എല്ലാത്തിന്റെയും ഉടയവന് നമ്മൾ കൊടുക്കേണ്ടത് എന്തുകൊണ്ട്?
“ഞങ്ങളുടെ ദൈവമേ, ഞങ്ങൾ ഇതാ, അങ്ങയോടു നന്ദി പറയുകയും അങ്ങയുടെ മഹനീയനാമത്തെ സ്തുതിക്കുകയും ചെയ്യുന്നു.”—1 ദിന. 29:13.
1, 2. യഹോവ എങ്ങനെയാണ് ഉദാരത കാണിച്ചിരിക്കുന്നത്?
യഹോവ ഉദാരനായ ദൈവമാണ്. നമുക്കുള്ളതെല്ലാം യഹോവയിൽനിന്നുള്ളതാണ്. പൊന്നും വെള്ളിയും ഉൾപ്പെടെ ഭൂമിയിലെ മുഴുവൻ പ്രകൃതിവിഭവങ്ങളും യഹോവയുടേതാണ്. ഇവിടെ ജീവൻ നിലനിറുത്തുന്നതിന് യഹോവ ആ പ്രകൃതിവിഭവങ്ങൾ ഉപയോഗിക്കുന്നു. (സങ്കീ. 104:13-15; ഹഗ്ഗാ. 2:8) തന്റെ ജനത്തിനായി കരുതാൻ അത്തരം വിഭവങ്ങൾ അത്ഭുതകരമായി ഉപയോഗിച്ചതിന്റെ അനേകം വിവരണങ്ങൾ ബൈബിളിലുണ്ട്.
2 ഉദാഹരണത്തിന്, ഇസ്രായേൽ ജനത വിജനഭൂമിയിലായിരുന്ന കാലത്ത് 40 വർഷം യഹോവ അവർക്കു മന്നയും വെള്ളവും കൊടുത്തു. (പുറ. 16:35) “അവർക്ക് ഒന്നിനും ഒരു കുറവുമില്ലായിരുന്നു.” (നെഹ. 9:20, 21) പിന്നീട് ഒരിക്കൽ യഹോവ വിശ്വസ്തയായ ഒരു വിധവയ്ക്ക് ആകെയുണ്ടായിരുന്ന അൽപ്പം എണ്ണ വർധിപ്പിച്ചുകൊടുത്തുകൊണ്ട് എലീശ പ്രവാചകനിലൂടെ ഒരു അത്ഭുതം പ്രവർത്തിച്ചു. എണ്ണ വിറ്റുകിട്ടിയ പണംകൊണ്ട് ആ വിധവയ്ക്കും മക്കൾക്കും കടം വീട്ടാനും തുടർന്നുള്ള കാലം ജീവിക്കാനും കഴിഞ്ഞു. (2 രാജാ. 4:1-7) യഹോവയുടെ സഹായത്താൽ യേശു അത്ഭുതകരമായി ഭക്ഷണം കൊടുത്തു, ആവശ്യം വന്നപ്പോൾ പണംപോലും.—മത്താ. 15:35-38; 17:27.
3. ഈ ലേഖനത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?
3 ഭൂമിയിലെ തന്റെ സൃഷ്ടികളെ പുലർത്താൻ വേണ്ടതും അതിലധികവും വിഭവങ്ങൾ യഹോവയ്ക്കുണ്ട്. എങ്കിലും തങ്ങളുടെ വസ്തുവകകൾ ഉപയോഗിച്ച് സംഘടനയുടെ പ്രവർത്തനത്തെ പിന്തുണയ്ക്കാൻ യഹോവ തന്റെ ദാസർക്ക് അവസരം കൊടുത്തിരിക്കുന്നു. (പുറ. 36:3-7; സുഭാഷിതങ്ങൾ 3:9 വായിക്കുക.) യഹോവയ്ക്കു തിരികെ കൊടുക്കുന്നതിനു നമ്മുടെ വിലയേറിയ വസ്തുക്കൾ ഉപയോഗിക്കാൻ യഹോവ പ്രതീക്ഷിക്കുന്നത് എന്തുകൊണ്ട്? ദൈവത്തിന്റെ വേലയെ പിന്തുണയ്ക്കാൻ ബൈബിൾക്കാലങ്ങളിലെ വിശ്വസ്തദാസർ എന്താണു ചെയ്തത്? സംഭാവനയായി കിട്ടുന്ന പണം ഇക്കാലത്ത് സംഘടന എങ്ങനെയാണ് ഉപയോഗിക്കുന്നത്? ഈ ലേഖനത്തിൽ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ചർച്ച ചെയ്യും.
നമ്മൾ യഹോവയ്ക്കു കൊടുക്കുന്നത് എന്തുകൊണ്ട്?
4. യഹോവയുടെ സംഘടനയുടെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുമ്പോൾ നമ്മൾ എന്താണു തെളിയിക്കുന്നത്?
4 നമ്മൾ യഹോവയ്ക്കു കൊടുക്കുന്നത് യഹോവയോടു സ്നേഹവും നന്ദിയും ഉള്ളതുകൊണ്ടാണ്. യഹോവ നമുക്കുവേണ്ടി ചെയ്ത കാര്യങ്ങളെക്കുറിച്ചെല്ലാം ചിന്തിക്കുമ്പോൾ നമ്മുടെ ഹൃദയം നന്ദികൊണ്ട് നിറയും. ഇക്കാര്യത്തിൽ ദാവീദിന്റെ നല്ല മനോഭാവം നമുക്ക് അനുകരിക്കാം. ആലയംപണിക്കുവേണ്ട കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചപ്പോൾ നമുക്കുള്ള സകലവും യഹോവയിൽനിന്നാണെന്നും യഹോവ നമുക്കു തന്നിട്ടുള്ളതേ നമുക്കു തിരിച്ചു കൊടുക്കാനുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.—1 ദിനവൃത്താന്തം 29:11-14 വായിക്കുക.
5. സ്വമനസ്സാലെ കൊടുക്കുന്നതു സത്യാരാധനയുടെ ഒരു പ്രധാനപ്പെട്ട വശമാണെന്നു തിരുവെഴുത്തുകൾ എങ്ങനെയാണു കാണിച്ചുതരുന്നത്?
5 യഹോവയ്ക്കു കൊടുക്കുന്നതു സത്യാരാധനയുടെ ഒരു ഭാഗവുമാണ്. ഒരു ദർശനത്തിൽ സ്വർഗത്തിലുള്ള യഹോവയുടെ ദാസന്മാർ ഇങ്ങനെ പറയുന്നതു യോഹന്നാൻ അപ്പോസ്തലൻ കേട്ടു: “ഞങ്ങളുടെ ദൈവമായ യഹോവേ, മഹത്ത്വവും ബഹുമാനവും ശക്തിയും ലഭിക്കാൻ അങ്ങ് യോഗ്യനാണ്. കാരണം അങ്ങാണ് എല്ലാം സൃഷ്ടിച്ചത്; അങ്ങയുടെ ഇഷ്ടപ്രകാരമാണ് എല്ലാം ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും.” (വെളി. 4:11) എല്ലാ മഹത്ത്വത്തിനും ബഹുമാനത്തിനും അർഹനാണ് യഹോവ. അതുകൊണ്ട് നമുക്കുള്ള ഏറ്റവും നല്ലത് യഹോവയ്ക്കു കൊടുക്കാം. ഇസ്രായേല്യർ മൂന്ന് വാർഷികോത്സവങ്ങൾക്കായി തന്റെ മുമ്പാകെ കൂടിവരണമെന്നു മോശയിലൂടെ യഹോവ കല്പന കൊടുത്തിരുന്നു. എന്നാൽ, ആരാധനയ്ക്കായി കൂടിവരുന്ന അത്തരം അവസരങ്ങളിൽ അവർ ‘വെറുങ്കൈയോടെ യഹോവയുടെ മുന്നിൽ വരാൻ’ പാടില്ലായിരുന്നു. (ആവ. 16:16) ഇന്ന്, യഹോവയുടെ സംഘടന ചെയ്യുന്ന പ്രവർത്തനങ്ങളോടു വിലമതിപ്പുള്ളതുകൊണ്ടും ആ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നതുകൊണ്ടും നമ്മളും മനസ്സോടെ കൊടുക്കുന്നു. അതു നമ്മുടെ ആരാധനയുടെ ഒരു പ്രധാനപ്പെട്ട വശമാണ്.
6. കൊടുക്കുന്നതു നമുക്കു പ്രയോജനം ചെയ്യുന്നത് എന്തുകൊണ്ട്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
6 ഇനി, കേവലം വാങ്ങുന്നവർ മാത്രമായിരിക്കാതെ കൊടുക്കുന്നവരായിരിക്കുന്നതു നമുക്കുതന്നെ പ്രയോജനം ചെയ്യും. (സുഭാഷിതങ്ങൾ 29:21 വായിക്കുക.) അച്ഛനും അമ്മയും കൊടുക്കുന്ന ‘പോക്കറ്റുമണി’യിൽനിന്ന് മിച്ചം പിടിച്ച് അവർക്കൊരു സമ്മാനം വാങ്ങിക്കൊടുക്കുന്ന കുട്ടിയെക്കുറിച്ച് ചിന്തിക്കുക. അപ്പോൾ ആ അച്ഛനും അമ്മയ്ക്കും എത്ര സന്തോഷം തോന്നും! മുൻനിരസേവനം ചെയ്തുകൊണ്ട് വീട്ടിൽ താമസിക്കുന്ന മകനോ മകളോ വീട്ടുചെലവുകൾ നടത്തുന്നതിനു മാതാപിതാക്കളെ സഹായിക്കാൻ എന്തെങ്കിലും കൊടുത്തേക്കാം. മാതാപിതാക്കൾ അതു പ്രതീക്ഷിക്കുന്നുണ്ടാകില്ല. എങ്കിലും അവർ ആ സമ്മാനം സ്വീകരിക്കും. കാരണം മാതാപിതാക്കൾ ചെയ്തുതരുന്ന കാര്യങ്ങളോടെല്ലാം തനിക്കു വിലമതിപ്പുണ്ടെന്നു കാണിക്കാൻ കുട്ടിക്ക് ഇത് ഒരു നല്ല മാർഗമാണ്. സമാനമായി, നമ്മുടെ വിലയേറിയ വസ്തുക്കളിൽനിന്ന് കൊടുത്തുശീലിക്കുന്നതു നമുക്കു നല്ലതാണെന്ന് യഹോവയ്ക്ക് അറിയാം.
ബൈബിൾക്കാലങ്ങളിൽ കൊടുത്ത വിധം
7, 8. ബൈബിൾക്കാലങ്ങളിലെ ദൈവജനം, (എ) പ്രത്യേക ആവശ്യങ്ങൾക്കുവേണ്ടി (ബി) യഹോവയുടെ വേലയെ പിന്തുണയ്ക്കുന്നതിനുവേണ്ടി സംഭാവന കൊടുക്കുന്നതിനു മാതൃക വെച്ചത് എങ്ങനെ?
7 സ്വന്തം വസ്തുവകകളിൽനിന്ന് സംഭാവന കൊടുക്കുന്നതിനു വ്യക്തമായ തിരുവെഴുത്ത് അടിസ്ഥാനമുണ്ട്. കഴിഞ്ഞ കാലങ്ങളിൽ യഹോവയുടെ ജനം ചില പ്രത്യേക ആവശ്യങ്ങൾക്കുവേണ്ടി സംഭാവന ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന്, വിശുദ്ധകൂടാരത്തിന്റെ നിർമാണത്തിനുവേണ്ടി സംഭാവന ചെയ്യാൻ മോശ ഇസ്രായേല്യരെ പ്രോത്സാഹിപ്പിച്ചു. കൂടാതെ, ആലയത്തിന്റെ പണിക്കു സംഭാവന നൽകുന്നതിനെക്കുറിച്ച് ദാവീദ് രാജാവ് പറഞ്ഞു. (പുറ. 35:5; 1 ദിന. 29:5-9) യഹോവാശ് രാജാവിന്റെ കാലത്ത് യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റപ്പണികൾക്കുവേണ്ടി പണം ശേഖരിക്കുകയും പുരോഹിതന്മാർ അത് ഉപയോഗിച്ച് പണികൾ നടത്തുകയും ചെയ്തു. (2 രാജാ. 12:4, 5) ഒന്നാം നൂറ്റാണ്ടിൽ യഹൂദ്യയിൽ ഒരു ക്ഷാമമുണ്ടായപ്പോൾ അവിടെയുള്ള സഹോദരങ്ങൾക്കു സഹായം ആവശ്യമുണ്ടെന്നു മറ്റു സ്ഥലങ്ങളിലെ സഹോദരങ്ങൾ മനസ്സിലാക്കി. അപ്പോൾ കഴിവനുസരിച്ച് ഓരോരുത്തരും ദുരിതാശ്വാസപ്രവർത്തനത്തിനു സംഭാവന ചെയ്തു.—പ്രവൃ. 11:27-30.
8 മറ്റു ചിലപ്പോൾ, യഹോവയുടെ വേലയിൽ നേതൃത്വമെടുത്തിരുന്നവരെ ദൈവജനം സാമ്പത്തികമായി പിന്തുണച്ചു. മോശയുടെ നിയമത്തിൻകീഴിൽ ഗോത്രങ്ങൾക്ക് അവകാശം കൊടുത്തപ്പോൾ ലേവ്യർക്ക് അവകാശം കൊടുത്തില്ല. പകരം ഇസ്രായേല്യർ അവർക്കു ദശാംശം അതായത് പത്തിലൊന്നു കൊടുക്കാനാണു വ്യവസ്ഥ ചെയ്തിരുന്നത്. അങ്ങനെ ലേവ്യർക്കു വിശുദ്ധകൂടാരത്തോടു ബന്ധപ്പെട്ട ജോലികളിൽ മുഴുകാൻ കഴിഞ്ഞു. (സംഖ്യ 18:21) അതുപോലെ, ഉദാരമനസ്കരായ ചില സ്ത്രീകൾ തങ്ങളുടെ “സ്വത്തുക്കൾകൊണ്ട്” യേശുവിനെയും അപ്പോസ്തലന്മാരെയും പിന്തുണച്ചിരുന്നു.—ലൂക്കോ. 8:1-3.
9. ആദ്യകാലത്ത് സംഭാവനകൾ ലഭിച്ചിരുന്ന ചില വിധങ്ങൾ ഏവ?
9 വ്യത്യസ്തവിധങ്ങളിലാണു ദൈവജനം സംഭാവനയ്ക്കുള്ള പണം കണ്ടെത്തിയത്. വിജനഭൂമിയിലായിരുന്നപ്പോൾ വിശുദ്ധകൂടാരം പണിയുന്നതിന് ഇസ്രായേല്യർ കൊടുത്ത സംഭാവനകളിൽ സാധ്യതയനുസരിച്ച് അവർ ഈജിപ്തിൽനിന്ന് കൊണ്ടുവന്ന മൂല്യവത്തായ വസ്തുക്കൾ ഉൾപ്പെട്ടിരുന്നു. (പുറ. 3:21, 22; 35:22-24) ഒന്നാം നൂറ്റാണ്ടിൽ ചില ക്രിസ്ത്യാനികൾ തങ്ങളുടെ നിലങ്ങളോ വീടുകളോ ഒക്കെ വിറ്റുകിട്ടിയ പണം അപ്പോസ്തലന്മാരുടെ അടുക്കൽ കൊണ്ടുവന്നു. ഇല്ലായ്മ അനുഭവിച്ചിരുന്നവർക്ക് ഈ പണം അപ്പോസ്തലന്മാർ വിതരണം ചെയ്തു. (പ്രവൃ. 4:34, 35) ചിലരാകട്ടെ, ആത്മീയപ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിന് ഒരു തുക നീക്കിവെക്കുകയും ക്രമമായി അതു സംഭാവന ചെയ്യുകയും ചെയ്തു. (1 കൊരി. 16:2) തീരെ പാവപ്പെട്ടവർമുതൽ അതിസമ്പന്നർവരെ എല്ലാ തരക്കാർക്കും സംഭാവന ചെയ്യുന്നതിൽ ഒരു പങ്കുണ്ടായിരുന്നു.—ലൂക്കോ. 21:1-4.
സംഭാവനകൾ ഇന്ന്
10, 11. (എ) ബൈബിൾക്കാലങ്ങളിലെ യഹോവയുടെ ദാസന്മാർ കാണിച്ച ഔദാര്യം നമുക്ക് എങ്ങനെ അനുകരിക്കാം? (ബി) ദൈവരാജ്യത്തിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനെ നിങ്ങൾ എങ്ങനെ കാണുന്നു?
10 ഇന്ന്, ചില പ്രത്യേക ആവശ്യങ്ങൾക്കുവേണ്ടി സംഭാവനകൾ കൊടുക്കാൻ നമുക്കും അവസരം ലഭിച്ചേക്കാം. ഉദാഹരണത്തിന്, നിങ്ങളുടെ സഭ ഒരു പുതിയ രാജ്യഹാൾ പണിയാൻ പദ്ധതിയിടുന്നുണ്ടോ? അതോ നിങ്ങളുടെ ഇപ്പോഴത്തെ രാജ്യഹാൾ പുതുക്കിപ്പണിയുകയാണോ? ചിലപ്പോൾ നിങ്ങളുടെ ബ്രാഞ്ചോഫീസ് പുതുക്കിപ്പണിയുകയായിരിക്കും. അല്ലെങ്കിൽ കൺവെൻഷന്റെ ചെലവുകൾക്കോ പ്രകൃതിവിപത്ത് ആഞ്ഞടിച്ച സ്ഥലത്തെ സഹോദരങ്ങളെ സഹായിക്കുന്നതിനോ വേണ്ടിയാകാം പണം ആവശ്യമായിവരുന്നത്. ലോകാസ്ഥാനത്തും ലോകമെങ്ങുമുള്ള ബ്രാഞ്ചോഫീസുകളിലും സേവിക്കുന്ന സഹോദരങ്ങളെ പിന്തുണയ്ക്കുന്നതിനും നമ്മൾ സംഭാവന കൊടുക്കുന്നു. മിഷനറിമാരെയും പ്രത്യേക മുൻനിരസേവകരെയും സർക്കിട്ട് വേലയിലുള്ള സഹോദരങ്ങളെയും പിന്തുണയ്ക്കുന്നതിനുവേണ്ടിയും നമ്മുടെ സംഭാവനകൾ ഉപയോഗിക്കുന്നു. ഭൂമിയിലെമ്പാടും സമ്മേളനഹാളുകളും രാജ്യഹാളുകളും പണിയുന്നതിനായി നിങ്ങളുടെ സഭ ഒരു നിശ്ചിതതുക സ്ഥിരമായി അയച്ചുകൊടുക്കുന്നുണ്ടായിരിക്കും. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള സഹോദരങ്ങളെ നമ്മൾ അങ്ങനെ സഹായിക്കുന്നു.
11 ഈ അവസാനകാലത്ത് യഹോവ ചെയ്തുകൊണ്ടിരിക്കുന്ന വേലയെ പിന്തുണയ്ക്കാൻ നമുക്ക് എല്ലാവർക്കും അവസരമുണ്ട്. പേര് വെളിപ്പെടുത്താതെയാണു മിക്കവരും സംഭാവന ചെയ്യുന്നത്. രാജ്യഹാളുകളിലെ സംഭാവനപ്പെട്ടികളിൽ പണമിടുമ്പോഴോ jw.org-ലൂടെ ഓൺലൈനായി സംഭാവന ചെയ്യുമ്പോഴോ എത്ര കൊടുത്തെന്ന് ആരും അറിയാൻ നമ്മൾ ആഗ്രഹിക്കുന്നില്ല. നമ്മുടെ ചെറിയ സംഭാവനകൾകൊണ്ട് എന്താകാനാണ് എന്ന് ഒരുപക്ഷേ നമ്മൾ വിചാരിച്ചേക്കാം. പക്ഷേ ഒരു കാര്യം ഓർക്കുക: ഇന്നു നമുക്കു കിട്ടുന്ന സംഭാവനകളുടെ സിംഹഭാഗവും വരുന്നതു ചെറിയചെറിയ സംഭാവനകളിൽനിന്നാണ്, അല്ലാതെ ഏതാനും ചില ഭീമമായ സംഭാവനകളിൽനിന്നല്ല. എല്ലാവർക്കും, സാമ്പത്തികശേഷി കുറഞ്ഞ സഹോദരങ്ങൾക്കുപോലും, മാസിഡോണിയക്കാരുടെ മനോഭാവമാണുള്ളതെന്നു പറയാം. “കൊടിയ ദാരിദ്ര്യത്തിലായിരുന്നിട്ടുപോലും” മാസിഡോണിയയിലെ സഹോദരങ്ങൾ സംഭാവന ചെയ്യാനുള്ള പദവിക്കായി യാചിക്കുകയും ഉദാരമായി അങ്ങനെ ചെയ്യുകയും ചെയ്തു.—2 കൊരി. 8:1-4.
12. സംഭാവനയായി ലഭിക്കുന്ന പണം ഏറ്റവും നന്നായി ഉപയോഗിക്കാൻ സംഘടന എങ്ങനെയാണു ശ്രമിക്കുന്നത്?
12 സംഘടനയുടെ പണം ഉപയോഗിക്കുന്ന കാര്യത്തിലും ഭരണസംഘം ‘വിശ്വസ്തനും വിവേകിയും’ ആയിരിക്കാൻ കഠിനശ്രമം ചെയ്യുന്നു. പ്രാർഥനാപൂർവം, നന്നായി ആലോചിച്ചാണ് അവർ അതു ചെയ്യുന്നത്. (മത്താ. 24:45) ലഭിക്കുന്ന സംഭാവനകൾ അവർ ഓരോ ആവശ്യങ്ങൾക്കായി വകയിരുത്തുകയും അതനുസരിച്ച് ചെലവഴിക്കുകയും ചെയ്യുന്നു. (ലൂക്കോ. 14:28) ബൈബിൾക്കാലങ്ങളിൽ, ഏത് ഉദ്ദേശ്യത്തിനാണോ സംഭാവന കിട്ടിയിരുന്നത്, അതിനുവേണ്ടി മാത്രം അത് ഉപയോഗിക്കാൻ ചില നടപടിക്രമങ്ങൾ പിൻപറ്റിയിരുന്നു. ഉദാഹരണത്തിന്, പേർഷ്യയിലെ രാജാവ് സ്വർണവും വെള്ളിയും വിലപിടിപ്പുള്ള മറ്റു വസ്തുക്കളും യഹോവയുടെ ഭവനത്തിനുവേണ്ടി സംഭാവനയായി കൊടുത്തു. ഇന്നത്തെ മൂല്യമനുസരിച്ച് 630 കോടി രൂപയിലധികം വരും ഈ തുക. വാസ്തവത്തിൽ, സ്വമനസ്സാലെ കൊടുത്ത ഈ സംഭാവനകൾ യഹോവയ്ക്കുള്ള കാഴ്ചകളായിട്ടാണ് എസ്ര വീക്ഷിച്ചത്. അതുകൊണ്ട് ഈ സമ്പത്തുമായി എസ്ര യരുശലേമിലേക്കു പോയി. ശത്രുക്കളുടെ പ്രദേശത്തുകൂടിയുള്ള അപകടം നിറഞ്ഞ യാത്രയിൽ വിലപിടിച്ച ഈ നിധി സുരക്ഷിതമായി യരുശലേമിൽ എത്തിക്കുന്നതിന് എസ്ര വേണ്ട നടപടികൾ സ്വീകരിച്ചു. (എസ്ര 8:24-34) പിൽക്കാലത്ത്, സഹായം വേണ്ടിവന്ന യഹൂദ്യയിലെ സഹോദരങ്ങൾക്കുവേണ്ടി പൗലോസ് പണം ശേഖരിച്ചു. ഈ ദുരിതാശ്വാസ ധനസഹായം എത്തിച്ചുകൊടുക്കുന്നവർ “യഹോവയുടെ മുന്നിൽ മാത്രമല്ല, മനുഷ്യരുടെ മുന്നിലും എല്ലാം സത്യസന്ധമായി ചെയ്യാൻ ശ്രദ്ധിക്കുന്നു” എന്നു പൗലോസ് ഉറപ്പുവരുത്തി. (2 കൊരിന്ത്യർ 8:18-21 വായിക്കുക.) ഇക്കാലത്ത് എസ്രയെയും പൗലോസിനെയും അനുകരിച്ചുകൊണ്ട് നമ്മുടെ സംഘടനയും സംഭാവനയായി ലഭിക്കുന്ന പണം കൈകാര്യം ചെയ്യുകയും ചെലവഴിക്കുകയും ചെയ്യുന്ന കാര്യത്തിൽ കർശനമായ നടപടിക്രമങ്ങൾ പിൻപറ്റുന്നു.
13. സംഘടന അടുത്ത കാലത്ത് കാര്യങ്ങൾ ലളിതമാക്കിയിരിക്കുന്നത് എന്തുകൊണ്ട്?
13 ഒരു കുടുംബം ചിലപ്പോൾ, വരവിനുള്ളിൽ ചെലവുകൾ ഒതുക്കിനിറുത്തുന്നതിനോ ദൈവസേവനത്തിൽ കൂടുതൽ ചെയ്യാൻ ചെലവ് ചുരുക്കി ജീവിതം ലളിതമാക്കുന്നതിനോ വേണ്ടി ചില മാറ്റങ്ങളൊക്കെ വരുത്തിയേക്കാം. യഹോവയുടെ സംഘടനയുടെ കാര്യത്തിലും ഇതു സത്യമാണ്. അടുത്ത കാലത്ത്, ആവേശകരമായ പല പുതിയ പരിപാടികളും തുടങ്ങിയിട്ടുണ്ട്. അതു കാരണം ഇടയ്ക്കൊക്കെ വരവിനെക്കാൾ അധികം ചെലവുണ്ടാകുന്നു. അതുകൊണ്ട് പല കാര്യങ്ങളും വെട്ടിച്ചുരുക്കി ചെലവ് കുറച്ചുകൊണ്ട് നിങ്ങൾ ഉദാരമായി നൽകുന്ന സംഭാവനകൾ നന്നായി ഉപയോഗിക്കാൻ സംഘടന ശ്രമിക്കുന്നു.
നിങ്ങളുടെ സംഭാവനകൾകൊണ്ട് ചെയ്യുന്നത്
14-16. (എ) നിങ്ങളുടെ സംഭാവനകൾകൊണ്ട് എന്തൊക്കെ പ്രയോജനങ്ങളുണ്ടാകുന്നു? (ബി) ഈ കരുതലുകളിൽനിന്ന് നിങ്ങൾ വ്യക്തിപരമായി എങ്ങനെയാണു പ്രയോജനം നേടിയിരിക്കുന്നത്?
14 ഇതുപോലെ ആത്മീയവിഭവങ്ങൾകൊണ്ട് സമൃദ്ധമായ ഒരു സമയം മുമ്പൊരിക്കലും കണ്ടിട്ടില്ല എന്നു ദീർഘകാലമായി യഹോവയെ സേവിക്കുന്ന പല സഹോദരങ്ങളും പറയാറുണ്ട്. അതു ശരിയല്ലേ? അടുത്ത കാലത്തായി നമ്മൾ jw.org വെബ്സൈറ്റും JW പ്രക്ഷേപണവും ആരംഭിച്ചു. വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം കൂടുതൽ ഭാഷകളിൽ പ്രസിദ്ധീകരിച്ചു. 2014-15-ലെ “ഒന്നാമത് ദൈവരാജ്യം അന്വേഷിക്കുവിൻ!” ത്രിദിന അന്താരാഷ്ട്ര കൺവെൻഷന്, ലോകത്തിനു ചുറ്റുമുള്ള 14 നഗരങ്ങളിലെ ഏറ്റവും വലിയ സ്റ്റേഡിയങ്ങളാണു വേദിയായത്. കൂടിവന്നവർക്കെല്ലാം ആവേശമുണർത്തുന്ന അനുഭവമായിരുന്നു അത്.
15 യഹോവയുടെ സംഘടനയിൽനിന്ന് ലഭിക്കുന്ന സമ്മാനങ്ങൾ തങ്ങൾ വളരെയധികം വിലമതിക്കുന്നെന്നു പലരും പറഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന്, JW പ്രക്ഷേപണത്തെക്കുറിച്ച് ഏഷ്യയിലെ ഒരു രാജ്യത്ത് സേവിക്കുന്ന ഒരു ദമ്പതികൾ പറഞ്ഞത് ഇങ്ങനെയാണ്: “ഒരു ചെറിയ പട്ടണത്തിലാണു ഞങ്ങൾക്കു നിയമനം കിട്ടിയത്. അതുകൊണ്ട് ഞങ്ങൾക്കു ചിലപ്പോൾ ഒറ്റപ്പെട്ടതുപോലെ തോന്നും, യഹോവയുടെ വേല ഭൂവ്യാപകമായി നടക്കുന്ന ഒന്നാണ് എന്ന കാര്യം എളുപ്പം മറന്നുപോകും. പക്ഷേ JW പ്രക്ഷേപണത്തിലെ വ്യത്യസ്തപരിപാടികൾ കാണുമ്പോൾ, ഞങ്ങൾ ഒരു ആഗോള സഹോദരകുടുംബത്തിന്റെ ഭാഗമാണ് എന്ന കാര്യം ഞങ്ങളുടെ മനസ്സിലേക്ക് ഓടിയെത്തും. ഇവിടുത്തെ നമ്മുടെ പ്രിയ സഹോദരങ്ങളും JW പ്രക്ഷേപണം ആവേശത്തോടെയാണു സ്വീകരിക്കുന്നത്. പ്രതിമാസപരിപാടികൾ കാണുമ്പോൾ ഭരണസംഘത്തിലെ അംഗങ്ങളോടു കൂടുതൽ അടുപ്പം തോന്നുന്നെന്ന് അവർ പറയാറുണ്ട്. ദൈവത്തിന്റെ സംഘടനയുടെ ഭാഗമായിരിക്കുന്നതിൽ മുമ്പൊരിക്കലും തോന്നിയിട്ടില്ലാത്ത അഭിമാനമുണ്ട് അവർക്ക്.”
16 ലോകമെങ്ങുമായി ഏകദേശം 2,500 രാജ്യഹാളുകളാണ് ഇപ്പോൾ പുതുതായി നിർമിക്കുകയോ പുതുക്കിപ്പണിയുകയോ ചെയ്തുകൊണ്ടിരിക്കുന്നത്. പുതിയ രാജ്യഹാളിൽ മീറ്റിങ്ങുകൾ കൂടിയശേഷം ഹോണ്ടുറാസിലെ ഒരു സഭയിലെ സഹോദരങ്ങൾ ഇങ്ങനെ എഴുതി: “സ്വന്തമായി ഒരു രാജ്യഹാൾ എന്ന സ്വപ്നം പൂവണിയാൻ യഹോവയുടെ അഖിലാണ്ഡകുടുംബവും നമ്മുടെ ആഗോള സഹോദരകുടുംബവും ഞങ്ങളെ സഹായിച്ചു. ഇവയുടെ ഭാഗമായിരിക്കാൻ കഴിയുന്നതിൽ ഞങ്ങൾക്ക് അങ്ങേയറ്റം സന്തോഷം തോന്നുന്നു.” ദുരന്തങ്ങളിൽ എല്ലാം നഷ്ടപ്പെടുന്നവർക്കു സഹായം ലഭിക്കുമ്പോഴും സ്വന്തം ഭാഷയിൽ ബൈബിളും മറ്റു പ്രസിദ്ധീകരണങ്ങളും കിട്ടുമ്പോഴും വൻനഗരങ്ങളിലെ സാക്ഷീകരണത്തിന്റെയും പരസ്യസാക്ഷീകരണത്തിന്റെയും നല്ല ഫലങ്ങൾ കാണുമ്പോഴും സമാനമായ നന്ദിയും വിലമതിപ്പും മറ്റു പലരും അറിയിക്കാറുണ്ട്.
17. ഇന്നു സംഘടന പ്രവർത്തിക്കുന്ന വിധം യഹോവ നമ്മളെ പിന്തുണയ്ക്കുന്നുണ്ട് എന്നു തെളിയിക്കുന്നത് എങ്ങനെ?
17 ആളുകൾ മനസ്സോടെ കൊടുക്കുന്ന സംഭാവനകൾകൊണ്ട് ഇത്രയധികം പ്രവർത്തനങ്ങൾ എങ്ങനെയാണു മുന്നോട്ടുപോകുന്നതെന്നു പുറത്തുള്ളവർക്കു പിടികിട്ടുന്നില്ല. ഒരിക്കൽ വലിയ ഒരു കമ്പനിയുടെ മേധാവികളിൽ ഒരാൾ നമ്മുടെ ഒരു അച്ചടിശാല സന്ദർശിച്ചു. സ്വമേധാസേവകരാണ് അവിടത്തെ ജോലിയെല്ലാം ചെയ്യുന്നതെന്നും വിൽപ്പനയോ പണമുണ്ടാക്കാനുള്ള മറ്റു പ്രവർത്തനങ്ങളോ ഒന്നുമില്ലാതെ ആളുകൾ കൊടുക്കുന്ന സംഭാവനകൾകൊണ്ട് മാത്രമാണ് അത് നടക്കുന്നതെന്നും അറിഞ്ഞപ്പോൾ അദ്ദേഹത്തിനു വിശ്വസിക്കാനായില്ല. ഇങ്ങനെയൊക്കെ നടക്കുമോ എന്ന് അദ്ദേഹം അത്ഭുതപ്പെട്ടുപോയി. ശരിയാണ്, നമ്മളും സമ്മതിക്കുന്നു! യഹോവയുടെ പിന്തുണയുള്ളതുകൊണ്ട് മാത്രമാണ് ഈ പ്രവർത്തനം നടക്കുന്നത്.—ഇയ്യോ. 42:2.
യഹോവയ്ക്കു തിരികെ കൊടുക്കുന്നതിന്റെ അനുഗ്രഹങ്ങൾ
18. (എ) ദൈവരാജ്യത്തെ പിന്തുണയ്ക്കുമ്പോൾ നമുക്ക് എന്തൊക്കെ അനുഗ്രഹങ്ങൾ ലഭിക്കും? (ബി) കൊടുക്കുന്ന കാര്യത്തിൽ പുതിയവരെയും മക്കളെയും നമുക്ക് എങ്ങനെ പരിശീലിപ്പിക്കാം?
18 ഇന്നു നടക്കുന്ന അതിമഹത്തായ വേലയിൽ ഒരു പങ്കുണ്ടായിരിക്കാൻ യഹോവ നമുക്ക് അവസരം തന്നിരിക്കുന്നു. ദൈവരാജ്യത്തെ പിന്തുണയ്ക്കാനായി ചെയ്യുന്ന കാര്യങ്ങൾക്ക് നിശ്ചയമായും നമുക്ക് അനുഗ്രഹങ്ങൾ തരും എന്ന് യഹോവ വാക്കു തന്നിരിക്കുന്നു. (മലാ. 3:10) ഉദാരമായി കൊടുക്കുന്നവനു സമൃദ്ധിയുണ്ടാകും എന്ന് യഹോവ ഉറപ്പുതന്നിട്ടുണ്ട്. (സുഭാഷിതങ്ങൾ 11:24, 25 വായിക്കുക.) കൊടുക്കുന്നതു നമ്മളെയും സന്തോഷിപ്പിക്കും, കാരണം, “വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലാണ്.” (പ്രവൃ. 20:35) ഇക്കാര്യത്തിൽ നമ്മുടെ മക്കളെയും പുതിയവരെയും പരിശീലിപ്പിക്കാനുള്ള പദവി നമുക്കുണ്ട്. കൊടുക്കുന്നതിൽ ഒരു പങ്കുണ്ടായിരിക്കാനും അതിന്റെ അനുഗ്രഹങ്ങൾ ആസ്വദിക്കാനും വാക്കിലൂടെയും മാതൃകയിലൂടെയും നമുക്ക് അവരെ പഠിപ്പിക്കാം.
19. ഈ ലേഖനം എന്തു ചെയ്യാൻ നിങ്ങളെ പ്രോത്സാഹിപ്പിച്ചിരിക്കുന്നു?
19 നമുക്കുള്ളതെല്ലാം യഹോവയിൽനിന്ന് കിട്ടിയതാണ്. യഹോവയ്ക്കു തിരികെ കൊടുക്കുന്നതിലൂടെ യഹോവയെ സ്നേഹിക്കുന്നെന്നും നമുക്കുവേണ്ടി ചെയ്ത കാര്യങ്ങൾക്കെല്ലാം നന്ദിയുള്ളവരാണെന്നും നമ്മൾ തെളിയിക്കുകയാണ്. (1 ദിന. 29:17) ആലയംപണിക്കു സംഭാവന ചെയ്തപ്പോൾ, “തങ്ങൾ മനസ്സോടെ നൽകിയ . . . കാഴ്ചകൾ നിമിത്തം ജനം വളരെ സന്തോഷിച്ചു. കാരണം പൂർണഹൃദയത്തോടെയാണ് അവർ അത് യഹോവയ്ക്കു നൽകിയത്.” (1 ദിന. 29:9) യഹോവയുടെ കൈയിൽനിന്ന് നമുക്കു ലഭിച്ചതു തിരികെ കൊടുക്കുന്നതിന്റെ സന്തോഷവും സംതൃപ്തിയും നമുക്കു തുടർന്നും ആസ്വദിക്കാം.