പഠനലേഖനം 12
മറ്റുള്ളവരുടെ മനോവികാരങ്ങൾ പരിഗണിക്കുക
‘നിങ്ങൾ എല്ലാവരും സഹാനുഭൂതിയുള്ളവരായിരിക്കുക.’ —1 പത്രോ. 3:8.
ഗീതം 90 പരസ്പരം പ്രോത്സാഹിപ്പിക്കുക
പൂർവാവലോകനം *
1. 1 പത്രോസ് 3:8-നു ചേർച്ചയിൽ, നമ്മുടെ വിഷമങ്ങൾ മനസ്സിലാക്കുകയും ക്ഷേമത്തിൽ താത്പര്യം കാണിക്കുകയും ചെയ്യുന്ന ആളുകളുടെ ഇടയിലായിരിക്കുന്നതു സന്തോഷം തരുന്നത് എന്തുകൊണ്ട്?
നമ്മുടെ വിഷമങ്ങൾ മനസ്സിലാക്കുന്ന, നമ്മുടെ ക്ഷേമത്തിൽ താത്പര്യം കാണിക്കുന്ന ആളുകളുടെ ഇടയിലായിരിക്കുന്നതു സന്തോഷം തരുന്ന കാര്യമാണ്. അങ്ങനെയുള്ളവർ നമ്മുടെ സ്ഥാനത്ത് അവരെത്തന്നെ നിറുത്തി, നമ്മുടെ ചിന്തകളും വികാരങ്ങളും മനസ്സിലാക്കാൻ ശ്രമിക്കും. പലപ്പോഴും നമ്മൾ ചോദിക്കാതെതന്നെ നമ്മുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് സഹായിക്കും. നമ്മളോടു “സഹാനുഭൂതി” * കാണിക്കുന്നവരോട്, നമ്മുടെ മനസ്സ് അറിയുന്നവരോട്, നമുക്കു സ്നേഹം തോന്നും, നന്ദി തോന്നും.—1 പത്രോസ് 3:8 വായിക്കുക.
2. സഹാനുഭൂതി കാണിക്കുന്നത് എളുപ്പമല്ലാത്തത് എന്തുകൊണ്ട്?
2 ക്രിസ്ത്യാനികളെന്ന നിലയിൽ, സഹാനുഭൂതി കാണിക്കാൻ നമ്മൾ എല്ലാവരും ആഗ്രഹിക്കുന്നു. എന്നാൽ അത് അത്ര എളുപ്പമല്ല. എന്തുകൊണ്ട്? ഒന്ന്, നമ്മുടെ അപൂർണതയാണ്. (റോമ. 3:23) അതുകൊണ്ട് മുഖ്യമായും നമ്മളെക്കുറിച്ചുതന്നെ ചിന്തിക്കാനാണു നമ്മുടെ സ്വാഭാവികമായ ചായ്വ്, മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കാൻ നമ്മൾ നല്ല ശ്രമം ചെയ്യണം. രണ്ട്, ചിലരുടെ കാര്യത്തിൽ, അവർ വളർന്നുവന്ന സാഹചര്യങ്ങളും മുൻകാലത്തെ അനുഭവങ്ങളും സഹാനുഭൂതി കാണിക്കുന്നതിനു തടസ്സമായേക്കാം. അവസാനമായി, നമ്മുടെ ചുറ്റുമുള്ള ആളുകളുടെ മനോഭാവം നമ്മളെ സ്വാധീനിച്ചേക്കാം. ഈ അവസാനകാലത്ത്, മറ്റുള്ളവരുടെ വികാരങ്ങൾക്ക് ഒരു പരിഗണനയും കൊടുക്കാത്തവരാണു പലരും. അവർ ‘സ്വസ്നേഹികളാണ്.’ (2 തിമൊ. 3:1, 2) മറ്റുള്ളവരോടു സഹാനുഭൂതി കാണിക്കുന്നതിനു തടസ്സമായി നിൽക്കുന്ന ഈ കാര്യങ്ങളെ മറികടക്കാൻ നമ്മളെ എന്തു സഹായിക്കും?
3. (എ) സഹാനുഭൂതി കാണിക്കുന്നതിൽ നമുക്ക് എങ്ങനെ മെച്ചപ്പെടാം? (ബി) ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
3 ദൈവമായ യഹോവയെയും ദൈവപുത്രനായ യേശുക്രിസ്തുവിനെയും അനുകരിക്കുന്നെങ്കിൽ സഹാനുഭൂതി കാണിക്കുന്നതിൽ നമുക്കു 1 യോഹ. 4:8) യേശു തന്റെ പിതാവിന്റെ വ്യക്തിത്വം അതേപടി ജീവിതത്തിൽ പകർത്തി. (യോഹ. 14:9) ഭൂമിയിലായിരുന്നപ്പോൾ, ഒരു മനുഷ്യന് എങ്ങനെ അനുകമ്പ കാണിക്കാൻ കഴിയുമെന്ന് യേശു കാണിച്ചുതന്നു. യഹോവയും യേശുവും മറ്റുള്ളവരുടെ വികാരങ്ങളോടു പരിഗണന കാണിച്ചതിന്റെ ചില ദൃഷ്ടാന്തങ്ങൾ ഈ ലേഖനത്തിൽ നമ്മൾ പഠിക്കും. അവരുടെ മാതൃക എങ്ങനെ അനുകരിക്കാമെന്നും നമ്മൾ പഠിക്കും.
മെച്ചപ്പെടാനാകും. യഹോവ സ്നേഹത്തിന്റെ ദൈവമാണ്. മറ്റുള്ളവരോടു സഹാനുഭൂതി കാണിക്കുന്നതിൽ യഹോവ ഏറ്റവും മികച്ച മാതൃക വെച്ചിരിക്കുന്നു. (യഹോവയുടെ മാതൃക
4. യഹോവ തന്റെ ദാസരുടെ ചിന്തകളും വികാരങ്ങളും പരിഗണിക്കുന്നുണ്ടെന്ന് യശയ്യ 63:7-9 നമുക്കു കാണിച്ചുതരുന്നത് എങ്ങനെ?
4 തന്റെ ദാസരുടെ ചിന്തകളും വികാരങ്ങളും യഹോവ എപ്പോഴും ശ്രദ്ധിക്കുന്നുണ്ടെന്നു ബൈബിൾ പഠിപ്പിക്കുന്നു. ഉദാഹരണത്തിന്, പുരാതനകാലത്ത് ഇസ്രായേല്യർ കഷ്ടതകളിലൂടെ കടന്നുപോയപ്പോൾ യഹോവയ്ക്ക് എന്താണു തോന്നിയതെന്നു നോക്കുക. “അവരുടെ വേദനകൾ ദൈവത്തെയും വേദനിപ്പിച്ചു” എന്നു ദൈവവചനം പറയുന്നു. (യശയ്യ 63:7-9 വായിക്കുക.) പിന്നീട്, ആരെങ്കിലും തന്റെ ജനത്തോടു മോശമായി പെരുമാറിയാൽ, അതു തന്നോടു മോശമായി പെരുമാറുന്നതുപോലെയാണെന്ന് സെഖര്യ പ്രവാചകനിലൂടെ യഹോവ പ്രഖ്യാപിച്ചു. യഹോവ തന്റെ ദാസരോടു പറഞ്ഞു: “നിങ്ങളെ തൊടുന്നവൻ എന്റെ കണ്ണിലെ കൃഷ്ണമണിയെ തൊടുന്നു.” (സെഖ. 2:8) യഹോവയ്ക്കു സ്വന്തം ജനത്തോടുള്ള സഹാനുഭൂതിയുടെ എത്ര നല്ല ഒരു ചിത്രം ആണ് ഇത്!
5. കഷ്ടപ്പാടുകൾ അനുഭവിക്കുന്ന തന്റെ ദാസരെ സഹായിക്കാൻ യഹോവ പ്രവർത്തിച്ചതിന്റെ ഒരു ദൃഷ്ടാന്തം പറയുക.
5 കഷ്ടപ്പാടുകൾ അനുഭവിക്കുന്ന തന്റെ ദാസരോട് യഹോവയ്ക്ക് അനുകമ്പ തോന്നുക മാത്രമല്ല ചെയ്യുന്നത്. അവരെ സഹായിക്കാൻ യഹോവ വേണ്ടതു ചെയ്യും. ഉദാഹരണത്തിന്, ഇസ്രായേല്യർ ഈജിപ്തിൽ അടിമകളായിരുന്ന കാലത്ത്, യഹോവ അവരുടെ വേദന മനസ്സിലാക്കി. അവരുടെ കഷ്ടപ്പാടുകൾക്ക് അറുതി വരുത്താൻ യഹോവ പ്രേരിതനായി. യഹോവ മോശയോടു പറഞ്ഞു: ‘എന്റെ ജനത്തിന്റെ ദുരിതം ഞാൻ കണ്ടു. അവർ നിലവിളിക്കുന്നതു ഞാൻ കേട്ടു. അവർ അനുഭവിക്കുന്ന വേദനകൾ എനിക്കു നന്നായി അറിയാം. അവരെ ഈജിപ്തുകാരുടെ കൈയിൽനിന്ന് രക്ഷിക്കാൻ ഞാൻ ഇറങ്ങിച്ചെല്ലും.’ (പുറ. 3:7, 8) തന്റെ ജനത്തോട് അനുകമ്പ തോന്നിയതുകൊണ്ട് യഹോവ അവരെ അടിമത്തത്തിൽനിന്ന് മോചിപ്പിച്ചു. പിന്നീടു വന്ന നൂറ്റാണ്ടുകളിൽ ഇസ്രായേല്യർ വാഗ്ദത്തദേശത്തായിരുന്ന കാലത്ത്, അവർ ശത്രുക്കളിൽനിന്നുള്ള ആക്രമണങ്ങൾ നേരിട്ടു. അപ്പോൾ യഹോവയ്ക്ക് എന്താണു തോന്നിയത്? “അവരെ അടിച്ചമർത്തുകയും അവരോടു ക്രൂരമായി പെരുമാറുകയും ചെയ്തവർ കാരണം അവർ ഞരങ്ങിയപ്പോൾ യഹോവയുടെ മനസ്സ് അലിഞ്ഞു.” തന്റെ ജനത്തെ സഹായിക്കാൻ സഹാനുഭൂതി യഹോവയെ പ്രേരിപ്പിച്ചു. ശത്രുക്കളിൽനിന്ന് അവരെ രക്ഷിക്കാൻ യഹോവ ന്യായാധിപന്മാരെ അയച്ചു.—ന്യായാ. 2:16, 18.
6. യോനയുടെ ചിന്തകൾ തെറ്റായിരുന്നപ്പോൾപ്പോലും യഹോവ യോനയുടെ വികാരങ്ങൾ കണക്കിലെടുത്തത് എങ്ങനെ? വിശദീകരിക്കുക.
6 തന്റെ ദാസന്മാർക്കു നിരുത്സാഹവും ഭയവും ഒക്കെ തോന്നുമ്പോൾ യഹോവ അതു മനസ്സിലാക്കി അവരോടു പരിഗണനയോടെ ഇടപെടും. അത്തരം തോന്നലുകൾ ശരിയല്ലാത്തപ്പോൾപ്പോലും യഹോവ അവരോടു സഹാനുഭൂതി കാണിക്കുന്നു. യോനയുടെ കാര്യം നോക്കുക. നിനെവെക്കാർക്കെതിരെ ഒരു ന്യായവിധി സന്ദേശം പ്രഖ്യാപിക്കാൻ യഹോവ ആ പ്രവാചകനെ അയച്ചു. അവർ പശ്ചാത്തപിച്ചപ്പോൾ, അവരെ നശിപ്പിക്കാനുള്ള തീരുമാനം യഹോവ ഉപേക്ഷിച്ചു. എന്നാൽ യോനയ്ക്ക് അത് ഇഷ്ടപ്പെട്ടില്ല. താൻ പ്രവചിച്ചതുപോലെ നടക്കാതെവന്നതുകൊണ്ട് യോനയ്ക്കു “വല്ലാത്ത ദേഷ്യം തോന്നി.” എന്നാൽ യഹോവ യോനയോടു ക്ഷമയോടെ ഇടപെട്ടു, ചിന്തകൾക്കു മാറ്റം വരുത്താൻ യോനയെ സഹായിച്ചു. (യോന 3:10–4:11) അങ്ങനെ, യോന ഇതിൽനിന്ന് ഒരു പാഠം പഠിച്ചു. നമ്മുടെ പ്രയോജനത്തിനുവേണ്ടി ആ വിവരണം എഴുതാൻ യഹോവ യോനയെ ഉപയോഗിക്കുകപോലും ചെയ്തു.—റോമ. 15:4. *
7. തന്റെ ദാസരുമായുള്ള യഹോവയുടെ ഇടപെടലുകൾ നമ്മളെ എന്തു പഠിപ്പിക്കുന്നു?
7 തന്റെ ജനവുമായുള്ള യഹോവയുടെ ഇടപെടലുകൾ എന്താണു പഠിപ്പിക്കുന്നത്? യഹോവ പരിഗണനയുള്ള ഒരു ദൈവമാണ്. ഓരോ വ്യക്തിയും അനുഭവിക്കുന്ന വേദനയും കഷ്ടപ്പാടും യഹോവയ്ക്കു നന്നായി അറിയാം. “മനുഷ്യരുടെ ഹൃദയം വായിക്കാൻ” യഹോവയ്ക്കു കഴിയും. (2 ദിന. 6:30) നമ്മുടെ എല്ലാ ചിന്തകളും ഉള്ളിന്റെ ഉള്ളിലെ വിഷമങ്ങളും നമ്മുടെ പരിമിതികളും എല്ലാം യഹോവയ്ക്കു മനസ്സിലാകും. “(നമുക്കു) ചെറുക്കാനാകാത്ത ഒരു പ്രലോഭനവും ദൈവം അനുവദിക്കില്ല.” (1 കൊരി. 10:13) എത്ര ആശ്വാസം തരുന്ന ഒരു ഉറപ്പാണ് ഇത്!
യേശുവിന്റെ മാതൃക
8-10. മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കാൻ യേശുവിനെ ഏതൊക്കെ കാര്യങ്ങൾ സഹായിച്ചിരിക്കണം?
8 മനുഷ്യനായി ഭൂമിയിലായിരുന്ന കാലത്ത്, തന്റെ ചുറ്റുമുള്ളവരെക്കുറിച്ച് യേശുവിനു ചിന്തയുണ്ടായിരുന്നു. കുറഞ്ഞതു മൂന്നു കാര്യങ്ങളെങ്കിലും ഈ ഗുണം വളർത്തിയെടുക്കാൻ യേശുവിനെ സഹായിച്ചിരിക്കണം. ഒന്ന്, നമ്മൾ ആദ്യം കണ്ടതുപോലെ, യേശു തന്റെ സ്വർഗീയപിതാവിന്റെ വ്യക്തിത്വം അതേപടി പകർത്തി. തന്റെ പിതാവിനെപ്പോലെ, യേശുവും ആളുകളെ സ്നേഹിച്ചു. യഹോവ എല്ലാം സൃഷ്ടിച്ച സമയത്ത്, യേശുവും ഒപ്പമുണ്ടായിരുന്നു. ഓരോ സൃഷ്ടിയും യേശുവിന് ആനന്ദം പകരുന്നതായിരുന്നു. എന്നാൽ യേശുവിനു “മനുഷ്യമക്കളോട് . . . പ്രത്യേകപ്രിയം തോന്നി.” (സുഭാ. 8:31) മറ്റുള്ളവരുടെ മനോവികാരങ്ങളെക്കുറിച്ച് ചിന്തിക്കാൻ ആ സ്നേഹം യേശുവിനെ പ്രേരിപ്പിച്ചു.
9 രണ്ട്, യഹോവയെപ്പോലെ യേശുവിനും ആളുകളുടെ ഹൃദയം വായിക്കാൻ കഴിയും. (മത്താ. 9:4; യോഹ. 13:10, 11) ആളുകളുടെ വിഷമവും വേദനയും എല്ലാം യേശു മനസ്സിലാക്കി. അതുകൊണ്ട്, ഹൃദയം തകർന്ന ആളുകളെ കണ്ടപ്പോൾ അവർക്ക് ആശ്വാസം പകരാൻ സഹാനുഭൂതി യേശുവിനെ പ്രേരിപ്പിച്ചു.—യശ. 61:1, 2; ലൂക്കോ. 4:17-21.
10 മൂന്ന്, ആളുകൾ അനുഭവിച്ച ചില കഷ്ടപ്പാടുകൾ യേശു സ്വന്തം ജീവിതത്തിൽ അനുഭവിച്ചറിഞ്ഞു. ഉദാഹരണത്തിന്, യേശു ഒരു ദരിദ്രകുടുംബത്തിലാണു വളർന്നുവന്നത്. വളർത്തച്ഛനായ യോസേഫിനോടൊപ്പം ജോലി ചെയ്തപ്പോൾ കഠിനാധ്വാനം ചെയ്യാൻ യേശു പഠിച്ചു. (മത്താ. 13:55; മർക്കോ. 6:3) യേശുവിന്റെ ശുശ്രൂഷ ആരംഭിക്കുന്നതിനു മുമ്പ് യോസേഫ് മരിച്ചുപോയിരിക്കണം. അങ്ങനെയെങ്കിൽ, പ്രിയപ്പെട്ട ഒരാൾ മരിക്കുമ്പോഴത്തെ വേദന യേശു അനുഭവിച്ചിട്ടുണ്ട്. കുടുംബാംഗങ്ങൾ പല മതങ്ങളിലാകുന്നതിന്റെ ബുദ്ധിമുട്ടുകളും യേശു മനസ്സിലാക്കി. (യോഹ. 7:5) ഇതും ഇതുപോലുള്ള മറ്റു സാഹചര്യങ്ങളും സാധാരണക്കാരുടെ പ്രശ്നങ്ങളും വിഷമങ്ങളും മനസ്സിലാക്കാൻ യേശുവിനെ സഹായിച്ചു.
11. യേശുവിന്റെ സഹാനുഭൂതി പ്രത്യേകിച്ച് വ്യക്തമായത് എപ്പോൾ? വിശദീകരിക്കുക. (പുറംതാളിലെ ചിത്രം കാണുക.)
11 യേശുവിന്റെ സഹാനുഭൂതിയെക്കുറിച്ച് മനസ്സിലാക്കാൻ യേശു ചെയ്ത അത്ഭുതങ്ങളെപ്പറ്റി ചിന്തിച്ചാൽ മതി. ഒരു കടമ നിറവേറ്റുന്നതുപോലെയല്ല യേശു അത്ഭുതങ്ങൾ ചെയ്തത്. വേദനിക്കുന്നവരെ കണ്ടപ്പോൾ യേശുവിന്റെ ‘മനസ്സ് അലിഞ്ഞു.’ (മത്താ. 20:29-34; മർക്കോ. 1:40-42) ഉദാഹരണത്തിന്, ബധിരനായ ഒരു വ്യക്തിയെ ജനക്കൂട്ടത്തിൽനിന്ന് മാറ്റിക്കൊണ്ടുപോയി സുഖപ്പെടുത്തിയ സംഭവത്തെക്കുറിച്ച് ചിന്തിക്കുക. അപ്പോൾ, യേശുവിന്റെ മനസ്സിലൂടെ എന്തെല്ലാം വികാരങ്ങൾ കടന്നുപോയെന്ന് ഒന്നു ഭാവനയിൽ കാണാമോ! ഇനി, ഒരു വിധവയുടെ ഏകമകനെ പുനരുത്ഥാനപ്പെടുത്തിയ സംഭവമോ? (മർക്കോ. 7:32-35; ലൂക്കോ. 7:12-15) ആ വ്യക്തികളോടു യേശുവിനു സഹതാപം തോന്നി, അവരെ സഹായിക്കാൻ യേശു ആഗ്രഹിച്ചു.
12. യോഹന്നാൻ 11:32-35 അനുസരിച്ച്, യേശു മാർത്തയോടും മറിയയോടും എങ്ങനെയാണു സഹാനുഭൂതി കാണിച്ചത്?
12 മാർത്തയോടും മറിയയോടും യേശു സഹാനുഭൂതി കാണിച്ചു. അവരുടെ സഹോദരനായ ലാസർ മരിച്ചപ്പോൾ അവർക്കുണ്ടായ വേദന യേശു കണ്ടു. അപ്പോൾ, “യേശുവിന്റെ കണ്ണു നിറഞ്ഞൊഴുകി.” (യോഹന്നാൻ 11:32-35 വായിക്കുക.) തന്റെ ഉറ്റസുഹൃത്തിന്റെ വേർപാടല്ല യേശുവിനെ ദുഃഖിപ്പിച്ചത്. കാരണം താൻ ലാസറിനെ ഉയിർപ്പിക്കാൻ പോകുകയാണെന്നു യേശുവിന് അറിയാമായിരുന്നു. തന്റെ പ്രിയസുഹൃത്തുക്കളുടെ ഹൃദയവേദന യേശുവിനു മനസ്സിലാക്കാൻ കഴിഞ്ഞു, അതു യേശുവിനെ ആഴത്തിൽ സ്പർശിച്ചു. അതുകൊണ്ടാണു യേശു കരഞ്ഞുപോയത്.
13. യേശുവിന്റെ സഹാനുഭൂതിയെക്കുറിച്ച് അറിയുന്നതു നമുക്കു പ്രോത്സാഹനം പകരുന്നത് എന്തുകൊണ്ട്?
13 യേശുവിന്റെ സഹാനുഭൂതിയെക്കുറിച്ച് പഠിക്കുന്നതു നമുക്കു വളരെയധികം പ്രയോജനം ചെയ്യും. മറ്റുള്ളവരോടു യേശു ഇടപെട്ട വിധം ഓർക്കുമ്പോൾ നമുക്കു യേശുവിനോടു സ്നേഹം തോന്നുന്നില്ലേ? (1 പത്രോ. 1:8) ദൈവരാജ്യത്തിന്റെ വാഴുന്ന രാജാവാണ് യേശുക്രിസ്തുവെന്ന് അറിയുന്നതു നമുക്ക് ഒരു പ്രോത്സാഹനമാണ്. എല്ലാ കഷ്ടപ്പാടുകൾക്കും യേശു ഉടൻ അറുതി വരുത്തും. സാത്താന്റെ ഭരണം മനുഷ്യരുടെ മേൽ വരുത്തിവെച്ച എല്ലാ മുറിവുകളും ഉണക്കാൻ ഏറ്റവും പറ്റിയ സ്ഥാനത്തായിരിക്കുന്നതു യേശുവാണ്. കാരണം യേശുവും ഒരിക്കൽ മനുഷ്യനായിരുന്നല്ലോ. ‘നമ്മുടെ ബലഹീനതകളിൽ സഹതാപം തോന്നുന്ന’ ഒരു ഭരണാധികാരിയെ കിട്ടിയതിൽ നമുക്കു സന്തോഷിക്കാം.—എബ്രാ. 2:17, 18; 4:15, 16.
യഹോവയുടെയും യേശുവിന്റെയും മാതൃക അനുകരിക്കുക
14. എഫെസ്യർ 5:1, 2-നു ചേർച്ചയിൽ നമ്മൾ എന്തു ചെയ്യണം?
14 യഹോവയും യേശുവും വെച്ച മാതൃകയെക്കുറിച്ച് ചിന്തിക്കുമ്പോൾ സഹാനുഭൂതി കാണിക്കുന്നതിൽ മെച്ചപ്പെടാൻ നമുക്കു പ്രചോദനം തോന്നും. (എഫെസ്യർ 5:1, 2 വായിക്കുക.) അവർക്കുള്ളതുപോലെ, ഹൃദയം വായിക്കാനുള്ള കഴിവ് നമുക്കില്ല. എങ്കിലും മറ്റുള്ളവരുടെ മനോവികാരങ്ങളും ആവശ്യങ്ങളും മനസ്സിലാക്കിയെടുക്കാൻ നമുക്കു ശ്രമിക്കാം. (2 കൊരി. 11:29) സ്വാർഥത നിറഞ്ഞ ഇന്നത്തെ ലോകത്ത്, “സ്വന്തം താത്പര്യം മാത്രം നോക്കാതെ മറ്റുള്ളവരുടെ താത്പര്യവുംകൂടെ” നോക്കിക്കൊണ്ട് നമുക്കു വ്യത്യസ്തരായി നിൽക്കാം.—ഫിലി. 2:4.
15. പ്രത്യേകിച്ച് ആരാണു സഹാനുഭൂതി കാണിക്കേണ്ടത്?
15 പ്രത്യേകിച്ച് സഭാമൂപ്പന്മാർ സഹാനുഭൂതി കാണിക്കണം. തങ്ങളെ ഭരമേൽപ്പിച്ചിരിക്കുന്ന ആട്ടിൻപറ്റത്തിന്റെ കാര്യത്തിൽ തങ്ങൾ കണക്കു ബോധിപ്പിക്കേണ്ടവരാണെന്ന് അവർക്ക് അറിയാം. (എബ്രാ. 13:17) സഹവിശ്വാസികളെ സഹായിക്കണമെങ്കിൽ, മൂപ്പന്മാർ അവരുടെ സാഹചര്യങ്ങളും ആവശ്യങ്ങളും നന്നായി മനസ്സിലാക്കണം. മൂപ്പന്മാർക്ക് എങ്ങനെ സഹാനുഭൂതി കാണിക്കാം?
16. സഹാനുഭൂതിയുള്ള ഒരു മൂപ്പൻ എങ്ങനെ പ്രവർത്തിക്കും, അതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
16 സഹാനുഭൂതിയുള്ള ഒരു മൂപ്പൻ സഹോദരങ്ങളോടൊപ്പം സമയം ചെലവിടും. ഇതു വിശേഷാൽ പ്രധാനമായിരിക്കുന്ന ഒരു സാഹചര്യമുണ്ട്. ആട്ടിൻപറ്റത്തിലെ ഒരു ആട് തന്റെ ഹൃദയത്തിലെ ചിന്തകളും വിഷമങ്ങളും എല്ലാം തുറന്നുപറയാൻ ആഗ്രഹിക്കുന്നു, പക്ഷേ അതു പറഞ്ഞറിയിക്കാൻ അദ്ദേഹത്തിനു വാക്കുകൾ കിട്ടുന്നില്ല. അപ്പോൾ മൂപ്പൻ കാര്യങ്ങൾ ചോദിച്ചറിയാൻ ശ്രമിക്കുകയും ആ വ്യക്തി സംസാരിക്കുമ്പോൾ ക്ഷമയോടെ ശ്രദ്ധിച്ച് കേൾക്കുകയും ചെയ്യും. (സുഭാ. 20:5) മനസ്സോടെ സമയം മറ്റുള്ളവർക്കായി വിട്ടുകൊടുക്കുമ്പോൾ, മൂപ്പന്മാർക്കു സഹോദരങ്ങളുമായി വിശ്വാസത്തിന്റെയും സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും ശക്തമായ ബന്ധം സ്ഥാപിക്കാൻ കഴിയും.—പ്രവൃ. 20:37.
17. എങ്ങനെയുള്ള മൂപ്പന്മാരെയാണു മിക്ക സഹോദരങ്ങളും വിലമതിക്കുന്നത്? ഒരു ഉദാഹരണം പറയുക.
17 തങ്ങളുടെ ഉത്കണ്ഠകളും വിഷമങ്ങളും ക്ഷമയോടെ കേൾക്കാനും മനസ്സിലാക്കാനും ശ്രമിക്കുന്ന മൂപ്പന്മാരെ വിലമതിക്കുന്നെന്നു പല സഹോദരങ്ങളും പറയുന്നു. എന്തുകൊണ്ട്? അഡലെയ്ഡ് എന്ന സഹോദരി പറയുന്നു: “അവരുടെ അടുത്ത് പോയി ധൈര്യമായി സംസാരിക്കാം. കാരണം അവർ നമ്മളെ മനസ്സിലാക്കുമെന്നു നമുക്ക് അറിയാം.” സഹോദരി ഇങ്ങനെയും പറയുന്നു: “അവരോടു സംസാരിക്കുമ്പോൾ അവർ പ്രതികരിക്കുന്ന വിധത്തിൽനിന്ന് റോമ. 12:15.
അവർക്കു നമ്മളോടു സഹാനുഭൂതിയുണ്ടെന്നു മനസ്സിലാക്കാം.” ഒരു സഹോദരൻ നന്ദിയോടെ ഓർക്കുന്നു: “എന്റെ സാഹചര്യത്തെക്കുറിച്ച് പറഞ്ഞപ്പോൾ അതു കേട്ട് ഒരു മൂപ്പന്റെ കണ്ണു നിറയുന്നതു ഞാൻ കണ്ടു. ആ ചിത്രം എപ്പോഴും എന്റെ മനസ്സിലുണ്ടായിരിക്കും.”—18. നമുക്ക് എങ്ങനെ സഹാനുഭൂതി വളർത്തിയെടുക്കാം?
18 മൂപ്പന്മാർ മാത്രമല്ല സഹാനുഭൂതി കാണിക്കേണ്ടത്. നമുക്ക് എല്ലാവർക്കും ഈ ഗുണം വളർത്തിയെടുക്കാൻ കഴിയും. എങ്ങനെ? നിങ്ങളുടെ കുടുംബാംഗങ്ങളും സഹവിശ്വാസികളും കടന്നുപോകുന്ന സാഹചര്യങ്ങൾ നന്നായി മനസ്സിലാക്കാൻ ശ്രമിക്കുക. സഭയിലെ കൗമാരപ്രായക്കാരുടെയും രോഗികളുടെയും പ്രായമായവരുടെയും അതുപോലെ പ്രിയപ്പെട്ടവരെ മരണത്തിൽ നഷ്ടപ്പെട്ടവരുടെയും കാര്യത്തിൽ പ്രത്യേകം താത്പര്യമെടുക്കുക. അവരുടെ വിശേഷങ്ങൾ തിരക്കുക. അവർ സംസാരിക്കുമ്പോൾ ശരിക്കും ശ്രദ്ധിക്കുക. അവരുടെ സാഹചര്യങ്ങൾ നിങ്ങൾക്കു നന്നായി മനസ്സിലാകുന്നുണ്ടെന്ന് അവർക്കു കാണാനാകണം. കഴിയുന്ന വിധങ്ങളിലെല്ലാം അവരെ സഹായിക്കാമെന്ന് ഉറപ്പു കൊടുക്കുക. ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ നമ്മൾ ആത്മാർഥമായ സ്നേഹം കാണിക്കുകയാണ്.—1 യോഹ. 3:18.
19. എല്ലാവരെയും നമ്മൾ ഒരേ രീതിയിൽ സഹായിക്കാൻ ശ്രമിക്കരുതാത്തത് എന്തുകൊണ്ട്?
19 എല്ലാവരെയും നമ്മൾ ഒരേ രീതിയിലല്ല സഹായിക്കാൻ ശ്രമിക്കേണ്ടത്. കാരണം ബുദ്ധിമുട്ടുകളുണ്ടാകുമ്പോൾ ആളുകൾ വ്യത്യസ്തവിധങ്ങളിലാണു പ്രതികരിക്കുന്നത്. ചിലർക്കു സംസാരിക്കാൻ ഇഷ്ടമാണ്. എന്നാൽ ഒതുങ്ങിക്കൂടാനായിരിക്കും മറ്റു ചിലർക്ക് ഇഷ്ടം. അതുകൊണ്ട് സഹായം കൊടുക്കാൻ മുന്നോട്ടുവരുമ്പോൾ തീർത്തും വ്യക്തിപരമായ കാര്യങ്ങൾ ചോദിക്കാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കണം. (1 തെസ്സ. 4:11) ഇനി, മറ്റുള്ളവർ അവരുടെ ഉള്ളു തുറക്കുമ്പോൾ, അതു നമ്മുടെ വീക്ഷണവുമായി ചേരണമെന്നില്ല. അപ്പോൾ സംസാരിക്കാൻ തിടുക്കം കൂട്ടരുത്, പകരം കേൾക്കാൻ തിടുക്കം കാണിക്കണം. കാരണം, അവർക്ക് എന്താണു തോന്നുന്നത് എന്നാണ് അവർ പറയുന്നത്.—മത്താ. 7:1; യാക്കോ. 1:19.
20. അടുത്ത ലേഖനത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?
20 സഭയിൽ മാത്രമല്ല, ശുശ്രൂഷയിലും സഹാനുഭൂതി എന്ന മനോഹരമായ ഗുണം കാണിക്കാൻ നമ്മൾ ആഗ്രഹിക്കുന്നു. ആളുകളെ ശിഷ്യരാക്കുന്ന പ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ നമുക്ക് എങ്ങനെ സഹാനുഭൂതി കാണിക്കാം? അടുത്ത ലേഖനത്തിൽ അതു ചർച്ച ചെയ്യും.
ഗീതം 130 ക്ഷമിക്കുന്നവരായിരിക്കുക
^ ഖ. 5 യഹോവയും യേശുവും മറ്റുള്ളവരുടെ മനോവികാരങ്ങളെക്കുറിച്ച് ചിന്തയുള്ളവരാണ്. അവരുടെ മാതൃകയിൽനിന്ന് എന്തെല്ലാം പഠിക്കാമെന്ന് ഈ ലേഖനം ചർച്ച ചെയ്യും. എന്തുകൊണ്ടാണ് സഹാനുഭൂതി കാണിക്കേണ്ടതെന്നും അത് എങ്ങനെ ചെയ്യാമെന്നും നമ്മൾ പഠിക്കും.
^ ഖ. 1 പദപ്രയോഗത്തിന്റെ വിശദീകരണം: മറ്റുള്ളവരുടെ സന്തോഷവും സങ്കടവും എല്ലാം മനസ്സിലാക്കി, അവർക്കു തോന്നുന്നതു നമ്മുടെ ഉള്ളിൽ അനുഭവപ്പെടുന്നതിനെയാണു “സഹാനുഭൂതി” എന്നതുകൊണ്ട് അർഥമാക്കുന്നത്. (റോമ. 12:15) ഈ ലേഖനത്തിൽ “സഹാനുഭൂതി” എന്നതും “പരിഗണന” എന്നതും ഒരേ അർഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്.
^ ഖ. 6 നിരുത്സാഹവും ഭയവും ഒക്കെ തോന്നിയ വിശ്വസ്തരായ മറ്റു വ്യക്തികളോടും യഹോവ അനുകമ്പ കാണിച്ചിട്ടുണ്ട്. ഹന്ന (1 ശമു. 1:10-20), ഏലിയ (1 രാജാ. 19:1-18), ഏബെദ്-മേലെക്ക് (യിരെ. 38:7-13; 39:15-18) എന്നിവർ ഉൾപ്പെടുന്ന ബൈബിൾവിവരണങ്ങളെക്കുറിച്ച് ചിന്തിക്കുക.
^ ഖ. 65 ചിത്രക്കുറിപ്പുകൾ: രാജ്യഹാളിലെ മീറ്റിങ്ങുകൾ ഹൃദ്യമായ സഹവാസത്തിനുള്ള ധാരാളം അവസരങ്ങൾ തരുന്നു. (1) ഒരു മൂപ്പൻ പ്രചാരകനായ ഒരു ചെറിയ കുട്ടിയോടും അവന്റെ അമ്മയോടും സംസാരിക്കുന്നു, (2) ഒരു സഹോദരനും മകളും പ്രായംചെന്ന ഒരു സഹോദരിയെ കാറിന് അടുത്തേക്കു കൂട്ടിക്കൊണ്ടുപോകുന്നു, (3) മാർഗനിർദേശം ആരായുന്ന ഒരു സഹോദരിയെ രണ്ടു മൂപ്പന്മാർ ശ്രദ്ധിച്ചുകേൾക്കുന്നു.