നിയമനത്തിൽ നിങ്ങളുടെ മുഴുഹൃദയവും അർപ്പിക്കുക!
നിങ്ങളുടെ ഒരു അടുത്ത സുഹൃത്തിൽനിന്നും പ്രോത്സാഹനം പകരുന്ന ഒരു കത്ത് ലഭിക്കുമ്പോൾ നിങ്ങൾക്ക് എന്തു തോന്നും? ക്രിസ്തുവിന്റെ ഒരു ശിഷ്യനായിരുന്ന തിമൊഥെയൊസിന് അപ്പോസ്തലനായ പൗലോസിൽനിന്നും അത്തരമൊരു കത്ത് കിട്ടി. അതാണ് ബൈബിളിലെ 2 തിമൊഥെയൊസ് എന്ന പുസ്തകം. പ്രിയ സുഹൃത്തിൽനിന്നുള്ള കത്തു കിട്ടിയ ഉടനെ സ്വസ്ഥമായി ഇരുന്ന് അതു വായിക്കാൻ പറ്റിയ ഒരിടം തിമൊഥെയൊസ് കണ്ടെത്തിക്കാണും. ‘എന്തൊക്കെയായിരിക്കും പൗലോസിന്റെ വിശേഷങ്ങൾ? എന്റെ നിയമനം ചെയ്യാൻ സഹായിക്കുന്ന എന്തെങ്കിലും നിർദേശങ്ങൾ ഈ കത്തിലുണ്ടാകുമോ? ക്രിസ്തീയശുശ്രൂഷ നന്നായി ചെയ്യാനും മറ്റുള്ളവരെ സഹായിക്കാനും ഇതിലെ വിവരങ്ങൾ എന്നെ സഹായിക്കുമോ?’ എന്നെല്ലാം കത്ത് തുറക്കുന്ന സമയത്ത് തിമൊഥെയൊസ് ചിന്തിച്ചുകാണും. ആ ചോദ്യങ്ങൾക്കുള്ള ഉത്തരവും പ്രധാനപ്പെട്ട മറ്റ് ആശയങ്ങളും ആ കത്തിലുണ്ടായിരുന്നു. അതിലെ നമുക്കു പ്രയോജനം ചെയ്യുന്ന ചില ആശയങ്ങൾ ഇപ്പോൾ ചർച്ച ചെയ്യാം.
“ഞാൻ എല്ലാം സഹിക്കുകയാണ്”
കത്തിലെ ആദ്യത്തെ വാക്കുകൾ വായിച്ചപ്പോൾത്തന്നെ പൗലോസ് തന്നെ എത്രയധികം സ്നേഹിക്കുന്നുണ്ടെന്നു തിമൊഥെയൊസിനു മനസ്സിലാക്കാൻ കഴിഞ്ഞു. ‘പ്രിയപ്പെട്ട മകൻ’ എന്നാണ് പൗലോസ് തിമൊഥെയൊസിനെ വിളിച്ചത്. (2 തിമൊ. 1:2) ഏകദേശം എ.ഡി. 65-ൽ ഈ കത്ത് ലഭിക്കുമ്പോൾ തിമൊഥെയൊസിന് 30-നു മുകളിൽ പ്രായമുണ്ടായിരുന്നിരിക്കണം. അപ്പോൾത്തന്നെ അനുഭവസമ്പന്നനായ ഒരു ക്രിസ്തീയമൂപ്പനായിരുന്നു അദ്ദേഹം. 10-ലധികം വർഷം പൗലോസിന്റെ കൂടെയുണ്ടായിരുന്ന തിമൊഥെയൊസ് അദ്ദേഹത്തിൽനിന്നും പല കാര്യങ്ങളും പഠിച്ചിരുന്നു.
കഷ്ടതകളിൽ പൗലോസ് വിശ്വസ്തനായി നിൽക്കുന്നു എന്ന് അറിഞ്ഞപ്പോൾ തിമൊഥെയൊസിനു വളരെയധികം പ്രോത്സാഹനം തോന്നിക്കാണും. പൗലോസ് ആ സമയത്ത് മരണവും കാത്ത് റോമിലെ ഒരു ജയിലിൽ കഴിയുകയായിരുന്നു. (2 തിമൊ. 1:15, 16; 4:6-8) “ഞാൻ എല്ലാം സഹിക്കുകയാണ്” എന്ന പൗലോസിന്റെ വാക്കുകളിൽനിന്ന് അദ്ദേഹത്തിന്റെ ധൈര്യം തിമൊഥെയൊസിനു മനസ്സിലായി. (2 തിമൊ. 2:8-13) സഹിച്ചുനിൽക്കുന്നതിൽ പൗലോസ് വെച്ച ശ്രേഷ്ഠമാതൃക തിമൊഥെയൊസിനു ശക്തി പകർന്നു, നമുക്കും അതിൽനിന്ന് ശക്തിയാർജിക്കാം.
‘സമ്മാനം തീപോലെ ജ്വലിപ്പിക്കുക’
ദൈവസേവനത്തിൽ തനിക്കുള്ള നിയമനത്തെ വളരെ പ്രധാനപ്പെട്ടതായി കാണാൻ പൗലോസ് തിമൊഥെയൊസിനെ പ്രോത്സാഹിപ്പിച്ചു. ദൈവത്തിൽനിന്ന് ലഭിച്ച “സമ്മാനം” തിമൊഥെയൊസ് “തീപോലെ ജ്വലിപ്പിക്കണമെന്ന്” പൗലോസ് ആഗ്രഹിച്ചു. (2 തിമൊ. 1:6) “സമ്മാനം” എന്നതിന് ഖരിസ്മ എന്ന ഗ്രീക്കുപദമാണ് പൗലോസ് ഇവിടെ ഉപയോഗിച്ചത്. സൗജന്യവും അനർഹവും ആയ ഒരു സമ്മാനം, ഒരാൾക്കു നേടിയെടുക്കാൻ കഴിയാത്തതോ ലഭിക്കാൻ അർഹതപോലുമില്ലാത്തതോ ആയ ഒന്ന് എന്നാണ് അടിസ്ഥാനപരമായി ആ വാക്കിന്റെ അർഥം. ക്രിസ്തീയസഭയിൽ ഒരു പ്രത്യേകനിയമനത്തിനായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴാണു തിമൊഥെയൊസിന് ആ സമ്മാനം ലഭിച്ചത്.—1 തിമൊ. 4:14.
ഈ സമ്മാനം തിമൊഥെയൊസ് എന്തു ചെയ്യണമായിരുന്നു? “തീപോലെ ജ്വലിപ്പിക്കണമെന്ന്” വായിച്ചപ്പോൾ ഒരു അടുപ്പിൽ തീനാളങ്ങൾ അണഞ്ഞതിനു ശേഷമുള്ള കനലുകളെക്കുറിച്ചായിരിക്കാം തിമൊഥെയൊസ് ചിന്തിച്ചത്. ആ കനലുകളിൽ വീണ്ടും തീനാളങ്ങൾ ഉണ്ടാകുകയും അങ്ങനെ കൂടുതൽ ചൂടു ലഭിക്കുകയും ചെയ്യണമെങ്കിൽ അത് ഒന്ന് ഇളക്കിക്കൊടുക്കണം, അതായത് അതിനെ ജ്വലിപ്പിക്കണം. ഒരു നിഘണ്ടു പറയുന്നതനുസരിച്ച്, ജ്വലിപ്പിക്കുക എന്നതിന് ഇവിടെ പൗലോസ് ഉപയോഗിച്ച ഗ്രീക്ക് ക്രിയാപദം (a·na·zo·py·reʹo) അർഥമാക്കുന്നത്, “വീണ്ടും കത്തിക്കുക, പൂർവസ്ഥിതിയിലാക്കുക, ആളിക്കത്തിക്കുക” എന്നൊക്കെയാണ്. അതായത്, ആലങ്കാരികമായി പറഞ്ഞാൽ “പുത്തൻ ഉണർവോടെ വീണ്ടും പ്രവർത്തിച്ചുതുടങ്ങുക” എന്നാണ്. അതുകൊണ്ട് പൗലോസ് തിമൊഥെയൊസിന് കൊടുത്ത ഉപദേശം ഇതാണ്: “നിയമനത്തിൽ നിന്റെ മുഴുഹൃദയവും അർപ്പിക്കുക.” നമ്മളും അതുതന്നെയാണു ചെയ്യേണ്ടത്, നമ്മുടെ സേവനത്തിൽ നമ്മുടെ കഴിവിന്റെ പരമാവധി തീക്ഷ്ണതയോടെ ഏർപ്പെടണം.
‘ആ നിക്ഷേപം കാത്തുകൊള്ളുക’
ആ കത്ത് വായിച്ചുവന്നപ്പോൾ ശുശ്രൂഷയിൽ തന്നെ സഹായിക്കുന്ന ഒരു കാര്യം തിമൊഥെയൊസ് കണ്ടു. അത് ഇതായിരുന്നു: “നിന്നെ വിശ്വസിച്ച് ഏൽപ്പിച്ചിരിക്കുന്ന ആ നിക്ഷേപം, നമ്മളിൽ വസിക്കുന്ന പരിശുദ്ധാത്മാവിന്റെ സഹായത്തോടെ കാത്തുകൊള്ളുക.” (2 തിമൊ. 1:14) എന്തായിരുന്നു ആ നിക്ഷേപം? ആകട്ടെ, എന്താണ് തിമൊഥെയൊസിനെ വിശ്വസിച്ച് ഏൽപ്പിച്ചിരുന്നത്? തൊട്ടുമുമ്പിലത്തെ വാക്യത്തിൽ പൗലോസ് ‘പ്രയോജനകരമായ വാക്കുകളെക്കുറിച്ച്,’ അതായത് തിരുവെഴുത്തുകളിലെ സത്യത്തെക്കുറിച്ചാണ് പറയുന്നത്. (2 തിമൊ. 1:13) ഒരു ക്രിസ്തീയശുശ്രൂഷകനായിരുന്ന തിമൊഥെയൊസ് സഭയ്ക്കുള്ളിൽ സഹോദരങ്ങളെയും പുറത്ത് മറ്റുള്ളവരെയും ആ സത്യം പഠിപ്പിക്കണമായിരുന്നു. (2 തിമൊ. 4:1-5) കൂടാതെ, ഒരു മൂപ്പനായിരുന്ന തിമൊഥെയൊസിന് ദൈവത്തിന്റെ ആട്ടിൻപറ്റത്തെ മേയ്ക്കാനുള്ള ഉത്തരവാദിത്വവുമുണ്ടായിരുന്നു. (1 പത്രോ. 5:2) യഹോവയുടെ പരിശുദ്ധാത്മാവിലും ദൈവവചനത്തിലും ആശ്രയിച്ചുകൊണ്ട് തിമൊഥെയൊസ് ആ നിക്ഷേപം, മറ്റുള്ളവരെ പഠിപ്പിക്കേണ്ടിയിരുന്ന ആ സത്യം, കാത്തുകൊള്ളണമായിരുന്നു.—2 തിമൊ. 3:14-17.
തിമൊഥെയൊസിനെപ്പോലെ നമ്മളെയും ആ നിക്ഷേപം വിശ്വസിച്ച് ഏൽപ്പിച്ചിരിക്കുന്നു. ക്രിസ്തീയശുശ്രൂഷയിൽ നമ്മൾ ആ സത്യം മറ്റുള്ളവരെ പഠിപ്പിക്കുന്നു. (മത്താ. 28:19, 20) നമ്മൾ ആ നിക്ഷേപത്തെ എപ്പോഴും മൂല്യവത്തായി കാണണം. മുടങ്ങാതെ പ്രാർഥിക്കുന്നതും ദൈവവചനം പഠിക്കുന്ന ഒരു ശീലം വളർത്തിയെടുക്കുന്നതും അതിനു നമ്മളെ സഹായിക്കും. (റോമ. 12:11, 12; 1 തിമൊ. 4:13, 15, 16) നിങ്ങൾ ഒരു മൂപ്പനോ ഒരു മുഴുസമയസേവകനോ ആണെങ്കിൽ മറ്റുള്ളവരെ പഠിപ്പിക്കാനുള്ള കൂടുതലായ അവസരങ്ങൾ നിങ്ങൾക്കുണ്ടായിരിക്കും. അത്തരം ഒരു നിയമനം താഴ്മയോടെ ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് ചെയ്യണം. അങ്ങനെ ചെയ്യുമ്പോൾ ദൈവം നൽകിയ ഈ നിക്ഷേപത്തെ വിലയേറിയതായി കാണുന്നു എന്നു നമ്മൾ തെളിയിക്കുകയായിരിക്കും.
‘ഈ കാര്യങ്ങൾ വിശ്വസ്തരായ പുരുഷന്മാർക്കു കൈമാറുക’
ഉത്തരവാദിത്വങ്ങൾ കൈകാര്യം ചെയ്യാൻ മറ്റുള്ളവരെയും പരിശീലിപ്പിക്കുന്നതു തിമൊഥെയൊസിന്റെ നിയമനത്തിൽ ഉൾപ്പെട്ടിരുന്നു. അതുകൊണ്ടാണ് പൗലോസ് തിമൊഥെയൊസിനെ ഇങ്ങനെ പ്രോത്സാഹിപ്പിച്ചത്: “നീ എന്നിൽനിന്ന് കേട്ട കാര്യങ്ങൾ വിശ്വസ്തരായ പുരുഷന്മാർക്ക് കൈമാറുക. അപ്പോൾ അവരും മറ്റുള്ളവരെ പഠിപ്പിക്കാൻ വേണ്ടത്ര യോഗ്യതയുള്ളവരാകും.” (2 തിമൊ. 2:2) അതെ, തിമൊഥെയൊസ് തന്റെ സഹോദരന്മാരിൽനിന്ന് പഠിക്കണമായിരുന്നു, പഠിച്ച കാര്യങ്ങൾ മറ്റുള്ളവരോടു പങ്കുവെക്കുകയും ചെയ്യണമായിരുന്നു. ക്രിസ്തീയസഭയിലെ ഓരോ മേൽവിചാരകനും ഇന്ന് അങ്ങനെതന്നെ ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ഒരു നല്ല മേൽവിചാരകൻ നിയമനത്തെക്കുറിച്ച് തനിക്കുള്ള അറിവ് മറ്റുള്ളവരിൽനിന്ന് മറച്ചുവെക്കില്ല. പകരം, അദ്ദേഹം അക്കാര്യങ്ങളെല്ലാം മറ്റുള്ളവരെയും പഠിപ്പിക്കും. അങ്ങനെ അവർക്കും ആ നിയമനം നല്ല വിധത്തിൽ ചെയ്യാനാകും. തന്നെക്കാൾ നല്ല വിധത്തിൽ കാര്യങ്ങൾ ചെയ്തുകൊണ്ട് അവർ തന്നെ കടത്തിവെട്ടിയാലോ എന്നൊന്നും അദ്ദേഹം പേടിക്കില്ല. അതുകൊണ്ട് മേൽവിചാരകന്മാർ ഒരു നിയമനത്തെക്കുറിച്ചുള്ള അടിസ്ഥാനകാര്യങ്ങൾ മാത്രമായിരിക്കില്ല മറ്റുള്ളവരെ പഠിപ്പിക്കുന്നത്. തങ്ങൾ പരിശീലിപ്പിക്കുന്ന വ്യക്തി നല്ല വകതിരിവും ഉൾക്കാഴ്ചയും ഒക്കെയുള്ള, പക്വതയുള്ള ഒരു ക്രിസ്ത്യാനിയായിത്തീരാനാണ് അവർ ആഗ്രഹിക്കുന്നത്. അങ്ങനെ പരിശീലനം നേടിയ ‘വിശ്വസ്തരായ പുരുഷന്മാർ’ സഭയ്ക്ക് ഒരു മുതൽക്കൂട്ടായിരിക്കും.
പൗലോസിൽനിന്ന് ലഭിച്ച ആ കത്ത് തിമൊഥെയൊസ് വളരെ വിലപ്പെട്ടതായി കണ്ടു എന്നതിനു സംശയമില്ല. പൗലോസിന്റെ സ്നേഹത്തോടെയുള്ള ആ കത്ത് ഇടയ്ക്കിടെ എടുത്ത് വായിക്കുന്ന തിമൊഥെയൊസിനെ നിങ്ങൾക്കു ഭാവനയിൽ കാണാനാകുന്നുണ്ടോ? ആ വിലയേറിയ ഉപദേശങ്ങൾ തന്റെ ജീവിതത്തിൽ എങ്ങനെയെല്ലാം ബാധകമാക്കാമെന്ന് അപ്പോഴെല്ലാം തിമൊഥെയൊസ് ചിന്തിച്ചുകാണും.
പൗലോസിന്റെ ആ വാക്കുകൾ നമ്മുടെ ജീവിതത്തിലും ബാധകമാക്കണം. എങ്ങനെ? നമുക്കു ലഭിച്ച സമ്മാനം തീപോലെ ജ്വലിപ്പിക്കാനും നമ്മുടെ നിക്ഷേപം കാത്തുകൊള്ളാനും നമ്മുടെ അറിവും അനുഭവപരിചയവും മറ്റുള്ളവർക്കു പകർന്നുകൊടുക്കാനും നമുക്കു കഠിനശ്രമം ചെയ്യാം. അങ്ങനെയെല്ലാം ചെയ്യുമ്പോൾ പൗലോസ് തിമൊഥെയൊസിനോടു പറഞ്ഞതുപോലെ ‘നമ്മുടെ ശുശ്രൂഷ നന്നായി ചെയ്തുതീർക്കാൻ’ നമുക്കാകും.—2 തിമൊ. 4:5.