ബാഹ്യരൂപംവെച്ച് ഒരാളെ വിലയിരുത്താനാകുമോ?
കാനഡയിലെ യഹോവയുടെ സാക്ഷികളിൽ ഒരാളായ ഡോൺ തെരുവിൽ ജീവിക്കുന്ന ആളുകളോടു സംസാരിക്കാൻ പ്രത്യേകശ്രമം നടത്താറുണ്ട്. അങ്ങനെ കണ്ടുമുട്ടിയ ഒരാളെക്കുറിച്ച് ഡോൺ പറയുന്നു: “വീടില്ലാത്ത ഒരാളായിരുന്നു പീറ്റർ, ഞാൻ കണ്ടിട്ടുള്ളതിലേക്കും വൃത്തിഹീനനായ ഒരു മനുഷ്യൻ! ഇടവഴികളിലാണു പീറ്റർ കഴിഞ്ഞിരുന്നത്. ഒരു പ്രത്യേക പ്രകൃതക്കാരനായതുകൊണ്ട് മറ്റ് ആളുകളുമായൊന്നും വലിയ അടുപ്പമില്ലായിരുന്നു. മാനുഷികപരിഗണനയുടെ പേരിൽ പലരും സഹായിക്കാൻ ശ്രമിച്ചപ്പോഴും പീറ്റർ അതെല്ലാം നിരസിച്ചു.” പക്ഷേ ഡോൺ ആ മനുഷ്യനോടു ദയയോടെ ഇടപെട്ടു; 14 വർഷത്തിലധികം പലപ്പോഴായി അയാളെ സഹായിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
ഒരു ദിവസം പീറ്റർ ഡോണിനോടു ചോദിച്ചു: “നിങ്ങൾ എന്തിനാണ് എന്നെ ശല്യപ്പെടുത്തുന്നത്? മറ്റുള്ളവരെപ്പോലെ നിങ്ങൾക്കും എന്നെ വെറുതേ വിട്ടുകൂടേ?” പീറ്ററിന്റെ ഹൃദയത്തിലെത്താൻ ഡോൺ നയപൂർവം മൂന്നു തിരുവെഴുത്തുകൾ ഉപയോഗിച്ചു. ആദ്യം ഡോൺ, ദൈവത്തിന് ഒരു പേരുള്ള കാര്യം അറിയാമോ എന്നു ചോദിച്ചിട്ട് ബൈബിളിൽനിന്ന് സങ്കീർത്തനം 83:18 വായിക്കാൻ ആവശ്യപ്പെട്ടു. അടുത്തതായി, താൻ പീറ്ററിന്റെ കാര്യത്തിൽ താത്പര്യമെടുക്കുന്നതിന്റെ കാരണം വ്യക്തമാക്കാൻ റോമർ 10:13, 14 വായിച്ചുകേൾപ്പിച്ചു. “യഹോവയുടെ പേര് വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും രക്ഷ കിട്ടും” എന്ന് അവിടെ പറയുന്നതു പീറ്ററിനു കാണിച്ചുകൊടുത്തു. പിന്നെ മത്തായി 9:36 വായിച്ചു. ആ വാക്യം വായിക്കാൻ പീറ്ററിനോടു ആവശ്യപ്പെടുകയും ചെയ്തു. അവിടെ ഇങ്ങനെ പറയുന്നതു പീറ്റർ വായിച്ചു: “ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശുവിന് അലിവ് തോന്നി. കാരണം അവർ ഇടയനില്ലാത്ത ആടുകളെപ്പോലെ അവഗണിക്കപ്പെട്ടവരും മുറിവേറ്റവരും ആയിരുന്നു.” അപ്പോൾ പീറ്ററിന്റെ കണ്ണു നിറഞ്ഞു. പീറ്റർ ചോദിച്ചു: “ആ ആടുകളിൽ ഒരാളാണോ ഞാൻ?”
പതിയെപ്പതിയെ പീറ്റർ മാറ്റങ്ങൾ വരുത്താൻ തുടങ്ങി. പീറ്റർ പതിവായി കുളിക്കാൻ തുടങ്ങി; താടി വൃത്തിയായി വെട്ടിയൊതുക്കി; ഡോൺ കൊടുത്ത വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുകയും ചെയ്തു. പിന്നെയൊരിക്കലും പീറ്റർ പഴയ രീതിയിലേക്കു പോയില്ല.
പീറ്ററിനു ഡയറി എഴുതുന്ന ശീലമുണ്ടായിരുന്നു. അതിന്റെ ആദ്യഭാഗങ്ങൾ നിറയെ വിഷാദത്തിന്റെയും നിരാശയുടെയും വാക്കുകളായിരുന്നു. എന്നാൽ അതിൽനിന്ന് വ്യത്യസ്തമായിരുന്നു പിന്നീട് എഴുതിയ വാക്കുകൾ. ചില വരികൾ ഇങ്ങനെയായിരുന്നു: “ഇന്നു ഞാൻ ദൈവത്തിന്റെ പേര് എന്താണെന്നു പഠിച്ചു. ഇപ്പോൾ ഞാൻ യഹോവയോടാണു പ്രാർഥിക്കുന്നത്. ദൈവത്തിന്റെ പേര് അറിയുകയെന്നതു വലിയൊരു കാര്യമാണ്. എനിക്ക് യഹോവയെ സുഹൃത്താക്കാമെന്നാണു ഡോൺ പറയുന്നത്. എപ്പോൾ വേണമെങ്കിലും ഏതു വിഷയത്തെക്കുറിച്ചും എനിക്കു ദൈവത്തോടു മനസ്സു തുറക്കാൻ കഴിയുമത്രേ.”
കൂടപ്പിറപ്പുകൾക്കായി പീറ്റർ കുറിച്ചിട്ട ഒരു സന്ദേശമായിരുന്നു ആ ഡയറിയിലെ അവസാനവാക്കുകൾ. അത് ഇങ്ങനെയാണ്:
“എനിക്ക് ഇന്നു നല്ല സുഖമില്ല. പ്രായത്തിന്റെ അസ്വസ്ഥതകൾ എന്നെ ശരിക്കും ബാധിച്ചിരിക്കുന്നു. ഇന്ന് എന്റെ അവസാനദിവസമാണോ എന്ന് എനിക്ക് അറിയില്ല. പക്ഷേ ഒരു കാര്യം എനിക്ക് അറിയാം, എന്റെ സുഹൃത്തിനെ (ഡോണിനെ) ഞാൻ പറുദീസയിൽവെച്ച് കാണും. ഈ ഡയറി നിങ്ങൾ വായിക്കുന്നു എന്നതിന്റെ അർഥം ഞാൻ ജീവനോടില്ല എന്നാണ്. എന്റെ ശവസംസ്കാരച്ചടങ്ങിനു നിങ്ങൾക്കു പരിചയമില്ലാത്ത ഒരാൾ എത്തിയാൽ നിങ്ങൾ അയാളുടെ അടുത്ത് ചെന്ന് സംസാരിക്കണം. നീല നിറത്തിലുള്ള ഈ ചെറിയ പുസ്തകം നിങ്ങൾ വായിക്കുകയും വേണം. (വർഷങ്ങൾക്കു മുമ്പ് തനിക്കു കിട്ടിയ “നിത്യജീവനിലേക്കു നയിക്കുന്ന സത്യം” എന്ന ബൈബിൾ പഠനസഹായിയെക്കുറിച്ചാണു പീറ്റർ പറഞ്ഞത്.) a എനിക്ക് എന്റെ സുഹൃത്തിനെ ഇനി പറുദീസയിൽവെച്ച് കാണാമെന്നാണ് ആ പുസ്തകം പറയുന്നത്. അതിനു കഴിയുമെന്നു ഞാൻ ഉറച്ചുവിശ്വസിക്കുന്നു. സ്നേഹത്തോടെ, നിങ്ങളുടെ സഹോദരൻ പീറ്റർ.”
ശവസംസ്കാരച്ചടങ്ങുകൾക്കു ശേഷം പീറ്ററിന്റെ പെങ്ങൾ യൂമി പറഞ്ഞു: “ഏകദേശം രണ്ടു വർഷം മുമ്പ് പീറ്റർ എന്നോടു സംസാരിച്ചു. ആൾ അന്നു വലിയ സന്തോഷത്തിലായിരുന്നു. വർഷങ്ങൾക്കു ശേഷമായിരുന്നു പീറ്ററിനെ അങ്ങനെയൊന്നു കാണുന്നത്. പീറ്റർ പുഞ്ചിരിക്കുകപോലും ചെയ്തു.” യൂമി ഡോണിനോടു പറഞ്ഞു: “ഞാൻ ഈ പുസ്തകം ഉറപ്പായും വായിക്കും. എന്റെ ആങ്ങളയ്ക്ക് അത്രയ്ക്ക് ഇഷ്ടപ്പെട്ട ഒരു പുസ്തകത്തിന് എന്തെങ്കിലും പ്രത്യേകതയുണ്ടായിരിക്കുമെന്ന് ഉറപ്പാണ്.” മറ്റുള്ളവരെ ബൈബിൾ പഠിപ്പിക്കാൻ യഹോവയുടെ സാക്ഷികൾ ഇപ്പോൾ ഉപയോഗിക്കുന്ന ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകം ചർച്ച ചെയ്യാനും യൂമി സമ്മതിച്ചു.
പുറമേ കാണുന്നതിന്റെ അടിസ്ഥാനത്തിൽ ആളുകളെ വിലയിരുത്താതിരിക്കാനുള്ള ഒരു നല്ല പാഠമാണ് ഈ അനുഭവം. എല്ലാ തരം ആളുകളെയും നമ്മൾ ആത്മാർഥമായി സ്നേഹിക്കണം, ക്ഷമയോടെ അവരെ സഹായിക്കണം. (1 തിമൊ. 2:3, 4) അങ്ങനെ ചെയ്യുന്നെങ്കിൽ, മനുഷ്യരുടെ കണ്ണിൽ ആകർഷണീയരല്ലെങ്കിലും പീറ്ററിനെപ്പോലെ ഹൃദയത്തിൽ നന്മയുള്ള ആളുകളെ സത്യത്തിന്റെ പാതയിലേക്കു നയിക്കാൻ നമുക്കു കഴിയും. മനുഷ്യരുടെ ‘ഹൃദയത്തിന് ഉള്ളിലുള്ളതു കാണാൻ’ കഴിയുന്ന യഹോവ, ശരിയായ മനോഭാവമുള്ളവരുടെ ഹൃദയത്തിൽ സത്യം വേരുപിടിക്കാൻ ഇടയാക്കുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാം.—1 ശമു. 16:7; യോഹ. 6:44.
a യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചിരുന്നത്. ഇപ്പോൾ അച്ചടിക്കുന്നില്ല.