ആത്മീയനിക്ഷേപങ്ങളിലായിരിക്കട്ടെ നിങ്ങളുടെ ഹൃദയം
“നിങ്ങളുടെ നിക്ഷേപം എവിടെയാണോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും.”—ലൂക്കോ. 12:34.
ഗീതങ്ങൾ: 153, 104
1, 2. (എ) യഹോവ നമുക്കു തന്നിരിക്കുന്ന മൂന്ന് ആത്മീയനിധികൾ ഏതൊക്കെയാണ്? (ബി) ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
യഹോവയാണ് ഈ പ്രപഞ്ചത്തിലെ ഏറ്റവും ധനികനായ വ്യക്തി. (1 ദിന. 29:11, 12) ഉദാരനായ ആ പിതാവിന്റെ പക്കൽ ആത്മീയസമ്പത്തിന്റെ ഒരു കലവറതന്നെയുണ്ട്. അതിന്റെ മൂല്യം തിരിച്ചറിയുന്ന എല്ലാവർക്കും ആ പിതാവ് അതിൽനിന്ന് ധാരാളമായി കൊടുക്കുന്നു. യഹോവയിൽനിന്ന് ഈ ആത്മീയസമ്പത്ത് ലഭിച്ചിരിക്കുന്നതിൽ നമ്മൾ എത്ര നന്ദിയുള്ളവരാണ്! അതിൽ ഉൾപ്പെടുന്നതാണ് (1) ദൈവരാജ്യം, (2) ജീവരക്ഷാകരമായ നമ്മുടെ ശുശ്രൂഷ, (3) ദൈവവചനത്തിലെ അമൂല്യസത്യങ്ങൾ എന്നിവ. എന്നാൽ ശ്രദ്ധിച്ചില്ലെങ്കിൽ ഈ നിക്ഷേപങ്ങളോടുള്ള നമ്മുടെ വിലമതിപ്പു കുറഞ്ഞുപോയേക്കാം. ചിലപ്പോൾ നമ്മൾ അവ വലിച്ചെറിയുകപോലും ചെയ്തേക്കാം. അങ്ങനെ സംഭവിക്കാതിരിക്കാൻ നമ്മൾ അവയുടെ മൂല്യത്തെക്കുറിച്ച് എപ്പോഴും ഓർക്കണം, അവയോടുള്ള സ്നേഹം നഷ്ടമാകാതെ നോക്കുകയും വേണം. യേശു പറഞ്ഞു: “നിങ്ങളുടെ നിക്ഷേപം എവിടെയാണോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും.”—ലൂക്കോ. 12:34.
2 നമുക്ക് എങ്ങനെ ദൈവരാജ്യത്തോടും ശുശ്രൂഷയോടും സത്യത്തോടും ഉള്ള സ്നേഹം വളർത്തിയെടുക്കാമെന്നും ആ സ്നേഹം നഷ്ടപ്പെടാതിരിക്കാൻ എന്തു ചെയ്യാമെന്നും ഇപ്പോൾ നോക്കാം. ഈ ചർച്ച പുരോഗമിക്കുമ്പോൾ ഓരോരുത്തരും ഇങ്ങനെ ചിന്തിക്കുക: ‘എനിക്ക് എങ്ങനെ ഈ ആത്മീയനിക്ഷേപങ്ങളോടുള്ള സ്നേഹം ആഴമുള്ളതാക്കാം?’
ദൈവരാജ്യം—വിലയേറിയ ഒരു മുത്ത്
3. വിലയേറിയ മുത്തു സ്വന്തമാക്കുന്നതിന് എന്തു ചെയ്യാൻപോലും യേശുവിന്റെ ദൃഷ്ടാന്തത്തിലെ വ്യാപാരി ഒരുക്കമായിരുന്നു? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
3 മത്തായി 13:45, 46 വായിക്കുക. മുത്തുകൾ തേടി സഞ്ചരിക്കുന്ന ഒരു വ്യാപാരിയുടെ ദൃഷ്ടാന്തം യേശു പറഞ്ഞു. പല വർഷങ്ങൾകൊണ്ട് ആ വ്യാപാരി നൂറുകണക്കിനു മുത്തുകൾ വാങ്ങുകയും വിൽക്കുകയും ചെയ്തിട്ടുണ്ടാകും. എന്നാൽ ഇപ്പോൾ കണ്ടെത്തിയതുപോലൊരു മുത്ത് അദ്ദേഹം മുമ്പ് കണ്ടിട്ടേ ഇല്ല. അത്ര അമൂല്യമായിരുന്നു അത്! കണ്ടപ്പോൾത്തന്നെ അദ്ദേഹത്തിന്റെ ഹൃദയം നിറഞ്ഞു. അതു വാങ്ങാനായി തനിക്കുള്ളതെല്ലാം വിൽക്കാൻ അദ്ദേഹം ഒരുക്കമായിരുന്നു. ആ മുത്ത് അദ്ദേഹത്തിന് എത്ര വിലപ്പെട്ടതായിരുന്നെന്നു നിങ്ങൾക്കു ചിന്തിക്കാനാകുന്നുണ്ടോ?
4. വ്യാപാരി മുത്തിനെ സ്നേഹിച്ചതുപോലെ നമ്മൾ ദൈവരാജ്യത്തെ സ്നേഹിക്കുന്നെങ്കിൽ നമ്മൾ എന്തു ചെയ്യാൻ ഒരുക്കമുള്ളവരായിരിക്കും?
4 എന്താണു നമുക്കുള്ള പാഠം? ദൈവരാജ്യം വിലയേറിയ ആ മുത്തുപോലെയാണ്. വ്യാപാരി ആ മുത്തിനെ സ്നേഹിച്ചതുപോലെ നമ്മൾ ദൈവരാജ്യത്തെ സ്നേഹിക്കുന്നെങ്കിൽ, ആ രാജ്യത്തിന്റെ പ്രജയാകാനും എന്നും അങ്ങനെതന്നെ തുടരാനും വേണ്ടി എന്തും ത്യജിക്കാൻ നമ്മൾ ഒരുക്കമുള്ളവരായിരിക്കും. (മർക്കോസ് 10:28-30 വായിക്കുക.) അങ്ങനെ ചെയ്ത രണ്ടു വ്യക്തികളെക്കുറിച്ച് നമുക്ക് ഇപ്പോൾ പഠിക്കാം.
5. ദൈവരാജ്യത്തിനുവേണ്ടി എന്തെല്ലാം ചെയ്യാൻ സക്കായി ഒരുക്കമായിരുന്നു?
5 ആളുകളിൽനിന്ന് അന്യായമായി പണം ഈടാക്കി സമ്പന്നനായിത്തീർന്ന മുഖ്യ നികുതിപിരിവുകാരിൽ ഒരാളായിരുന്നു സക്കായി. (ലൂക്കോ. 19:1-9) എന്നാൽ യേശു ദൈവരാജ്യത്തെക്കുറിച്ച് സംസാരിക്കുന്നതു കേട്ടപ്പോൾ അദ്ദേഹം അതിന്റെ മൂല്യം തിരിച്ചറിഞ്ഞ് പെട്ടെന്നുതന്നെ നടപടിയെടുത്തു. അദ്ദേഹം പറഞ്ഞു: “കർത്താവേ, എന്റെ വസ്തുവകകളിൽ പകുതിയും ഞാൻ ഇതാ, ദരിദ്രർക്കു കൊടുക്കുന്നു. ഞാൻ ആളുകളിൽനിന്ന് അന്യായമായി ഈടാക്കിയതെല്ലാം നാല് ഇരട്ടിയായി തിരിച്ചുനൽകുന്നു.” വളഞ്ഞ വഴിയിലൂടെ സമ്പാദിച്ചതെല്ലാം സക്കായി സന്തോഷത്തോടെ വിട്ടുകളഞ്ഞു. വസ്തുവകകളോടുള്ള അത്യാഗ്രഹവും അദ്ദേഹം ഉപേക്ഷിച്ചു.
6. ദൈവരാജ്യത്തിന്റെ പ്രജയാകാൻ റോസ് എന്തൊക്കെ മാറ്റങ്ങൾ വരുത്തി, എന്തുകൊണ്ട്?
6 വർഷങ്ങൾക്കു മുമ്പ് ദൈവരാജ്യസന്ദേശം കേട്ട ഒരാളുടെ അനുഭവം നോക്കാം. ആ സ്ത്രീയെ നമുക്കു റോസ് എന്നു വിളിക്കാം. റോസ് ഒരു സ്വവർഗാനുരാഗിയായിരുന്നു. സത്യത്തെക്കുറിച്ച് അറിഞ്ഞ കാലത്ത് റോസിനു മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. സ്വവർഗാനുരാഗികളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുന്ന ഒരു സംഘടനയുടെ പ്രസിഡന്റായിരുന്നു റോസ്. ബൈബിൾ പഠിച്ചപ്പോൾ ദൈവരാജ്യത്തിന്റെ മൂല്യം റോസ് തിരിച്ചറിഞ്ഞു. പക്ഷേ തന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആവശ്യമാണെന്നു റോസിനു മനസ്സിലായി. (1 കൊരി. 6:9, 10) റോസ്, പ്രസിഡന്റ് സ്ഥാനം രാജിവെക്കുകയും തനിക്കുണ്ടായിരുന്ന അവിഹിതബന്ധം അവസാനിപ്പിക്കുകയും ചെയ്തു. 2009-ൽ സ്നാനമേറ്റ അവർ തൊട്ടടുത്ത വർഷം സാധാരണ മുൻനിരസേവികയായി. യഹോവയോടും ദൈവരാജ്യത്തോടും അത്രമേൽ സ്നേഹമുണ്ടായിരുന്നതുകൊണ്ടാണു റോസ് ഈ മാറ്റങ്ങളെല്ലാം വരുത്തിയത്. തന്റെ അനുചിതമായ ഏത് ആഗ്രഹവും ഉപേക്ഷിക്കാൻ തോന്നിപ്പിക്കുന്നത്ര ശക്തമായിരുന്നു ആ സ്നേഹം.—മർക്കോ. 12:29, 30.
7. ദൈവരാജ്യത്തോടു നമുക്കുള്ള സ്നേഹം കാത്തുസൂക്ഷിക്കാൻ എന്തു ചെയ്യാനാകും?
7 ദൈവരാജ്യത്തിന്റെ പ്രജയാകാൻ നമ്മളിൽ പലരും കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നതു സത്യമാണ്. (റോമ. 12:2) എന്നാൽ നമ്മുടെ പോരാട്ടം അതുകൊണ്ട് തീരുന്നില്ല. സമ്പത്തിനോടും വസ്തുവകകളോടും ഉള്ള ആഗ്രഹം, തെറ്റായ ലൈംഗികമോഹങ്ങൾ അങ്ങനെ പലതും ദൈവരാജ്യത്തോടുള്ള നമ്മുടെ സ്നേഹം കുറച്ചുകളഞ്ഞേക്കാം. അങ്ങനെ സംഭവിക്കാതിരിക്കാൻ ജാഗ്രതയുള്ളവരായിരിക്കുക. (സുഭാ. 4:23; മത്താ. 5:27-29) ദൈവരാജ്യത്തോടുള്ള സ്നേഹം നിലനിറുത്താൻ നമ്മളെ സഹായിക്കുന്ന മറ്റൊരു കാര്യം യഹോവ തന്നിട്ടുണ്ട്. വിലയേറിയ ആ നിക്ഷേപം എന്താണെന്നു നോക്കാം.
ജീവരക്ഷാകരമായ നമ്മുടെ ശുശ്രൂഷ
8. (എ) ശുശ്രൂഷയെ ‘മൺപാത്രങ്ങളിലുള്ള അമൂല്യനിധി’ എന്നു പൗലോസ് വിശേഷിപ്പിച്ചത് എന്തുകൊണ്ട്? (ബി) ശുശ്രൂഷയെ താൻ ഒരു നിധിയായിട്ടാണു കണ്ടതെന്നു പൗലോസ് എങ്ങനെ തെളിയിച്ചു?
8 ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത പ്രസംഗിക്കാനും പഠിപ്പിക്കാനും ഉള്ള നിയമനം യേശു നമുക്കു തന്നിട്ടുണ്ട്. (മത്താ. 28:19, 20) ശുശ്രൂഷയുടെ മൂല്യം തിരിച്ചറിഞ്ഞയാളായിരുന്നു അപ്പോസ്തലനായ പൗലോസ്. പുതിയ ഉടമ്പടിയുമായി ബന്ധപ്പെട്ട ശുശ്രൂഷയെ ‘മൺപാത്രങ്ങളിലുള്ള അമൂല്യനിധിയായിട്ടാണു’ പൗലോസ് കണ്ടത്. (2 കൊരി. 4:7; 1 തിമൊ. 1:12) അതു ശരിയല്ലേ? നമ്മളെല്ലാം കുറ്റവും കുറവും ഉള്ള വെറും മൺപാത്രങ്ങളാണ്. എങ്കിലും നമ്മൾ അറിയിക്കുന്ന സന്ദേശമോ? നമുക്കും നമ്മുടെ സന്ദേശം കേൾക്കുന്നവർക്കും നിത്യജീവൻ നൽകാനുള്ള ശക്തി അതിനുണ്ട്. ഇതു മനസ്സിലാക്കി, ശുശ്രൂഷയിൽ വ്യത്യസ്തരീതികൾ പരീക്ഷിച്ചുനോക്കിയ പൗലോസ് ഇങ്ങനെ പറഞ്ഞു: “ഞാൻ ഇങ്ങനെയെല്ലാം ചെയ്യുന്നതു സന്തോഷവാർത്തയ്ക്കുവേണ്ടിയാണ്, അതു മറ്റുള്ളവരെ അറിയിക്കാൻവേണ്ടി.” (1 കൊരി. 9:23) ശുശ്രൂഷയെ അത്രമാത്രം സ്നേഹിച്ചതുകൊണ്ട് ദൈവരാജ്യത്തെക്കുറിച്ച് മറ്റുള്ളവരെ പഠിപ്പിക്കാനായി പൗലോസ് നല്ലവണ്ണം അധ്വാനിച്ചു. (റോമർ 1:14, 15; 2 തിമൊഥെയൊസ് 4:2 വായിക്കുക.) കഠിനമായ ഉപദ്രവങ്ങൾ സഹിച്ചുനിൽക്കാൻപോലും ശുശ്രൂഷയോടുള്ള സ്നേഹം പൗലോസിനെ സഹായിച്ചു. (1 തെസ്സ. 2:2) നമ്മളും ശുശ്രൂഷയെ അത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് എങ്ങനെ കാണിക്കാം?
9. ശുശ്രൂഷയെ വിലയേറിയതായി കാണുന്നെന്നു തെളിയിക്കാൻ കഴിയുന്ന ചില വിധങ്ങൾ ഏതെല്ലാം?
9 മറ്റുള്ളവരെ സത്യം അറിയിക്കാനുള്ള അവസരങ്ങൾക്കായി നോക്കിയിരുന്നുകൊണ്ടും അതു പ്രയോജനപ്പെടുത്തിക്കൊണ്ടും ശുശ്രൂഷയെ വിലയേറിയതായി കാണുന്നെന്നു പൗലോസ് തെളിയിച്ചു. അപ്പോസ്തലന്മാരെയും ആദ്യകാലക്രിസ്ത്യാനികളെയും മാതൃകയാക്കി നമ്മളും അനൗപചാരികമായും പരസ്യമായും വീടുതോറും പ്രസംഗിക്കുന്നു. (പ്രവൃ. 5:42; 20:20) സാഹചര്യം അനുവദിക്കുന്നിടത്തോളം നമ്മുടെ ശുശ്രൂഷ വിപുലമാക്കാൻ നമ്മൾ ശ്രമിക്കും. സാധിക്കുന്നെങ്കിൽ സഹായ മുൻനിരസേവനമോ സാധാരണ മുൻനിരസേവനമോ ഏറ്റെടുക്കാനാകും. ഇനി, നമുക്കു മറ്റൊരു ഭാഷ പഠിക്കാനാകുമോ? ശുശ്രൂഷ വിപുലമാക്കാനായി ഒരു വിദേശരാജ്യത്തേക്കോ നമ്മുടെ രാജ്യത്തുതന്നെയുള്ള മറ്റൊരു സ്ഥലത്തേക്കോ മാറിത്താമസിക്കുന്നതിനെക്കുറിച്ചും ചിന്തിക്കാനാകും.—പ്രവൃ. 16:9, 10.
10. സന്തോഷവാർത്ത അറിയിക്കാനുള്ള ഐറിന്റെ ദൃഢനിശ്ചയത്തിനു പ്രതിഫലം ലഭിച്ചത് എങ്ങനെ?
10 ഐക്യനാടുകളിലുള്ള ഏകാകിനിയായ ഐറിൻ സഹോദരിയുടെ അനുഭവം നോക്കാം. റഷ്യൻ ഭാഷ സംസാരിക്കുന്ന കുടിയേറ്റക്കാരോടു ദൈവരാജ്യത്തെക്കുറിച്ച് പ്രസംഗിക്കാൻ ഐറിന് അതിയായ ആഗ്രഹമുണ്ടായിരുന്നു. 1993-ൽ ഐറിൻ ന്യൂയോർക്ക് സിറ്റിയിലെ റഷ്യൻ ഭാഷാക്കൂട്ടത്തോടൊപ്പം പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ ഏകദേശം 20 പ്രചാരകർ മാത്രമാണ് ആ കൂട്ടത്തിലുണ്ടായിരുന്നത്. 20 വർഷത്തോളം റഷ്യൻ ഭാഷാവയലിൽ പ്രവർത്തിച്ച ഐറിൻ പറയുന്നു: “റഷ്യൻ ഭാഷ നന്നായി സംസാരിക്കാൻ എനിക്ക് ഇപ്പോഴും അറിയില്ല.” എന്നാൽ ഐറിനെയും അതേപോലെ ഉത്സാഹത്തോടെ പ്രവർത്തിച്ച മറ്റുള്ളവരെയും യഹോവ അനുഗ്രഹിച്ചിരിക്കുന്നു. ഇന്നു ന്യൂയോർക്ക് സിറ്റിയിൽ ആറു റഷ്യൻഭാഷാസഭകളുണ്ട്. ഐറിൻ സത്യം പഠിപ്പിച്ചവരിൽ 15 പേർ സ്നാനമേറ്റു. അവരിൽ ചിലർ ബഥേലംഗങ്ങളായും മുൻനിരസേവകരായും മൂപ്പന്മാരായും സേവിക്കുന്നു. ഐറിൻ പറയുന്നു: “എനിക്കു മറ്റു പല ലക്ഷ്യങ്ങളും വെക്കാമായിരുന്നു. പക്ഷേ ഒന്നിനും ഇത്രയും സന്തോഷം തരാൻ കഴിയുമെന്നു തോന്നുന്നില്ല.” അതെ, ഐറിൻ ശുശ്രൂഷയെ അമൂല്യമായ ഒരു നിധിപോലെയാണു കാണുന്നത്.
11. എതിർപ്പുകളുണ്ടായാലും പ്രസംഗിക്കുന്നതിൽ തുടരുന്നതുകൊണ്ട് എന്തു നല്ല ഫലങ്ങളുണ്ടാകും?
11 ശുശ്രൂഷയെ അമൂല്യമായ ഒരു നിധി അഥവാ നിക്ഷേപം ആയിട്ടാണു കാണുന്നതെങ്കിൽ അപ്പോസ്തലനായ പൗലോസിനെപ്പോലെ, ഉപദ്രവങ്ങളുണ്ടായാലും നമ്മൾ പ്രസംഗപ്രവർത്തനം നിറുത്തില്ല. (പ്രവൃ. 14:19-22) 1930-കളിലും 1940-കളുടെ തുടക്കത്തിലും ഐക്യനാടുകളിലുള്ള നമ്മുടെ സഹോദരങ്ങൾ കടുത്ത എതിർപ്പുകൾ നേരിട്ടു. എങ്കിലും പൗലോസിനെപ്പോലെ അവർ ധൈര്യത്തോടെ പ്രസംഗപ്രവർത്തനം തുടർന്നു. പ്രസംഗിക്കാനുള്ള അവകാശം സംരക്ഷിക്കാൻ സഹോദരങ്ങൾ അനേകം നിയമപോരാട്ടങ്ങൾ നടത്തി. ഐക്യനാടുകളിലെ സുപ്രീംകോടതിയിൽ നമ്മൾ നേടിയ ഒരു നിയമവിജയത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ 1943-ൽ നേഥൻ എച്ച്. നോർ സഹോദരൻ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ പോരാടിയതുകൊണ്ടാണു നമുക്ക് ഈ വിജയങ്ങളെല്ലാം കിട്ടിയത്. പ്രചാരകർ ആരും വയലിൽ പോയില്ലായിരുന്നെങ്കിൽ സുപ്രീംകോടതിയിൽ ഈ കേസുകളൊന്നും എത്തില്ലായിരുന്നു. എന്നാൽ ലോകമെങ്ങുമുള്ള പ്രചാരകരേ, നിങ്ങൾ തളരാതെ പ്രസംഗപ്രവർത്തനം തുടരുന്നതുകൊണ്ടാണ് എതിർപ്പുകളെ നമുക്കു തോൽപ്പിക്കാനാകുന്നത്. കർത്താവിന്റെ ജനം ധീരരായി നിൽക്കുന്നതാണ് ഇതുപോലുള്ള തീരുമാനങ്ങളുണ്ടാകാൻ കാരണം.” അതെ, ധീരരായി നിന്നതുകൊണ്ട് മറ്റു രാജ്യങ്ങളിലുള്ള സഹോദരങ്ങൾക്കും സമാനമായ നിയമവിജയങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതു കാണിക്കുന്നത്, ശുശ്രൂഷയോടുള്ള നമ്മുടെ സ്നേഹത്തിന് എതിർപ്പുകളെ തോൽപ്പിക്കാനാകുമെന്നാണ്.
12. ശുശ്രൂഷയോടുള്ള ബന്ധത്തിൽ എന്താണു നിങ്ങളുടെ തീരുമാനം?
12 യഹോവ തരുന്ന വിലതീരാത്ത ഒരു നിധിയായി ശുശ്രൂഷയെ കാണുന്നെങ്കിൽ ‘മണിക്കൂർ കൂട്ടാൻവേണ്ടി’ മാത്രം നമ്മൾ ശുശ്രൂഷയിൽ ഏർപ്പെടില്ല. പകരം ‘സന്തോഷവാർത്ത സമഗ്രമായി അറിയിക്കാൻ’ നമ്മളെക്കൊണ്ടാകുന്നതെല്ലാം നമ്മൾ ചെയ്യും. (പ്രവൃ. 20:24; 2 തിമൊ. 4:5) പക്ഷേ നമ്മൾ ആളുകളെ എന്താണു പഠിപ്പിക്കേണ്ടത്? അതിനുള്ള ഉത്തരത്തിനായി യഹോവ തരുന്ന മറ്റൊരു അമൂല്യനിക്ഷേപത്തെക്കുറിച്ച് ചർച്ച ചെയ്യാം.
അമൂല്യമായ സത്യങ്ങളുടെ ശേഖരം
13, 14. മത്തായി 13:52-ൽ യേശു പറഞ്ഞ ‘അമൂല്യശേഖരം’ എന്താണ്, അതു നമുക്ക് എങ്ങനെ നിറയ്ക്കാം?
13 നമുക്കു വെളിപ്പെടുത്തിക്കിട്ടിയ സത്യങ്ങളുടെ ശേഖരമാണു നമ്മുടെ മൂന്നാമത്തെ ആത്മീയനിക്ഷേപം. യഹോവ സത്യത്തിന്റെ ഉറവിടമാണ്. (2 ശമു. 7:28; സങ്കീ. 31:5) ഉദാരനായ ആ പിതാവ് ദൈവഭയമുള്ളവരെ അത്തരം സത്യങ്ങൾ അറിയിക്കാൻ മനസ്സുള്ളവനാണ്. നമ്മൾ സത്യത്തെപ്പറ്റി കേട്ട നാൾമുതൽ തന്റെ വചനം, ക്രിസ്തീയപ്രസിദ്ധീകരണങ്ങൾ, കൺവെൻഷനുകൾ, സമ്മേളനങ്ങൾ, മീറ്റിങ്ങുകൾ എന്നിവയിൽനിന്ന് അനേകം സത്യങ്ങൾ ശേഖരിക്കാൻ യഹോവ നമുക്ക് അവസരം തന്നിരിക്കുന്നു. അങ്ങനെ, യേശു പറഞ്ഞതുപോലുള്ള പഴയതും പുതിയതും ആയ സത്യങ്ങളുടെ ഒരു ‘അമൂല്യശേഖരം’ നമുക്കു കാലങ്ങൾകൊണ്ട് സ്വന്തമാകുന്നു. (മത്തായി 13:52 വായിക്കുക.) മറഞ്ഞിരിക്കുന്ന നിധികൾ തേടുന്നതുപോലെ നമ്മൾ അത്തരം സത്യങ്ങൾക്കായി അന്വേഷിക്കുന്നെങ്കിൽ വിലയേറിയ പുതിയ സത്യങ്ങൾ നമ്മുടെ ‘അമൂല്യശേഖരത്തിലേക്കു’ കൂട്ടിച്ചേർക്കാൻ യഹോവ സഹായിക്കും. (സുഭാഷിതങ്ങൾ 2:4-7 വായിക്കുക.) നമുക്ക് അത് എങ്ങനെ ചെയ്യാം?
14 നമുക്ക് ഓരോരുത്തർക്കും നന്നായി പഠിക്കുന്ന ശീലമുണ്ടായിരിക്കണം. ദൈവവചനവും പ്രസിദ്ധീകരണങ്ങളും നമ്മൾ സമയമെടുത്ത് വിശദമായി പഠിക്കുന്നെങ്കിൽ “പുതിയ” സത്യങ്ങൾ അതായത്, മുമ്പ് നമുക്ക് അറിയില്ലായിരുന്ന സത്യങ്ങൾ കണ്ടെത്താൻ കഴിയും. (യോശു. 1:8, 9; സങ്കീ. 1:2, 3) 1879 ജൂലൈയിൽ പുറത്തിറങ്ങിയ, വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) ആദ്യലക്കത്തിൽത്തന്നെ ഇങ്ങനെ പറഞ്ഞിരുന്നു: “ജീവിതമരുഭൂവിലെ ഒരു ശാലീന ചെറുപുഷ്പംപോലെ, സത്യം വ്യാജമെന്ന നിബിഡമായ കളകളാൽ ചുറ്റപ്പെട്ടിരിക്കുകയും മിക്കവാറും ഞെരുക്കപ്പെടുകയുമാണ്. അതു കണ്ടെത്തണമെന്നുണ്ടെങ്കിൽ നിങ്ങൾ എല്ലായ്പോഴും ജാഗരൂകരായിരിക്കണം. . . . നിങ്ങൾക്ക് അതു സ്വന്തമാക്കണമെന്നുണ്ടെങ്കിൽ, അതിനെ കുനിഞ്ഞ് എടുക്കേണ്ടിവരും. സത്യത്തിന്റെ ഒരു പുഷ്പംകൊണ്ട് തൃപ്തിയടയരുത്. . . . പറിച്ചുകൊണ്ടിരിക്കുക, കൂടുതലായി അന്വേഷിച്ചുകൊണ്ടിരിക്കുക.” അതെ, നമ്മുടെ പക്കലുള്ള, ദിവ്യസത്യങ്ങളുടെ അമൂല്യശേഖരത്തിലേക്കു കൂടുതൽ സത്യങ്ങൾ നിറയ്ക്കാൻ നമ്മൾ ഉത്സാഹമുള്ളവരായിരിക്കണം.
15. ചില സത്യങ്ങളെ നമ്മൾ ‘പഴയത്’ എന്നു വിളിക്കുന്നത് എന്തുകൊണ്ട്, അവയിൽ നിങ്ങൾ വളരെ അമൂല്യമായി കാണുന്ന ചില സത്യങ്ങൾ ഏതൊക്കെയാണ്?
15 ബൈബിൾ പഠിക്കാൻ തുടങ്ങിയപ്പോൾ നമ്മൾ അനേകം മൂല്യവത്തായ സത്യങ്ങൾ ആദ്യമായി കണ്ടെത്തി. അവയെ ‘പഴയത്’ എന്നു വിളിക്കാം. കാരണം ക്രിസ്തീയപാതയിൽ പിച്ചവെച്ച് നടന്നപ്പോൾമുതൽ നമുക്ക് അറിയാവുന്ന സത്യങ്ങളാണ് അവ. ആ വിലയേറിയ സത്യങ്ങളിൽ ചിലത് ഏതൊക്കെയാണ്? യഹോവയാണു സ്രഷ്ടാവും ജീവദാതാവും എന്നും ദൈവത്തിനു മനുഷ്യരെക്കുറിച്ച് ഒരു ഉദ്ദേശ്യമുണ്ട് എന്നും നമ്മൾ പഠിച്ചു. അതുപോലെ നമ്മളെ പാപത്തിൽനിന്നും മരണത്തിൽനിന്നും വിടുവിക്കുന്നതിനുള്ള മോചനവിലയായി, സ്നേഹവാനായ ദൈവം തന്റെ മകന്റെ ജീവനെ നൽകിയെന്നും നമ്മൾ മനസ്സിലാക്കി. നമ്മൾ അനുഭവിക്കുന്ന എല്ലാ കഷ്ടതകൾക്കും ദൈവരാജ്യം അറുതിവരുത്തുമെന്നും ദൈവരാജ്യഭരണത്തിൻകീഴിൽ നമുക്ക് എന്നുമെന്നും സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാമെന്നും നമ്മൾ പഠിച്ചു.—യോഹ. 3:16; വെളി. 4:11; 21:3, 4.
16. സത്യത്തെക്കുറിച്ചുള്ള ഗ്രാഹ്യത്തിനു മാറ്റം വരുമ്പോൾ നമ്മൾ എന്തു ചെയ്യണം?
16 ചിലപ്പോൾ ഒരു ബൈബിൾപ്രവചനത്തെക്കുറിച്ചോ തിരുവെഴുത്തുഭാഗത്തെക്കുറിച്ചോ ഉള്ള ഗ്രാഹ്യത്തിനു മാറ്റം വന്നേക്കാം. അങ്ങനെ വരുമ്പോൾ, അത്തരം പുതിയ പഠിപ്പിക്കലുകളെക്കുറിച്ച് നമ്മൾ സമയമെടുത്ത് ശ്രദ്ധാപൂർവം പഠിക്കുകയും അതെക്കുറിച്ച് ധ്യാനിക്കുകയും വേണം. (പ്രവൃ. 17:11; 1 തിമൊ. 4:15) പഠിപ്പിക്കലിൽ വന്ന പ്രധാനമാറ്റം മാത്രം നമ്മൾ മനസ്സിലാക്കിയാൽ പോരാ. പകരം പഴയതും പുതിയതും തമ്മിലുള്ള ചെറിയചെറിയ വ്യത്യാസങ്ങൾപോലും മനസ്സിലാക്കണം. അങ്ങനെ ചെയ്യുന്നെങ്കിൽ നമുക്കു വെളിപ്പെടുത്തിക്കിട്ടിയ ആ പുതിയ സത്യം നമ്മുടെ ശേഖരത്തിൽ എന്നും സുരക്ഷിതമായിരിക്കും. നമ്മൾ ഇത്രമാത്രം പരിശ്രമിക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ?
17, 18. പരിശുദ്ധാത്മാവിനു നമ്മളെ എങ്ങനെ സഹായിക്കാൻ കഴിയും?
17 നമ്മൾ പഠിച്ച കാര്യങ്ങൾ ദൈവാത്മാവിനു നമ്മുടെ ഓർമയിലേക്കു കൊണ്ടുവരാൻ കഴിയുമെന്നു യേശു പഠിപ്പിച്ചു. (യോഹ. 14:25, 26) മറ്റുള്ളവരെ സന്തോഷവാർത്ത അറിയിക്കുന്ന നമ്മളെ ഇത് എങ്ങനെയാണു സഹായിക്കുന്നത്? പീറ്റർ എന്ന സഹോദരന്റെ അനുഭവം നോക്കുക. 1970-ൽ 19 വയസ്സുള്ളപ്പോൾ അദ്ദേഹം ബ്രിട്ടനിലെ ബഥേലിൽ സേവിക്കാൻ തുടങ്ങി. ആയിടെ വീടുതോറും പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ മധ്യവയസ്കനായ ഒരു താടിക്കാരനെ പീറ്റർ കണ്ടുമുട്ടി. ബൈബിൾ പഠിക്കാൻ താത്പര്യമുണ്ടോ എന്നു പീറ്റർ ആ വ്യക്തിയോടു ചോദിച്ചു. ആ ചോദ്യം അദ്ദേഹത്തിന് അത്ര രസിച്ചില്ല. കാരണം അദ്ദേഹം ഒരു ജൂതറബ്ബിയായിരുന്നു. പീറ്ററിനെ ഒന്നു പരീക്ഷിക്കാൻ അദ്ദേഹം തീരുമാനിച്ചു. അദ്ദേഹം ചോദിച്ചു: “മോന് ദാനിയേൽ പുസ്തകം ഏതു ഭാഷയിലാണ് എഴുതിയതെന്ന് അറിയാമോ?” പീറ്റർ പറഞ്ഞു: “അരമായ ഭാഷയിലാണ് ഒരു ഭാഗം എഴുതിയത്.” ആ സംഭവത്തെക്കുറിച്ച് പീറ്റർ ഓർക്കുന്നു: “എനിക്ക് അതിന്റെ ഉത്തരം അറിയാമെന്ന് ഒട്ടും പ്രതീക്ഷിക്കാഞ്ഞതുകൊണ്ട് റബ്ബി അത്ഭുതപ്പെട്ടുപോയി. പക്ഷേ അതിനെക്കാൾ അതിശയിച്ചുപോയതു ഞാനാണ്. കാരണം ആ ഉത്തരം എങ്ങനെയാണു പറയാൻ കഴിഞ്ഞതെന്ന് എനിക്കുതന്നെ അറിയില്ലായിരുന്നു. ഞാൻ വീട്ടിൽ ചെന്ന് മുൻമാസങ്ങളിൽ വന്ന വീക്ഷാഗോപുരത്തിന്റെയും ഉണരുക!-യുടെയും ലക്കങ്ങൾ എടുത്തുനോക്കി. അപ്പോൾ, ദാനിയേൽ പുസ്തകത്തിന്റെ ഒരു ഭാഗം അരമായ ഭാഷയിലാണ് എഴുതിയതെന്നു പറയുന്ന ഒരു ലേഖനം ഞാൻ കണ്ടെത്തി.” (ദാനി. 2:4, അടിക്കുറിപ്പ്) അതെ, നമ്മൾ മുമ്പ് വായിച്ച് നമ്മുടെ അമൂല്യശേഖരത്തിലേക്കു നിക്ഷേപിച്ച ആശയങ്ങൾ ഓർമയിലേക്കു തിരികെക്കൊണ്ടുവരാൻ പരിശുദ്ധാത്മാവിനു കഴിയും.—ലൂക്കോ. 12:11, 12; 21:13-15.
18 യഹോവ പഠിപ്പിക്കുന്ന സത്യങ്ങളെ അമൂല്യമായി കാണുന്നെങ്കിൽ നമ്മുടെ ‘അമൂല്യശേഖരം’ പുതിയതും പഴയതും ആയ സത്യങ്ങൾകൊണ്ട് നിറയ്ക്കാൻ നമുക്കു തോന്നും. ആ സത്യങ്ങളെ കൂടുതൽ സ്നേഹിക്കുകയും വിലമതിക്കുകയും ചെയ്യുമ്പോൾ മറ്റുള്ളവരെ പഠിപ്പിക്കാൻ നമ്മൾ കൂടുതൽ സജ്ജരാകും.
നിങ്ങളുടെ നിക്ഷേപങ്ങൾ കാത്തുസൂക്ഷിക്കുക
19. നമ്മുടെ ആത്മീയനിക്ഷേപങ്ങളെ നമ്മൾ സംരക്ഷിക്കേണ്ടത് എന്തുകൊണ്ട്?
19 ആത്മീയമായ നിക്ഷേപങ്ങളെ അഥവാ നിധികളെ മൂല്യമുള്ളതായി കാണേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് നമ്മൾ ഈ ലേഖനത്തിൽ പഠിച്ചു. എന്നാൽ ആ നിക്ഷേപങ്ങളോടുള്ള നമ്മുടെ വിലമതിപ്പു നഷ്ടപ്പെടുത്തിക്കളയാൻ സാത്താനും അവന്റെ ലോകവും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. നമ്മളും അതിൽ വീണുപോയേക്കാം. ധാരാളം പണം സമ്പാദിക്കാൻ കഴിയുന്ന ഒരു ജോലി, ആഡംബരജീവിതം, വസ്തുവകകൾ പ്രദർശിപ്പിക്കാനുള്ള ആഗ്രഹം ഇതൊക്കെ നമ്മളെ എളുപ്പം വശീകരിച്ചേക്കാവുന്ന കെണികളാണ്. എന്നാൽ ഈ ലോകവും അതിന്റെ മോഹങ്ങളും നീങ്ങിപ്പോകുന്നെന്ന് അപ്പോസ്തലനായ യോഹന്നാൻ നമ്മളെ ഓർമിപ്പിക്കുന്നു. (1 യോഹ. 2:15-17) അതുകൊണ്ട് ആത്മീയനിക്ഷേപങ്ങളോടുള്ള സ്നേഹവും വിലമതിപ്പും ഒരിക്കലും നഷ്ടപ്പെടാതിരിക്കാൻ നമ്മൾ കഠിനശ്രമം ചെയ്യണം. അങ്ങനെ നമ്മൾ അവയെ സംരക്ഷിക്കണം.
20. നിങ്ങളുടെ ആത്മീയനിക്ഷേപങ്ങൾ കാത്തുസൂക്ഷിക്കാൻ നിങ്ങൾ എന്താണു ചെയ്യാൻപോകുന്നത്?
20 ദൈവരാജ്യത്തോടു നിങ്ങൾക്കുള്ള ആത്മാർഥമായ സ്നേഹം നഷ്ടപ്പെടുത്താൻ ഒന്നിനെയും അനുവദിക്കരുത്, അങ്ങനെയുള്ളതെല്ലാം വിട്ടുകളയാൻ സന്നദ്ധരാകുക. ഉത്സാഹത്തോടെ പ്രസംഗിക്കുന്നതിൽ തുടരുക, ജീവരക്ഷാകരമായ ശുശ്രൂഷയോടുള്ള നമ്മുടെ വിലമതിപ്പ് ഒരിക്കലും നഷ്ടപ്പെടുത്തരുത്. ദിവ്യസത്യങ്ങൾക്കുവേണ്ടി ആത്മാർഥമായി അന്വേഷിച്ചുകൊണ്ടിരിക്കുക. ഇങ്ങനെയെല്ലാം ചെയ്യുന്നെങ്കിൽ നിങ്ങൾ ‘സ്വർഗത്തിൽ നിക്ഷേപം സ്വരൂപിക്കുകയായിരിക്കും.’ “അവിടെ കള്ളൻ കയറുകയോ കീടങ്ങൾ നാശം വരുത്തുകയോ ഇല്ലല്ലോ. നിങ്ങളുടെ നിക്ഷേപം എവിടെയാണോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും.”—ലൂക്കോ. 12:33, 34.