പഠനലേഖനം 49
പുനരുത്ഥാനം—ഉറപ്പുള്ള ഒരു പ്രത്യാശ!
“പുനരുത്ഥാനം ഉണ്ടാകുമെന്നാണു ദൈവത്തിലുള്ള എന്റെ പ്രത്യാശ.”—പ്രവൃ. 24:15.
ഗീതം 151 ദൈവം വിളിക്കും
പൂർവാവലോകനം *
1-2. യഹോവയുടെ ആരാധകർക്ക് മഹത്തായ എന്തു പ്രത്യാശയാണുള്ളത്?
പ്രത്യാശിക്കാൻ ഒന്നുമില്ലാത്ത ജീവിതം നമുക്കു സങ്കൽപ്പിക്കാനേ കഴിയില്ല. നല്ലൊരു വിവാഹജീവിതം ആസ്വദിക്കാൻ കഴിയുമെന്നും കുട്ടികൾ ആരോഗ്യമുള്ളവരായിരിക്കുമെന്നും ചിലർ പ്രതീക്ഷിക്കുന്നു. ഇനി, ഗുരുതരമായ രോഗം ബാധിച്ച ഒരാൾ അതു മാറുമെന്നു പ്രത്യാശിക്കുന്നു. ക്രിസ്ത്യാനികളായ നമ്മളും ഇത്തരം കാര്യങ്ങൾക്കുവേണ്ടി പ്രത്യാശയോടെ കാത്തിരുന്നേക്കാം. എന്നാൽ പ്രത്യാശിക്കാൻ അതിനെക്കാളെല്ലാം വലിയ കാര്യങ്ങൾ നമുക്കുണ്ട്, നമ്മുടെ നിത്യഭാവിയും മരിച്ചുപോയ നമ്മുടെ പ്രിയപ്പെട്ടവരുടെ ഭാവിയും.
2 അപ്പോസ്തലനായ പൗലോസ് പറഞ്ഞു: “നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകുമെന്നാണു ദൈവത്തിലുള്ള എന്റെ പ്രത്യാശ.” (പ്രവൃ. 24:15) പുനരുത്ഥാനപ്രത്യാശയെക്കുറിച്ച് ആദ്യമായി സംസാരിച്ചത് പൗലോസായിരുന്നില്ല. ഗോത്രപിതാവായ ഇയ്യോബും ഇതെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ദൈവം തന്നെ ഓർക്കുമെന്നും ജീവനിലേക്കു തിരികെ കൊണ്ടുവരുമെന്നും ഇയ്യോബിന് ഉറപ്പുണ്ടായിരുന്നു.—ഇയ്യോ. 14:7-10, 12-15.
3. 1 കൊരിന്ത്യർ 15-ാം അധ്യായം നമുക്കു പ്രയോജനം ചെയ്യുന്നത് എങ്ങനെ?
3 “മരിച്ചവരുടെ പുനരുത്ഥാനം” ക്രിസ്ത്യാനികളുടെ ‘അടിസ്ഥാനപഠിപ്പിക്കലുകളിൽ’ ഒന്നാണ്. (എബ്രാ. 6:1, 2) 1 കൊരിന്ത്യർ 15-ാം അധ്യായത്തിൽ പൗലോസ് പുനരുത്ഥാനത്തെക്കുറിച്ച് വിശദമായി ചർച്ച ചെയ്യുന്നു. അവിടെ പൗലോസ് എഴുതിയ കാര്യങ്ങൾ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളുടെ വിശ്വാസം ഉറപ്പായും ബലപ്പെടുത്തിക്കാണും. ആ അധ്യായത്തിലെ വിവരങ്ങൾക്കു നമ്മളെയും ബലപ്പെടുത്താൻ കഴിയും. നമ്മൾ സത്യം പഠിച്ചിട്ട് എത്ര വർഷമായെങ്കിലും പുനരുത്ഥാനത്തിലുള്ള വിശ്വാസം ശക്തമാക്കാൻ അതു സഹായിക്കും.
4. മരിച്ചുപോയ നമ്മുടെ പ്രിയപ്പെട്ടവർ പുനരുത്ഥാനപ്പെടുമെന്ന നമ്മുടെ പ്രത്യാശയുടെ അടിസ്ഥാനം എന്താണ്?
4 മരിച്ചുപോയ നമ്മുടെ പ്രിയപ്പെട്ടവർ പുനരുത്ഥാനപ്പെടും എന്നു വിശ്വസിക്കാനുള്ള അടിസ്ഥാനം എന്താണ്? അത് യേശുക്രിസ്തുവിന്റെ പുനരുത്ഥാനമാണ്. കൊരിന്തിലുള്ളവരോടു പൗലോസ് പ്രസംഗിച്ച ‘സന്തോഷവാർത്തയുടെ’ ഭാഗമായിരുന്നു അത്. (1 കൊരി. 15:1, 2) ഒരു ക്രിസ്ത്യാനി യേശുവിന്റെ പുനരുത്ഥാനത്തിൽ വിശ്വസിക്കുന്നില്ലെങ്കിൽ ആ വ്യക്തിയുടെ ക്രിസ്തീയവിശ്വാസംകൊണ്ട് ഒരു പ്രയോജനവുമില്ല എന്നുപോലും പൗലോസ് പറഞ്ഞു. (1 കൊരി. 15:17) അതെ, യേശുവിന്റെ പുനരുത്ഥാനത്തിലുള്ള വിശ്വാസമാണ് നമ്മുടെ ക്രിസ്തീയപ്രത്യാശയുടെ അടിസ്ഥാനം.
5-6. 1 കൊരിന്ത്യർ 15:3, 4 എന്തുകൊണ്ടാണ് നമുക്കു പ്രധാനമായിരിക്കുന്നത്?
5 പുനരുത്ഥാനത്തെക്കുറിച്ചുള്ള ചർച്ചയുടെ തുടക്കത്തിൽ മൂന്നു വസ്തുതകളെക്കുറിച്ച് പൗലോസ് പറഞ്ഞു: (1) ‘ക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിച്ചു,’ (2) ‘അടക്കപ്പെട്ടു,’ (3) “തിരുവെഴുത്തുകളിൽ പറഞ്ഞിരുന്നതുപോലെ മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റു.”—1 കൊരിന്ത്യർ 15:3, 4 വായിക്കുക.
6 യേശുവിന്റെ മരണവും ശവസംസ്കാരവും പുനരുത്ഥാനവും നമുക്കു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? മിശിഹയെ ‘ജീവനുള്ളവരുടെ ദേശത്തുനിന്ന് നീക്കിക്കളയും’ എന്നും ‘ദുഷ്ടന്മാരോടൊപ്പമായിരിക്കും അവന്റെ ശവക്കുഴി’ എന്നും യശയ്യ പ്രവാചകൻ മുൻകൂട്ടിപ്പറഞ്ഞു. എന്നാൽ അതു മാത്രമല്ല, മിശിഹ ‘അനേകരുടെ പാപങ്ങൾ ചുമക്കുമെന്നുംകൂടെ’ യശയ്യ മുൻകൂട്ടിപ്പറഞ്ഞിരുന്നു. തന്റെ മനുഷ്യജീവൻ ഒരു മോചനവിലയായി നൽകിക്കൊണ്ട് യേശു അതു ചെയ്തു. (യശ. 53:8, 9, 12; മത്താ. 20:28; റോമ. 5:8) അതുകൊണ്ട് യേശുവിന്റെ മരണവും ശവസംസ്കാരവും പുനരുത്ഥാനവും നമ്മുടെ പ്രത്യാശയ്ക്ക് ഉറച്ച അടിസ്ഥാനം തരുന്നു, പാപത്തിൽനിന്നും മരണത്തിൽനിന്നും മോചനം ലഭിക്കുമെന്നും മരിച്ചുപോയ നമ്മുടെ പ്രിയപ്പെട്ടവരുടെകൂടെ വീണ്ടും ജീവിക്കാൻ കഴിയുമെന്നും ഉള്ള പ്രത്യാശയ്ക്ക്.
അനേകം സാക്ഷികളുടെ മൊഴികൾ
7-8. യേശു പുനരുത്ഥാനപ്പെട്ടു എന്നു വിശ്വസിക്കാൻ ക്രിസ്ത്യാനികളെ എന്തു സഹായിക്കുന്നു?
7 യേശു പുനരുത്ഥാനപ്പെട്ടു എന്ന കാര്യത്തിൽ നമുക്കു പൂർണബോധ്യമുണ്ടായിരിക്കണം. കാരണം, നമ്മൾ ചർച്ച ചെയ്തതുപോലെ, യേശു പുനരുത്ഥാനപ്പെട്ടിട്ടില്ലെങ്കിൽ നമ്മുടെ പുനരുത്ഥാനപ്രത്യാശയ്ക്ക് അടിസ്ഥാനമില്ലാതെ പോകും. യഹോവ യേശുവിനെ തിരികെ ജീവനിലേക്കു കൊണ്ടുവന്നു എന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
8 യേശു പുനരുത്ഥാനപ്പെട്ടു എന്നതിന് ധാരാളം ദൃക്സാക്ഷികളുണ്ടായിരുന്നു. (1 കൊരി. 15:5-7) അവർ അതെക്കുറിച്ച് മറ്റുള്ളവരോടു പറയുകയും ചെയ്തു. പത്രോസ് അപ്പോസ്തലൻ (കേഫ) ആയിരുന്നു പൗലോസിന്റെ ലിസ്റ്റിലെ ആദ്യസാക്ഷി. (ലൂക്കോ. 24:33, 34) പുനരുത്ഥാനപ്പെട്ട യേശുവിനെ പത്രോസ് കണ്ടെന്നു മറ്റു ചില ശിഷ്യന്മാരും പറഞ്ഞു. കൂടാതെ ‘പന്ത്രണ്ട് അപ്പോസ്തലന്മാരും’ ഉയിർത്തെഴുന്നേറ്റ യേശുവിനെ കണ്ടു. അതിനു ശേഷം ക്രിസ്തു “ഒരു അവസരത്തിൽ 500-ലധികം സഹോദരങ്ങളുടെ മുന്നിൽ പ്രത്യക്ഷനായി.” ഒരുപക്ഷേ മത്തായി 28:16-20-ൽ പറഞ്ഞ ഗലീലയിൽവെച്ച് നടന്ന സന്തോഷകരമായ ആ യോഗത്തിൽവെച്ചായിരിക്കാം അത്. പിന്നീട് യേശു ‘യാക്കോബിനും പ്രത്യക്ഷനായി.’ ഈ യാക്കോബ് യേശുവിന്റെ അർധസഹോദരനായിരുന്നിരിക്കാം. മുമ്പ് അദ്ദേഹം യേശു മിശിഹയാണെന്നു വിശ്വസിച്ചിരുന്നില്ല. (യോഹ. 7:5) എന്നാൽ പുനരുത്ഥാനപ്പെട്ട യേശുവിനെ കണ്ടപ്പോൾ യാക്കോബിനു വിശ്വാസമായി. എ.ഡി. 55-ൽ പൗലോസ് ഈ കത്ത് എഴുതുമ്പോൾ പുനരുത്ഥാനപ്പെട്ട യേശുവിനെ കണ്ട പലരും അന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നു. അതുകൊണ്ട് ആർക്കെങ്കിലും സംശയമുണ്ടായിരുന്നെങ്കിൽ അവർക്ക് ആശ്രയയോഗ്യരായ സാക്ഷികളോട് അത് നേരിട്ട് ചോദിച്ച് ഉറപ്പു വരുത്താമായിരുന്നു.
9. പ്രവൃത്തികൾ 9:3-5 അനുസരിച്ച്, യേശുവിന്റെ പുനരുത്ഥാനം നടന്നു എന്നതിനു പൗലോസ് കൂടുതലായ എന്തു തെളിവാണ് നൽകിയത്?
9 പിന്നീട് യേശു പൗലോസിനും പ്രത്യക്ഷനായി. (1 കൊരി. 15:8) ദമസ്കൊസിലേക്കുള്ള യാത്രയ്ക്കിടെ പൗലോസ് (ശൗൽ) പുനരുത്ഥാനപ്പെട്ട യേശുവിന്റെ ശബ്ദം കേൾക്കുകയും യേശുവിന്റെ സ്വർഗീയതേജസ്സിന്റെ ഒരു ദർശനം കാണുകയും ചെയ്തു. (പ്രവൃത്തികൾ 9:3-5 വായിക്കുക.) യേശുവിന്റെ പുനരുത്ഥാനം ഒരു കെട്ടുകഥയല്ല എന്നതിന്റെ കൂടുതലായ ഒരു തെളിവായിരുന്നു പൗലോസിന്റെ ഈ അനുഭവം.—പ്രവൃ. 26:12-15.
10. യേശു പുനരുത്ഥാനപ്പെട്ടു എന്ന വിശ്വാസം എന്തു ചെയ്യാൻ പൗലോസിനെ പ്രേരിപ്പിച്ചു?
10 പൗലോസിന്റെ സാക്ഷ്യം ചിലർക്കു കൂടുതൽ ശ്രദ്ധേയമായി തോന്നുന്നു. കാരണം മുമ്പ് പൗലോസ് ക്രിസ്ത്യാനികളെ ഉപദ്രവിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു. യേശു ഉയിർപ്പിക്കപ്പെട്ടു എന്നു ബോധ്യം വന്നപ്പോൾ അക്കാര്യം മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ പൗലോസ് സകലശ്രമവും ചെയ്തു. യേശു മരിച്ചവരിൽനിന്ന് പുനരുത്ഥാനപ്പെട്ടു എന്ന സത്യം മറ്റുള്ളവരെ അറിയിക്കുന്നതിനിടെ പൗലോസിനു കപ്പലപകടം നേരിടേണ്ടിവന്നു, വടികൊണ്ടുള്ള അടിയും തടവുശിക്ഷയും ഒക്കെ സഹിക്കേണ്ടിവന്നു. (1 കൊരി. 15:9-11; 2 കൊരി. 11:23-27) ആ സത്യം അറിയിക്കുന്നതു മൂലം മരിക്കേണ്ടിവന്നാൽ അതിനും പൗലോസ് തയ്യാറായിരുന്നു. അത്രയ്ക്ക് ഉറപ്പായിരുന്നു പൗലോസിന് യേശു ഉയിർപ്പിക്കപ്പെട്ടു എന്ന്. ആദ്യകാലക്രിസ്ത്യാനികളുടെ ഈ സാക്ഷിമൊഴികൾ യേശു മരിച്ചവരിൽനിന്ന് പുനരുത്ഥാനപ്പെട്ടു എന്നു നിങ്ങളെ ബോധ്യപ്പെടുത്തുന്നില്ലേ? ഭാവിയിലെ പുനരുത്ഥാനത്തിലെ നിങ്ങളുടെ വിശ്വാസവും അതു ശക്തമാക്കുന്നില്ലേ?
തെറ്റായ വിശ്വാസങ്ങളെ തിരുത്തുന്നു
11. പുനരുത്ഥാനത്തെക്കുറിച്ച് കൊരിന്തിലെ ചില ക്രിസ്ത്യാനികൾക്ക് തെറ്റിദ്ധാരണകളുണ്ടായിരുന്നത് എന്തുകൊണ്ടായിരിക്കാം?
11 ഗ്രീക്കുനഗരമായ കൊരിന്തിലെ ചില ക്രിസ്ത്യാനികൾക്കു പുനരുത്ഥാനത്തെപ്പറ്റി ചില തെറ്റിദ്ധാരണകളുണ്ടായിരുന്നു. “മരിച്ചവരുടെ പുനരുത്ഥാനമില്ല” എന്നുപോലും ചിലർ പറഞ്ഞു. എന്തുകൊണ്ട്? (1 കൊരി. 15:12) മറ്റൊരു ഗ്രീക്കുനഗരമായ ആതൻസിലെ തത്ത്വചിന്തകർ യേശുവിന്റെ പുനരുത്ഥാനം എന്ന വസ്തുതയെ പരിഹസിച്ചുതള്ളുകയാണ് ചെയ്തത്. ആ മനോഭാവം കൊരിന്തിലെ ചില ക്രിസ്ത്യാനികളെപ്പോലും സ്വാധീനിച്ചിട്ടുണ്ടാകാം. (പ്രവൃ. 17:18, 31, 32) മറ്റു ചിലർ പുനരുത്ഥാനത്തെ ഒരു ആലങ്കാരിക അർഥത്തിലായിരിക്കാം എടുത്തിട്ടുള്ളത്. പാപികളായതുകൊണ്ട് ഒരർഥത്തിൽ എല്ലാവരും ‘മരിച്ചവരാണെന്നും’ ഒരു ക്രിസ്ത്യാനിയാകുമ്പോഴാണ് ‘ജീവൻ തിരികെ കിട്ടുന്നതെന്നും’ അവർ കരുതിയിരിക്കാം. അവരുടെ വാദങ്ങൾ എന്തുതന്നെയായാലും പുനരുത്ഥാനം ഇല്ല എന്നു പറയുന്നെങ്കിൽ അവരുടെ വിശ്വാസംകൊണ്ട് ഒരു പ്രയോജനവുമില്ലായിരുന്നു. ദൈവം യേശുവിനെ ഉയിർപ്പിച്ചിട്ടില്ലായിരുന്നു എങ്കിൽ, മോചനവില അർപ്പിക്കപ്പെട്ടിട്ടില്ല എന്നുവരും. പാപത്തിൽനിന്നുള്ള മോചനവും അസാധ്യമായിരുന്നു. അതുകൊണ്ട് പുനരുത്ഥാനത്തിൽ വിശ്വസിക്കാത്തവർക്കു വാസ്തവത്തിൽ യാതൊരു പ്രത്യാശയുമില്ല.—1 കൊരി. 15:13-19; എബ്രാ. 9:12, 14.
12. 1 പത്രോസ് 3:18, 22 അനുസരിച്ച്, മുമ്പ് നടന്ന പുനരുത്ഥാനങ്ങളിൽനിന്ന് യേശുവിന്റെ പുനരുത്ഥാനം എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്?
12 ‘ക്രിസ്തു മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർപ്പിക്കപ്പെട്ടു’ എന്നു നേരിട്ട് മനസ്സിലാക്കിയ ആളായിരുന്നു പൗലോസ്. യേശുവിന്റെ പുനരുത്ഥാനം മുമ്പ് നടന്നിട്ടുള്ള മറ്റു പുനരുത്ഥാനങ്ങളെക്കാൾ മികച്ചതായിരുന്നു. കാരണം മുമ്പ് പുനരുത്ഥാനപ്പെട്ടവരെയെല്ലാം മരണം വീണ്ടും കീഴടക്കി. യേശുവാണ് “മരിച്ചവരിൽനിന്നുള്ള ആദ്യഫലമായി മരിച്ചവരുടെ ഇടയിൽനിന്ന്” ഉയിർപ്പിക്കപ്പെട്ടതെന്ന് പൗലോസ് പറഞ്ഞു. ആദ്യഫലം എന്ന് യേശുവിനെക്കുറിച്ച് പറയുന്നത് ഏത് അർഥത്തിലാണ്? ആത്മവ്യക്തിയായി ജീവനിലേക്കു വന്ന ആദ്യത്തെയാളും, മരിച്ചവരുടെ ഇടയിൽനിന്ന് സ്വർഗത്തിലേക്കു പോയ ആദ്യത്തെ വ്യക്തിയും യേശുവായിരുന്നു.—1 കൊരി. 15:20; പ്രവൃ. 26:23; 1 പത്രോസ് 3:18, 22 വായിക്കുക.
‘ജീവൻ കിട്ടാൻ’ പോകുന്നവർ
13. ആദാമും യേശുവും തമ്മിലുള്ള ഏതു വ്യത്യാസം പൗലോസ് വരച്ചുകാട്ടി?
13 ഒരാളുടെ മരണം എങ്ങനെയാണ് കോടിക്കണക്കിന് ആളുകൾക്കു ജീവൻ നൽകുന്നത്? ആ ചോദ്യത്തിനുള്ള കൃത്യമായ ഉത്തരം പൗലോസ് നൽകുന്നു. ആദാമിന്റെ പ്രവൃത്തി മൂലം മനുഷ്യർക്കു നഷ്ടപ്പെട്ടതും ക്രിസ്തുവിന്റെ പ്രവൃത്തിയിലൂടെ മനുഷ്യർക്കു സാധ്യമായതും തമ്മിലുള്ള വ്യത്യാസം പൗലോസ് വരച്ചുകാട്ടി. പൗലോസ് എഴുതി: ‘ഒരു മനുഷ്യനിലൂടെ മരണം വന്നു.’ പാപം ചെയ്തതിലൂടെ ആദാം തനിക്കുതന്നെയും തന്റെ പിൻഗാമികൾക്കും ദുരന്തം വരുത്തിവെച്ചു. ആദാമിന്റെ അനുസരണക്കേടിന്റെ അനന്തരഫലങ്ങൾ നമ്മൾ ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ ദൈവം തന്റെ പുത്രനെ ഉയിർപ്പിച്ചതിലൂടെ മരിച്ചവർ വീണ്ടും ജീവനിലേക്കു വരും. അതെ, “മരിച്ചവരുടെ പുനരുത്ഥാനവും ഒരു മനുഷ്യനിലൂടെ,” അതായത് യേശുവിലൂടെയാണ് വരുന്നത്. “ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവർക്കും ജീവൻ കിട്ടും” എന്നു പൗലോസ് പറഞ്ഞു.—1 കൊരി. 15:21, 22.
14. ആദാം പുനരുത്ഥാനപ്പെടുമോ? വിശദീകരിക്കുക.
14 ‘ആദാമിൽ എല്ലാവരും മരിക്കുന്നു’ എന്നു പറഞ്ഞപ്പോൾ പൗലോസ് എന്താണ് അർഥമാക്കിയത്? ആദാം പാപം ചെയ്തതു നിമിത്തം പാപികളും അപൂർണരും ആയിത്തീരുകയും മരിക്കുകയും ചെയ്യേണ്ടിവരുന്ന ആദാമിന്റെ പിൻഗാമികളാണ് പൗലോസിന്റെ മനസ്സിലുണ്ടായിരുന്നത്. (റോമ. 5:12) ‘ജീവൻ കിട്ടുന്നവരുടെ’ കൂട്ടത്തിൽ ആദാമുണ്ടായിരിക്കുകയില്ല. ക്രിസ്തുവിന്റെ മോചനവിലയുടെ പ്രയോജനം ആദാമിനു കിട്ടുകയില്ല. കാരണം, ദൈവത്തോടു മനഃപൂർവം അനുസരണക്കേടു കാണിച്ച ഒരു പൂർണമനുഷ്യനായിരുന്നു ആദാം. നമുക്ക് അറിയാം, ഭാവിയിൽ “മനുഷ്യപുത്രൻ” ‘കോലാടുകളായി’ വിധിക്കുന്നവരെ “എന്നേക്കുമായി നിഗ്രഹിച്ചുകളയും” എന്ന്. അതുതന്നെയാണ് ആദാമിനു കിട്ടിയ ശിക്ഷ.—മത്താ. 25:31-33, 46; എബ്രാ. 5:9.
15. “എല്ലാവർക്കും ജീവൻ കിട്ടും” എന്നു പറഞ്ഞിരിക്കുന്നതിൽ ആര് ഉൾപ്പെടുന്നു?
15 “ക്രിസ്തുവിൽ എല്ലാവർക്കും ജീവൻ കിട്ടും” എന്നു പൗലോസ് പറഞ്ഞതു ശ്രദ്ധിക്കുക. (1 കൊരി. ) സ്വർഗീയജീവനിലേക്കു പുനരുത്ഥാനം പ്രാപിക്കാനിരുന്ന കൊരിന്തിലെ അഭിഷിക്തക്രിസ്ത്യാനികൾക്കാണ് പൗലോസ് ഈ കത്ത് എഴുതിയത്. “ക്രിസ്തുയേശുവിന്റെ ശിഷ്യരായി വിശുദ്ധീകരിക്കപ്പെട്ട്, വിശുദ്ധരായി വിളിക്കപ്പെട്ട” ക്രിസ്ത്യാനികളായിരുന്നു അവർ. ‘ക്രിസ്തുവിനോടു യോജിപ്പിലായിരുന്ന മരിച്ചവരെക്കുറിച്ചും’ പൗലോസ് പറഞ്ഞു. ( 15:221 കൊരി. 1:2; 15:18; 2 കൊരി. 5:17) ‘ക്രിസ്തുവിന്റേതുപോലുള്ള ഒരു മരണത്തിലൂടെ ക്രിസ്തുവിനോടു ചേർന്നവർ ക്രിസ്തുവിന്റേതുപോലുള്ള ഒരു പുനരുത്ഥാനത്തിലൂടെ ക്രിസ്തുവിനോടു ചേരും’ എന്ന് ദൈവപ്രചോദിതമായി എഴുതിയ മറ്റൊരു കത്തിൽ പൗലോസ് പറഞ്ഞു. (റോമ. 6:3-5) യേശു ഒരു ആത്മവ്യക്തിയായി ഉയിർപ്പിക്കപ്പെടുകയും സ്വർഗത്തിലേക്കു പോകുകയും ചെയ്തു. അതുതന്നെയാണ് ‘ക്രിസ്തുവിനോടു യോജിപ്പിലായിരിക്കുന്ന’ എല്ലാവർക്കും, അതായത് പരിശുദ്ധാത്മാവിനാൽ അഭിഷിക്തരായ എല്ലാ ക്രിസ്ത്യാനികൾക്കും ലഭിക്കാൻപോകുന്നത്.
16. യേശുവിനെ “ആദ്യഫലം” എന്നു വിളിച്ചതിലൂടെ പൗലോസ് എന്താണ് സൂചിപ്പിച്ചത്?
16 “മരിച്ചവരിൽനിന്നുള്ള ആദ്യഫലമായി” ഉയിർപ്പിക്കപ്പെട്ടത് ക്രിസ്തുവാണെന്നു പൗലോസ് എഴുതി. ലാസറിനെപ്പോലെയുള്ള ചിലർ ഭൂമിയിലെ ജീവനിലേക്കു തിരികെവന്നു എന്നതു ശരിയാണ്. പക്ഷേ യേശുവാണ് മരിച്ചവരിൽനിന്ന് ഒരു ആത്മവ്യക്തിയായി ഉയിർപ്പിക്കപ്പെടുകയും നിത്യജീവനിലേക്കു വരുകയും ചെയ്ത ആദ്യത്തെയാൾ. ഇസ്രായേല്യർ ദൈവത്തിന് അർപ്പിച്ചിരുന്ന വിളവെടുപ്പിന്റെ ആദ്യഫലത്തോട് യേശുവിനെ താരതമ്യം ചെയ്യാനാകും. ഇനി, യേശുവിനെ “ആദ്യഫലം” എന്നു വിളിച്ചതിലൂടെ അതിനു ശേഷം സ്വർഗീയജീവനിലേക്ക് ഉയിർപ്പിക്കപ്പെടുന്ന മറ്റുള്ളവരും ഉണ്ടായിരിക്കുമെന്നു പൗലോസ് സൂചിപ്പിച്ചു. അതെ, “ക്രിസ്തുവിനോടു യോജിപ്പിലായിരുന്ന” അപ്പോസ്തലന്മാർക്കും മറ്റുള്ളവർക്കും യേശുവിന് ലഭിച്ചതുപോലുള്ള ഒരു പുനരുത്ഥാനം കാലക്രമത്തിൽ ലഭിക്കുമായിരുന്നു.
17. ‘ക്രിസ്തുവിനോടു യോജിപ്പിലായിരുന്നവർക്ക്’ എപ്പോഴാണ് സ്വർഗീയപ്രതിഫലം ലഭിക്കുക?
17 പൗലോസ് കൊരിന്തിലുള്ളവർക്ക് ഈ കത്ത് എഴുതുന്ന സമയത്ത് ‘ക്രിസ്തുവിനോടു യോജിപ്പിലായിരുന്നവരുടെ’ സ്വർഗീയപുനരുത്ഥാനം ആരംഭിച്ചിട്ടില്ലായിരുന്നു. ഇങ്ങനെ പറഞ്ഞുകൊണ്ട് അത് ഭാവിയിൽ ഒരു സമയത്താണ് നടക്കാൻപോകുന്നതെന്നു പൗലോസ് സൂചിപ്പിച്ചു: “എല്ലാവരും അവരവരുടെ ക്രമമനുസരിച്ചായിരിക്കും: ആദ്യഫലം ക്രിസ്തു; പിന്നീട്, ക്രിസ്തുവിനുള്ളവർ ക്രിസ്തുവിന്റെ സാന്നിധ്യകാലത്ത്.” (1 കൊരി. 15:23; 1 തെസ്സ. 4:15, 16) നമ്മൾ ഇന്നു ജീവിക്കുന്നത് മുൻകൂട്ടിപ്പറഞ്ഞ ക്രിസ്തുവിന്റെ ‘സാന്നിധ്യകാലത്താണ്.’ മരിച്ചുപോയ അപ്പോസ്തലന്മാരും മറ്റ് അഭിഷിക്തക്രിസ്ത്യാനികളും ഈ സാന്നിധ്യകാലം എത്തുമ്പോഴേ ‘ക്രിസ്തുവിന്റേതുപോലുള്ള ഒരു പുനരുത്ഥാനത്തിലൂടെ ക്രിസ്തുവിനോടു ചേരുകയും’ അവർക്കു സ്വർഗീയപ്രതിഫലം ലഭിക്കുകയും ചെയ്യുമായിരുന്നുള്ളൂ.
നമ്മുടെ പ്രത്യാശ ഉറപ്പുള്ള ഒന്നാണ്!
18. (എ) സ്വർഗീയപുനരുത്ഥാനത്തിനു ശേഷം മറ്റൊരു പുനരുത്ഥാനമുണ്ടെന്ന് നമുക്ക് എങ്ങനെ മനസ്സിലാക്കാം? (ബി) 1 കൊരിന്ത്യർ 15:24-26 സൂചിപ്പിക്കുന്നതുപോലെ, സ്വർഗത്തിൽ എന്തെല്ലാം സംഭവവികാസങ്ങളുണ്ടാകും?
18 സ്വർഗത്തിലേക്കു പോകുന്ന പൗലോസിനും മറ്റും “നേരത്തേ നടക്കുന്ന പുനരുത്ഥാനത്തിൽ” ആണ് പങ്കുള്ളതെന്നു ബൈബിൾ പറയുന്നു. (ഫിലി. 3:11) അതിനു ശേഷം മറ്റൊരു പുനരുത്ഥാനമുണ്ടെന്ന് അതു സൂചിപ്പിക്കുന്നില്ലേ? ഭാവിയിൽ തനിക്കു സംഭവിക്കാനിരിക്കുന്ന കാര്യത്തെക്കുറിച്ച് ഇയ്യോബ് പറഞ്ഞപ്പോൾ ഇതാണ് അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നത്. (ഇയ്യോ. 14:15) ‘ക്രിസ്തുവിനുള്ളവരുടെ’ കാര്യത്തിൽ, യേശു എല്ലാ ഗവൺമെന്റുകളെയും അധികാരങ്ങളെയും ശക്തികളെയും നീക്കിക്കളയുമ്പോൾ അവർ സ്വർഗത്തിലായിരിക്കും. സ്വർഗത്തിലേക്ക് ഉയിർപ്പിക്കപ്പെടുന്നവർ പിന്നെ ഒരിക്കലും മരിക്കില്ല എന്നു നമുക്ക് അറിയാം, “അവസാനത്തെ ശത്രുവായി മരണത്തെ” പോലും നീക്കം ചെയ്യും. എന്നാൽ ക്രിസ്തുവിന്റെകൂടെ സ്വർഗത്തിൽ ജീവിക്കാൻ പ്രത്യാശയില്ലാത്ത വിശ്വസ്തരായ ക്രിസ്ത്യാനികളുടെ കാര്യമോ?—1 കൊരിന്ത്യർ 15:24-26 വായിക്കുക.
19. ഭൂമിയിൽ ജീവിക്കാൻ പ്രത്യാശയുള്ളവർ മരിച്ചുപോയാൽ അവർക്ക് എന്തു പ്രതീക്ഷിക്കാം?
19 ഭൂമിയിൽ ജീവിക്കാൻ പ്രത്യാശയുള്ളവർക്ക് എന്തു പ്രതീക്ഷിക്കാം? “നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകുമെന്നാണ് എന്റെ പ്രത്യാശ” എന്ന പൗലോസിന്റെ വാക്കുകൾ അവർക്കു പ്രതീക്ഷ നൽകുന്നതാണ്. (പ്രവൃ. 24:15) നീതികെട്ട ഒരാളും ഒരിക്കലും സ്വർഗത്തിലേക്കു പ്രവേശിക്കില്ല. അതുകൊണ്ട്, ഈ വാക്കുകൾ ഭാവിയിൽ ഭൂമിയിൽ നടക്കാൻപോകുന്ന ഒരു പുനരുത്ഥാനത്തിലേക്കാണ് വിരൽചൂണ്ടുന്നത്.
20. ഈ ലേഖനം പഠിച്ചതിലൂടെ നിങ്ങളുടെ പ്രത്യാശ എങ്ങനെയാണ് കൂടുതൽ ശക്തമായത്?
20 ‘പുനരുത്ഥാനം ഉണ്ടാകും!’ അക്കാര്യത്തിൽ ഒരു സംശയവുമില്ല. ഭൂമിയിലേക്കു പുനരുത്ഥാനപ്പെട്ടുവരുന്നവർക്ക് ഇവിടെ എന്നേക്കും ജീവിക്കാനുള്ള പ്രത്യാശയുണ്ടായിരിക്കും. ഈ വാഗ്ദാനത്തിൽ നിങ്ങൾക്കു ധൈര്യമായി വിശ്വസിക്കാം. നിങ്ങളുടെ പ്രിയപ്പെട്ട ആരെങ്കിലും മരിച്ചുപോയിട്ടുണ്ടെങ്കിൽ, ഈ പ്രത്യാശ നിങ്ങൾക്ക് ഒരു ആശ്വാസമല്ലേ? ക്രിസ്തുവും മറ്റുള്ളവരും ‘1,000 വർഷം രാജാക്കന്മാരായി ഭരിക്കുന്ന’ സമയത്ത് അവർ പുനരുത്ഥാനപ്പെട്ടുവരുന്നതിനായി നമുക്കു കാത്തിരിക്കാം. (വെളി. 20:6) ആയിരംവർഷ ഭരണം തുടങ്ങുന്നതിനു മുമ്പ് നിങ്ങൾ മരിച്ചുപോയാലും പേടിക്കേണ്ടാ. ഈ പ്രത്യാശ ഉറപ്പുള്ളതാണ്, നിങ്ങളുടെ ഭാവി സുരക്ഷിതമാണ്. “നമ്മുടെ പ്രത്യാശ ഒരിക്കലും നമ്മളെ നിരാശപ്പെടുത്തില്ല.” (റോമ. 5:5) പിടിച്ചുനിൽക്കാനും സന്തോഷത്തോടെ ദൈവത്തെ സേവിക്കാനും ഈ പ്രത്യാശ നിങ്ങളെ സഹായിക്കും. 1 കൊരിന്ത്യർ 15-ാം അധ്യായത്തിൽനിന്ന് നമുക്കു പഠിക്കാൻ കഴിയുന്ന മറ്റു ചില കാര്യങ്ങളുമുണ്ട്. അതെക്കുറിച്ച് നമ്മൾ അടുത്ത ലേഖനത്തിൽ ചർച്ച ചെയ്യും.
ഗീതം 147 നിത്യജീവൻ വാഗ്ദാനം ചെയ്തിരിക്കുന്നു
^ ഖ. 5 1 കൊരിന്ത്യർ 15-ാം അധ്യായത്തിൽ പ്രധാനമായും പുനരുത്ഥാനം എന്ന വിഷയത്തെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. ആ വിഷയം നമുക്കു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? യേശു ഉയിർപ്പിക്കപ്പെട്ടു എന്നു നമുക്ക് ഉറച്ച് വിശ്വസിക്കാനാകുന്നത് എന്തുകൊണ്ട്? ഇവയ്ക്കുള്ള ഉത്തരങ്ങളും പുനരുത്ഥാനവുമായി ബന്ധപ്പെട്ട മറ്റു ചില ചോദ്യങ്ങൾക്കുള്ള ഉത്തരവും ഈ ലേഖനത്തിൽ കാണാം.
^ ഖ. 56 ചിത്രക്കുറിപ്പ്: സ്വർഗത്തിലേക്ക് ഉയിർപ്പിക്കപ്പെട്ട ആദ്യത്തെ വ്യക്തി യേശുവായിരുന്നു. (പ്രവൃ. 1:9) അവിടെ യേശുവിനോടൊപ്പം ചേരുമായിരുന്ന യേശുവിന്റെ ചില ശിഷ്യന്മാരാണ് തോമസ്, യാക്കോബ്, ലുദിയ, യോഹന്നാൻ, മറിയ, പൗലോസ് എന്നിവർ.
^ ഖ. 58 ചിത്രക്കുറിപ്പ്: അനേകവർഷം തന്നോടൊപ്പം വിശ്വസ്തമായി സേവിച്ച തന്റെ ഭാര്യയെ ഒരു സഹോദരനു നഷ്ടപ്പെടുന്നു. ഭാര്യ പുനരുത്ഥാനത്തിൽ വരുമെന്ന് അദ്ദേഹം ഉറച്ച് വിശ്വസിക്കുന്നു. തുടർന്നും യഹോവയെ വിശ്വസ്തമായി സേവിക്കുന്നു.