യഹോവയുടെ മഹത്ത്വത്തിനായി ‘നിങ്ങളുടെ വെളിച്ചം പ്രകാശിക്കട്ടെ’
“നിങ്ങളുടെ വെളിച്ചം മറ്റുള്ളവരുടെ മുന്നിൽ പ്രകാശിക്കട്ടെ. അപ്പോൾ അവർ . . . നിങ്ങളുടെ പിതാവിനെ മഹത്ത്വപ്പെടുത്തും.”—മത്താ. 5:16.
1. സന്തോഷിക്കാനുള്ള ഏതു പ്രത്യേകകാരണമാണു നമുക്കുള്ളത്?
യഹോവയുടെ ജനത്തിന്റെ വർധനയെപ്പറ്റിയുള്ള വാർത്തകൾ കേൾക്കുന്നതു നമ്മളെ ആവേശംകൊള്ളിക്കുന്നില്ലേ! കഴിഞ്ഞ വർഷം നമ്മൾ ഒരു കോടിയിലധികം ബൈബിൾപഠനങ്ങളാണു നടത്തിയത്. ദൈവദാസർ തങ്ങളുടെ വെളിച്ചം പ്രകാശിപ്പിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ഇത്. കൂടാതെ, സ്മാരകത്തിനു വന്ന ലക്ഷക്കണക്കിനു താത്പര്യക്കാരുടെ കാര്യവും ചിന്തിക്കുക. മോചനവില തന്നുകൊണ്ട് ദൈവം നമ്മളോടു കാണിച്ച സ്നേഹത്തെക്കുറിച്ച് പഠിക്കാൻ അവർക്ക് അവസരം ലഭിച്ചു.—1 യോഹ. 4:9.
2, 3. (എ) ‘ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കാൻ’ ഏതു കാര്യം നമുക്ക് ഒരു തടസ്സമല്ല? (ബി) മത്തായി 5:14-16-ൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ വാക്കുകളുടെ അടിസ്ഥാനത്തിൽ നമ്മൾ എന്തു ചിന്തിക്കും?
2 ലോകമെമ്പാടുമുള്ള പല ഭാഷക്കാരായ ആളുകൾ ചേർന്നതാണ് യഹോവയുടെ ജനം. എന്നാൽ നമ്മുടെ പിതാവായ യഹോവയെ ഐക്യത്തിൽ സ്തുതിക്കുന്നതിന് ഇത് ഒരു തടസ്സമല്ല. (വെളി. 7:9) നമ്മൾ ജീവിക്കുന്നത് എവിടെയാണെങ്കിലും, നമ്മുടെ ഭാഷ ഏതാണെങ്കിലും “ഈ ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ” പ്രകാശിക്കാൻ നമുക്കു കഴിയും.—ഫിലി. 2:15.
3 നമുക്കിടയിലെ വർധനയും നമ്മൾ അനുഭവിക്കുന്ന ഐക്യവും ഉണർന്നിരിക്കാനുള്ള നമ്മുടെ ശ്രമവും എല്ലാം യഹോവയെ മഹത്ത്വപ്പെടുത്തും. അത് എങ്ങനെയാണു സാധ്യമാകുന്നതെന്ന് ഈ ലേഖനത്തിൽ പഠിക്കും.—മത്തായി 5:14-16 വായിക്കുക.
സത്യാരാധനയിലേക്ക് ആളുകളെ നയിക്കുക
4, 5. (എ) പ്രസംഗപ്രവർത്തനത്തിനു പുറമേ മറ്റ് ഏതു വിധത്തിൽ നമുക്കു വെളിച്ചം പ്രകാശിപ്പിക്കാനാകും? (ബി) നമ്മുടെ നല്ല പെരുമാറ്റംകൊണ്ട് എന്തൊക്കെ പ്രയോജനങ്ങളുണ്ടായേക്കാം? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
4 “ശേഷിച്ചിരിക്കുന്ന ദിവസങ്ങളിൽ . . . തന്റെ വെളിച്ചം പ്രകാശിപ്പിക്കാനുള്ള അവസരം ഒരു വ്യക്തി ഉപയോഗിക്കുന്നില്ലെങ്കിൽ അദ്ദേഹത്തിനു കർത്താവിനോടു വിശ്വസ്തനും സത്യവാനും ആയിരിക്കാൻ കഴിയില്ല.” 1925 ജൂൺ 1 ലക്കം വീക്ഷാഗോപുരത്തിലെ (ഇംഗ്ലീഷ്) “കൂരിരുട്ടിൽ വെളിച്ചം” എന്ന ലേഖനത്തിൽ വന്ന ഒരു പ്രസ്താവനയാണ് ഇത്. ആ ലേഖനം തുടർന്ന് ഇങ്ങനെ പറഞ്ഞു: “ഭൂമിയിലെ ജനതകളോടു സന്തോഷവാർത്ത അറിയിച്ചുകൊണ്ടും വെളിച്ചത്തിന്റെ പാതയിലൂടെ നടന്നുകൊണ്ടും ആണ് ഒരുവൻ ഇതു ചെയ്യേണ്ടത്.” അതെ, വെളിച്ചം പ്രകാശിപ്പിക്കാനുള്ള ഒരു വിധം സന്തോഷവാർത്ത പ്രസംഗിക്കുന്നതും ആളുകളെ ശിഷ്യരാക്കുന്നതും ആണ്. (മത്താ. 28:19, 20) കൂടാതെ, നല്ല പെരുമാറ്റത്തിലൂടെയും നമ്മൾ യഹോവയെ മഹത്ത്വപ്പെടുത്തുന്നു. നമ്മൾ സന്ദർശിക്കുന്ന വീട്ടുകാരും അതുപോലെ കടന്നുപോകുന്ന വഴിയാത്രക്കാരും എല്ലാം നമ്മുടെ പെരുമാറ്റം നിരീക്ഷിക്കുന്നുണ്ട്. ഹൃദ്യമായ പുഞ്ചിരിയും ഊഷ്മളമായ അഭിവാദനവും നമ്മളെക്കുറിച്ചും നമ്മൾ ആരാധിക്കുന്ന ദൈവത്തെക്കുറിച്ചും ഏറെ കാര്യങ്ങൾ സംസാരിക്കും.
5 യേശു ശിഷ്യന്മാരോടു പറഞ്ഞു: “നിങ്ങൾ ഒരു വീട്ടിൽ ചെല്ലുമ്പോൾ, വീട്ടുകാരെ അഭിവാദനം ചെയ്യണം.” (മത്താ. 10:12) യേശുവും അപ്പോസ്തലന്മാരും പ്രസംഗപ്രവർത്തനം നടത്തിയ പ്രദേശങ്ങളിൽ അപരിചിതരെ വീടിന് ഉള്ളിലേക്കു ക്ഷണിക്കുന്നതു സാധാരണമായിരുന്നു. ഇന്നു പലയിടത്തും അങ്ങനെയൊരു രീതിയില്ല. എങ്കിലും നിങ്ങൾ സൗഹാർദപരമായി ഇടപെട്ടുകൊണ്ട് ചെന്നതിന്റെ ഉദ്ദേശ്യം വ്യക്തമാക്കുമ്പോൾ അതു വീട്ടുകാരന്റെ ഉത്കണ്ഠയും പിരിമുറുക്കവും കുറയ്ക്കും. മിക്കപ്പോഴും ഹൃദയത്തിൽനിന്നുള്ള ഒരു പുഞ്ചിരിയാണ് ഏറ്റവും നല്ല മുഖവുര. സാഹിത്യ കൈവണ്ടി ഉപയോഗിച്ച് പരസ്യസാക്ഷീകരണത്തിൽ ഏർപ്പെടുമ്പോഴും ഇതു സത്യമാണ്. ഒരു ചെറുപുഞ്ചിരിയും അഭിവാദനവും സമ്മാനിക്കുന്നെങ്കിൽ ആളുകൾ നല്ല രീതിയിൽ പ്രതികരിച്ചേക്കാം. നമ്മളെ സമീപിക്കാനും സാഹിത്യ കൈവണ്ടിയിൽനിന്ന് പ്രസിദ്ധീകരണം എടുക്കാനും അവർക്കു മടി തോന്നുകയില്ല. നിങ്ങളുടെ നല്ല പെരുമാറ്റം ഒരു സംഭാഷണം തുടങ്ങാനും നിങ്ങളെ സഹായിച്ചേക്കാം.
6. ശുശ്രൂഷയിൽ സജീവമായി തുടരാൻ പ്രായംചെന്ന ഒരു ദമ്പതികൾ എന്താണു ചെയ്തത്?
6 ഇംഗ്ലണ്ടിലെ പ്രായംചെന്ന ഒരു ദമ്പതികൾക്കു ചില ആരോഗ്യപ്രശ്നങ്ങൾ കാരണം വീടുതോറുമുള്ള പ്രവർത്തനത്തിൽ കാര്യമായി ഏർപ്പെടാൻ കഴിഞ്ഞിരുന്നില്ല. ഇതു തങ്ങളുടെ വെളിച്ചം പ്രകാശിപ്പിക്കുന്നതിന് അവർക്ക് ഒരു തടസ്സമായില്ല. അവർ എന്തു ചെയ്തു? വീടിന് പുറത്ത് ഒരു മേശ ഇട്ട് അവർ അതിൽ ബൈബിൾപ്രസിദ്ധീകരണങ്ങൾ വെക്കും. അടുത്തുള്ള ഒരു സ്കൂളിൽനിന്ന് കുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ മാതാപിതാക്കൾ വരുന്ന സമയത്തായിരിക്കും അവർ ഇങ്ങനെ ചെയ്യുന്നത്. ജിജ്ഞാസ തോന്നിയ മാതാപിതാക്കളിൽ പലരും യുവജനങ്ങൾ ചോദിക്കുന്നു പുസ്തകത്തിന്റെ രണ്ടു വാല്യങ്ങളും മറ്റു ലഘുപത്രികകളും ഉൾപ്പെടെ പല പ്രസിദ്ധീകരണങ്ങളും അവിടെനിന്ന് എടുത്തു. അവരുടെ സഭയിലെ ഒരു മുൻനിരസേവികയും ഈ ദമ്പതികളോടൊപ്പം മിക്കപ്പോഴും ഈ സാക്ഷീകരണത്തിൽ പങ്കെടുത്തു. ആ സഹോദരിയുടെ സൗഹൃദത്തോടെയുള്ള ഇടപെടലും ദമ്പതികളുടെ ആത്മാർഥമായ ശ്രമങ്ങളും ബൈബിൾപഠനം സ്വീകരിക്കാൻ ഒരു പിതാവിനെ പ്രേരിപ്പിച്ചു.
7. നിങ്ങളുടെ പ്രദേശത്ത് പുതുതായി എത്തുന്നവരെ നിങ്ങൾക്ക് എങ്ങനെ സഹായിക്കാം?
7 ഈ അടുത്ത കാലത്ത് പല രാജ്യങ്ങളിലേക്കും ധാരാളം ആളുകൾ അഭയാർഥികളായി എത്തുന്നുണ്ട്. യഹോവയെയും ദൈവോദ്ദേശ്യത്തെയും കുറിച്ച് പഠിക്കാൻ നിങ്ങൾക്ക് അവരെ എങ്ങനെ സഹായിക്കാം? നിങ്ങളുടെ പ്രദേശത്ത് പുതുതായി എത്തുന്നവരെ അവരുടെ ഭാഷയിൽ അഭിവാദനം ചെയ്യാൻ പഠിച്ചുകൊണ്ട് നിങ്ങൾക്കു തുടങ്ങാം. JW ഭാഷാസഹായി ആപ്ലിക്കേഷൻ അതിനു നിങ്ങളെ സഹായിക്കും. അവരുടെ താത്പര്യം പിടിച്ചുപറ്റാൻ ആ ഭാഷയിലെ ഏതാനും ചില വാക്കുകളും നിങ്ങൾക്കു പഠിച്ചുകൂടേ? jw.org വെബ്സൈറ്റിൽ ആ ഭാഷയിൽ ലഭ്യമായിരിക്കുന്ന വീഡിയോകളും പ്രസിദ്ധീകരണങ്ങളും അവർക്കു കാണിച്ചുകൊടുക്കാനും നിങ്ങൾക്കു കഴിഞ്ഞേക്കും.—ആവ. 10:19.
8, 9. (എ) ഇടദിവസത്തെ മീറ്റിങ്ങിൽ നമുക്ക് എന്തു സഹായമാണു ലഭിക്കുന്നത്? (ബി) മീറ്റിങ്ങുകളിൽ ഉത്തരം പറയാൻ മാതാപിതാക്കൾക്കു മക്കളെ എങ്ങനെ സഹായിക്കാം?
8 ഫലകരമായി ശുശ്രൂഷ ചെയ്യാൻ യഹോവ സ്നേഹപൂർവം ചെയ്തിരിക്കുന്ന ക്രമീകരണമാണു ജീവിത-സേവനയോഗം. ആത്മവിശ്വാസത്തോടെ
മടക്കസന്ദർശനങ്ങളും ബൈബിൾപഠനങ്ങളും നടത്താൻ ഈ യോഗത്തിലൂടെ ലഭിക്കുന്ന പ്രായോഗികമായ മാർഗനിർദേശങ്ങൾ സഹായിക്കും.9 പുതുതായി മീറ്റിങ്ങിനു വരുന്ന പലരും നമ്മുടെ കുട്ടികൾ ഉത്തരങ്ങൾ പറയുന്നതു ശ്രദ്ധിച്ചിട്ടുണ്ട്. മാതാപിതാക്കളേ, സ്വന്തം വാക്കുകളിൽ ഉത്തരം പറയാൻ കുട്ടികളെ പഠിപ്പിച്ചുകൊണ്ട് വെളിച്ചം പ്രകാശിപ്പിക്കാൻ അവരെ സഹായിക്കുക. ഹൃദയത്തിൽനിന്ന് അവർ പറയുന്ന ചെറിയചെറിയ ഉത്തരങ്ങൾ ചിലരെ സത്യത്തിലേക്ക് ആകർഷിച്ചിട്ടുണ്ട്.—1 കൊരി. 14:25.
ഐക്യം ശക്തമാക്കാൻ സഹായിക്കുക
10. ഐക്യം ശക്തമാക്കാൻ കുടുംബാരാധന എങ്ങനെയാണു സഹായിക്കുന്നത്?
10 കുടുംബത്തിലെയും സഭയിലെയും ഐക്യം ശക്തമാക്കാൻ സഹായിച്ചുകൊണ്ട് നിങ്ങൾക്കു നിങ്ങളുടെ വെളിച്ചം പ്രകാശിപ്പിക്കാം. ഇതിനുവേണ്ടി മാതാപിതാക്കൾക്കു ചെയ്യാൻ കഴിയുന്ന ഒരു കാര്യം ക്രമമായ കുടുംബാരാധനയ്ക്കുവേണ്ട ക്രമീകരണങ്ങൾ ചെയ്യുക എന്നതാണ്. ചില കുടുംബങ്ങൾ ഒരുമിച്ചിരുന്ന് JW പ്രക്ഷേപണത്തിലെ പ്രതിമാസപരിപാടി കാണും. അതു കണ്ടശേഷം അതിലെ ആശയങ്ങൾ എങ്ങനെ ബാധകമാക്കാമെന്ന് ഒരുമിച്ച് ചർച്ച ചെയ്തുകൂടേ? ഒരു കൊച്ചുകുട്ടിക്ക് ആവശ്യമായ മാർഗനിർദേശങ്ങളായിരിക്കില്ല കൗമാരത്തിലുള്ള കുട്ടിക്കു വേണ്ടതെന്നു കുടുംബാരാധന നടത്തുമ്പോൾ കുടുംബനാഥൻ ഓർത്തിരിക്കണം. പഠിക്കുന്ന കാര്യങ്ങൾ കുടുംബത്തിലെ ഓരോ അംഗത്തിനും എങ്ങനെ ബാധകമാക്കാമെന്നു ചിന്തിക്കുന്നതു കുടുംബാരാധനയിൽനിന്ന് പൂർണപ്രയോജനം നേടാൻ എല്ലാവരെയും സഹായിക്കും.—സങ്കീ. 148:12, 13.
11-13. ഐക്യം ശക്തമാക്കാനും വെളിച്ചം പ്രകാശിപ്പിക്കാൻ മറ്റുള്ളവരെ സഹായിക്കാനും സഭയിലെ എല്ലാവർക്കും എന്തു ചെയ്യാനാകും?
11 സഭയിലെ ഐക്യം ശക്തമാക്കാനും വെളിച്ചം പ്രകാശിപ്പിക്കാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും യുവജനങ്ങൾക്ക് എങ്ങനെ കഴിയും? പ്രായമായ സഹോദരങ്ങളുടെ കാര്യത്തിൽ പ്രത്യേക താത്പര്യമെടുക്കാൻ നിങ്ങൾക്ക് ഒരു ലക്ഷ്യം വെക്കാനാകുമോ? ദീർഘകാലത്തെ സേവനത്തിനിടെ അവർക്കുണ്ടായ നല്ല അനുഭവങ്ങൾ നിങ്ങൾക്ക് അവരോട് ആദരവോടെ ചോദിക്കാം. ഇത് ഇരുകൂട്ടരെയും ആത്മീയമായി വളരെയധികം ശക്തിപ്പെടുത്തും, വെളിച്ചം കൂടുതൽ പ്രകാശിപ്പിക്കാൻ പ്രചോദിതരാകുകയും ചെയ്യും. ഇനി, ഐക്യം ശക്തമാക്കാൻ നമുക്ക് എല്ലാവർക്കും ചെയ്യാനാകുന്ന ഒരു കാര്യമാണു മീറ്റിങ്ങിനു വരുന്നവരെ സ്വാഗതം ചെയ്യുക എന്നത്. തങ്ങളുടെ വെളിച്ചം പ്രകാശിപ്പിക്കാൻ അവരെ അതു പ്രചോദിപ്പിക്കും. ഒരു ചെറുപുഞ്ചിരിയോടെ സന്ദർശകരെ സ്വീകരിക്കാനും ഇരിപ്പിടം കണ്ടെത്താൻ പുതിയവരെ സഹായിക്കാനും നിങ്ങൾക്കു കഴിയും. പുതിയവരെ മറ്റുള്ളവർക്കു പരിചയപ്പെടുത്തുക, സുഹൃത്തുക്കളുടെ ഇടയിലാണു തങ്ങളെന്ന് അവർക്കു തോന്നട്ടെ.
12 നിങ്ങൾക്കു വയൽസേവനയോഗം നടത്താൻ നിയമനം കിട്ടുന്നെങ്കിൽ ശുശ്രൂഷയിൽ പങ്കെടുക്കാൻ വന്നിരിക്കുന്ന പ്രായമായവരെ സഹായിക്കാനാകും. അവർക്ക് എളുപ്പത്തിൽ പോകാൻ പറ്റുന്ന പ്രദേശമുണ്ടെന്ന് ഉറപ്പുവരുത്തുക. ചില ലേവ്യ 19:32.
സാഹചര്യങ്ങളിൽ, അവരെ സഹായിക്കാൻ കഴിയുന്ന, പ്രായം കുറഞ്ഞ ഒരാളെ നിങ്ങൾക്ക് അവരുടെകൂടെ വിടാനാകുമോ? ആരോഗ്യപ്രശ്നങ്ങളും മറ്റും കാരണം അധികം പ്രവർത്തിക്കാൻ കഴിയാത്ത സഹോദരങ്ങളോടു പരിഗണനയോടെ ഇടപെടുക. ഇങ്ങനെ നിങ്ങൾ പരിഗണനയും വിവേകവും കാണിക്കുമ്പോൾ പ്രായമായവരെയും ചെറുപ്പക്കാരെയും അനുഭവപരിചയമുള്ളവരെയും ഇല്ലാത്തവരെയും ഉത്സാഹത്തോടെ സന്തോഷവാർത്ത പ്രസംഗിക്കാൻ സഹായിക്കുകയായിരിക്കും.—13 “സഹോദരന്മാർ ഒന്നിച്ച് ഒരുമയോടെ കഴിയുന്നത് എത്ര നല്ലത്! എത്ര രസകരം!” എന്നു പാടാൻ സങ്കീർത്തനക്കാരൻ പ്രചോദിതനായി. (സങ്കീർത്തനം 133:1, 2 വായിക്കുക.) യഹോവയെ ആരാധിച്ച ഇസ്രായേല്യർ ഒരുമിച്ചുകഴിഞ്ഞിരുന്നതുകൊണ്ട് പരസ്പരം ദയ കാണിക്കാനും ഉന്മേഷം പകരാനും അവർക്കു ധാരാളം അവസരങ്ങളുണ്ടായിരുന്നു. നവോന്മേഷം പകരുന്ന അഭിഷേകതൈലംപോലെ ആയിരുന്നു അത്. മറ്റുള്ളവരോടു ദയ കാണിച്ചുകൊണ്ടും അവർക്ക് ഉന്മേഷം പകർന്നുകൊണ്ടും സഹോദരങ്ങൾക്കിടയിലെ ഐക്യം ശക്തമാക്കാൻ നിങ്ങൾ തീരുമാനമെടുത്തിട്ടുണ്ടോ? നിങ്ങൾ ഇപ്പോൾത്തന്നെ അങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ അഭിനന്ദനം അർഹിക്കുന്നു. എന്നാൽ ഇക്കാര്യത്തിൽ ‘വിശാലതയുള്ളവരാകാൻ’ കഴിയുമോ, അതായത് കൂടുതൽ സഹോദരങ്ങളോട് അടുത്ത് സഹവസിക്കാൻ നിങ്ങൾക്കു കഴിയുമോ?—2 കൊരി. 6:11-13, അടിക്കുറിപ്പ്.
14. അയൽക്കാരുടെ ഇടയിൽ വെളിച്ചം പ്രകാശിപ്പിക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാം?
14 അയൽക്കാരുടെ ഇടയിൽ ബൈബിൾസത്യത്തിന്റെ വെളിച്ചം പ്രകാശിപ്പിക്കാൻ നിങ്ങൾക്കു കൂടുതലായി എന്തൊക്കെ ചെയ്യാനാകും? ഹൃദ്യമായി സംസാരിക്കുന്നതും ദയയോടെ ഇടപെടുന്നതും അയൽക്കാരനെ സത്യത്തിലേക്ക് ആകർഷിച്ചേക്കാം. നിങ്ങളോടുതന്നെ ചോദിക്കുക: ‘അയൽക്കാർക്ക് എന്നെക്കുറിച്ചുള്ള അഭിപ്രായം എന്താണ്? വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്ന കാര്യത്തിൽ അയൽക്കാർക്കിടയിൽ എനിക്ക് ഒരു നല്ല പേരുണ്ടോ? മറ്റുള്ളവരെ സഹായിക്കാൻ ഞാൻ മുൻകൈയെടുക്കാറുണ്ടോ?’ നമ്മുടെ സഹോദരങ്ങളുമായി സംസാരിക്കുമ്പോൾ, അവരുടെ ദയാപ്രവൃത്തികളും നല്ല പെരുമാറ്റവും ബന്ധുക്കളിലും അയൽക്കാരിലും സഹജോലിക്കാരിലും സഹപാഠികളിലും എന്തു ഫലം ഉളവാക്കിയെന്ന് അവരോടു ചോദിച്ചുകൂടേ? അവർക്കു പല നല്ല അനുഭവങ്ങളും നിങ്ങളോടു പറയാനുണ്ടാകും.—എഫെ. 5:9.
ഉണർന്നിരിക്കുക
15. ഉണർന്നിരിക്കേണ്ടതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
15 വെളിച്ചം കൂടുതൽ പ്രകാശിപ്പിക്കാൻ നമ്മൾ ശ്രമിക്കുമോ എന്നതു മുഖ്യമായും നമ്മുടെ മനോഭാവത്തെ ആശ്രയിച്ചിരിക്കും. യേശു ശിഷ്യന്മാരെ കൂടെക്കൂടെ ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “ഉണർന്നിരിക്കുക.” (മത്താ. 24:42; 25:13; 26:41) ‘“മഹാകഷ്ടത” എന്നെങ്കിലും ഒരിക്കൽ വരും, പക്ഷേ എന്റെ ജീവിതകാലത്തൊന്നും അതു വരാൻപോകുന്നില്ല’ എന്നൊരു മനോഭാവമാണു നമുക്കുള്ളതെങ്കിൽ നമ്മൾ അടിയന്തിരതാബോധത്തോടെ പ്രസംഗപ്രവർത്തനം ചെയ്യില്ല. (മത്താ. 24:21) ഉജ്ജ്വലമായി പ്രകാശിക്കുന്നതിനു പകരം നമ്മുടെ വെളിച്ചം മങ്ങാൻ തുടങ്ങും, പതുക്കെപ്പതുക്കെ അത് അണഞ്ഞുപോകുകയും ചെയ്തേക്കാം.
16, 17. നമുക്ക് എപ്പോഴും ഉണർന്നിരിക്കാൻ കഴിയുന്നത് എങ്ങനെ?
16 ലോകത്തിന്റെ അവസ്ഥകൾ കൂടുതൽക്കൂടുതൽ മോശമായിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് നമ്മൾ എല്ലാവരും ഉണർന്നിരിക്കേണ്ടതു വളരെ പ്രധാനമാണ്. യഹോവ പ്രവർത്തിക്കുന്നതു കൃത്യസമയത്തായിരിക്കും, അക്കാര്യത്തിൽ ഒരു സംശയവും വേണ്ട. (മത്താ. 24:42-44) എന്നാൽ ആ സമയം വരുന്നതുവരെ ക്ഷമയോടെ കാത്തിരിക്കുക, മുമ്പെന്നത്തെക്കാളും ഉണർന്നിരിക്കുക. ദൈവവചനം ദിവസവും വായിക്കുക, പ്രാർഥിക്കുന്ന കാര്യത്തിൽ ഉത്സാഹമുള്ളവരായിരിക്കുക. (1 പത്രോ. 4:7) ഉണർന്നിരിക്കുകയും വെളിച്ചം പ്രകാശിപ്പിക്കുകയും ചെയ്തതിന്റെ സന്തോഷം ആസ്വദിക്കുന്ന സഹോദരങ്ങളുടെ ആവേശകരമായ അനുഭവങ്ങളിൽനിന്ന് പഠിക്കുക. അങ്ങനെയുള്ള ഒരു അനുഭവമാണ് 2012 ഏപ്രിൽ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 18-21 പേജുകളിൽ വന്ന “യഹൂദന്റെ വസ്ത്രാഗ്രം പിടിച്ച് എഴുപതു വർഷം” എന്ന ലേഖനം.
17 ആത്മീയമായി നമ്മളെ ശക്തരാക്കുന്ന പ്രവർത്തനങ്ങളിൽ മുഴുകുക, സഹോദരങ്ങളോടൊത്തുള്ള സഹവാസം നന്നായി ആസ്വദിക്കുക. അതു നിങ്ങൾക്കു വളരെ സന്തോഷം തരും. സമയം പറന്നുപോകുന്നതുപോലെ നിങ്ങൾക്കു തോന്നും. (എഫെ. 5:16) ഒരു നൂറ്റാണ്ടു മുമ്പ് ജീവിച്ചിരുന്ന സഹോദരങ്ങൾ തിരക്കോടെ പ്രവർത്തിച്ചതുകൊണ്ട് അവർക്കു വളരെയധികം കാര്യങ്ങൾ ചെയ്യാനായി എന്നതു സത്യമാണ്. എന്നാൽ ഇന്ന് യഹോവയുടെ സഹായത്താൽ നമ്മൾ എത്രയധികം കാര്യങ്ങളാണു ചെയ്യുന്നത്! ആരും ഭാവനയിൽപ്പോലും കണ്ടിട്ടില്ലാത്തത്ര തീവ്രമായി നമ്മൾ ഇന്നു വെളിച്ചം പ്രകാശിപ്പിക്കുകയാണ്.
18, 19. ഉത്സാഹത്തോടെ യഹോവയെ സേവിക്കാൻ മൂപ്പന്മാർക്ക് എങ്ങനെ സഭയെ സഹായിക്കാം? ഒരു അനുഭവം പറയുക.
18 യഹോവയെ പ്രസാദിപ്പിക്കുന്ന വിധത്തിൽ സേവിക്കാൻ നമ്മുടെ അപൂർണത ഒരു തടസ്സമല്ലെന്ന് അറിയുന്നതു നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുന്നില്ലേ? നമ്മളെ സഹായിക്കാനായി യഹോവ നമുക്കു “മനുഷ്യരെ സമ്മാനങ്ങളായി” തന്നിരിക്കുന്നു, ആ സമ്മാനങ്ങളായ മൂപ്പന്മാരുടെ സേവനത്തെ വിലമതിക്കുക. (എഫെസ്യർ 4:8, 11, 12 വായിക്കുക.) അടുത്ത പ്രാവശ്യം ഒരു മൂപ്പൻ നിങ്ങളെ സന്ദർശിക്കുമ്പോൾ അദ്ദേഹത്തിന്റെ ജ്ഞാനത്തിൽനിന്നും അദ്ദേഹം തരുന്ന ഉപദേശത്തിൽനിന്നും പ്രയോജനം നേടാൻ ശ്രമിക്കുക.
19 ഇംഗ്ലണ്ടിലെ രണ്ടു മൂപ്പന്മാർ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായം ചോദിച്ച ഒരു ദമ്പതികളെ സന്ദർശിച്ചു. ഭർത്താവ് യഹോവയെ സേവിക്കുന്ന കാര്യത്തിൽ നേതൃത്വമെടുക്കുന്നില്ല എന്നായിരുന്നു ഭാര്യയുടെ പരാതി. താൻ ഒരു നല്ല അധ്യാപകനല്ലെന്നും വീട്ടിൽ ക്രമമായ കുടുംബാരാധനയില്ലെന്നും ഭർത്താവ് സമ്മതിച്ചു. യേശുവിന്റെ മാതൃകയെക്കുറിച്ച് മൂപ്പന്മാർ ദമ്പതികളോടു സംസാരിച്ചു. യേശു ശിഷ്യന്മാരെ പരിപാലിക്കുകയും അവരുടെ ആവശ്യങ്ങൾ കണക്കിലെടുക്കുകയും ചെയ്തു. ആ മാതൃക അനുകരിക്കാൻ മൂപ്പന്മാർ ഭർത്താവിനെ പ്രോത്സാഹിപ്പിച്ചു, യേശുവിനെപ്പോലെ ക്ഷമയുള്ളവളായിരിക്കാൻ ഭാര്യയെയും. കുട്ടികളെയുംകൂടി ഉൾപ്പെടുത്തി അവർക്ക് ഒരുമിച്ച് എങ്ങനെ കുടുംബാരാധന നടത്താമെന്നുള്ള പ്രായോഗികമായ നിർദേശങ്ങളും മൂപ്പന്മാർ കൊടുത്തു. (എഫെ. 5:21-29) പിന്നീട്, ഭർത്താവ് നടത്തിയ നല്ല ശ്രമങ്ങളെ മൂപ്പന്മാർ അഭിനന്ദിച്ചു. ഒരു ആത്മീയശിരസ്സാകാനുള്ള സഹായത്തിനായി പരിശുദ്ധാത്മാവിൽ ആശ്രയിക്കാനും ശ്രമം തുടരാനും അവർ അദ്ദേഹത്തോടു പറഞ്ഞു. മൂപ്പന്മാരുടെ സ്നേഹവും പിന്തുണയും കിട്ടിയ ആ കുടുംബം വെളിച്ചം പ്രകാശിപ്പിക്കാൻ തുടങ്ങി.
20. നിങ്ങളുടെ വെളിച്ചം പ്രകാശിപ്പിക്കുന്നതുകൊണ്ട് എന്തു ഫലം പ്രതീക്ഷിക്കാം?
20 സങ്കീർത്തനക്കാരൻ ഇങ്ങനെ പാടി: “യഹോവയെ ഭയപ്പെട്ട് ദൈവത്തിന്റെ വഴികളിൽ നടക്കുന്ന എല്ലാവരും സന്തുഷ്ടർ.” (സങ്കീ. 128:1) സത്യാരാധനയിലേക്ക് ആളുകളെ നയിച്ചുകൊണ്ടും ഐക്യം ശക്തമാക്കാൻ പ്രവർത്തിച്ചുകൊണ്ടും ഉണർന്നിരുന്നുകൊണ്ടും നിങ്ങൾ വെളിച്ചം പ്രകാശിപ്പിക്കുമ്പോൾ നിങ്ങളുടെ സന്തോഷം വർധിക്കും. നിങ്ങളുടെ നല്ല പ്രവൃത്തികൾ മറ്റുള്ളവർ കാണും, നമ്മുടെ പിതാവിനെ മഹത്ത്വപ്പെടുത്താൻ പലരും പ്രേരിതരാകുകയും ചെയ്യും.—മത്താ. 5:16.