ജീവിതകഥ
ഞങ്ങളോട് ‘യഹോവ ദയയോടെ ഇടപെട്ടിരിക്കുന്നു’
ഞാനും ഭാര്യ ഡാനിയേലയും ഒരു ഹോട്ടലിലെത്തി മുറി എടുത്തതേ ഉണ്ടായിരുന്നുള്ളൂ. അപ്പോൾ റിസപ്ഷനിസ്റ്റ് ഞങ്ങളോടു ചോദിച്ചു: “സർ, പോലീസിനെ ഒന്നു ഫോൺ ചെയ്യാമോ?” ഏതാനും മണിക്കൂറുകൾക്കു മുമ്പാണ് ആഫ്രിക്കയുടെ പടിഞ്ഞാറൻ തീരത്തുള്ള ഗാബോൺ എന്ന രാജ്യത്ത് ഞങ്ങൾ എത്തിയത്. 1970-കളിലായിരുന്നു അത്. ആ സമയത്ത് നമ്മുടെ പ്രവർത്തനം അവിടെ നിരോധിച്ചിരുന്നു.
പതിവുപോലെ ഡാനിയേല പെട്ടെന്നു പ്രവർത്തിച്ചു. എന്നോടു രഹസ്യമായി ഇങ്ങനെ പറഞ്ഞു: “വിളിച്ച് ബുദ്ധിമുട്ടേണ്ട, പോലീസ് ഇവിടെ എത്തിക്കഴിഞ്ഞു.” ഹോട്ടലിന്റെ മുന്നിലേക്കു ഒരു വണ്ടി വന്നുനിന്നു. ഏതാനും മിനിട്ടുകൾ കഴിഞ്ഞ് ഞങ്ങളെ അറസ്റ്റു ചെയ്തു. പക്ഷേ ഡാനിയേല മുന്നറിയിപ്പു തന്നതു കാരണം ചില രേഖകൾ ഒരു സഹോദരനു കൈമാറാൻ എനിക്കു സമയം കിട്ടി.
പോലീസുകാരുടെ അകമ്പടിയോടെ ഞങ്ങൾ സ്റ്റേഷനിലേക്കു പോയപ്പോൾ, ഇത്രയും ധൈര്യവും ആത്മീയതയും ഉള്ള ഒരു ഭാര്യയെ കിട്ടിയല്ലോ എന്നോർത്ത് എനിക്കു സന്തോഷം തോന്നി. ഞാനും ഡാനിയേലയും എന്നും ഒരു ടീമായിരുന്നു. അതിന്റെ ഒരു ഉദാഹരണം മാത്രമാണ് ഇത്. പ്രസംഗപ്രവർത്തനത്തിനു നിയന്ത്രണമുണ്ടായിരുന്ന രാജ്യങ്ങൾ സന്ദർശിക്കാൻ ഇടയായതിനെക്കുറിച്ച് ഞാൻ പറയാം.
യഹോവ ദയയോടെ എന്റെ കണ്ണുകൾ തുറക്കുന്നു
1930-ലാണു ഞാൻ ജനിച്ചത്. ഫ്രാൻസിന്റെ വടക്കുള്ള ക്രവാ എന്ന ഒരു കൊച്ചു പട്ടണത്തിൽ. ഭക്തിയുള്ള ഒരു കത്തോലിക്കാ കുടുംബമായിരുന്നു എന്റേത്. എല്ലാ ആഴ്ചയും ഞങ്ങൾ കുർബാനയിൽ പങ്കുകൊള്ളുമായിരുന്നു. പള്ളിക്കാര്യങ്ങളിൽ പപ്പ തിരക്കോടെ ഉൾപ്പെട്ടിരുന്നു. എന്നാൽ എനിക്കു 14 വയസ്സായപ്പോൾ ഒരു സംഭവമുണ്ടായി, കത്തോലിക്കാ സഭയുടെ കാപട്യം എന്നെ തുറന്നുകാണിച്ച ഒരു സംഭവം.
രണ്ടാം ലോകമഹായുദ്ധകാലത്ത് ഫ്രാൻസ് ജർമനിയുടെ കീഴിലായിരുന്നു. ഫ്രാൻസ് ഭരിച്ചുകൊണ്ടിരുന്ന, നാസികളോട് ആഭിമുഖ്യമുണ്ടായിരുന്ന വീഷി ഭരണകൂടത്തെ പിന്തുണയ്ക്കാൻ പുരോഹിതൻ തന്റെ പ്രസംഗങ്ങളിൽ കൂടെക്കൂടെ ആഹ്വാനം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗം കേട്ട് ശരിക്കും ഞങ്ങൾ ഞെട്ടിപ്പോയി. ഫ്രാൻസിലുണ്ടായിരുന്ന മറ്റു പലരെയുംപോലെ സഖ്യകക്ഷികളിൽനിന്നുള്ള വാർത്ത അറിയുന്നതിനു ഞങ്ങളും രഹസ്യമായി ബിബിസി റേഡിയോ കേൾക്കുമായിരുന്നു. 1944 സെപ്റ്റംബറിൽ സഖ്യകക്ഷികളുടെ മുന്നേറ്റത്തെക്കുറിച്ച് ഞങ്ങൾ അറിഞ്ഞു. അപ്പോൾ പുരോഹിതൻ നേരേ മലക്കംമറിഞ്ഞു. സഖ്യകക്ഷികളുടെ വിജയം ആഘോഷിക്കാൻ അദ്ദേഹം ഒരു കൃതജ്ഞതാശുശ്രൂഷ ഏർപ്പെടുത്തി. ഇത് എന്നെ ശരിക്കും ഞെട്ടിച്ചു. പുരോഹിതന്മാരിലുള്ള എന്റെ എല്ലാ വിശ്വാസവും നഷ്ടപ്പെട്ടു.
യുദ്ധത്തിനു ശേഷം അധികം കഴിയുന്നതിനു മുമ്പ് എന്റെ പപ്പ മരിച്ചു. എന്റെ ചേച്ചിയുടെ കല്യാണം നേരത്തേതന്നെ കഴിഞ്ഞിരുന്നു, അവർ ബെൽജിയത്തിലായിരുന്നു. അതുകൊണ്ട് മമ്മിയെ നോക്കാൻ ഞാനല്ലാതെ മറ്റാരുമുണ്ടായിരുന്നില്ല. എനിക്കു വസ്ത്രനിർമാണരംഗത്ത് നല്ല ഒരു ജോലി കിട്ടി. എന്റെ തൊഴിലുടമയും അദ്ദേഹത്തിന്റെ ആൺമക്കളും തികഞ്ഞ കത്തോലിക്കരായിരുന്നു. അവരുടെ കമ്പനിയിൽ എനിക്കു ശോഭനമായ ഒരു ഭാവിയുണ്ടായിരുന്നെങ്കിലും ഞാൻ പെട്ടെന്നുതന്നെ ഒരു പരിശോധന നേരിടാൻപോകുകയായിരുന്നു.
എന്റെ ചേച്ചി സിമോണെ ഒരു യഹോവയുടെ സാക്ഷിയായിത്തീർന്നിരുന്നു. 1953-ൽ ഒരിക്കൽ ചേച്ചി ഞങ്ങളെ കാണാൻ വന്നു. അഗ്നിനരകം, ത്രിത്വം, ദേഹിയുടെ അമർത്യത തുടങ്ങിയ കത്തോലിക്കാ സഭയുടെ പഠിപ്പിക്കലുകൾ തെറ്റാണെന്നു ചേച്ചി ബൈബിളിൽനിന്ന് കാണിച്ചുതന്നു. ആദ്യം ഞാൻ തർക്കിച്ചു.
ചേച്ചി ഉപയോഗിക്കുന്നതു കത്തോലിക്കാ ബൈബിൾ അല്ലെന്നായിരുന്നു എന്റെ വാദം. പക്ഷേ പെട്ടെന്നുതന്നെ ചേച്ചി പറയുന്നതു സത്യമാണെന്ന് എനിക്കു ബോധ്യമായി. പിന്നീട് ചേച്ചി എനിക്കു വീക്ഷാഗോപുരത്തിന്റെ പഴയ ചില ലക്കങ്ങൾ കൊണ്ടുവന്ന് തന്നു. രാത്രിയിൽ എന്റെ മുറിയിൽ ഇരുന്ന് ഞാൻ അതു ആകാംക്ഷയോടെ വായിച്ചുതീർത്തു. ഇതാണു സത്യം എന്ന് എനിക്കു മനസ്സിലായി! പക്ഷേ യഹോവയ്ക്കുവേണ്ടി ഒരു നിലപാട് എടുക്കാൻ എനിക്കു പേടിയായിരുന്നു. അങ്ങനെ ചെയ്താൽ എന്റെ ജോലി പോകുമോ എന്നായിരുന്നു ഭയം.കുറച്ച് മാസങ്ങൾ ഞാൻ ബൈബിളും വീക്ഷാഗോപുരത്തിലെ ലേഖനങ്ങളും ഉപയോഗിച്ച് തനിയെ പഠിച്ചു. പിന്നീട് ഒരു രാജ്യഹാളിൽ പോകാൻ ഞാൻ തീരുമാനിച്ചു. അവിടത്തെ സ്നേഹനിർഭരമായ അന്തരീക്ഷം ശരിക്കും എന്റെ ഹൃദയത്തെ സ്പർശിച്ചു. അനുഭവപരിചയമുള്ള ഒരു സഹോദരനോടൊപ്പം ആറു മാസം ബൈബിൾ പഠിച്ചതിനു ശേഷം 1954 സെപ്റ്റംബറിൽ ഞാൻ സ്നാനപ്പെട്ടു. പെട്ടെന്നുതന്നെ എന്റെ മമ്മിയും അനിയത്തിയും യഹോവയുടെ സാക്ഷികളാകുന്നതു കാണാനും എനിക്കു കഴിഞ്ഞു.
യഹോവയെ ആശ്രയിച്ചുകൊണ്ട് മുഴുസമയസേവനത്തിൽ
1958-ൽ ന്യൂയോർക്കിൽവെച്ച് നടന്ന അന്താരാഷ്ട്ര കൺവെൻഷനിൽ പങ്കെടുക്കാൻ എനിക്ക് അവസരം കിട്ടി. ദുഃഖകരമെന്നു പറയട്ടെ, അതിന് ഏതാനും ആഴ്ചകൾക്കു മുമ്പ് എന്റെ അമ്മ മരിച്ചുപോയി. കൺവെൻഷൻ കഴിഞ്ഞ് തിരിച്ചുവന്നപ്പോൾ ജോലി ഉപേക്ഷിച്ച് മുൻനിരസേവനം തുടങ്ങാൻ ഞാൻ തീരുമാനിച്ചു. കാരണം എനിക്കു പ്രത്യേകിച്ച് ഉത്തരവാദിത്വങ്ങളൊന്നുമില്ലായിരുന്നു. ആ സമയത്ത് ഡാനിയേല ഡോല എന്ന തീക്ഷ്ണതയുള്ള ഒരു മുൻനിരസേവികയെ വിവാഹം കഴിക്കാൻ ഞാൻ തീരുമാനിച്ചു. 1959 മെയ് മാസത്തിൽ അവൾ എന്റെ പ്രിയഭാര്യയായി.
സ്വന്തം വീട്ടിൽനിന്നും വളരെ അകലെ ബ്രിട്ടാനി എന്ന നാട്ടിൻപുറത്താണു ഡാനിയേല മുഴുസമയസേവനം ആരംഭിച്ചത്. അവിടത്തെ കത്തോലിക്കാ പ്രദേശങ്ങളിൽ സാക്ഷീകരിക്കുന്നതിനും ഉൾപ്രദേശങ്ങളിലേക്കു സൈക്കിളിൽ പോകുന്നതിനും ധൈര്യം വേണമായിരുന്നു. എന്നെപ്പോലെ അവൾക്കും ഇത് അടിയന്തിരമായി ചെയ്തുതീർക്കേണ്ട ഒരു പ്രവർത്തനമാണെന്നു തോന്നിയിരുന്നു. അന്ത്യം എത്ര അടുത്തെത്തിയിരുന്നു എന്നു ഞങ്ങൾക്ക് അറിയില്ലായിരുന്നു. (മത്താ. 25:13) അവളുടെ ആത്മത്യാഗമനോഭാവം മുഴുസമയസേവനത്തിൽ പിടിച്ചുനിൽക്കാൻ ഞങ്ങളെ സഹായിച്ചു.
വിവാഹത്തിനു ശേഷം കുറച്ച് നാൾ കഴിഞ്ഞ് ഞങ്ങളെ സർക്കിട്ട് വേലയിൽ നിയമിച്ചു. അധികം സൗകര്യങ്ങളൊന്നുമില്ലാത്ത സാഹചര്യങ്ങളിൽ ജീവിക്കാൻ ഞങ്ങൾ പഠിച്ചു. ഞങ്ങൾ ആദ്യം സന്ദർശിച്ച സഭയിൽ 14 പ്രചാരകരാണുണ്ടായിരുന്നത്. ഞങ്ങളെയുംകൂടെ താമസിപ്പിക്കാനുള്ള വലുപ്പമുള്ള വീടുകൾ ആർക്കുമില്ലായിരുന്നു. അതുകൊണ്ട് ഞങ്ങൾ രാജ്യഹാളിലെ സ്റ്റേജിൽ മെത്തയിട്ട് അവിടെ കിടന്നുറങ്ങി. ഉറക്കം അത്ര സുഖകരമല്ലായിരുന്നു, പക്ഷേ അതു ഞങ്ങളുടെ നടുവിനു ഗുണം ചെയ്തു!
തിരക്കു പിടിച്ച ദിവസങ്ങളായിരുന്നു സഞ്ചാരവേലയിൽ. പക്ഷേ ഡാനിയേല അതുമായി പരിചയിച്ചു. ചിലപ്പോൾ അപ്രതീക്ഷിതമായി മൂപ്പന്മാരുടെ മീറ്റിങ്ങുകൾ കാണും. ആ സമയത്ത് ഞങ്ങളുടെ ചെറിയ കാറിൽ എന്നെയും കാത്ത് അവൾ അങ്ങനെ ഇരിക്കും. പക്ഷേ അവൾ ഒരിക്കലും പരാതിപ്പെട്ടില്ല. രണ്ടു വർഷമേ ഞങ്ങൾ സർക്കിട്ട് വേലയിലുണ്ടായിരുന്നുള്ളൂ. ദമ്പതികൾ പരസ്പരം സത്യസന്ധമായി സംസാരിക്കുന്നതും ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നതും എത്ര പ്രധാനമാണെന്ന് ആ സമയത്ത് ഞങ്ങൾ പഠിച്ചു.—സഭാ. 4:9.
പുതിയ നിയമനങ്ങൾ ലഭിക്കുന്നു
1962-ൽ ഗിലെയാദിന്റെ 37-ാമത്തെ ക്ലാസിൽ പങ്കെടുക്കാൻ ഞങ്ങൾക്കു ക്ഷണം കിട്ടി. പത്തു മാസമുണ്ടായിരുന്ന ആ ക്ലാസ് ന്യൂയോർക്കിലെ ബ്രൂക്ലിനിൽവെച്ചാണു നടന്നത്. 100 വിദ്യാർഥികളുണ്ടായിരുന്നതിൽ 13 ദമ്പതികളേ ഉണ്ടായിരുന്നുള്ളൂ. ഒരുമിച്ച് പങ്കെടുക്കാൻ കഴിഞ്ഞതിൽ എനിക്കും ഡാനിയേലയ്ക്കും സന്തോഷം തോന്നി. വിശ്വാസത്തിന്റെ തൂണുകളായിരുന്ന അലക്സാണ്ടർ എച്ച്. മാക്മില്ലൻ, ഫ്രഡെറിക് ഫ്രാൻസ്, യുളൈസിസ് ഗ്ലാസ് എന്നിവരോടൊപ്പം ചെലവഴിച്ച നല്ല നിമിഷങ്ങളെക്കുറിച്ച് ഞാൻ ഇപ്പോഴും ഓർക്കാറുണ്ട്.
നിരീക്ഷണപാടവം വർധിപ്പിക്കുന്നതിൽ ശ്രദ്ധിക്കണമെന്നു ക്ലാസിൽ ഞങ്ങളോടു പറഞ്ഞിരുന്നു. ചിലപ്പോൾ ശനിയാഴ്ച
ഉച്ച കഴിഞ്ഞുള്ള സമയം ക്ലാസ് കഴിഞ്ഞിട്ട് ഞങ്ങൾ ന്യൂയോർക്ക് നഗരത്തിൽ കാഴ്ചകൾ കാണാൻ പോകും. ഞങ്ങൾ നിരീക്ഷിച്ച കാര്യങ്ങളെ ആസ്പദമാക്കി തിങ്കളാഴ്ച ഒരു എഴുത്തുപരീക്ഷയുണ്ടായിരുന്നു. ഞങ്ങൾ ശനിയാഴ്ച വൈകിട്ട് തിരിച്ചെത്തുമ്പോഴേക്കും ആകെ ക്ഷീണിച്ച് തളർന്നിരിക്കും. പക്ഷേ ഒരു ബഥേലംഗമായ ഞങ്ങളുടെ ഗൈഡ് ചില ചോദ്യങ്ങൾ ചോദിക്കുമായിരുന്നു. തിങ്കളാഴ്ചത്തെ എഴുത്തുപരീക്ഷയ്ക്കു തയ്യാറാകാൻ അതു ഞങ്ങളെ സഹായിച്ചു. ഒരു ശനിയാഴ്ച ഞങ്ങൾ നഗരത്തിലൂടെ കറങ്ങി. ആദ്യം ഒരു വാനനിരീക്ഷണകേന്ദ്രം സന്ദർശിച്ചു. അവിടെവെച്ച് ഞങ്ങൾ ഉൽക്കകളെയും ഉൽക്കാശിലകളെയും കുറിച്ച് പഠിച്ചു. പിന്നെ ഞങ്ങൾ ഒരു മ്യൂസിയത്തിലേക്കാണു പോയത്. അവിടെവെച്ച് ചീങ്കണ്ണികളും മുതലകളും തമ്മിലുള്ള വ്യത്യാസം എന്താണെന്നു ഞങ്ങൾ മനസ്സിലാക്കി. ബഥേലിൽ തിരിച്ചെത്തിയപ്പോൾ, ഞങ്ങളുടെ ഗൈഡ് ചോദിച്ചു: “എന്താണ് ഒരു ഉൽക്കയും ഉൽക്കാശിലയും തമ്മിലുള്ള വ്യത്യാസം?” ആകെ മടുത്തുപോയിരുന്ന ഡാനിയേല ഇങ്ങനെ പറഞ്ഞു: “ആ.. ഉൽക്കാശിലകളുടെ പല്ലിനു നീളക്കൂടുതലാണ്.”ഗിലെയാദിനു ശേഷം ഞങ്ങളെ ഫ്രാൻസ് ബ്രാഞ്ചിലേക്കു നിയമിച്ചു. ഞങ്ങൾ അത് ഒട്ടും പ്രതീക്ഷിച്ചതല്ല. ഞങ്ങൾ ഒന്നിച്ചുള്ള 53 വർഷത്തെ ബഥേൽസേവനത്തിന്റെ തുടക്കമായിരുന്നു അത്. 1976-ൽ എന്നെ ബ്രാഞ്ച് കമ്മിറ്റി ഏകോപകനായി നിയമിച്ചു. അതുപോലെ നമ്മുടെ പ്രവർത്തനത്തിനു നിരോധനമോ നിയന്ത്രണമോ ഉള്ള ആഫ്രിക്കയിലെയും മധ്യപൂർവദേശത്തെയും രാജ്യങ്ങൾ സന്ദർശിക്കാനുള്ള നിയമനവും എനിക്കു കിട്ടി. അതിന്റെ ഭാഗമായാണു ഞങ്ങൾ ഗാബോണിൽ എത്തിയത്. അവിടെവെച്ചുണ്ടായ അനുഭവത്തെക്കുറിച്ചാണു ഞാൻ തുടക്കത്തിൽ പറഞ്ഞത്. സത്യം പറഞ്ഞാൽ, അപ്രതീക്ഷിതമായി ലഭിച്ച ഇത്തരം ഉത്തരവാദിത്വങ്ങൾ ചെയ്യാൻ എന്നെക്കൊണ്ട് കഴിയില്ല എന്നു തോന്നുമായിരുന്നു. പക്ഷേ ഡാനിയേല മിക്ക നിയമനങ്ങളും നിർവഹിക്കാൻ എനിക്കു വലിയൊരു സഹായമായിരുന്നു.
ഞങ്ങൾ ഒരുമിച്ച് വലിയ ഒരു പരിശോധന നേരിടുന്നു
തുടക്കംമുതലേ ബഥേൽസേവനം ഞങ്ങൾക്കു പ്രിയപ്പെട്ടതായിരുന്നു. ഗിലെയാദിനു പോകുന്നതിനു മുമ്പുള്ള അഞ്ചു മാസംകൊണ്ട് ഇംഗ്ലീഷ് പഠിച്ച ഡാനിയേല നമ്മുടെ പ്രസിദ്ധീകരണങ്ങളുടെ മികച്ച ഒരു പരിഭാഷകയായി. ബഥേൽസേവനം ഞങ്ങൾക്കു സംതൃപ്തി തന്നെങ്കിൽ സഭയോടൊത്തുള്ള സേവനം ഞങ്ങളുടെ സന്തോഷം ഇരട്ടിപ്പിച്ചു. ഞങ്ങൾ പാരീസിൽ മെട്രോ ട്രെയിനുകളിൽ കയറി രാത്രി വളരെ വൈകി ബൈബിൾപഠനങ്ങൾക്കു പോയിരുന്നു. ആകെ തളർന്നായിരിക്കും ഞങ്ങൾ തിരിച്ചുവരുന്നത്. പക്ഷേ ഒരുമിച്ച് നല്ല ബൈബിൾപഠനങ്ങൾ നടത്തുന്നതിന്റെ സന്തോഷം ഞങ്ങൾ ആസ്വദിച്ചു. എന്നാൽ ഈ നല്ല നാളുകൾ അവസാനിക്കുകയായിരുന്നു. കാരണം, ഡാനിയേലയുടെ ആരോഗ്യം പെട്ടെന്നു മോശമായി. ആഗ്രഹിക്കുന്നത്ര ചെയ്യാൻ അവൾക്കു പിന്നെ സാധിച്ചില്ല.
1993-ൽ ഡാനിയേലയ്ക്കു സ്തനാർബുദമാണെന്നു കണ്ടെത്തി. ശസ്ത്രക്രിയയും കീമോതെറാപ്പിയും എല്ലാമായി അവൾ ഒരുപാടു ബുദ്ധിമുട്ട് അനുഭവിച്ചു. 15 വർഷം കഴിഞ്ഞപ്പോൾ അവൾക്കു വീണ്ടും ക്യാൻസർ ബാധിച്ചിട്ടുണ്ടെന്നു കണ്ടുപിടിച്ചു. ഇപ്രാവശ്യം അൽപ്പംകൂടെ ഗുരുതരമായിരുന്നു. എങ്കിലും പരിഭാഷ അവൾക്കു വളരെ ഇഷ്ടമായിരുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടപ്പോൾ അവൾ ജോലി പുനരാരംഭിച്ചു.
ഡാനിയേലയുടെ രോഗം ഗുരുതരമായിരുന്നെങ്കിലും ബഥേൽ വിട്ടുപോകണമെന്ന ഒരു ചിന്ത ഞങ്ങളുടെ മനസ്സിലേക്കു വന്നതേ ഇല്ല. എങ്കിലും ഒരു രോഗിയായി ബഥേലിൽ കഴിയുന്നത് ഒട്ടും എളുപ്പമല്ല, പ്രത്യേകിച്ചും നമ്മുടെ അവസ്ഥ മറ്റുള്ളവർക്കു മനസ്സിലാകാത്തപ്പോൾ. (സുഭാ. 14:13) പ്രായം 80-നോട് അടുത്തപ്പോഴും മുഖത്തെ പ്രസന്നതയും ശാലീനതയും അവൾക്കു കൈമോശം വന്നിരുന്നില്ല. ഡാനിയേലയെ കണ്ടാൽ ഗുരുതരമായ രോഗം ബാധിച്ച ഒരാളാണെന്നു പറയുകയേ ഇല്ലായിരുന്നു. അവൾ ഒരിക്കലും തന്റെ അവസ്ഥയെക്കുറിച്ച് ഓർത്ത് പരിതപിച്ചില്ല, പകരം മറ്റുള്ളവരെ സഹായിക്കുന്നതിൽ ശ്രദ്ധിച്ചു. കഷ്ടപ്പാടുകൾ അനുഭവിക്കുന്നവർ പറയുന്ന കാര്യങ്ങൾ കേട്ടിരുന്നാൽ അത് അവർക്കു വലിയ ഒരു ആശ്വാസമാണെന്ന് അവൾക്ക് അറിയാമായിരുന്നു. (സുഭാ. 17:17) ഡാനിയേല ഒരിക്കലും ഒരു ഉപദേശകയുടെ വേഷംകെട്ടിയില്ല. പക്ഷേ ക്യാൻസറിനെ ഭയക്കേണ്ടതില്ല എന്നു മനസ്സിലാക്കാൻ അവൾ സ്വന്തം അനുഭവം പറഞ്ഞുകൊണ്ട് പല സഹോദരിമാരെയും സഹായിച്ചു.
പല പുതിയ പരിമിതികളും ഞങ്ങൾക്കുണ്ടായി. ഉദാഹരണത്തിന്, ഡാനിയേലയ്ക്കു മുഴുവൻ സമയവും ജോലി സുഭാ. 18:22.
ചെയ്യാനാകാത്ത സ്ഥിതിയായി. അപ്പോൾ എന്നെ കൂടുതലായ വിധങ്ങളിൽ സഹായിക്കാൻ അവൾ തീരുമാനിച്ചു. ഉച്ചഭക്ഷണം അവൾ മുറിയിൽ തയ്യാറാക്കും. അങ്ങനെ ഒരുമിച്ച് ഭക്ഷണം കഴിച്ച് അൽപ്പം വിശ്രമിക്കാൻ ഞങ്ങൾക്കു കഴിഞ്ഞിരുന്നു. ഡാനിയേല തന്ന പിന്തുണ, 37 വർഷം ബ്രാഞ്ച് കമ്മിറ്റി ഏകോപകനായി സേവിക്കാൻ എന്നെ സഹായിച്ചു.—ഓരോ ദിവസവും ഉത്കണ്ഠയുമായി പൊരുത്തപ്പെട്ട് ജീവിക്കുന്നു
ഡാനിയേലയ്ക്ക് എപ്പോഴും ജീവിതത്തെക്കുറിച്ച് നല്ല ശുഭാപ്തിവിശ്വാസമുണ്ടായിരുന്നു. അങ്ങനെയിരിക്കെ അവൾക്കു മൂന്നാം തവണയും ക്യാൻസർ പിടിപെട്ടു. ഞങ്ങളുടെ ശക്തിയെല്ലാം നഷ്ടപ്പെടുന്നതുപോലെ ഞങ്ങൾക്കു തോന്നി. കീമോതെറാപ്പിയും റേഡിയോതെറാപ്പിയും എല്ലാം കഴിഞ്ഞപ്പോൾ അവൾ ശരിക്കും ദുർബലയായി. നടക്കാൻപോലും വയ്യാതായി. ഒരു കാലത്ത് മികച്ച ഒരു പരിഭാഷകയായിരുന്ന എന്റെ പ്രിയപ്പെട്ട ഭാര്യ ഇപ്പോൾ സംസാരിക്കാൻ വാക്കുകൾ കിട്ടാതെ വിഷമിക്കുന്നതു കണ്ടത് എന്നെ എത്ര വേദനിപ്പിച്ചെന്നോ!
ഞങ്ങൾ ആകെ തളർന്നുപോയെങ്കിലും ഞങ്ങൾ പ്രാർഥനയിൽ ഉറ്റിരുന്നു. ഞങ്ങൾക്കു സഹിക്കാൻ കഴിയുന്നതിലും അപ്പുറം കഷ്ടപ്പാടുകൾ യഹോവ അനുവദിക്കില്ല എന്ന ഉറപ്പു ഞങ്ങൾക്കുണ്ടായിരുന്നു. (1 കൊരി. 10:13) തന്റെ വചനത്തിലൂടെയും ബഥേലിലെ ഡോക്ടർമാരിലൂടെയും നഴ്സുമാരിലൂടെയും യഹോവ തന്ന സഹായത്തിനും ഞങ്ങളുടെ ആത്മീയകുടുംബം തന്ന പിന്തുണയ്ക്കും നന്ദിയുള്ളവരായിരിക്കാൻ ഞങ്ങൾ എപ്പോഴും ശ്രമിച്ചു.
ചികിത്സ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ഞങ്ങളെ വഴി നയിക്കേണമേ എന്നു ഞങ്ങൾ യഹോവയോട് അപേക്ഷിച്ചു. കുറച്ച് നാളത്തേക്കു ചികിത്സയൊന്നുമില്ലായിരുന്നു. കാരണം, 23 വർഷം ഡാനിയേലയെ ചികിത്സിച്ച ഡോക്ടർക്ക്, ഓരോ തവണ കീമോതെറാപ്പി കഴിയുമ്പോഴും എന്തുകൊണ്ടാണ് അവൾക്കു ബോധം നഷ്ടപ്പെടുന്നതെന്നു മനസ്സിലാക്കാൻ കഴിഞ്ഞില്ല. വേറെ ചികിത്സയൊന്നും നിർദേശിക്കാനും അദ്ദേഹത്തിനായില്ല. എന്തു ചെയ്യണമെന്നു ഞങ്ങൾക്ക് ഒരു എത്തും പിടിയും കിട്ടിയില്ല. കാര്യങ്ങൾ എന്തായിത്തീരുമെന്ന് അറിയാത്ത അവസ്ഥ! അപ്പോഴാണു മറ്റൊരു ഡോക്ടർ ഡാനിയേലയെ ചികിത്സിക്കാമെന്നു സമ്മതിച്ചത്. ഞങ്ങളുടെ ആശങ്കകൾക്കുള്ള ഉത്തരമായി യഹോവ ഒരു വഴി തുറന്നതുപോലെയായിരുന്നു അത്.
ആശങ്കകളുമായി പൊരുത്തപ്പെടാൻ ഞങ്ങൾ കണ്ടെത്തിയ ഒരു ‘മരുന്ന്,’ നാളെയെക്കുറിച്ച് അമിതമായി ഉത്കണ്ഠപ്പെടാതെ അന്നന്നത്തെ കാര്യം മാത്രം നോക്കുക എന്നതായിരുന്നു. യേശു പറഞ്ഞതുപോലെ, “ഓരോ ദിവസത്തിനും അന്നന്നത്തെ ബുദ്ധിമുട്ടുകൾതന്നെ ധാരാളം.” (മത്താ. 6:34) ശുഭാപ്തിവിശ്വാസവും നർമബോധവും ആയിരുന്നു മറ്റു ചില ‘മരുന്നുകൾ.’ ഉദാഹരണത്തിന്, ഡാനിയേലയ്ക്കു രണ്ടു മാസം കീമോതെറാപ്പി ചെയ്തില്ല. ആ രണ്ടു മാസം കഴിഞ്ഞ് ഒരു കുസൃതിച്ചിരിയോടെ അവൾ പറഞ്ഞു: “ഇപ്പോഴാണു നല്ല സുഖം തോന്നുന്നത്.” (സുഭാ. 17:22) വേദനകളിലൂടെ കടന്നുപോയപ്പോഴും പുതിയ രാജ്യഗീതങ്ങൾ ഉറച്ച ശബ്ദത്തിൽ പാടി പരിശീലിച്ചത് അവൾക്ക് ഒരുപാടു സന്തോഷം നൽകി.
അവളുടെ നല്ല മനോഭാവം എന്റെ സ്വന്തം കുറവുകളുമായി പൊരുത്തപ്പെടാൻ എന്നെ സഹായിച്ചു. സത്യം പറയട്ടെ, കഴിഞ്ഞുപോയ 57 വർഷവും എന്റെ എല്ലാ കാര്യവും നോക്കിയിരുന്നത് അവളായിരുന്നു. മുട്ട പൊരിക്കുന്നത് എങ്ങനെയാണെന്നുപോലും എനിക്ക് അറിയേണ്ടിവന്നിട്ടില്ല. അതുകൊണ്ട് അവൾക്കു തീരെ വയ്യാതെ വന്നപ്പോൾ, പാത്രം കഴുകാനും തുണിയലക്കാനും ലളിതമായ ഭക്ഷണം തയ്യാറാക്കാനും ഒക്കെ എനിക്കു പഠിക്കേണ്ടിവന്നു. ഞാൻ ചില ഗ്ലാസുകളൊക്കെ പൊട്ടിച്ചു. പക്ഷേ അവൾക്കുവേണ്ടി ഓരോരോ കാര്യങ്ങൾ ചെയ്യുന്നത് എനിക്കു വളരെ ഇഷ്ടമായിരുന്നു. *
യഹോവയുടെ സ്നേഹദയയ്ക്കു നന്ദിയോടെ
ആരോഗ്യപ്രശ്നങ്ങളും പ്രായാധിക്യവും ഞങ്ങൾക്ക് അനേകം പരിമിതികൾ വരുത്തിവെച്ചിരിക്കുന്നു. പക്ഷേ അതിൽനിന്നെല്ലാം എനിക്കു വിലപ്പെട്ട പാഠങ്ങൾ പഠിക്കാൻ കഴിഞ്ഞു. ഒന്നാമത്, എത്ര തിരക്കാണെങ്കിലും ഇണയോടൊപ്പം ചെലവഴിക്കാനും ഇണയ്ക്കുവേണ്ടി കരുതാനും നമ്മൾ സമയം കണ്ടെത്തണം. ആരോഗ്യവും ഓജസ്സും ഉള്ള നല്ല വർഷങ്ങളിൽ നമ്മൾ നമ്മുടെ ഉറ്റവരെ നന്നായി നോക്കണം. (സഭാ. 9:9) രണ്ടാമത്, നിസ്സാരകാര്യങ്ങളെക്കുറിച്ച് ഓർത്ത് അമിതമായി ആകുലപ്പെടരുത്. അങ്ങനെ ചെയ്താൽ ഓരോ ദിവസവും ലഭിക്കുന്ന അനുഗ്രഹങ്ങൾ നമ്മൾ കാണാതെപോയേക്കാം.—സുഭാ. 15:15.
മുഴുസമയസേവനത്തിന്റെ നാളുകളിലൂടെ കണ്ണോടിക്കുമ്പോൾ, സങ്കൽപ്പിക്കാൻപോലും കഴിയാത്ത വിധങ്ങളിൽ യഹോവ ഞങ്ങളെ അനുഗ്രഹിച്ചെന്ന് ഒരു സംശയവും കൂടാതെ എനിക്കു പറയാൻ കഴിയും. ഇങ്ങനെ പറഞ്ഞ സങ്കീർത്തനക്കാരനെപ്പോലെതന്നെയാണ് എനിക്കും തോന്നുന്നത്: “യഹോവ എന്നോടു ദയയോടെ ഇടപെട്ടല്ലോ.”—സങ്കീ. 116:7.
^ ഖ. 32 ഈ ലേഖനം തയ്യാറാക്കിക്കൊണ്ടിരുന്ന സമയത്ത് ഡാനിയേല ബൊക്കാർട്ട് സഹോദരി മരണമടഞ്ഞു. സഹോദരിക്കു 78 വയസ്സായിരുന്നു.