യഹോവയെയും യേശുവിനെയും പോലെ നമ്മളും ഒന്നായിരിക്കുക
‘പിതാവേ, അങ്ങ് എന്നോടു യോജിപ്പിലായിരിക്കുന്നതുപോലെ അവർ എല്ലാവരും ഒന്നായിരിക്കാൻ ഞാൻ അപേക്ഷിക്കുന്നു.’—യോഹ. 17:20, 21.
1, 2. (എ) അപ്പോസ്തലന്മാരുമൊത്തുള്ള അവസാനപ്രാർഥനയിൽ യേശു എന്താണ് അപേക്ഷിച്ചത്? (ബി) ഐക്യത്തെക്കുറിച്ച് യേശു എന്തുകൊണ്ടായിരിക്കാം ഊന്നിപ്പറഞ്ഞത്?
അപ്പോസ്തലന്മാരുമൊത്തുള്ള അവസാനത്തെ ഭക്ഷണത്തിന്റെ സമയത്ത് യേശു ഐക്യത്തെപ്പറ്റി സംസാരിച്ചു. യേശു ഐക്യത്തെ വളരെ പ്രധാനപ്പെട്ടതായി കണ്ടു. അവരുടെകൂടെ പ്രാർഥിച്ചപ്പോൾ താനും പിതാവും ഒന്നായിരിക്കുന്നതുപോലെ തന്റെ ശിഷ്യന്മാരും ഒന്നായിരിക്കാനുള്ള ആഗ്രഹം യേശു പ്രകടിപ്പിച്ചു. (യോഹന്നാൻ 17:20, 21 വായിക്കുക.) അവർക്കിടയിലെ ഐക്യം ശക്തമായ ഒരു സാക്ഷ്യമാകുമായിരുന്നു. അതെ, തന്റെ ഇഷ്ടം ചെയ്യാനായി യഹോവ യേശുവിനെ ഭൂമിയിലേക്ക് അയച്ചെന്നതിന്റെ വ്യക്തമായ തെളിവാകുമായിരുന്നു അത്. യേശുവിന്റെ യഥാർഥശിഷ്യന്മാരുടെ അടയാളം സ്നേഹമായിരിക്കും, അത് അവരുടെ ഒരുമ വർധിപ്പിക്കുകയും ചെയ്യും.—യോഹ. 13:34, 35.
2 യേശു ഐക്യത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞതിന്റെ കാരണം നമുക്കു മനസ്സിലാക്കാവുന്നതേ ഉള്ളൂ. അപ്പോസ്തലന്മാർക്കിടയിൽ ഐക്യവും യോജിപ്പും കുറവുള്ളതായി യേശു ശ്രദ്ധിച്ചിരുന്നു. മുമ്പ് സംഭവിച്ചിട്ടുള്ളതുപോലെ ആ അവസാനഭക്ഷണസമയത്തും ‘തങ്ങളുടെ കൂട്ടത്തിൽ ആരാണു വലിയവൻ എന്നതിനെപ്പറ്റി ഒരു തർക്കം അവരുടെ ഇടയിൽ ഉണ്ടായി.’ (ലൂക്കോ. 22:24-27; മർക്കോ. 9:33, 34) മറ്റൊരിക്കൽ, യാക്കോബും യോഹന്നാനും യേശുവിന്റെ രാജ്യത്തിൽ തങ്ങൾക്കു പ്രധാനപ്പെട്ട സ്ഥാനങ്ങൾ നൽകണമെന്നു യേശുവിനോട് അപേക്ഷിച്ചു.—മർക്കോ. 10:35-40.
3. ക്രിസ്തുവിന്റെ ശിഷ്യന്മാർക്ക് ഒരുമയോടെ നിൽക്കാൻ തടസ്സമായിരുന്ന ചില ഘടകങ്ങൾ ഏതൊക്കെയായിരിക്കാം, നമ്മൾ ഏതെല്ലാം ചോദ്യങ്ങൾ ചർച്ച ചെയ്യും?
3 ക്രിസ്തുവിന്റെ ശിഷ്യന്മാർക്കിടയിലെ ഐക്യത്തിനു തടസ്സമായിരുന്നതു സ്ഥാനമോഹം മാത്രമായിരിക്കില്ല. മറ്റു കാര്യങ്ങളുമുണ്ടായിരുന്നിരിക്കാം. വിദ്വേഷവും മുൻവിധിയും യേശുവിന്റെ കാലത്തെ ആളുകളെ ഭിന്നിപ്പിച്ചിരുന്നു. യേശുവിന്റെ ശിഷ്യന്മാർ അത്തരം മനോഭാവങ്ങൾ ഒഴിവാക്കേണ്ടിയിരുന്നു. ഈ ലേഖനത്തിൽ പിൻവരുന്ന ചോദ്യങ്ങൾ നമ്മൾ ചർച്ച ചെയ്യും: മുൻവിധിയെ യേശു എങ്ങനെയാണു നേരിട്ടത്? പക്ഷപാതമില്ലാതെ മറ്റുള്ളവരോട് ഇടപെടാനും പരസ്പരം യോജിപ്പുള്ളവരായിരിക്കാനും തന്റെ ശിഷ്യന്മാരെ യേശു എങ്ങനെയാണു പഠിപ്പിച്ചത്? ഒരുമയോടെ നിൽക്കാൻ ആ പഠിപ്പിക്കലുകൾ നമ്മളെ എങ്ങനെ സഹായിക്കും?
യേശുവും അനുഗാമികളും നേരിട്ട മുൻവിധി
4. യേശുവിനോടു മുൻവിധി കാണിച്ചതിന്റെ ചില ഉദാഹരണങ്ങൾ പറയുക.
4 യേശുവിനും മുൻവിധി അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. താൻ മിശിഹയെ കണ്ടെത്തിയെന്നു ഫിലിപ്പോസ് നഥനയേലിനോടു പറഞ്ഞപ്പോൾ നഥനയേലിന്റെ മറുപടി നോക്കുക: “അതിന്, നസറെത്തിൽനിന്ന് എന്തു നന്മ വരാനാണ്?” (യോഹ. 1:46) സാധ്യതയനുസരിച്ച്, നഥനയേലിനു മീഖ 5:2-ലെ പ്രവചനം അറിയാമായിരുന്നു. മിശിഹ നസറെത്തിൽനിന്ന് വരാനുള്ള പ്രാധാന്യമൊന്നും ആ നാടിനില്ലെന്ന് അദ്ദേഹം കരുതിയിരിക്കാം. അതുപോലെ, ഒരു ഗലീലക്കാരനായതുകൊണ്ട് ജൂതപ്രമാണിമാരിൽ പലരും യേശുവിനെ പുച്ഛത്തോടെയാണു വീക്ഷിച്ചിരുന്നത്. (യോഹ. 7:52) ഗലീലക്കാരെ താഴ്ന്നവരായിട്ടാണു മിക്ക ജൂതന്മാരും കണ്ടത്. വേറെ ചില ജൂതന്മാർ ശമര്യക്കാരൻ എന്നു വിളിച്ച് യേശുവിനെ പരിഹസിക്കാൻ ശ്രമിച്ചു. (യോഹ. 8:48) ശമര്യക്കാർ വംശീയമായും മതപരമായും ജൂതന്മാരിൽനിന്ന് വ്യത്യസ്തരായിരുന്നു. ജൂതന്മാരും ഗലീലക്കാരും ശമര്യക്കാർക്ക് ഒട്ടും വില കല്പിച്ചില്ല. എന്നു മാത്രമല്ല, അവരെ തീർത്തും അവഗണിക്കുകയും ചെയ്തിരുന്നു.—യോഹ. 4:9.
5. യേശുവിന്റെ അനുഗാമികൾക്ക് എങ്ങനെയുള്ള മുൻവിധിയാണ് അനുഭവിക്കേണ്ടിവന്നത്?
5 ജൂതനേതാക്കന്മാർക്കു യേശുവിന്റെ അനുഗാമികളോടും കടുത്ത അവജ്ഞയായിരുന്നു. പരീശന്മാർ അവരെ ‘ശപിക്കപ്പെട്ടവരായിട്ടാണു’ വീക്ഷിച്ചിരുന്നത്. (യോഹ. 7:47-49) റബ്ബിമാരുടെ സ്കൂളുകളിൽ പഠിക്കാത്തവരെയും തങ്ങളുടെ പാരമ്പര്യം പിൻപറ്റാത്തവരെയും വിലയില്ലാത്തവരും സാധാരണക്കാരും ആയിട്ടാണ് ആ നേതാക്കന്മാർ കണ്ടിരുന്നത്. (പ്രവൃ. 4:13, അടിക്കുറിപ്പ്) അക്കാലത്ത് മതപരവും സാമൂഹികവും വംശീയവും ആയ വേർതിരിവുകൾ നിലനിന്നിരുന്നു. അതിന്റെ പേരിലാണു യേശുവിനും അനുഗാമികൾക്കും മുൻവിധി അനുഭവിക്കേണ്ടിവന്നത്. ആ മുൻവിധി യേശുവിന്റെ ശിഷ്യന്മാരെയും സ്വാധീനിച്ചിരുന്നു. ഒറ്റക്കെട്ടായി നിൽക്കുന്നതിന്, അവർ തങ്ങളുടെ ചിന്താരീതിക്കു പാടേ മാറ്റംവരുത്തണമായിരുന്നു.
6. മുൻവിധി നമ്മളെ എങ്ങനെയാണു സ്വാധീനിക്കുന്നത് എന്നു കാണിക്കുന്ന ഉദാഹരണങ്ങൾ പറയുക.
6 മുൻവിധിയാൽ ചുറ്റപ്പെട്ട ലോകത്തിലാണു നമ്മൾ ഇന്നു ജീവിക്കുന്നത്. ചിലപ്പോൾ ആളുകൾ നമ്മളോടു മുൻവിധിയോടെ പെരുമാറിയിട്ടുണ്ടാകാം, അല്ലെങ്കിൽ നമുക്കു മറ്റുള്ളവരോടു മുൻവിധിയുണ്ടായിരിക്കാം. ഇപ്പോൾ മുൻനിരസേവികയായി പ്രവർത്തിക്കുന്ന ഓസ്ട്രേലിയയിലെ ഒരു സഹോദരി പറയുന്നു: “പണ്ടുകാലംമുതൽ ഓസ്ട്രേലിയയിലെ ആദിവാസികൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന അനീതിയെക്കുറിച്ച് ചിന്തിക്കുംതോറും വെള്ളക്കാരോടുള്ള എന്റെ വെറുപ്പു കൂടിവന്നു. എനിക്കു നേരിടേണ്ടിവന്ന ചില ദുരനുഭവങ്ങൾ കൂടിയായപ്പോൾ ഇതു കൂടുതൽ ആളിക്കത്തി.” ഭാഷയുടെ പേരിൽ ഒരു കാലത്ത് തനിക്കു മറ്റുള്ളവരോടു മുൻവിധിയുണ്ടായിരുന്നെന്നു കാനഡക്കാരനായ ഒരു സഹോദരൻ സമ്മതിക്കുന്നു. അദ്ദേഹം പറയുന്നു: “ഫ്രഞ്ച് ഭാഷ സംസാരിക്കുന്നവർ മറ്റുള്ളവരെക്കാൾ ഉയർന്നവരാണെന്നാണു ഞാൻ കരുതിയിരുന്നത്. ഇംഗ്ലീഷ് സംസാരിക്കുന്നവരെ എനിക്കു കണ്ടുകൂടായിരുന്നു.”
7. മുൻവിധിയോടുള്ള ബന്ധത്തിൽ യേശു എന്താണു ചെയ്തത്?
7 യേശുവിന്റെ കാലത്തെപ്പോലെ, ഇന്നും മുൻവിധി വളരെ ശക്തവും ആഴത്തിൽ വേരുപിടിച്ചതും ആണ്. ആകട്ടെ, മുൻവിധിയോടുള്ള ബന്ധത്തിൽ യേശു എന്താണു ചെയ്തത്? ആദ്യംതന്നെ, മറ്റുള്ളവരോടു യാതൊരു വേർതിരിവും കാണിക്കാതെ യേശു മുൻവിധി തള്ളിക്കളഞ്ഞു. ധനികരോടും ദരിദ്രരോടും, പരീശന്മാരോടും ശമര്യക്കാരോടും, എന്തിന്, നികുതിപിരിവുകാരോടും പാപികളോടും പോലും പക്ഷപാതമില്ലാതെ യേശു സന്തോഷവാർത്ത പ്രസംഗിച്ചു. രണ്ടാമത്, ആളുകളെ സംശയദൃഷ്ടിയോടെ നോക്കുന്നതും അവരോട് അസഹിഷ്ണുത കാണിക്കുന്നതും തന്റെ ശിഷ്യന്മാർ ഒഴിവാക്കണമെന്നു യേശു വാക്കിലൂടെയും മാതൃകയിലൂടെയും പഠിപ്പിച്ചു.
സ്നേഹത്തിനും താഴ്മയ്ക്കും മുൻവിധിയെ കീഴടക്കാൻ കഴിയും
8. ക്രിസ്ത്യാനികൾക്കിടയിലെ ഐക്യത്തിൽ ഉൾപ്പെട്ടിരിക്കുന്ന അടിസ്ഥാനതത്ത്വം എന്താണ്? വിശദീകരിക്കുക.
8 നമ്മുടെ ഐക്യത്തിന് അടിസ്ഥാനമായ ഒരു പ്രധാനതത്ത്വം യേശു തന്റെ അനുഗാമികളെ പഠിപ്പിച്ചു. യേശു പറഞ്ഞു: “നിങ്ങളോ എല്ലാവരും സഹോദരന്മാർ.” (മത്തായി 23:8, 9 വായിക്കുക.) ആദാമിന്റെ സന്തതികളായതുകൊണ്ട് ഒരർഥത്തിൽ നമ്മളെല്ലാം ‘സഹോദരന്മാരാണ്.’ (പ്രവൃ. 17:26) അതു മാത്രമല്ല, തന്റെ ശിഷ്യന്മാർ യഹോവയെ സ്വർഗീയപിതാവായി അംഗീകരിക്കുന്നതുകൊണ്ട് അവർ സഹോദരന്മാരും സഹോദരിമാരും ആണെന്നു യേശു വിശദീകരിച്ചു. (മത്താ. 12:50) തീർന്നില്ല, സ്നേഹത്തിലും വിശ്വാസത്തിലും ഒന്നായിത്തീർന്ന അവർ ഒരു വലിയ ആത്മീയകുടുംബത്തിലെ അംഗങ്ങളാണ്. അതുകൊണ്ട് അപ്പോസ്തലന്മാർ തങ്ങളുടെ കത്തുകളിൽ സഹവിശ്വാസികളെ പലപ്പോഴും ‘സഹോദരന്മാരെന്നും സഹോദരിമാരെന്നും’ പരാമർശിച്ചിട്ടുണ്ട്.—റോമ. 1:13; 1 പത്രോ. 2:17; 1 യോഹ. 3:13. *
9, 10. (എ) ജൂതന്മാർക്കു തങ്ങളുടെ വംശത്തെച്ചൊല്ലി അഹങ്കരിക്കാൻ കാരണമില്ലാതിരുന്നത് എന്തുകൊണ്ട്? (ബി) വംശത്തെച്ചൊല്ലിയുള്ള അഹങ്കാരം തെറ്റാണെന്നു യേശു എങ്ങനെയാണു പഠിപ്പിച്ചത്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
9 നമ്മൾ പരസ്പരം സഹോദരങ്ങളായി കാണണമെന്നു വ്യക്തമാക്കിയശേഷം യേശു താഴ്മയുടെ ആവശ്യം എടുത്തുപറഞ്ഞു. (മത്തായി 23:11, 12 വായിക്കുക.) മുമ്പ് കണ്ടതുപോലെ, അഹങ്കാരം ചിലപ്പോഴൊക്കെ അപ്പോസ്തലന്മാർക്കിടയിൽ ഭിന്നതയുടെ വിത്തുകൾ വിതച്ചു. ആളുകൾ വംശത്തിന്റെ പേരിലും അഹങ്കരിച്ചിരുന്നു. അബ്രാഹാമിന്റെ വംശത്തിൽപ്പെട്ടവരായതുകൊണ്ട് തങ്ങൾ മറ്റുള്ളവരെക്കാൾ ശ്രേഷ്ഠരാണെന്ന ചിന്ത പല ജൂതന്മാർക്കുമുണ്ടായിരുന്നു. എന്നാൽ അങ്ങനെ അഹങ്കരിക്കാൻ അവർക്ക് എന്തെങ്കിലും ന്യായമുണ്ടായിരുന്നോ? സ്നാപകയോഹന്നാൻ അവരോടു പറഞ്ഞു: “അബ്രാഹാമിനുവേണ്ടി ഈ കല്ലുകളിൽനിന്ന് മക്കളെ ഉളവാക്കാൻ ദൈവത്തിനു കഴിയും.”—ലൂക്കോ. 3:8.
10 യേശു വംശത്തെച്ചൊല്ലിയുള്ള അഹങ്കാരത്തെ കുറ്റംവിധിച്ചു. “ആരാണ് യഥാർഥത്തിൽ എന്റെ അയൽക്കാരൻ” എന്ന് ഒരു ശാസ്ത്രി ചോദിച്ചപ്പോൾ യേശു ആ കാര്യം വ്യക്തമാക്കി. കവർച്ചക്കാരുടെ ആക്രമണത്തിന് ഇരയായ ഒരു ജൂതനെ ദയാപൂർവം പരിചരിച്ച ഒരു ശമര്യക്കാരന്റെ ദൃഷ്ടാന്തം പറഞ്ഞുകൊണ്ടാണ് യേശു ആ ചോദ്യത്തിന് ഉത്തരം കൊടുത്തത്. അവശനായി കിടന്ന ആ മനുഷ്യനെ ആ വഴി കടന്നുപോയ ജൂതന്മാർ അവഗണിച്ചെങ്കിലും ശമര്യക്കാരന് അയാളോടു മനസ്സലിവ് തോന്നി. ആ ശമര്യക്കാരനെപ്പോലെയാകാൻ ശാസ്ത്രിയോടു പറഞ്ഞുകൊണ്ട് യേശു തന്റെ കഥ ഉപസംഹരിച്ചു. (ലൂക്കോ. 10:25-37) യഥാർഥ അയൽസ്നേഹം എന്താണെന്നു ജൂതന്മാരെ പഠിപ്പിക്കാൻ ഒരു ശമര്യക്കാരനു കഴിയുമെന്നു യേശു അങ്ങനെ കാണിച്ചുകൊടുത്തു.
11. ക്രിസ്തുവിന്റെ ശിഷ്യന്മാർ വിദേശികളോടു പക്ഷപാതമില്ലാതെ പെരുമാറേണ്ടിയിരുന്നത് എന്തുകൊണ്ട്, അതു മനസ്സിലാക്കാൻ യേശു അവരെ സഹായിച്ചത് എങ്ങനെയാണ്?
11 സ്വർഗാരോഹണം ചെയ്യുന്നതിനു മുമ്പ്, “യഹൂദ്യയിൽ എല്ലായിടത്തും ശമര്യയിലും ഭൂമിയുടെ അതിവിദൂരഭാഗങ്ങൾവരെയും” സന്തോഷവാർത്ത അറിയിക്കാൻ യേശു ശിഷ്യന്മാർക്ക് ഒരു നിയോഗം നൽകി. (പ്രവൃ. 1:8) ആ നിയമനം നിറവേറ്റുന്നതിന്, ശിഷ്യന്മാർ അവരുടെ അഹങ്കാരത്തെയും മുൻവിധിയെയും കീഴടക്കണമായിരുന്നു. യേശു മിക്കപ്പോഴും വിദേശികളായ ആളുകളുടെ നല്ല ഗുണങ്ങൾ എടുത്തുപറഞ്ഞു. എല്ലാ ജനതകളോടും പ്രസംഗിക്കാൻ ഇത് അവരെ ഒരുക്കി. ശ്രദ്ധേയമായ വിശ്വാസം കാണിച്ച വിദേശിയായ ഒരു സൈനികോദ്യോഗസ്ഥനെ യേശു പ്രശംസിച്ചു. (മത്താ. 8:5-10) അതുപോലെ, സാരെഫാത്തിലെ ഫൊയ്നിക്യക്കാരിയായ വിധവയും കുഷ്ഠരോഗിയായ സിറിയക്കാരൻ നയമാനും ഉൾപ്പെടെയുള്ള വിദേശികളെ യഹോവ അനുഗ്രഹിച്ചതിനെക്കുറിച്ച് യേശു സ്വന്തം പട്ടണമായ നസറെത്തിലായിരുന്നപ്പോൾ സംസാരിച്ചു. (ലൂക്കോ. 4:25-27) മറ്റൊരിക്കൽ ഒരു ശമര്യസ്ത്രീയെ സന്തോഷവാർത്ത അറിയിക്കുക മാത്രമല്ല, തന്റെ സന്ദേശത്തോടു താത്പര്യം കാണിച്ചതുകൊണ്ട് ശമര്യക്കാരുടെ ഒരു പട്ടണത്തിൽ യേശു രണ്ടു ദിവസം തങ്ങുകയും ചെയ്തു.—യോഹ. 4:21-24, 40.
മുൻവിധിയോടുള്ള പോരാട്ടം—ഒന്നാം നൂറ്റാണ്ടിൽ
12, 13. (എ) യേശു ഒരു ശമര്യസ്ത്രീയെ പഠിപ്പിക്കുന്നതു കണ്ടപ്പോൾ അപ്പോസ്തലന്മാർക്ക് എന്തു തോന്നി? (ലേഖനാരംഭത്തിലെ ചിത്രം കാണുക.) (ബി) അതിൽനിന്ന് യാക്കോബും യോഹന്നാനും പാഠം പഠിച്ചില്ലെന്ന് എന്തു കാണിക്കുന്നു?
12 മുൻവിധി മറികടക്കുന്നത് അപ്പോസ്തലന്മാർക്ക് അത്ര എളുപ്പമായിരുന്നില്ല. ശമര്യക്കാരിയായ ഒരു സ്ത്രീയെ പഠിപ്പിക്കാൻ യേശു മനസ്സു കാണിച്ചപ്പോൾ അപ്പോസ്തലന്മാർ അതിശയിച്ചുപോയി. (യോഹ. 4:9, 27) ജൂതമതനേതാക്കന്മാർ പൊതുസ്ഥലങ്ങളിൽവെച്ച് സ്ത്രീകളോടു സംസാരിക്കാറില്ലായിരുന്നു. അത്ര സത്പേരില്ലാത്ത ഒരു ശമര്യസ്ത്രീയോടു സംസാരിക്കുന്ന കാര്യം പറയാനുമില്ല. സ്ത്രീ പോയിക്കഴിഞ്ഞപ്പോൾ ഭക്ഷണം കഴിക്കാൻ അപ്പോസ്തലന്മാർ യേശുവിനെ നിർബന്ധിച്ചു. എന്നാൽ ആത്മീയവിഷയങ്ങളുടെ ചർച്ചയിൽ യേശു അത്രയേറെ മുഴുകിപ്പോയതുകൊണ്ട് വിശപ്പുപോലും കാര്യമാക്കിയില്ലെന്നാണു യേശുവിന്റെ മറുപടി കാണിക്കുന്നത്. സന്തോഷവാർത്ത അറിയിക്കുന്നത് പിതാവിന്റെ ഇഷ്ടമായിരുന്നു, യേശുവിന് അത് ആഹാരംപോലെയായിരുന്നു. അത് ഒരു ശമര്യസ്ത്രീയോടാണെങ്കിൽപ്പോലും അക്കാര്യത്തിനു മാറ്റമില്ലായിരുന്നു.—യോഹ. 4:31-34.
13 എന്നാൽ യാക്കോബും യോഹന്നാനും ഈ സംഭവത്തിൽനിന്ന് പാഠം പഠിച്ചില്ല. ഒരിക്കൽ യേശുവും ശിഷ്യന്മാരും ശമര്യയിലൂടെ യാത്ര ചെയ്യുകയായിരുന്നു. അവിടെയുള്ള ഒരു ഗ്രാമത്തിൽ രാത്രി തങ്ങാനുള്ള സൗകര്യം ശിഷ്യന്മാർ അന്വേഷിച്ചു. എന്നാൽ ശമര്യക്കാർ അവരെ സ്വീകരിക്കാൻ തയ്യാറായില്ല. അതിൽ രോഷംപൂണ്ട യാക്കോബും യോഹന്നാനും ആകാശത്തുനിന്ന് തീ ഇറക്കി ആ ഗ്രാമത്തെ മുഴുവൻ നശിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ടു. യേശു അവരെ ശക്തമായി ശകാരിച്ചു. (ലൂക്കോ. 9:51-56) അവരുടെ സ്വദേശമായ ഗലീലയിലായിരുന്നു ആതിഥ്യം കാണിക്കാതിരുന്ന ഈ ഗ്രാമമെങ്കിൽ അവർ ഇങ്ങനെ പ്രതികരിക്കുമായിരുന്നോ? സാധ്യതയനുസരിച്ച്, മുൻവിധിയാണ് അവരുടെ വിദ്വേഷം ആളിക്കത്തിച്ചത്. പിന്നീട് യോഹന്നാൻ ശമര്യക്കാരോടു സന്തോഷവാർത്ത അറിയിച്ചപ്പോൾ അവരിൽ പലരും അതിനു ശ്രദ്ധ കൊടുത്തു. മുമ്പത്തെ തന്റെ കോപപ്രകടനത്തെക്കുറിച്ച് ഓർത്ത് യോഹന്നാന് അപ്പോൾ നാണക്കേടു തോന്നിക്കാണും.—പ്രവൃ. 8:14, 25.
14. ഭാഷയുടെ പേരിലുണ്ടായതെന്നു കരുതപ്പെടുന്ന ഒരു പ്രശ്നം എങ്ങനെയാണു പരിഹരിച്ചത്?
14 എ.ഡി. 33-ലെ പെന്തിക്കോസ്തിനു ശേഷം അധികം താമസിയാതെ, വിവേചനത്തിന്റെ ഒരു പ്രശ്നം ഉയർന്നുവന്നു. സഹായം ആവശ്യമായിരുന്ന വിധവമാർക്കുള്ള ഭക്ഷണവിതരണത്തിൽ ഗ്രീക്കു സംസാരിക്കുന്ന വിധവമാർ അവഗണിക്കപ്പെട്ടു. (പ്രവൃ. 6:1) ഭാഷയുടെ പേരിലുള്ള മുൻവിധിയായിരുന്നിരിക്കാം ഒരു കാരണം. യോഗ്യതയുള്ള പുരുഷന്മാരെ ഭക്ഷണവിതരണത്തിനു നിയമിച്ചുകൊണ്ട് പെട്ടെന്നുതന്നെ അപ്പോസ്തലന്മാർ ഈ പ്രശ്നം പരിഹരിച്ചു. ആത്മീയപക്വതയുള്ള ഈ പുരുഷന്മാർക്കെല്ലാം ഗ്രീക്കു പേരുകളായിരുന്നതുകൊണ്ട് വിവേചനത്തിന് ഇരയായ വിധവമാർക്ക് ഇവർ കൂടുതൽ സ്വീകാര്യരായിരുന്നിരിക്കണം.
15. പത്രോസ് പക്ഷപാതം കാണിക്കാതെ എല്ലാവരോടും പെരുമാറുന്നതിൽ പുരോഗതി വരുത്തിയത് എങ്ങനെ? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
15 എ.ഡി. 36-ൽ എല്ലാ ജനതകളിലുംപെട്ടവരോടു ക്രിസ്തുശിഷ്യർ പ്രസംഗിക്കാൻ തുടങ്ങി. അതുവരെ അപ്പോസ്തലനായ പത്രോസ് ജൂതന്മാരുമായി മാത്രമേ അടുത്ത് സഹവസിച്ചിരുന്നുള്ളൂ. എന്നാൽ ക്രിസ്ത്യാനികൾ പക്ഷപാതമുള്ളവരായിരിക്കരുതെന്നു ദൈവം പത്രോസിനു വ്യക്തമാക്കിക്കൊടുത്തു. അതിനു ശേഷം അദ്ദേഹം റോമൻ പടയാളിയായ കൊർന്നേല്യൊസിനോടു സന്തോഷവാർത്ത പ്രസംഗിച്ചു. (പ്രവൃത്തികൾ 10:28, 34, 35 വായിക്കുക.) പിന്നീട് പത്രോസ് ജനതകളിൽപ്പെട്ട വിശ്വാസികളുടെകൂടെ ഭക്ഷണം കഴിക്കുകയും സഹവസിക്കുകയും ചെയ്തുപോന്നു. എന്നാൽ ഏതാനും വർഷങ്ങൾ കഴിഞ്ഞ് അന്ത്യോക്യയിൽവെച്ച് പത്രോസ് ജൂതന്മാരല്ലാത്ത ക്രിസ്ത്യാനികളോടൊത്ത് ഭക്ഷണം കഴിക്കുന്നതു നിറുത്തി. (ഗലാ. 2:11-14) ആ സാഹചര്യത്തിൽ പൗലോസ് പത്രോസിനു വേണ്ട തിരുത്തൽ കൊടുത്തു. അദ്ദേഹം അതു സ്വീകരിച്ചുകാണണം. കാരണം, പിൽക്കാലത്ത് ഏഷ്യാമൈനറിലെ ജൂതക്രിസ്ത്യാനികൾക്കും ജനതകളിൽപ്പെട്ട ക്രിസ്ത്യാനികൾക്കും എഴുതിയ ആദ്യത്തെ കത്തിൽ പത്രോസ് മുഴു സഹോദരസമൂഹത്തെയും സ്നേഹിക്കേണ്ടത് എത്ര പ്രധാനമാണെന്നു പറഞ്ഞു.—1 പത്രോ. 1:1; 2:17.
16. ആദ്യകാലക്രിസ്ത്യാനികൾ എങ്ങനെയുള്ള ഒരു പേരാണു നേടിയെടുത്തത്?
16 യേശുവിന്റെ മാതൃകയിൽനിന്ന് അപ്പോസ്തലന്മാർ “എല്ലാ തരം മനുഷ്യരെയും” സ്നേഹിക്കാൻ പഠിക്കുകതന്നെ ചെയ്തു. (യോഹ. 12:32; 1 തിമൊ. 4:10) ഇതിനു കുറച്ച് സമയമെടുത്തെങ്കിലും അവർ തങ്ങളുടെ ചിന്താരീതിക്കു മാറ്റംവരുത്തി. അങ്ങനെ ആദ്യകാലക്രിസ്ത്യാനികൾ പരസ്പരം സ്നേഹിക്കുന്നവരെന്ന സത്പേര് നേടിയെടുത്തു. ക്രിസ്ത്യാനികളെക്കുറിച്ച് ക്രിസ്ത്യാനികളല്ലാത്തവർ ഇങ്ങനെ പറഞ്ഞതായി രണ്ടാം നൂറ്റാണ്ടിലെ ഒരു എഴുത്തുകാരനായ തെർത്തുല്യൻ രേഖപ്പെടുത്തുന്നു: “അവർക്കു പരസ്പരസ്നേഹമുണ്ട്. . . . ഒരാൾ മറ്റൊരാൾക്കുവേണ്ടി മരിക്കാൻപോലും തയ്യാറാണ്.” “പുതിയ വ്യക്തിത്വം” ധരിച്ചതുകൊണ്ട് ആദ്യകാലക്രിസ്ത്യാനികൾ എല്ലാ ആളുകളെയും ദൈവം കാണുന്നതുപോലെ തുല്യരായി കാണാൻ തുടങ്ങി.—കൊലോ. 3:10, 11.
17. നമ്മുടെ ഹൃദയത്തിൽനിന്ന് മുൻവിധി എങ്ങനെ പിഴുതെറിയാം? ചില ഉദാഹരണങ്ങൾ പറയുക.
17 ഹൃദയത്തിൽനിന്ന് മുൻവിധി പിഴുതെറിയാൻ നമുക്കും കുറച്ചൊക്കെ സമയം വേണ്ടിവന്നേക്കാം. ഫ്രാൻസിൽനിന്നുള്ള ഒരു സഹോദരി ഇക്കാര്യത്തിലുള്ള തന്റെ പോരാട്ടത്തെക്കുറിച്ച് പറയുന്നു: “സ്നേഹം എന്താണെന്ന് യഹോവ എന്നെ പഠിപ്പിച്ചു. അതുപോലെ, എനിക്കുള്ളതു മറ്റുള്ളവർക്കു കൊടുക്കാനും എല്ലാ തരം ആളുകളെയും സ്നേഹിക്കാനും എന്നെ പഠിപ്പിച്ചു. പക്ഷേ മറ്റുള്ളവരോടുള്ള മുൻവിധി മറികടക്കാൻ ഞാൻ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ എപ്പോഴും അത് അത്ര എളുപ്പമല്ല.
അതുകൊണ്ട് ഞാൻ ഇക്കാര്യത്തെക്കുറിച്ച് മുടങ്ങാതെ പ്രാർഥിക്കുന്നു.” സ്പെയിനിലുള്ള ഒരു സഹോദരിക്കും ഇത്തരമൊരു പോരാട്ടമുണ്ട്. സഹോദരി പറയുന്നു: “ഉള്ളിന്റെ ഉള്ളിൽ ഇപ്പോഴും ഒരു പ്രത്യേക വംശക്കാരോട് എനിക്കു വിദ്വേഷമാണ്. ആ ചിന്തകളോടു ഞാൻ നിരന്തരം പോരാടുകയാണ്. മിക്കപ്പോഴും ഞാൻ വിജയിക്കുന്നുണ്ട്. എന്നാൽ ഞാൻ പോരാടിക്കൊണ്ടേയിരിക്കണം എന്ന് എനിക്ക് അറിയാം. ഐക്യമുള്ള ഒരു കുടുംബത്തിന്റെ ഭാഗമായിരിക്കുന്നതിൽ എനിക്കു സന്തോഷമുണ്ട്, യഹോവയോടു നന്ദിയും.” നമുക്ക് ഓരോരുത്തർക്കും നമ്മളെത്തന്നെ സത്യസന്ധമായി ഒന്ന് വിലയിരുത്തി നോക്കാം. ഈ രണ്ടു സഹോദരിമാരെപ്പോലെ നമുക്കും ഏതെങ്കിലും തരത്തിലുള്ള മുൻവിധിക്കെതിരെ പോരാടേണ്ടതുണ്ടോ?മുൻവിധിയുടെ സ്ഥാനത്ത് സ്നേഹം വളരുന്നു
18, 19. (എ) എല്ലാവരെയും സ്വീകരിക്കാൻ നമുക്ക് എന്തെല്ലാം കാരണങ്ങളാണുള്ളത്? (ബി) നമുക്ക് ഇത് ഏതൊക്കെ വിധങ്ങളിൽ ചെയ്യാം?
18 നമ്മളെല്ലാം ഒരിക്കൽ ദൈവത്തിൽനിന്ന് അകന്നവരായിരുന്നെന്ന് ഓർക്കുന്നതു നല്ലതാണ്. (എഫെ. 2:12) പക്ഷേ യഹോവ “സ്നേഹത്തിന്റെ ചരടുകൾകൊണ്ട്” നമ്മളെ തന്നിലേക്ക് അടുപ്പിച്ചു. (ഹോശേ. 11:4; യോഹ. 6:44) ക്രിസ്തു നമ്മളെ സ്വീകരിച്ചു. ഒരർഥത്തിൽ നമുക്കുവേണ്ടി വാതിലുകൾ തുറന്നുതന്നു, അങ്ങനെ നമുക്കു ദൈവകുടുംബത്തിന്റെ ഭാഗമാകാൻ കഴിഞ്ഞു. (റോമർ 15:7 വായിക്കുക.) അപൂർണരായ നമ്മളെ യേശു ദയയോടെ സ്വീകരിച്ചിരിക്കുന്നതിനാൽ, മറ്റുള്ളവരെ അവഗണിക്കുന്നതിനെക്കുറിച്ച് നമ്മൾ ചിന്തിക്കാനേ പാടില്ല.
19 നമ്മൾ ഈ ദുഷ്ടവ്യവസ്ഥിതിയുടെ അവസാനത്തോട് അടുത്തുകൊണ്ടിരിക്കുകയാണ്. ചേരിതിരിവുകളും മുൻവിധികളും ശത്രുതയും ലോകത്ത് ഇനിയും പെരുകിവരും, സംശയിക്കേണ്ട. (ഗലാ. 5:19-21; 2 തിമൊ. 3:13) യഹോവയുടെ ദാസന്മാരായ നമ്മൾ പക്ഷപാതമില്ലാത്തതും സമാധാനം ഉന്നമിപ്പിക്കുന്നതും ആയ ഉയരത്തിൽനിന്നുള്ള ജ്ഞാനം തേടുന്നു. (യാക്കോ. 3:17, 18) നമ്മൾ സന്തോഷത്തോടെ മറ്റു നാടുകളിൽനിന്നുള്ള ആളുകളുമായി സൗഹൃദം സ്ഥാപിക്കുന്നു, സംസ്കാരത്തിലെ വ്യത്യാസങ്ങൾ അംഗീകരിക്കുന്നു, കഴിയുമെങ്കിൽ അവരുടെ ഭാഷ പഠിക്കുകപോലും ചെയ്യുന്നു. നമ്മൾ അങ്ങനെ ചെയ്യുമ്പോൾ സമാധാനം നദിപോലെ ഒഴുകും, നീതി സമുദ്രത്തിലെ തിരമാലകൾപോലെയാകും.—യശ. 48:17, 18.
20. സ്നേഹം നമ്മുടെ മനസ്സിനെയും ഹൃദയത്തെയും രൂപപ്പെടുത്തുമ്പോൾ എന്തു സംഭവിക്കുന്നു?
20 നമ്മൾ നേരത്തേ പരിചയപ്പെട്ട ഓസ്ട്രേലിയയിൽനിന്നുള്ള സഹോദരി പറയുന്നു: “സത്യത്തിന്റെ പ്രളയവാതിലുകൾ എനിക്കു തുറന്നുകിട്ടി.” ബൈബിൾ പഠിച്ചതു തന്നെ എങ്ങനെ സഹായിച്ചെന്ന് അവർ പറയുന്നു: “ഞാൻ ഒരു പുതിയ മനസ്സും പുതിയ ഹൃദയവും ഉള്ള പുതിയ വ്യക്തിയായിത്തീർന്നു. എന്റെ ഉള്ളിൽ ആഴത്തിൽ പതിഞ്ഞിരുന്ന മുൻവിധിയും വിദ്വേഷവും എല്ലാം കൺമുന്നിൽ ഉരുകിയുരുകി ഇല്ലാതായി.” കാനഡയിലെ ആ സഹോദരന്റെ കാര്യമോ? “മിക്കപ്പോഴും അറിവില്ലായ്മയാണു വംശീയതയുടെ മാതാവെന്നും ആളുകളുടെ സ്വഭാവഗുണങ്ങൾ ഒരിക്കലും അവരുടെ ജന്മസ്ഥലത്തെ ആശ്രയിച്ചിരിക്കുന്നില്ലെന്നും” ആ സഹോദരൻ തിരിച്ചറിഞ്ഞു. അദ്ദേഹം ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു സഹോദരിയെ വിവാഹം കഴിച്ചു. ക്രിസ്തീയസ്നേഹത്തിനു മുൻവിധിയെ കീഴടക്കാൻ കഴിയുമെന്നല്ലേ ഈ അനുഭവങ്ങൾ തെളിയിക്കുന്നത്? ആ സ്നേഹം നമ്മളെ ഒറ്റക്കെട്ടായി നിറുത്തുന്നു, ഒരിക്കലും പൊട്ടാത്ത ഒരു ചരടുപോലെ.—കൊലോ. 3:14.
^ ഖ. 8 “സഹോദരങ്ങൾ” എന്ന പദത്തിൽ സഹോദരന്മാരും സഹോദരിമാരും ഉൾപ്പെടുന്നുണ്ട്. റോമിലെ ‘സഹോദരങ്ങളെ’ അഭിസംബോധന ചെയ്താണു പൗലോസ് കത്ത് എഴുതിയത്. അതിൽ സഹോദരിമാരും ഉൾപ്പെടുന്നുണ്ടെന്നു വ്യക്തമാണ്. പൗലോസ് അവരിൽ ചിലരുടെ പേരെടുത്ത് പറയുകയും ചെയ്തു. (റോമ. 16:3, 6, 12) ക്രിസ്തീയവിശ്വാസികളെ വീക്ഷാഗോപുരം വളരെക്കാലം മുമ്പുതൊട്ടേ ‘സഹോദരന്മാരെന്നും സഹോദരിമാരെന്നും’ ആണ് വിളിച്ചിരിക്കുന്നത്.