പഠനലേഖനം 20
ദുഷ്പെരുമാറ്റത്തിന് ഇരയായവർക്ക് ആശ്വാസം
“ഏതു സാഹചര്യത്തിലും ആശ്വാസം തരുന്ന ദൈവം . . . നമ്മുടെ കഷ്ടതകളിലെല്ലാം . . . ആശ്വസിപ്പിക്കുന്നു.”—2 കൊരി. 1:3, 4.
ഗീതം 134 മക്കൾ—ദൈവം വിശ്വസിച്ചേൽപ്പിച്ചിരിക്കുന്ന നിക്ഷേപം
പൂർവാവലോകനം *
1-2. (എ) മനുഷ്യർക്ക് ആശ്വാസം ആവശ്യമാണെന്നും മറ്റുള്ളവരെ ആശ്വസിപ്പിക്കാൻ അവർക്കു കഴിയുമെന്നും ഉള്ളതിന് ഒരു ഉദാഹരണം നൽകുക. (ബി) ചില കുട്ടികൾക്ക് എന്ത് അനുഭവിക്കേണ്ടിവന്നിട്ടുണ്ട്?
ജനിക്കുമ്പോൾമുതൽ ആശ്വാസം ആവശ്യമുള്ളവരാണ് മനുഷ്യർ. മറ്റുള്ളവരെ ആശ്വസിപ്പിക്കാനുള്ള കഴിവും അവർക്കുണ്ട്. ഉദാഹരണത്തിന്, കളിക്കുന്നതിനിടെ ഒരു കൊച്ചുകുട്ടി വീണ് കാൽമുട്ടിലെ തൊലി പോയെന്ന് കരുതുക. അവൻ കരഞ്ഞുകൊണ്ട് പപ്പയുടെയോ മമ്മിയുടെയോ അടുത്തേക്ക് ഓടും. അവർക്കു മുറിവുണക്കാൻ കഴിയില്ലെങ്കിലും അവനെ ആശ്വസിപ്പിക്കാനാകും. എങ്ങനെ? അവനെ വാരിയെടുത്ത്, “എന്തു പറ്റി മോനേ” എന്നു ചോദിച്ച് കണ്ണീർ തുടയ്ക്കും, തലോടിക്കൊണ്ട് ആശ്വാസവാക്കുകൾ പറയും. എന്നിട്ടു മുറിവിൽ മരുന്നു പുരട്ടുകയോ ബാൻഡേജ് ഒട്ടിക്കുകയോ ചെയ്യും. അധികം താമസിയാതെ കരച്ചിൽ നിറുത്തുന്ന അവനെ പിന്നെ ചിലപ്പോൾ കാണുന്നതു കളിസ്ഥലത്തായിരിക്കും. ദിവസങ്ങൾ കഴിയുമ്പോൾ അവന്റെ മുറിവ് ഉണങ്ങുകയും ചെയ്യും.
2 എന്നാൽ ചിലപ്പോൾ, കുട്ടികൾക്ക് ഇതിലും ഗുരുതരമായ മുറിവുകൾ ഏൽക്കാറുണ്ട്. അവരെ ചിലർ ലൈംഗികമായി ദുരുപയോഗം ചെയ്തേക്കാം. ഇത് ഒരു തവണ മാത്രം ആകാം. അല്ലെങ്കിൽ വർഷങ്ങളോളം തുടർന്നേക്കാം. എന്തുതന്നെയായാലും പീഡനത്തിന് ഇരയാകുന്നവരുടെ ഉള്ളിൽ, അത് ആഴമേറിയ വൈകാരിക മുറിവുകൾ സൃഷ്ടിക്കും. ചില കേസുകളിൽ ദുഷ്പ്രവൃത്തിക്കാരനെ പിടികൂടി ശിക്ഷിച്ചേക്കാം. മറ്റു കേസുകളിൽ കുറ്റവാളി നിയമത്തിന്റെ പിടിയിൽപ്പെടാതെ രക്ഷപ്പെടും. കുറ്റവാളി ഉടൻതന്നെ ശിക്ഷിക്കപ്പെട്ടാലും അയാൾ ചെയ്ത ദുഷ്പ്രവൃത്തിയുടെ മോശമായ ഫലങ്ങൾ കുട്ടിയെ പ്രായപൂർത്തിയായാലും വിട്ടുമാറണമെന്നില്ല.
3. 2 കൊരിന്ത്യർ 1:3, 4 പറയുന്നതനുസരിച്ച് യഹോവയുടെ ആഗ്രഹം എന്താണ്, നമ്മൾ ഏതെല്ലാം ചോദ്യങ്ങൾ ചിന്തിക്കും?
3 കുട്ടിയായിരിക്കെ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട ഒരു ക്രിസ്ത്യാനി മുതിർന്നിട്ടും മനോവേദനയുമായി മല്ലിടുന്നെങ്കിൽ, എന്തെങ്കിലും സഹായം ലഭ്യമാണോ? (2 കൊരിന്ത്യർ 1:3, 4 വായിക്കുക.) തന്റെ ഓരോ പ്രിയദാസനും ആവശ്യമായ സ്നേഹവും ആശ്വാസവും കിട്ടണമെന്ന് യഹോവ ആഗ്രഹിക്കുന്നു. അതുകൊണ്ട് നമുക്ക് ഇപ്പോൾ മൂന്നു ചോദ്യങ്ങൾ ചിന്തിക്കാം: (1) ചെറുപ്പത്തിൽ ലൈംഗികപീഡനത്തിന് ഇരയായവർക്ക് ആശ്വാസം ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്? (2) അവർക്ക് ആശ്വാസം കൊടുക്കാൻ കഴിയുന്നത് ആർക്കാണ്? (3) നമുക്ക് അവരെ എങ്ങനെ ആശ്വസിപ്പിക്കാം?
ആശ്വാസം ആവശ്യമായിരിക്കുന്നതിന്റെ കാരണം
4-5. (എ) കുട്ടികൾ മുതിർന്നവരിൽനിന്ന് വ്യത്യസ്തരാണെന്നു തിരിച്ചറിയുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) ലൈംഗികപീഡനത്തിന് ഇരയാകുന്ന ഒരു കുട്ടിക്ക്, മറ്റുള്ളവരിലുള്ള വിശ്വാസം നഷ്ടപ്പെട്ടേക്കാവുന്നത് എങ്ങനെ?
4 ചെറുപ്പത്തിൽ ലൈംഗിക ദുഷ്പെരുമാറ്റത്തിന് ഇരയാകേണ്ടിവന്ന ചിലർക്കു മുതിർന്നതിനു ശേഷവും ആശ്വാസം ആവശ്യമായേക്കാം. എന്തുകൊണ്ട്? അതു മനസ്സിലാക്കുന്നതിനു നമ്മൾ ഒരു കാര്യം അറിഞ്ഞിരിക്കണം. കുട്ടികൾ മുതിർന്നവരിൽനിന്ന് വളരെ വ്യത്യസ്തരാണ്. ദുഷ്പെരുമാറ്റം ഒരു മുതിർന്ന വ്യക്തിയെ ബാധിക്കുന്നതുപോലെ അല്ല ഒരു കുട്ടിയെ ബാധിക്കുന്നത്. ചില ഉദാഹരണങ്ങൾ നോക്കാം.
5 തങ്ങളെ വളർത്തുകയും പരിപാലിക്കുകയും ചെയ്യുന്നവരെ കുട്ടികൾ വിശ്വസിക്കുന്നു. ഈ ബന്ധങ്ങൾ കുട്ടികൾക്കു സുരക്ഷിതത്വം തോന്നാൻ ഇടയാക്കുകയും തങ്ങളെ സ്നേഹിക്കുന്ന ആരെയും വിശ്വസിക്കാൻ അവരെ പഠിപ്പിക്കുകയും ചെയ്യും. (സങ്കീ. 22:9) സങ്കടകരമെന്നു പറയട്ടെ, മിക്കപ്പോഴും കുട്ടികൾക്കെതിരെയുള്ള ലൈംഗികപീഡനങ്ങൾ ഉണ്ടാകുന്നത് അവരുടെ വീട്ടിൽനിന്നാണ്. അടുത്ത കുടുംബാംഗങ്ങളും കുടുംബസുഹൃത്തുക്കളും ഒക്കെയായിരിക്കും പലപ്പോഴും ഇതിന്റെ പിന്നിൽ. ഇങ്ങനെ സംഭവിച്ചാൽ മറ്റുള്ളവരിലുള്ള കുട്ടിയുടെ വിശ്വാസം തകരും. കാലമെത്ര കഴിഞ്ഞാലും അവനോ അവൾക്കോ മറ്റുള്ളവരെ വിശ്വസിക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കും!
6. ലൈംഗികദുഷ്പെരുമാറ്റം ക്രൂരവും ഹാനികരവും ആയിരിക്കുന്നത് എന്തുകൊണ്ട്?
6 കുട്ടികൾ സ്വയം സംരക്ഷിക്കാൻ കഴിവില്ലാത്തവരാണ്, അവരോടുള്ള ലൈംഗിക ദുഷ്പെരുമാറ്റം ക്രൂരവും ഹാനികരവും ആണ്. വിവാഹത്തെയും ലൈംഗികതയെയും കുറിച്ച് കാര്യമായ അറിവില്ലാത്ത പ്രായത്തിൽ കുട്ടികളെ നിർബന്ധിച്ച് ലൈംഗികപ്രവൃത്തികൾക്ക് ഇരയാക്കുന്നത് അവർക്കു വളരെ ദോഷം ചെയ്യും. ഇതു കുട്ടികളുടെ മനസ്സിൽ ലൈംഗികതയെക്കുറിച്ച് മോശമായ ചിത്രം പതിപ്പിക്കും. മാത്രമല്ല, തങ്ങളെ ഒന്നിനും കൊള്ളില്ലെന്നു തോന്നാനും സ്നേഹം കാണിക്കുന്ന എല്ലാവരെയും സംശയിക്കാനും ഇടയാക്കും.
7. (എ) ഒരു കുട്ടിയെ ആർക്കു വേണമെങ്കിലും എളുപ്പത്തിൽ പറ്റിക്കാൻ കഴിയുന്നത് എന്തുകൊണ്ട്, എങ്ങനെ? (ബി) ആ നുണകൾ കുട്ടിയെ എങ്ങനെ ബാധിക്കും?
7 കുട്ടികൾക്കു മുതിർന്നവരെപ്പോലെ ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും അപകടങ്ങൾ മുൻകൂട്ടിക്കാണാനും അവ ഒഴിവാക്കാനും ഉള്ള പ്രാപ്തിയില്ല. (1 കൊരി. 13:11) അതുകൊണ്ട് കുട്ടികളെ ആർക്കു വേണമെങ്കിലും എളുപ്പത്തിൽ പറ്റിക്കാം. പലപ്പോഴും പീഡകൻ കുട്ടിയെ പല നുണകളും പറഞ്ഞ് വിശ്വസിപ്പിക്കും. സംഭവിച്ചത് കുട്ടിയുടെതന്നെ തെറ്റാണെന്നും കാര്യം ആരോടും പറയരുതെന്നും ഇനി ആരോടെങ്കിലും പറഞ്ഞാൽത്തന്നെ ആരും വിശ്വസിക്കില്ലെന്നും ഒരു സഹായവും കിട്ടില്ലെന്നും ഒക്കെ അവർ പറയും. കൂടാതെ, ശരിക്കും സ്നേഹം കാണിക്കേണ്ടത് ഇങ്ങനെയാണെന്നും അവർ കുട്ടിയെ ധരിപ്പിക്കും. കാലങ്ങൾ കഴിഞ്ഞേ ഇപ്പറഞ്ഞതെല്ലാം നുണയായിരുന്നെന്ന് അവർക്കു മനസ്സിലാകുകയുള്ളൂ. ജീവിതം നശിച്ചുപോയെന്നോ, മറ്റുള്ളവരെപ്പോലെ സാധാരണജീവിതം നയിക്കാൻ കഴിയില്ലെന്നോ, സ്നേഹത്തിനും ആശ്വാസത്തിനും അർഹതയില്ലെന്നോ ഒക്കെ ചിന്തിക്കാൻ അത് ഇടയാക്കിയേക്കാം.
8. പീഡിപ്പിക്കപ്പെട്ടവരെ യഹോവയ്ക്ക് ആശ്വസിപ്പിക്കാൻ കഴിയുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാവുന്നത് എന്തുകൊണ്ട്?
8 ചെറുപ്പത്തിൽ പീഡനത്തിന് ഇരയായവർ വളരെ കാലത്തേക്ക് അതിന്റെ വേദന അനുഭവിക്കേണ്ടിവരുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ മനസ്സിലാകുന്നില്ലേ? എത്ര പൈശാചികമായ ഒരു കുറ്റകൃത്യമാണു ബാലപീഡനം! ഇതു ലോകമെങ്ങും ഒരു പകർച്ചവ്യാധിപോലെ പടരുകയാണ്. നമ്മൾ അവസാനകാലത്താണ്, അതായത് “സഹജസ്നേഹമില്ലാത്ത” ആളുകളുള്ള, ‘ദുഷ്ടമനുഷ്യരും തട്ടിപ്പുകാരും അടിക്കടി അധഃപതിക്കുന്ന’ ഒരു കാലത്താണ്, ജീവിക്കുന്നത് എന്നതിന്റെ തെളിവല്ലേ ഇത്? (2 തിമൊ. 3:1-5, 13) നമ്മളെ ഉപദ്രവിക്കാനുള്ള സാത്താന്റെ പദ്ധതികൾ ശരിക്കും ദുഷ്ടത നിറഞ്ഞതാണ്. അവന്റെ ചൊൽപ്പടിക്കനുസരിച്ച് മനുഷ്യർ പ്രവർത്തിക്കുന്നത് അതിലേറെ സങ്കടകരമാണ്. എന്നാൽ യഹോവ സാത്താനെക്കാളും അവന്റെ ഇഷ്ടത്തിനു നിൽക്കുന്നവരെക്കാളും വളരെയേറെ ശക്തനാണ്. സാത്താൻ ചെയ്യുന്ന കാര്യങ്ങളെല്ലാം യഹോവ കാണുന്നുണ്ട്. നമ്മൾ അനുഭവിക്കുന്ന വേദന യഹോവ ശരിക്കും മനസ്സിലാക്കുന്നുണ്ടെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാം. നമുക്ക് ആവശ്യമായ ആശ്വാസം തരാൻ യഹോവയ്ക്കു കഴിയും. ‘ഏതു സാഹചര്യത്തിലും ആശ്വാസം തരുന്ന ദൈവത്തെയാണ്’ നമ്മൾ സേവിക്കുന്നത്. എത്ര അനുഗൃഹീതരാണു നമ്മൾ! “നമ്മുടെ കഷ്ടതകളിലെല്ലാം ദൈവം നമ്മളെ ആശ്വസിപ്പിക്കുന്നു. അങ്ങനെ ദൈവത്തിൽനിന്ന് കിട്ടുന്ന ആശ്വാസംകൊണ്ട് ഏതുതരം കഷ്ടതകൾ അനുഭവിക്കുന്നവരെയും ആശ്വസിപ്പിക്കാൻ നമുക്കും കഴിയുന്നു.” (2 കൊരി. 1:3, 4) അങ്ങനെയെങ്കിൽ, ആശ്വാസം തരാൻ യഹോവ ആരെയാണ് ഉപയോഗിക്കുന്നത്?
ആശ്വാസം കൊടുക്കാൻ ആർക്കു കഴിയും?
9. സങ്കീർത്തനം 27:10-ൽ കാണുന്ന ദാവീദ് രാജാവിന്റെ വാക്കുകളനുസരിച്ച്, മാതാപിതാക്കളുടെ സംരക്ഷണം കിട്ടാത്തവർക്കുവേണ്ടി യഹോവ എന്തു ചെയ്യും?
9 മാതാപിതാക്കളുടെ സംരക്ഷണം കിട്ടാതിരുന്നവർക്കും അടുപ്പമുള്ള വ്യക്തികൾ പീഡിപ്പിച്ചവർക്കും ആശ്വാസം ആവശ്യമുണ്ട്. ആശ്വസിപ്പിക്കുന്ന കാര്യത്തിൽ ഏറ്റവും നല്ല മാതൃക യഹോവയാണെന്നു ദാവീദിന് അറിയാമായിരുന്നു. (സങ്കീർത്തനം 27:10 വായിക്കുക.) ഉറ്റവരുടെ സംരക്ഷണം കിട്ടാതിരുന്നവരെ യഹോവ സ്വീകരിക്കുമെന്നു ദാവീദിന് ഉറച്ച വിശ്വാസമുണ്ടായിരുന്നു. യഹോവ എങ്ങനെയാണ് അതു ചെയ്യുന്നത്? ഭൂമിയിലെ തന്റെ വിശ്വസ്തദാസരെ ഉപയോഗിച്ചുകൊണ്ട്. യഹോവയെ ആരാധിക്കുന്ന നമ്മുടെ സഹവിശ്വാസികൾ നമ്മുടെ കുടുംബാംഗങ്ങൾപോലെയാണ്. ഉദാഹരണത്തിന്, യഹോവയുടെ ആരാധനയിൽ തന്നോടൊപ്പം ചേർന്നവരെ യേശു സഹോദരന്മാരെന്നും സഹോദരിമാരെന്നും അമ്മയെന്നും ആണ് വിശേഷിപ്പിച്ചത്.—മത്താ. 12:48-50.
10. മൂപ്പനായുള്ള തന്റെ സേവനത്തെ പൗലോസ് എങ്ങനെയാണു വിശേഷിപ്പിച്ചത്?
10 ക്രിസ്തീയസഭയിൽ ഇങ്ങനെയുള്ള കുടുംബബന്ധങ്ങൾക്ക് ഒരു ഉദാഹരണം നോക്കാം. പൗലോസ് അപ്പോസ്തലൻ കഠിനാധ്വാനിയും വിശ്വസ്തനും ആയ ഒരു മൂപ്പനായിരുന്നു. അദ്ദേഹം സഭയിൽ നല്ല മാതൃക വെച്ചു. താൻ ക്രിസ്തുവിനെ അനുകരിച്ചതുപോലെ, തന്നെ അനുകരിക്കാൻ മറ്റുള്ളവരോടു പറയാൻപോലും പരിശുദ്ധാത്മാവ് അദ്ദേഹത്തെ പ്രചോദിപ്പിച്ചു. (1 കൊരി. 11:1) മൂപ്പനായുള്ള തന്റെ സേവനത്തെ പൗലോസ് വിശേഷിപ്പിച്ചത് എങ്ങനെയെന്നു നോക്കുക: “ഒരു അമ്മ താൻ മുലയൂട്ടുന്ന കുഞ്ഞിനെ പരിപാലിക്കുന്ന അതേ സ്നേഹവാത്സല്യത്തോടെയാണു ഞങ്ങൾ നിങ്ങളോടു പെരുമാറിയത്.” (1 തെസ്സ. 2:7) അതുപോലെ ഇന്ന്, തിരുവെഴുത്തുകളിൽനിന്ന് ആശ്വാസം കൊടുക്കുമ്പോൾ മൂപ്പന്മാർ സ്നേഹവും വാത്സല്യവും തുളുമ്പുന്ന വാക്കുകൾ ഉപയോഗിക്കും.
11. മൂപ്പന്മാരല്ലത്തവർക്കും ആശ്വാസം കൊടുക്കാൻ കഴിയും എന്നു നമുക്ക് എങ്ങനെ മനസ്സിലാക്കാം?
11 ദുഷ്പെരുമാറ്റത്തിന് ഇരയായവർക്ക് ആശ്വാസം പകരാൻ മൂപ്പന്മാർക്കു മാത്രമേ കഴിയൂ എന്നാണോ? അല്ല. ‘പരസ്പരം ആശ്വസിപ്പിക്കാൻ’ നമുക്ക് എല്ലാവർക്കും ഉത്തരവാദിത്വമുണ്ട്. (1 തെസ്സ. 4:18) പക്വതയുള്ള ക്രിസ്തീയസഹോദരിമാർക്കു സഹോദരിമാരെ ആശ്വസിപ്പിക്കാൻ കഴിയും. തന്റെ കുഞ്ഞിനെ ആശ്വസിപ്പിക്കുന്ന ഒരു അമ്മയോട് യഹോവ തന്നെത്തന്നെ ഉപമിച്ചു എന്നോർക്കുക. (യശ. 66:13) വേദന അനുഭവിച്ചവർക്ക് ആശ്വാസം നൽകിയ സ്ത്രീകളെപ്പറ്റിയും ബൈബിൾ പറയുന്നുണ്ട്. (ഇയ്യോ. 42:11) ഇന്ന്, വൈകാരികവേദനയോടു മല്ലിടുന്ന തങ്ങളുടെ സഹോദരിമാർക്കു ക്രിസ്തീയസ്ത്രീകൾ ആശ്വാസം പകരുന്നതു കാണുമ്പോൾ യഹോവയ്ക്ക് എത്രയധികം സന്തോഷം തോന്നും! ചില കേസുകളിൽ, ഇത്തരം സഹായം കൊടുക്കാൻ കഴിയുമോ എന്നു മൂപ്പന്മാർ പക്വതയുള്ള ഒരു സഹോദരിയോടു വിവേചനയോടെ ചോദിച്ചേക്കാം. *
നമുക്ക് എങ്ങനെ ആശ്വസിപ്പിക്കാം?
12. ഒരു സഹക്രിസ്ത്യാനിയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുമ്പോൾ നമ്മൾ ഏതു കാര്യം ശ്രദ്ധിക്കണം?
12 ഒരു സഹക്രിസ്ത്യാനിയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുമ്പോൾ അദ്ദേഹം സംസാരിക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങളെക്കുറിച്ച് ചോദിക്കാതിരിക്കാൻ ശ്രദ്ധിക്കണം. (1 തെസ്സ. 4:11) അങ്ങനെയെങ്കിൽ ആശ്വാസവും സഹായവും ആവശ്യമുള്ളവരെ നമുക്ക് എങ്ങനെ സഹായിക്കാം? അതിനു ബൈബിളിൽനിന്ന് പഠിക്കാൻ കഴിയുന്ന അഞ്ചു കാര്യങ്ങൾ നമുക്ക് ഇപ്പോൾ പരിശോധിക്കാം.
13. 1 രാജാക്കന്മാർ 19:5-8-ൽ പറയുന്നതനുസരിച്ച്, യഹോവയുടെ ദൂതൻ ഏലിയയ്ക്ക് എന്തെല്ലാമാണു ചെയ്തുകൊടുത്തത്, നമുക്ക് ആ ദൂതനെ എങ്ങനെ അനുകരിക്കാം?
13 പ്രായോഗികമായ വിധങ്ങളിൽ സഹായിക്കുക. ശത്രുക്കളിൽനിന്ന് ജീവനുംകൊണ്ട് ഓടിയ ഒരു സാഹചര്യത്തിൽ ഏലിയ പ്രവാചകൻ തീർത്തും നിരുത്സാഹിതനായി. മരിച്ചാൽ മതിയെന്നുപോലും തോന്നിപ്പോയി. യഹോവ അദ്ദേഹത്തെ സഹായിക്കാൻ ശക്തനായ ഒരു ദൂതനെ അയച്ചു. അപ്പോൾ ആവശ്യമായ കാര്യങ്ങളാണു ദൂതൻ ഏലിയയ്ക്കു നൽകിയത്. ദൂതൻ നല്ല ചൂടുള്ള ഭക്ഷണം കൊടുക്കുകയും അതു കഴിക്കാൻ ഏലിയയോടു ദയയോടെ ആവശ്യപ്പെടുകയും ചെയ്തു. (1 രാജാക്കന്മാർ 19:5-8 വായിക്കുക.) ഈ വിവരണം നമ്മളെ എന്താണു പഠിപ്പിക്കുന്നത്? ചിലപ്പോൾ ചെറിയ ഒരു ദയാപ്രവൃത്തിക്കുപോലും മറ്റുള്ളവരെ വളരെയധികം സഹായിക്കാൻ കഴിയും. ഒരു നേരത്തെ ഭക്ഷണമോ ചെറിയ സമ്മാനമോ ആശ്വാസവാക്കുകൾ എഴുതിയ ഒരു കാർഡോ കൊടുത്തുകൊണ്ട് അതു ചെയ്യാം. മനസ്സിടിഞ്ഞ ഒരു സഹോദരനോ സഹോദരിക്കോ ഇതു വലിയ ആശ്വാസമായിരിക്കും. നമ്മൾ അവരെ എത്ര സ്നേഹിക്കുന്നുണ്ടെന്ന് അവർക്കു മനസ്സിലാകും. ചിലപ്പോൾ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്നു നമുക്ക് അറിയില്ലായിരിക്കും. എങ്കിലും ഇത്തരം പ്രായോഗികസഹായം ചെയ്യാൻ നമുക്കു കഴിഞ്ഞേക്കും.
14. ഏലിയയെക്കുറിച്ചുള്ള വിവരണത്തിൽനിന്ന് നമുക്ക് എന്തു പാഠം പഠിക്കാൻ കഴിയും?
14 സുരക്ഷിതത്വം തോന്നുന്ന, പിരിമുറുക്കമില്ലാത്ത ഒരു അന്തരീക്ഷം ഒരുക്കുക. ഏലിയയെക്കുറിച്ചുള്ള വിവരണത്തിൽനിന്ന് നമുക്കു മറ്റൊരു പാഠംകൂടി പഠിക്കാം. ഹോരേബ് പർവതം വരെ യാത്ര ചെയ്യാൻ യഹോവ ഏലിയയെ അത്ഭുതകരമായി സഹായിച്ചു. ഏലിയയുടെ ജീവനെടുക്കാൻ ആഗ്രഹിച്ചവരിൽനിന്ന് വളരെ ദൂരെയുള്ള ഒരു സ്ഥലമായിരുന്നു ഇത്. നൂറ്റാണ്ടുകൾക്കു മുമ്പ് യഹോവ തന്റെ ജനവുമായി ഉടമ്പടി ചെയ്ത വിജനമായ ആ സ്ഥലത്ത് എത്തിയപ്പോൾ ഏലിയയ്ക്കു സുരക്ഷിതത്വം തോന്നിക്കാണും. ഇതിൽനിന്ന് നമുക്ക് എന്തു പാഠമാണു പഠിക്കാനുള്ളത്? പീഡനത്തിന് ഇരയായ വ്യക്തികൾക്ക് ആശ്വാസം നൽകാൻ ശ്രമിക്കുമ്പോൾ ആദ്യം ചെയ്യേണ്ടത് സുരക്ഷിതരാണെന്നു തോന്നാൻ അവരെ സഹായിക്കുക എന്നതാണ്. ഉദാഹരണത്തിന്, ദുഷ്പെരുമാറ്റത്തിന് ഇരയായ ഒരു സഹോദരിക്കു വീടിന്റെ ശാന്തതയിൽ ഇരുന്ന് സംസാരിക്കുന്നതായിരിക്കും ഒരുപക്ഷേ രാജ്യഹാളിൽവെച്ച് സംസാരിക്കുന്നതിനെക്കാൾ സുരക്ഷിതത്വം തോന്നുന്നതെന്നു മൂപ്പന്മാർ ഓർക്കണം. എന്നാൽ വേറൊരാൾക്കു മറിച്ചായിരിക്കും തോന്നുക.
15-16. ഒരു നല്ല കേൾവിക്കാരൻ ആയിരിക്കുന്നതിൽ എന്തെല്ലാം ഉൾപ്പെടുന്നുണ്ട്?
15 നല്ല കേൾവിക്കാരനായിരിക്കുക. ബൈബിൾ ഇങ്ങനെ വ്യക്തമായി പറയുന്നു: “എല്ലാവരും കേൾക്കാൻ തിടുക്കമുള്ളവരായിരിക്കണം; എന്നാൽ സംസാരിക്കാൻ തിടുക്കം കൂട്ടരുത്.” (യാക്കോ. 1:19) നമ്മൾ നല്ല കേൾവിക്കാരാണോ? കേൾക്കുക എന്നാൽ, സംസാരിക്കുന്ന വ്യക്തിയെ നോക്കി തിരിച്ചൊന്നും പറയാതെ അനങ്ങാതിരിക്കുന്നതാണെന്നു നമ്മൾ ചിന്തിച്ചേക്കാം. പക്ഷേ നല്ല ഒരു കേൾവിക്കാരൻ ഇതിലുമധികം ചെയ്യും. ഉദാഹരണത്തിന്, ഏലിയ ഉള്ളു തുറന്ന് ഉത്കണ്ഠകളെക്കുറിച്ച് പറഞ്ഞപ്പോൾ യഹോവ അതെല്ലാം ശ്രദ്ധിച്ചുകേട്ടു. ഏലിയയ്ക്കു ഭയവും ഏകാന്തതയും തോന്നുന്നുണ്ടെന്ന് യഹോവ മനസ്സിലാക്കി. താൻ ഇതേവരെ ചെയ്തതെല്ലാം വെറുതേയായിപ്പോയെന്നാണ് ഏലിയ വിചാരിച്ചത്. ഓരോ ഉത്കണ്ഠയും മറികടക്കാൻ യഹോവ സ്നേഹത്തോടെ ഏലിയയെ സഹായിച്ചു. അങ്ങനെ, ഏലിയ പറഞ്ഞ കാര്യങ്ങൾ താൻ ശരിക്കും ശ്രദ്ധിച്ചെന്ന് യഹോവ കാണിച്ചുകൊടുത്തു.—1 രാജാ. 19:9-11, 15-18.
16 നമ്മുടെ സഹോദരനോ സഹോദരിയോ സംസാരിക്കുമ്പോൾ നമുക്ക് ആർദ്രാനുകമ്പയും സഹാനുഭൂതിയും എങ്ങനെ കാണിക്കാം? അവരുടെ വേദന മനസ്സിലാക്കുന്നെന്നു കാണിക്കാൻ ചിലപ്പോൾ ചിന്തിച്ച് പറയുന്ന സ്നേഹത്തോടെയുള്ള ഏതാനും വാക്കുകൾ മതിയാകും. നിങ്ങൾക്ക് ഇങ്ങനെ പറയാനായേക്കും: 1 കൊരി. 13:4, 7.
“എനിക്കു സങ്കടമുണ്ട്. ഒരു കുട്ടിക്കും ഇങ്ങനെ വരാൻ പാടില്ല.” വിഷമിച്ചിരിക്കുന്ന നിങ്ങളുടെ സുഹൃത്ത് പറഞ്ഞ കാര്യങ്ങൾ നിങ്ങൾക്കു മനസ്സിലാകുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ ഒന്നോ രണ്ടോ ചോദ്യങ്ങൾ ചോദിക്കാവുന്നതാണ്. നിങ്ങൾക്ക് ഒരുപക്ഷേ ഇങ്ങനെ ചോദിക്കാം: “സഹോദരൻ ശരിക്കും പറഞ്ഞുവരുന്നത് . . . ” അല്ലെങ്കിൽ, “സഹോദരൻ പറഞ്ഞതിൽനിന്ന് എനിക്കു മനസ്സിലായത്, . . . ശരിയല്ലേ?” സ്നേഹത്തോടെയുള്ള ഇത്തരം വാക്കുകൾ, നിങ്ങൾ ശരിക്കും ശ്രദ്ധിക്കുന്നുണ്ടെന്നും കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ടെന്നും ആ വ്യക്തിക്ക് ഉറപ്പു കൊടുക്കും.—17. നമ്മൾ ‘സംസാരിക്കാൻ തിടുക്കം കൂട്ടാതെ’ ക്ഷമ കാണിക്കേണ്ടത് എന്തുകൊണ്ട്?
17 എന്നാൽ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്: “സംസാരിക്കാൻ തിടുക്കം കൂട്ടരുത്.” ഇടയ്ക്കുകയറി ഉപദേശം കൊടുക്കുകയോ ആ വ്യക്തിയുടെ ചിന്താഗതി തിരുത്തുകയോ ചെയ്യരുത്. നമ്മൾ ക്ഷമയോടെ കേട്ടിരിക്കണം. ഏലിയ യഹോവയുടെ മുമ്പാകെ വല്ലാത്ത വിഷമത്തോടെയാണു കാര്യങ്ങൾ പറഞ്ഞത്. യഹോവ ഏലിയയുടെ വിശ്വാസം ശക്തിപ്പെടുത്തിയതിനു ശേഷവും അതേ വാക്കുകൾ ഉപയോഗിച്ച് ഏലിയ പിന്നെയും തന്റെ ഉള്ളു തുറന്നു. (1 രാജാ. 19:9, 10, 13, 14) എന്താണു നമുക്കുള്ള പാഠം? ചിലപ്പോൾ വിഷമിച്ചിരിക്കുന്ന ആളുകൾ ഒരേ കാര്യങ്ങൾതന്നെ വീണ്ടുംവീണ്ടും പറഞ്ഞെന്നുവരാം. യഹോവയെപ്പോലെ നമ്മളും ക്ഷമയോടെ കേൾക്കണം. പോംവഴി പറഞ്ഞുകൊടുക്കാൻ ശ്രമിക്കുന്നതിനു പകരം നമ്മൾ അവരോടു മനസ്സലിവും സഹാനുഭൂതിയും കാണിക്കണം.—1 പത്രോ. 3:8.
18. വേദനിക്കുന്നവർക്ക് ആശ്വാസം പകരുന്ന വിധത്തിൽ എങ്ങനെ പ്രാർഥിക്കാം?
18 വേദന അനുഭവിക്കുന്ന വ്യക്തിയോടൊപ്പം ആത്മാർഥമായി പ്രാർഥിക്കുക. മനസ്സിടിഞ്ഞ വ്യക്തികൾക്ക് ഒരുപക്ഷേ പ്രാർഥിക്കാൻ തോന്നിയെന്നുവരില്ല. തങ്ങൾക്ക് യഹോവയോടു പ്രാർഥിക്കാനുള്ള യോഗ്യതയില്ലെന്ന് അങ്ങനെയുള്ളവർ വിചാരിച്ചേക്കാം. അവരെ ആശ്വസിപ്പിക്കാൻ അവരോടൊപ്പം പ്രാർഥിക്കുക. പ്രാർഥനയിൽ അവരുടെ പേര് എടുത്തുപറയുക. മനസ്സു തകർന്ന ആ വ്യക്തി നമുക്കും സഭയ്ക്കും എത്ര പ്രിയപ്പെട്ട ഒരാളാണെന്ന് യഹോവയോടു പറയുക. യഹോവയ്ക്കു വിലപ്പെട്ട ആ ദാസന് അല്ലെങ്കിൽ ദാസിക്ക് ആശ്വാസവും സാന്ത്വനവും പകരേണമേ എന്നു നമുക്കു പ്രാർഥിക്കാം. അങ്ങനെയുള്ള പ്രാർഥനകൾ വളരെയധികം ആശ്വാസം പകരുന്നവയായിരിക്കും.—യാക്കോ. 5:16.
19. മറ്റൊരാളെ ആശ്വസിപ്പിക്കാൻ നമുക്ക് എങ്ങനെ തയ്യാറാകാം?
19 മുറിവ് ഉണക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്ന വാക്കുകൾ തിരഞ്ഞെടുക്കുക. സംസാരിക്കുന്നതിനു മുമ്പ് ചിന്തിക്കുക. ചിന്തിക്കാതെ പറയുന്ന സുഭാ. 12:18) അതുകൊണ്ട് ദയയുള്ള, ആശ്വാസവും സാന്ത്വനവും പകരുന്ന വാക്കുകൾ ഉപയോഗിക്കാൻ സഹായിക്കുന്നതിന് യഹോവയോടു പ്രാർഥിക്കുക. ഒപ്പം, ആളുകളെ ഏറ്റവുമധികം സ്വാധീനിക്കാൻ കഴിയുന്നതു ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന യഹോവയുടെ വാക്കുകൾക്കാണെന്ന് ഓർക്കുക.—എബ്രാ. 4:12.
വാക്കുകൾ മുറിപ്പെടുത്തും. അതേസമയം ദയയോടെയുള്ള വാക്കുകൾ മുറിവ് ഉണക്കും. (20. ദുഷ്പെരുമാറ്റത്തിന് ഇരയായ ചിലരുടെ മനസ്സിൽ ഏതു കാര്യം ഉറച്ചുപോയിട്ടുണ്ടാകും, ഏതു കാര്യം നമ്മൾ അവരെ ഓർമിപ്പിക്കണം?
20 ചെറുപ്പത്തിൽ നേരിട്ട ദുഷ്പെരുമാറ്റം കാരണം തങ്ങൾ ചീത്തയാണെന്നും വിലകെട്ടവരാണെന്നും ഉള്ള തോന്നൽ ചിലരുടെ മനസ്സിൽ ഉറച്ചുപോയിട്ടുണ്ടാകും. അവരെ ആരും സ്നേഹിക്കുന്നില്ലെന്നും മറ്റുള്ളവരുടെ സ്നേഹം ലഭിക്കാൻ തങ്ങൾക്കു യോഗ്യതയില്ലെന്നും അവർ ചിന്തിച്ചേക്കാം. സത്യത്തിനു നേർവിപരീതമല്ലേ ഇത്! അതുകൊണ്ട് യഹോവയുടെ കണ്ണുകളിൽ അവർ വളരെ വിലയുള്ളവരാണെന്നു തിരുവെഴുത്തുകൾ ഉപയോഗിച്ച് അവരെ ഓർമിപ്പിക്കുക. (“ തിരുവെഴുത്തുകളിൽനിന്നുള്ള ആശ്വാസം” എന്ന ചതുരം കാണുക.) പ്രവാചകനായ ദാനിയേൽ ക്ഷീണിച്ച്, ആകെ മനസ്സു മടുത്ത് ഇരുന്ന സമയത്ത് ഒരു ദൂതൻ എങ്ങനെയാണ് അദ്ദേഹത്തെ ബലപ്പെടുത്തിയത് എന്നോർക്കുക. ദൂതൻ ദയയോടെ ദാനിയേലിനോട് ഇടപെടുകയും ദാനിയേൽ ദൈവത്തിനു വളരെ പ്രിയപ്പെട്ടവനാണെന്ന് ഓർമിപ്പിക്കുകയും ചെയ്തു. ശരിക്കും ദാനിയേൽ അത് അറിയണമെന്ന് യഹോവ ആഗ്രഹിച്ചു. (ദാനി. 10:2, 11, 19) സമാനമായി, മനോവേദനയിലായിരിക്കുന്ന നമ്മുടെ ഈ സഹോദരന്മാരും സഹോദരിമാരും യഹോവയ്ക്ക് എത്ര പ്രിയപ്പെട്ടവരാണ്!
21. പശ്ചാത്താപമില്ലാത്ത തെറ്റുകാർക്ക് എന്താണു സംഭവിക്കാൻപോകുന്നത്, ആ സമയം വരുന്നതുവരെ എന്തു ചെയ്യാനായിരിക്കണം നമ്മുടെ തീരുമാനം?
21 മറ്റുള്ളവരെ ആശ്വസിപ്പിക്കുമ്പോൾ നമ്മൾ അവരെ യഹോവയുടെ സ്നേഹത്തെക്കുറിച്ച് ഓർമിപ്പിക്കുകയാണ്. അതേസമയം യഹോവ നീതിയുടെ ദൈവമാണ് എന്ന കാര്യവും നമ്മൾ ഒരിക്കലും മറക്കരുത്. ദുഷ്ടതയുടെ ഒരു പ്രവൃത്തിയും യഹോവ കാണാതെ പോകുന്നില്ല. പശ്ചാത്താപമില്ലാത്ത ഒരു തെറ്റുകാരനെയും യഹോവ ശിക്ഷിക്കാതെ വിടുകയുമില്ല. (സംഖ്യ 14:18) അതുകൊണ്ട് ദുഷ്പെരുമാറ്റം അനുഭവിക്കേണ്ടിവന്ന എല്ലാവരോടും സ്നേഹം കാണിക്കാൻ കഴിയുന്നതെല്ലാം നമുക്ക് ഇപ്പോൾ ചെയ്യാം. സാത്താനിൽനിന്നും അവന്റെ ലോകത്തിൽനിന്നും ‘മുറിവ് ഏൽക്കേണ്ടിവന്ന’ എല്ലാവരെയും യഹോവ പൂർണമായും സുഖപ്പെടുത്തും എന്ന് അറിയുന്നത് എത്ര ആശ്വാസകരമാണ്! വേദനിപ്പിക്കുന്ന ഇത്തരം കാര്യങ്ങൾ എല്ലാവരുടെയും മനസ്സിൽനിന്നും ഹൃദയത്തിൽനിന്നും എന്നേക്കുമായി മാഞ്ഞുപോകും. ആ കാലം അകലെയല്ല!—യശ. 65:17.
ഗീതം 109 ഹൃദയപൂർവം ഉറ്റ് സ്നേഹിക്കാം
^ ഖ. 5 ചെറുപ്രായത്തിൽ ലൈംഗിക ദുഷ്പെരുമാറ്റത്തിന് ഇരയായവർ വർഷങ്ങൾക്കു ശേഷവും അതിന്റെ ബുദ്ധിമുട്ടുകൾ നേരിടാറുണ്ട്. അതിന്റെ കാരണം മനസ്സിലാക്കാൻ ഈ ലേഖനം നമ്മളെ സഹായിക്കും. ആർക്കൊക്കെ അവരെ ആശ്വസിപ്പിക്കാൻ കഴിയുമെന്നും, അതിനുള്ള ഫലപ്രദമായ ചില മാർഗങ്ങളും നമ്മൾ ചർച്ച ചെയ്യും.
^ ഖ. 11 ദുഷ്പെരുമാറ്റത്തിന് ഇരയായ ഒരു വ്യക്തി വിദഗ്ധവൈദ്യസഹായം തേടണോ എന്നതു ആ വ്യക്തിയുടെ തീരുമാനമാണ്.