പഠനലേഖനം 29
“ബലഹീനനായിരിക്കുമ്പോൾത്തന്നെ ഞാൻ ശക്തനുമാണ്”
“ക്രിസ്തുവിനുവേണ്ടി ബലഹീനതകൾ, പരിഹാസങ്ങൾ, ഞെരുക്കമുള്ള സാഹചര്യങ്ങൾ, ഉപദ്രവങ്ങൾ, ബുദ്ധിമുട്ടുകൾ എന്നിവ സഹിക്കുന്നതിൽ എനിക്കു സന്തോഷമേ ഉള്ളൂ.”—2 കൊരി. 12:10.
ഗീതം 38 ദൈവം നിന്നെ ബലപ്പെടുത്തും
പൂർവാവലോകനം *
1. പൗലോസ് തന്നെപ്പറ്റി എന്താണു സമ്മതിച്ചുപറഞ്ഞത്?
ചില അവസരങ്ങളിൽ താൻ ബലഹീനനാണെന്നു തോന്നിയിട്ടുണ്ടെന്നു പൗലോസ് സമ്മതിച്ചുപറഞ്ഞു. തന്റെ ശരീരം ‘ക്ഷയിക്കുകയാണെന്നും’ ശരി ചെയ്യാൻ ഒരു പോരാട്ടം നടത്തേണ്ടതുണ്ടെന്നും താൻ ആഗ്രഹിക്കുന്നതുപോലെ യഹോവ എപ്പോഴും പ്രാർഥനകൾക്ക് ഉത്തരം തരുന്നില്ലെന്നും പൗലോസ് തുറന്നുപറഞ്ഞു. (2 കൊരി. 4:16; 12:7-9; റോമ. 7:21-23) എതിരാളികൾ തന്നെ ഒരു ദുർബലനായിട്ടാണ് കണ്ടതെന്നും പൗലോസ് തിരിച്ചറിഞ്ഞു. * എന്നാൽ, മറ്റുള്ളവർ തന്നെക്കുറിച്ച് മോശമായ കാര്യങ്ങൾ പറഞ്ഞതുകൊണ്ടോ തന്റെതന്നെ ബലഹീനതകൾകൊണ്ടോ സ്വയം വിലകെട്ടവനാണെന്നു പൗലോസ് ചിന്തിച്ചില്ല.—2 കൊരി. 10:10-12, 17, 18.
2. 2 കൊരിന്ത്യർ 12:9, 10 അനുസരിച്ച് പൗലോസ് ഏതു വിലയേറിയ പാഠം പഠിച്ചു?
2 ദുർബലനാണെന്നു തോന്നുമ്പോഴും ഒരാൾക്കു ശക്തനായിരിക്കാൻ കഴിയും എന്ന വിലയേറിയ പാഠം പൗലോസ് പഠിച്ചു. (2 കൊരിന്ത്യർ 12:9, 10 വായിക്കുക.) “ബലഹീനതയിലാണ് എന്റെ ശക്തി പൂർണമാകുന്നത്” എന്ന് യഹോവ പൗലോസിനോടു പറഞ്ഞു. പൗലോസിനു കുറവുള്ള ശക്തി യഹോവ നികത്തും എന്നാണ് ആ വാക്കുകളുടെ അർഥം. ആദ്യം, എതിരാളികൾ നമ്മളെ പരിഹസിക്കുമ്പോൾ നമ്മൾ വിഷമിക്കേണ്ടതില്ലാത്തതിന്റെ കാരണം നോക്കാം.
‘പരിഹാസങ്ങൾ സഹിക്കുന്നതിൽ സന്തോഷിക്കുക’
3. പരിഹാസം സഹിക്കുന്നതിൽ സന്തോഷിക്കാവുന്നത് എന്തുകൊണ്ട്?
3 ആരും നമ്മളെ പരിഹസിക്കുന്നതു നമുക്ക് ഇഷ്ടമല്ല. എന്നാൽ, എതിരാളികൾ നമ്മളെ പരിഹസിക്കുകയും അവർ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് നമ്മൾ ചിന്തിച്ചുകൊണ്ടിരിക്കുകയും ചെയ്താൽ നമ്മൾ നിരുത്സാഹിതരായേക്കാം. (സുഭാ. 24:10) അങ്ങനെയെങ്കിൽ എതിരാളികളുടെ അധിക്ഷേപവാക്കുകളെ നമ്മൾ എങ്ങനെ കാണണം? പൗലോസിനെപ്പോലെ ‘പരിഹാസങ്ങൾ സഹിക്കുന്നതിൽ സന്തോഷിക്കാൻ’ നമുക്കു കഴിയും. (2 കൊരി. 12:10) എന്തുകൊണ്ട്? കാരണം, പരിഹാസവും എതിർപ്പും ഒക്കെ നമ്മൾ യേശുവിന്റെ യഥാർഥശിഷ്യരാണ് എന്നതിന്റെ തെളിവാണ്. (1 പത്രോ. 4:14) തന്റെ അനുഗാമികൾക്ക് ഉപദ്രവം നേരിടേണ്ടിവരുമെന്നു യേശു പറഞ്ഞു. (യോഹ. 15:18-20) ഒന്നാം നൂറ്റാണ്ടിൽ അങ്ങനെ സംഭവിച്ചു. അന്നു ഗ്രീക്ക് സംസ്കാരത്തിന്റെ സ്വാധീനത്തിലായിരുന്ന ആളുകൾ ക്രിസ്ത്യാനികളെ ബുദ്ധിശൂന്യരും ദുർബലരും ആയി കണക്കാക്കി. ജൂതന്മാരാണെങ്കിൽ പത്രോസിനെയും യോഹന്നാനെയും പോലുള്ള ക്രിസ്ത്യാനികളെ “സാധാരണക്കാരും വലിയ പഠിപ്പില്ലാത്തവരും” ആയാണ് കണ്ടത്. (പ്രവൃ. 4:13) രാഷ്ട്രീയക്കാരുടെ പിൻബലമോ സൈനികശക്തിയോ ഒന്നും ഇല്ലാതിരുന്ന ക്രിസ്ത്യാനികളെ ദുർബലരായിട്ടാണു പൊതുവേ വീക്ഷിച്ചത്. ആളുകൾ അവർക്കു യാതൊരു വിലയും കൊടുത്തിരുന്നില്ല.
4. ആദ്യകാല ക്രിസ്ത്യാനികളെപ്പറ്റി എതിരാളികൾക്കു മോശമായ കാഴ്ചപ്പാടാണ് ഉണ്ടായിരുന്നതെങ്കിലും അവർ എങ്ങനെയാണു പ്രതികരിച്ചത്?
4 എതിരാളികൾ തങ്ങളെ വിലയില്ലാത്തവരായി കണ്ടു എന്നതുകൊണ്ട് ആ ക്രിസ്ത്യാനികൾ പ്രവർത്തനം അവസാനിപ്പിച്ചോ? ഇല്ല. ഉദാഹരണത്തിന്, അപ്പോസ്തലന്മാരായ പത്രോസും യോഹന്നാനും, യേശുവിനെ അനുഗമിക്കുകയും യേശുവിനെക്കുറിച്ച് മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്തതിന്റെ പേരിൽ ഉപദ്രവം സഹിക്കേണ്ടിവന്നത് ഒരു പദവിയായിട്ടാണു കണ്ടത്. (പ്രവൃ. 4:18-21; 5:27-29, 40-42) അല്ലെങ്കിലും ശിഷ്യന്മാർക്കു ലജ്ജ തോന്നാൻ എന്തെങ്കിലും കാരണമുണ്ടായിരുന്നോ? വാസ്തവത്തിൽ, ഒന്നാം നൂറ്റാണ്ടിലെ താഴ്മയുള്ള ആ ക്രിസ്ത്യാനികൾ അവരുടെ എതിരാളികൾ ചെയ്തതിനെക്കാളെല്ലാം വലിയ നന്മയാണു മനുഷ്യവർഗത്തിനു ചെയ്തത്. ഉദാഹരണത്തിന്, ആ ക്രിസ്ത്യാനികളിൽ ചിലർ ദൈവപ്രചോദിതമായി എഴുതിയ പുസ്തകങ്ങൾ ഇപ്പോഴും ദശലക്ഷങ്ങളെ സഹായിക്കുകയും അവർക്കു പ്രത്യാശ പകരുകയും ചെയ്യുന്നു. ഇനി, അവർ ഏതു രാജ്യത്തെക്കുറിച്ചാണോ പ്രസംഗിച്ചത് ആ രാജ്യം ഇപ്പോൾ സ്ഥാപിതമാണ്, അതു പെട്ടെന്നുതന്നെ മനുഷ്യവർഗത്തെ മുഴുവൻ ഭരിക്കുകയും ചെയ്യും. (മത്താ. 24:14) എന്നാൽ, ആ ക്രിസ്ത്യാനികളെ ഉപദ്രവിച്ചിരുന്ന രാഷ്ട്രീയ ശക്തിയോ? അത് ഇന്നില്ല. അതു തകർന്നുപോയി. എന്നാൽ, ആ വിശ്വസ്തരായ ശിഷ്യന്മാർ ഇപ്പോൾ സ്വർഗത്തിൽ രാജാക്കന്മാരാണ്. പക്ഷേ, അവരുടെ എതിരാളികൾ മൺമറഞ്ഞുപോയി. ആ എതിരാളികൾ പുനരുത്ഥാനപ്പെട്ടുവന്നാൽ തങ്ങൾ വെറുത്തിരുന്ന ക്രിസ്ത്യാനികൾ പ്രചരിപ്പിച്ച രാജ്യത്തിന്റെ പ്രജകളായിരിക്കും അവർ.—വെളി. 5:10.
5. യോഹന്നാൻ 15:19 അനുസരിച്ച്, യഹോവയുടെ ജനത്തെ ആളുകൾ പുച്ഛത്തോടെ വീക്ഷിക്കുന്നത് എന്തുകൊണ്ട്?
5 ഇന്നു പലരും യഹോവയുടെ ജനത്തെ പുച്ഛത്തോടെയാണു വീക്ഷിക്കുന്നത്. അവരെ ബുദ്ധിശൂന്യരെന്നും ദുർബലരെന്നും വിളിച്ച് കളിയാക്കുകയും ചെയ്യാറുണ്ട്. എന്തുകൊണ്ട്? പല കാര്യങ്ങളിലും നമ്മൾ അവരോടു യോജിക്കാത്തതാണ് ഇതിന്റെ കാരണം. ഉദാഹരണത്തിന്, താഴ്മയുള്ളവരും ശാന്തരും അനുസരണയുള്ളവരും ആയിരിക്കാനാണു നമ്മൾ ശ്രമിക്കുന്നത്. നേരെ മറിച്ച്, ലോകം അഹങ്കാരവും ധിക്കാരവും മത്സരവും പ്രോത്സാഹിപ്പിക്കുന്നു. മാത്രമല്ല, നമ്മൾ രാഷ്ട്രീയകാര്യങ്ങളിൽ ഉൾപ്പെടുന്നില്ല. ഏതെങ്കിലും രാജ്യത്തിന്റെ സൈന്യത്തിൽ ചേരുന്നുമില്ല. നമ്മൾ ലോകത്തിന്റെ അച്ചിൽ ചേരുന്നവരല്ല അഥവാ നമ്മൾ ലോകത്തിലെ ആളുകളിൽനിന്ന് വ്യത്യസ്തരാണ്. അതുകൊണ്ട് ലോകം നമ്മളെ തരംതാഴ്ന്നവരായിട്ടാണു കാണുന്നത്.—യോഹന്നാൻ 15:19 വായിക്കുക; റോമ. 12:2.
6. ഏതു വലിയ കാര്യങ്ങൾ ചെയ്യാനാണ് യഹോവ തന്റെ ജനത്തെ സഹായിക്കുന്നത്?
6 ലോകം നമ്മളെക്കുറിച്ച് എന്തു ചിന്തിച്ചാലും ശരി, യഹോവ നമ്മളെ ഉപയോഗിച്ച് വലിയവലിയ കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുകയാണ്. മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ പ്രചാരണപരിപാടിയാണ് യഹോവ ഇന്നു നടത്തിക്കൊണ്ടിരിക്കുന്നത്. യഹോവയുടെ ദാസന്മാർ തയ്യാറാക്കുന്ന മാസികകളാണ് ഇന്നു ലോകത്ത് ഏറ്റവും കൂടുതൽ ഭാഷകളിലേക്കു പരിഭാഷപ്പെടുത്തുന്നതും ഏറ്റവും അധികം വിതരണം ചെയ്യുന്നതും. ഈ ദാസന്മാർ ബൈബിൾ ഉപയോഗിച്ച് ദശലക്ഷക്കണക്കിന് ആളുകളെ അവരുടെ ജീവിതം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ബലഹീനരാണെന്നു തോന്നിക്കുന്ന ഒരു കൂട്ടം ആളുകളെ ഉപയോഗിച്ചാണ് യഹോവ ഈ വൻകാര്യങ്ങൾ ചെയ്യുന്നത്. അതിന്റെ മുഴുവൻ ബഹുമതിയും യഹോവയ്ക്കുള്ളതാണ്. ഇനി, നമ്മൾ ഓരോരുത്തരുടെയും കാര്യമോ? നമ്മളെ ശക്തരാക്കാൻ യഹോവയ്ക്കു കഴിയില്ലേ? യഹോവയുടെ സഹായം കിട്ടാൻ നമ്മൾ എന്തു ചെയ്യണം? അപ്പോസ്തലനായ പൗലോസ് വെച്ച മാതൃകയിൽനിന്നും നമുക്കു പഠിക്കാൻ കഴിയുന്ന മൂന്നു കാര്യങ്ങൾ ഇപ്പോൾ നോക്കാം.
സ്വന്തം ശക്തിയിൽ ആശ്രയിക്കരുത്
7. പൗലോസിന്റെ മാതൃകയിൽനിന്നും നമ്മൾ പഠിക്കുന്ന ഒരു പാഠം എന്താണ്?
7 പൗലോസിൽനിന്ന് നമ്മൾ പഠിക്കുന്ന ഒരു പാഠം ഇതാണ്: യഹോവയെ സേവിക്കുമ്പോൾ നിങ്ങൾ സ്വന്തം ശക്തിയിലോ കഴിവുകളിലോ ആശ്രയിക്കരുത്. ലോകത്തിന്റെ വീക്ഷണത്തിൽ അഭിമാനിക്കാൻ ധാരാളം കാര്യങ്ങളുള്ള, മറ്റാരെയും ആശ്രയിക്കേണ്ട ആവശ്യമില്ലാത്ത ഒരാളായിരുന്നു പൗലോസ്. ഒരു റോമൻ സംസ്ഥാനത്തിന്റെ തലസ്ഥാനമായ തർസൊസിലാണ് അദ്ദേഹം ജനിച്ചത്. തർസൊസ് സമ്പദ്സമൃദ്ധമായ ഒരു നഗരമായിരുന്നു, അന്നത്തെ ഒരു പ്രധാന പഠന കേന്ദ്രവുമായിരുന്നു. പൗലോസിനു നല്ല വിദ്യാഭ്യാസം കിട്ടി. അക്കാലത്തെ ഏറ്റവും ആദരണീയരായ ജൂത നേതാക്കന്മാരിൽ ഒരാളായ ഗമാലിയേൽ എന്ന വ്യക്തിയുടെ കീഴിലാണു പൗലോസ് പഠിച്ചത്. (പ്രവൃ. 5:34; 22:3) ജൂതസമൂഹത്തിൽ പൗലോസിന് ഒരു നല്ല സ്ഥാനമുണ്ടായിരുന്നു. അതെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞു: “എന്റെ ജനത്തിലെ സമപ്രായക്കാരായ പലരെക്കാളും ഞാൻ ജൂതമതകാര്യങ്ങളിൽ മുന്നിട്ടുനിന്നിരുന്നു.” (ഗലാ. 1:13, 14; പ്രവൃ. 26:4) അങ്ങനെയൊക്കെയായിട്ടും പൗലോസ് തന്നിൽത്തന്നെ ആശ്രയിച്ചില്ല.
8. ഫിലിപ്പിയർ 3:8-ഉം അടിക്കുറിപ്പും അനുസരിച്ച്, താൻ വിട്ടുകളഞ്ഞ കാര്യങ്ങളെ പൗലോസ് എങ്ങനെയാണു വീക്ഷിച്ചത്, ‘ബലഹീനതകൾ സഹിക്കുന്നതിൽ’ പൗലോസ് സന്തോഷിച്ചത് എന്തുകൊണ്ട്?
8 ലോകത്തിന്റെ കണ്ണിൽ തന്നെ ശ്രേഷ്ഠനാക്കിയ കാര്യങ്ങൾ പൗലോസ് സന്തോഷത്തോടെ വിട്ടുകളഞ്ഞു. വാസ്തവത്തിൽ, നേട്ടങ്ങളെന്നു തോന്നാമായിരുന്ന മുമ്പിലത്തെ ആ കാര്യങ്ങളെ അദ്ദേഹം ‘വെറും ചവറായിട്ടാണ്’ കണക്കാക്കിയത്. (ഫിലിപ്പിയർ 3:8-ഉം അടിക്കുറിപ്പും വായിക്കുക.) ക്രിസ്തുവിന്റെ ഒരു അനുഗാമിയാകുന്നതിനു പൗലോസിനു ധാരാളം കഷ്ടപ്പാടുകൾ സഹിക്കേണ്ടിവന്നു. സ്വന്തം ജനം അദ്ദേഹത്തെ വെറുത്തു. (പ്രവൃ. 23:12-14) ഒരു റോമൻ പൗരനായ പൗലോസിനെ മറ്റു റോമാക്കാർ അടിക്കുകയും ജയിലിലിടുകയും ചെയ്തു. (പ്രവൃ. 16:19-24, 37) ഇതിനെല്ലാം പുറമേ, സ്വന്തം പരിമിതികൾ ഓർത്ത് പൗലോസ് വേദനിക്കുകയും ചെയ്തിരുന്നു. (റോമ. 7:21-25) പക്ഷേ, എതിരാളികളോ സ്വന്തം കുറവുകളോ തന്നെ തളർത്തിക്കളയാൻ പൗലോസ് അനുവദിച്ചില്ല. അതിനു പകരം, അദ്ദേഹം തന്റെ ‘ബലഹീനതകൾ സഹിക്കുന്നതിൽ സന്തോഷിച്ചു.’ എന്തുകൊണ്ട്? കാരണം, ബലഹീനനായിരുന്നപ്പോഴാണു തന്റെ ജീവിതത്തിൽ ദൈവത്തിന്റെ ശക്തി പ്രവർത്തിക്കുന്നതു പൗലോസ് കണ്ടത്.—2 കൊരി. 4:7; 12:10.
9. കുറവുകളാണെന്നു നമ്മൾ കരുതുന്ന കാര്യങ്ങളെ നമ്മൾ ശരിക്കും എങ്ങനെയാണു വീക്ഷിക്കേണ്ടത്?
9 നല്ല ആരോഗ്യം, വിദ്യാഭ്യാസം, സമൂഹത്തിലെ ഉന്നതനില, ധാരാളം പണം, ഇതെല്ലാമാണു തങ്ങളുടെ വില നിശ്ചയിക്കുന്നത് എന്നാണ് ഇന്നു ചിലർ ചിന്തിക്കുന്നത്. യഹോവയിൽനിന്ന് ശക്തി കിട്ടണമെങ്കിൽ നമ്മൾ ഈ ചിന്ത ഒഴിവാക്കണം. ഇതൊന്നുമല്ല നിങ്ങളെ യഹോവയ്ക്ക് ഉപയോഗമുള്ളവരാക്കുന്നത്. വാസ്തവത്തിൽ, ദൈവജനത്തിനിടയിൽ ‘മാനുഷികമായി നോക്കിയാൽ, അധികം ജ്ഞാനികളില്ല. 1 കൊരി. 1:26, 27) അതുകൊണ്ട്, നിങ്ങളുടെ കുറവുകളാണെന്നു നിങ്ങൾക്കു തോന്നുന്നതൊന്നും യഹോവയെ സേവിക്കുന്നതിന് ഒരു തടസ്സമായി ഒരിക്കലും കാണരുത്. അതിനു പകരം, യഹോവയുടെ ശക്തി നിങ്ങളിൽ പ്രവർത്തിക്കുന്നതു കാണാനുള്ള അവസരങ്ങളായി അവയെ വീക്ഷിക്കുക. ഉദാഹരണത്തിന്, നിങ്ങളുടെ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നവരോടു സംസാരിക്കാൻ നിങ്ങൾക്കു ഭയം തോന്നുന്നെങ്കിൽ ധൈര്യത്തിനായി യഹോവയോടു പ്രാർഥിക്കുക. (എഫെ. 6:19, 20) കാലങ്ങളായി നിങ്ങളെ അലട്ടുന്ന ഏതെങ്കിലും രോഗമുണ്ടോ, അല്ലെങ്കിൽ നിങ്ങളെ കഷ്ടപ്പെടുത്തുന്ന ഏതെങ്കിലും വൈകല്യമുണ്ടോ? അങ്ങനെയെങ്കിൽ, യഹോവയുടെ സേവനത്തിൽ പരമാവധി തിരക്കോടെ പ്രവർത്തിക്കാനുള്ള ശക്തിക്കായി യഹോവയോടു പ്രാർഥിക്കുക. ഓരോ പ്രാവശ്യവും യഹോവ സഹായിക്കുന്നതു കാണുമ്പോൾ നിങ്ങളുടെ വിശ്വാസം വളരും, നിങ്ങൾ കുറെക്കൂടി ശക്തരാകുകയും ചെയ്യും.
ശക്തരായവർ അധികമില്ല. അധികം കുലീനന്മാരുമില്ല.’ പകരം, ‘ലോകം വിഡ്ഢികളെന്നു കരുതുന്നവരെയാണു യഹോവ തിരഞ്ഞെടുത്തത്.’ (ബൈബിൾമാതൃകകളിൽനിന്ന് പഠിക്കുക
10. എബ്രായർ 11:32-34-ൽ കാണുന്നതുപോലുള്ള വിശ്വസ്തരായ ബൈബിൾ കഥാപാത്രങ്ങളുടെ മാതൃകകൾ നമ്മൾ പഠിക്കേണ്ടത് എന്തുകൊണ്ട്?
10 പൗലോസ് തിരുവെഴുത്തുകൾ നന്നായി പഠിച്ചുകൊണ്ട് നല്ല അറിവ് നേടി. എന്നാൽ അതോടൊപ്പം ബൈബിൾകഥാപാത്രങ്ങളുടെ മാതൃകകളിൽനിന്ന് അദ്ദേഹം വിലയേറിയ പാഠങ്ങൾ പഠിക്കുകയും ചെയ്തു. എബ്രായ ക്രിസ്ത്യാനികൾക്ക് എഴുതിയപ്പോൾ പൗലോസ് വിശ്വസ്തരായ അനേകം ദാസന്മാരെക്കുറിച്ച് പറയുകയും അവരുടെ മാതൃകയെക്കുറിച്ച് ചിന്തിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. (എബ്രായർ 11:32-34 വായിക്കുക.) അവരിൽ ഒരാളായ ദാവീദ് രാജാവിന്റെ കാര്യം നോക്കാം. ശത്രുക്കളിൽനിന്ന് മാത്രമല്ല, മിത്രങ്ങളായിരുന്നവരിൽനിന്നും അദ്ദേഹത്തിനു പ്രശ്നങ്ങൾ നേരിടേണ്ടിവന്നു. ദാവീദിന്റെ ജീവിതത്തെക്കുറിച്ച് ധ്യാനിച്ചതിലൂടെ പൗലോസ് എങ്ങനെയാണു ശക്തി നേടിയതെന്നും നമുക്കു പൗലോസിന്റെ മാതൃക എങ്ങനെ അനുകരിക്കാമെന്നും നോക്കാം.
11. ദാവീദ് ദുർബലനാണെന്നു തോന്നുമായിരുന്നത് എന്തുകൊണ്ട്? (പുറംതാളിലെ ചിത്രം കാണുക.)
11 കരുത്തനായ ഒരു യോദ്ധാവായിരുന്ന ഗൊല്യാത്ത് തീരെ ദുർബലനായ ഒരാളായിട്ടാണു ദാവീദിനെ വീക്ഷിച്ചത്. അയാൾ ദാവീദിനെ കണ്ടപ്പോൾ, “പുച്ഛത്തോടെ ഒന്നു നോക്കി.” അതിനു തക്ക കാരണവുമുണ്ടായിരുന്നു. യുദ്ധസജ്ജനായ ഒരു ഭീമാകാരനായിരുന്നു ഗൊല്യാത്ത്, പരിശീലനം കിട്ടിയ ഒരു പോരാളി. ദാവീദോ, യുദ്ധത്തിൽ യാതൊരു അനുഭവപരിചയവും ഇല്ലാത്ത ഒരു ബാലൻ. ആയുധം എന്നു പറയാൻ പ്രത്യേകിച്ച് ഒന്നുമില്ലായിരുന്നു. സ്വാഭാവികമായും ആര് കണ്ടാലും ദാവീദ് ദുർബലനാണെന്നേ തോന്നുമായിരുന്നുള്ളൂ. പക്ഷേ, വാസ്തവത്തിൽ ദാവീദ് ശക്തനായിരുന്നു. കാരണം, ദാവീദ് ശക്തിക്കായി യഹോവയിൽ ആശ്രയിച്ചു. ശത്രുവിനെ തോൽപ്പിക്കുകയും ചെയ്തു.—1 ശമു. 17:41-45, 50.
12. ദാവീദിനെ നിസ്സഹായനാക്കുന്ന വേറെ ഏതു സാഹചര്യമാണുണ്ടായത്?
12 താൻ നിസ്സഹായനും ദുർബലനും ആണെന്നു ദാവീദിനു തോന്നാമായിരുന്ന വേറൊരു സാഹചര്യമുണ്ടായി. ഇസ്രായേലിന്റെ രാജാവായി യഹോവ നിയമിച്ച ശൗലിനെ ദാവീദ് വിശ്വസ്തമായി സേവിച്ചുവരുകയായിരുന്നു. തുടക്കത്തിൽ ശൗൽ രാജാവ് ദാവീദിനെ ബഹുമാനിച്ചിരുന്നു. എന്നാൽ, പിന്നീട് അഹങ്കാരിയായ ശൗലിനു ദാവീദിനോട് അസൂയ തോന്നി. ശൗൽ ദാവീദിനോട് മോശമായി പെരുമാറി. ദാവീദിനെ കൊല്ലാൻപോലും ശ്രമിച്ചു.—1 ശമു. 18:6-9, 29; 19:9-11.
13. ശൗൽ രാജാവ് ദാവീദിനോടു മോശമായി ഇടപെട്ടപ്പോൾ ദാവീദ് എങ്ങനെയാണു പ്രതികരിച്ചത്?
13 ശൗൽ രാജാവ് ദാവീദിനോടു മോശമായിട്ടാണ് ഇടപെട്ടതെങ്കിലും ദാവീദ് യഹോവയുടെ നിയമിതരാജാവായ അദ്ദേഹത്തോടു തുടർന്നും ആദരവ് കാണിച്ചു. (1 ശമു. 24:6) ശൗൽ ചെയ്ത കാര്യങ്ങളുടെ പേരിൽ ദാവീദ് യഹോവയെ കുറ്റപ്പെടുത്തിയില്ല. പകരം, ഈ പ്രയാസസാഹചര്യം തരണം ചെയ്യാൻ ആവശ്യമായ ശക്തി കിട്ടാൻ ദാവീദ് യഹോവയിൽ ആശ്രയിച്ചു.—സങ്കീ. 18:1, മേലെഴുത്ത്.
14. ദാവീദിനുണ്ടായതുപോലുള്ള ഏതു സാഹചര്യമാണു പൗലോസ് അപ്പോസ്തലനും നേരിടേണ്ടിവന്നത്?
14 ദാവീദിനു നേരിട്ടതുപോലെയുള്ള ഒരു സാഹചര്യം പൗലോസ് അപ്പോസ്തലനുമുണ്ടായി. പൗലോസിന്റെ ശത്രുക്കൾ അദ്ദേഹത്തെക്കാൾ വളരെയധികം ശക്തരായിരുന്നു. പ്രമുഖരായ പല നേതാക്കന്മാരും അദ്ദേഹത്തെ വെറുത്തിരുന്നു. അവർ പലപ്പോഴും അദ്ദേഹത്തെ അടിക്കുകയും ജയിലിലാക്കുകയും ചെയ്തു. ദാവീദിനു സംഭവിച്ചതുപോലെ പൗലോസിന്റെയും മിത്രങ്ങളായിരുന്ന പലരും ശത്രുക്കളെപ്പോലെ പെരുമാറി. ക്രിസ്തീയസഭയിലുള്ള ചിലർപോലും അദ്ദേഹത്തെ എതിർത്തു. (2 കൊരി. 12:11; ഫിലി. 3:18) പക്ഷേ, തന്റെ എതിരാളികളെയെല്ലാം പൗലോസ് കീഴ്പെടുത്തി. എങ്ങനെ? എതിർപ്പുകളുണ്ടായിട്ടും പൗലോസ് പ്രസംഗപ്രവർത്തനം തുടർന്നു. സഹോദരങ്ങൾ തന്നെ നിരാശപ്പെടുത്തിയപ്പോൾപ്പോലും പൗലോസ് അവരോടു വിശ്വസ്തനായി തുടർന്നു. എല്ലാത്തിലും ഉപരി, ജീവിതാവസാനംവരെ പൗലോസ് ദൈവത്തോടു വിശ്വസ്തനായിരുന്നു. (2 തിമൊ. 4:8) ഇതെല്ലാം ചെയ്യാൻ കഴിഞ്ഞതു പൗലോസ് ശാരീരികമായി ശക്തനായിരുന്നതുകൊണ്ടല്ല. മറിച്ച്, അദ്ദേഹം യഹോവയിൽ ആശ്രയിച്ചതുകൊണ്ടാണ്.
15. നമ്മുടെ ലക്ഷ്യം എന്താണ്, നമുക്ക് അത് എങ്ങനെ നേടാം?
15 നിങ്ങളുടെ സഹപാഠികൾ, സഹജോലിക്കാർ, സത്യത്തിലില്ലാത്ത കുടുംബാംഗങ്ങൾ എന്നിവരിൽനിന്ന് നിങ്ങൾക്കു പരിഹാസമോ, ഉപദ്രവമോ നേരിടേണ്ടിവരുന്നുണ്ടോ? സഭയിൽ ആരെങ്കിലും നിങ്ങളോടു മോശമായി പെരുമാറിയിട്ടുണ്ടോ? അങ്ങനെയെങ്കിൽ, പൗലോസിന്റെയും ദാവീദിന്റെയും മാതൃക ഓർമിക്കുക. നിങ്ങൾക്ക് എപ്പോഴും ‘നന്മകൊണ്ട് തിന്മയെ കീഴടക്കാൻ’ കഴിയും. (റോമ. 12:21) ദാവീദ് ഗൊല്യാത്തിനോടു പോരാടിയതുപോലെ നമ്മൾ ചെയ്യുന്നില്ല. പകരം, യഹോവയെക്കുറിച്ചും ബൈബിളിനെക്കുറിച്ചും പഠിക്കാൻ ആളുകളെ സഹായിച്ചുകൊണ്ട് നമ്മൾ തിന്മയെ കീഴടക്കും. ആളുകളുടെ ചോദ്യങ്ങൾക്കു ബൈബിളിൽനിന്ന് ഉത്തരം കൊടുത്തുകൊണ്ടും നമ്മളോടു മോശമായി പെരുമാറുന്നവരോട് ആദരവും ദയയും കാണിച്ചുകൊണ്ടും ശത്രുക്കൾക്കുപോലും നന്മ ചെയ്തുകൊണ്ടും നമുക്ക് ആ ലക്ഷ്യം നേടാം.—മത്താ. 5:44; 1 പത്രോ. 3:15-17.
മറ്റുള്ളവരിൽനിന്ന് സഹായം സ്വീകരിക്കുക
16-17. പൗലോസ് ഏതു കാര്യം ഒരിക്കലും മറന്നില്ല?
16 പൗലോസ് അപ്പോസ്തലൻ ക്രിസ്തുവിന്റെ ശിഷ്യനാകുന്നതിനു മുമ്പ് യേശുവിന്റെ അനുഗാമികളെ ഉപദ്രവിച്ചിരുന്ന ധിക്കാരിയായ ഒരു ചെറുപ്പക്കാരനായിരുന്നു. (പ്രവൃ. 7:58; 1 തിമൊ. 1:13) അന്ന് ശൗൽ എന്നായിരുന്നു പൗലോസിന്റെ പേര്. ക്രിസ്തീയസഭയെ ഉപദ്രവിച്ചുകൊണ്ടിരുന്ന ശൗലിനെ യേശു നേരിട്ട് തടഞ്ഞു. യേശു സ്വർഗത്തിൽനിന്ന് പൗലോസിനോടു സംസാരിക്കുകയും അദ്ദേഹത്തിന് അന്ധത വരുത്തുകയും ചെയ്തു. തന്റെ കാഴ്ച തിരിച്ചുകിട്ടുന്നതിനു പൗലോസിനു താൻ ഉപദ്രവിച്ചുകൊണ്ടിരുന്ന അതേ ആളുകളുടെ സഹായം സ്വീകരിക്കേണ്ടിവന്നു. അദ്ദേഹം താഴ്മയോടെ അനന്യാസ് എന്നു പേരുള്ള ഒരു ശിഷ്യന്റെ സഹായം സ്വീകരിച്ചു. കാഴ്ച തിരിച്ചുകിട്ടുകയും ചെയ്തു.—പ്രവൃ. 9:3-9, 17, 18.
17 പൗലോസ് പിന്നീട് ക്രിസ്തീയസഭയിലെ പ്രമുഖനായ ഒരാളായിത്തീർന്നു. പക്ഷേ, ദമസ്കൊസിലേക്കുള്ള വഴിയിൽവെച്ച് യേശു പഠിപ്പിച്ച പാഠം അദ്ദേഹം ഒരിക്കലും മറന്നില്ല. പൗലോസ് എന്നും താഴ്മയുള്ളവനായി നിന്നു. സഹോദരങ്ങളിൽനിന്ന് മനസ്സോടെ സഹായം സ്വീകരിക്കുകയും ചെയ്തു. അവർ കൊലോ. 4:10, 11, അടിക്കുറിപ്പ്.
തനിക്ക് ഒരു ‘ബലമായിരുന്നു’ എന്നു പൗലോസ് സമ്മതിച്ചു.—18. മറ്റുള്ളവരിൽനിന്ന് സഹായം സ്വീകരിക്കാൻ നമുക്കു മടി തോന്നിയേക്കാവുന്നത് എന്തുകൊണ്ട്?
18 പൗലോസിൽനിന്ന് നമുക്ക് എന്തു പഠിക്കാം? യഹോവയുടെ ജനത്തോടൊത്ത് സഹവസിക്കാൻ തുടങ്ങിയപ്പോൾ നമ്മൾ ആത്മീയശിശുക്കളാണെന്നും ധാരാളം കാര്യങ്ങൾ പഠിക്കാനുണ്ടെന്നും അറിയാമായിരുന്നതുകൊണ്ട് മറ്റുള്ളവരിൽനിന്ന് സഹായം സ്വീകരിക്കാൻ നമുക്കു നല്ല ഉത്സാഹമായിരുന്നു. (1 കൊരി. 3:1, 2) പക്ഷേ ഇപ്പോഴോ? നിങ്ങൾ യഹോവയെ സേവിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായിക്കാണും. നല്ല അനുഭവപരിചയവുമുണ്ട്. അതുകൊണ്ട് ഒരുപക്ഷേ, മറ്റുള്ളവരിൽനിന്ന് വിശേഷിച്ചും, സത്യത്തിലായിട്ട് അധികം കാലമായിട്ടില്ലാത്ത ഒരാളിൽനിന്ന് സഹായം സ്വീകരിക്കാൻ നിങ്ങൾക്കു മടി തോന്നിയേക്കാം. ഓർക്കുക, യഹോവ മിക്കപ്പോഴും നമ്മളെ ശക്തിപ്പെടുത്തുന്നത് നമ്മുടെ സഹോദരങ്ങളെ ഉപയോഗിച്ചാണ്. (റോമ. 1:11, 12) യഹോവ നൽകുന്ന ശക്തി ലഭിക്കണമെങ്കിൽ നമ്മൾ ഈ വസ്തുത അറിഞ്ഞിരിക്കണം.
19. ശ്രദ്ധേയമായ പല കാര്യങ്ങളും ചെയ്യാൻ പൗലോസിനു കഴിഞ്ഞത് എന്തുകൊണ്ട്?
19 ഒരു ക്രിസ്ത്യാനിയായതിനു ശേഷം പൗലോസിനു ശ്രദ്ധേയമായ കുറെ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞു. എന്തായിരുന്നു അതിന്റെ രഹസ്യം? ആരോഗ്യമോ വിദ്യാഭ്യാസമോ പണമോ സാമ്പത്തികനിലയോ ഒന്നുമല്ല മറിച്ച്, താഴ്മയും യഹോവയിലുള്ള ആശ്രയവും ആണ് വിജയത്തിന്റെ അടിസ്ഥാനമെന്നു പൗലോസിന് അറിയാമായിരുന്നു. (1) യഹോവയിൽ ആശ്രയിച്ചുകൊണ്ടും (2) ബൈബിൾ മാതൃകകളിൽനിന്ന് പഠിച്ചുകൊണ്ടും (3) സഹവിശ്വാസികളിൽനിന്ന് സഹായം സ്വീകരിച്ചുകൊണ്ടും നമുക്ക് എല്ലാവർക്കും പൗലോസിനെ അനുകരിക്കാം. അപ്പോൾ നമ്മൾ എത്ര ബലഹീനരാണെന്നു നമുക്കു തോന്നിയാലും യഹോവ നമ്മളെ ശക്തരാക്കും!
ഗീതം 71 നമ്മൾ യഹോവയുടെ സൈന്യം!
^ ഖ. 5 ഈ ലേഖനത്തിൽ നമ്മൾ അപ്പോസ്തലനായ പൗലോസിന്റെ മാതൃക പരിശോധിക്കും. താഴ്മയുള്ളവരാണെങ്കിൽ പരിഹാസം സഹിച്ചുനിൽക്കാനും നമ്മുടെതന്നെ ബലഹീനതകൾ മറികടക്കാനും യഹോവ ശക്തി തരുമെന്നു നമ്മൾ മനസ്സിലാക്കും.
^ ഖ. 1 പദപ്രയോഗങ്ങളുടെ വിശദീകരണം: ഈ ലേഖനത്തിൽ, ബലഹീനത എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്, മറ്റുള്ളവർ നമുക്കു വില കല്പിക്കുന്നില്ലെന്നു തോന്നുന്നതിനെയോ, നമുക്കുതന്നെ നമ്മൾ വിലയില്ലാത്തവരാണെന്നു തോന്നുന്നതിനെയോ ഒക്കെ കുറിക്കാനാണ്. പലപല കാരണങ്ങൾകൊണ്ട് ബലഹീനരാണ് അഥവാ ദുർബലരാണ് എന്നു നമുക്കു തോന്നിയേക്കാം. നമ്മുടെ അപൂർണതയായിരിക്കാം ഒരു കാരണം. മോശമായ സാമ്പത്തികസ്ഥിതിയോ രോഗങ്ങളോ കാര്യമായ വിദ്യാഭ്യാസമില്ലാത്തതോ ഒക്കെ അങ്ങനെ തോന്നാൻ കാരണമായേക്കാം. കൂടാതെ, നമ്മളെ അധിക്ഷേപിക്കുകയോ ഉപദ്രവിക്കുകയോ ചെയ്തുകൊണ്ട് നമ്മൾ ദുർബലരാണെന്നു തോന്നിപ്പിക്കാൻ ശത്രുക്കൾ ശ്രമിച്ചേക്കാം.
^ ഖ. 57 ചിത്രക്കുറിപ്പ്: ഒരു പരീശൻ എന്ന നിലയിലുള്ള തന്റെ മുൻകാലജീവിതത്തോടു ബന്ധപ്പെട്ട എല്ലാം വിട്ടുകളഞ്ഞിട്ടാണ് പൗലോസ് ക്രിസ്തുവിനെക്കുറിച്ച് പ്രസംഗിക്കാൻ തുടങ്ങിയത്. ഗ്രീക്ക്, റോമൻ എഴുത്തുകാരുടെ ചുരുളുകളും അദ്ദേഹം മുമ്പ് ഉപയോഗിച്ചിരുന്ന തിരുവെഴുത്തുകൾ ആലേഖനം ചെയ്ത ചെപ്പും ആ കൂട്ടത്തിൽ ഉണ്ടായിരുന്നിരിക്കാം
^ ഖ. 61 ചിത്രക്കുറിപ്പ്: ഒരു സഹപ്രവർത്തകന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ ഒരു സഹോദരനെ സഹജോലിക്കാർ നിർബന്ധിക്കുന്നു.