വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബഹുമാ​നം കൊടു​ക്കേ​ണ്ട​വർക്കു ബഹുമാ​നം കൊടു​ക്കുക

ബഹുമാ​നം കൊടു​ക്കേ​ണ്ട​വർക്കു ബഹുമാ​നം കൊടു​ക്കുക

“സിംഹാ​സ​ന​ത്തിൽ ഇരിക്കു​ന്ന​വ​നും കുഞ്ഞാ​ടി​നും എന്നു​മെ​ന്നേ​ക്കും സ്‌തു​തി​യും ബഹുമാ​ന​വും മഹത്ത്വ​വും ബലവും ലഭിക്കട്ടെ.”—വെളി. 5:13.

ഗീതം: 9, 108

1. ചിലർ ബഹുമാ​ന​ത്തി​നു യോഗ്യ​രാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌, നമ്മൾ എന്താണു പഠിക്കാൻപോ​കു​ന്നത്‌?

 ഒരു വ്യക്തിയെ ബഹുമാ​നി​ക്കുക എന്നാൽ ആ വ്യക്തിക്കു പ്രത്യേ​ക​ശ്രദ്ധ നൽകി മതി​പ്പോ​ടെ കാണുക എന്നാണ്‌ അർഥം. ന്യായ​മാ​യും അങ്ങനെ​യൊ​രു വ്യക്തി ബഹുമാ​ന​ത്തിന്‌ അർഹമായ എന്തെങ്കി​ലും ചെയ്‌തി​ട്ടു​ണ്ടാ​കും, അല്ലെങ്കിൽ ആ വ്യക്തി ഒരു ഉന്നതസ്ഥാ​നത്ത്‌ ഇരിക്കു​ന്ന​യാ​ളാ​യി​രി​ക്കും. അതു​കൊണ്ട്‌ ഈ ചോദ്യ​ങ്ങൾ പ്രധാ​ന​മാണ്‌: ആരെ​യെ​ല്ലാ​മാ​ണു നമ്മൾ ബഹുമാ​നി​ക്കേ​ണ്ടത്‌, അവർ ബഹുമാ​നം അർഹി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

2, 3. (എ) യഹോവ പ്രത്യേ​ക​ബ​ഹു​മാ​ന​ത്തി​നു യോഗ്യ​നാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.) (ബി) വെളി​പാട്‌ 5:13-ൽ പറഞ്ഞി​രി​ക്കുന്ന കുഞ്ഞാട്‌ ആരാണ്‌, അദ്ദേഹ​വും ബഹുമാ​ന​ത്തി​നു യോഗ്യ​നാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

2 ‘സിംഹാ​സ​ന​ത്തിൽ ഇരിക്കു​ന്ന​വ​നും കുഞ്ഞാ​ടും’ നമ്മുടെ ബഹുമാ​നം അർഹി​ക്കു​ന്നെന്നു വെളി​പാട്‌ 5:13 പറയുന്നു. ‘സിംഹാ​സ​ന​ത്തിൽ ഇരിക്കു​ന്ന​വ​നായ’ യഹോവ ബഹുമാ​ന​ത്തി​നു യോഗ്യ​നാ​യി​രി​ക്കു​ന്ന​തി​ന്റെ ഒരു കാരണം അതേ ബൈബിൾപു​സ്‌ത​ക​ത്തി​ന്റെ 4-ാം അധ്യാ​യ​ത്തിൽ കാണാം. സ്വർഗ​ത്തി​ലെ ഉന്നതസൃ​ഷ്ടി​ക​ളായ ആത്മവ്യ​ക്തി​കൾ ‘എന്നു​മെ​ന്നേ​ക്കും ജീവി​ക്കു​ന്ന​വ​നായ’ യഹോ​വയെ ഉച്ചത്തിൽ ഇങ്ങനെ സ്‌തു​തി​ക്കു​ന്നു: “ഞങ്ങളുടെ ദൈവ​മായ യഹോവേ, മഹത്ത്വ​വും ബഹുമാ​ന​വും ശക്തിയും ലഭിക്കാൻ അങ്ങ്‌ യോഗ്യ​നാണ്‌. കാരണം അങ്ങാണ്‌ എല്ലാം സൃഷ്ടി​ച്ചത്‌; അങ്ങയുടെ ഇഷ്ടപ്ര​കാ​ര​മാണ്‌ എല്ലാം ഉണ്ടായ​തും സൃഷ്ടി​ക്ക​പ്പെ​ട്ട​തും.”—വെളി. 4:9-11.

3 യേശു​ക്രി​സ്‌തു​വാ​ണു കുഞ്ഞാട്‌, “ലോക​ത്തി​ന്റെ പാപം നീക്കി​ക്ക​ള​യുന്ന ദൈവ​ത്തി​ന്റെ കുഞ്ഞാട്‌.” (യോഹ. 1:29) ഇപ്പോൾ ഭരിക്കു​ന്ന​തോ മുമ്പ്‌ ഭരിച്ചി​ട്ടു​ള്ള​തോ ആയ ഏതൊരു രാജാ​വി​നെ​ക്കാ​ളും വളരെ ഉന്നതനാ​ണു യേശു​ക്രി​സ്‌തു. ബൈബിൾ പറയുന്നു: “അദ്ദേഹം രാജാ​ക്ക​ന്മാ​രു​ടെ രാജാ​വും കർത്താ​ക്ക​ന്മാ​രു​ടെ കർത്താ​വും അമർത്യ​ത​യുള്ള ഒരേ ഒരുവ​നും അടുക്കാൻ പറ്റാത്ത വെളി​ച്ച​ത്തിൽ കഴിയു​ന്ന​വ​നും മനുഷ്യർ ആരും കാണാ​ത്ത​വ​നും അവർക്ക്‌ ആർക്കും കാണാൻ കഴിയാ​ത്ത​വ​നും ആണല്ലോ.” (1 തിമൊ. 6:14-16) നമ്മുടെ പാപങ്ങൾക്കു മോച​ന​വി​ല​യാ​യി സ്വന്തം ജീവൻ ബലി കൊടുത്ത മറ്റ്‌ ഏതു രാജാ​വാ​ണു​ള്ളത്‌! കോടി​ക്ക​ണ​ക്കി​നു സ്വർഗീ​യ​സൃ​ഷ്ടി​ക​ളെ​പ്പോ​ലെ ഇങ്ങനെ സ്‌തു​തി​ച്ചു​പ​റ​യാൻ നിങ്ങൾക്കും തോന്നു​ന്നി​ല്ലേ: “അറുക്ക​പ്പെട്ട കുഞ്ഞാടു ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാ​ന​വും മഹത്ത്വ​വും സ്‌തു​തി​യും ലഭിക്കാൻ യോഗ്യൻ.”—വെളി. 5:12.

4. യഹോ​വ​യെ​യും ക്രിസ്‌തു​വി​നെ​യും ബഹുമാ​നി​ക്കു​ന്നതു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

4 നിത്യ​ജീ​വൻ ലഭിക്ക​ണ​മെ​ങ്കിൽ യഹോ​വ​യെ​യും ക്രിസ്‌തു​വി​നെ​യും നമ്മൾ ബഹുമാ​നി​ക്കണം. യോഹ​ന്നാൻ 5:22, 23-ലെ യേശു​വി​ന്റെ വാക്കുകൾ അതു വ്യക്തമാ​ക്കു​ന്നു: “പിതാവ്‌ ആരെയും വിധി​ക്കു​ന്നില്ല. വിധി​ക്കാ​നുള്ള ഉത്തരവാ​ദി​ത്വം മുഴുവൻ പുത്രനെ ഏൽപ്പി​ച്ചി​രി​ക്കു​ന്നു. എല്ലാവ​രും പിതാ​വി​നെ ബഹുമാ​നി​ക്കു​ന്ന​തു​പോ​ലെ പുത്ര​നെ​യും ബഹുമാ​നി​ക്കേ​ണ്ട​തി​നാ​ണു പിതാവ്‌ അങ്ങനെ ചെയ്‌തത്‌. പുത്രനെ ബഹുമാ​നി​ക്കാ​ത്തവൻ അവനെ അയച്ച പിതാ​വി​നെ​യും ബഹുമാ​നി​ക്കു​ന്നില്ല.”—സങ്കീർത്തനം 2:11, 12 വായി​ക്കുക.

5. എല്ലാ ആളുക​ളെ​യും നമ്മൾ ഒരളവു​വരെ ബഹുമാ​നി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

5 ‘ദൈവം സ്വന്തം ഛായയി​ലാ​ണു’ മനുഷ്യ​നെ സൃഷ്ടി​ച്ചത്‌. (ഉൽപ. 1:27) അതു​കൊണ്ട്‌ വ്യത്യ​സ്‌ത​തോ​തു​ക​ളി​ലാ​ണെ​ങ്കി​ലും, ഭൂരി​പക്ഷം ആളുക​ളും സ്‌നേ​ഹ​വും ദയയും കരുണ​യും പോലുള്ള ചില ദൈവി​ക​ഗു​ണങ്ങൾ കാണി​ക്കു​ന്നു. കൂടാതെ എല്ലാവർക്കും മനസ്സാക്ഷി എന്നൊരു സമ്മാനം ജന്മസി​ദ്ധ​മാ​യുണ്ട്‌. ഒരു കാര്യം ശരിയാ​ണോ തെറ്റാ​ണോ, ഉചിത​മാ​ണോ അനുചി​ത​മാ​ണോ, സത്യസ​ന്ധ​മാ​ണോ അല്ലയോ എന്നു വിലയി​രു​ത്താൻ മനസ്സാക്ഷി മനുഷ്യ​രെ സഹായി​ക്കു​ന്നു. (റോമ. 2:14, 15) ശുദ്ധി​യും വൃത്തി​യും മനോ​ഹാ​രി​ത​യും ഒക്കെയാ​ണു മിക്ക ആളുകൾക്കും ഇഷ്ടം. അതു​പോ​ലെ, മറ്റുള്ള​വ​രു​മാ​യി സമാധാ​ന​ത്തിൽ ജീവി​ക്കാ​നാ​ണു പൊതു​വേ ആളുകൾ ആഗ്രഹി​ക്കു​ന്നത്‌. അവർ തിരി​ച്ച​റി​ഞ്ഞാ​ലും ഇല്ലെങ്കി​ലും, മനുഷ്യർ ഒരു പരിധി​വരെ യഹോ​വ​യു​ടെ മഹത്ത്വം പ്രതി​ഫ​ലി​പ്പി​ക്കു​ന്നുണ്ട്‌. അതു​കൊണ്ട്‌ എല്ലാ മനുഷ്യ​രും ഒരളവു​വ​രെ​യുള്ള ബഹുമാ​ന​വും ആദരവും അർഹി​ക്കു​ന്നു.—സങ്കീ. 8:5.

ഏത്‌ അളവു​വരെ ബഹുമാ​നി​ക്കണം?

6, 7. മനുഷ്യ​രെ ബഹുമാ​നി​ക്കുന്ന കാര്യ​ത്തിൽ യഹോ​വ​യു​ടെ സാക്ഷികൾ മറ്റുള്ള​വ​രിൽനിന്ന്‌ വ്യത്യ​സ്‌ത​രാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

6 മറ്റു മനുഷ്യ​രെ എങ്ങനെ ബഹുമാ​നി​ക്ക​ണ​മെ​ന്നും അത്‌ എത്ര​ത്തോ​ള​മാ​കാ​മെ​ന്നും നമ്മൾ അറിഞ്ഞി​രി​ക്കണം. സാത്താന്റെ ലോക​ത്തി​ന്റെ മനോ​ഭാ​വങ്ങൾ ഇന്നു ഭൂരി​പക്ഷം മനുഷ്യ​രെ​യും ശക്തമായി സ്വാധീ​നി​ക്കു​ന്നു. അതു​കൊ​ണ്ടാണ്‌ ആളുകൾ ചില സ്‌ത്രീ​പു​രു​ഷ​ന്മാ​രെ ആരാധ​നാ​പാ​ത്ര​ങ്ങ​ളാ​ക്കി അവർക്ക്‌ അർഹി​ക്കു​ന്ന​തി​ല​ധി​കം ബഹുമാ​നം കൊടു​ക്കു​ന്നത്‌. മതനേ​താ​ക്ക​ന്മാ​രെ​യും രാഷ്‌ട്രീ​യ​നേ​താ​ക്ക​ന്മാ​രെ​യും സിനിമാ-സ്‌പോർട്‌സ്‌ താരങ്ങ​ളെ​യും പ്രശസ്‌ത​രായ മറ്റു വ്യക്തി​ക​ളെ​യും ആളുകൾ ഇന്നു ദൈവ​ങ്ങ​ളെ​പ്പോ​ലെ​യാ​ണു കാണു​ന്നത്‌. ചെറു​പ്പ​ക്കാ​രും പ്രായ​മാ​യ​വ​രും അങ്ങനെ​യു​ള്ള​വരെ തങ്ങളുടെ മാതൃ​ക​ക​ളാ​ക്കി അവരുടെ സ്വഭാ​വ​രീ​തി​ക​ളും നടപ്പും സംസാ​ര​വും വസ്‌ത്ര​ധാ​ര​ണ​വും ഒക്കെ അനുക​രി​ക്കാൻ ശ്രമി​ക്കു​ന്നു.

7 എന്നാൽ ആ അളവോ​ളം മനുഷ്യ​രെ ബഹുമാ​നി​ക്കു​ന്നതു ശരിയ​ല്ലെന്നു സത്യ​ക്രി​സ്‌ത്യാ​നി​കൾക്ക്‌ അറിയാം. ഭൂമി​യിൽ ജീവി​ച്ചി​രു​ന്നി​ട്ടു​ള്ള​തിൽ ക്രിസ്‌തു​വാ​ണു പൂർണ​ത​യുള്ള ഒരേ ഒരു മാതൃക. (1 പത്രോ. 2:21) അർഹി​ക്കു​ന്ന​തി​ല​ധി​കം ബഹുമാ​നം നമ്മൾ മനുഷ്യർക്കു കൊടു​ത്താൽ യഹോവ അതിൽ ഒട്ടും പ്രസാ​ദി​ക്കില്ല. ‘എല്ലാവ​രും പാപം ചെയ്‌ത്‌ ദൈവ​തേ​ജ​സ്സി​ല്ലാ​ത്ത​വ​രാ​യി​രി​ക്കു​ന്നു’ എന്ന കാര്യം നമ്മൾ എപ്പോ​ഴും മനസ്സിൽപ്പി​ടി​ക്കണം. (റോമ. 3:23) അതു​കൊണ്ട്‌ ഒരു മനുഷ്യ​നും, ആരാധ​ന​യോ അത്തരത്തി​ലുള്ള ബഹുമാ​ന​മോ അർഹി​ക്കു​ന്നില്ല.

8, 9. (എ) യഹോ​വ​യു​ടെ സാക്ഷികൾ ഗവൺമെന്റ്‌ അധികാ​രി​കളെ എങ്ങനെ​യാ​ണു വീക്ഷി​ക്കു​ന്നത്‌? (ബി) നമുക്ക്‌ ഏത്‌ അളവു​വരെ അധികാ​രി​കളെ പിന്തു​ണ​യ്‌ക്കാം?

8 എന്നാൽ അധികാ​ര​സ്ഥാ​ന​ങ്ങ​ളിൽ ഇരിക്കുന്ന വ്യക്തി​ക​ളു​ടെ കാര്യ​മോ? നിയമം നടപ്പാ​ക്കാ​നും ക്രമസ​മാ​ധാ​നം കാത്തു​സൂ​ക്ഷി​ക്കാ​നും പൗരാ​വ​കാ​ശങ്ങൾ സംരക്ഷി​ക്കാ​നും ഉള്ള ഉത്തരവാ​ദി​ത്വം ഗവൺമെന്റ്‌ അധികാ​രി​കൾക്കുണ്ട്‌. അവരുടെ സേവനം എല്ലാവർക്കും പ്രയോ​ജനം ചെയ്യുന്നു. ‘ഉന്നതാ​ധി​കാ​രി​ക​ളാ​യി,’ അഥവാ നമ്മളെ​ക്കാൾ ഉയർന്ന​വ​രാ​യി, വീക്ഷിച്ച്‌ അവർക്കു കീഴ്‌പെ​ട്ടി​രി​ക്കാൻ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ക്രിസ്‌ത്യാ​നി​കളെ ഉപദേ​ശി​ച്ചു. പൗലോസ്‌ പറഞ്ഞു: “എല്ലാവർക്കും കൊടു​ക്കേ​ണ്ടതു കൊടു​ക്കുക: നികുതി കൊടു​ക്കേ​ണ്ട​വനു നികുതി; . . . ബഹുമാ​നം കാണി​ക്കേ​ണ്ട​വനു ബഹുമാ​നം.”—റോമ. 13:1, 7.

9 അതിനാൽ യഹോ​വ​യു​ടെ സാക്ഷികൾ മനസ്സോ​ടെ അധികാ​രി​കൾക്ക്‌ അവർ അർഹി​ക്കുന്ന ബഹുമാ​നം കൊടു​ക്കു​ന്നു. ഓരോ ദേശ​ത്തെ​യും കീഴ്‌വ​ഴ​ക്ക​ങ്ങൾക്കു ചേർച്ച​യി​ലാണ്‌ അതു ചെയ്യു​ന്നത്‌. അധികാ​രി​കൾ അവരുടെ ഉത്തരവാ​ദി​ത്വ​ങ്ങൾ നിർവ​ഹി​ക്കു​മ്പോൾ നമ്മൾ അവരോ​ടു സഹകരി​ക്കു​ന്നു. പക്ഷേ, നമ്മുടെ ആദരവി​നും പിന്തു​ണ​യ്‌ക്കും തിരു​വെ​ഴു​ത്തു​കൾ ചില പരിധി​കൾ വെക്കു​ന്നുണ്ട്‌. യഹോ​വ​യോട്‌ അനുസ​ര​ണ​ക്കേടു കാണി​ക്കു​ക​യോ രാഷ്‌ട്രീ​യ​കാ​ര്യ​ങ്ങ​ളി​ലെ നമ്മുടെ നിഷ്‌പക്ഷത ലംഘി​ക്കു​ക​യോ ചെയ്യുന്ന അളവോ​ളം നമ്മൾ പോകില്ല.—1 പത്രോസ്‌ 2:13-17 വായി​ക്കുക.

10. ഗവൺമെ​ന്റു​ക​ളോ​ടും അധികാ​രി​ക​ളോ​ടും ബഹുമാ​നം കാണി​ക്കു​ന്ന​തിൽ യഹോ​വ​യു​ടെ പുരാ​ത​ന​കാ​ല​ദാ​സ​രിൽനിന്ന്‌ എന്തു പഠിക്കാ​നാ​കും?

10 ഗവൺമെ​ന്റു​ക​ളെ​യും അധികാ​രി​ക​ളെ​യും എങ്ങനെ ബഹുമാ​നി​ക്ക​ണ​മെന്ന്‌ യഹോ​വ​യു​ടെ പുരാ​ത​ന​കാ​ലത്തെ ദാസരിൽനിന്ന്‌ നമുക്കു പഠിക്കാ​നാ​കും. ഒരു സെൻസ​സി​ന്റെ ഭാഗമാ​യി പേര്‌ രേഖ​പ്പെ​ടു​ത്താൻ റോമാ​സാ​മ്രാ​ജ്യം ആളുക​ളോട്‌ ആവശ്യ​പ്പെ​ട്ട​പ്പോൾ യോ​സേ​ഫും മറിയ​യും അത്‌ അനുസ​രി​ച്ചു. മറിയ​യു​ടെ ആദ്യ​പ്ര​സവം അടുത്തി​രി​ക്കുന്ന സമയമാ​യി​രു​ന്നെ​ങ്കി​ലും അവർ ആ കല്‌പ​ന​യ​നു​സ​രിച്ച്‌ ബേത്ത്‌ലെ​ഹെ​മി​ലേക്കു യാത്ര ചെയ്‌തു. (ലൂക്കോ. 2:1-5) പൗലോ​സും അധികാ​രി​ക​ളോ​ടു തികഞ്ഞ ആദരവ്‌ കാണിച്ചു. കുറ്റം ചെയ്‌തെന്ന ആരോ​പ​ണ​ത്തി​ന്റെ പേരിൽ വിചാരണ നേരി​ട്ട​പ്പോൾ അഗ്രിപ്പ രാജാ​വി​ന്റെ​യും യഹൂദ്യ​യു​ടെ ഗവർണ​റായ ഫെസ്‌തൊ​സി​ന്റെ​യും മുന്നിൽ പൗലോസ്‌ ആദര​വോ​ടെ​യാ​ണു തനിക്കു​വേണ്ടി വാദി​ച്ചത്‌.—പ്രവൃ. 25:1-12; 26:1-3.

11, 12. (എ) ഗവൺമെന്റ്‌ അധികാ​രി​കൾക്കും മതനേ​താ​ക്ക​ന്മാർക്കും നമ്മൾ ഒരേ ബഹുമാ​നം കൊടു​ക്കാ​ത്തത്‌ എന്തു​കൊണ്ട്‌? (ബി) ഓസ്‌ട്രി​യ​ക്കാ​ര​നായ ഒരു സഹോ​ദരൻ ഒരു രാഷ്‌ട്രീ​യ​നേ​താ​വി​നോ​ടു സാക്ഷീ​ക​രി​ച്ച​പ്പോൾ എന്തു ഫലമു​ണ്ടാ​യി?

11 എന്നാൽ മതനേ​താ​ക്ക​ന്മാ​രു​ടെ കാര്യ​മോ? മറ്റു മനുഷ്യ​രോ​ടു കാണി​ക്കു​ന്നത്ര ബഹുമാ​നം യഹോ​വ​യു​ടെ സാക്ഷികൾ അവരോ​ടും കാണി​ക്കു​ന്നു. പക്ഷേ നമ്മൾ അവർക്കു പ്രത്യേ​ക​ബ​ഹു​മാ​ന​മൊ​ന്നും കൊടു​ക്കാ​റില്ല, അവർ അതു പ്രതീ​ക്ഷി​ച്ചാൽപ്പോ​ലും. കാരണം വ്യാജ​മതം ദൈവ​ത്തെ​ക്കു​റിച്ച്‌ തെറ്റായ കാര്യങ്ങൾ പഠിപ്പി​ക്കു​ക​യും ദൈവ​വ​ച​ന​ത്തി​ലെ പഠിപ്പി​ക്ക​ലു​കൾ വളച്ചൊ​ടി​ക്കു​ക​യും ചെയ്യുന്നു. കപടഭ​ക്ത​രെ​ന്നും അന്ധരായ വഴികാ​ട്ടി​ക​ളെ​ന്നും ആണ്‌ യേശു തന്റെ കാലത്തെ മതനേ​താ​ക്ക​ന്മാ​രെ വിളി​ച്ചത്‌. (മത്താ. 23:23, 24) അതേസ​മയം, ഗവൺമെന്റ്‌ അധികാ​രി​കൾക്ക്‌ അവർ അർഹി​ക്കുന്ന ആദരവും ബഹുമാ​ന​വും കൊടു​ക്കു​ന്നെ​ങ്കിൽ അതിനു നല്ല ഫലങ്ങളു​ണ്ടാ​കും, ചില​പ്പോൾ നമ്മൾ പ്രതീ​ക്ഷി​ക്കാത്ത വിധത്തിൽപ്പോ​ലും.

12 ഓസ്‌ട്രി​യ​യി​ലെ ഒരു രാഷ്‌ട്രീ​യ​നേ​താ​വാ​യി​രു​ന്നു ഡോ. ഹൈൻരിച്ച്‌ ഗ്ലൈസ്‌ന. രണ്ടാം ലോക​മ​ഹാ​യു​ദ്ധ​കാ​ലത്ത്‌ നാസികൾ അദ്ദേഹത്തെ അറസ്റ്റ്‌ ചെയ്‌ത്‌ ഒരു ട്രെയി​നിൽ ബൂക്കെൻവോൾട്ട്‌ തടങ്കൽപ്പാ​ള​യ​ത്തി​ലേക്ക്‌ അയച്ചു. ട്രെയി​നിൽവെച്ച്‌ അദ്ദേഹം തീക്ഷ്‌ണ​ത​യുള്ള ഒരു സാക്ഷി​യായ ലേയോ​പോൾട്ട്‌ എങ്‌​ഗ്ലൈറ്റ്‌ന എന്ന ഓസ്‌ട്രി​യ​ക്കാ​രനെ കണ്ടുമു​ട്ടി. അദ്ദേഹ​ത്തെ​യും നാസികൾ അറസ്റ്റ്‌ ചെയ്‌ത്‌ തടങ്കൽപ്പാ​ള​യ​ത്തി​ലേക്ക്‌ അയച്ചതാ​യി​രു​ന്നു. യാത്ര​യ്‌ക്കി​ടെ എങ്‌​ഗ്ലൈറ്റ്‌ന സഹോ​ദരൻ ആദര​വോ​ടെ തന്റെ വിശ്വാ​സ​ങ്ങ​ളെ​ക്കു​റിച്ച്‌ ഗ്ലൈസ്‌ന​യോ​ടു വിശദീ​ക​രി​ച്ചു. അദ്ദേഹം അതെല്ലാം ശ്രദ്ധ​യോ​ടെ കേട്ടു. രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തി​നു ശേഷം ഗ്ലൈസ്‌ന പലവട്ടം തന്റെ സ്വാധീ​നം ഉപയോ​ഗിച്ച്‌ സാക്ഷി​കളെ സഹായി​ച്ചു. ബൈബിൾ ആവശ്യ​പ്പെ​ടു​ന്ന​തു​പോ​ലുള്ള ബഹുമാ​നം അധികാ​രി​കൾക്കു കൊടു​ത്ത​പ്പോ​ഴു​ണ്ടായ മറ്റു ചില നല്ല അനുഭ​വ​ങ്ങ​ളും ഒരുപക്ഷേ നിങ്ങൾ ഓർക്കു​ന്നു​ണ്ടാ​കും.

നമ്മൾ ബഹുമാ​നി​ക്കേണ്ട മറ്റു ചിലർ

13. ബഹുമാ​ന​ത്തി​നു പ്രത്യേ​കിച്ച്‌ അർഹരാ​യി​രി​ക്കു​ന്നത്‌ ആരാണ്‌, എന്തു​കൊണ്ട്‌?

13 സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രും നമ്മുടെ ബഹുമാ​നം അർഹി​ക്കു​ന്നു. പ്രത്യേ​കിച്ച്‌ നേതൃ​ത്വ​മെ​ടു​ക്കുന്ന സഹോ​ദ​ര​ന്മാ​രെ, അതായത്‌ സഭാമൂ​പ്പ​ന്മാ​രെ​യും സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാ​രെ​യും ബ്രാഞ്ച്‌ കമ്മിറ്റി അംഗങ്ങ​ളെ​യും ഭരണസം​ഘാം​ഗ​ങ്ങ​ളെ​യും, നമ്മൾ ആദരി​ക്കണം. (1 തിമൊ​ഥെ​യൊസ്‌ 5:17 വായി​ക്കുക.) അവർ ഏതു രാജ്യ​ക്കാ​രാ​ണെ​ങ്കി​ലും അവരുടെ വിദ്യാ​ഭ്യാ​സ​വും സാമൂ​ഹി​ക​നി​ല​യും സാമ്പത്തി​ക​ശേ​ഷി​യും എന്തുത​ന്നെ​യാ​യാ​ലും നമ്മൾ അവരെ ബഹുമാ​നി​ക്കു​ന്നു. ദൈവ​ജ​നത്തെ പരിപാ​ലി​ക്കു​ന്ന​തിൽ അവർക്കു സുപ്ര​ധാ​ന​മായ ഒരു പങ്കുണ്ട്‌. ബൈബിൾ ഇവരെ ‘സമ്മാനങ്ങൾ’ എന്നാണു വിളി​ക്കു​ന്നത്‌. (എഫെ. 4:8) ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​ക​ളെ​പ്പോ​ലെ നേതൃ​ത്വ​മെ​ടു​ക്കുന്ന സഹോ​ദ​ര​ന്മാ​രോ​ടു നമുക്കും ആഴമായ ബഹുമാ​ന​മുണ്ട്‌. അവരുടെ കഠിനാ​ധ്വാ​ന​ത്തെ​യും താഴ്‌മ​യെ​യും നമ്മൾ വിലമ​തി​ക്കു​ന്നു. എന്നാൽ നമ്മുടെ സംഘട​ന​യിൽ അറിയ​പ്പെ​ടുന്ന സഹോ​ദ​ര​ങ്ങളെ നമ്മൾ ആരാധ​നാ​പാ​ത്ര​ങ്ങ​ളാ​ക്കു​ക​യോ അവർ ദൈവ​ദൂ​ത​ന്മാ​രാ​ണെന്ന മട്ടിൽ അവരോട്‌ ഇടപെ​ടു​ക​യോ ഇല്ല.—2 കൊരി​ന്ത്യർ 1:24; വെളി​പാട്‌ 19:10 വായി​ക്കുക.

14, 15. ക്രിസ്‌തീ​യ​മൂ​പ്പ​ന്മാ​രും മറ്റു മതങ്ങളു​ടെ നേതാ​ക്ക​ളും തമ്മിലുള്ള വ്യത്യാ​സം എന്താണ്‌?

14 ഈ ആത്മീയ ഇടയന്മാർ താഴ്‌മ​യു​ള്ള​വ​രാണ്‌. അതു​കൊ​ണ്ടു​തന്നെ മറ്റുള്ളവർ താരപ​രി​വേഷം തന്ന്‌ തങ്ങളെ ആദരി​ക്കാൻ അവർ ആഗ്രഹി​ക്കു​ന്നില്ല, അങ്ങനെ ചെയ്യു​ന്ന​തി​നെ നിരു​ത്സാ​ഹ​പ്പെ​ടു​ത്തു​ക​യും ചെയ്യുന്നു. ഇക്കാല​ത്തെ​യും യേശു​വി​ന്റെ കാല​ത്തെ​യും മതനേ​താ​ക്ക​ന്മാ​രിൽനിന്ന്‌ അവർ വ്യത്യ​സ്‌ത​രാണ്‌. തന്റെ കാലത്തെ മതനേ​താ​ക്ക​ന്മാ​രെ​ക്കു​റിച്ച്‌ യേശു ഇങ്ങനെ പറഞ്ഞു: “അത്താഴ​വി​രു​ന്നു​ക​ളിൽ പ്രമു​ഖ​സ്ഥാ​ന​വും സിന​ഗോ​ഗു​ക​ളിൽ മുൻനി​ര​യും ചന്തസ്ഥല​ങ്ങ​ളിൽ ആളുകൾ അഭിവാ​ദനം ചെയ്യു​ന്ന​തും റബ്ബി എന്നു വിളി​ക്കു​ന്ന​തും അവർ ഇഷ്ടപ്പെ​ടു​ന്നു.”—മത്താ. 23:6, 7.

15 ക്രിസ്‌തീ​യ​സ​ഭ​യി​ലെ ഇടയന്മാർ യേശു​വി​ന്റെ ഈ വാക്കുകൾ താഴ്‌മ​യോ​ടെ അനുസ​രി​ക്കു​ന്നു: “ആരും നിങ്ങളെ റബ്ബി എന്നു വിളി​ക്കാൻ സമ്മതി​ക്ക​രുത്‌. കാരണം ഒരാൾ മാത്ര​മാ​ണു നിങ്ങളു​ടെ ഗുരു, നിങ്ങളോ എല്ലാവ​രും സഹോ​ദ​ര​ന്മാർ. ഭൂമി​യിൽ ആരെയും പിതാവ്‌ എന്നു വിളി​ക്ക​രുത്‌. ഒരാൾ മാത്ര​മാ​ണു നിങ്ങളു​ടെ പിതാവ്‌; സ്വർഗ​സ്ഥൻതന്നെ. ആരും നിങ്ങളെ നേതാ​ക്ക​ന്മാർ എന്നു വിളി​ക്കാ​നും സമ്മതി​ക്ക​രുത്‌. ഒരാൾ മാത്ര​മാ​ണു നിങ്ങളു​ടെ നേതാവ്‌; അതു ക്രിസ്‌തു​വാണ്‌. നിങ്ങളിൽ ഏറ്റവും വലിയവൻ നിങ്ങൾക്കു ശുശ്രൂഷ ചെയ്യു​ന്ന​വ​നാ​കണം. തന്നെത്തന്നെ ഉയർത്തു​ന്ന​വനെ ദൈവം താഴ്‌ത്തും. തന്നെത്തന്നെ താഴ്‌ത്തു​ന്ന​വ​നെ​യോ ദൈവം ഉയർത്തും.” (മത്താ. 23:8-12) ലോകത്ത്‌ എല്ലായി​ട​ത്തു​മുള്ള ക്രിസ്‌തീ​യ​മൂ​പ്പ​ന്മാർ ഈ വിധത്തിൽ താഴ്‌മ കാണി​ക്കു​ന്ന​തു​കൊ​ണ്ടാ​ണു സഹോ​ദ​രങ്ങൾ അവരെ സ്‌നേ​ഹി​ക്കു​ക​യും ബഹുമാ​നി​ക്കു​ക​യും ചെയ്യു​ന്നത്‌.

താഴ്‌മയുള്ള മൂപ്പന്മാർക്കു സ്‌നേ​ഹ​വും ബഹുമാ​ന​വും ആദരവും ലഭിക്കു​ന്നു (13-15 ഖണ്ഡികകൾ കാണുക)

16. ബഹുമാ​ന​ത്തെ​ക്കു​റി​ച്ചുള്ള ബൈബി​ളി​ന്റെ ഉപദേശം അനുസ​രി​ക്കാൻ നമ്മൾ നല്ല ശ്രമം ചെയ്യേ​ണ്ടത്‌ എന്തു​കൊണ്ട്‌?

16 ആരെ​യൊ​ക്കെ, ഏത്‌ അളവു​വരെ ബഹുമാ​നി​ക്ക​ണ​മെന്നു പഠി​ച്ചെ​ടു​ക്കാൻ സമയ​മെ​ടു​ത്തേ​ക്കാം. ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​ക​ളു​ടെ കാര്യ​വും അതുത​ന്നെ​യാ​യി​രു​ന്നു. (പ്രവൃ. 10:22-26; 3 യോഹ. 9, 10) എന്നാൽ ഇക്കാര്യ​ത്തിൽ ബൈബി​ളി​ന്റെ ഉപദേശം അനുസ​രി​ക്കാൻ നല്ല ശ്രമം ചെയ്യു​ന്നെ​ങ്കിൽ അതിനു പല പ്രയോ​ജ​ന​ങ്ങ​ളുണ്ട്‌.

ബഹുമാ​നം കാണി​ക്കു​ന്ന​തി​ന്റെ പ്രയോ​ജ​ന​ങ്ങൾ

17. അധികാ​ര​സ്ഥാ​ന​ത്തു​ള്ള​വരെ ബഹുമാ​നി​ക്കു​ന്ന​തു​കൊ​ണ്ടുള്ള ചില പ്രയോ​ജ​നങ്ങൾ എന്തെല്ലാം?

17 സമൂഹ​ത്തി​ലെ അധികാ​ര​സ്ഥാ​ന​ത്തു​ള്ള​വ​രോ​ടു നമ്മൾ ബഹുമാ​നം കാണി​ക്കു​ന്നെ​ങ്കിൽ പ്രസം​ഗ​പ്ര​വർത്തനം തുടരാ​നുള്ള നമ്മുടെ അവകാ​ശത്തെ അവർ പിന്തു​ണ​ച്ചേ​ക്കാം. നമ്മളെ മതി​പ്പോ​ടെ വീക്ഷി​ക്കു​ന്ന​തി​നും അതു കാരണ​മാ​യേ​ക്കാം. ജർമനി​യിൽ മുൻനി​ര​സേ​വനം ചെയ്യുന്ന ബീർജിറ്റ്‌ സഹോ​ദരി കുറെ വർഷം മുമ്പ്‌ മകളുടെ സ്‌കൂ​ളി​ലെ ഒരു ചടങ്ങിൽ പങ്കെടു​ത്തു. പല വർഷങ്ങ​ളാ​യി സാക്ഷി​ക​ളു​ടെ കുട്ടികൾ അവിടെ പഠിച്ചി​ട്ടു​ണ്ടെ​ന്നും അവരെ​ല്ലാം നല്ല കുട്ടി​ക​ളാ​യി​രു​ന്നെ​ന്നും അധ്യാ​പകർ സഹോ​ദ​രി​യോ​ടു പറഞ്ഞു. സാക്ഷി​ക​ളു​ടെ കുട്ടികൾ സ്‌കൂ​ളി​ലി​ല്ലെ​ങ്കിൽ അതൊരു നഷ്ടമാ​യേനേ എന്നും അവർ അഭി​പ്രാ​യ​പ്പെട്ടു. ബീർജിറ്റ്‌ സഹോ​ദരി അവരോ​ടു പറഞ്ഞു: “ദൈവ​ത്തി​ന്റെ നിലവാ​രങ്ങൾ അനുസ​രിച്ച്‌ പെരു​മാ​റാ​നാ​ണു ഞങ്ങൾ കുട്ടി​കളെ പഠിപ്പി​ക്കു​ന്നത്‌. അധ്യാ​പ​കരെ ബഹുമാ​നി​ക്കു​ന്ന​തും അതിന്റെ ഭാഗമാണ്‌.” എല്ലാ കുട്ടി​ക​ളും സാക്ഷി​ക​ളു​ടെ കുട്ടി​ക​ളെ​പ്പോ​ലെ​യാ​യി​രു​ന്നെ​ങ്കിൽ പഠിപ്പി​ക്കാൻ വളരെ എളുപ്പ​മാ​യി​രി​ക്കും എന്ന്‌ ഒരു ടീച്ചർ അഭി​പ്രാ​യ​പ്പെട്ടു. ആഴ്‌ച​കൾക്കു ശേഷം ആ സ്‌കൂ​ളി​ലെ ഒരു ടീച്ചർ ലൈപ്‌സി​ഗിൽവെച്ച്‌ നടന്ന നമ്മുടെ ഒരു കൺ​വെൻ​ഷ​നിൽ പങ്കെടു​ത്തു.

18, 19. മൂപ്പന്മാ​രെ ബഹുമാ​നി​ക്കു​മ്പോൾ നമ്മൾ എന്തു മനസ്സിൽപ്പി​ടി​ക്കണം?

18 മൂപ്പന്മാർക്ക്‌ ഉചിത​മായ ബഹുമാ​നം കൊടു​ക്കുന്ന കാര്യ​ത്തിൽ ദൈവ​വ​ച​ന​ത്തി​ലെ ജ്ഞാനപൂർവ​മായ തത്ത്വങ്ങ​ളാ​ണു നമ്മളെ നയി​ക്കേ​ണ്ടത്‌. (എബ്രായർ 13:7, 17 വായി​ക്കുക.) അവർ ചെയ്യുന്ന കഠിനാ​ധ്വാ​ന​ത്തി​നു നമ്മൾ അവരെ അഭിന​ന്ദി​ക്കു​ക​യും അവർ തരുന്ന നിർദേ​ശങ്ങൾ അനുസ​രി​ക്കു​ക​യും വേണം. അതു വളരെ പ്രധാ​ന​മാണ്‌. കാരണം ഉത്തരവാ​ദി​ത്വ​ങ്ങൾ സന്തോ​ഷ​ത്തോ​ടെ ചെയ്യാൻ അത്‌ അവരെ സഹായി​ക്കും. മൂപ്പന്മാ​രു​ടെ വിശ്വാ​സം അനുക​രി​ച്ചു​കൊ​ണ്ടും നമുക്ക്‌ അവരോ​ടു ബഹുമാ​നം കാണി​ക്കാം. എന്നാൽ അതിന്റെ അർഥം ‘പ്രമു​ഖ​നായ’ ഒരു മൂപ്പന്റെ വസ്‌ത്ര​ധാ​ര​ണ​വും പ്രസംഗം നടത്തുന്ന രീതി​യും സംഭാ​ഷ​ണ​ശൈ​ലി​യും ഒക്കെ അതേപടി പകർത്തുക എന്നല്ല. അങ്ങനെ ചെയ്യു​ന്നെ​ങ്കിൽ നമ്മൾ ക്രിസ്‌തു​വി​നെ​യാ​യി​രി​ക്കില്ല, അപൂർണ​നായ ഒരു മനുഷ്യ​നെ​യാ​യി​രി​ക്കും അനുഗ​മി​ക്കു​ന്നത്‌. എല്ലാ ക്രിസ്‌തീ​യ​മൂ​പ്പ​ന്മാ​രും അപൂർണ​രാ​ണെന്ന വസ്‌തുത ഒരിക്ക​ലും മറക്കരുത്‌.

19 മൂപ്പന്മാ​രെ നമ്മൾ ബഹുമാ​നി​ക്ക​ണ​മെ​ങ്കി​ലും അവർക്കു താരപ​രി​വേഷം കൊടു​ക്കാ​തി​രി​ക്കു​ന്നത്‌ അവർക്കു ഗുണം ചെയ്യും. അഹങ്കാ​ര​മെന്ന കെണി​യിൽ വീഴാ​തി​രി​ക്കാ​നും മറ്റുള്ള​വ​രെ​ക്കാൾ ശ്രേഷ്‌ഠ​നാ​ണെ​ന്നോ താൻ ചെയ്യു​ന്ന​താണ്‌ എപ്പോ​ഴും ശരി​യെ​ന്നോ ചിന്തി​ക്കാ​തി​രി​ക്കാ​നും അതു മൂപ്പന്മാ​രെ സഹായി​ക്കും.

20. അർഹി​ക്കുന്ന ബഹുമാ​നം മറ്റുള്ള​വർക്കു കൊടു​ക്കു​ന്നതു നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

20 അർഹി​ക്കുന്ന ബഹുമാ​നം മറ്റുള്ള​വർക്കു കൊടു​ക്കു​ന്നതു നമുക്കും പ്രയോ​ജനം ചെയ്യും. സ്വാർഥ​രാ​കാ​തി​രി​ക്കാ​നും മറ്റുള്ളവർ നമ്മളോ​ടു ബഹുമാ​നം കാണി​ക്കു​മ്പോൾ താഴ്‌മ​യു​ള്ള​വ​രാ​യി​രി​ക്കാ​നും അതു നമ്മളെ സഹായി​ക്കും. മാത്രമല്ല, നമ്മൾ അപ്പോൾ യഹോ​വ​യു​ടെ സംഘട​നയെ അനുക​രി​ക്കു​ക​യാ​യി​രി​ക്കും ചെയ്യു​ന്നത്‌. വിശ്വാ​സി​ക​ളോ അവിശ്വാ​സി​ക​ളോ ആയ ആർക്കും യഹോ​വ​യു​ടെ സംഘടന അർഹി​ക്കാ​ത്ത​തും അതിരു കവിഞ്ഞ​തും ആയ ബഹുമാ​നം കൊടു​ക്കാ​റില്ല. ഇനി, നമ്മൾ ബഹുമാ​നി​ക്കുന്ന ഒരു വ്യക്തി​യു​ടെ പ്രവർത്ത​നങ്ങൾ നമ്മളെ നിരാ​ശ​പ്പെ​ടു​ത്തു​മ്പോൾ മടുത്തു​പോ​കാ​തി​രി​ക്കാ​നും ഈ വീക്ഷണം സഹായി​ക്കും.

21. മറ്റുള്ള​വർക്ക്‌ അവർ അർഹി​ക്കുന്ന ബഹുമാ​നം കൊടു​ക്കു​ന്ന​തി​ന്റെ ഏറ്റവും വലിയ പ്രയോ​ജനം എന്താണ്‌?

21 ഓരോ​രു​ത്തർക്കും അവർ അർഹി​ക്കുന്ന ബഹുമാ​നം കൊടു​ക്കു​ന്ന​തി​ന്റെ ഏറ്റവും വലിയ പ്രയോ​ജനം അതുവഴി ദൈവത്തെ പ്രസാ​ദി​പ്പി​ക്കാം എന്നതാണ്‌. കാരണം അപ്പോൾ നമ്മൾ ദൈവം ആഗ്രഹി​ക്കു​ന്ന​തു​പോ​ലെ പ്രവർത്തി​ച്ചു​കൊണ്ട്‌ ദൈവ​ത്തോ​ടു വിശ്വ​സ്‌തത കാണി​ക്കു​ക​യാണ്‌. ദൈവത്തെ നിന്ദി​ക്കു​ന്ന​വർക്ക്‌ ഉത്തരം കൊടു​ക്കു​ന്ന​തിൽ നമ്മുടെ പങ്കു വഹിക്കാ​നും അതുവഴി നമുക്കു കഴിയു​ന്നു. (സുഭാ. 27:11) ബഹുമാ​നം കാണി​ക്കുന്ന കാര്യ​ത്തിൽ ലോക​ത്തി​ലെ ആളുകൾക്കു തെറ്റായ വീക്ഷണ​മാ​ണു​ള്ളത്‌. എന്നാൽ അക്കാര്യ​ത്തിൽ യഹോ​വ​യു​ടെ വീക്ഷണം എന്താ​ണെന്നു നമുക്ക്‌ അറിയാം. അതു നമ്മളെ പഠിപ്പി​ച്ചി​രി​ക്കു​ന്ന​തിൽ നമ്മൾ യഹോ​വ​യോട്‌ അതീവ​ന​ന്ദി​യു​ള്ള​വ​രല്ലേ?