അതിൽ പ്രധാനമായിരുന്നു ‘വടക്കേ ദേശം,’ അതായത് ബാബിലോൺ. തന്റെ ജനം ഇനി ഒരിക്കലും ബാബിലോണിന്റെ അടിമത്തത്തിലാകില്ലെന്ന് യഹോവ ഉറപ്പുവരുത്തുമായിരുന്നു. സെഖര്യയുടെ നാളിൽ ആലയം പണിയുന്നവർക്ക് ഈ അറിവ് എത്ര ആശ്വാസമായിരുന്നു. ശത്രുക്കൾ തങ്ങളുടെ വേലയെ തടസ്സപ്പെടുത്തുമെന്ന് അവർ ഭയപ്പെടേണ്ടതില്ലായിരുന്നു.
10. രഥങ്ങളെയും തേരാളികളെയും കുറിച്ചുള്ള സെഖര്യയുടെ പ്രവചനത്തിൽനിന്ന് ഇക്കാലത്തെ ദൈവജനത്തിന് എന്ത് ഉറപ്പാണു ലഭിക്കുന്നത്?
10 സെഖര്യയുടെ കാലത്തെപ്പോലെ ഇന്നും തന്റെ ജനത്തെ സംരക്ഷിക്കാനും ശക്തീകരിക്കാനും സൈന്യങ്ങളുടെ അധിപനായ യഹോവ ദൂതന്മാരെ ഉപയോഗിക്കുന്നു. (മലാ. 3:6; എബ്രാ. 1:7, 14) 1919-ൽ ബാബിലോൺ എന്ന മഹതിയുടെ ആലങ്കാരിക അടിമത്തത്തിൽനിന്ന് ആത്മീയ ഇസ്രായേൽ മോചിതരായപ്പോൾമുതൽ എതിർപ്പുകൾക്കുമധ്യേയും സത്യാരാധന ദ്രുതഗതിയിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. (വെളി. 18:4) ദൂതന്മാരുടെ സംരക്ഷണമുള്ളതുകൊണ്ട് ഇനിയൊരിക്കലും യഹോവയുടെ സംഘടന ആത്മീയ അടിമത്തത്തിലാകുമെന്നു നമ്മൾ ഭയക്കേണ്ടതില്ല. (സങ്കീ. 34:7) പകരം, ഈ ദർശനം നമുക്ക് ഒരു ഉറപ്പു തരുന്നു, ലോകമെങ്ങും ദൈവദാസരുടെ ആത്മീയപുരോഗതിക്ക് ഒരു തടസ്സവുമുണ്ടാവുകയില്ലെന്ന ഉറപ്പ്. സെഖര്യയുടെ ദർശനത്തെക്കുറിച്ച് ഒന്നു മനസ്സിരുത്തി ചിന്തിക്കുന്നെങ്കിൽ ആ രണ്ടു പർവതങ്ങളുടെ നിഴലിൽ നമ്മൾ സുരക്ഷിതരാണെന്നു നമുക്കു വ്യക്തമാകും.
11. ദൈവജനത്തിന് എതിരെ വരാനിരിക്കുന്ന ആക്രമണത്തെക്കുറിച്ച് ഓർത്ത് നമ്മൾ ഭയക്കേണ്ടതില്ലാത്തത് എന്തുകൊണ്ട്?
11 പെട്ടെന്നുതന്നെ ദൈവജനത്തെ നശിപ്പിക്കുകയെന്ന ഒറ്റ ലക്ഷ്യത്തിൽ സാത്താന്റെ ലോകത്തിലെ രാഷ്ട്രീയശക്തികൾ സംഘടിക്കും. (യഹ. 38:2, 10-12; ദാനി. 11:40, 44, 45; വെളി. 19:19) മേഘം ദേശത്തെ മൂടുന്നതുപോലെ ഈ ശക്തികൾ കുതിരകളിലേറി അതികോപത്തോടെ നമുക്കെതിരെ വരുന്നതായി യഹസ്കേലിന്റെ പ്രവചനം വിവരിക്കുന്നു. (യഹ. 38:15, 16) a ആ സമയത്ത് നമ്മൾ ഭയപ്പെടണമോ? വേണ്ടേ വേണ്ട! കാരണം നമ്മുടെകൂടെയും ഒരു കുതിരപ്പടയുണ്ട്. മഹാകഷ്ടതയുടെ ആ നിർണായകസമയത്ത് സൈന്യങ്ങളുടെ അധിപനായ യഹോവയുടെ ദൂതസൈന്യം ഒന്നിച്ചുവരും. അവർ ദൈവജനത്തെ സംരക്ഷിക്കുകയും ദൈവത്തിന്റെ പരമാധികാരത്തെ എതിർക്കുന്നവരെ നശിപ്പിക്കുകയും ചെയ്യും. (2 തെസ്സ. 1:7, 8) എത്ര ഭയങ്കരമായിരിക്കും ആ ദിവസം! എന്നാൽ ആ സ്വർഗീയസൈന്യത്തെ നയിക്കുന്നത് ആരായിരിക്കും?
രാജാവും പുരോഹിതനും ആയവനെ യഹോവ കിരീടം അണിയിക്കുന്നു
12, 13. (എ) സെഖര്യയോട് എന്തു ചെയ്യാൻ ആവശ്യപ്പെട്ടു? (ബി) നാമ്പ് എന്നു പേര് ലഭിച്ച മനുഷ്യൻ പ്രാവചനികമായി ആരെയാണ് അർഥമാക്കുന്നത്? വിശദീകരിക്കുക.
12 സെഖര്യ എട്ടു ദർശനങ്ങളും കണ്ടത് ഒറ്റയ്ക്കായിരുന്നു. എന്നാൽ ഇപ്പോൾ മറ്റുള്ളവർക്കുകൂടെ കാണാൻ കഴിയുന്ന ഒരു കാര്യം ചെയ്തുകൊണ്ട് സെഖര്യ ദൈവത്തിന്റെ ആലയം പുനർനിർമിക്കുന്നവർക്കു പ്രോത്സാഹനം പകരുന്നു. (സെഖര്യ 6:9-12 വായിക്കുക.) ബാബിലോണിൽനിന്ന് അവസാനം വന്ന ഹെൽദായിയുടെയും തോബിയയുടെയും യദയയുടെയും കൈയിൽനിന്ന് സ്വർണം ശേഖരിക്കാൻ സെഖര്യയോട് ആവശ്യപ്പെട്ടു. ആ സ്വർണംകൊണ്ട് ഒരു “വിശിഷ്ടകിരീടം” ഉണ്ടാക്കണമായിരുന്നു. (സെഖ. 6:11, അടിക്കുറിപ്പ്) അപ്പോഴത്തെ ഗവർണറും യഹൂദാഗോത്രക്കാരനും ദാവീദിന്റെ ഒരു പിന്മുറക്കാരനും ആയ സെരുബ്ബാബേലിനെയായിരുന്നോ ആ കിരീടം അണിയിക്കേണ്ടിയിരുന്നത്? അല്ല. മഹാപുരോഹിതനായ യോശുവയുടെ തലയിൽ സെഖര്യ അതു വെച്ചപ്പോൾ കണ്ടുനിന്നവർ അതിശയിച്ചുപോയിട്ടുണ്ടാകും.
13 കിരീടം വെച്ചതുകൊണ്ട് മഹാപുരോഹിതനായ യോശുവ ഒരു രാജാവായോ? ഇല്ല. യോശുവ ദാവീദിന്റെ രാജകീയവംശത്തിലല്ല ജനിച്ചത്. അതുകൊണ്ട് രാജാവാകാനുള്ള യോഗ്യതയില്ലായിരുന്നു. അദ്ദേഹത്തിന്റെ കിരീടധാരണത്തിന് ഒരു പ്രാവചനിക അർഥമാണുണ്ടായിരുന്നത്. ഭാവിയിൽ നിത്യരാജാവും പുരോഹിതനും ആകുമായിരുന്ന ഒരാളിലേക്ക് അതു വിരൽചൂണ്ടി. രാജാവാകുന്ന ഈ മഹാപുരോഹിതനു നാമ്പ് അഥവാ മുള എന്ന പേര് ലഭിക്കുന്നു. ഈ മുള യേശുക്രിസ്തുവാണെന്നു തിരുവെഴുത്തുകൾ വ്യക്തമാക്കുന്നു.—യശ. 11:1; മത്താ. 2:23, അടിക്കുറിപ്പ്.
14. രാജാവും മഹാപുരോഹിതനും ആയി യേശു ഇപ്പോൾ എന്താണു ചെയ്യുന്നത്?
14 രാജാവും മഹാപുരോഹിതനും ആയ യേശുക്രിസ്തുവാണ് യഹോവയുടെ ആ സ്വർഗീയദൂതസൈന്യത്തെ നയിക്കുന്നത്. പ്രക്ഷുബ്ധമായ ഈ ലോകത്തിലും ദൈവജനത്തെ ഒരു കൂട്ടമെന്ന നിലയിൽ സംരക്ഷിക്കാനായി യേശുക്രിസ്തു തീക്ഷ്ണതയോടെ പ്രവർത്തിക്കുകയാണ്. (യിരെ. 23:5, 6) സമീപഭാവിയിൽ രാഷ്ട്രീയശക്തികളെ കീഴടക്കുന്നതിനു ക്രിസ്തു നേതൃത്വം വഹിക്കും, അങ്ങനെ ദൈവത്തിന്റെ പരമാധികാരത്തെ പിന്തുണയ്ക്കുകയും യഹോവയുടെ ജനത്തെ സംരക്ഷിക്കുകയും ചെയ്യും. (വെളി. 17:12-14; 19:11, 14, 15) പക്ഷേ ആ ന്യായവിധിക്കു മുമ്പ്, മുളയായ യേശുവിനു മറ്റൊരു ദൗത്യം പൂർത്തീകരിക്കാനുണ്ട്.
യേശു ആലയം പണിയും
15, 16. (എ) ആധുനികകാലത്ത് ദൈവജനം പുനഃസ്ഥാപിക്കപ്പെടുകയും ശുദ്ധീകരിക്കപ്പെടുകയും ചെയ്തിരിക്കുന്നത് എങ്ങനെ, ആരുടെ നേതൃത്വത്തിൽ? (ബി) ക്രിസ്തുവിന്റെ ആയിരംവർഷവാഴ്ചയുടെ അവസാനം ഭൂമിയുടെ അവസ്ഥ എന്തായിരിക്കും?
15 രാജാവും മഹാപുരോഹിതനും ആയി സേവിക്കുന്നതോടൊപ്പം യേശുവിന് ‘യഹോവയുടെ ആലയം പണിയാനുള്ള’ നിയമനവും ലഭിക്കുന്നു. (സെഖര്യ 6:13 വായിക്കുക.) ആധുനികകാലത്ത് യേശു എങ്ങനെയാണ് ‘ആലയം പണിയുന്നത്?’ 1919-ൽ സത്യാരാധകരെ ബാബിലോൺ എന്ന മഹതിയുടെ അടിമത്തത്തിൽനിന്ന് മോചിപ്പിച്ചതും ക്രിസ്തീയസഭയെ പുനഃസ്ഥാപിച്ചതും അതിൽ ഉൾപ്പെടുന്നു. വലിയ ആത്മീയാലയത്തിന്റെ ഭൂമിയിലെ വേലയ്ക്കു നേതൃത്വം വഹിക്കുന്നതിനു യേശു ‘വിശ്വസ്തനും വിവേകിയും ആയ അടിമയെ’ നിയമിക്കുകയും ചെയ്തു. (മത്താ. 24:45) കൂടാതെ, യേശു ദൈവജനത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്നു, അതുവഴി യഹോവയ്ക്കു സ്വീകാര്യമായ വിധത്തിൽ ആരാധന അർപ്പിക്കാൻ അവരെ സഹായിക്കുന്നു.—മലാ. 3:1-3.
16 ആയിരംവർഷവാഴ്ചയുടെ സമയത്ത് യേശുവും, ഒപ്പം രാജാക്കന്മാരും പുരോഹിതന്മാരും ആയി സേവിക്കുന്ന 1,44,000 പേരും ചേർന്ന് വിശ്വസ്തരായ മനുഷ്യരെ പൂർണതയിലേക്കു നയിക്കും. അതു കഴിഞ്ഞാൽ, ശുദ്ധീകരിക്കപ്പെട്ട ഈ ഭൂമിയിൽ ദൈവത്തിന്റെ സത്യാരാധകർ മാത്രമേ കാണുകയുള്ളൂ. അങ്ങനെ ഒടുവിൽ സത്യാരാധന പൂർണമായി പുനഃസ്ഥാപിക്കപ്പെട്ടിരിക്കും!
നിർമാണപ്രവർത്തനത്തിൽ പങ്കുചേരുക
17. യഹോവ ജൂതന്മാർക്കു മറ്റ് എന്ത് ഉറപ്പു കൊടുത്തു, ആ സന്ദേശം അവരെ എങ്ങനെ സ്വാധീനിച്ചു?
17 സെഖര്യയുടെ സന്ദേശം അക്കാലത്തെ ജൂതന്മാരെ എങ്ങനെയാണു സ്വാധീനിച്ചത്? അവരുടെ നിർമാണവേലയ്ക്കു തന്റെ പിന്തുണയും സംരക്ഷണവും ഉണ്ടായിരിക്കുമെന്ന് യഹോവ വാക്കു കൊടുത്തു. ആലയം പുനർനിർമിക്കപ്പെടും എന്ന ഉറപ്പു മനസ്സിടിഞ്ഞുപോയ അവർക്കു പ്രത്യാശയേകി. ഇത്രയധികം വേല പൂർത്തിയാക്കാൻ കുറച്ച് പേരെക്കൊണ്ട് എങ്ങനെ സാധിക്കും? അവർക്ക് എന്തെങ്കിലും ഭയമോ സംശയമോ ഉണ്ടായിരുന്നെങ്കിൽ സെഖര്യയുടെ തുടർന്നുവരുന്ന വാക്കുകൾ അവയെല്ലാം മാറ്റുന്നതായിരുന്നു. വിശ്വസ്തപുരുഷന്മാരായിരുന്ന ഹെൽദായി, തോബിയ, യദയ എന്നിവരെക്കൂടാതെ മറ്റുള്ളവരും “വന്ന് യഹോവയുടെ ആലയം പണിയാൻ സഹായിക്കും” എന്നു ദൈവം പറയുന്നു. (സെഖര്യ 6:15 വായിക്കുക.) ദൈവം പിന്തുണയ്ക്കുമെന്ന ഉറപ്പു കിട്ടിയതോടെ അവർ വീണ്ടും പ്രവർത്തനസജ്ജരായി, വേല നിരോധിച്ചിരുന്നെങ്കിലും അവർ പണിയുമായി മുന്നോട്ടുപോയി. പേർഷ്യയിലെ രാജാവ് ഏർപ്പെടുത്തിയ നിരോധനം അവരുടെ മുമ്പിൽ ഒരു മഹാപർവതംപോലെയായിരുന്നു. എന്നാൽ പെട്ടെന്നുതന്നെ യഹോവ ആ നിരോധനം നീക്കി. ഒടുവിൽ ബി.സി. 515-ൽ ആലയത്തിന്റെ പണി പൂർത്തിയായി. (എസ്ര 6:22; സെഖ. 4:6, 7) എന്നാൽ യഹോവയുടെ ആ വാക്കുകൾക്ക് ഇന്നു നമ്മുടെ നാളിൽ ഒരു വലിയ നിവൃത്തിയുണ്ട്.
18. നമ്മുടെ കാലത്ത് സെഖര്യ 6:15 എങ്ങനെയാണു നിറവേറിയിരിക്കുന്നത്?
18 ഇന്നു ദശലക്ഷക്കണക്കിന് ആളുകളാണു സത്യാരാധകരായിത്തീരുന്നത്. അവർ തങ്ങളുടെ ‘വിലയേറിയ വസ്തുക്കൾ’ സ്വമനസ്സാലെ അർപ്പിച്ചുകൊണ്ട് യഹോവയുടെ വലിയ ആത്മീയ ആലയത്തെ പിന്തുണയ്ക്കുന്നു. അതിൽ അവരുടെ സമയം, ഊർജം, വസ്തുവകകൾ എല്ലാം ഉൾപ്പെടുന്നു. (സുഭാ. 3:9) ആത്മീയ ആലയത്തെ വിശ്വസ്തമായി പിന്തുണയ്ക്കുമ്പോൾ യഹോവ അതു വിലമതിക്കുന്നുണ്ടെന്നു നമുക്ക് എങ്ങനെ ഉറപ്പുണ്ടായിരിക്കാൻ കഴിയും? ഹെൽദായിയുടെയും തോബിയയുടെയും യദയയുടെയും വിവരണം ഓർക്കുക. സെഖര്യ ഉണ്ടാക്കിയ കിരീടത്തിന് ആവശ്യമായ വസ്തുക്കൾ അവരാണു കൊണ്ടുവന്നത്. ആ കിരീടം സത്യാരാധനയ്ക്കായി അവർ കൊടുത്ത സംഭാവനയുടെ “സ്മാരകമായി” അഥവാ ഓർമയായി നിൽക്കുമായിരുന്നു. (സെഖ. 6:14) അതുപോലെ നമ്മൾ ചെയ്യുന്ന ശുശ്രൂഷയും യഹോവയോടുള്ള നമ്മുടെ സ്നേഹവും യഹോവ ഒരിക്കലും മറന്നുകളയില്ല. (എബ്രാ. 6:10) യഹോവയുടെ ഓർമയിൽ അത് എന്നുമുണ്ടായിരിക്കും.
19. സെഖര്യയുടെ ദർശനങ്ങൾ നമ്മളെ എങ്ങനെ സ്വാധീനിക്കണം?
19 ഈ അവസാനകാലത്ത് സത്യാരാധനയോടുള്ള ബന്ധത്തിൽ കൈവരിച്ചിരിക്കുന്നതെല്ലാം യഹോവ നമ്മളെ അനുഗ്രഹിക്കുന്നു എന്നതിന്റെയും യേശുവാണു നമ്മളെ നയിക്കുന്നത് എന്നതിന്റെയും വ്യക്തമായ തെളിവാണ്. നമ്മൾ നിത്യം നിലനിൽക്കുന്ന സുരക്ഷിതമായ ഒരു സംഘടനയുടെ ഭാഗമാണ്. ശുദ്ധാരാധനയോടുള്ള ബന്ധത്തിൽ യഹോവ ഉദ്ദേശിച്ചത് അങ്ങനെതന്നെ “സംഭവിക്കും.” യഹോവയുടെ ജനത്തിന് ഇടയിൽ നിങ്ങൾക്കുള്ള സ്ഥാനം വിലമതിക്കുക. ‘നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കുകൾ അനുസരിക്കുന്നതിൽ വീഴ്ച വരുത്തരുത്.’ അപ്പോൾ നമ്മുടെ രാജാവും മഹാപുരോഹിതനും ആയ യേശുക്രിസ്തുവിന്റെയും രഥങ്ങളിലെ സ്വർഗീയസൈന്യത്തിന്റെയും സംരക്ഷണത്തിൻകീഴിൽ ആയിരിക്കാൻ നമുക്കു കഴിയും. സത്യാരാധനയെ പിന്തുണയ്ക്കാൻ നിങ്ങളുടെ കഴിവിന്റെ പരമാവധി ചെയ്യുക. അങ്ങനെയെങ്കിൽ സൈന്യങ്ങളുടെ അധിപനായ യഹോവ നിങ്ങളെ തീർച്ചയായും സംരക്ഷിക്കും—ഈ വ്യവസ്ഥിതിയുടെ ശേഷിച്ച ദിവസങ്ങളിലും, എന്നുമെന്നേക്കും!
a കൂടുതൽ വിവരങ്ങൾക്ക് 2015 മെയ് 15 ലക്കം വീക്ഷാഗോപുരത്തിന്റെ 29-30 പേജുകളിലെ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” കാണുക.