പഠന ലേഖനം 1
‘നിങ്ങൾ പോയി ആളുകളെ ശിഷ്യരാക്കുക’
2020-ലെ വാർഷികവാക്യം: ‘നിങ്ങൾ പോയി ആളുകളെ ശിഷ്യരാക്കുകയും അവരെ സ്നാനപ്പെടുത്തുകയും വേണം.’—മത്താ. 28:19.
ഗീതം 79 ഉറച്ചുനിൽക്കാൻ അവരെ പഠിപ്പിക്കുക
പൂർവാവലോകനം *
1-2. കല്ലറയ്ക്കൽവെച്ച് ദൂതൻ സ്ത്രീകളോട് എന്താണു പറഞ്ഞത്, യേശു നേരിട്ട് അവർക്ക് എന്തു നിർദേശം നൽകി?
എ.ഡി. 33 നീസാൻ 16. വെട്ടം വീണുതുടങ്ങുന്നതേ ഉള്ളൂ. ദുഃഖഭാരം പേറുന്ന ഹൃദയത്തോടെ ദൈവഭയമുള്ള ചില സ്ത്രീകൾ ഒരു കല്ലറയുടെ അടുത്തേക്കു പോകുകയാണ്. അവിടെയാണ് ഏകദേശം 36 മണിക്കൂർ മുമ്പ് കർത്താവായ യേശുക്രിസ്തുവിന്റെ ശരീരം വെച്ചത്. അവർ അവിടെ എത്തിയപ്പോൾ കല്ലറ ശൂന്യമായി കിടക്കുന്നതാണു കണ്ടത്. അവർക്ക് ആകെ വിഷമമായി. അവർ ശവശരീരം ഒരുക്കാൻവേണ്ടി “സുഗന്ധവ്യഞ്ജനങ്ങളും സുഗന്ധതൈലങ്ങളും” ആയി ചെന്നതായിരുന്നു. അവരെ അതിശയിപ്പിച്ചുകൊണ്ട് ഒരു ദൂതൻ അവരോടു യേശു ഉയിർപ്പിക്കപ്പെട്ടെന്നു പറഞ്ഞു. “നിങ്ങൾക്കു മുമ്പേ യേശു ഗലീലയിൽ എത്തും. അവിടെവെച്ച് നിങ്ങൾക്കു യേശുവിനെ കാണാം” എന്നും ദൂതൻ പറഞ്ഞു.—മത്താ. 28:1-7; ലൂക്കോ. 23:56; 24:10.
2 ആ സ്ത്രീകൾ അവിടെനിന്ന് പോകുമ്പോൾ യേശു നേരിട്ട് അവർക്കു പ്രത്യക്ഷനായി ഈ നിർദേശം നൽകി: “പോയി എന്റെ സഹോദരന്മാരെ വിവരം അറിയിക്കൂ! അവർ ഗലീലയ്ക്കു വരട്ടെ. അവിടെവെച്ച് അവർ എന്നെ കാണും.” (മത്താ. 28:10) യേശു ഒരു മീറ്റിങ്ങ് സംഘടിപ്പിക്കുകയായിരുന്നു. പുനരുത്ഥാനപ്പെട്ട ശേഷം യേശു ആദ്യം ചെയ്ത കാര്യമാണ് ഇത്. ഇതു കാണിക്കുന്നതു യേശുവിന് ആ മീറ്റിങ്ങിൽ വളരെ പ്രധാനപ്പെട്ട ചില നിർദേശങ്ങൾ ശിഷ്യന്മാർക്കു കൊടുക്കാനുണ്ടായിരുന്നു എന്നാണ്.
യേശു ആർക്കാണു കല്പന കൊടുത്തത്?
3-4. മത്തായി 28:19, 20-ൽ കൊടുത്തിരിക്കുന്ന കല്പന അപ്പോസ്തലന്മാരെ മാത്രം ഉദ്ദേശിച്ചായിരുന്നോ? വിശദീകരിക്കുക. (പുറംതാളിലെ ചിത്രം കാണുക.)
3 മത്തായി 28:16-20 വായിക്കുക. ശിഷ്യന്മാർ ചെയ്യേണ്ട ഒരു പ്രധാനപ്പെട്ട പ്രവർത്തനത്തെക്കുറിച്ച് ആ മീറ്റിങ്ങിൽ യേശു പറഞ്ഞു. ഒന്നാം നൂറ്റാണ്ടിലുടനീളം ക്രിസ്തുശിഷ്യർ അതു ചെയ്തു. ആ പ്രവർത്തനംതന്നെയാണ് ഇന്നു നമ്മളും ചെയ്യുന്നത്. എന്താണ് അത്? യേശു പറഞ്ഞു: “നിങ്ങൾ പോയി എല്ലാ ജനതകളിലെയും ആളുകളെ ശിഷ്യരാക്കുകയും . . . ഞാൻ നിങ്ങളോടു കല്പിച്ചതെല്ലാം അനുസരിക്കാൻ അവരെ പഠിപ്പിക്കുകയും വേണം.”
1 കൊരി. 15:6) എന്നാൽ എവിടെവെച്ച്?
4 തന്റെ എല്ലാ ശിഷ്യന്മാരും പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടാൻ യേശു പ്രതീക്ഷിക്കുന്നുണ്ടോ? ഉണ്ട്. വിശ്വസ്തരായ 11 അപ്പോസ്തലന്മാർക്കു മാത്രമല്ല യേശു ഈ കല്പന കൊടുത്തത്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? ഇതു ചിന്തിക്കുക: യേശു ശിഷ്യരാക്കാനുള്ള കല്പന കൊടുത്തപ്പോൾ ഗലീലയിലെ മലയിൽ അപ്പോസ്തലന്മാർ മാത്രമാണോ ഉണ്ടായിരുന്നത്? ആ ദൂതൻ സ്ത്രീകളോടു പറഞ്ഞത് എന്താണെന്ന് ഓർത്തുനോക്കൂ: “(ഗലീലയിൽവെച്ച്) നിങ്ങൾക്കു യേശുവിനെ കാണാം.” അതുകൊണ്ട് വിശ്വസ്തരായ സ്ത്രീകളും അവിടെയുണ്ടായിരുന്നിരിക്കണം. ഇനി വേറൊരു തെളിവ് നോക്കാം. യേശു “ഒരു അവസരത്തിൽ 500-ലധികം സഹോദരങ്ങളുടെ മുന്നിൽ പ്രത്യക്ഷനായി” എന്ന് അപ്പോസ്തലനായ പൗലോസ് പറയുന്നു. (5. 1 കൊരിന്ത്യർ 15:6-ൽനിന്ന് നമുക്ക് എന്തു മനസ്സിലാക്കാം?
5 ഇതു പറഞ്ഞപ്പോൾ പൗലോസിന്റെ മനസ്സിലുണ്ടായിരുന്നത്, ഗലീലയിലെ മലയിൽവെച്ച് യേശു നടത്തിയ ആ മീറ്റിങ്ങായിരുന്നു എന്നു വിശ്വസിക്കാൻ കാരണങ്ങളുണ്ട്. എന്തൊക്കെ കാരണങ്ങൾ? ഒന്നാമത്തേത്, യേശുവിന്റെ ശിഷ്യന്മാരിൽ പലരും ഗലീലക്കാരായിരുന്നു. അതുകൊണ്ട് ഒരു വലിയ കൂട്ടം സഹോദരങ്ങൾക്കു യേശു പ്രത്യക്ഷനായി എന്നു പറയുമ്പോൾ അത്, യരുശലേമിലെ ഒരു വീട്ടിൽവെച്ചല്ല, പകരം ഗലീലയിലെ ഒരു മലയിൽവെച്ചായിരിക്കാനാണു സാധ്യത. രണ്ടാമത്തേത്, പുനരുത്ഥാനപ്പെട്ട യേശു അതിനോടകംതന്നെ 11 അപ്പോസ്തലന്മാരെ യരുശലേമിലെ ഒരു വീട്ടിൽവെച്ച് കണ്ട് സംസാരിച്ചതാണ്. പ്രസംഗിക്കാനും ശിഷ്യരാക്കാനും ഉള്ള കല്പന അപ്പോസ്തലന്മാരെ ഉദ്ദേശിച്ച് മാത്രമായിരുന്നെങ്കിൽ, അത് ആ വീട്ടിൽവെച്ചുതന്നെ കൊടുക്കാമായിരുന്നു. അപ്പോസ്തലന്മാരും സ്ത്രീകളും മറ്റുള്ളവരും ഗലീലയിലേക്കു വരാൻ പറയേണ്ട കാര്യമില്ലായിരുന്നു.—ലൂക്കോ. 24:33, 36.
6. ശിഷ്യരാക്കാനുള്ള കല്പന ഇന്നും ബാധകമാണെന്നു മത്തായി 28:20 കാണിക്കുന്നത് എങ്ങനെ, ക്രിസ്തുശിഷ്യർ എത്ര ഉത്സാഹത്തോടെയാണ് ഈ കല്പന അനുസരിക്കുന്നത്?
6 തന്റെ എല്ലാ ശിഷ്യന്മാരും പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടാൻ യേശു പ്രതീക്ഷിക്കുന്നുണ്ട് എന്നതിന്റെ മറ്റൊരു തെളിവ് നോക്കാം. യേശു തന്റെ വാക്കുകൾ അവസാനിപ്പിച്ചത് ഇങ്ങനെ പറഞ്ഞുകൊണ്ടാണ്: “വ്യവസ്ഥിതിയുടെ അവസാനകാലംവരെ എന്നും ഞാൻ നിങ്ങളുടെകൂടെയുണ്ട്.” (മത്താ. 28:20) അതുകൊണ്ട് ശിഷ്യരാക്കാനുള്ള യേശുവിന്റെ കല്പന ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളെ ഉദ്ദേശിച്ച് മാത്രമായിരുന്നില്ല. യേശു പറഞ്ഞതുപോലെതന്നെ, യേശു ഇന്നും നമ്മുടെകൂടെയുണ്ട്. ശിഷ്യരാക്കൽവേല ഇപ്പോൾ ഊർജിതമായി നടക്കുകയാണ്. ഏകദേശം മൂന്നു ലക്ഷം ആളുകളാണ് ഓരോ വർഷവും യഹോവയുടെ സാക്ഷികളായി സ്നാനമേൽക്കുകയും ക്രിസ്തുവിന്റെ ശിഷ്യരാകുകയും ചെയ്യുന്നത്.
7. നമ്മൾ എന്താണു പഠിക്കാൻപോകുന്നത്, എന്തുകൊണ്ട്?
7 ബൈബിൾ പഠിക്കുന്ന പലരും സ്നാനം എന്ന പടിയിലേക്കു പുരോഗമിക്കാറുണ്ട്. എന്നാൽ കുറെ നാളായി ബൈബിൾ പഠിക്കുന്ന ചിലർ ക്രിസ്തുശിഷ്യരാകാൻ മടി കാണിക്കുന്നു. അവർ ബൈബിൾപഠനം ഇഷ്ടപ്പെടുന്നുണ്ട്, എന്നാൽ വേണ്ടത്ര പുരോഗതി വരുത്തി സ്നാനമെന്ന പടിയിലേക്ക് എത്തുന്നില്ല. നിങ്ങൾ ഒരു ബൈബിൾപഠനം നടത്തുന്നുണ്ടെങ്കിൽ, വിദ്യാർഥി പഠിക്കുന്ന കാര്യങ്ങൾ ബാധകമാക്കാനും ക്രിസ്തുവിന്റെ ഒരു ശിഷ്യനായിത്തീരാനും നിങ്ങൾക്ക് ഉറപ്പായും ആഗ്രഹമുണ്ടാകും. യഹോവയെ സ്നേഹിക്കാനും ആത്മീയപുരോഗതി വരുത്താനും ബൈബിൾവിദ്യാർഥിയെ നമുക്ക് എങ്ങനെ സഹായിക്കാമെന്ന് ഈ ലേഖനത്തിൽ ചർച്ച ചെയ്യും. എന്തുകൊണ്ടാണ് ഈ വിഷയം പ്രധാനമായിരിക്കുന്നത്? കാരണം ചിലപ്പോൾ ഒരു ബൈബിൾപഠനം തുടരണോ വേണ്ടയോ എന്നു നമുക്കു തീരുമാനിക്കേണ്ടിവന്നേക്കാം.
യഹോവയെ സ്നേഹിക്കാൻ വിദ്യാർഥിയെ സഹായിക്കുക
8. യഹോവയെ സ്നേഹിക്കാൻ ചില വിദ്യാർഥികളെ സഹായിക്കുന്നതു ബുദ്ധിമുട്ടായേക്കാവുന്നത് എന്തുകൊണ്ട്?
8 തന്നോടുള്ള സ്നേഹംകൊണ്ട് ആളുകൾ തന്നെ സേവിക്കാനാണ് യഹോവ ആഗ്രഹിക്കുന്നത്. യഹോവ ഓരോ വ്യക്തിയെക്കുറിച്ചും ആഴത്തിൽ ചിന്തിക്കുകയും അവരെ വളരെയധികം സ്നേഹിക്കുകയും ചെയ്യുന്നെന്നു മനസ്സിലാക്കാൻ വിദ്യാർഥിയെ സഹായിക്കുക എന്നതാണു നമ്മുടെ ലക്ഷ്യം. യഹോവയെ ‘പിതാവില്ലാത്തവർക്കു പിതാവായും വിധവമാരുടെ സംരക്ഷകനായും’ കാണാൻ വിദ്യാർഥിയെ സഹായിക്കുന്നതിനു നമ്മൾ ആഗ്രഹിക്കുന്നു. (സങ്കീ. 68:5) യഹോവയ്ക്കു തങ്ങളോടുള്ള സ്നേഹം കാണാൻ തുടങ്ങുമ്പോൾ, അത് അവരുടെ ഹൃദയത്തെ സ്വാധീനിക്കും, അവരുടെ ഉള്ളിൽ യഹോവയോടുള്ള സ്നേഹം വളരും. ചില വിദ്യാർഥികൾക്ക് യഹോവയെ സ്നേഹമുള്ള ഒരു പിതാവായി കാണാൻ ബുദ്ധിമുട്ടു തോന്നുന്നു, കാരണം അവരുടെ പിതാവ് ഒരിക്കലും അവരോടു സ്നേഹമോ വാത്സല്യമോ കാണിച്ചിട്ടില്ല. (2 തിമൊ. 3:1, 3) അതുകൊണ്ട് ബൈബിൾപഠനം നടത്തുമ്പോൾ യഹോവയുടെ ആകർഷകമായ ഗുണങ്ങളിലേക്കു വിദ്യാർഥിയുടെ ശ്രദ്ധ തിരിക്കുക. അവർ നിത്യജീവൻ നേടാനാണു സ്നേഹവാനായ ദൈവം ആഗ്രഹിക്കുന്നതെന്നു മനസ്സിലാക്കാൻ വിദ്യാർഥികളെ സഹായിക്കുക. ആ ലക്ഷ്യത്തിൽ എത്താൻ ദൈവം അവരെ സഹായിക്കുമെന്ന് ഉറപ്പു കൊടുക്കുക. മറ്റ് എന്തു ചെയ്യാനാകും?
9-10. ബൈബിൾപഠനം നടത്താൻ ഏതെല്ലാം പുസ്തകങ്ങൾ നമ്മൾ ഉപയോഗിക്കണം, ആ പുസ്തകങ്ങൾതന്നെ ഉപയോഗിക്കേണ്ടത് എന്തുകൊണ്ട്?
9 “ബൈബിൾ എന്താണ് പഠിപ്പിക്കുന്നത്?,” “ദൈവസ്നേഹത്തിൽ എങ്ങനെ നിലനിൽക്കാം?” എന്നീ പുസ്തകങ്ങൾ ഉപയോഗിക്കുക. നമ്മൾ കണ്ടതുപോലെ, യഹോവയെ സ്നേഹിക്കാൻ വിദ്യാർഥികളെ പ്രചോദിപ്പിക്കുക എന്നതാണല്ലോ നമ്മുടെ ലക്ഷ്യം. അതിനു നമ്മളെ സഹായിക്കുന്ന രീതിയിലാണ് ഈ പുസ്തകങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. ഉദാഹരണത്തിന്, പഠിപ്പിക്കുന്നു പുസ്തകത്തിന്റെ ഒന്നാം അധ്യായത്തിൽ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമുണ്ട്: ദൈവം നമ്മളെക്കുറിച്ച് ചിന്തയുള്ളവനോ അതോ ക്രൂരനോ?, മനുഷ്യർ കഷ്ടപ്പെടുമ്പോൾ ദൈവത്തിന് എന്തു തോന്നുന്നു?, നിങ്ങൾക്ക് യഹോവയുടെ സ്നേഹിതനാകാൻ കഴിയുമോ? ഇനി, ദൈവസ്നേഹത്തിൽ നിലനിൽക്കുക പുസ്തകത്തെക്കുറിച്ചോ? ബൈബിൾതത്ത്വങ്ങൾ ബാധകമാക്കുന്നതു ജീവിതം മെച്ചപ്പെടുത്തുമെന്നും യഹോവയോട് അടുക്കാൻ സഹായിക്കുമെന്നും മനസ്സിലാക്കാൻ ഈ പുസ്തകം സഹായിക്കും. ഈ പുസ്തകങ്ങൾ ഉപയോഗിച്ച് മുമ്പ് നിങ്ങൾ പലരെയും പഠിപ്പിച്ചിട്ടുണ്ടാകും. എങ്കിലും ഓരോ വിദ്യാർഥിയുടെയും ആവശ്യങ്ങൾ മനസ്സിൽക്കണ്ട് ഓരോ തവണയും നന്നായി തയ്യാറാകുക.
10 പഠിപ്പിക്കാനുള്ള ഉപകരണങ്ങൾ എന്ന ഭാഗത്ത് ഇല്ലാത്ത ഒരു പ്രസിദ്ധീകരണത്തിലെ വിഷയത്തെക്കുറിച്ച് വിദ്യാർഥി ചോദിക്കുന്നെന്നു കരുതുക. ആ പ്രസിദ്ധീകരണം സ്വന്തമായി വായിക്കാൻ വിദ്യാർഥിയോടു പറയാം. അങ്ങനെ നമ്മൾ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന പുസ്തകങ്ങൾതന്നെ ഉപയോഗിച്ച് ബൈബിൾപഠനം തുടരാൻ നമുക്കാകും.
11. എപ്പോൾ മുതൽ നമുക്കു ബൈബിൾപഠനം പ്രാർഥനയോടെ തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്യാം, നമുക്കു പ്രാർഥന എന്ന വിഷയം എങ്ങനെ അവതരിപ്പിക്കാം?
11 പ്രാർഥനയോടെ ബൈബിൾപഠനം ആരംഭിക്കുക. ഒരാളുമായി ബൈബിൾപഠനം തുടങ്ങിയാൽ എത്രയും നേരത്തേ, എന്നു പറഞ്ഞാൽ ക്രമമായി പഠനം തുടങ്ങി ഏതാനും ആഴ്ചകൾക്കുള്ളിൽത്തന്നെ, പ്രാർഥനയോടെ പഠനം തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്യുക. ദൈവാത്മാവിന്റെ സഹായമുണ്ടെങ്കിൽ മാത്രമേ ദൈവത്തിന്റെ വചനം ഗ്രഹിക്കാൻ കഴിയൂ എന്നു മനസ്സിലാക്കാൻ വിദ്യാർഥിയെ നമ്മൾ സഹായിക്കണം. ചില സഹോദരങ്ങൾ യാക്കോബ് 1:5 ഉപയോഗിച്ചുകൊണ്ട് പ്രാർഥന എന്ന വിഷയത്തിലേക്കു കടക്കും. അവിടെ പറയുന്നത് “നിങ്ങളിൽ ആർക്കെങ്കിലും ജ്ഞാനം കുറവാണെങ്കിൽ അയാൾ ദൈവത്തോടു ചോദിച്ചുകൊണ്ടിരിക്കട്ടെ” എന്നാണ്. എന്നിട്ട് വിദ്യാർഥിയോടു ചോദിക്കും: ‘നമുക്ക് എങ്ങനെയാണു ജ്ഞാനത്തിനായി ദൈവത്തോടു ചോദിക്കാൻ പറ്റുന്നത്?’ ദൈവത്തോടു പ്രാർഥിക്കേണ്ടതുണ്ടെന്നു വിദ്യാർഥിതന്നെ സമ്മതിച്ചേക്കും.
12. യഹോവയോടു ഹൃദയം തുറന്ന് സംസാരിക്കാൻ വിദ്യാർഥിയെ സഹായിക്കുന്നതിനു സങ്കീർത്തനം 139:2-4 നമുക്ക് എങ്ങനെ ഉപയോഗിക്കാം?
12 എങ്ങനെ പ്രാർഥിക്കാമെന്നു പഠിപ്പിക്കുക. വിദ്യാർഥിയുടെ ആത്മാർഥമായ പ്രാർഥനകൾ കേൾക്കാൻ യഹോവ ആഗ്രഹിക്കുന്നെന്ന് ഉറപ്പു കൊടുക്കുക. വ്യക്തിപരമായ പ്രാർഥനയിൽ യഹോവയോടു ഹൃദയം തുറന്ന് സംസാരിക്കാനും മറ്റുള്ളവരോടു പറയാൻ മടിക്കുന്ന കാര്യങ്ങൾപോലും പറയാനും കഴിയുമെന്നു വിദ്യാർഥിയെ ഓർമിപ്പിക്കുക. യഹോവയ്ക്കു നമ്മുടെ ഉള്ളിന്റെ ഉള്ളിലെ ചിന്തകൾപോലും അറിയാവുന്നതുകൊണ്ട് ഒരു മടിയും തോന്നേണ്ട കാര്യമില്ലെന്നു പറഞ്ഞുകൊടുക്കുക. (സങ്കീർത്തനം 139:2-4 വായിക്കുക.) തെറ്റായ ചിന്തകൾക്കു മാറ്റം വരുത്താനും മോശം ശീലങ്ങൾ മറികടക്കാനും യഹോവയുടെ സഹായം ചോദിക്കാൻ വിദ്യാർഥിയെ പ്രോത്സാഹിപ്പിക്കുക. ചിലപ്പോൾ കുറച്ച് കാലമായി നമ്മുടെകൂടെ ബൈബിൾ പഠിക്കുന്ന ഒരു വിദ്യാർഥി, ക്രിസ്തീയമല്ലാത്ത ചില വിശേഷദിവസങ്ങൾ പ്രിയപ്പെടുന്നുണ്ടാകും. അതു തെറ്റാണെന്ന് ആ വ്യക്തിക്ക് അറിയാം, എങ്കിലും അതിലെ ചില കാര്യങ്ങൾ അദ്ദേഹത്തിനു വളരെ ഇഷ്ടമായിരിക്കും. ഈ കാര്യത്തെക്കുറിച്ച് തനിക്ക് എന്താണു തോന്നുന്നതെന്ന് യഹോവയോടു തുറന്നുപറയാൻ വിദ്യാർഥിയെ പ്രോത്സാഹിപ്പിക്കുക. യഹോവ സ്നേഹിക്കുന്നതിനെ മാത്രം സ്നേഹിക്കാൻ കഴിയണേ എന്നു പ്രാർഥിക്കുന്നെങ്കിൽ യഹോവ സഹായിക്കുമെന്ന് ഉറപ്പു കൊടുക്കുക.—സങ്കീ. 97:10.
13. (എ) യോഗങ്ങൾക്കു വരാൻ എത്രയും പെട്ടെന്ന് ബൈബിൾവിദ്യാർഥികളെ ക്ഷണിക്കേണ്ടത് എന്തുകൊണ്ട്? (ബി) യോഗങ്ങൾക്കു വരുമ്പോൾ വിദ്യാർഥിക്ക് അപരിചിതത്വം തോന്നാതിരിക്കാൻ നമുക്ക് എന്തു ചെയ്യാനാകും?
13 സഭായോഗങ്ങൾക്കു വരാൻ എത്രയും പെട്ടെന്ന് ബൈബിൾവിദ്യാർഥികളെ ക്ഷണിക്കുക. ക്രിസ്തീയയോഗങ്ങളിൽ കാണുകയും കേൾക്കുകയും ചെയ്യുന്ന കാര്യങ്ങൾ യഹോവയെ സേവിക്കുന്നതിന് അവരെ പ്രേരിപ്പിക്കും, പുരോഗതി വരുത്താൻ അവരെ സഹായിക്കും. രാജ്യഹാളിൽ എന്താണ് നടക്കുന്നത്? എന്ന വീഡിയോ വിദ്യാർഥിയെ കാണിക്കുക. എന്നിട്ട് നിങ്ങളുടെകൂടെ മീറ്റിങ്ങിനു വരാൻ ക്ഷണിക്കുക. കഴിയുമെങ്കിൽ, കൂട്ടിക്കൊണ്ടുപോകാമെന്നു പറയുക. ബൈബിൾപഠനത്തിനു പോകുമ്പോൾ നിങ്ങളോടൊപ്പം പല സഹോദരങ്ങളെ മാറിമാറി കൊണ്ടുപോകുന്നതു നല്ലതാണ്. അങ്ങനെ വിദ്യാർഥിക്കു സഭയിലെ പലരെയും പരിചയപ്പെടാൻ സാധിക്കും. അപ്പോൾ യോഗങ്ങൾക്കു വരുമ്പോൾ ഒട്ടും അപരിചിതത്വം തോന്നാൻ ഇടയാകില്ല.
ആത്മീയപുരോഗതി വരുത്താൻ വിദ്യാർഥിയെ സഹായിക്കുക
14. ആത്മീയപുരോഗതി വരുത്താൻ വിദ്യാർഥിയെ എന്തു പ്രേരിപ്പിക്കും?
14 ആത്മീയമായി വളരാൻ വിദ്യാർഥിയെ സഹായിക്കുക എന്നതാണു നമ്മുടെ ലക്ഷ്യം. (എഫെ. 4:13) ഒരു വ്യക്തി നമ്മുടെകൂടെ ബൈബിൾ പഠിക്കാൻ സമ്മതിക്കുമ്പോൾ, അതു തനിക്ക് എങ്ങനെ പ്രയോജനം ചെയ്യും എന്നായിരിക്കും പ്രധാനമായും അദ്ദേഹം ചിന്തിക്കുക. എന്നാൽ യഹോവയോടുള്ള സ്നേഹം വളരുമ്പോൾ, സഭയിലുള്ളവർ ഉൾപ്പെടെ മറ്റുള്ളവരെ എങ്ങനെ സഹായിക്കാമെന്ന് ആ വ്യക്തി ചിന്തിച്ചുതുടങ്ങും. (മത്താ. 22:37-39) ദൈവരാജ്യത്തിന്റെ പ്രവർത്തനങ്ങളെ സാമ്പത്തികമായി പിന്തുണയ്ക്കാനുള്ള അവസരമുണ്ട് എന്ന കാര്യം ഉചിതമായ സമയത്ത് വിദ്യാർഥികളോടു പറയാൻ മടിക്കരുത്.
15. പ്രശ്നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാമെന്നു മനസ്സിലാക്കാൻ വിദ്യാർഥിയെ നമുക്ക് എങ്ങനെ സഹായിക്കാം?
15 പ്രശ്നങ്ങളുണ്ടാകുമ്പോൾ എന്തു ചെയ്യണമെന്നു വിദ്യാർഥിയെ പഠിപ്പിക്കുക. ഉദാഹരണത്തിന് ഇങ്ങനെയൊരു സാഹചര്യം ചിന്തിക്കുക: നിങ്ങളുടെ വിദ്യാർഥി സ്നാനമേറ്റിട്ടില്ലാത്ത ഒരു പ്രചാരകനാണ്. സഭയിലെ ഒരാൾ തന്നെ വേദനിപ്പിച്ചതായി ഇപ്പോൾ ആ വിദ്യാർഥി നിങ്ങളോടു പറയുന്നു. നിങ്ങൾ എന്തു ചെയ്യും? ആരുടെയെങ്കിലും പക്ഷം പിടിക്കുന്നതിനു പകരം തിരുവെഴുത്തുപരമായി എന്തു ചെയ്യാൻ പറ്റുമെന്നു വിദ്യാർഥിക്കു പറഞ്ഞുകൊടുക്കുക. ഒരുപക്ഷേ അദ്ദേഹത്തിനു സഹോദരനോടു ക്ഷമിക്കാൻ കഴിഞ്ഞേക്കും. ക്ഷമിക്കാൻ പറ്റുന്നില്ലെങ്കിൽ, സഹോദരനുമായി സമാധാനം സ്ഥാപിക്കുക എന്ന ലക്ഷ്യത്തിൽ ദയയോടും സ്നേഹത്തോടും കൂടെ നേരിട്ട് സംസാരിക്കാൻ പ്രോത്സാഹിപ്പിക്കുക. (മത്തായി 18:15 താരതമ്യം ചെയ്യുക.) അപ്പോൾ എന്താണു പറയേണ്ടതെന്നു തയ്യാറാകാൻ വിദ്യാർഥിയെ സഹായിക്കുക. ഈ സാഹചര്യം കൈകാര്യം ചെയ്യുന്നതിനുള്ള പ്രായോഗികമായ നിർദേശങ്ങൾ JW ലൈബ്രറിയും യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായിയും jw.org® വെബ്സൈറ്റും ഉപയോഗിച്ച് എങ്ങനെ കണ്ടെത്താമെന്നു കാണിച്ചുകൊടുക്കുക. സ്നാനമേൽക്കുന്നതിനു മുമ്പ് നല്ല പരിശീലനം ലഭിക്കുകയാണെങ്കിൽ ഭാവിയിൽ സഹോദരങ്ങളുമായി ഒത്തുപോകുന്നത് അദ്ദേഹത്തിന് എളുപ്പമായിരിക്കും.
16. ബൈബിൾപഠനത്തിനു മറ്റുള്ളവരെ കൂടെ കൊണ്ടുപോകുന്നതിന്റെ പ്രയോജനങ്ങൾ എന്തെല്ലാമാണ്?
16 ബൈബിൾപഠനത്തിനു സഭയിലെ മറ്റുള്ളവരെയും സന്ദർശനവാരത്തിൽ സർക്കിട്ട് മേൽവിചാരകനെയും കൂടെ കൊണ്ടുപോകുക. എന്തുകൊണ്ട്? മറ്റുള്ളവരെ കൂടെ കൊണ്ടുപോകാൻ, മുമ്പ് പറഞ്ഞവ കൂടാതെ വേറെയും കാരണങ്ങളുണ്ട്. ചില കാര്യങ്ങളിൽ നിങ്ങളെക്കാൾ മെച്ചമായി മറ്റു പ്രചാരകർക്കു വിദ്യാർഥിയെ സഹായിക്കാൻ കഴിഞ്ഞേക്കും. ഉദാഹരണത്തിന്, നിങ്ങളുടെ ബൈബിൾവിദ്യാർഥി പുകവലി നിറുത്താൻ പല പ്രാവശ്യം ശ്രമിച്ച് പരാജയപ്പെട്ടെന്നു കരുതുക. ഈ ശീലം മറികടന്ന ഒരു സഹോദരനെ നിങ്ങൾക്കു കൂടെ കൊണ്ടുപോകാനാകും. പല തവണ ശ്രമിച്ച് ഒടുവിൽ വിജയിച്ച ഒരാളാണെങ്കിൽ ഏറെ നല്ലത്. നിങ്ങളുടെ വിദ്യാർഥിക്കു വേണ്ട ചില പ്രായോഗിക നിർദേശങ്ങൾ നൽകാൻ ആ സഹോദരനു കഴിഞ്ഞേക്കും. അനുഭവസമ്പന്നനായ ഒരു സഹോദരനോ സഹോദരിയോ കൂടെയുള്ളപ്പോൾ ബൈബിൾപഠനം നടത്താൻ നിങ്ങൾക്കു പേടി തോന്നുന്നെങ്കിൽ, ആ സഹോദരനോടു ബൈബിൾപഠനം നടത്താൻ പറയാവുന്നതാണ്. എന്തുതന്നെയായാലും, പരിചയസമ്പന്നരായ സഹോദരങ്ങളുടെ അനുഭവത്തിൽനിന്ന് പ്രയോജനം നേടുക. ഓർക്കുക, ബൈബിൾവിദ്യാർഥിയെ ആത്മീയമായി വളരാൻ സഹായിക്കുക എന്നതാണു നമ്മുടെ ലക്ഷ്യം.
ഞാൻ ഈ ബൈബിൾപഠനം തുടരണോ?
17-18. ഒരു ബൈബിൾപഠനം തുടരണോ വേണ്ടയോ എന്നു തീരുമാനിക്കുമ്പോൾ നമ്മൾ ഏതൊക്കെ കാര്യങ്ങൾ ചിന്തിക്കണം?
17 ബൈബിൾവിദ്യാർഥി പഠിക്കുന്നതനുസരിച്ച് ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുന്നില്ലെങ്കിൽ, ‘ഈ പഠനം ഇനി തുടരണോ?’ എന്നു നിങ്ങൾ എപ്പോഴെങ്കിലും സ്വയം ചോദിച്ചേക്കാം. തീരുമാനം എടുക്കുന്നതിനു മുമ്പ്, വിദ്യാർഥിയുടെ കഴിവുകൾ പരിഗണിക്കണം. ചിലർക്കു പുരോഗമിക്കാൻ കൂടുതൽ സമയം ആവശ്യമായിരിക്കാം. അതുകൊണ്ട് ചിന്തിക്കുക: ‘എന്റെ വിദ്യാർഥി അദ്ദേഹത്തിന്റെ കഴിവനുസരിച്ച് ന്യായമായ പുരോഗതി വരുത്തുന്നുണ്ടോ?’ ‘അദ്ദേഹം പഠിക്കുന്ന കാര്യങ്ങൾ “അനുസരിക്കാൻ” തുടങ്ങിയിട്ടുണ്ടോ?’ (മത്താ. 28:20) ഒരു വിദ്യാർഥി പുരോഗതി വരുത്തുന്നതു പതുക്കെയായിരിക്കാം, പക്ഷേ പതുക്കെയാണെങ്കിലും അദ്ദേഹം ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുന്നുണ്ടായിരിക്കണം.
18 കുറച്ച് നാളായി നിങ്ങളോടൊപ്പം ബൈബിൾ പഠിക്കുന്ന ഒരാൾക്കു പഠിക്കുന്ന കാര്യങ്ങളോടു വിലമതിപ്പില്ലെന്നു തോന്നുന്നെങ്കിലോ? ഈ സാഹചര്യം സങ്കൽപ്പിക്കുക: നിങ്ങളുടെ വിദ്യാർഥി പഠിപ്പിക്കുന്നു പുസ്തകം പഠിച്ചു. ഒരുപക്ഷേ ദൈവസ്നേഹത്തിൽ നിലനിൽക്കുക പുസ്തകം പഠിച്ചുതുടങ്ങിയിട്ടുമുണ്ടാകും. എന്നിട്ടും ഇതേവരെ ഒരു യോഗത്തിനും വന്നിട്ടില്ല, സ്മാരകത്തിനുപോലും വന്നിട്ടില്ല! മാത്രമല്ല, നിസ്സാരകാരണങ്ങളുടെ പേരിൽ കൂടെക്കൂടെ പഠനം മുടക്കാറുമുണ്ട്. അത്തരം ഒരു സാഹചര്യത്തിൽ, വിദ്യാർഥിയോടു കാര്യങ്ങൾ തുറന്ന് സംസാരിക്കണം.19. പഠിക്കുന്ന കാര്യങ്ങളോടു വിലമതിപ്പു കാണിക്കാത്ത ഒരാളോടു നിങ്ങൾക്ക് എന്തു ചോദിക്കാം, അവരുടെ മറുപടി നിങ്ങളെ എന്തിനു സഹായിക്കും?
19 ‘ഒരു യഹോവയുടെ സാക്ഷിയാകാൻ നിങ്ങൾക്ക് ഏറ്റവും വലിയ തടസ്സമായി തോന്നുന്നത് എന്താണ്’ എന്നു ചോദിച്ചുകൊണ്ട് നിങ്ങൾക്കു തുടങ്ങാം. ‘ബൈബിൾ പഠിക്കുന്നത് എനിക്ക് ഇഷ്ടമാണ്, പക്ഷേ ഞാൻ ഒരിക്കലും ഒരു യഹോവയുടെ സാക്ഷിയാകില്ല’ എന്നു വിദ്യാർഥി പറഞ്ഞേക്കാം. ഇത്രയും കാലം ബൈബിൾ പഠിച്ചിട്ടും അദ്ദേഹത്തിന്റെ മനോഭാവം ഇതാണെങ്കിൽ, ആ പഠനം തുടരുന്നതിൽ അർഥമുണ്ടോ? എന്നാൽ മറ്റു ചില വിദ്യാർഥികൾ തങ്ങളെ തടയുന്ന കാര്യം എന്താണെന്നു നിങ്ങളോട് ആദ്യമായി തുറന്നുപറഞ്ഞേക്കാം. ഉദാഹരണത്തിന്, വീടുതോറും പോയി പ്രസംഗിക്കാനുള്ള കഴിവില്ലെന്ന് അവർക്കു തോന്നുന്നുണ്ടാകും. വിദ്യാർഥിയുടെ ചിന്തകൾ മനസ്സിലാക്കുന്നതുവഴി കൂടുതൽ മെച്ചമായി അദ്ദേഹത്തെ സഹായിക്കാൻ നമുക്കാകും.
20. ഒരു ബൈബിൾപഠനം തുടരണോ വേണ്ടയോ എന്നു തീരുമാനിക്കാൻ പ്രവൃത്തികൾ 13:48 നമ്മളെ എങ്ങനെ സഹായിക്കും?
20 സങ്കടകരമെന്നു പറയട്ടെ, ചില ബൈബിൾവിദ്യാർഥികൾ യഹസ്കേലിന്റെ കാലത്തെ ഇസ്രായേല്യരെപ്പോലെയാണ്. അവരെക്കുറിച്ച് യഹോവ യഹസ്കേലിനോട് ഇങ്ങനെ പറഞ്ഞു: “ഇതാ, നീ അവർക്ക് ഒരു പ്രേമഗാനംപോലെയാണ്; ഹൃദ്യമായി തന്ത്രിവാദ്യം മീട്ടി മധുരസ്വരത്തിൽ പാടുന്ന ഒരു പ്രേമഗാനംപോലെ. അവർ നിന്റെ വാക്കുകൾ കേൾക്കും. പക്ഷേ, ആരും അതനുസരിച്ച് പ്രവർത്തിക്കില്ല.” (യഹ. 33:32) ബൈബിൾപഠനം നിറുത്തുകയാണെന്നു വിദ്യാർഥിയോടു പറയാൻ നമുക്കു ബുദ്ധിമുട്ടു തോന്നിയേക്കാം. പക്ഷേ ഓർക്കുക, “ഇനി വളരെ കുറച്ച് സമയമേ ബാക്കിയുള്ളൂ.” (1 കൊരി. 7:29) പുരോഗമിക്കാത്ത ബൈബിൾപഠനങ്ങൾ നടത്തി സമയം പാഴാക്കുന്നതിനു പകരം, ‘നിത്യജീവനു യോഗ്യരാക്കുന്ന തരം മനോഭാവമുള്ളവരെ’ അന്വേഷിച്ച് കണ്ടുപിടിക്കുകയാണു നമ്മൾ ചെയ്യേണ്ടത്.—പ്രവൃത്തികൾ 13:48 വായിക്കുക.
21. എന്താണു 2020-ലെ നമ്മുടെ വാർഷികവാക്യം, അതു നമ്മളെ എന്തു ചെയ്യാൻ സഹായിക്കും?
21 ശിഷ്യരാക്കൽവേലയിൽ നമുക്ക് എങ്ങനെ മെച്ചപ്പെടാൻ കഴിയുമെന്നു ചിന്തിക്കാൻ 2020-ലെ വാർഷികവാക്യം ഈ വർഷം മുഴുവൻ നമ്മളെ സഹായിക്കും. യേശു ഗലീലയിലെ മലയിൽവെച്ച് നടത്തിയ നിർണായകമായ ആ യോഗത്തിലെ ചില വാക്കുകളാണു ‘നിങ്ങൾ പോയി ആളുകളെ ശിഷ്യരാക്കുകയും അവരെ സ്നാനപ്പെടുത്തുകയും വേണം’ എന്നത്. ഇതാണു നമ്മുടെ വാർഷികവാക്യം.—മത്താ. 28:19.
ഗീതം 70 അർഹതയുള്ളവരെ അന്വേഷിക്കുക
^ ഖ. 5 2020-ലെ നമ്മുടെ വാർഷികവാക്യം ‘ആളുകളെ ശിഷ്യരാക്കാൻ’ നമ്മളെ പ്രോത്സാഹിപ്പിക്കുന്നതാണ്. ഈ കല്പന യഹോവയുടെ എല്ലാ ദാസരും അനുസരിക്കണം. ക്രിസ്തുശിഷ്യരാകാൻ ബൈബിൾവിദ്യാർഥികളെ നമുക്ക് എങ്ങനെ പ്രചോദിപ്പിക്കാം? യഹോവയോടു കൂടുതൽ അടുത്തുചെല്ലാൻ ബൈബിൾവിദ്യാർഥികളെ എങ്ങനെ സഹായിക്കാമെന്ന് ഈ ലേഖനം ചർച്ച ചെയ്യും. ഒരു ബൈബിൾപഠനം തുടരണോ വേണ്ടയോ എന്ന് എങ്ങനെ തീരുമാനിക്കാമെന്നും നമ്മൾ പഠിക്കും.
^ ഖ. 18 JW പ്രക്ഷേപണത്തിലെ പുരോഗമിക്കാത്ത ബൈബിൾപഠനങ്ങൾ നിറുത്തുക എന്ന വീഡിയോ കാണുക.