വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ഒരു കാര്യം സ്ഥിരീകരിക്കാൻ രണ്ടു സാക്ഷികളെങ്കിലും വേണമെന്നു ബൈബിൾ പറയുന്നു. (സംഖ്യ 35:30; ആവ. 17:6; 19:15; മത്താ. 18:16; 1 തിമൊ. 5:19) എന്നാൽ മോശയുടെ നിയമത്തിൽ, വിവാഹനിശ്ചയം കഴിഞ്ഞ ഒരു പെൺകുട്ടിയെ ഒരു പുരുഷൻ “വയലിൽവെച്ച്” ബലാത്സംഗം ചെയ്യുകയും അവൾ അലമുറയിടുകയും ചെയ്താൽ അവളുടെ മേൽ വ്യഭിചാരക്കുറ്റം വരില്ലായിരുന്നു, എന്നാൽ പുരുഷൻ കുറ്റക്കാരനാകും. ബലാത്സംഗത്തിനു സാക്ഷികൾ ആരുമില്ലാത്ത സാഹചര്യത്തിൽ, എന്തിന്റെ അടിസ്ഥാനത്തിലാണു പെൺകുട്ടിയെ നിരപരാധിയായി കാണുകയും അതേസമയം പുരുഷനെ കുറ്റം വിധിക്കുകയും ചെയ്യുന്നത്?
ആവർത്തനം 22:25-27-ലെ വിവരണം പുരുഷന്റെ തെറ്റു തെളിയിക്കുന്നതിനെക്കുറിച്ചല്ല. കാരണം എങ്ങനെ ചിന്തിച്ചാലും പുരുഷൻ കുറ്റക്കാരനാണ്. സ്ത്രീയുടെ നിരപരാധിത്വം സ്ഥാപിക്കുന്നതിനാണ് ഈ നിയമം ഊന്നൽ കൊടുക്കുന്നത്. സന്ദർഭം പരിശോധിച്ചാൽ അതു മനസ്സിലാക്കാം.
ഒരു പുരുഷൻ വിവാഹനിശ്ചയം കഴിഞ്ഞ ഒരു സ്ത്രീയുമായി “നഗരത്തിൽവെച്ച്” ശാരീരികബന്ധത്തിൽ ഏർപ്പെടുന്നതിനെക്കുറിച്ചാണു തൊട്ടുമുമ്പുള്ള വാക്യങ്ങൾ പറയുന്നത്. അങ്ങനെ ചെയ്താൽ, അയാളുടെ മേൽ വ്യഭിചാരക്കുറ്റം വരുമായിരുന്നു. കാരണം വിവാഹനിശ്ചയം കഴിഞ്ഞ സ്ത്രീയെ വിവാഹിതയായി കണക്കാക്കിയിരുന്നു. സ്ത്രീയുടെ കാര്യമോ? ‘നഗരത്തിലായിരുന്നെങ്കിലും അവൾ നിലവിളിച്ചില്ല.’ അവൾ നിലവിളിച്ചിരുന്നെങ്കിൽ, മറ്റുള്ളവർ അതു കേട്ടേനേ. അവളെ രക്ഷിക്കുകയും ചെയ്തേനേ. എന്നാൽ അവൾ നിലവിളിച്ചില്ല. അതുവഴി അവളും വ്യഭിചാരത്തിൽ ഏർപ്പെടുകയായിരുന്നു, അങ്ങനെ രണ്ടു പേരെയും കുറ്റക്കാരായി കാണുമായിരുന്നു.—ആവ. 22:23, 24.
വ്യത്യസ്തമായ ഒരു സാഹചര്യത്തെക്കുറിച്ച് നിയമം അടുത്തതായി പറയുന്നു: “എന്നാൽ (ഒരു) പുരുഷൻ വിവാഹനിശ്ചയം കഴിഞ്ഞ പെൺകുട്ടിയെ വയലിൽവെച്ച് കണ്ടുമുട്ടുകയും ബലം പ്രയോഗിച്ച് പെൺകുട്ടിയുമായി ബന്ധപ്പെടുകയും ചെയ്താൽ അവളുമായി ബന്ധപ്പെട്ട പുരുഷനെ മാത്രം നിങ്ങൾ കൊല്ലണം. പെൺകുട്ടിയെ ഒന്നും ചെയ്യരുത്. മരണശിക്ഷ അർഹിക്കുന്ന ഒരു പാപവും പെൺകുട്ടി ചെയ്തിട്ടില്ല. ഒരാൾ സഹമനുഷ്യനെ ആക്രമിച്ച് കൊലപ്പെടുത്തുന്നതുപോലുള്ള ഒരു സാഹചര്യമാണ് ഇത്. കാരണം വയലിൽവെച്ചാണ് അയാൾ പെൺകുട്ടിയെ കണ്ടത്; ആ പെൺകുട്ടി അലമുറയിട്ടെങ്കിലും അവളെ രക്ഷിക്കാൻ അടുത്തെങ്ങും ആരുമുണ്ടായിരുന്നില്ല.”—ആവ. 22:25-27.
അത്തരം ഒരു സാഹചര്യത്തിൽ, സ്ത്രീക്കു സംശയത്തിന്റെ ആനുകൂല്യം കൊടുക്കുമായിരുന്നു. അത് എങ്ങനെ? അവൾ “അലമുറയിട്ടെങ്കിലും അവളെ രക്ഷിക്കാൻ അടുത്തെങ്ങും ആരുമുണ്ടായിരുന്നില്ല” എന്നു ന്യായാധിപന്മാർ അനുമാനിക്കും. വ്യഭിചാരക്കുറ്റം അവളുടെമേൽ വരില്ലായിരുന്നു. എന്നാൽ പുരുഷൻ ബലാത്സംഗത്തിനും വ്യഭിചാരത്തിനും കുറ്റക്കാരനായിരുന്നു. കാരണം, അയാൾ ‘ബലം പ്രയോഗിച്ച് (വിവാഹനിശ്ചയം കഴിഞ്ഞ സ്ത്രീയുമായി) ബന്ധപ്പെടുകയായിരുന്നു.’
അതുകൊണ്ട്, ഈ നിയമം സ്ത്രീയുടെ നിരപരാധിത്വം ചൂണ്ടിക്കാണിക്കുന്നതിനു വേണ്ടിയായിരുന്നു. എന്നാൽ പുരുഷൻ ബലാത്സംഗത്തിനും വ്യഭിചാരത്തിനും കുറ്റക്കാരനാണെന്നു വിവരണം വ്യക്തമായി പറയുന്നു. ഇക്കാര്യത്തിൽ ദൈവത്തിന്റെ വീക്ഷണം പലവട്ടം ദൈവം വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് ന്യായാധിപന്മാർ അക്കാര്യത്തെക്കുറിച്ച് ‘സമഗ്രമായ ഒരു അന്വേഷണം നടത്തുകയും’ ദിവ്യനിലവാരങ്ങൾക്കു ചേർച്ചയിൽ തീരുമാനം എടുക്കുകയും ചെയ്തിരുന്നെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാം.—ആവ. 13:14; 17:4; പുറ. 20:14.