ആത്മാർപ്പണത്തിന്റെ മാതൃകകൾ—മ്യാൻമർ
“വിളവ് ധാരാളമുണ്ട്. പക്ഷേ പണിക്കാർ കുറവാണ്. അതുകൊണ്ട് വിളവെടുപ്പിനു പണിക്കാരെ അയയ്ക്കാൻ വിളവെടുപ്പിന്റെ അധികാരിയോടു യാചിക്കുക.” (ലൂക്കോ. 10:2) 2,000-ത്തോളം വർഷങ്ങൾക്കു മുമ്പ് യേശു പറഞ്ഞ ഈ വാക്കുകൾ മ്യാൻമറിലെ ഇന്നത്തെ അവസ്ഥ നന്നായി വർണിക്കുന്നു. എന്തുകൊണ്ട്? മ്യാൻമറിൽ ഏകദേശം 4,200 പ്രചാരകർ മാത്രമേ സന്തോഷവാർത്ത പ്രസംഗിക്കാനുള്ളൂ, എന്നാൽ അവിടത്തെ ജനസംഖ്യയോ? ഏകദേശം അഞ്ചര കോടിയും.
എന്നാൽ ‘വിളവെടുപ്പിന്റെ അധികാരിയായ’ യഹോവ വ്യത്യസ്തദേശങ്ങളിലെ നൂറുകണക്കിനു സഹോദരങ്ങളുടെ ഹൃദയങ്ങളെ സ്പർശിച്ചിരിക്കുന്നു. തെക്കുകിഴക്കൻ ഏഷ്യയിലുള്ള ഈ രാജ്യത്തെ ആത്മീയ വിളവെടുപ്പുവേലയിൽ പങ്കെടുക്കാൻ അവർ ഇവിടേക്കു വന്നിരിക്കുന്നു. സ്വദേശം വിടാൻ എന്താണ് അവരെ പ്രേരിപ്പിച്ചത്? മ്യാൻമറിലേക്കു മാറിത്താമസിക്കാൻ അവർക്ക് എന്തു സഹായമാണു ലഭിച്ചത്? അവർ എന്തൊക്കെ അനുഗ്രഹങ്ങളാണ് ആസ്വദിക്കുന്നത്? നമുക്കു നോക്കാം.
“വരൂ, ഞങ്ങൾക്കു കൂടുതൽ മുൻനിരസേവകരെ ആവശ്യമുണ്ട്!”
ജപ്പാനിലെ ഒരു മുൻനിരസേവകനാണു കാസൂഹീരോ. കുറച്ച് വർഷങ്ങൾക്കു മുമ്പ് അപസ്മാരം ബാധിച്ച് പെട്ടെന്നു ബോധം നഷ്ടപ്പെട്ട അദ്ദേഹത്തെ ആശുപത്രിയിലേക്കു കൊണ്ടുപോയി. രണ്ടു വർഷത്തേക്കു വണ്ടി ഓടിക്കരുതെന്നു ഡോക്ടർ അദ്ദേഹത്തോടു പറഞ്ഞു. കാസൂഹീരോയ്ക്ക് ഇതൊരു ഞെട്ടലായിരുന്നു. അദ്ദേഹം ചിന്തിച്ചു: ‘ഞാൻ വളരെയധികം ഇഷ്ടപ്പെടുന്ന മുൻനിരസേവനം ഇനി എങ്ങനെ ചെയ്യും?’ മുൻനിരസേവനം തുടരാനുള്ള ഒരു വഴി കാണിച്ചുതരേണമേ എന്ന് അദ്ദേഹം ഉള്ളുരുകി യഹോവയോടു പ്രാർഥിച്ചു.
കാസൂഹീരോ പറയുന്നു: “ഒരു മാസം കഴിഞ്ഞ്, മ്യാൻമറിൽ സേവിക്കുന്ന ഒരു സുഹൃത്ത് എന്റെ അവസ്ഥ അറിഞ്ഞ് എന്നെ വിളിച്ച് ഇങ്ങനെ പറഞ്ഞു: ‘ഇവിടെ ആളുകൾ പൊതുവേ ബസ്സ് യാത്ര ചെയ്യുന്നവരാണ്. കാറൊന്നുമില്ലെങ്കിലും നിനക്കു മുൻനിരസേവനം ചെയ്യാം.’ എന്റെ ഈ അവസ്ഥയിൽ മ്യാൻമറിലേക്കു പോകാൻ പറ്റുമോ എന്നു ഞാൻ ഡോക്ടറോടു ചോദിച്ചു. എന്നെ അതിശയിപ്പിച്ചുകൊണ്ട് ഡോക്ടർ പറഞ്ഞു: ‘മ്യാൻമറിൽനിന്നുള്ള ഒരു മസ്തിഷ്കവിദഗ്ധൻ ഇപ്പോൾ ജപ്പാൻ സന്ദർശിക്കാൻ വന്നിട്ടുണ്ട്. ഞാൻ അദ്ദേഹത്തെ തനിക്കു പരിചയപ്പെടുത്താം. ഇനി എപ്പോഴെങ്കിലും അപസ്മാരമുണ്ടായാൽ അദ്ദേഹം നോക്കിക്കൊള്ളും.’ ഇത് എന്റെ പ്രാർഥനയ്ക്ക് യഹോവ തന്ന ഉത്തരമാണെന്ന് എനിക്കു തോന്നി.”
പെട്ടെന്നുതന്നെ കാസൂഹീരോ മ്യാൻമറിലെ ബ്രാഞ്ചോഫീസിലേക്ക് എഴുതി. തനിക്കും ഭാര്യക്കും മ്യാൻമറിൽ മുൻനിരസേവകരായി പ്രവർത്തിക്കാൻ ആഗ്രഹമുണ്ടെന്നു പറഞ്ഞു. അഞ്ചു ദിവസം കഴിഞ്ഞ് ബ്രാഞ്ചോഫീസിൽനിന്ന് മറുപടി വന്നു: “വരൂ, ഞങ്ങൾക്കു കൂടുതൽ മുൻനിരസേവകരെ ആവശ്യമുണ്ട്!” കാസൂഹീരോയും ഭാര്യ മാരിയും അവരുടെ കാറുകൾ വിറ്റു, വിസ ശരിയാക്കി, വിമാനടിക്കറ്റുകളും വാങ്ങി. ഇന്ന് അവർ മണ്ഡലായിലുള്ള ഒരു ആംഗ്യഭാഷാക്കൂട്ടത്തോടൊപ്പം സന്തോഷത്തോടെ സേവിക്കുന്നു. കാസൂഹീരോ പറയുന്നു: “എന്റെ അനുഭവം സങ്കീർത്തനം 37:5-ലെ ദൈവത്തിന്റെ ഈ വാഗ്ദാനത്തിലുള്ള വിശ്വാസം കൂടുതൽ ശക്തമാക്കി: ‘നിന്റെ വഴികൾ യഹോവയെ ഏൽപ്പിക്കൂ; ദൈവത്തിൽ ആശ്രയിക്കൂ! ദൈവം നിനക്കുവേണ്ടി പ്രവർത്തിക്കും.’”
യഹോവ വഴി തുറക്കുന്നു
2014-ൽ ഒരു പ്രത്യേക കൺവെൻഷന് ആതിഥ്യം വഹിക്കാനുള്ള അവസരം മ്യാൻമറിലെ യഹോവയുടെ സാക്ഷികൾക്കു ലഭിച്ചു. ആ കൺവെൻഷനിൽ പങ്കെടുക്കാൻ വിദേശത്തുനിന്നും ധാരാളം സഹോദരങ്ങൾ മ്യാൻമറിൽ വന്നു. അതിൽ ഒരാളായിരുന്നു ഐക്യനാടുകളിൽനിന്നുള്ള 35-നോട് അടുത്ത് പ്രായമുള്ള മൊണീക്ക് സഹോദരി. സഹോദരി പറയുന്നു: “കൺവെൻഷൻ കഴിഞ്ഞ് മടങ്ങിവന്ന ഞാൻ ഇനി എന്തു ചെയ്യണമെന്ന് യഹോവയോടു പ്രാർഥനയിൽ ചോദിച്ചു. എന്റെ ആത്മീയലക്ഷ്യങ്ങളെക്കുറിച്ച് മാതാപിതാക്കളോടും സംസാരിച്ചു. ഞാൻ മ്യാൻമറിൽ പോയി സേവിക്കണമെന്നു ഞങ്ങൾക്ക് എല്ലാവർക്കും തോന്നി. എന്നാൽ കുറച്ച് നാളത്തെ കാത്തിരിപ്പിനും ഏറെ പ്രാർഥനകൾക്കും ശേഷമാണ് ആ ലക്ഷ്യം യാഥാർഥ്യമായത്.” അതിന്റെ കാരണം സഹോദരി വിശദീകരിക്കുന്നു.
“‘ചെലവ് കണക്കുകൂട്ടിനോക്കാൻ’ യേശു ശിഷ്യന്മാരെ പ്രോത്സാഹിപ്പിച്ചു. അതുകൊണ്ട് ഞാൻ സ്വയം ചോദിച്ചു: ‘മ്യാൻമറിലേക്കു പോകാനുള്ള പണം എന്റെ കൈയിലുണ്ടോ? അവിടെ ചെന്നിട്ട് ഒരു ജോലി കണ്ടുപിടിക്കാനും കുറച്ച് സമയം മാത്രം ജോലി ചെയ്ത് ചെലവിനുള്ള വക കണ്ടെത്താനും എനിക്കു കഴിയുമോ?’” അങ്ങനെ ചിന്തിച്ചപ്പോൾ സഹോദരിക്ക് ഒരു കാര്യം മനസ്സിലായി. സഹോദരി പറയുന്നു: “ഭൂമിയുടെ മറുഭാഗത്തേക്കു പോകാൻ ആവശ്യമായ പണം തത്കാലം എന്റെ കൈയിൽ ഇല്ല എന്ന് എനിക്കു മനസ്സിലായി.” പിന്നീട് മ്യാൻമറിലേക്കു പോകാൻ സഹോദരിക്കു കഴിഞ്ഞോ?—ലൂക്കോ. 14:28.
സഹോദരി പറയുന്നു: “ഒരു ദിവസം തൊഴിലുടമ എന്നെ കാണണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഞാൻ പേടിച്ചുപോയി. ജോലിയിൽനിന്ന് പറഞ്ഞുവിടാനാണെന്നാണു ഞാൻ ചിന്തിച്ചത്. എന്നാൽ, നന്നായി ജോലി ചെയ്യുന്നതിന് അഭിനന്ദിക്കാനാണു മാഡം എന്നെ വിളിച്ചത്. ഒരു ബോണസും എനിക്കു ലഭിക്കുമെന്ന് അവർ പറഞ്ഞു. എന്റെ കടങ്ങളെല്ലാം വീട്ടി, കാര്യങ്ങളെല്ലാം ക്രമീകരിച്ച് മ്യാൻമറിലേക്കു പോകാൻ ആവശ്യമായ കൃത്യം തുകയായിരുന്നു ആ ബോണസ്!”
2014 ഡിസംബർമുതൽ മൊണീക്ക് മ്യാൻമറിൽ സേവിക്കുന്നു. ആവശ്യം അധികമുള്ളിടത്ത് സേവിക്കുന്നതിനെക്കുറിച്ച് സഹോദരിക്ക് എന്താണു തോന്നുന്നത്? സഹോദരി പറയുന്നു: “ഇങ്ങോട്ടു വന്നതിൽ എനിക്കു വളരെ സന്തോഷം തോന്നുന്നു. എനിക്കു മൂന്നു ബൈബിൾപഠനങ്ങളുണ്ട്. എന്റെ ഒരു ബൈബിൾവിദ്യാർഥിക്ക് 67 വയസ്സാണു പ്രായം. ബൈബിൾപഠനത്തിനു ചെല്ലുമ്പോഴെല്ലാം അവർ എന്നെ പുഞ്ചിരിയോടെ സ്വാഗതം ചെയ്യും, എന്നെ കെട്ടിപ്പിടിക്കും. ദൈവത്തിന്റെ പേര് യഹോവ എന്നാണെന്നു പഠിച്ചപ്പോൾ ആ സ്ത്രീയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവർ ഇങ്ങനെ പറഞ്ഞു: ‘എനിക്ക് എത്ര വയസ്സായി! ദൈവത്തിന്റെ പേര് യഹോവ എന്നാണെന്ന് ഇപ്പോഴാണു ഞാൻ അറിയുന്നത്. നീ എന്നെക്കാൾ എത്രയോ ചെറുപ്പമാണ്, എന്നാൽ ഞാൻ പഠിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട പാഠം നീയാണ് എന്നെ പഠിപ്പിച്ചത്.’ ഞാനും കരഞ്ഞുപോയി എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ആവശ്യം അധികമുള്ളിടത്ത് സേവിക്കുമ്പോൾ ഇതുപോലുള്ള അനുഭവങ്ങൾ വളരെയധികം സംതൃപ്തി തരുന്നു.” അടുത്തിടെ, മൊണീക്കിനു രാജ്യസുവിശേഷകർക്കുള്ള സ്കൂളിൽ പങ്കെടുക്കാനുള്ള അവസരം ലഭിച്ചു.
യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്തകം 2013-ലെ മ്യാൻമറിനെക്കുറിച്ച് വന്ന വിവരണമാണ് ആ രാജ്യത്ത് പോയി സേവിക്കാൻ ചിലർക്കു പ്രചോദനമായത്. അതിൽ ഒരാളാണു തെക്കുകിഴക്കൻ ഏഷ്യയിൽത്തന്നെയുള്ള ലീ എന്ന സഹോദരി. 30-നോടടുത്ത് പ്രായമുള്ള ഈ സഹോദരിക്ക് ഒരു മുഴുസമയ ജോലിയുണ്ടായിരുന്നു. എന്നാൽ വാർഷികപുസ്തകം വായിച്ചപ്പോൾ മ്യാൻമറിൽ പോയി സേവിക്കുന്നതിനെക്കുറിച്ച് സഹോദരി ചിന്തിക്കാൻ തുടങ്ങി. സഹോദരി പറയുന്നു: “2014-ൽ യാൻഗൂണിൽവെച്ച് നടന്ന പ്രത്യേക കൺവെൻഷനിൽ പങ്കെടുക്കാൻ പോയപ്പോൾ ആവശ്യം അധികമുള്ളിടത്ത് സേവിക്കുന്ന ഒരു ദമ്പതികളെ ഞാൻ പരിചയപ്പെട്ടു, മ്യാൻമറിലെ ചൈനീസ് വയലിലായിരുന്നു അവർ പ്രവർത്തിച്ചിരുന്നത്. എനിക്കു ചൈനീസ് അറിയാമായിരുന്നു, അതുകൊണ്ട് മ്യാൻമറിലെ ചൈനീസ് കൂട്ടത്തിൽ സേവിക്കാൻ ഞാനും തീരുമാനിച്ചു. മൊണീക്കിനോടൊപ്പം ഞാൻ മണ്ഡലായ്ക്കു പോയി. യഹോവയുടെ അനുഗ്രഹത്താൽ ഒരേ സ്കൂളിൽത്തന്നെ അധ്യാപകരായി ഒരു അംശകാലജോലി കണ്ടുപിടിക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. അടുത്തുതന്നെ ഒരു അപ്പാർട്ടുമെന്റും കിട്ടി. കാലാവസ്ഥ ചൂടുള്ളതാണെങ്കിലും, ചില അസൗകര്യങ്ങളൊക്കെയുണ്ടെങ്കിലും ഇവിടുത്തെ എന്റെ സേവനം ഞാൻ ആസ്വദിക്കുന്നു. മ്യാൻമറിലെ ആളുകൾ ലളിതമായ ജീവിതം നയിക്കുന്നവരാണ്. അവർ മര്യാദയുള്ളവരും സന്തോഷവാർത്ത ശ്രദ്ധിക്കുന്നതിനു സമയമെടുക്കാൻ മനസ്സൊരുക്കമുള്ളവരും ആണ്. യഹോവ പ്രസംഗപ്രവർത്തനത്തെ അതിവേഗം മുന്നോട്ടു കൊണ്ടുപോകുന്നതു കാണുന്നത് എന്നെ ആവേശംകൊള്ളിക്കുന്നു. ഇവിടെ മണ്ഡലായിൽ ഞാൻ സേവിക്കണമെന്നത് എന്നെക്കുറിച്ചുള്ള യഹോവയുടെ ഹിതമാണെന്നു ഞാൻ ഉറച്ച് വിശ്വസിക്കുന്നു.”
യഹോവ പ്രാർഥനകൾ കേൾക്കുന്നു
ആവശ്യം അധികമുള്ളിടത്ത് സേവിക്കുന്നവരായ ധാരാളം പേർ പ്രാർഥനയുടെ ശക്തി അനുഭവിച്ചറിഞ്ഞിട്ടുണ്ട്. 35-നോടടുത്ത് പ്രായമുള്ള ജുംബയുടെയും ഭാര്യ നാവോയുടെയും അനുഭവം നോക്കാം. അവർ അപ്പോൾത്തന്നെ ജപ്പാനിലെ ആംഗ്യഭാഷാസഭയോടൊത്ത് സേവിച്ചുവരുകയായിരുന്നു. എന്തുകൊണ്ടാണ് അവർ മ്യാൻമറിലേക്കു പോയത്? ജുംബ പറയുന്നു: “ആവശ്യം അധികമുള്ള ഒരു വിദേശരാജ്യത്ത് സേവിക്കുക എന്നത് എന്റെയും ഭാര്യയുടെയും ഒരു ദീർഘകാലലക്ഷ്യമായിരുന്നു. ജപ്പാനിലെ ആംഗ്യഭാഷാസഭയിലുള്ള ഒരു സഹോദരൻ മ്യാൻമറിലേക്കു മാറിത്താമസിച്ചിരുന്നു. ഞങ്ങളുടെ കൈയിൽ കുറച്ച് പണമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും 2010 മെയ്യിൽ ഞങ്ങളും പോയി. മ്യാൻമറിലെ സഹോദരങ്ങൾ ഊഷ്മളമായ വരവേൽപ്പാണു ഞങ്ങൾക്കു നൽകിയത്.” മ്യാൻമറിലെ ആംഗ്യഭാഷാവയലിൽ സേവിക്കുന്നതിനെക്കുറിച്ച് സഹോദരന് എന്താണു തോന്നുന്നത്? “താത്പര്യക്കാർ ധാരാളമുണ്ട്. ആംഗ്യഭാഷയിലുള്ള വീഡിയോകൾ കാണിക്കുമ്പോൾ ബധിരരായ ആളുകൾ അതിശയിച്ചുപോകുകയാണ്. യഹോവയെ സേവിക്കുന്നതിന് ഇങ്ങോട്ടു വരാൻ തീരുമാനിച്ചത് എത്ര നന്നായി.”
ഈ ദമ്പതികളുടെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങനെ നടന്നുപോകുന്നു? “മൂന്നു വർഷം കഴിഞ്ഞപ്പോൾ ഞങ്ങളുടെ കൈയിലുണ്ടായിരുന്ന പണം തീർന്നുപോയി. അടുത്ത വർഷത്തേക്കു വാടക കൊടുക്കാൻ ഞങ്ങളുടെ കൈയിൽ പണമില്ലായിരുന്നു. ഭാര്യയും ഞാനും പലവട്ടം യഹോവയോട് ഉള്ളുരുകി പ്രാർഥിച്ചു. ഒട്ടും പ്രതീക്ഷിക്കാതെ ബ്രാഞ്ചോഫീസിൽനിന്ന് ഞങ്ങൾക്ക് ഒരു കത്തു വന്നു, ഞങ്ങളെ താത്കാലിക പ്രത്യേകമുൻനിരസേവകരായി നിയമിച്ചുകൊണ്ട്! യഹോവയിലുള്ള ഞങ്ങളുടെ ആശ്രയം വെറുതേയായില്ല. എല്ലാ വിധത്തിലും യഹോവ ഞങ്ങൾക്കുവേണ്ടി കരുതുന്നു.” ഇയ്യിടെ ജുംബയും നാവോയും രാജ്യസുവിശേഷകർക്കുള്ള സ്കൂളിൽ പങ്കെടുത്തു.
യഹോവ ആളുകളെ പ്രേരിപ്പിക്കുന്നു
45-നോടടുത്ത് പ്രായമുള്ള ഇറ്റലിക്കാരനായ സിമോണെ എന്ന സഹോദരനെയും അദ്ദേഹത്തിന്റെ ഭാര്യ 40-നോടടുത്ത് പ്രായമുള്ള ന്യൂസിലൻഡുകാരിയായ അന്ന സഹോദരിയെയും മ്യാൻമറിൽ പോയി സേവിക്കാൻ എന്താണു പ്രേരിപ്പിച്ചത്? സഹോദരി പറയുന്നു: “അത് വാർഷികപുസ്തകം 2013-ലെ മ്യാൻമറിനെക്കുറിച്ചുള്ള വിവരണമാണ്.” സഹോദരൻ പറയുന്നു: “മ്യാൻമറിൽ സേവിക്കുന്നതു വലിയൊരു പദവിയാണ്. ഇവിടെ ജീവിതം വളരെ ലളിതമാണ്. അതുകൊണ്ട് യഹോവയുടെ സേവനത്തിൽ കൂടുതൽ സമയം ഏർപ്പെടാൻ എനിക്കു കഴിയുന്നു. ആവശ്യം അധികമുള്ള ഒരു സ്ഥലത്ത് പ്രവർത്തിക്കുമ്പോൾ യഹോവ നമുക്കുവേണ്ടി കരുതുന്നത് അനുഭവിച്ചറിയാൻ കഴിയും. അതു ശരിക്കും ആവേശം പകരുന്നു.” (സങ്കീ. 121:5) അന്ന പറയുന്നു: “ഞാൻ ഇന്നു മുമ്പെന്നത്തേതിലും സന്തോഷമുള്ളവളാണ്. ഒരു ലളിതജീവിതമാണു ഞങ്ങളുടേത്. ഭർത്താവുമായി ചെലവഴിക്കാൻ എനിക്കു കൂടുതൽ സമയം കിട്ടുന്നു, ഞങ്ങൾ തമ്മിലുള്ള അടുപ്പം വർധിച്ചു. ഞങ്ങൾക്കു പുതിയ സുഹൃത്തുക്കളെയും കിട്ടിയിരിക്കുന്നു. ഇവിടുത്തെ ആളുകൾക്കു സാക്ഷികളോടു മുൻവിധിയൊന്നുമില്ല. ആളുകളുടെ താത്പര്യം കാണുമ്പോൾ അത്ഭുതം തോന്നുന്നു.” ഒരു സംഭവം നോക്കാം.
അന്ന പറയുന്നു: “ഒരു ദിവസം ചന്തസ്ഥലത്തുവെച്ച് ഞാൻ കോളേജിൽ പഠിക്കുന്ന ഒരു പെൺകുട്ടിയോടു സാക്ഷീകരിച്ചു, മടക്കസന്ദർശനത്തിനുള്ള ക്രമീകരണം ചെയ്തു. മടങ്ങിച്ചെന്നപ്പോൾ അവൾ ഒരു കൂട്ടുകാരിയെയും ഒപ്പം കൂട്ടിയിരുന്നു. അടുത്ത പ്രാവശ്യം അവളുടെകൂടെ മറ്റു ചില കൂട്ടുകാരികളുമുണ്ടായിരുന്നു. അടുത്ത തവണ അതിൽക്കൂടുതൽ പേരെ കൊണ്ടുവന്നു. ഇപ്പോൾ അവരിൽ അഞ്ചു പേരോടൊത്ത് ഞാൻ ബൈബിൾപഠനം നടത്തുന്നു.” സിമോണെ പറയുന്നു: “ആളുകൾ സൗഹൃദഭാവവും കാര്യങ്ങളെക്കുറിച്ചൊക്കെ അറിയാൻ ആകാംക്ഷയും ഉള്ളവരാണ്. മിക്കവരും സന്ദേശത്തോടു താത്പര്യം കാണിക്കുന്നു. എല്ലാവരുടെയും അടുത്ത് മടങ്ങിച്ചെല്ലാൻ സമയമില്ല എന്നതാണു സത്യം.”
മ്യാൻമറിലേക്കു മാറിത്താമസിക്കുന്നതിനു മുമ്പ് ചിലർ ചെയ്ത കാര്യങ്ങൾ എന്തൊക്കെയാണ്? ജപ്പാനിലെ മിസൂഹോ പറയുന്നു: “എന്റെ ഭർത്താവ് സാച്ചിയോയും ഞാനും ആവശ്യം അധികമുള്ള ഒരു സ്ഥലത്ത് സേവിക്കാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ എവിടെ പോകണമെന്നു ഞങ്ങൾക്കു നിശ്ചയമില്ലായിരുന്നു. വാർഷികപുസ്തകം 2013-ൽ വന്ന മ്യാൻമറിലെ നല്ലനല്ല അനുഭവങ്ങൾ ഞങ്ങളെ രോമാഞ്ചംകൊള്ളിച്ചു. അവിടെ പോയി സേവിക്കാൻ കഴിയുമോ എന്നു ഞങ്ങൾ ചിന്തിക്കാൻ തുടങ്ങി.” സാച്ചിയോ പറയുന്നു: “മ്യാൻമറിലെ പ്രധാനനഗരമായ യാൻഗൂണിൽ ഒരു ആഴ്ച ചെലവിടാൻ ഞങ്ങൾ തീരുമാനിച്ചു. ‘ദേശം ഒറ്റുനോക്കുന്നതിനായിരുന്നു’ അത്. ഞങ്ങൾ ഇങ്ങോട്ടു മാറിത്താമസിക്കണമെന്ന് ആ യാത്ര കഴിഞ്ഞപ്പോൾ ഞങ്ങൾക്കു മനസ്സിലായി.”
നിങ്ങൾ ക്ഷണം സ്വീകരിക്കുമോ?
ഓസ്ട്രേലിയയിൽനിന്നുള്ള ദമ്പതികളാണു റോഡ്നിയും ജെയ്നും. പ്രായം 50 പിന്നിട്ട അവർ മകൻ ജോർഡനോടും മകൾ ഡാനിക്കയോടും ഒപ്പം 2010 മുതൽ ആവശ്യം അധികമുള്ള സ്ഥലമായ മ്യാൻമറിൽ സേവിക്കുന്നു. റോഡ്നി പറയുന്നു: “ആളുകളുടെ ആത്മീയവിശപ്പു കണ്ടതു ഞങ്ങളുടെ ഹൃദയത്തെ സ്വാധീനിച്ചു. മറ്റു കുടുംബങ്ങളോടു ഞങ്ങൾക്കു പറയാനുള്ളത് ഇതാണ്: ‘മ്യാൻമർപോലുള്ള ഒരു സ്ഥലത്ത് പോയി സേവിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കുക.’” എന്തുകൊണ്ട്? “അതു ഞങ്ങളുടെ കുടുംബത്തെ ആത്മീയമായി എത്രയധികം സഹായിച്ചെന്നോ! ഇന്നു പല ചെറുപ്പക്കാരും ഫോണുകളുടെയും കാറുകളുടെയും ജോലിയുടെയും ഒക്കെ പുറകേയാണ്. ഞങ്ങളുടെ മക്കൾ ശുശ്രൂഷയിൽ ഉപയോഗിക്കേണ്ട പുതിയപുതിയ വാക്കുകൾ പഠിക്കുന്ന തിരക്കിലും. ബൈബിളിനെക്കുറിച്ച് അറിയാത്ത ആളുകളുമായി ന്യായവാദം ചെയ്യാനും പ്രാദേശികഭാഷയിൽ നടക്കുന്ന മീറ്റിങ്ങുകൾക്ക് ഉത്തരം പറയാൻ പഠിക്കാനും ആണ് അവർ ശ്രമിക്കുന്നത്. അതുപോലെ ആവേശകരമായ മറ്റ് ആത്മീയപ്രവർത്തനങ്ങളിലും അവർ മുഴുകുന്നു.”
ആവശ്യം അധികമുള്ളിടത്ത് സേവിക്കാൻ താൻ മറ്റുള്ളവരോടു പറയുന്നത് എന്തുകൊണ്ടാണെന്ന് 40-നോട് അടുത്ത് പ്രായമുള്ള, ഐക്യനാടുകളിൽനിന്നുള്ള ഒലിവർ സഹോദരൻ വിശദീകരിക്കുന്നു: “പരിചിതമായ, സൗകര്യപ്രദമായ ചുറ്റുപാടുകൾ വിട്ട് മറ്റൊരു സ്ഥലത്ത് സേവിക്കുന്നതുകൊണ്ട് എനിക്കു ധാരാളം പ്രയോജനങ്ങളുണ്ടായി. വീട്ടിൽനിന്ന് മാറിത്താമസിച്ചത് എന്റെ ആത്മവിശ്വാസം വർധിപ്പിച്ചു, ഏതു സാഹചര്യത്തിലും യഹോവയിൽ ആശ്രയിക്കാൻ അത് എന്നെ പഠിപ്പിച്ചു. മുൻപരിചയമൊന്നുമില്ലാത്ത, എന്നാൽ എന്റെ അതേ വിശ്വാസങ്ങൾ വെച്ചുപുലർത്തുന്നവരോടൊത്ത് സേവിക്കുന്നത്, ദൈവരാജ്യത്തോടു താരതമ്യം ചെയ്യാവുന്ന മറ്റൊന്നും ഈ ലോകത്തില്ലെന്നു മനസ്സിലാക്കാൻ എന്നെ സഹായിച്ചിരിക്കുന്നു.” ഇന്ന് ഒലിവറും ഭാര്യ അന്നയും ചൈനീസ് ഭാഷാവയലിൽ ഉത്സാഹത്തോടെ സേവിക്കുന്നു.
50 കഴിഞ്ഞ, ഓസ്ട്രേലിയയിൽനിന്നുള്ള ട്രെയ്സൽ സഹോദരി 2004 മുതൽ മ്യാൻമറിൽ സേവിക്കുകയാണ്. സഹോദരി പറയുന്നു: “സാഹചര്യം അനുവദിക്കുന്നവരോടെല്ലാം, ആവശ്യം അധികമുള്ളിടത്ത് പോയി സേവിക്കാനാണ് എനിക്കു പറയാനുള്ളത്. അങ്ങനെ ചെയ്യാനുള്ള ആഗ്രഹം നിങ്ങൾക്കുണ്ടെങ്കിൽ യഹോവ നിങ്ങളുടെ ശ്രമങ്ങളെ അനുഗ്രഹിക്കുമെന്ന് അനുഭവത്തിൽനിന്ന് എനിക്കു പറയാൻ കഴിയും. എന്റെ ജീവിതത്തെക്കുറിച്ച് പറയുകയാണെങ്കിൽ, ഇങ്ങനെയൊന്നു ഞാൻ സ്വപ്നംപോലും കണ്ടിട്ടില്ല, കിട്ടാവുന്നതിൽവെച്ച് ഏറ്റവും സംതൃപ്തമായ ജീവിതമാണ് എന്റേത്. ധാരാളം അനുഗ്രഹങ്ങൾ നിറഞ്ഞ ഒന്ന്.”
രാജ്യസന്ദേശം എത്തിപ്പെട്ടിട്ടില്ലാത്ത സ്ഥലത്ത് പോയി പ്രവർത്തിക്കാൻ മ്യാൻമറിലെ ഈ സഹോദരങ്ങളുടെ ഹൃദയസ്പർശിയായ വാക്കുകൾ നിങ്ങളെ പ്രേരിപ്പിക്കട്ടെ! അവരുടെ ഈ സ്വരം നിങ്ങൾക്കു കേൾക്കാനാകുന്നുണ്ടോ? “മ്യാൻമറിലേക്കു വന്ന് ഞങ്ങളെ സഹായിക്കണേ!”