നിങ്ങൾക്ക് അറിയാമോ?
പുരാതനനാളുകളിൽ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് എങ്ങനെയാണു തീ കൊണ്ടുപോയത്?
ബൈബിളിൽ ഉൽപത്തി 22:6-ൽ, അബ്രാഹാം ദൂരെയുള്ള ഒരു സ്ഥലത്ത് യാഗം അർപ്പിക്കാൻ പോയപ്പോൾ “ദഹനയാഗത്തിനുള്ള വിറക് എടുത്ത് യിസ്ഹാക്കിന്റെ ചുമലിൽ വെച്ചു. അബ്രാഹാം തീയും കത്തിയും കൈയിലെടുത്തു. ഇരുവരും ഒന്നിച്ച് യാത്രയായി” എന്നു പറയുന്നു.
പുരാതനകാലത്ത് തീ കത്തിക്കാൻ ഉപയോഗിച്ചിരുന്ന രീതി എന്തായിരുന്നെന്നു തിരുവെഴുത്തുകൾ ഒരിടത്തും പറയുന്നില്ല. അബ്രാഹാമും യിസ്ഹാക്കും നടത്തിയ “ദൂരയാത്രയിൽ കെടാതെ തീനാളം കൊണ്ടുപോകുന്നത് ഏറെക്കുറെ അസാധ്യമാണ്” എന്നാണ് ഉൽപത്തി 22-ാം അധ്യായത്തിലെ വിവരണത്തെക്കുറിച്ച് ഒരു വ്യാഖ്യാതാവ് പറയുന്നത്. മറ്റു ചിലരും ഇതിനോടു യോജിക്കുന്നെന്നു തോന്നുന്നു. അതുകൊണ്ട്, ആ വിവരണത്തിൽ തീ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതു തീ കത്തിക്കുന്നതിനുവേണ്ടിയുള്ള വസ്തുവായിരിക്കണം.
പുരാതനകാലത്ത് തീ കത്തിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലായിരുന്നെന്നു മറ്റു ചിലർ ചൂണ്ടിക്കാണിക്കുന്നു. സ്വന്തമായി തീ കത്തിച്ച് ഉണ്ടാക്കുന്നതിനെക്കാളും എളുപ്പം, പറ്റുമെങ്കിൽ അയൽവീട്ടിൽനിന്ന് തീക്കനലുകൾ മേടിക്കുന്നതാണെന്ന് ആളുകൾ മനസ്സിലാക്കിയിരുന്നു. അബ്രാഹാം കൊണ്ടുപോയതു എരിയുന്ന കൽക്കരിയോ തലേ രാത്രിയിലെ തീയുടെ ബാക്കിവന്ന കനലുകളോ ഇട്ട ഒരു പാത്രം, ഒരുപക്ഷേ തൂക്കിപ്പിടിച്ചുകൊണ്ടുപോകാൻ കഴിയുന്ന ഒരു കുടമായിരിക്കാമെന്നു പല പണ്ഡിതന്മാരും വിശ്വസിക്കുന്നു. (യശ. 30:14) ഇങ്ങനെ കൊണ്ടുപോകുന്ന കനൽക്കട്ടകൾ ഉപയോഗിച്ച് യാത്രയ്ക്കിടയിൽ എപ്പോൾ വേണമെങ്കിലും ചെറിയ മരക്കഷണങ്ങൾകൊണ്ട് തീ കത്തിക്കാൻ കഴിയുമായിരുന്നു.