യഹോവയെ പൂർണഹൃദയത്തോടെ സേവിക്കുക!
‘യഹോവേ, ഞാൻ അങ്ങയുടെ മുമ്പാകെ വിശ്വസ്തതയോടും പൂർണഹൃദയത്തോടും കൂടെ നടന്നത് ഓർക്കേണമേ.’—2 രാജാ. 20:3.
ഗീതം: 52, 65
1-3. യഹോവയെ ‘പൂർണഹൃദയത്തോടെ സേവിക്കുന്നതിൽ’ എന്ത് ഉൾപ്പെടുന്നു? ഒരു ഉദാഹരണം പറയുക.
നമ്മളെല്ലാം തെറ്റു ചെയ്യാൻ ചായ്വുള്ളവരാണ്. എന്നാൽ പശ്ചാത്തപിക്കുകയും യേശുവിന്റെ മോചനവിലയുടെ അടിസ്ഥാനത്തിൽ താഴ്മയോടെ പ്രാർഥിക്കുകയും ചെയ്താൽ യഹോവ ‘നമ്മുടെ പാപങ്ങൾക്കനുസൃതമായി നമ്മോടു പെരുമാറില്ല.’ (സങ്കീ. 103:10) എങ്കിലും ദിനംതോറുമുള്ള നമ്മുടെ ആരാധന യഹോവ സ്വീകരിക്കണമെങ്കിൽ, ദാവീദ് ശലോമോനോടു പറഞ്ഞതുപോലെ നമ്മൾ ‘പൂർണഹൃദയത്തോടെ’ ദൈവത്തെ സേവിക്കണം. (1 ദിന. 28:9) അപൂർണരായ നമുക്ക് അതിന് എങ്ങനെ കഴിയും?
2 അതു മനസ്സിലാക്കാൻ നമുക്ക് ആദ്യം, യഹൂദയുടെ രാജാക്കന്മാരായിരുന്ന ആസയുടെയും അമസ്യയുടെയും ജീവിതം താരതമ്യം ചെയ്യാം. യഹോവയുടെ മുമ്പാകെ ശരിയായതു ചെയ്തവരായിരുന്നു അവർ രണ്ടു പേരും. പക്ഷേ ഒരു വ്യത്യാസമുണ്ടായിരുന്നു. ഏകാഗ്രമായ അഥവാ പൂർണമായ ഹൃദയത്തോടെയാണ് ആസ അങ്ങനെ ചെയ്തത്. (2 ദിന. 15:16, 17; 25:1, 2; സുഭാ. 17:3) ഈ രാജാക്കന്മാർക്കു പല തെറ്റുകളും സംഭവിച്ചു. പക്ഷേ, ആസ ദൈവത്തിന്റെ വഴികളിൽനിന്ന് മാറിപ്പോയില്ല. ആസയുടെ ഹൃദയം ദൈവത്തിൽ ‘പൂർണമായി അർപ്പിതമായിരുന്നു.’ (1 ദിന. 28:9, അടിക്കുറിപ്പ്) എന്നാൽ അമസ്യ അങ്ങനെയായിരുന്നില്ല. ദൈവത്തിന്റെ ശത്രുക്കളെ പരാജയപ്പെടുത്തി തിരികെ വന്നപ്പോൾ അദ്ദേഹം അവരുടെ ദൈവങ്ങളെ കൊണ്ടുവരുകയും അവയെ ആരാധിക്കുകയും ചെയ്തു.—2 ദിന. 25:11-16.
3 ദൈവത്തെ ‘പൂർണഹൃദയത്തോടെ സേവിക്കുന്ന’ ഒരു വ്യക്തി എന്നെന്നും ദൈവത്തോടു സമ്പൂർണഭക്തി കാണിക്കും. ബൈബിളിൽ സാധാരണയായി “ഹൃദയം” എന്ന പദം ഒരു വ്യക്തിയുടെ ആന്തരികവ്യക്തിത്വത്തെ കുറിക്കാനാണ് ഉപയോഗിച്ചിരിക്കുന്നത്. അതിൽ ആ വ്യക്തിയുടെ ആഗ്രഹങ്ങൾ, ചിന്തകൾ, വ്യക്തിത്വം, മനോഭാവം, കഴിവുകൾ, പ്രേരണകൾ, ലക്ഷ്യങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്നു. അതുകൊണ്ട് മുഴുഹൃദയത്തോടെ യഹോവയെ സേവിക്കുന്ന വ്യക്തിയുടെ ആരാധന ഒരിക്കലും കപടമായിരിക്കില്ല. ദൈവാരാധനയെ അദ്ദേഹം വെറുമൊരു ചടങ്ങായിട്ടല്ല കാണുക. നമ്മുടെ കാര്യമോ? തെറ്റുകൾ പറ്റിയേക്കാമെങ്കിലും, കാപട്യമില്ലാതെ എന്നെന്നും ദൈവത്തിനു സമ്പൂർണഭക്തി കൊടുക്കുന്നെങ്കിൽ നമ്മൾ ദൈവത്തെ സേവിക്കുന്നതു പൂർണഹൃദയത്തോടെയാണെന്നു പറയാനാകും.—2 ദിന. 19:9.
4. നമ്മൾ ഇനി എന്തു പഠിക്കും?
4 പൂർണഹൃദയത്തോടെ ദൈവത്തെ സേവിക്കുന്നതിൽ എന്താണ് ഉൾപ്പെടുന്നതെന്നു കൂടുതലായി മനസ്സിലാക്കാൻ നമുക്ക് ആസയുടെയും യഹോശാഫാത്ത്, ഹിസ്കിയ, യോശിയ എന്നീ യഹൂദാരാജാക്കന്മാരുടെയും ജീവിതം ഒന്നു പഠിക്കാം. അവരെല്ലാം ജീവിതത്തിൽ ചില തെറ്റുകൾ ചെയ്തിട്ടുണ്ട്. എങ്കിലും യഹോവ അവരിൽ പ്രസാദിച്ചു. അവർ പൂർണഹൃദയത്തോടെയാണു തന്നെ സേവിച്ചതെന്ന് യഹോവ പറയാനുള്ള കാരണം എന്താണ്? നമുക്ക് അവരെ എങ്ങനെ അനുകരിക്കാം?
“ആസയുടെ ഹൃദയം യഹോവയിൽ ഏകാഗ്രമായിരുന്നു”
5. എന്ത് ഉറച്ച നിലപാടുകളാണ് ആസ കൈക്കൊണ്ടത്?
5 ഇസ്രായേൽ ജനത രണ്ടായി പിരിഞ്ഞതിനു ശേഷം, രണ്ടുഗോത്രരാജ്യമായ യഹൂദയിലെ മൂന്നാമത്തെ രാജാവായിരുന്നു ആസ. അദ്ദേഹം ദേശത്തുനിന്ന് വിഗ്രഹാരാധന തുടച്ചുനീക്കി, ആലയവേശ്യാവൃത്തി ചെയ്തുപോന്ന പുരുഷന്മാരെ പുറത്താക്കി. മുത്തശ്ശിയായ മാഖ “ഒരു മ്ലേച്ഛവിഗ്രഹം ഉണ്ടാക്കിയതുകൊണ്ട് മാഖയെ അമ്മമഹാറാണി എന്ന സ്ഥാനത്തുനിന്ന് നീക്കുകപോലും ചെയ്തു.” (1 രാജാ. 15:11-13) മാത്രമല്ല, ആസ തന്റെ പ്രജകളോടു “ദൈവമായ യഹോവയെ അന്വേഷിക്കാനും ദൈവത്തിന്റെ നിയമവും കല്പനയും ആചരിക്കാനും ആവശ്യപ്പെട്ടു.” ഇങ്ങനെ ആസ സത്യാരാധനയ്ക്കുവേണ്ടി ഉത്സാഹപൂർവം പ്രവർത്തിച്ചു.—2 ദിന. 14:4.
6. എത്യോപ്യക്കാർ ദേശം പിടിച്ചടക്കാൻ വന്നപ്പോൾ ആസ എന്തു ചെയ്തു?
6 യഹോവയുടെ അനുഗ്രഹമുണ്ടായിരുന്നതുകൊണ്ട് ആസയുടെ ഭരണത്തിന്റെ ആദ്യത്തെ പത്തു വർഷം യഹൂദയിലെങ്ങും സമാധാനം കളിയാടി. പിന്നെ എത്യോപ്യക്കാരനായ സേരഹ് 10,00,000 പടയാളികളും 300 രഥങ്ങളും ആയി യഹൂദയോടു യുദ്ധത്തിനു വന്നു. (2 ദിന. 14:1, 6, 9, 10) അപ്പോൾ ആസ എന്തു ചെയ്തു? ആസ യഹോവയിൽ പൂർണമായി ആശ്രയിച്ചു. (2 ദിനവൃത്താന്തം 14:11 വായിക്കുക.) ആസയുടെ ഉള്ളുരുകിയുള്ള പ്രാർഥന യഹോവ കേട്ടു. എത്യോപ്യൻ സേനയെ മുഴുവനായി ഇല്ലാതാക്കിക്കൊണ്ട് ദൈവം അദ്ദേഹത്തിനു സമ്പൂർണവിജയം കൊടുത്തു. (2 ദിന. 14:12, 13) തന്നോടു വിശ്വസ്തത കാണിക്കാത്ത രാജാക്കന്മാർക്കുപോലും തന്റെ പേരിനെപ്രതി യഹോവ വിജയം കൊടുത്തിട്ടുണ്ട്. (1 രാജാ. 20:13, 26-30) എന്നാൽ ഇത്തവണ യഹോവ തന്റെ ജനത്തെ സഹായിച്ചത് ആസ യഹോവയിൽ ആശ്രയിച്ചതുകൊണ്ടായിരുന്നു. പിന്നീട് ആസ ചില തെറ്റുകൾ ചെയ്തു എന്നതു ശരിയാണ്. ഒരിക്കൽ, യഹോവയോടു സഹായം ചോദിക്കുന്നതിനു പകരം ആസ സിറിയൻ രാജാവിനെ ആശ്രയിച്ചു. (1 രാജാ. 15:16-22) എങ്കിൽപ്പോലും “ജീവിതകാലം മുഴുവൻ ആസയുടെ ഹൃദയം യഹോവയിൽ ഏകാഗ്രമായിരുന്നു” എന്നാണ് യഹോവ ആസയെക്കുറിച്ച് പറഞ്ഞത്. നന്മ ചെയ്യുന്ന കാര്യത്തിൽ നമുക്ക് എങ്ങനെ ആസയെ അനുകരിക്കാം?—1 രാജാ. 15:14.
7, 8. യഹോവയെ സേവിക്കുന്നതിൽ ആസയെ നിങ്ങൾക്ക് എങ്ങനെ അനുകരിക്കാം?
7 ഹൃദയം പൂർണമായി ദൈവത്തിൽ അർപ്പിതമാണോ എന്നു മനസ്സിലാക്കണമെങ്കിൽ നമ്മൾ ഓരോരുത്തരും സ്വന്തം ഹൃദയം പരിശോധിക്കണം. നമ്മളോടുതന്നെ ചോദിക്കുക: ‘യഹോവയെ പ്രസാദിപ്പിക്കാനും ഏതു സാഹചര്യത്തിലും സത്യാരാധനയുടെ പക്ഷത്ത് നിൽക്കാനും ഞാൻ തീരുമാനിച്ചുറച്ചിട്ടുണ്ടോ? സഭയെ ശുദ്ധമായിനിറുത്താൻ എന്നെക്കൊണ്ട് കഴിയുന്നതെല്ലാം ഞാൻ ചെയ്യുന്നുണ്ടോ?’ ഓർക്കുക, ദേശത്തെ “അമ്മമഹാറാണി” എന്ന സ്ഥാനത്തുനിന്ന് മാഖയെ നീക്കുന്നതിന് ആസയ്ക്കു നല്ല ധൈര്യം വേണമായിരുന്നു. എന്നാൽ മാഖ ചെയ്ത അളവിൽ മോശം കാര്യങ്ങൾ ചെയ്യുന്ന ആരുമായും നിങ്ങൾക്ക് ഇടപെടേണ്ടിവരുന്നില്ലായിരിക്കും. എങ്കിലും ആസയെപ്പോലെ ധൈര്യം കാണിക്കേണ്ട ചില സാഹചര്യങ്ങൾ നിങ്ങൾക്കുമുണ്ടാകും. ഉദാഹരണത്തിന്, നിങ്ങളുടെ ഒരു കുടുംബാംഗമോ ഉറ്റ സുഹൃത്തോ പാപം ചെയ്യുകയും പശ്ചാത്തപിക്കാതിരിക്കുകയും അങ്ങനെ സഭയിൽനിന്ന് പുറത്താക്കപ്പെടുകയും ചെയ്യുന്നെന്നു കരുതുക. ആ വ്യക്തിയുമായുള്ള സഹവാസം നിങ്ങൾ പൂർണമായും നിറുത്തുമോ? എന്തു ചെയ്യാനായിരിക്കും നിങ്ങളുടെ ഹൃദയം നിങ്ങളെ പ്രേരിപ്പിക്കുന്നത്?
8 മറികടക്കാൻ കഴിയില്ലെന്നു തോന്നുന്ന എതിർപ്പുകൾ ഉണ്ടാകുമ്പോൾപ്പോലും, ദൈവത്തിൽ പൂർണമായി ആശ്രയിച്ചുകൊണ്ട് ആസയെപ്പോലെ ഒരു പൂർണഹൃദയമുണ്ടെന്നു നിങ്ങൾക്കും കാണിക്കാം. യഹോവയുടെ സാക്ഷിയായിരിക്കുന്നതിന്റെ പേരിൽ സ്കൂളിലുള്ളവർ നിങ്ങളെ കളിയാക്കുകയോ പുച്ഛിക്കുകയോ ചെയ്തേക്കാം. അല്ലെങ്കിൽ സഹജോലിക്കാർ നിങ്ങളെ പരിഹസിച്ചേക്കാം. ആത്മീയപ്രവർത്തനങ്ങൾക്കുവേണ്ടി നിങ്ങൾ അവധി എടുക്കുന്നതോ എപ്പോഴും ഓവർടൈം ചെയ്യാത്തതോ അവർക്ക് ഇഷ്ടപ്പെടുന്നില്ലായിരിക്കും. അത്തരം സാഹചര്യങ്ങളിൽ ആസയെപ്പോലെ ദൈവത്തോടു പ്രാർഥിക്കുക, ധൈര്യത്തോടെ യഹോവയിൽ ആശ്രയിക്കുക, ശരിയെന്നു ബോധ്യമുള്ള കാര്യങ്ങൾ എപ്പോഴും ചെയ്യുക. ആസയെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്ത ദൈവം നിങ്ങളെയും സഹായിക്കും.
9. പൂർണഹൃദയത്തോടെയാണു പ്രസംഗപ്രവർത്തനം ചെയ്യുന്നതെന്നു നമുക്ക് എങ്ങനെ കാണിക്കാം?
9 ദൈവദാസർ സ്വന്തം കാര്യം മാത്രം ചിന്തിക്കുന്നവരല്ല. ആസയെപ്പോലെ നമ്മളും ‘യഹോവയെ അന്വേഷിക്കാൻ’ മറ്റുള്ളവരെ സഹായിക്കുന്നു. അവരും യഹോവയെ ആരാധിക്കണമെന്നാണു നമ്മുടെ ആഗ്രഹം. യഹോവയോടുള്ള ആത്മാർഥമായ സ്നേഹവും ആളുകൾക്കു നിത്യമായ അനുഗ്രഹങ്ങൾ ലഭിക്കണമെന്ന ആഗ്രഹവും കാരണമാണ് യഹോവയെക്കുറിച്ച് നമ്മൾ മറ്റുള്ളവരോടു പറയുന്നത്. അങ്ങനെ പൂർണഹൃദയത്തോടെ നമ്മൾ പ്രസംഗപ്രവർത്തനം ചെയ്യുന്നതു കാണുമ്പോൾ യഹോവയ്ക്ക് എത്ര സന്തോഷം തോന്നും!
യഹോശാഫാത്ത് യഹോവയെ അന്വേഷിച്ചു
10, 11. യഹോശാഫാത്തിനെ നിങ്ങൾക്ക് എങ്ങനെ അനുകരിക്കാം?
10 “യഹോശാഫാത്ത് അപ്പനായ ആസയുടെ വഴിയിൽത്തന്നെ നടന്നു.” (2 ദിന. 20:31, 32) ഏതു വിധത്തിൽ? ആസയെപ്പോലെ യഹോശാഫാത്തും യഹോവയെ അന്വേഷിക്കാൻ ജനത്തെ പ്രോത്സാഹിപ്പിച്ചു. അതിന്റെ ഭാഗമായി, ‘യഹോവയുടെ നിയമപുസ്തകം’ ഉപയോഗിച്ചുള്ള ഒരു വിദ്യാഭ്യാസപരിപാടി അദ്ദേഹം സംഘടിപ്പിച്ചു. (2 ദിന. 17:7-10) ‘ജനങ്ങളെ യഹോവയിലേക്കു മടക്കിവരുത്താൻവേണ്ടി’ യഹോശാഫാത്ത് വടക്കേ രാജ്യമായ ഇസ്രായേലിലേക്കുപോലും പോയി. എഫ്രയീംമലനാടു വരെ അദ്ദേഹം സഞ്ചരിച്ചു. (2 ദിന. 19:4) “പൂർണഹൃദയത്തോടെ യഹോവയെ അന്വേഷിച്ച” രാജാവായിരുന്നു യഹോശാഫാത്ത്.—2 ദിന. 22:9.
11 യഹോവ ഇന്നു നയിക്കുന്ന വലിയ വിദ്യാഭ്യാസപരിപാടിയിൽ പങ്കുണ്ടായിരിക്കാൻ നമുക്കെല്ലാം അവസരമുണ്ട്. യഹോവയെ സേവിക്കാനുള്ള ആഗ്രഹം ആളുകളുടെ ഹൃദയത്തിൽ വളർത്തുന്നതിനുവേണ്ടി ഓരോ മാസവും ആ പ്രവർത്തനത്തിൽ പങ്കെടുക്കാൻ നിങ്ങൾ ലക്ഷ്യം വെച്ചിട്ടുണ്ടോ? നന്നായി ശ്രമിച്ചാൽ ദൈവത്തിന്റെ അനുഗ്രഹത്താൽ നിങ്ങൾക്ക് ഒരു ബൈബിൾപഠനം തുടങ്ങാൻ സാധിച്ചേക്കും. ഈ ലക്ഷ്യം നേടാനുള്ള സഹായത്തിനായി നിങ്ങൾ പ്രാർഥിക്കാറുണ്ടോ? സ്വസ്ഥമായി ഇരിക്കാൻ കിട്ടുന്ന സമയത്തിൽ കുറച്ചുപോലും ഉപയോഗിച്ച് ഈ ലക്ഷ്യത്തിലെത്താൻ നിങ്ങൾ ശ്രമിക്കുമോ? സത്യാരാധനയിലേക്കു മടങ്ങിവരാൻ ആളുകളെ സഹായിക്കുന്നതിന് എഫ്രയീമിലേക്ക് യഹോശാഫാത്ത് പോയതുപോലെ നിഷ്ക്രിയരെ സഹായിക്കാൻ നമുക്കും പരമാവധി ശ്രമിക്കാം. ഇനി, കഴിഞ്ഞ കാലത്ത് ചെയ്ത പാപങ്ങൾ ഉപേക്ഷിച്ച് തിരിച്ചുവരാൻ ആഗ്രഹിക്കുന്ന പുറത്താക്കപ്പെട്ട ആളുകൾ നിങ്ങളുടെ പ്രദേശത്തുണ്ടായിരിക്കാം. സഭാമൂപ്പന്മാർ അവരെ സന്ദർശിച്ച് അവർക്കുവേണ്ട സഹായം കൊടുക്കുന്നു.
12, 13. (എ) പേടി തോന്നിയ സാഹചര്യത്തിൽ യഹോശാഫാത്ത് എന്താണു ചെയ്തത്? (ബി) ഈ കാര്യത്തിൽ യഹോശാഫാത്തിനെ അനുകരിക്കേണ്ടത് എന്തുകൊണ്ട്?
12 വലിയൊരു സൈന്യം ആക്രമിക്കാൻ വന്നപ്പോൾ അപ്പനായ ആസയെപ്പോലെ യഹോശാഫാത്തും യഹോവയിലാണ് ആശ്രയിച്ചത്. (2 ദിനവൃത്താന്തം 20:2-4 വായിക്കുക.) അദ്ദേഹത്തിനു പേടി തോന്നി എന്നതു വാസ്തവമാണ്. എന്നാൽ “യഹോശാഫാത്ത് യഹോവയെ അന്വേഷിക്കാൻ നിശ്ചയിച്ചുറച്ചു.” തന്റെ ജനം ‘ഈ വലിയ ജനക്കൂട്ടത്തിനു മുന്നിൽ നിസ്സഹായരാണെന്നും’ എന്തു ചെയ്യണമെന്നു തങ്ങൾക്ക് അറിയില്ലെന്നും പറഞ്ഞ് താഴ്മയോടെ യഹോശാഫാത്ത് പ്രാർഥിച്ചു. “സഹായത്തിനായി ഞങ്ങൾ അങ്ങയിലേക്കു നോക്കുന്നു” എന്നു പറഞ്ഞുകൊണ്ട് യഹോവയിൽ ആശ്രയിക്കുകയും ചെയ്തു.—2 ദിന. 20:12.
13 എന്തു ചെയ്യണമെന്ന് അറിയാത്ത സാഹചര്യങ്ങൾ നമുക്കുമുണ്ടായേക്കാം, നമുക്കും പേടി തോന്നിയേക്കാം. (2 കൊരി. 4:8, 9) യഹോശാഫാത്ത് എന്തു ചെയ്തെന്ന് ഓർക്കുക. താനും ജനവും തീർത്തും ബലഹീനരാണെന്നു പരസ്യപ്രാർഥനയിൽ യഹോശാഫാത്ത് യഹോവയോടു പറഞ്ഞു. (2 ദിന. 20:5) കുടുംബത്തിൽ നേതൃത്വമെടുക്കുന്നവർക്ക് ഇക്കാര്യത്തിൽ യഹോശാഫാത്തിനെ അനുകരിക്കാം. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ആവശ്യമായ മാർഗനിർദേശത്തിനും ശക്തിക്കും ആയി നിങ്ങൾ യഹോവയിലേക്കു നോക്കണം. കുടുംബത്തോടൊത്ത് പ്രാർഥിക്കുമ്പോൾ ഇത്തരം യാചനകൾ നടത്തുന്നത് ഒരു നാണക്കേടാണെന്നു വിചാരിക്കരുത്. നിങ്ങൾ എത്രമാത്രം യഹോവയിൽ ആശ്രയിക്കുന്നുണ്ടെന്നു നിങ്ങളുടെ കുടുംബം തിരിച്ചറിയും. യഹോശാഫാത്തിനെ സഹായിച്ചതുപോലെ ദൈവം നിങ്ങളെയും സഹായിക്കും.
ഹിസ്കിയ എപ്പോഴും ശരിയായതു ചെയ്തു
14, 15. ദൈവത്തിൽ പൂർണമായി ആശ്രയിക്കുന്നെന്നു ഹിസ്കിയ കാണിച്ചത് എങ്ങനെ?
14 യഹോശാഫാത്തിന്റെ സാഹചര്യമല്ലായിരുന്നു ഹിസ്കിയയുടേത്. ഹിസ്കിയയുടെ അപ്പൻ വിഗ്രഹാരാധിയായിരുന്നു. അപ്പന്റേതു മോശം മാതൃകയായിരുന്നെങ്കിലും “ഹിസ്കിയ യഹോവയോടു പറ്റിനിന്നു.” അദ്ദേഹം “ആരാധനാസ്ഥലങ്ങൾ നീക്കം ചെയ്യുകയും പൂജാസ്തംഭങ്ങൾ ഉടച്ചുകളയുകയും പൂജാസ്തൂപം വെട്ടിയിടുകയും ചെയ്തു.” അക്കാലമായപ്പോഴേക്കും ഇസ്രായേല്യർ മോശ ഉണ്ടാക്കിയ താമ്രസർപ്പത്തെ ആരാധിക്കാൻതുടങ്ങിയിരുന്നതുകൊണ്ട് അതും തകർത്തുകളഞ്ഞു. ഹിസ്കിയയുടെ ഹൃദയം പൂർണമായും യഹോവയിൽ അർപ്പിതമായിരുന്നു, “ദൈവത്തെ അനുഗമിക്കുന്നതിൽനിന്ന് അദ്ദേഹം വ്യതിചലിച്ചില്ല. യഹോവ മോശയ്ക്കു കൊടുത്ത കല്പനകളെല്ലാം ഹിസ്കിയ അനുസരിച്ചു.”—2 രാജാ. 18:1-6.
15 അക്കാലത്തെ ലോകശക്തിയായിരുന്ന അസീറിയ യഹൂദയെ ആക്രമിക്കുകയും യരുശലേമിനെ തുടച്ചുനീക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. അപ്പോഴും ഹിസ്കിയ മുഴുഹൃദയത്തോടെ യഹോവയിൽ ആശ്രയിച്ചു. അസീറിയൻ രാജാവായ സൻഹെരീബ് യഹോവയെ നിന്ദിക്കുകയും ഹിസ്കിയയോടു കീഴടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ തന്നെയും ജനത്തെയും രക്ഷിക്കാൻ യഹോവയ്ക്കു കഴിയുമെന്നു ഹിസ്കിയയ്ക്ക് ഉറപ്പായിരുന്നു. ഹിസ്കിയ അതു പ്രാർഥനയിൽ യഹോവയെ അറിയിക്കുകയും ചെയ്തു. (യശയ്യ 37:15-20 വായിക്കുക.) ഒരു ദൂതനെ അയച്ച് 1,85,000 അസീറിയക്കാരെ കൊന്നുകൊണ്ട് യഹോവ ആ പ്രാർഥനയ്ക്ക് ഉത്തരം കൊടുത്തു.—യശ. 37:36, 37.
16, 17. നമുക്ക് എങ്ങനെ ഹിസ്കിയയെ അനുകരിക്കാം?
16 പിന്നീട് ഒരിക്കൽ, ഒരു രോഗം വന്ന് ഹിസ്കിയ മരിക്കാറായി. താൻ യഹോവയുടെ മുമ്പാകെ എങ്ങനെയാണു നടന്നതെന്ന് ഓർക്കേണമേ എന്നു ഹിസ്കിയ യഹോവയോട് അപേക്ഷിച്ചു. (2 രാജാക്കന്മാർ 20:1-3 വായിക്കുക.) ഇക്കാലത്ത് ദൈവം അത്ഭുതകരമായി നമ്മളെ സുഖപ്പെടുത്തുമെന്നോ നമ്മുടെ ആയുസ്സു നീട്ടിത്തരുമെന്നോ പ്രതീക്ഷിക്കാനാകില്ലെന്നു തിരുവെഴുത്തുകളിൽനിന്ന് നമുക്ക് അറിയാം. എങ്കിലും ഹിസ്കിയയെപ്പോലെ നമുക്ക് ഓരോരുത്തർക്കും പ്രാർഥനയിൽ യഹോവയോട് ഇങ്ങനെ പറയാൻ കഴിയും: ‘ഞാൻ അങ്ങയുടെ മുമ്പാകെ വിശ്വസ്തതയോടും പൂർണഹൃദയത്തോടും കൂടെ നടന്നു.’ രോഗശയ്യയിൽപ്പോലും യഹോവയ്ക്കു നിങ്ങളെ താങ്ങാൻ കഴിയുമെന്നും അതു ചെയ്യാൻ യഹോവ ആഗ്രഹിക്കുന്നെന്നും നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?—സങ്കീ. 41:3.
17 ഹിസ്കിയയുടെ മാതൃകയിൽനിന്ന് എന്തു പഠിക്കാം? ദൈവവുമായുള്ള ബന്ധത്തിനു തടസ്സം നിൽക്കുന്ന അല്ലെങ്കിൽ സത്യാരാധനയിൽനിന്ന് ശ്രദ്ധ വ്യതിചലിപ്പിക്കുന്ന എന്തെങ്കിലും നിങ്ങൾ ഒഴിവാക്കേണ്ടതുണ്ടായിരിക്കാം. ഉദാഹരണത്തിന്, ഇന്നു ലോകത്തുള്ള ആളുകൾ ചില വ്യക്തികളെ ആരാധനാപാത്രങ്ങളാക്കുന്നു. സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റുകളിലും ആപ്ലിക്കേഷനുകളിലും ആളുകൾ അവരെ ദൈവങ്ങളെപ്പോലെയാണു ചിത്രീകരിക്കുന്നത്. എന്നാൽ ക്രിസ്ത്യാനികളായ നമ്മൾ അങ്ങനെ ചെയ്യാൻ ആഗ്രഹിക്കുന്നില്ല. കുടുംബാംഗങ്ങളുമായും ഉറ്റ സുഹൃത്തുക്കളുമായും ആശയവിനിമയം നടത്തുന്നതിന് അത്തരം സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ ഇന്നു ലോകത്തുള്ള മിക്കവരും, പരിചയംപോലുമില്ലാത്ത സ്ത്രീപുരുഷന്മാരുടെ ചിത്രങ്ങൾ കാണാനും അഭിപ്രായങ്ങൾ വായിക്കാനും കണക്കിലധികം സമയം ചെലവിടുന്നുണ്ട്. നമ്മൾ അവരെപ്പോലെയായാൽ, യാതൊരു മൂല്യവുമില്ലാത്ത കാര്യങ്ങളിൽ മുഴുകിപ്പോകാനുള്ള സാധ്യതയുണ്ട്. താൻ ഇടുന്ന ചിത്രങ്ങളും അഭിപ്രായങ്ങളും ഇഷ്ടപ്പെടുന്ന ആളുകളുടെ (‘ലൈക്ക്’ ചെയ്യുന്നവരുടെ) എണ്ണം കൂടുമ്പോൾ ഒരു ക്രിസ്ത്യാനിക്ക് അഹങ്കാരം തോന്നിയേക്കാം. മറ്റുള്ളവർ അവ നോക്കുന്നതു നിറുത്തുമ്പോൾ ആ വ്യക്തിക്കു ദേഷ്യം തോന്നാനും ഇടയുണ്ട്. പൗലോസും അക്വിലയും പ്രിസ്കില്ലയും ഇന്നുണ്ടായിരുന്നെങ്കിൽ അവർ എന്തു ചെയ്യുമായിരുന്നു? ഓരോ ദിവസവും ഇന്റർനെറ്റിൽ ചിത്രങ്ങൾ ഇടുന്നതിലും സഹോദരങ്ങളല്ലാത്ത ചിലരുടെ ചിത്രങ്ങളും അഭിപ്രായങ്ങളും നോക്കുന്നതിലും അവർ മുഴുകുമായിരുന്നോ? “പൗലോസ് ദൈവവചനം പ്രസംഗിക്കുന്നതിൽ മുഴുകി” എന്നാണു ബൈബിൾ പറയുന്നത്. ‘ദൈവത്തിന്റെ മാർഗത്തെക്കുറിച്ച് കൂടുതൽ കൃത്യമായി വിവരിച്ചുകൊടുക്കാനാണ്’ അക്വിലയും പ്രിസ്കില്ലയും അവരുടെ സമയം ഉപയോഗിച്ചത്. (പ്രവൃ. 18:4, 5, 26) അതുകൊണ്ട് നമ്മളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘ആളുകളെ ആരാധനാപാത്രങ്ങളാക്കുന്നതും ഒരു ഗുണവുമില്ലാത്ത കാര്യങ്ങൾക്കുവേണ്ടി ഒരുപാടു സമയം ചെലവിടുന്നതും ഞാൻ ഒഴിവാക്കുന്നുണ്ടോ?’—എഫെസ്യർ 5:15, 16 വായിക്കുക.
യോശിയ യഹോവയുടെ കല്പനകൾ പാലിച്ചു
18, 19. ഏതൊക്കെ വിധങ്ങളിൽ യോശിയയെ അനുകരിക്കാനാണു നിങ്ങൾ ആഗ്രഹിക്കുന്നത്?
18 ഹിസ്കിയയുടെ കൊച്ചുമകന്റെ മകനായ യോശിയയും യഹോവയുടെ കല്പനകൾ ‘മുഴുഹൃദയത്തോടെ’ പാലിച്ചു. (2 ദിന. 34:31) കൗമാരത്തിൽത്തന്നെ യോശിയ രാജാവ് “ദാവീദിന്റെ ദൈവത്തെ അന്വേഷിച്ചു.” 20 വയസ്സായപ്പോഴേക്കും അദ്ദേഹം യഹൂദയിൽനിന്ന് വിഗ്രഹാരാധന തുടച്ചുനീക്കാനുള്ള നടപടികൾക്കു തുടക്കംകുറിച്ചു. (2 ദിനവൃത്താന്തം 34:1-3 വായിക്കുക.) ദൈവത്തിന് ഇഷ്ടമുള്ളതു ചെയ്യുന്നതിൽ യോശിയ മറ്റ് ഏതൊരു യഹൂദാരാജാവിനെക്കാളും ശുഷ്കാന്തി കാണിച്ചു. അക്കാലത്താണു മഹാപുരോഹിതൻ യഹോവയുടെ നിയമപുസ്തകം ദേവാലയത്തിൽനിന്ന് കണ്ടെടുത്തത്. മോശതന്നെ എഴുതിയ പുസ്തകമായിരിക്കാം അത്. ആ നിയമപുസ്തകം വായിച്ചുകേട്ടപ്പോൾ ദൈവസേവനത്തിൽ ഇനിയും കൂടുതൽ ചെയ്യാനുണ്ടെന്നു യോശിയ തിരിച്ചറിഞ്ഞു. യഹോവയെ സേവിക്കാൻ അദ്ദേഹം മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അതുകൊണ്ട് ജനം ‘യോശിയയുടെ ജീവിതകാലത്ത് ഒരിക്കലും യഹോവയുടെ വഴി വിട്ടുമാറിയില്ല.’—2 ദിന. 34:27, 33.
19 യോശിയയെപ്പോലെ ചെറുപ്രായത്തിൽത്തന്നെ യഹോവയെ അന്വേഷിച്ചുതുടങ്ങുക. പശ്ചാത്തപിച്ച് പഴയ ജീവിതത്തിനു മാറ്റം വരുത്തിയ മനശ്ശെ രാജാവ് ദൈവത്തിന്റെ കരുണയെക്കുറിച്ച് യോശിയയെ പഠിപ്പിച്ചിരിക്കാൻ സാധ്യതയുണ്ട്. ചെറുപ്പക്കാരേ, കുടുംബത്തിലെയും സഭയിലെയും പ്രായമുള്ള ദൈവദാസരുമായി നല്ല സൗഹൃദം വളർത്തിയെടുക്കുക. യഹോവ അവരോട് എങ്ങനെയെല്ലാമാണു നന്മ ചെയ്തിട്ടുള്ളതെന്നു ചോദിച്ച് മനസ്സിലാക്കുക. തിരുവെഴുത്തുകളുടെ വായന യോശിയയുടെ ഹൃദയത്തെ സ്പർശിക്കുകയും ദൈവസേവനത്തിനു മുന്നിട്ടിറങ്ങാൻ പ്രേരിപ്പിക്കുകയും ചെയ്തു. ദൈവവചനം വായിക്കുന്നതു ദൈവത്തെ കൂടുതൽ തികവോടെ അനുസരിക്കാൻ നിങ്ങളെയും പ്രേരിപ്പിക്കും. അപ്പോൾ നിങ്ങളുടെ സന്തോഷം വർധിക്കും, ദൈവവുമായുള്ള ബന്ധം ശക്തമാകും, ദൈവത്തെ അന്വേഷിക്കാൻ മറ്റുള്ളവരെ സഹായിക്കുന്നതിനു നിങ്ങൾ പ്രചോദിതരാകുകയും ചെയ്യും. (2 ദിനവൃത്താന്തം 34:18, 19 വായിക്കുക.) ദൈവവചനം പഠിക്കുമ്പോൾ ദൈവസേവനത്തിൽ കൂടുതൽ ചെയ്യാനുള്ള വഴികളും നിങ്ങൾ കണ്ടെത്തും. യോശിയയെപ്പോലെ അവ പ്രാവർത്തികമാക്കാൻ പരമാവധി ശ്രമിക്കുക.
യഹോവയെ പൂർണഹൃദയത്തോടെ സേവിക്കുക!
20, 21. (എ) നമ്മൾ പഠിച്ച നാലു രാജാക്കന്മാരും എങ്ങനെയുള്ളവരായിരുന്നു? (ബി) അടുത്ത ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
20 യഹോവയെ പൂർണഹൃദയത്തോടെ സേവിച്ച ഈ നാലു രാജാക്കന്മാരെക്കുറിച്ച് പഠിച്ചതു നിങ്ങൾക്കു പ്രയോജനം ചെയ്തില്ലേ? ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നതിൽ അവർ ഉത്സാഹമുള്ളവരായിരുന്നു, ദൈവത്തെ ആരാധിക്കുന്നതിൽ പൂർണമായി അർപ്പിതരുമായിരുന്നു. ശക്തരായ ശത്രുക്കളെ നേരിടേണ്ടിവന്നപ്പോഴും അവർ യഹോവയിൽ ആശ്രയിച്ചു. എന്നാൽ പ്രധാനപ്പെട്ട മറ്റൊരു സംഗതികൂടിയുണ്ട്. സ്വാർഥലക്ഷ്യങ്ങളല്ല, ദൈവത്തോടുള്ള സ്നേഹമാണു ദൈവത്തെ സേവിക്കാൻ അവരെ പ്രേരിപ്പിച്ചത്.
21 അടുത്ത ലേഖനത്തിൽ നമ്മൾ പഠിക്കാൻപോകുന്നതുപോലെ ഈ നാലു രാജാക്കന്മാരും ചില തെറ്റുകൾ ചെയ്തു. എങ്കിലും അവരുടെ ഹൃദയം പരിശോധിച്ച യഹോവ, അവർ പൂർണഹൃദയത്തോടെയാണു തന്നെ സേവിച്ചതെന്നു പറഞ്ഞു. നമുക്കും തെറ്റുകുറ്റങ്ങളൊക്കെയുണ്ടെങ്കിലും, നമ്മുടെ ഹൃദയങ്ങളെ പരിശോധിക്കുമ്പോൾ നമ്മൾ പൂർണഹൃദയത്തോടെയാണു സേവിക്കുന്നതെന്ന് യഹോവയ്ക്കു പറയാൻ കഴിയുമോ? അതിനു നമ്മൾ എന്തു ചെയ്യണമെന്ന് അടുത്ത ലേഖനത്തിൽ പഠിക്കും.