ഉത്തരവാദിത്വങ്ങൾ വിശ്വസ്തരായ പുരുഷന്മാർക്കു കൈമാറുക
‘ഈ കാര്യങ്ങൾ വിശ്വസ്തരായ പുരുഷന്മാർക്കു കൈമാറുക. അപ്പോൾ അവരും മറ്റുള്ളവരെ പഠിപ്പിക്കാൻ വേണ്ടത്ര യോഗ്യതയുള്ളവരാകും.’—2 തിമൊ. 2:2.
ഗീതം: 123, 53
1, 2. മിക്ക ആളുകളും അവരുടെ തൊഴിലിനെ എങ്ങനെയാണു കാണുന്നത്?
ചെയ്യുന്ന തൊഴിലിന്റെ അടിസ്ഥാനത്തിലാണ് ആളുകൾ മിക്കപ്പോഴും അറിയപ്പെടുന്നത്. ഒരു നല്ല ജോലിയുണ്ടെങ്കിലേ തനിക്കു വിലയുള്ളൂ എന്നാണു പലരും ചിന്തിക്കുന്നത്. ചില സംസ്കാരങ്ങളിൽ, ഒരാളെ പരിചയപ്പെടുമ്പോൾ ആദ്യത്തെ ചോദ്യങ്ങളിൽ ഒന്നുതന്നെ, “എന്തു ജോലിയാണു ചെയ്യുന്നത്” എന്നാണ്.
2 ബൈബിളിൽ പലയിടത്തും ആളുകളെ അവരുടെ തൊഴിലിനോടു ബന്ധപ്പെടുത്തി പറഞ്ഞിട്ടുണ്ട്. “നികുതിപിരിവുകാരനായ മത്തായി,” ‘ശിമോൻ എന്ന തോൽപ്പണിക്കാരൻ,’ ‘പ്രിയപ്പെട്ട വൈദ്യനായ ലൂക്കോസ്’ തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്. (മത്താ. 10:3; പ്രവൃ. 10:6; കൊലോ. 4:14) യഹോവയുടെ സേവനത്തിലുണ്ടായിരുന്ന നിയമനങ്ങളുടെ പേരിലും ചിലർ അറിയപ്പെടുന്നുണ്ട്. ദാവീദ് രാജാവ്, ഏലിയ പ്രവാചകൻ, പൗലോസ് അപ്പോസ്തലൻ എന്നിങ്ങനെയൊക്കെ. ഈ പുരുഷന്മാർ അവർക്കു ദൈവം കൊടുത്ത നിയമനങ്ങളെ വിലയേറിയതായി കണ്ടവരാണ്. ഈ പുരുഷന്മാരെപ്പോലെ നമുക്കും യഹോവയുടെ സേവനത്തിൽ ലഭിച്ചിട്ടുള്ള നിയമനങ്ങളെയും ഉത്തരവാദിത്വങ്ങളെയും മൂല്യമുള്ളതായി കാണാം.
3. പ്രായമായവർ ചെറുപ്പക്കാരെ പരിശീലിപ്പിക്കേണ്ടത് എന്തുകൊണ്ട്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
3 നമ്മളിൽ മിക്കവരും നമ്മുടെ ക്രിസ്തീയനിയമനങ്ങൾ ഇഷ്ടപ്പെടുന്നു, കഴിയുന്നിടത്തോളം കാലം അതു ചെയ്യാനാണു നമ്മുടെ ആഗ്രഹവും. സങ്കടകരമെന്നു പറയട്ടെ, ആദാമിന്റെ കാലംമുതൽ ഓരോ തലമുറയും വാർധക്യം പ്രാപിക്കുകയും ആ സ്ഥാനത്ത് മറ്റൊരു തലമുറ വരുകയും ചെയ്യുന്നു. (സഭാ. 1:4) ഇത് ഇക്കാലത്തെ സത്യക്രിസ്ത്യാനികളുടെ പ്രവർത്തനത്തിന് ഒരു വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. കാരണം, യഹോവയുടെ ജനത്തിന്റെ പ്രവർത്തനം വളരെ വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്നു. അനുനിമിഷം മാറിവരുന്ന പുതുപുത്തൻ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുകൊണ്ട് പുതിയ പ്രൊജക്ടുകൾ നടപ്പാക്കുന്നു. ആ സാങ്കേതികവിദ്യകൾ പുരോഗമിക്കുന്നതനുസരിച്ച് അതിനൊപ്പം നീങ്ങാൻ പ്രായമായ പലർക്കും വളരെ ബുദ്ധിമുട്ടുള്ളതായി കാണുന്നു. (ലൂക്കോ. 5:39) ഇനി അതല്ലെങ്കിലും, പ്രായമേറിയവരെക്കാൾ ചെറുപ്പക്കാർക്കു ശക്തിയും ഊർജവും കൂടുതലുണ്ടല്ലോ? (സുഭാ. 20:29) അതുകൊണ്ട്, ചെറുപ്പക്കാരെ കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ പരിശീലിപ്പിക്കുന്നതു പ്രായമേറിയവരുടെ ഭാഗത്തുനിന്നുള്ള സ്നേഹത്തിന്റെ തെളിവാണ്, അതല്ലേ അവർ ചെയ്യേണ്ടതും?—സങ്കീർത്തനം 71:18 വായിക്കുക.
4. അധികാരം കൈമാറുന്നതു ചിലർക്കു ബുദ്ധിമുട്ടായിരിക്കുന്നത് എന്തുകൊണ്ട്? (“ എന്തുകൊണ്ടാണു ചിലർ ഉത്തരവാദിത്വങ്ങൾ ഏൽപ്പിച്ചുകൊടുക്കാത്തത്?” എന്ന ചതുരം കാണുക.)
4 കൈകാര്യം ചെയ്തുവരുന്ന ഉത്തരവാദിത്വങ്ങൾ ചെറുപ്പക്കാർക്കു കൈമാറിക്കൊടുക്കുന്നത് അധികാരമുള്ളവർക്ക് അത്ര എളുപ്പമായി തോന്നുകയില്ല. തങ്ങൾ പ്രിയപ്പെട്ടതായി കരുതുന്ന സ്ഥാനം നഷ്ടപ്പെടുമോ എന്നാണ് അവർ ഭയക്കുന്നത്. മറ്റു ചിലരാകട്ടെ, അവരുടെ നിയന്ത്രണമില്ലാതായാൽ കാര്യങ്ങൾ നന്നായി നടത്താൻ ചെറുപ്പക്കാർക്കു കഴിയില്ലെന്നു കരുതുന്നു. മറ്റൊരാളെ പരിശീലിപ്പിക്കാൻ സമയം കിട്ടാറില്ലെന്നാണു വേറെ ചിലർ പറയുന്നത്. അതേസമയം കൂടുതൽ ഉത്തരവാദിത്വങ്ങൾ ലഭിക്കാത്തതുകൊണ്ട് ചെറുപ്പക്കാർ അക്ഷമരായിത്തീരുകയും ചെയ്യരുത്.
5. ഈ ലേഖനം ഏതെല്ലാം ചോദ്യങ്ങൾ ചർച്ച ചെയ്യും?
5 അധികാരം കൈമാറുന്ന ഈ വിഷയം നമുക്കു രണ്ടു കാഴ്ചപ്പാടിൽനിന്നുകൊണ്ട് നോക്കാം. ഒന്ന്, എങ്ങനെയാണു കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ പ്രായമേറിയവർക്കു ചെറുപ്പക്കാരെ സഹായിക്കാൻ കഴിയുന്നത്, എന്തുകൊണ്ടാണ് അതു പ്രധാനമായിരിക്കുന്നത്? (2 തിമൊ. 2:2) രണ്ട്, അനുഭവപരിചയമുള്ള പ്രായമേറിയ ഈ പുരുഷന്മാരെ സഹായിക്കുകയും അവരിൽനിന്ന് പഠിക്കുകയും ചെയ്യുമ്പോൾ ചെറുപ്പക്കാർ ഉചിതമായ മനോഭാവം പുലർത്തേണ്ടതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? അതിനായി, ദാവീദ് രാജാവ് എങ്ങനെയാണു മകനെ വളരെ പ്രധാനപ്പെട്ട ഒരു ഉത്തരവാദിത്വം ഏറ്റെടുക്കാൻ സജ്ജനാക്കിയതെന്നു നോക്കാം.
ദാവീദ് ശലോമോനെ സജ്ജനാക്കുകയും പിന്തുണയ്ക്കുകയും ചെയ്തു
6. ദാവീദ് രാജാവ് എന്തുചെയ്യാനാണ് ആഗ്രഹിച്ചത്, എന്നാൽ യഹോവ എന്താണു പറഞ്ഞത്?
6 വർഷങ്ങളോളം ഒരു അഭയാർഥിയായി കഴിഞ്ഞതിനു ശേഷം ദാവീദ് ഒരു രാജാവായി, സുഖസൗകര്യങ്ങളെല്ലാമുള്ള ഒരു കൊട്ടാരത്തിൽ താമസവും തുടങ്ങി. എന്നാൽ യഹോവയ്ക്കുവേണ്ടി സമർപ്പിച്ച ഒരു “ഭവനം” അല്ലെങ്കിൽ “ദേവാലയം” ഇല്ലാതിരുന്നതു ദാവീദിനെ ദുഃഖിപ്പിച്ചു. അതുകൊണ്ട് ഒരു ആലയം പണിയാൻ ദാവീദ് ആഗ്രഹിച്ചു. അദ്ദേഹം നാഥാൻ പ്രവാചകനോട് ഇങ്ങനെ പറഞ്ഞു: “ഞാൻ ഇവിടെ ദേവദാരുകൊണ്ടുള്ള കൊട്ടാരത്തിൽ താമസിക്കുന്നു. എന്നാൽ യഹോവയുടെ ഉടമ്പടിപ്പെട്ടകമുള്ളത് ഒരു കൂടാരത്തിലും.” നാഥാൻ പറഞ്ഞു: “അങ്ങയുടെ ആഗ്രഹംപോലെ ചെയ്തുകൊള്ളൂ. ദൈവം അങ്ങയുടെകൂടെയുണ്ട്.” എന്നാൽ യഹോവയുടെ നിർദേശം മറ്റൊന്നായിരുന്നു. ദാവീദിനോട് ഇങ്ങനെ പറയാൻ യഹോവ നാഥാനോടു കല്പിച്ചു: “എനിക്കു താമസിക്കാനുള്ള ഭവനം പണിയുന്നതു നീയായിരിക്കില്ല.” ദാവീദിനെ തുടർന്നും അനുഗ്രഹിക്കുമെന്ന് യഹോവ സ്നേഹപൂർവം ഉറപ്പുകൊടുത്തെങ്കിലും ദാവീദിന്റെ മകൻ ശലോമോനായിരിക്കും ആലയം പണിയുന്നതെന്ന് യഹോവ അറിയിച്ചു. ദാവീദ് എങ്ങനെയാണു പ്രതികരിച്ചത്?—1 ദിന. 17:1-4, 8, 11, 12; 29:1.
7. യഹോവയുടെ നിർദേശത്തോടു ദാവീദ് എങ്ങനെയാണു പ്രതികരിച്ചത്?
7 ആലയനിർമാണത്തിന്റെ പേരും പ്രശസ്തിയും തനിക്കു കിട്ടുകയില്ലാത്തതുകൊണ്ട് ഈ കാര്യത്തിനു താൻ പിന്തുണ കൊടുക്കുന്നില്ലെന്നു ദാവീദ് ചിന്തിച്ചില്ല. വാസ്തവത്തിൽ, ആലയം പിന്നീട് ശലോമോന്റെ ആലയം എന്നാണ് അറിയപ്പെട്ടത്, അല്ലാതെ ദാവീദിന്റെ ആലയം എന്നല്ല. തന്റെ ഹൃദയാഭിലാഷം സാധിക്കാൻ കഴിയില്ലല്ലോ എന്നോർത്ത് അദ്ദേഹം ഒരുപക്ഷേ നിരാശപ്പെട്ടിരിക്കാം. എന്നിട്ടും നിർമാണപദ്ധതിക്ക് അദ്ദേഹം പൂർണപിന്തുണ കൊടുത്തു. ഉത്സാഹത്തോടെ അദ്ദേഹം പണിക്കാരുടെ സംഘങ്ങൾ ക്രമീകരിക്കുകയും ഇരുമ്പും ചെമ്പും വെള്ളിയും പൊന്നും തടിയുരുപ്പടികളും ശേഖരിച്ചുവെക്കുകയും ചെയ്തു. പിന്നെ ശലോമോനെ ഉത്സാഹിപ്പിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “അതുകൊണ്ട് എന്റെ മകനേ, യഹോവ നിന്നോടുകൂടെയുണ്ടായിരിക്കട്ടെ. നിന്റെ പ്രവൃത്തികളെല്ലാം ഫലവത്താകട്ടെ. ദൈവം മുൻകൂട്ടിപ്പറഞ്ഞതുപോലെ, നിന്റെ ദൈവമായ യഹോവയ്ക്ക് ഒരു ഭവനം പണിയാനും നിനക്കു സാധിക്കട്ടെ.”—1 ദിന. 22:11, 14-16.
8. നിർമാണപദ്ധതിക്കു മേൽനോട്ടം വഹിക്കാൻ ശലോമോനു കഴിയുമോ എന്നു ദാവീദ് ചിന്തിച്ചിരിക്കാൻ ഇടയുള്ളത് എന്തുകൊണ്ട്, എന്നിട്ടും ദാവീദ് എന്തു ചെയ്തു?
8 1 ദിനവൃത്താന്തം 22:5 വായിക്കുക. ഇത്ര പ്രധാനപ്പെട്ട ഒരു പദ്ധതിക്കു മേൽനോട്ടം വഹിക്കാൻ ശലോമോനു പ്രാപ്തിയുണ്ടായിരിക്കുമോ എന്നു ചിലപ്പോൾ ദാവീദ് ചിന്തിച്ചിരിക്കാം. കാരണം, ആ സമയത്ത് ശലോമോൻ ‘ചെറുപ്പമാണ്, അനുഭവപരിചയവുമില്ല,’ ആലയമാകട്ടെ, ‘അതിശ്രേഷ്ഠവുമായിരിക്കണം.’ എന്നാൽ, ഏൽപ്പിക്കുന്ന ജോലി ഭംഗിയായി നിർവഹിക്കാൻ ശലോമോനെ യഹോവ സജ്ജനാക്കുമെന്നു ദാവീദിന് അറിയാമായിരുന്നു. അതുകൊണ്ട്, ദാവീദ് തന്നെക്കൊണ്ട് ചെയ്യാൻ കഴിയുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ആലയനിർമാണത്തിന് ആവശ്യമായ വസ്തുക്കൾ അദ്ദേഹം വലിയ അളവിൽ ശേഖരിച്ചുവെച്ചു.
പരിശീലിപ്പിക്കുന്നതിന്റെ സന്തോഷം അനുഭവിച്ചറിയുക
9. ഉത്തരവാദിത്വങ്ങൾ കൈമാറുന്നതിൽ പ്രായമായ പുരുഷന്മാർക്കു സംതൃപ്തിയും സന്തോഷവും കണ്ടെത്താൻ കഴിയുന്നത് എങ്ങനെ? ഒരു ഉദാഹരണം പറയുക.
9 പ്രായമായ സഹോദരന്മാർ അവർ കൈകാര്യം ചെയ്തുകൊണ്ടിരുന്ന നിയമനങ്ങൾ ചെറുപ്പക്കാർക്കു കൈമാറേണ്ടിവരുമ്പോൾ വിഷമിക്കേണ്ടതില്ല. കാരണം, വേല ഏറ്റവും നന്നായി മുന്നോട്ട് കൊണ്ടുപോകാൻവേണ്ടിയാണിത്. അതിന്, ചെറുപ്പക്കാർ ഉത്തരവാദിത്വങ്ങൾ കൈകാര്യം ചെയ്യാൻ പരിശീലനം നേടിയേ തീരൂ. തങ്ങൾ പരിശീലിപ്പിച്ച ചെറുപ്പക്കാർ യോഗ്യത നേടി ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതു കാണുമ്പോൾ ഈ പ്രായമുള്ള നിയമിതപുരുഷന്മാർ എത്ര സന്തോഷിക്കേണ്ടതാണ്! ഉദാഹരണത്തിന്, മകനെ കാർ ഓടിക്കാൻ പഠിപ്പിക്കുന്ന ഒരു പിതാവിനെക്കുറിച്ച് ചിന്തിക്കാം. കൊച്ചുകുട്ടിയായിരുന്നപ്പോൾ അവൻ പിതാവ് കാർ ഓടിക്കുന്നതു നോക്കിയിരിക്കുക മാത്രമേ ചെയ്തിരുന്നുള്ളൂ. കുട്ടി മുതിർന്നപ്പോൾ പിതാവ് താൻ ചെയ്യുന്ന കാര്യങ്ങൾ അവനു പറഞ്ഞുകൊടുത്തു. വണ്ടി ഓടിക്കാൻ ലൈസൻസ് കിട്ടിയപ്പോൾ ആ മകൻ പിതാവിന്റെ നിർദേശങ്ങൾ സ്വീകരിച്ചുകൊണ്ട് കാർ ഓടിക്കാൻതുടങ്ങി. ആദ്യമൊക്കെ അവർ മാറിമാറി ഓടിക്കുമായിരുന്നു, പിന്നെ കൂടുതൽ സമയവും മകൻതന്നെയായിരിക്കും ഓടിക്കുന്നത്. കാലക്രമേണ, പിതാവിനു പ്രായമാകുമ്പോൾ മുഴുവൻ സമയവും അവൻതന്നെയായിരിക്കും കാർ ഓടിക്കുന്നത്. തനിക്കു പകരം മകൻ വണ്ടി ഓടിക്കുന്നതു കാണുമ്പോൾ ജ്ഞാനിയായ ആ പിതാവിനു തീർച്ചയായും സന്തോഷം തോന്നും. താൻ വണ്ടി ഓടിച്ചാലേ ശരിയാകൂ എന്നു പിതാവ് ചിന്തിക്കാൻപോലും സാധ്യതയില്ല! സമാനമായി, തങ്ങൾ പരിശീലിപ്പിച്ച യുവസഹോദരന്മാർ ദൈവത്തിന്റെ സംഘടനയിലെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നതു കാണുമ്പോൾ പ്രായമായ പുരുഷന്മാർക്കും അഭിമാനിക്കാം! സന്തോഷിക്കാം!
10. അധികാരത്തെയും മറ്റുള്ളവരിൽനിന്ന് പുകഴ്ച കിട്ടുന്നതിനെയും മോശ എങ്ങനെയാണു വീക്ഷിച്ചത്?
10 പ്രായമുള്ളവരായ നമ്മൾ മറ്റുള്ളവരുടെ നിയമനങ്ങളിൽ അസൂയ തോന്നാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇസ്രായേൽപ്പാളയത്തിലെ ചിലർ പ്രവാചകന്മാരെപ്പോലെ പെരുമാറാൻ തുടങ്ങിയപ്പോൾ മോശയുടെ പ്രതികരണം എന്തായിരുന്നു? (സംഖ്യ 11:24-29 വായിക്കുക.) മോശയ്ക്കു ശുശ്രൂഷ ചെയ്തിരുന്ന യോശുവ അവരെ തടയാൻ ആഗ്രഹിച്ചു. മോശയുടെ സ്ഥാനവും അധികാരവും കുറഞ്ഞുപോകുമെന്നു യോശുവയ്ക്കു തോന്നിയിരിക്കാം. പക്ഷേ, മോശ പറഞ്ഞത് ഇങ്ങനെയാണ്: “എന്നെ ഓർത്ത് നീ അസൂയപ്പെടുകയാണോ? അരുത്! യഹോവയുടെ ജനം മുഴുവൻ പ്രവാചകരാകുകയും യഹോവ അവരുടെ മേൽ തന്റെ ആത്മാവിനെ പകരുകയും ചെയ്തിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിക്കുന്നു!” ദൈവത്തിന്റെ കൈയാണ് ഇതിനു പുറകിൽ പ്രവർത്തിച്ചതെന്നു മോശ മനസ്സിലാക്കി. തനിക്കുതന്നെ ബഹുമതി വേണമെന്നു ചിന്തിക്കാതെ നിയമനങ്ങൾ യഹോവയുടെ എല്ലാ ദാസന്മാർക്കും കിട്ടണമെന്ന ആഗ്രഹം മോശ പ്രകടിപ്പിക്കുകയായിരുന്നു. സമാനമായി, നിയമനങ്ങൾ മറ്റുള്ളവർക്കു കിട്ടുമ്പോൾ മോശയെപ്പോലെ നമ്മളും സന്തോഷിക്കുന്നുണ്ടോ?
11. ഉത്തരവാദിത്വങ്ങൾ കൈമാറുന്നതിനെപ്പറ്റി ഒരു സഹോദരൻ എന്താണു പറഞ്ഞത്?
11 ദശാബ്ദങ്ങളോളം ഊർജസ്വലതയോടെ പ്രവർത്തിക്കുകയും കൂടുതൽക്കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ മറ്റുള്ളവരെ പരിശീലിപ്പിക്കുകയും ചെയ്ത അനേകം സഹോദരന്മാർ നമുക്കിടയിലുണ്ട്. ഉദാഹരണത്തിന്, 74 വർഷത്തിലധികം മുഴുസമയസേവനം ചെയ്ത സഹോദരനാണു പീറ്റർ. അതിൽ 35 വർഷം യൂറോപ്പിലെ ഒരു ബ്രാഞ്ചോഫീസിലായിരുന്നു അദ്ദേഹം സേവിച്ചിരുന്നത്. അടുത്ത കാലംവരെ അദ്ദേഹം സർവീസ് ഡിപ്പാർട്ടുമെന്റിന്റെ മേൽവിചാരകനായിരുന്നു. ഇപ്പോൾ, അദ്ദേഹത്തെക്കാൾ പ്രായം കുറഞ്ഞ പോൾ എന്ന സഹോദരനാണ് ഈ ഉത്തരവാദിത്വം നിർവഹിക്കുന്നത്. അദ്ദേഹം പീറ്റർ സഹോദരന്റെകൂടെ ഏറെക്കാലം പ്രവർത്തിച്ചിട്ടുണ്ട്. നിയമനത്തിലുണ്ടായ മാറ്റം പീറ്റർ സഹോദരന് എങ്ങനെയാണ് അനുഭവപ്പെട്ടതെന്നു ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു: “കൂടുതൽക്കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാനും ആ നിയമനങ്ങൾ നന്നായി ചെയ്യാനും സഹോദരന്മാരെ പരിശീലിപ്പിക്കാൻ കഴിഞ്ഞതിൽ എനിക്കു വളരെയധികം സന്തോഷമുണ്ട്.”
പ്രായമായവരെ വിലമതിക്കുക
12. രഹബെയാമിനെക്കുറിച്ചുള്ള ബൈബിൾവിവരണത്തിൽനിന്ന് നമുക്ക് എന്തു പാഠം പഠിക്കാം?
12 ശലോമോൻ മരിച്ചതിനു ശേഷം അദ്ദേഹത്തിന്റെ മകൻ രഹബെയാം രാജാവായി. ഉത്തരവാദിത്വങ്ങൾ കൈകാര്യം ചെയ്യാൻ ഉപദേശം വേണമെന്നു തോന്നിയപ്പോൾ അദ്ദേഹം ആദ്യം പ്രായമുള്ള പുരുഷന്മാരുടെ അഭിപ്രായം ആരാഞ്ഞു. എന്നാൽ, അവരുടെ അഭിപ്രായങ്ങൾ അദ്ദേഹം തള്ളിക്കളയുകയാണു ചെയ്തത്. പകരം, തന്റെകൂടെ വളർന്ന യുവാക്കന്മാരുടെ ഉപദേശമാണു രഹബെയാം സ്വീകരിച്ചത്. അതിന്റെ ഫലം ദാരുണമായിരുന്നു. (2 ദിന. 10:6-11, 19) നമുക്കുള്ള പാഠം? പ്രായമേറിയ, അനുഭവജ്ഞാനമുള്ള വ്യക്തികളുടെ ഉപദേശം തേടുകയും അതെക്കുറിച്ച് ശ്രദ്ധാപൂർവം ചിന്തിക്കുകയും ചെയ്യുന്നതു ജ്ഞാനമാണ്. അതിന് അർഥം, പ്രായമുള്ളവർ മുമ്പ് ചെയ്തുവന്ന അതേ രീതിയിൽ ചെറുപ്പക്കാർ കാര്യങ്ങൾ ചെയ്യണമെന്നല്ല, എന്നുവെച്ച് പ്രായമായവരുടെ ഉപദേശങ്ങൾ അപ്പാടെ തള്ളിക്കളയുകയും അരുത്.
13. യുവജനങ്ങൾ പ്രായമുള്ളവരുമായി എങ്ങനെ സഹകരിച്ചുപ്രവർത്തിക്കണം?
13 പ്രായമുള്ള സഹോദരന്മാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രവർത്തനങ്ങൾക്കു ചിലപ്പോൾ യുവസഹോദരന്മാർ മേൽനോട്ടം വഹിക്കേണ്ടിവന്നേക്കാം. ഇപ്പോൾ അവർ മേൽനോട്ടം വഹിക്കുന്നവരാണെങ്കിലും, തീരുമാനങ്ങളെടുക്കുന്നതിനു മുമ്പ് അവർ ജ്ഞാനവും അനുഭവപരിചയവും ഉള്ള പ്രായമേറിയ സഹോദരന്മാരുടെ ഉപദേശം തേടുന്നതു നന്നായിരിക്കും. നമ്മൾ മുമ്പ് കണ്ട അനുഭവത്തിലെ, പീറ്റർ സഹോദരനു പകരം സർവീസ് ഡിപ്പാർട്ടുമെന്റിന്റെ മേൽവിചാരകനായി സേവിക്കുന്ന പോൾ സഹോദരൻ ഇങ്ങനെ പറയുന്നു: “ഞാൻ സമയം കണ്ടെത്തി പീറ്റർ സഹോദരന്റെ ഉപദേശം തേടാറുണ്ട്. ഡിപ്പാർട്ടുമെന്റിലെ മറ്റു സഹോദരങ്ങളെ അതിനു പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.”
14. തിമൊഥെയൊസും പൗലോസ് അപ്പോസ്തലനും സഹകരിച്ചുപ്രവർത്തിച്ചതിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
14 യുവാവായ തിമൊഥെയൊസ് പൗലോസ് അപ്പോസ്തലന്റെകൂടെ അനേകവർഷം പ്രവർത്തിച്ചിരുന്നു. (ഫിലിപ്പിയർ 2:20-22 വായിക്കുക.) അദ്ദേഹം കൊരിന്തിലുള്ളവർക്ക് ഇങ്ങനെ എഴുതി: “അതിനുവേണ്ടിയാണ് ഞാൻ തിമൊഥെയൊസിനെ നിങ്ങളുടെ അടുത്തേക്ക് അയയ്ക്കുന്നത്. തിമൊഥെയൊസ് എനിക്കു കർത്താവിൽ വിശ്വസ്തനായ പ്രിയമകനാണ്. ക്രിസ്തുയേശുവിന്റെ സേവനത്തിൽ ഞാൻ പിൻപറ്റുന്ന രീതികൾ തിമൊഥെയൊസ് നിങ്ങളെ ഓർമിപ്പിക്കും. ഞാൻ എല്ലായിടത്തും എല്ലാ സഭകൾക്കും പഠിപ്പിച്ചുകൊടുക്കുന്ന രീതികൾ തിമൊഥെയൊസ് അതേപടി നിങ്ങൾക്കും പറഞ്ഞുതരും.” (1 കൊരി. 4:17) ഈ ചെറിയ പ്രസ്താവന തിമൊഥെയൊസും പൗലോസും തമ്മിലുള്ള അടുത്ത ബന്ധത്തെ കാണിച്ചുതരുന്നു. അദ്ദേഹം “ക്രിസ്തുയേശുവിന്റെ സേവനത്തിൽ . . . പിൻപറ്റുന്ന രീതികൾ” തിമൊഥെയൊസിനെ സമയമെടുത്ത് പഠിപ്പിച്ചു. തിമൊഥെയൊസ് നന്നായി പഠിക്കുകയും പൗലോസിന്റെ പ്രീതിവാത്സല്യങ്ങൾ നേടുകയും ചെയ്തു. കൊരിന്തിലുള്ളവരുടെ ആത്മീയമായ ആവശ്യങ്ങൾക്കായി കരുതാൻ തിമൊഥെയൊസിനു കഴിയുമെന്നു പൗലോസിന് ഉറപ്പായിരുന്നു. ഇന്നത്തെ മൂപ്പന്മാർക്ക് എത്ര നല്ല മാതൃക! സഭയിൽ നേതൃത്വമെടുക്കാൻ മറ്റു പുരുഷന്മാരെ പരിശീലിപ്പിക്കുമ്പോൾ അവർക്കു പൗലോസിനെ അനുകരിക്കാം.
നമുക്ക് എല്ലാവർക്കും ഒരു പങ്കുണ്ട്
15. മാറ്റങ്ങൾ നമ്മളെ ബാധിക്കുമ്പോൾ റോമിലെ ക്രിസ്ത്യാനികൾക്കു പൗലോസ് കൊടുത്ത ഉപദേശം നമ്മളെ സഹായിക്കുന്നത് എങ്ങനെ?
15 ആവേശകരമായ കാലത്താണു നമ്മൾ ജീവിക്കുന്നത്. യഹോവയുടെ സംഘടനയുടെ ഭൗമികഭാഗം പല വിധത്തിൽ വളർന്നുകൊണ്ടിരിക്കുകയാണ്, സ്വാഭാവികമായും വളർച്ചയോടൊപ്പം മാറ്റങ്ങളുമുണ്ടാകും. ഈ മാറ്റങ്ങൾ വ്യക്തിപരമായി നമ്മളെ ബാധിക്കുമ്പോൾ നമ്മൾ താഴ്മയുള്ളവരായിരിക്കണം. നമ്മുടെയല്ല, യഹോവയുടെ താത്പര്യങ്ങളിലായിരിക്കണം നമ്മുടെ ശ്രദ്ധ. ഇങ്ങനെ ചെയ്യുന്നത് ഐക്യം വളർത്തും. റോമിലെ ക്രിസ്ത്യാനികൾക്കു പൗലോസ് എഴുതി: “ഞാൻ നിങ്ങളിൽ ഓരോരുത്തരോടും പറയുന്നു: നിങ്ങൾ നിങ്ങളെക്കുറിച്ചുതന്നെ വേണ്ടതിലധികം ചിന്തിക്കരുത്. പകരം, ദൈവം നിങ്ങൾക്ക് ഓരോരുത്തർക്കും നൽകിയിരിക്കുന്ന വിശ്വാസത്തിന്റെ അളവനുസരിച്ച് സുബോധത്തോടെ സ്വയം വിലയിരുത്തുക. ശരീരത്തിൽ നമുക്കു പല അവയവങ്ങളുണ്ടല്ലോ. എന്നാൽ ഈ അവയവങ്ങൾക്കെല്ലാം ഒരേ ധർമമല്ല ഉള്ളത്. അതുപോലെതന്നെ, നമ്മൾ പലരാണെങ്കിലും ക്രിസ്തുവിനോടുള്ള യോജിപ്പിൽ ഒരൊറ്റ ശരീരമാണ്.”—റോമ. 12:3-5.
16. യഹോവയുടെ സംഘടനയുടെ സമാധാനവും ഐക്യവും കാത്തുപാലിക്കാൻ പ്രായമായവർക്കും യുവസഹോദരന്മാർക്കും അവരുടെ ഭാര്യമാർക്കും എന്തൊക്കെ ചെയ്യാനായേക്കും?
16 സാഹചര്യങ്ങൾ എന്തുതന്നെയാണെങ്കിലും നമുക്കെല്ലാം യഹോവയുടെ അതിമഹത്തായ രാജ്യത്തിനായി പ്രവർത്തിക്കാം. പ്രായമായവരേ, നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ചെയ്യാൻ യുവസഹോദരന്മാരെ സജ്ജരാക്കുക. യുവസഹോദരങ്ങളേ, നിങ്ങൾ ഉത്തരവാദിത്വങ്ങൾ സ്വീകരിക്കുക, എളിമയുള്ളവരായിരിക്കുക, പ്രായമുള്ള സഹോദരന്മാരോട് എപ്പോഴും ആദരവുള്ളവരായിരിക്കുക. ഭാര്യമാരേ, അക്വിലയുടെ ഭാര്യ പ്രിസ്കില്ലയെ അനുകരിക്കുക. പ്രിസ്കില്ല സാഹചര്യങ്ങൾ മാറിയപ്പോഴും അക്വിലയോടൊപ്പം വിശ്വസ്തമായി നിൽക്കുകയും അദ്ദേഹത്തെ പിന്തുണയ്ക്കുകയും ചെയ്തല്ലോ!—പ്രവൃ. 18:2.
17. യേശുവിനു ശിഷ്യന്മാരെ സംബന്ധിച്ച് എന്ത് ഉറപ്പാണുണ്ടായിരുന്നത്, ഏതു നിയമനം നിറവേറ്റാനാണു യേശു അവരെ പരിശീലിപ്പിച്ചത്?
17 കൂടുതലായ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ മറ്റുള്ളവർക്കു പരിശീലനം കൊടുക്കുന്ന കാര്യത്തിൽ യേശുവിനെക്കാൾ മികച്ച ഒരു മാതൃക വേറെയില്ല. തന്റെ ഭൂമിയിലെ ശുശ്രൂഷ ഉടനെ അവസാനിക്കുമെന്നും മറ്റുള്ളവർ അതു തുടർന്നുകൊണ്ടുപോകുമെന്നും യേശുവിന് അറിയാമായിരുന്നു. ശിഷ്യന്മാർ അപൂർണരായിരുന്നെങ്കിലും യേശുവിന് അവരിൽ വിശ്വാസമുണ്ടായിരുന്നു. താൻ ചെയ്തതിനെക്കാൾ വലിയ കാര്യങ്ങൾ അവർ ചെയ്യുമെന്നു യേശു അവരോടു പറയുകയും ചെയ്തു. (യോഹ. 14:12) യേശു അവരെ നന്നായി പരിശീലിപ്പിച്ചു. അവർ ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത അന്ന് അറിയപ്പെട്ടിരുന്ന ലോകത്തെല്ലാം വ്യാപിപ്പിക്കുകയും ചെയ്തു.—കൊലോ. 1:23.
18. എന്തൊക്കെ നല്ല പ്രതീക്ഷകളാണു നമ്മളെ കാത്തിരിക്കുന്നത്, ഇപ്പോൾ നമ്മൾ എന്തു ചെയ്യണം?
18 ബലിമരണത്തിനു ശേഷം യേശു സ്വർഗത്തിലേക്ക് ഉയിർപ്പിക്കപ്പെട്ടു. അവിടെ യേശുവിന് “എല്ലാ ഗവൺമെന്റുകളെക്കാളും അധികാരങ്ങളെക്കാളും ശക്തികളെക്കാളും ആധിപത്യങ്ങളെക്കാളും” അധികാരത്തോടെ ഏറെ ഉന്നതമായ ഉത്തരവാദിത്വങ്ങൾ ലഭിച്ചു. (എഫെ. 1:19-21) അർമഗെദോനു മുമ്പ് നമ്മൾ വിശ്വസ്തരായി മരിക്കുകയാണെങ്കിൽ, നീതി വസിക്കുന്ന പുതിയ ലോകത്തിലേക്കു പുനരുത്ഥാനത്തിൽ വരും. അവിടെ നമുക്കു സംതൃപ്തികരമായ ധാരാളം കാര്യങ്ങൾ ചെയ്യാനുണ്ടായിരിക്കും. എന്നാൽ ഇപ്പോൾത്തന്നെ നമുക്കെല്ലാം പങ്കുചേരാനാകുന്ന വളരെ പ്രധാനപ്പെട്ട ഒരു പ്രവർത്തനമുണ്ട്, ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത പ്രസംഗിക്കുകയും ശിഷ്യരെ ഉളവാക്കുകയും ചെയ്യുക എന്ന പ്രവർത്തനം. ചെറുപ്പക്കാരാകട്ടെ, പ്രായമായവരാകട്ടെ, നമുക്കെല്ലാം ‘കർത്താവിന്റെ വേലയിൽ എപ്പോഴും തിരക്കുള്ളവരായിരിക്കാം.’—1 കൊരി. 15:58.