യഹോവയുടെ പരമാധികാരത്തെ പിന്തുണയ്ക്കുക!
“ഞങ്ങളുടെ ദൈവമായ യഹോവേ, മഹത്ത്വവും ബഹുമാനവും ശക്തിയും ലഭിക്കാൻ അങ്ങ് യോഗ്യനാണ്. കാരണം അങ്ങാണ് എല്ലാം സൃഷ്ടിച്ചത്.”—വെളി. 4:11.
ഗീതങ്ങൾ: 112, 133
1, 2. ഏതു കാര്യങ്ങൾ സംബന്ധിച്ച് നമുക്കു ബോധ്യമുണ്ടായിരിക്കണം? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
യഹോവയ്ക്കു ഭരിക്കാനുള്ള അർഹതയില്ലെന്നും മനുഷ്യൻതന്നെ മനുഷ്യനെ ഭരിക്കുന്നതാണു നല്ലതെന്നും ഉള്ള സാത്താന്റെ വാദത്തെക്കുറിച്ച് കഴിഞ്ഞ ലേഖനത്തിൽ നമ്മൾ പഠിച്ചു. ആ ആരോപണം ശരിയാണോ? മനുഷ്യഭരണത്തിൻകീഴിൽ എല്ലാവർക്കും മരണമില്ലാത്ത ജീവിതം കിട്ടിയെന്നു സങ്കൽപ്പിക്കുക. ദൈവത്തിന്റെ ഭരണമില്ലാത്ത ആ ജീവിതത്തിൽ എന്തെങ്കിലും സന്തോഷം കാണുമോ? ദൈവത്തിന്റെ നിയന്ത്രണമില്ലാതെ പൂർണമായ സ്വാതന്ത്ര്യത്തോടെ നിത്യം ജീവിക്കാൻ കഴിഞ്ഞാൽ നിങ്ങൾ സന്തുഷ്ടനായിരിക്കുമോ?
2 ഓരോ വ്യക്തിയും സ്വയം ചിന്തിച്ച് ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങളാണ് അവ. അപ്പോൾ യഹോവയുടെ ഭരണമാണു ശരിയെന്നും അതാണ് ഏറ്റവും മികച്ചതെന്നും അതിനെ നമ്മൾ മുഴുഹൃദയത്തോടെ പിന്തുണയ്ക്കേണ്ടതാണെന്നും ബോധ്യമാകും. നമുക്ക് ഇപ്പോൾ, പ്രപഞ്ചത്തെ ഭരിക്കാനുള്ള യഹോവയുടെ അവകാശത്തെക്കുറിച്ചും യഹോവയുടെ ഭരണത്തിന്റെ മേന്മയെക്കുറിച്ചും ബൈബിൾ എന്താണു പറയുന്നതെന്നു നോക്കാം.
ഭരിക്കാനുള്ള അവകാശം യഹോവയ്ക്കാണ്
3. യഹോവയ്ക്കു മാത്രമാണു പരമാധികാരിയായിരിക്കാനുള്ള അവകാശമുള്ളതെന്നു പറയുന്നത് എന്തുകൊണ്ട്?
3 യഹോവ സർവശക്തനായ ദൈവവും സ്രഷ്ടാവും ആണ്. അതുകൊണ്ട് യഹോവയാണ് ഈ പ്രപഞ്ചത്തിന്റെ പരമാധികാരി. (1 ദിന. 29:11; പ്രവൃ. 4:24) ഒരു ദിവ്യദർശനത്തിൽ, യേശുവിന്റെകൂടെ സ്വർഗത്തിൽ ഭരിക്കുന്ന 1,44,000 പേർ ഇങ്ങനെ പറയുന്നതായി നമ്മൾ കാണുന്നു: “ഞങ്ങളുടെ ദൈവമായ യഹോവേ, മഹത്ത്വവും ബഹുമാനവും ശക്തിയും ലഭിക്കാൻ അങ്ങ് യോഗ്യനാണ്. കാരണം അങ്ങാണ് എല്ലാം സൃഷ്ടിച്ചത്; അങ്ങയുടെ ഇഷ്ടപ്രകാരമാണ് എല്ലാം ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും.” (വെളി 4:11) എല്ലാത്തിന്റെയും സ്രഷ്ടാവ് യഹോവയായതുകൊണ്ട് എല്ലാ മനുഷ്യരെയും ആത്മവ്യക്തികളെയും ഭരിക്കാനുള്ള അവകാശം യഹോവയ്ക്കു മാത്രമാണ്.
4. ദൈവത്തിന്റെ പരമാധികാരത്തെ എതിർക്കുന്നത് ഇച്ഛാസ്വാതന്ത്ര്യത്തിന്റെ ദുരുപയോഗമായിരിക്കുന്നത് എന്തുകൊണ്ട്?
4 സാത്താൻ ഒന്നും സൃഷ്ടിച്ചിട്ടില്ല. അതുകൊണ്ടുതന്നെ പ്രപഞ്ചത്തെ ഭരിക്കാനുള്ള അവകാശവും അവനില്ല. യഥാർഥത്തിൽ യഹോവയുടെ അധികാരത്തെ ധിക്കരിച്ചപ്പോൾ അവനും ആദ്യദമ്പതികളും അഹങ്കാരം കാണിക്കുകയായിരുന്നു. (യിരെ. 10:23) ശരിയാണ്, ഇച്ഛാസ്വാതന്ത്ര്യമുള്ളതുകൊണ്ട് അവർക്കു വേണമെങ്കിൽ ദൈവത്തിന്റെ ഭരണത്തെ തള്ളിക്കളയാൻ സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്നുവെച്ച് അവർക്ക് അതിനുള്ള അവകാശമുണ്ടായിരുന്നോ? ഇല്ല. ദൈനംദിനജീവിതത്തിൽ ഉചിതമായ നിരവധി തീരുമാനങ്ങളെടുക്കാൻ ഇച്ഛാസ്വാതന്ത്ര്യം ആളുകളെ സഹായിക്കുന്നു. എങ്കിലും അത് ഒരിക്കലും സ്രഷ്ടാവും ജീവദാതാവും ആയ ദൈവത്തിന് എതിരെ പ്രവർത്തിക്കാനുള്ള അവകാശം നൽകുന്നില്ല. യഹോവയ്ക്കെതിരെ പ്രവർത്തിക്കുന്നവർ ഇച്ഛാസ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുകയാണ്. മനുഷ്യരായ നമുക്ക് യഹോവയുടെ ഭരണവും മാർഗനിർദേശവും ആവശ്യമാണ്.
5. യഹോവയുടെ തീരുമാനങ്ങൾ നീതിയുള്ളതാണെന്ന് ഉറപ്പുണ്ടായിരിക്കാനാകുന്നത് എന്തുകൊണ്ട്?
5 ഭരിക്കാനുള്ള അവകാശം യഹോവയ്ക്കാണെന്നു പറയുന്നതിനു മറ്റൊരു കാരണമുണ്ട്. തന്റെ അധികാരം പൂർണനീതിയോടെയാണു ദൈവം പ്രയോഗിക്കുന്നത്. യഹോവ ഇങ്ങനെ പറയുന്നു: ‘യഹോവ എന്ന ഞാൻ ഭൂമിയിൽ അചഞ്ചലമായ സ്നേഹവും നീതിയും ന്യായവും കാണിക്കുന്ന ദൈവമാണ്. ഈ കാര്യങ്ങളിലാണു ഞാൻ പ്രസാദിക്കുന്നത്.’ (യിരെ. 9:24) അപൂർണരായ മനുഷ്യർ എഴുതിത്തയ്യാറാക്കിയ ഏതെങ്കിലും നിയമസംഹിതയുടെ അടിസ്ഥാനത്തിലല്ല ദൈവം നീതിയും ന്യായവും തീരുമാനിക്കുന്നത്. പകരം, യഹോവതന്നെയാണു നീതിയുടെ നിലവാരങ്ങൾ വെക്കുന്നത്. തന്റെ കുറ്റമറ്റ നീതിബോധത്തിന്റെ അടിസ്ഥാനത്തിൽ യഹോവ മനുഷ്യർക്കു നിയമങ്ങൾ കൊടുക്കുകയും ചെയ്തു. “നീതിയും ന്യായവും (ദൈവത്തിന്റെ) സിംഹാസനത്തിന്റെ അടിസ്ഥാനം” ആയതുകൊണ്ട് യഹോവയുടെ എല്ലാ നിയമങ്ങളും തത്ത്വങ്ങളും തീരുമാനങ്ങളും നീതിയുള്ളതാണെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാം. (സങ്കീ. 89:14; 119:128) എന്നാൽ സാത്താന്റെ കാര്യമൊന്നു ചിന്തിക്കുക. യഹോവയുടെ ഭരണം കൊള്ളില്ലെന്ന് അവൻ വാദിച്ചു. പക്ഷേ ഈ ലോകത്തിൽ ഇതുവരെ നീതി കൊണ്ടുവരാൻ അവനു കഴിഞ്ഞിട്ടുണ്ടോ?
6. യഹോവയ്ക്കാണു ലോകത്തെ ഭരിക്കാനുള്ള അവകാശമെന്നു പറയാനുള്ള ഒരു കാരണം എന്ത്?
6 യഹോവയ്ക്കാണു ഭരിക്കാനുള്ള അവകാശമെന്നു പറയുന്നതിന്റെ വേറൊരു കാരണം, പ്രപഞ്ചത്തെ പരിപാലിക്കാനുള്ള അറിവും ജ്ഞാനവും യഹോവയ്ക്കുണ്ട് എന്നതാണ്. ഉദാഹരണത്തിന്, ഡോക്ടർമാർപോലും കൈയൊഴിഞ്ഞ ആളുകളുടെ രോഗങ്ങൾ സുഖപ്പെടുത്താനുള്ള കഴിവ് ദൈവം തന്റെ മകനു കൊടുത്തു. (മത്താ. 4:23, 24; മർക്കോ. 5:25-29) നമുക്ക് ആ സംഭവങ്ങൾ ഒരു അത്ഭുതമായി തോന്നിയേക്കാമെങ്കിലും യഹോവയ്ക്ക് അതൊന്നും ഒരു അത്ഭുതമല്ല. കാരണം ശരീരം എങ്ങനെയാണു പ്രവർത്തിക്കുന്നതെന്നും ഒരു രോഗമുണ്ടായാൽ അത് എങ്ങനെ സുഖപ്പെടുത്തണമെന്നും യഹോവയ്ക്ക് അറിയാം. അതുപോലെതന്നെ, മരിച്ചവരെ ഉയിർപ്പിക്കുന്നതും പ്രകൃതിവിപത്തുകൾ തടയുന്നതും ഒന്നും യഹോവയ്ക്ക് അസാധ്യമല്ല.
7. സാത്താന്റെ അധികാരത്തിലുള്ള ഈ ലോകത്തിന്റെ ജ്ഞാനത്തെക്കാൾ യഹോവയുടെ ജ്ഞാനം ഉന്നതമായിരിക്കുന്നത് എന്തുകൊണ്ട്?
7 ദേശീയവും അന്തർദേശീയവും ആയ ഭിന്നതകൾ എങ്ങനെ പരിഹരിക്കാം എന്നതിനെക്കുറിച്ച് സാത്താന്റെ കീഴിലുള്ള ഈ ലോകത്തിലെ ആളുകൾക്ക് ഇപ്പോഴും ഒരു എത്തും പിടിയും ഇല്ല. ലോകസമാധാനം കൊണ്ടുവരാനുള്ള ജ്ഞാനം യഹോവയ്ക്കു മാത്രമേ ഉള്ളൂ. (യശ. 2:3, 4; 54:13) അപ്പോസ്തലനായ പൗലോസ് ഇങ്ങനെ എഴുതി: “ഹോ, ദൈവത്തിന്റെ ധനവും ജ്ഞാനവും അറിവും എത്ര അപാരം! ദൈവത്തിന്റെ വിധികൾ പരിശോധിച്ചറിയുക തികച്ചും അസാധ്യം! ദൈവത്തിന്റെ വഴികൾ ഒരിക്കലും അന്വേഷിച്ച് കണ്ടുപിടിക്കാൻ പറ്റാത്തവ!” യഹോവയുടെ അറിവിനെയും ജ്ഞാനത്തെയും കുറിച്ച് പഠിക്കുമ്പോൾ നമുക്കും അങ്ങനെതന്നെ തോന്നും.—റോമ. 11:33.
യഹോവയുടെ ഭരണമാണ് ഏറ്റവും മികച്ചത്
8. യഹോവ ഭരിക്കുന്ന വിധത്തെക്കുറിച്ച് നിങ്ങൾക്ക് എന്താണു തോന്നുന്നത്?
8 നമ്മൾ കണ്ടതുപോലെ, യഹോവയ്ക്കാണു ഭരിക്കാനുള്ള അവകാശമുള്ളതെന്നു ബൈബിൾ പറയുന്നു. എന്നാൽ അതു മാത്രമല്ല, യഹോവയുടെ ഭരണം മറ്റെല്ലാ ഭരണങ്ങളെക്കാളും മികച്ചതാണെന്നും ബൈബിൾ വ്യക്തമാക്കുന്നുണ്ട്. അങ്ങനെ പറയാനുള്ള ഒരു കാരണം, യഹോവ സ്നേഹത്തോടെയാണു ഭരിക്കുന്നത് എന്നതാണ്. യഹോവ “കരുണയും അനുകമ്പയും ഉള്ള ദൈവം, പെട്ടെന്നു കോപിക്കാത്തവൻ, അചഞ്ചലസ്നേഹവും സത്യവും നിറഞ്ഞവൻ” എന്നാണ് യഹോവയെക്കുറിച്ച് ബൈബിൾ പറയുന്നത്. (പുറ. 34:6) ഈ ഗുണങ്ങളൊക്കെയുള്ള ഒരു ഭരണാധികാരിയാണ് യഹോവയെന്നു ചിന്തിക്കുമ്പോൾ നമുക്ക് യഹോവയോടു കൂടുതൽ അടുപ്പം തോന്നുന്നില്ലേ? ഭൂമിയിലുള്ള തന്റെ ദാസരോട് യഹോവ ആദരവോടെയാണ് ഇടപെടുന്നത്. യഹോവ നമ്മളെ ഇപ്പോൾ പരിപാലിക്കുന്നത്രയും നന്നായി നമുക്കുവേണ്ടി കരുതാൻ നമുക്കുപോലുമാകില്ല. സാത്താൻ പറഞ്ഞതുപോലെ, വിശ്വസ്തരായ ആരാധകരിൽനിന്ന് നല്ലതു പിടിച്ചുവെക്കുന്ന ഒരു ദൈവമല്ല യഹോവ. അങ്ങനെയായിരുന്നെങ്കിൽ നമുക്കു നിത്യം ജീവിക്കാൻ കഴിയേണ്ടതിന് യഹോവ ഒരിക്കലും തന്റെ പ്രിയപ്പെട്ട മകനെ തരില്ലായിരുന്നു.—സങ്കീർത്തനം 84:11; റോമർ 8:32 വായിക്കുക.
9. യഹോവയ്ക്ക് ഓരോ വ്യക്തിയുടെയും കാര്യത്തിൽ താത്പര്യമുണ്ടെന്നു നമുക്ക് എങ്ങനെ അറിയാം?
9 തന്റെ ജനത്തെ ഒരു കൂട്ടമെന്ന നിലയിൽ മാത്രമല്ല ദൈവം സ്നേഹിക്കുന്നത്. ദൈവത്തിന് ഓരോ വ്യക്തിയുടെയും കാര്യത്തിൽ അതീവതാത്പര്യമുണ്ട്. അതു മനസ്സിലാക്കാൻ നമുക്കു ന്യായാധിപന്മാരുടെ കാലത്തേക്ക് ഒന്നു പോകാം. 300-ഓളം വർഷക്കാലം ദൈവം തന്റെ ജനത്തെ ന്യായാധിപന്മാരിലൂടെ നയിക്കുകയും അവരിലൂടെ അവരെ ശത്രുക്കളിൽനിന്ന് വിടുവിക്കുകയും ചെയ്തുകൊണ്ടിരുന്നു. എന്നാൽ പ്രക്ഷുബ്ധമായ ആ സമയത്തും യഹോവ വ്യക്തികളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അതിൽ ഒരാളായിരുന്നു രൂത്ത്. ഒരു ഇസ്രായേല്യസ്ത്രീയല്ലായിരുന്ന രൂത്ത് പല ത്യാഗങ്ങളും ചെയ്താണ് യഹോവയുടെ ഒരു ആരാധികയായിത്തീർന്നത്. ഒരു ഭർത്താവിനെയും മകനെയും കൊടുത്തുകൊണ്ട് യഹോവ രൂത്തിനെ അനുഗ്രഹിച്ചു. എന്നാൽ അനുഗ്രഹങ്ങൾ അവിടംകൊണ്ട് അവസാനിച്ചില്ല. രൂത്ത് പുനരുത്ഥാനപ്പെട്ടുവരുമ്പോൾ, മിശിഹയുടെ വംശാവലിയിലെ ഒരു കണ്ണിയായിരുന്നു തന്റെ മകൻ എന്നു മനസ്സിലാക്കും. ഇനി, തന്റെ പേരിലുള്ള ഒരു ബൈബിൾപുസ്തകത്തിൽ തന്റെ ജീവിതകഥ എഴുതിസൂക്ഷിച്ചതായി അറിയുമ്പോൾ രൂത്ത് എത്രമാത്രം സന്തോഷിക്കുമെന്നു ചിന്തിച്ചുനോക്കുക!—രൂത്ത് 4:13; മത്താ. 1:5, 16.
10. യഹോവ അടിച്ചമർത്തി ഭരിക്കുന്ന ഒരാളല്ലെന്നു പറയാനാകുന്നത് എന്തുകൊണ്ട്?
10 യഹോവ അടിച്ചമർത്തി ഭരിക്കുന്ന ഒരാളല്ല. ദൈവത്തിന്റെ ഭരണത്തിനു കീഴ്പെടുന്നവർക്കു സ്വാതന്ത്ര്യമാണു തോന്നുന്നത്, അവർ സന്തോഷമുള്ളവരുമാണ്. (2 കൊരി. 3:17) ദാവീദ് അതെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “തിരുസന്നിധി മഹത്ത്വവും തേജസ്സും കൊണ്ട് ശോഭിക്കുന്നു; ദൈവത്തിന്റെ വാസസ്ഥലത്ത് ബലവും ആനന്ദവും ഉണ്ട്.” (1 ദിന. 16:7, 27) അതുപോലെ, സങ്കീർത്തനക്കാരനായ ഏഥാൻ ഇങ്ങനെ എഴുതി: “ആഹ്ലാദാരവങ്ങളോടെ അങ്ങയെ സ്തുതിക്കുന്നവർ സന്തുഷ്ടർ. യഹോവേ, അവർ അങ്ങയുടെ മുഖത്തിന്റെ പ്രകാശത്തിൽ നടക്കുന്നു. ദിവസം മുഴുവൻ അവർ അങ്ങയുടെ നാമത്തിൽ ആനന്ദിക്കുന്നു; അങ്ങയുടെ നീതിയാൽ അവർക്ക് ഉന്നമനമുണ്ടായിരിക്കുന്നു.”—സങ്കീ. 89:15, 16.
11. യഹോവയുടെ ഭരണമാണ് ഏറ്റവും നല്ലതെന്നുള്ള ബോധ്യം നമുക്ക് എങ്ങനെ ശക്തമാക്കാം?
11 യഹോവയുടെ ഭരണമാണ് ഏറ്റവും നല്ലതെന്ന നമ്മുടെ ബോധ്യം ശക്തമാക്കാൻ ഒരു വഴിയുണ്ട്: യഹോവയുടെ നന്മയെക്കുറിച്ച് കൂടെക്കൂടെ ചിന്തിക്കുക. എങ്കിൽ, “തിരുമുറ്റത്തെ ഒരു ദിവസം വേറെ ആയിരം ദിവസത്തെക്കാൾ ഉത്തമം!” എന്നു പറഞ്ഞ സങ്കീർത്തനക്കാരനെപ്പോലെ നമുക്കും തോന്നും. (സങ്കീ. 84:10) അതിൽ ഒട്ടും അതിശയോക്തിയില്ല. കാരണം നമ്മളെ രൂപകല്പന ചെയ്തതും സൃഷ്ടിച്ചതും യഹോവയായതുകൊണ്ട് നമുക്കു സന്തോഷം തരുന്നത് എന്താണെന്ന് യഹോവയ്ക്ക് അറിയാം. യഹോവ അത്തരം ആവശ്യങ്ങൾ സമൃദ്ധമായി നിറവേറ്റുകയും ചെയ്യുന്നു. യഹോവ ആവശ്യപ്പെടുന്ന ചില കാര്യങ്ങൾ ചെയ്യാൻ നമ്മുടെ ഭാഗത്ത് ത്യാഗങ്ങൾ വേണ്ടിവന്നേക്കാം എന്നതു ശരിയാണ്. എന്നാൽ യഹോവ എന്ത് ആവശ്യപ്പെട്ടാലും അതു നമ്മുടെ പ്രയോജനത്തിനുവേണ്ടിയാണെന്ന് ഓർക്കുക. ആത്യന്തികമായി അതു നമുക്കു സന്തോഷം തരും.—യശയ്യ 48:17 വായിക്കുക.
12. നമ്മൾ യഹോവയുടെ പരമാധികാരത്തെ പിന്തുണയ്ക്കാനുള്ള പ്രധാനകാരണം എന്താണ്?
12 ക്രിസ്തുവിന്റെ ആയിരംവർഷവാഴ്ചയ്ക്കു ശേഷം ചിലയാളുകൾ യഹോവയുടെ പരമാധികാരത്തെ ധിക്കരിക്കുമെന്നു ബൈബിൾ സൂചിപ്പിക്കുന്നുണ്ട്. (വെളി. 20:7, 8) അതിന് അവരെ പ്രേരിപ്പിക്കുന്നത് എന്തായിരിക്കും? ആ സമയത്ത് ബന്ധനത്തിൽനിന്ന് മോചിതനാകുന്ന സാത്താൻ, യഹോവയെ അനുസരിക്കാതെ എന്നേക്കും ജീവിക്കാൻ കഴിയുമെന്ന് ആളുകളെ ബോധ്യപ്പെടുത്താൻ ഒരിക്കൽക്കൂടെ ശ്രമിച്ചേക്കാം. എന്നാൽ അത് ഒരു വലിയ നുണയായിരിക്കും. എങ്കിൽ ചോദ്യം ഇതാണ്: അങ്ങനെയൊരു നുണ കേട്ടാൽ നമ്മൾ അതു വിശ്വസിക്കുമോ? നമുക്കു ശരിക്കും യഹോവയോടു സ്നേഹമുണ്ടെങ്കിൽ, യഹോവയുടെ നന്മയോടു വിലമതിപ്പുണ്ടെങ്കിൽ, പ്രപഞ്ചത്തെ ഭരിക്കാനുള്ള അവകാശം യഹോവയ്ക്കാണെന്നു ബോധ്യമുണ്ടെങ്കിൽ സാത്താന്റെ ആ വാദം നമുക്ക് അസഹ്യമായി തോന്നും. യഹോവയുടെ സ്നേഹം നിറഞ്ഞ ഭരണമല്ലാതെ മറ്റൊരു ഭരണവും നമുക്കു സ്വീകാര്യമായിരിക്കില്ല.
യഹോവയുടെ പരമാധികാരത്തെ വിശ്വസ്തമായി പിന്തുണയ്ക്കുക
13. ദൈവത്തിന്റെ പരമാധികാരത്തെ പിന്തുണയ്ക്കുന്നെന്നു നമുക്ക് എങ്ങനെ തെളിയിക്കാം?
13 നമ്മൾ മനസ്സിലാക്കിയതുപോലെ യഹോവയ്ക്കാണു ഭരിക്കാനുള്ള അവകാശമുള്ളത്, യഹോവയുടെ ഭരണമാണ് ഏറ്റവും മികച്ചത്. അതുകൊണ്ട് തീർച്ചയായും നമ്മൾ യഹോവയുടെ പരമാധികാരത്തെ മുഴുഹൃദയത്തോടെ പിന്തുണയ്ക്കണം. നമുക്ക് അത് എങ്ങനെ ചെയ്യാം? വിശ്വസ്തമായി ദൈവത്തെ സേവിക്കുന്നതാണ് ഒരു വഴി. മറ്റ് എന്തെങ്കിലും വഴികളുണ്ടോ? യഹോവയെ അനുകരിച്ചുകൊണ്ടും നമുക്ക് അതു ചെയ്യാം. യഹോവ ചെയ്യുന്നതുപോലെ കാര്യങ്ങൾ ചെയ്യുമ്പോൾ നമ്മൾ യഹോവ ഭരിക്കുന്ന വിധത്തെ ഇഷ്ടപ്പെടുന്നെന്നും പിന്തുണയ്ക്കുന്നെന്നും തെളിയിക്കുകയാണ്.—എഫെസ്യർ 5:1, 2 വായിക്കുക.
14. മൂപ്പന്മാർക്കും കുടുംബനാഥന്മാർക്കും യഹോവയെ എങ്ങനെ അനുകരിക്കാം?
14 യഹോവ എപ്പോഴും തന്റെ അധികാരം ഉപയോഗിക്കുന്നതു സ്നേഹത്തോടെയാണെന്നു ബൈബിൾ പഠിക്കുമ്പോൾ മനസ്സിലാകും. യഹോവയുടെ പരമാധികാരത്തെ സ്നേഹിക്കുന്ന കുടുംബനാഥന്മാരും മൂപ്പന്മാരും യഹോവയുടെ ഈ രീതി മാതൃകയാക്കുന്നു. അവർ ഒരിക്കലും കടുംപിടുത്തക്കാരോ മറ്റുള്ളവരെ അടക്കിഭരിക്കുന്നവരോ ആയിരിക്കില്ല. പകരം അവർ യഹോവയെ അനുകരിക്കും. ഈ വിധത്തിൽ ദൈവത്തെയും പുത്രനെയും അനുകരിച്ചയാളാണു പൗലോസ്. (1 കൊരി. 11:1) പൗലോസ് മറ്റുള്ളവരുടെ മേൽ അനാവശ്യനിയന്ത്രണങ്ങൾ വെക്കുകയോ അവർ തന്റെ വഴിക്കു വരണമെന്നു ശഠിക്കുകയോ ചെയ്തില്ല. പകരം ശരിയായ കാര്യങ്ങൾ ചെയ്യാൻ അവരെ ദയയോടെ പ്രചോദിപ്പിക്കുകയാണു ചെയ്തത്. (റോമ. 12:1; എഫെ. 4:1; ഫിലേ. 8-10) അതാണ് യഹോവയുടെ രീതി. യഹോവയുടെ ഭരണത്തെ ഇഷ്ടപ്പെടുകയും പിന്തുണയ്ക്കുകയും ചെയ്യുന്നവരുടെ രീതിയും അതായിരിക്കണം.
15. അധികാരസ്ഥാനങ്ങളിലുള്ളവരെ ആദരിച്ചുകൊണ്ട് നമുക്ക് എങ്ങനെ യഹോവയുടെ പരമാധികാരത്തെ പിന്തുണയ്ക്കാം?
15 യഹോവ അധികാരസ്ഥാനങ്ങളിലാക്കിയവരെ ആദരിച്ചുകൊണ്ടും അവരോടു സഹകരിച്ചുകൊണ്ടും യഹോവയുടെ പരമാധികാരത്തെ പിന്തുണയ്ക്കുന്നെന്നു നമുക്കു കാണിക്കാം. ചിലപ്പോൾ ഒരു തീരുമാനം നമുക്കു പൂർണമായി മനസ്സിലാകുന്നില്ലായിരിക്കാം, അല്ലെങ്കിൽ അതിനോടു യോജിക്കാൻ കഴിഞ്ഞെന്നു വരില്ല. അപ്പോൾപ്പോലും നമ്മൾ ദിവ്യാധിപത്യക്രമീകരണങ്ങളെ പിന്തുണയ്ക്കണം. ഈ ലോകത്തിന്റെ രീതി അതല്ലെങ്കിലും യഹോവയെ ഭരണാധികാരിയായി കാണുന്നവരുടെ ജീവിതരീതി അതാണ്. (എഫെ. 5:22, 23; 6:1-3; എബ്രാ. 13:17) അതു തീർച്ചയായും നമുക്കു പ്രയോജനം ചെയ്യും. കാരണം നമുക്കു നന്മ വരണമെന്നാണ് യഹോവയുടെ ആഗ്രഹം.
16. ദൈവത്തിന്റെ പരമാധികാരത്തെ പിന്തുണയ്ക്കുന്നവർ എങ്ങനെയാണു തീരുമാനങ്ങൾ എടുക്കുന്നത്?
16 നമ്മൾ എടുക്കുന്ന തീരുമാനങ്ങൾകൊണ്ടും ദൈവത്തിന്റെ പരമാധികാരത്തെ പിന്തുണയ്ക്കുന്നെന്നു നമുക്കു കാണിക്കാനാകും. ഓരോ സാഹചര്യത്തിലും എന്തു ചെയ്യണമെന്നുള്ള കല്പനകൾ തരുന്നതല്ല യഹോവയുടെ രീതി. പകരം താൻ ചിന്തിക്കുന്ന വിധം യഹോവ നമുക്കു വെളിപ്പെടുത്തിത്തരുന്നു. ഉദാഹരണത്തിന്, വസ്ത്രധാരണത്തിന്റെ കാര്യം. ക്രിസ്ത്യാനികൾ ഏതെല്ലാം വസ്ത്രങ്ങളാണു ധരിക്കേണ്ടതെന്ന വിശദമായ പട്ടികയൊന്നും ദൈവം തന്നിട്ടില്ല. പകരം ഇക്കാര്യത്തിൽ താൻ ആഗ്രഹിക്കുന്നത് എന്താണെന്നു ദൈവം വെളിപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ വസ്ത്രധാരണവും ചമയവും മാന്യമായിരിക്കണമെന്നും ക്രിസ്തീയശുശ്രൂഷകർക്കു ചേരുന്നതായിരിക്കണമെന്നും യഹോവ പറയുന്നു. (1 തിമൊ. 2:9, 10) കൂടാതെ, നമ്മുടെ അത്തരം തീരുമാനങ്ങൾ മറ്റുള്ളവരെ എങ്ങനെ ബാധിക്കുമെന്നു നമ്മൾ ചിന്തിക്കാനും ദൈവം ആഗ്രഹിക്കുന്നു. (1 കൊരി. 10:31-33) നമ്മുടെ കാലടികളെ നയിക്കാൻ സ്വന്തം താത്പര്യങ്ങൾക്കു പകരം യഹോവയുടെ ചിന്തയെ അനുവദിക്കുന്നെങ്കിൽ യഹോവ ഭരിക്കുന്ന വിധത്തെ സ്നേഹിക്കുന്നെന്നും പിന്തുണയ്ക്കുന്നെന്നും നമ്മൾ കാണിക്കുകയായിരിക്കും.
17, 18. യഹോവയുടെ പരമാധികാരത്തെ പിന്തുണയ്ക്കുന്നെന്നു ദമ്പതികൾക്ക് എങ്ങനെ തെളിയിക്കാം?
17 ക്രിസ്തീയദമ്പതികൾക്ക് യഹോവയുടെ പരമാധികാരത്തെ പിന്തുണയ്ക്കാൻ കഴിയുന്ന ഒരു മേഖലയെക്കുറിച്ച് ഇനി നോക്കാം. വിവാഹജീവിതത്തിലേക്കു കാലെടുത്തുവെക്കുന്ന ഒരു ദമ്പതികളെക്കുറിച്ച് ചിന്തിക്കുക. അവരുടെ ദാമ്പത്യം വിചാരിച്ചതിനെക്കാൾ വെല്ലുവിളികൾ നിറഞ്ഞതാണെങ്കിലോ? ഇനി, അതു നിരാശ മാത്രം സമ്മാനിക്കുന്നെങ്കിലോ? എന്തു ചെയ്യും? അത്തരമൊരു സാഹചര്യത്തിൽ, ഇസ്രായേൽ ജനതയോട് യഹോവ എങ്ങനെയാണ് ഇടപെട്ടതെന്നു ചിന്തിക്കുക. ആ ജനതയുടെ ഭർത്താവിനെപ്പോലെയാണു താനെന്ന് യഹോവ പറഞ്ഞു. (യശ. 54:5; 62:4) എന്നാൽ പ്രശ്നങ്ങൾ നിറഞ്ഞ ഒരു ‘വിവാഹബന്ധമായിരുന്നു’ അത്. പക്ഷേ യഹോവ തിടുക്കത്തിൽ ആ ബന്ധം അവസാനിപ്പിക്കാൻ ശ്രമിച്ചില്ല. യഹോവ പലവട്ടം ആ ജനതയോടു കരുണ കാണിച്ചു, വീണ്ടുംവീണ്ടും അവരോടുള്ള വാക്കുപാലിച്ചു. (സങ്കീർത്തനം 106:43-45 വായിക്കുക.) ആ അചഞ്ചലസ്നേഹത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ നമുക്ക് യഹോവയോട് അടുപ്പം തോന്നുന്നില്ലേ?
18 യഹോവയുടെ വഴികളെ സ്നേഹിക്കുന്ന ദമ്പതികൾ യഹോവയെ അനുകരിക്കും. പ്രശ്നങ്ങളുള്ള ഒരു ദാമ്പത്യം അവസാനിപ്പിക്കാൻ അവർ തിരുവെഴുത്തുവിരുദ്ധമായ വഴികൾ തേടില്ല. യഹോവയാണ് അവരെ കൂട്ടിച്ചേർത്തതെന്നും വിവാഹപ്രതിജ്ഞയെ ഗൗരവത്തോടെ കാണുന്ന അവർ ‘പറ്റിച്ചേർന്നിരിക്കണമെന്നാണ്’ യഹോവ ആഗ്രഹിക്കുന്നതെന്നും അവർ മനസ്സിലാക്കുന്നു. പുനർവിവാഹത്തിനുള്ള സ്വാതന്ത്ര്യത്തോടെ വിവാഹമോചനം നേടാൻ തിരുവെഴുത്തുകൾ അനുവദിക്കുന്ന ഒരേ ഒരു കാരണം ലൈംഗിക അധാർമികതയാണ്. (മത്താ. 19:5, 6, 9) പ്രശ്നങ്ങളുണ്ടെങ്കിലും സന്തോഷം നഷ്ടപ്പെടാതെ, വിവാഹബന്ധം ഒരു വിജയമാക്കാൻ ശ്രമിക്കുന്ന ദമ്പതികൾ യഹോവയുടെ ഭരണത്തെ പിന്തുണയ്ക്കുകയാണ്.
19. ദൈവത്തിന്റെ പരമാധികാരത്തെ പിന്തുണയ്ക്കുന്നതിൽ പരാജയപ്പെട്ടാൽ നമ്മൾ എന്തു ചെയ്യണം?
19 അപൂർണരായതുകൊണ്ട് ഇടയ്ക്കെല്ലാം യഹോവയെ നിരാശപ്പെടുത്തുന്ന കാര്യങ്ങൾ നമ്മൾ ചെയ്തേക്കാം. യഹോവയ്ക്ക് ഇത് അറിയാം. അതുകൊണ്ടാണ്, ക്രിസ്തുവിന്റെ മോചനവിലയിലൂടെ യഹോവ സ്നേഹപൂർവം നമുക്കായി കരുതിയിരിക്കുന്നത്. അതുകൊണ്ട്, എന്തെങ്കിലും തെറ്റു പറ്റിയാൽ നമ്മൾ ക്ഷമയ്ക്കായി യഹോവയോടു പ്രാർഥിക്കണം. (1 യോഹ. 2:1, 2) എപ്പോഴും നമ്മുടെ തെറ്റിനെക്കുറിച്ച് ഓർത്ത് പരിതപിക്കുന്നതിനു പകരം ആ തെറ്റിൽനിന്ന് പാഠം പഠിക്കാൻ ശ്രമിക്കുക. യഹോവയോട് അടുത്തുനിൽക്കുന്നെങ്കിൽ യഹോവ നമ്മളോടു ക്ഷമിക്കും. ഒപ്പം നമ്മുടെ മനസ്സിന്റെ വേദനകൾ മറക്കാനും ഭാവിയിൽ സമാനമായ സാഹചര്യങ്ങൾ വിജയകരമായി കൈകാര്യം ചെയ്യാനും സഹായിക്കും.—സങ്കീ. 103:3.
20. ഇന്നു നമ്മൾ യഹോവയുടെ പരമാധികാരത്തെ പിന്തുണയ്ക്കുന്നെന്നു തെളിയിക്കേണ്ടത് എന്തുകൊണ്ട്?
20 പുതിയലോകത്തിൽ എല്ലാവരും യഹോവയുടെ പരമാധികാരത്തിൻകീഴിലായിരിക്കും. എല്ലാവരും അന്ന് യഹോവയുടെ നീതിയുള്ള വഴികൾ പഠിക്കും. (യശ. 11:9) എന്നാൽ നമുക്ക് ഇപ്പോൾത്തന്നെ ഒരളവിൽ അത്തരത്തിലുള്ള വിദ്യാഭ്യാസം ലഭിക്കുന്നുണ്ട്. യഹോവയുടെ പരമാധികാരവുമായി ബന്ധപ്പെട്ട വിവാദവിഷയത്തിന് ഒരു തീർപ്പാകാറായി. അതുകൊണ്ട്, യഹോവയെ അനുസരിച്ചുകൊണ്ടും യഹോവയെ വിശ്വസ്തമായി സേവിച്ചുകൊണ്ടും നമ്മുടെ കഴിവിന്റെ പരമാവധി യഹോവയെ അനുകരിച്ചുകൊണ്ടും ദൈവത്തിന്റെ പരമാധികാരത്തെ പിന്തുണയ്ക്കുന്നെന്നു കാണിക്കാനുള്ള സമയം ഇപ്പോഴാണ്!